ലോക്ക്​ഡൗണിലും ഓടിക്കൊണ്ടിരിക്കുന്നു ഈ തൊഴിലാളികൾ; ചൂഷണപാതയിൽ

ഐ.ടി മേഖലയിലുള്ളവർ മുതൽ മൊബൈൽ ആപ്പ് ഉപയോഗിച്ച് സാധാരണ ഡെലിവറി ജോലി ചെയ്യുന്നവരും ടാക്സി ഡ്രൈവർമാരും ഇലക്ട്രീഷ്യന്മാരും പ്ലംബർമാരും അലക്കുകാരും ഫ്രീലാൻസ് പത്രപ്രവർത്തകരും അടക്കമുള്ള അസംഘടിത തൊഴിലാളികൾ വൻ ദുരിതത്തിലാണ് കോവിഡ് കാലം പിന്നിടുന്നത്. സാങ്കേതികരംഗത്തെ വികസനം തൊഴിലവസരം വർധിപ്പിച്ചെങ്കിലും വൻകിട കമ്പനികളുടെ തൊഴിൽ ചൂഷണം രൂക്ഷമാകുകയാണ് ചെയ്തത്. മുഖ്യധാരാ തൊഴിലാളി സംഘടനകൾക്കു പുറത്തുള്ള ഇവരെ സംഘടിപ്പിക്കാനും അവകാശസംരക്ഷണത്തിന് പൊതുപ്ലാറ്റ്‌ഫോമുണ്ടാക്കാനും പ്രവർത്തിക്കുന്ന ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് എന്ന സംഘടനയുടെ നേതാവ് ഷെയ്ഖ് സലാഹുദീൻ ഈ തൊഴിലാളികൾ നേരിടുന്ന ചൂഷണം വിവരിക്കുന്നു.

ന്ത്യയിലെ മുഖ്യധാരാ തൊഴിലാളി പ്രസ്ഥാനങ്ങൾക്കിടയിൽ, സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികളുടെ (Gig Workers) അവകാശങ്ങൾക്കായി രൂപീകരിച്ച പ്ലാറ്റ്‌ഫോമാണ് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് (IFAT ). നാഗരികതകൾ വികസിക്കും തോറും തൊഴിൽ മേഖലയെക്കുറിച്ചുള്ള നിർവചനങ്ങൾ ഒരേസമയം വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ വളരെക്കാലമായി സാങ്കേതിക മേഖലയെ ആശ്രയിച്ചു നിലനിൽക്കുന്ന ഗിഗ് തൊഴിലാളികൾ അസംഘടിതരാണ്. ഇതിൽ ഐ.ടി മേഖലയിലുള്ളവർ മുതൽ മൊബൈൽ ആപ്പ് ഉപയോഗിച്ച് സാധാരണ ഡെലിവറി ജോലി ചെയ്യുന്നവരും ടാക്സി ഡ്രൈവർമാരും ഇലക്​ട്രീഷ്യന്മാരും പ്ലംബർമാരും അലക്കുകാരും ഫ്രീലാൻസ് പത്രപ്രവർത്തകരും ഉൾപ്പെടുന്നു. നഗര കേന്ദ്രീകൃത വ്യവസ്ഥിതിയിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറുകയാണ് ഗിഗ് തൊഴിലാളികൾ. സാങ്കേതികരംഗത്തെ വികസനം തൊഴിലവസരം വർധിപ്പിച്ചെങ്കിലും ഈ രംഗത്തെ തൊഴിൽ ചൂഷണങ്ങൾക്ക് അറുതി വരുത്തിയില്ല. കോവിഡും ലോക്ക്​ഡൗണുമെല്ലാം അവരുടെ ജീവിതം നരകതുല്യമാക്കിയിട്ടുണ്ട്. യാഥാസ്ഥിതിക തൊഴിലാളി സംഘടനകളുടെ പ്രവർത്തന പരിധിയിൽ നിന്ന് പുറത്താണ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി മാത്രം പ്രവർത്തിക്കുന്ന പുതിയ തൊഴിൽ മേഖലകൾ. ഈ മേഖലയിലെ തൊഴിൽ ചൂഷണങ്ങൾക്ക് നേതൃത്വം നൽകുന്നതാകട്ടെ വൻകിട നിക്ഷേപമുള്ള വിദേശ കമ്പനികളും. രാജ്യാന്തര തലത്തിൽ തന്നെ സാങ്കേതിക മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടന്നുവരുന്ന മൂവ്മെന്റുകൾ സജീവമാവുകയാണ്. ഒരു പാൻ ഇന്ത്യൻ സംഘടനയായി മാറിക്കൊണ്ടിരിക്കുന്ന IFAT നേതാവ് ഷെയ്ഖ് സലാഹുദീനുമായി നടത്തിയ സംഭാഷണം.

അർശഖ്:IFAT ന്റെ രൂപീകരണത്തിലേക്കുനയിച്ച സാഹചര്യങ്ങൾ എന്തെല്ലാമാണ്? ദേശീയ തലത്തിൽ സംഘടനയുടെ പ്രവർത്തനം എങ്ങനെ നോക്കി കാണുന്നു?

ഷെയ്ഖ് സലാഹുദ്ദീൻ: ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (IFAT) 2019 സെപ്റ്റംബർ 22 നാണ് മുംബൈയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഓൺലൈൻ സേവന ദാതാക്കളായ ഓല, ഊബർ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന ഗതാഗത രംഗത്തെ തൊഴിലാളികളാണ് സംഘടനയിൽ അണിനിരന്നത്. പിന്നീട് ഇ- കൊമേഴ്സ് രംഗത്തെ പല പ്രമുഖ കമ്പനികളുടെയും തൊഴിലാളികൾ- പ്രധാനമായും ആമസോൺ, ഫ്ലിപ്കാർട്ട്- എന്നിവർ ഞങ്ങൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കാൻ മുന്നോട്ടുവന്നു. അസംഘടിതരാണ്, അതിനേക്കാളേറെ ചൂഷണത്തിനും ഇരയാവുന്നവരാണ് ഓൺലൈൻ മേഖലയെ ആശ്രയിച്ചു പ്രവർത്തിക്കുന്നവർ. വെബ് പോർട്ടലുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ, ഗാർഹിക ജോലിക്കാർ, ഡെലിവറി ബോയ്സ്, പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ, അലക്ക് തൊഴിലാളികൾ, മാധ്യമരംഗത്തെ ഫ്രീലാൻസ് എഴുത്തുകാർ, ടെക്‌നീഷ്യന്മാർ തുടങ്ങി നിരവധി തൊഴിലാളികൾ സംഘടനാ രൂപീകരണത്തിന്റെ ഈ പതിനെട്ടു മാസങ്ങൾക്കിടയിൽ ഞങ്ങൾക്കൊപ്പം യോജിച്ചുപ്രവർത്തിക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. എല്ലാവർക്കും പറയാനുണ്ടായിരുന്നത് തൊഴിൽ മേഖലയിലെ അനിശ്ചിതാവസ്ഥയെകുറിച്ചും അതിന്റെ അനാരോഗ്യകരമായ ശൈലികളെ കുറിച്ചുമാണ്.

ഓൺലൈൻ ആയി കാര്യങ്ങൾ ക്രമീകരിക്കപ്പെടുന്നതോടെ രാജ്യത്ത് ജോലി ലഭ്യത എളുപ്പമായെങ്കിലും ഈ രംഗത്ത് വൻകിട കമ്പനികൾ തൊഴിലാളികളെ ക്കൊണ്ട് കുറഞ്ഞ വേതനത്തിന് അത്യധ്വാനം ചെയ്യിപ്പിക്കുന്നതിനെക്കുറിച്ചാണ് തൊഴിലാളികൾ പറയുന്നത്. അതേസമയം പുതിയ കാലത്തെ തൊഴിൽ രംഗത്തെ വൈവിധ്യവത്കരണം പരമ്പരാഗത തൊഴിലാളി യൂണിയൻ ശൈലിയെയും പ്രവർത്തന രീതിയെയും മാറ്റി നിർത്തിക്കൊണ്ട് പുതിയ പരിപ്രേക്ഷ്യങ്ങളെ തേടുകയാണ്. ഇത്തരത്തിൽ ആലോചിച്ചാൽ ഭാവിയിൽ സാങ്കേതിക വിദ്യ വളരുന്നതിന് ആനുപാതികമായി തൊഴിൽ രംഗത്ത് ഉണ്ടാവുന്ന മാറ്റമുൾക്കൊള്ളാൻ IFAT ന്റെ പ്രവർത്തന ശൈലി കൊണ്ട് സാധിക്കുമെന്നുറപ്പാണ്.

ഇന്ത്യയിലെ പ്രധാനപ്പെട്ട 14 നഗരങ്ങളിൽ IFAT ന്റെ പ്രവർത്തനങ്ങൾ ശക്തമായി നടന്നുവരികയാണ്. ചില നഗരങ്ങളിൽ ഞങ്ങളുമായി സാദൃശ്യമുള്ള സംഘടനകൾക്കൊപ്പം അണിനിരന്നും അവർക്ക് പിന്തുണ നൽകിയും IFAT പ്രവർത്തിച്ചുവരുന്നുണ്ട്. പാൻ ഇന്ത്യ തലത്തിൽ സാങ്കേതിക മേഖലയെ അടിസ്ഥാനപ്പെടുത്തി ജീവിക്കുന്ന ഗിഗ് തൊഴിലാളികൾക്കായി ഒരു അംബ്രല ഓർഗനൈസഷൻ എന്ന നിലയിൽ കൂടിയാണ് ഞങ്ങൾ IFATനെ വിപുലീകരിക്കുന്നത്. ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിൽ നിന്ന് ഞങ്ങളുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ട് അഭ്യർത്ഥനകൾ വന്നുകൊണ്ടിരിക്കുകയാണ്. സംഘടനയുടെ രജിസ്ട്രേഷൻ മുംബൈയിലാണെങ്കിലും മറ്റെല്ലാ നഗരങ്ങളിലും തൊഴിലാളികളുടെ മീറ്റിങ്ങുകൾ കൃത്യമായി നടന്നുവരുന്നുണ്ട്. നിലവിൽ സംഘടനയുടെ സെക്രട്ടറി പദം തെലുങ്കാന മേഖലയിൽ നിന്നുള്ള ഞാൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മറ്റെല്ലാ നഗരങ്ങളിലും സംഘടനക്ക് ആവശ്യമായ ഭാരവാഹികളും അംഗങ്ങളുമുണ്ട്.

ഗതാഗത രംഗത്തെ ഓണലൈൻ സേവന ദാതാക്കളായ ഒലാ, ഊബർ കമ്പനികൾക്കെതിരെ മിനിമം വേതനം പരിഷ്‌കരിക്കാൻ ആവശ്യപ്പെട്ട് സമരം നടത്തിയാണ് ഞങ്ങൾ രംഗത്ത് വന്നത്. കോവിഡിന്റെയും ലോക്ഡൗണിന്റെയും ആഘാതം സാധാരണക്കാരുടെ ജീവിതത്തിൽ എത്ര രൂക്ഷമാണ് എന്നതിനെക്കുറിച്ച് വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് താഴെ തട്ടിൽ പഠനം നടത്തിയ റിപ്പോർട്ട് ഞങ്ങൾ പ്രസിദ്ധീകരിച്ചു. ഡിജിറ്റൽ ഇക്കണോമിയിൽ സാങ്കേതിക തൊഴിലാളികളുടെ ആരോഗ്യം എന്ന വിഷയത്തിൽ IFAT ന്റെ നേതൃത്വത്തിൽ നടത്തിയ മറ്റൊരു പഠനവും ശ്രദ്ധ നേടി. ഗിഗ് തൊഴിലാളികളെ സാമൂഹിക സുരക്ഷാ കോഡ് (Social security code ) പരിരക്ഷയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിക്കാൻ ഞങ്ങളുടെ ചെറിയ കാലയളവിലെ പ്രവർത്തനം കൊണ്ട് സാധിച്ചു. സാമൂഹിക സുരക്ഷാ കോഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർമിച്ച പുതിയ കരട് രൂപരേഖയുമായി ബന്ധപ്പെട്ട് മാർഗനിർദേശം സമർപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യയിലെ മറ്റേതൊരു തൊഴിലാളി സംഘടനയും ചെയ്തിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്. വരും വർഷങ്ങളിൽ ആഗോള തലത്തിലും ഇന്ത്യയിലും തൊഴിൽ മേഖല ഏതു വിധത്തിലാണ് മാറിത്തീരുക എന്നത് ഞങ്ങൾ വളരെ ഉൾകാഴ്ചയോടെയാണ് നോക്കികാണുന്നത്. ഇന്ത്യയിൽ ഓൺലൈൻ തൊഴിലാളികൾക്കുവേണ്ടി ഏകീകൃത നിയമം ഉണ്ടാവുക എന്നതാണ് പ്രധാനം.

വളരെ എളുപ്പം സംഘടിപ്പിക്കാൻ സാധിക്കുന്ന തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരല്ല IFAT അംഗങ്ങൾ. ആയാസ രഹിതമായി ഒരു മീറ്റിങ് വിളിച്ചു ചേർക്കാനോ തീരുമാനങ്ങൾ എടുക്കുന്നതിന് പരസ്പരം ആശയവിനിമയം നടത്താനോ പ്രയാസമനുഭവിക്കാറുണ്ടോ?

ഈ രംഗത്തെ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങൾ ആരംഭത്തിൽ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഗതാഗത രംഗത്ത് തെലുങ്കാനയിൽ ഫോർ വീലേഴ്സ് അസോസിയേഷൻ എന്ന പേരിൽ തൊഴിലാളികളെ സംഘടിപ്പിച്ച് ചെറിയ നിലയിലാണ് പ്രവർത്തനം ആരംഭിച്ചത്. തൊഴിലാളികൾക്കുവേണ്ടി വേതന പ്രശ്നങ്ങൾ പോലെയുള്ളവയിൽ ഇടപെട്ടു കൊണ്ടായിരുന്നു തുടക്കം. പിന്നീടാണ് ഓല, ഊബർ കമ്പനികളിലെ ടാക്സി ഡ്രൈവർമാർ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളുടെ ഡെലിവറി ബോയ്സ് എന്നിവർ ഞങ്ങളുടെ പിന്തുണ തേടി വന്നത്. ഈ രംഗത്ത് പ്രവർത്തിക്കുമ്പോൾ തുടക്കത്തിൽ ഞാൻ നേരിട്ട പ്രധാന പരിമിതി, വമ്പിച്ച നിക്ഷേപമുള്ള ഈ വിദേശ കമ്പനികൾക്കെതിരെ സമരം ചെയ്യാനാവശ്യമായ സംഘടനാ ശേഷിയുടെ പരിമിതിയായിരുന്നു. അതുകൊണ്ട് ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചെറിയ രീതിയിലുള്ള സമരങ്ങളും ഹോട്ടലുകൾക്കും ചില വ്യക്തികൾക്കുമെതിരെയുള്ള സമരങ്ങളും എന്ന നിലയിൽ ഞങ്ങളുടെ സംഘടനാ പ്രവർത്തനങ്ങൾ പരിമിതപ്പെട്ടു. സംഘടനാ പരിമിതികൾ മുതലെടുത്ത് ഞങ്ങളുടെ എതിരാളികൾ വിഭജനത്തിന്റെയും പക്ഷപാതിത്തത്തിന്റെയും കാർഡുകൾ ഇറക്കാൻ ആരംഭിച്ചു. ഇവിടം മുതൽക്കാണ് വിപുലമായ സംഘടനാ ശേഷി ആവശ്യമാണെന്ന് ബോധ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് തെലുങ്കാന സ്റ്റേറ്റ് ടാക്സി ആൻഡ് ഡ്രൈവേഴ്സ് ജോയിന്റ് ആക്ഷൻ കമ്മറ്റി എന്ന സംഘടനക്ക് രൂപം നൽകുന്നത്. നിലവിൽ ഈ സംഘടനാ സംവിധാനത്തിന് കീഴിൽ വിവിധ തൊഴിൽ മേഖലകളിലെ ഇരുപതോളം ചെറിയ ഓർഗനൈസേഷനുകളുണ്ട്. ഇന്ത്യയിൽ തന്നെ ഇത്തരം വൈവിധ്യമാർന്ന കൂട്ടായ്മ ആദ്യമാണ്.

സാധാരണ തൊഴിലാളികളെ അവകാശങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിൽ പ്രയാസമനുഭവിച്ചിരുന്നു. തൊഴിലാളി ഐക്യവുമായി ബന്ധപ്പെട്ട മാനസിക അവബോധം അംഗങ്ങളിൽ സൃഷ്ടിക്കാനും ഞങ്ങൾ ശ്രമിച്ചു. മാത്രമല്ല ഗിഗ് തൊഴിലാളികൾക്ക് ജോലിയുടെ സ്വഭാവം വച്ച് ഇടക്കിടക്ക് യോഗം ചേരാൻ കഴിയില്ലല്ലോ. അതിനാൽ പ്രതിവർഷം നിശ്ചിത ഇടവേളകളിൽ മീറ്റിങ്ങുകൾ വിളിച്ചു ചേർക്കാനാണ് ഞങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്. പ്രധാന നഗരങ്ങളിലൊന്നിൽ പ്രതിവർഷം തിരഞ്ഞെടുക്കപ്പെട്ടവരുടെ മീറ്റിങ്ങുകൾ രണ്ടു തവണ വിളിക്കാനാണ് തീരുമാനം. മുംബൈയിൽ ഇത്തരത്തിൽ സംഘടന അഖിലേന്ത്യ പ്രതിനിധികളെ പങ്കെടുപ്പിച്ച് രണ്ടു തവണ മീറ്റിങ് സംഘടിപ്പിച്ചു. IFAT ന്റെ മറ്റൊരു മീറ്റിങ് ഡൽഹിയിൽ സംഘടിപ്പിച്ചിരുന്നു. കോവിഡ് സ്ഥിതിഗതി ശാന്തമായാൽ സമീപ ഭാവിയിൽ തന്നെ ഹൈദരാബാദ് അടുത്ത മീറ്റിങ്ങിന് വേദിയാകും.

2020 മാർച്ച് മുതൽ ആഞ്ഞടിച്ച കോവിഡ് ആദ്യ തരംഗത്തിൽ ഗിഗ് തൊഴിലാളികൾ അനുഭവിച്ച ദുരിതം എന്തെല്ലാമായിരുന്നു?

കോവിഡ് അക്ഷരാർത്ഥത്തിൽ ഗിഗ് തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കി. തൊഴിലിടങ്ങൾ നിശ്ചലമായതോടെ ഇന്റർനെറ്റ് സാങ്കേതിക വിദ്യയേയും മൊബൈൽ ആപുകളെയും അടിസ്ഥാനമാക്കി ജീവിതം നയിച്ചിരുന്നവരുടെ ജോലി ഭാരം ഇരട്ടിയാവുകയും കടുത്ത ചൂഷണത്തിനിരയാവുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ ഗിഗ് തൊഴിലാളികൾക്കവശ്യമായ മാസ്‌ക്, സാനിറ്റൈസർ എന്നിവ സൗജന്യമായി നല്കാൻ പോലും കമ്പനികൾ തയ്യാറായിരുന്നില്ല. പ്രതിഷേധിച്ചു തുടങ്ങിയതോടെയാണ് ചുരുക്കം പേർക്കെങ്കിലും കോവിഡ് പ്രതിരോധ സാമഗ്രികൾ ലഭിച്ചു തുടങ്ങിയത്. മഹാമാരി കാലത്ത് ജോലിക്കനുസരിച്ചുള്ള വേതനം, ആരോഗ്യ പരിരക്ഷ, എന്നീ കാര്യങ്ങൾ ഇ- കൊമേഴ്‌സ് കമ്പനികൾ ബോധപൂർവം തൊഴിലാളികൾക്ക് നിഷേധിച്ചു. തൊഴിലാളികളുടെ സംഘം ചേർന്നുള്ള പ്രതിഷേധത്തെ തുടർന്ന് സാമ്പത്തിക സഹായം അനുവദിക്കാൻ നിർബന്ധിതരായി. ഊബർ തൊഴിലാളികൾക്ക് 3000 രൂപയും, ഓല 500-700 രൂപ വരെയും ചുരുക്കം ചിലർക്കെങ്കിലും നൽകി. എന്നാൽ ഈ പണം ഗുഡ്‌വിൽ എന്ന പേരിൽ തൊഴിലാളികളുടെ ദുസ്സഹ ജീവിതം പൊതുസമൂഹത്തിനു മുന്നിൽ വച്ച് സഹതാപം പിടിച്ചുപറ്റി പബ്ലിക് ഫണ്ട് റൈസിംഗിലൂടെയാണ് പിരിച്ചെടുത്തത് എന്നത് എടുത്തുപറയേണ്ടതാണ്. കമ്പനികൾ സ്വന്തം കീശയിൽ നിന്ന് പണമെടുത്ത് തൊഴിലാളികളെ സഹായിക്കുന്നതിനുപകരം തങ്ങളുടെ പരസ്യത്തിനും പ്രചാരണത്തിനുമായി ഈ അവസരം ഉപയോഗിച്ച് തുച്ഛമായ ധനസഹായമാണ് തൊഴിലാളികൾക്ക് നൽകിയത്. ഓല ഫൗണ്ടേഷൻ എന്നും ഊബർ ഫൗണ്ടേഷൻ എന്നുമൊക്കെ ഈ ഉദ്യമത്തിന് പേരിട്ട് സമൂഹത്തിലെ സുമനസുകളുടെ ഗുഡ് വിൽ പിടിച്ചുപറ്റാൻ കമ്പനികൾ മത്സരിച്ചു.

മറ്റൊന്ന്, ബാങ്ക് ലോൺ മോറൊട്ടോറിയം പ്രഖ്യാപിക്കുന്നതിൽ ടാക്സി ഡ്രൈവർമാരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ധനമന്ത്രി നിർമല സീതാരാമന് കത്ത് നൽകിയിരുന്നു. ആദ്യ ഘട്ടത്തിൽ ഇത് പരിഗണിച്ചിരുന്നില്ലെങ്കിലും പിന്നീട് മോറൊട്ടോറിയം വ്യവസ്ഥയിൽ, ഞങ്ങളുടെ ആവശ്യവും പരിഗണിച്ചു. ഇക്കാര്യത്തിൽ ചില ബാങ്കുകൾ അനുഭാവ നിലപാട് സ്വീകരിച്ചപ്പോൾ ചിലർ അത് അവഗണിച്ചു. ഇതിന് സമാനമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ടാക്സിക്കാർക്കുള്ള ത്രൈമാസ റോഡുനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംഘടന കത്ത് നൽകിയിരുന്നു. നികുതി പൂർണമായി ഒഴിവാക്കിയില്ലെങ്കിലും അത് അടയ്ക്കേണ്ട തീയതി നീട്ടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായി. എന്നാൽ തെലുങ്കാനയിലെ സർക്കാരിൽ നിന്ന് മൂന്ന് മാസത്തെ നികുതി പൂർണമായും ഒഴിവാക്കി നൽകാൻ സംഘടനക്കു കഴിഞ്ഞു. ഇതിന് സമാനമായി മറ്റു ചില സംസ്ഥാനങ്ങൾ കൂടി കുറച്ച് മാസത്തേക്കെങ്കിലും റോഡ് നികുതി ഒഴിവാക്കാൻ തയ്യാറായി.

ഗിഗ് തൊഴിൽ മേഖലയിലെ മത്സരങ്ങൾ തൊഴിലാളികൾക്ക് കടുത്ത ദുരിതമാണ് നൽകുന്നത്. ചൈനയിലൊക്കെ ഈ തൊഴിലാളികൾക്ക് പ്രവർത്തന സമയത്തിന്റെ ഇടവേളകളിൽ അഞ്ച് മിനിറ്റ് "ബ്രീത്തിങ് സ്‌പേസ്' എന്ന രീതിയിൽ വിശ്രമ ഇളവ് നൽകുന്നുണ്ട്. ഇവിടുത്തെ അനുഭവം എന്താണ്?

പ്രമുഖ തൊഴിൽ ദാതാക്കളായ ഓല, ഊബർ കമ്പനികൾ തൊഴിലാളികളെ "വർക്കേഴ്സ്' എന്നതിനുപകരം "പാർട്നേഴ്സ്' അഥവാ പങ്കാളികൾ എന്നാണ് അഭിസംബോധന ചെയ്യുന്നത്. ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നവരെ "ഡെലിവറി പാർട്‌നേഴ്സ്' എന്നാണ് ഓലയും ഊബറുമെല്ലാം വിളിക്കുന്നത്. ഞാൻ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ അലയൻസ് ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ( IAATW ) എന്ന സംഘടനയുടെ സ്റ്റിയറിങ് കമ്മറ്റി മെമ്പർ എന്ന നിലയിലും പ്രവർത്തിക്കുന്നുണ്ട്. കാലിഫോർണിയയിൽ തൊഴിലാളികൾ നടത്തിയ സമരങ്ങളെ തുടർന്ന് "പാർട്ണർ' എന്ന സ്റ്റാറ്റസിൽ നിന്ന് "വർക്കേഴ്സ്' എന്ന സ്റ്റാറ്റസ് നേടിയെടുക്കാൻ സാധിച്ചു. വർക്കേഴ്സ് സ്റ്റാറ്റസ് ഉണ്ടെങ്കിൽ മാത്രമാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശങ്ങളും നിയമ സംരക്ഷണങ്ങളും ലഭിക്കുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴും ഇക്കാര്യത്തിൽ തൊഴിലാളികൾ "പാർട്‌നർ' സ്റ്റാറ്റസിൽ തന്നെയാണ്. തൊഴിലാളികൾക്ക് ലഭിക്കേണ്ട പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങൾ വരെ ഇക്കാര്യത്തിൽ തടഞ്ഞുനിർത്തപ്പെടുകയാണ്. തൊഴിലുടമ - തൊഴിലാളി ബന്ധം തന്ത്രപരമായി എടുത്തുമാറ്റപ്പെടുകയാണ്. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഇല്ലാതാവുകയും കൊടിയ ചൂഷണത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

കുറഞ്ഞ അറിവും പഠിപ്പുമുള്ള തൊഴിലാളികളെ കമ്പനികൾ ചൂഷണം ചെയ്യുന്നതിന് ഒരു ഉദാഹരണം വ്യക്തമാക്കാം. കഴിഞ്ഞ വർഷം ഊബർ ടാക്സി ഓടിക്കുന്ന ഒരു ഡ്രൈവർ തിരുപ്പതിയിൽ പോയി മൊട്ടയടിച്ചതിന് അദ്ദേഹത്തിന്റെ ഊബർ ലൈസൻസ് ജീവിതാന്ത്യം വരേക്കും റദ്ദാക്കി. ഊബറിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയിൽ തല മുണ്ഡനം ചെയ്ത ആളെ തിരിച്ചറിയാൻ സാധിച്ചില്ല എന്നതായിരുന്നു നടപടിക്കു കാരണമായി പറഞ്ഞത്. സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇന്ത്യയിലെ സാധാരണക്കാരായ തൊഴിലാളികളോട് ഏതുവിധത്തിലാണ് പെരുമാറുന്നത് എന്നു നോക്കൂ. ഈ വിഷയത്തിലും ഞങ്ങൾ കമ്പനിക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

2019 ൽ ഹൈദരാബാദിൽ താങ്കളുടെ നേതൃത്വത്തിൽ നടന്ന കാബ് ഡ്രൈവർമാരുടെ സമരം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചാർജ് വർദ്ധനവ് ആവശ്യപ്പെട്ട് 50,000ഓളം കാബ് ഡ്രൈവർമാർ ഒരേസമയം ഇന്റർനെറ്റ് വിച്ഛേദിച്ച് പ്രവർത്തനം നിർത്തിവെച്ചു. ഒടുവിൽ ഗവർണറുടെ ഇടപെടലിലാണ് സമരം ഒത്തുതീർന്നത്.

IFAT ന്റെ നേതൃത്വത്തിൽ നടന്ന ആദ്യ കാലത്തെ ശ്രദ്ധിക്കപ്പെട്ട സമരമായിരുന്നു അത്. 2019 അവസാനം ഹൈദരാബാദ് നഗരത്തിലടക്കം പൊതുഗതാഗത സംവിധാനമായ തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പ്പോർട്ട് കമീഷൻ (TSRTC ) ബസുകൾ 46 ദിവസം പണിമുടക്കി. കാബ് ഡ്രൈവർമാരുടെ ചാർജ് വർദ്ധന പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ മികച്ച അവസരമായി ഞങ്ങൾ ഇതിനെ കണ്ടു. ഹൈദരാബാദ് നഗരത്തിലെ 50,000ഓളം ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഒരേ സമയം തങ്ങളുടെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് പണിമുടക്കി. തെലുങ്കാന ഗവർണർ തമ്മിലിസൈ സൗന്ദരരാജൻ ഇടപെട്ടാണ് സമരം പരിഹരിച്ചത്. ആ സമയത്ത് ചെന്നൈയിലായിരുന്ന അവർ ഉടൻ ഹൈദരാബാദിലെത്തുകയും ഞാനടക്കമുള്ള IFAT പ്രതിനിധികളെ രാജ്ഭവനിലേക്ക് വിളിച്ച് പ്രശ്നത്തിൽ ഇടപെടാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. ഗവർണറുമായി ചർച്ച നടത്തിയതിനുശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

തൊഴിലാളി പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചുള്ള താങ്കളുടെ സംഘടനയുടെ പ്രതിഷേധങ്ങളും സമരങ്ങളും എത്ര ഫലപ്രദമായിരുന്നു? ഏതു വിധത്തിലാണ് കമ്പനികൾ പ്രതിഷേധങ്ങളെ നോക്കിക്കണ്ടത്?

പാൻ ഇന്ത്യ തലത്തിലും തെലുങ്കാനയിൽ പ്രത്യേകിച്ചും ഞങ്ങളുടെ സംഘടന നടത്തിയ പ്രതിഷേധങ്ങളും സമരങ്ങളും ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. തെലുങ്കാനയിൽ സ്വിഗ്ഗി കമ്പനിക്കെതിരായ പ്രതിഷേധം ശ്രദ്ധ നേടിയ ഒന്നാണ്. കഴിഞ്ഞ വർഷം ആദ്യം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നാവശ്യപ്പെട്ട് പൊതുസ്ഥലത്ത് തൊഴിലാളികൾ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ചത് ട്വിറ്ററിൽ ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി സ്വിഗി അധികൃതരെ ലേബർ കമീഷനുമുന്നിൽ ചർച്ചക്കായി കൊണ്ടുവരാൻ ഈ സമരത്തിന് സാധിച്ചു. പൂർണമായല്ലെങ്കിലും തൊഴിലാളികളുമായി ബന്ധപ്പെട്ട ചില അവകാശങ്ങൾ അന്ന് സ്വിഗ്ഗിക്ക് അംഗീകരിക്കേണ്ടി വന്നു. ഇതിന് സമാനമായി വളരെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രതിഷേധ പ്രകടനമായിരുന്നു തെലുങ്കാനയിൽ ഞങ്ങൾ നടത്തിയ ബ്ലാക്ക് ഫ്ളാഗ് കാബ് മാർച്ച്. ആപ്പ് ഉപയോഗിച്ച് ജോലി ചെയ്തിരുന്ന കാബ് ഡ്രൈർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു പ്രതിഷേധം. മൂന്നുദിവസം നീണ്ട പരിപാടിയിൽ ഡ്രൈവർമാർ കാബുകളിൽ കറുപ്പ് തുണി കെട്ടിവച്ചു. ഇതുമൂലം കാർ യാത്രക്കാർക്കിടയിൽ ഡ്രൈവർമാരുടെ പ്രശ്ങ്ങളെ കുറിച്ചും കമ്പനികളുടെ ചൂഷണങ്ങളെ കുറിച്ചും വൻ പ്രചാരം ലഭിച്ചു. മാധ്യമങ്ങളും പൊതുജനങ്ങളും ഈ വിഷയം ഏറ്റെടുത്തു. ഡ്രൈവർമാരുടെ മിനിമം വേതനം വർധിപ്പിക്കാൻ ആവശ്യപ്പെട്ട് നടന്ന സമരത്തിൽ ഓല, ഊബർ കമ്പനികൾ 15 ശതമാനം ചാർജ് വർധിപ്പിക്കാൻ നിർബന്ധിതമായി. എന്നാൽ ഇതും അപര്യാപ്തമാണ് എന്നാണ് സംഘടനയിലെ തൊഴിലാളികൾ അവരെ അറിയിച്ചത്. ദിനം പ്രതി വർധിക്കുന്ന ഇന്ധന വിലക്ക് അനുയോജ്യമായ വർധനവല്ല കമ്പനികളുടേത്. 89 രൂപ ഇന്ധന വിലയുള്ളപ്പോൾ അന്നത്തെ മിനിമം വേതനത്തിന്റെ 15 ശതമാനം അഥവാ ഒരു രൂപ അഞ്ച് പൈസ വർധിപ്പിച്ചതുകൊണ്ട് എന്താണ് പ്രയോജനം?. എന്നാൽ അന്ന് ഇക്കാര്യത്തിൽ കമ്പനികളെ കൊണ്ട് തീരുമാനമെടുപ്പിക്കുന്നതിൽ വിജയം കൈവരിക്കാൻ തൊഴിലാളികൾക്ക് സാധിച്ചു. ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങളിൽ സംഘടിതമായി പ്രവർത്തിക്കാൻ ഞങ്ങൾക്ക് ഈ ചുരുങ്ങിയ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു താങ്കൾ ഉയർത്തിയ ചില സന്ദേഹങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മൊബൈൽ ആപ്പ് അടിസ്ഥാനമാക്കി ജോലി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ച് ഞങ്ങളുമായി ബന്ധപ്പെട്ട വ്യക്തിപരമായ വിവരങ്ങൾ അടങ്ങുന്ന ഡേറ്റ ഓല, ഊബർ കമ്പനികളുടെ കൈവശമുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു പോലെയുള്ള ഒരു പൊതു ഇടത്തിൽ ഇത്തരം വിവരങ്ങൾ ഷെയർ ചെയ്യുമ്പോൾ ഡേറ്റ ലീക് ചെയ്താൽ അതിന്റെ ഭവിഷ്യത്ത് തൊഴിലാളികളെ ബാധിക്കും. ഈ തൊഴിലിൽ പുകവലിക്കാരും, ജോലിക്കുശേഷം അൽപ സ്വൽപം മദ്യപിക്കുന്നവരുമെല്ലാം അടങ്ങിയിട്ടുണ്ട്. ഈ വിവരങ്ങൾ തൊഴിൽ ദാതാക്കളായ കമ്പനികൾക്കും കസ്റ്റമേഴ്‌സിനും ട്രാക്ക് ചെയ്യാൻ സാധിച്ചാൽ അത് ജോലിയെ വളരെ ബാധിക്കും. പുകവലിക്കാരനും മദ്യപനുമായ ഒരു ഡ്രൈവറെ ജോലിക്ക് വക്കാൻ തൊഴിൽ ദാതാവും അയാളോടൊപ്പം യാത്ര ചെയ്യാൻ കസ്റ്റമേഴ്‌സും തയ്യാറാവില്ല. ആരോഗ്യ സേതു ആപ്പുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ വ്യക്തിപരമായ വിവരങ്ങൾ ഇത്തരത്തിൽ ശേഖരിക്കുന്നതിനെതിരെ വലിയ വിമർശനങ്ങളും നാട്ടിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയും കാണാതിരുന്നു കൂടാ. കോവിഡിന്റെ പശ്ചാത്തലത്തിലാണെങ്കിലും പൗരന്മാരുടെ യാത്രകൾ, അവരുടെ സമ്പർക്കങ്ങൾ എന്നിവയെ കുറിച്ചുള്ള സൂക്ഷമർത്ഥത്തിലുള്ള വിവരങ്ങൾ ശേഖരിക്കുന്നതും അത് സൂക്ഷിക്കപ്പെടുന്നതിന്റെ കാലാവധിയും എല്ലാം നിയമ വിദഗ്ദ്ധർ ചോദ്യം ചെയ്ത സംഗതികളാണ്. ഈ വിഷയത്തിൽ ഇന്നും ഞങ്ങളുടെ സംഘടന ദേശീയ തലത്തിൽ അടക്കം സമരത്തിലാണ്. ഞങ്ങളുടെ അംഗങ്ങൾക്കിടയിൽ ആരോഗ്യ സേതുവിൽ വ്യക്തിപരമായ വിവരങ്ങൾ നൽകുന്നതിനെതിരെ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.

മറ്റു തൊഴിലാളി സംഘടനകൾ IFAT ന്റെ രൂപീകരണത്തെ ഏതു നിലക്കാണ് നോക്കിക്കണ്ടത്? നിങ്ങളുടെ ദൈന്യം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ അവരുടെ ഇടപെടലുകളുണ്ടായിട്ടുണ്ടോ?

യാഥാസ്ഥിതിക തൊഴിലാളി സംഘടനകൾ സാങ്കേതിക മേഖലയിലെ തൊഴിലാളികളുടെ കാര്യത്തിൽ ഒരു പരിഗണനയും നൽകുന്നില്ല എന്നതാണ് IFAT പോലെയുള്ള സംഘത്തിന്റെ പിറവിക്ക് കാരണമായത്. ചുരുക്കം ചില സന്ദർഭങ്ങളിലൊഴികെ യാഥാസ്ഥിതിക തൊഴിലാളി സംഘടനകൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ എതിർക്കുന്ന നിലപാട് സ്വീകരിച്ചിട്ടേയില്ല. ഞങ്ങൾ ആഗ്രഹിക്കുന്നത് ഒരു പാൻ ഇന്ത്യ സംഘടന എന്ന നിലയിൽ യാഥാസ്ഥിതിക സംഘടനകളോടൊപ്പം സഹകരിച്ചും ഒത്തുചേർന്നും പ്രവർത്തിക്കാനാണ്. കാലക്രമത്തിൽ തൊഴിൽ മേഖലയിലുണ്ടായ വളർച്ചയും അതിന്റെ സാങ്കേതിക വികസവുമാണ് IFAT പോലെയൊരു സംഘടനയെ അനിവാര്യമാക്കിയത്. നിലവിൽ യാഥാസ്ഥിതിക തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്കിലും മറ്റും IFAT പങ്കാളികളായിട്ടുണ്ട്. മറ്റൊന്ന്, ഒരർത്ഥത്തിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളുടെ സ്വാധീനം ഞങ്ങളിലില്ലാത്തത് ഞങ്ങളുടെ പ്രവർത്തനത്തെ കൂടുതൽ സ്വതന്ത്രമാക്കി എന്നുകൂടി വേണം കരുതാൻ.

IFAT -ൽ വനിതാ പ്രാതിനിധ്യം എത്രയുണ്ട്? ഒരു പുരുഷ കേന്ദ്രീകൃത സംഘടനയാണോ ഇത്?

കഴിഞ്ഞ വർഷമാദ്യം IFAT ന്റെ സമ്മേളനം ഡൽഹിയിൽ നടന്നപ്പോൾ സംഘടനയിൽ ഐ.ടി മേഖലയിലും ആധുനിക സാങ്കേതിക രംഗത്തും പ്രവർത്തിക്കുന്ന വനിതകൾക്ക് ഒരു കമ്മറ്റി രൂപീകരിച്ചു. മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിരവധി കാബ് ഡ്രൈവർമാർ വനിതകളാണ്. തൊഴിൽ പ്രശ്നങ്ങൾക്കുപുറമെ സ്ത്രീകൾ എന്ന നിലയിൽ അവർ അനുഭവിക്കേണ്ടി വരുന്ന സുരക്ഷാപ്രശ്നങ്ങളുണ്ട്. ഈ മേഖലയിൽ നിക്ഷേപമിറക്കിയിട്ടുള്ള വൻകിട കമ്പനികൾ ഒന്നും ഇക്കാര്യത്തിൽ വേണ്ടശ്രദ്ധ വച്ചു പുലർത്തുന്നില്ല എന്ന് കാണാൻ കഴിയും. ഏതെങ്കിലും വനിതാ കാബ് ഡ്രൈവർക്ക് സുരക്ഷാപരമായ അത്യാഹിതങ്ങൾ നേരിടേണ്ടി വരുമ്പോൾ കമ്പനിയുടെ ഭാഗത്തു നിന്ന് സാങ്കേതികപരമായ അപ്‌ഡേഷനുകൾ ഉണ്ടാവുമെങ്കിലും അത് ഭാരിച്ച ചെലവ് ചൂണ്ടിക്കാട്ടി താത്കാലികമായി അവസാനിപ്പിക്കുകയാണ് പതിവ്. ഇക്കാര്യത്തിൽ IFAT ന്റെ ഇടപെടലുകൾക്ക് പ്രസക്തിയുണ്ട് എന്നുതന്നെയാണ് ഞങ്ങൾ മനസിലാക്കുന്നത്. സ്ത്രീ സുരക്ഷക്ക് മുൻഗണന നൽകേണ്ടത് പ്രധാനമാണ് എന്ന് കമ്പനികൾ മനസിലാക്കുകയും നടപടിയെടുക്കുകയും വേണം. വനിതാ കാബ് ഡ്രൈവർമാർക്ക് സംഘടിതമായി സുരക്ഷയുമായി ബന്ധപ്പെട്ടും തൊഴിൽ അവകാശങ്ങളെ കുറിച്ചും നിരന്തരം അവബോധം നൽകാൻ IFAT ഭാവിയിൽ പ്രവർത്തനം ആവിഷ്‌കരിക്കും. തെലുങ്കാനയിലെ ട്രാൻസ്‌ജെന്ററുകളായ കാബ് ഡ്രൈവർമാർ അടക്കം ഞങ്ങളുമായി പ്രവർത്തിക്കാൻ മുന്നോട്ട് വന്നത് ചൂണ്ടിക്കാണിക്കട്ടെ. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു തൊഴിലാളി സംഘടന ഇത്തരത്തിൽ അംഗങ്ങളെ വൈവിധ്യവത്കരിക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്.

അന്താരഷ്ട്ര തലത്തിലെ സംഘടനകളുമായി IFAT ന്റെ ബന്ധം ഏതെല്ലാം വിധത്തിലാണ്?

അമേരിക്ക ആസ്ഥാനമായ ഇന്റർനാഷണൽ അലയൻസ് ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്‌പോർട് വർക്കേഴ്സ് (IAATW ) എന്ന സംഘടന സാങ്കേതിക മേഖലയിലെ തൊഴിലാളികളെ ഒന്നിപ്പിക്കുന്ന ആഗോള സംഘടനയാണ്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ IAATW വിന്റെ സ്റ്റിയറിങ് കമ്മറ്റിയിൽ ഞാൻ പ്രവർത്തിക്കുന്നുണ്ട്. ആഗോള തലത്തിൽ നിരവധി രാഷ്ട്രങ്ങളിൽ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നിലപാടെടുക്കുന്ന സംഘടനകളുണ്ട്. ഇവയെയെല്ലാം ഒന്നിപ്പിച്ച് പുതിയ കാലത്തെ തൊഴിലാളി എന്ന പദത്തെ വിപുലാർത്ഥത്തിൽ മനസിലാക്കി ആഗോള ചൂഷക കമ്പനികൾക്കെതിരെ രാജ്യാന്തര തലത്തിൽ പ്രവർത്തനം സംഘടിപ്പിക്കാനും അന്താരാഷ്ട്ര ജനസമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കാനും IAATW നു കഴിഞ്ഞിട്ടുണ്ട്. ന്യൂയോർക്കിലും മറ്റും IAATW തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് സംഘടിപ്പിക്കുന്ന വിപുലമായ പ്രവർത്തനങ്ങളെ മാധ്യമങ്ങൾ വലിയ രീതിയിലാണ് കവർ ചെയ്യുന്നത്. അമേരിക്ക, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, തുടങ്ങിയ രാഷ്ട്രങ്ങളിലും ആഫ്രിക്ക, ഏഷ്യയിലെ ബംഗ്ലാദേശ്, ഭൂട്ടാൻ, തായ്‌ലൻഡ്, ശ്രീലങ്ക തുടങ്ങിയ രാഷ്ട്രങ്ങളിലും IAATW പ്രാദേശികമായ മറ്റു സംഘടനകളുമായി ചേർന്ന് പ്രവർത്തനം നടത്തുന്നു. മറ്റൊന്ന്, IFAT നെ പ്രതിനിധീകരിച്ച് പുതിയ കാല തൊഴിലാളി പ്രശ്നങ്ങളെ കുറിച്ച് നിരവധി രാജ്യാന്തര യൂണിവേഴ്‌സിറ്റികളിൽ നിന്നും ഗവേഷണ ഏജൻസികളിൽ നിന്നും സംസാരിക്കാൻ ക്ഷണം കിട്ടാറുണ്ട്. IFAT ഇന്ത്യയിൽ നടത്തിയ രണ്ട് പഠന റിപ്പോർട്ടുകളെ കുറിച്ചും ഏറെ മതിപ്പോടെയാണ് രാജ്യാന്തര തലത്തിലെ ഗവേഷകർ സംസാരിച്ചത്.

IFAT ന്റെ പ്രവർത്തനങ്ങൾ കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടോ? ആപ്പ് ബേസ്ഡ് ടാക്സി ഡ്രൈവർമാരും പരമ്പരാഗത തൊഴിലാളി സംഘടനയുടെ അംഗങ്ങളും തമ്മിൽ ഇടക്കിടെ ഉരസലുകൾ പതിവായ ഇടമാണ് കൊച്ചി പോലുള്ള നഗരങ്ങൾ.

സംഘടനയുടെ പ്രവർത്തനങ്ങളുമായി ഞാൻ ചെന്നൈ വരെ എത്തിയിട്ടുണ്ട്. കേരളത്തിലെ തൊഴിലാളികൾ നേരിടുന്ന ചില പ്രശ്നങ്ങളെ കുറിച്ച് ഇവിടെയുള്ള ചിലരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പരമ്പരാഗത തൊഴിലാളി സംഘടനകൾക്ക് സമാനമായി ആപ്പ് ബേസ്ഡ് ടാക്സി ഡ്രൈവർമാർക്കും പ്രവർത്തിക്കാൻ സാധിക്കുമെന്ന കേരള ഹൈക്കോടതിയുടെ 2016 ലെ നിരീക്ഷണം വളരെ ആശ്വാസമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നൽകിയത്. യാഥാസ്ഥിതിക തൊഴിലാളി സംഘടനകളും ആപ്പ് ബേസ്ഡ് കാർ ഡ്രൈവർമാരും തമ്മിൽ നടക്കുന്ന സംഘർഷങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടത് ശ്രദ്ധിച്ചിരുന്നു. പരമ്പരാഗത ടാക്സി തൊഴിൽ രംഗത്തെ അനാരോഗ്യകരമായ മത്സരമാണ് സാങ്കേതിക കമ്പനികളുടെ തൊഴിലാളികളാവാൻ നിരവധി പേരെ പ്രേരിപ്പിക്കുന്നത്. മാറിയ കാലത്തെ പരിഗണിച്ച് ഇക്കാര്യത്തിൽ ജനാധിപത്യപരമായ ഇടപെടലുകളാണ് ആവശ്യമെന്നാണ് ഞാൻ കരുതുന്നത്. പൊലീസിനും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിനും ഈ വിഷയത്തിൽ ക്രിയാത്മകമായി ഇടപെടാൻ സാധിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഞങ്ങൾക്ക് വളരെ മതിപ്പാണുള്ളത്. അദ്ദേഹം ഈ വിഷയങ്ങളിൽ അനുഭാവപൂർണമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷ.

Comments