ഈ പാർട്ടിയെ (സർക്കാറിനെ) കേരളത്തിലെങ്കിലും
ജീവനോടെ നിലനിർത്തുന്നത്
ഈ തൊഴിലാളികളാണ്...

ആശാ വർക്കർമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാറിൻ്റെ ചെവിയിലെത്തിച്ച് ആത്യന്തികമായ പരിഹാരം ഉണ്ടാക്കിയെടുക്കേണ്ടത് സംസ്ഥാന സർക്കാറിൻ്റെ കർത്തവ്യമാണ്. അല്ലാതെ ഇപ്പോൾ ദിവസക്കൂലിയായി കിട്ടുന്ന 232 രൂപ കൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിലല്ലാതെ ദൽഹിയിൽ പോയി നിരാഹാരം കിടക്കാൻ തൊഴിലാളികൾക്ക് സാധിക്കുമോ? സന്തോഷ് ഏച്ചിക്കാനം എഴുതുന്നു.

സാക്ഷരതയുടേയും ആരോഗ്യ നിലവാരത്തിൻ്റേയും കാര്യത്തിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ മുൻപന്തിയിൽ ഒന്നാം നമ്പർ കസേരയിലിരുന്ന് അഭിമാനം കൊള്ളുമ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, ഈ വിജയസിംഹാസനത്തിൻ്റെ ഒരു കാൽ ഇവിടത്തെ അംഗനവാടിക്കാരുടേതും ആശാവർക്കന്മാരുടേതുമാണെന്ന്.

അർഹമായ വേതനം പോലും കൊടുക്കാതെ ഈ തൊഴിലാളികളുടെ സേവനങ്ങളെ മുതലെടുത്ത് നേട്ടങ്ങളുടെ പട്ടിക നിരത്തിയാൽ മാത്രം പോരാ, അവരുടെ പട്ടിണിമാറ്റാനുള്ള ഉത്തരവാദിത്തവും സർക്കാറിനുണ്ട്.

നാഷണൽ ഹെൽത്ത് മിഷൻ്റെ ഭാഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പദ്ധതിയായതുകൊണ്ട് ആശാ വർക്കർമാരുടെ വേതനവ്യവസ്ഥയിൽ തങ്ങൾക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്നു പറഞ്ഞ് കൈ കഴുകുമ്പോൾ ഈ പാർട്ടിയെ (സർക്കാറിനെ) ഇന്ന് കേരളത്തിലെങ്കിലും ജീവനോടെ നിലനിർത്തുന്നത് ഇതുപോലുള്ള സാധാരണക്കാരായ തൊഴിലാളി വർഗ്ഗമാണെന്ന മിനിമം ബോധമെങ്കിലും കമ്മ്യൂണിസ്റ്റ് നേതാക്കന്മാർക്ക് വേണം.

രാജ്യത്താകമാനം സാമൂഹ്യ ക്ഷേമപദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറച്ചും തൊഴിലാളികളെ അസ്ഥിരപ്പെടുത്തിയും അവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ അലംഭാവം കാണിച്ചും കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ സമീപനങ്ങളിൽ അഭിരമിക്കുമ്പോൾ അതേ നിലപാടു സ്വീകരിച്ചു കൊണ്ട് ആശാ വർക്കന്മാരെ നിരാശരാക്കുകയല്ല ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യേണ്ടത്. മറിച്ച്, അവരാവശ്യപ്പെടുന്ന മാന്യമായ ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും നൽകി രാജ്യത്തിനു മാതൃകയാവുകയാണ്. അതിൻ്റെ അലയൊലികൾ ഇതര സംസ്ഥാനങ്ങളിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആശാ വർക്കർമാരുടെ വേതന നിലവാരത്തിൽ പ്രതീക്ഷാനിർഭരമായ ചലനങ്ങൾ ഉണ്ടാക്കുക തന്നെ ചെയ്യും.

കേരളത്തിലെ 26,000 തൊഴിലാളികളിൽ വെറും നാനൂറ് പേർമാത്രമാണ് ഇപ്പോൾ സമരത്തിനിറങ്ങിയിരിക്കുന്നത് എന്ന വാദം കൊണ്ട് തൊഴിലാളികൾ ഉന്നയിക്കുന്ന ആത്യന്തികമായ പ്രശ്നത്തിൻ്റെ ഓട്ടയടക്കാൻ ശ്രമിക്കരുത്. സമരരംഗത്ത് SUCI ഒറ്റക്കാണെന്ന കാര്യത്താൽ സമരത്തിൻ്റെ തീവ്രത കുറയുന്നുമില്ല. ഒരു കൂട്ടം മനുഷ്യരുടെ അപ്പത്തിനു വേണ്ടിയുള്ള വിലാപമാണിത്. ഇത് കേന്ദ്രസർക്കാറിൻ്റെ ചെവിയിലെത്തിച്ച് ആത്യന്തികമായ പരിഹാരം ഉണ്ടാക്കിയെടുക്കേണ്ടത് സംസ്ഥാന സർക്കാറിൻ്റെ കർത്തവ്യമാണ്. അല്ലാതെ ഇപ്പോൾ ദിവസക്കൂലിയായി കിട്ടുന്ന 232 രൂപ കൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിലല്ലാതെ ദൽഹിയിൽ പോയി നിരാഹാരം കിടക്കാൻ തൊഴിലാളികൾക്ക് സാധിക്കുമോ?

ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഇവിടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നുണ്ട്. വിരമിച്ചു കഴിഞ്ഞാലും സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗത്തെ വേണ്ടതിലധികം പുല്ലും പെൻഷനും കൊടുത്ത് തീറ്റിപ്പോറ്റുന്നുണ്ട്.

ആശാ വർക്കർമാരുടെ സേവനം കേരളത്തിലെ ആരോഗ്യ മേഖലയിൽ ലഭ്യമാകാൻ തുടങ്ങിയിട്ട് പതിനെട്ട് വർഷമായി. കേന്ദ്രം അനുവദിച്ചതും കേരള സർക്കാരിന്റെ വിഹിതവും ചേർത്ത് പതിനായിരം രൂപയല്ലാതെ വേതനത്തിൻ്റെ കാര്യത്തിൽ ഒരു പരിഷ്കരണവും ഇന്നുവരെ ഉണ്ടായിട്ടില്ല.

2007- ൽ ഡീസലിൻ്റെ വില 43 രൂപയിൽ നിന്ന് 2025 ആകുമ്പോഴേക്കും തൊണ്ണൂറ്റഞ്ചിലെത്തി. ഈ വർഷം തന്നെ വീണ്ടും കൂടി നൂറിലെത്തുമെന്നു പറയുന്നു. നിത്യോപയോഗസാധനങ്ങളുടെ വില മൂന്നിരട്ടിയായി. അതോടൊപ്പം സമൂഹത്തിൽ കോവിഡ് അടക്കമുള്ള അപകടകരമായ രോഗങ്ങളുടെ അളവിലും തക്കത്തിലും വമ്പിച്ചവർധനവുണ്ടായി. ആശാവർക്കർമാരുടെ ജോലിഭാരം പത്തിരട്ടിയായി. എന്നിട്ടും "ഇവന്മാരൊക്കെ പത്തായിരം ഉലുവ കൊണ്ട് ജീവിച്ചാൽ മതി’’ എന്ന മട്ടിൽ യഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടക്കുമ്പോൾ ഇരുട്ടിലാണ്ടുപോകുന്നത് തൊഴിലാളിവർഗ്ഗ പ്രസ്ഥാനം എന്ന നിലയിൽ സർക്കാർ പാലിക്കേണ്ട ധാർമ്മികമായ ഉത്തരവാദിത്തങ്ങളാണ്.

പദ്ധതി കേന്ദ്രത്തിൻ്റേതാണെങ്കിലും ആയിരക്കണക്കിന് ആശാവർക്കർമാരുടെ സേവനം ലഭിക്കുന്നത് കേരളത്തിലെ ആരോഗ്യ മേഖലക്കാണ്. ഇതെങ്കിലും മനസ്സിലാക്കി ഡൽഹിയിൽ നിന്ന് ജെ.പി. നദ്ദ തരാൻ പോകുന്ന നക്കാപ്പിച്ചക്ക് കാത്തു നിൽക്കാതെ എത്രയും വേഗം 11,000 രൂപ കൂടി അനുവദിച്ച് തൊഴിലാളികളുടെ പട്ടിണിസമരം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം.


Summary: Santhosh Aechikkanam responds-on-kerala-asha-workers-protest


സന്തോഷ് ഏച്ചിക്കാനം

കഥാകൃത്ത്, തിരക്കഥാകൃത്ത്. കൊമാല, ശ്വാസം, ബിരിയാണി തുടങ്ങിയവ പ്രധാന കൃതികൾ. അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപസ്, ആണും പെണ്ണും എന്ന ആന്തോളജിയിലെ സാവിത്രി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്.

Comments