മാലിന്യങ്ങൾക്കിടയിലുണ്ട്,
അദൃശ്യരാക്കപ്പെട്ട
സ്ത്രീതൊഴിലാളികൾ,
അവരു​ടെ കുഞ്ഞുങ്ങൾ

തെരുവുമാലിന്യം ശേഖരിക്കുന്ന ജോലിയിലേർപ്പെടുന്ന തൊഴിലാളികളുടെ, പ്രത്യേകിച്ച് സ്ത്രീതൊഴിലാളികളുടെ സാമൂഹികവും തൊഴിൽപരവും ആരോഗ്യസംബന്ധിയുമായ ജീവിതം കഠിനമായ അരികുവൽക്കരണത്തിന്റെയും മനുഷ്യാവകാശ നിഷേധങ്ങളുടെയും ദുരന്തക്കയത്തിലാണ്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആഹ്വാനങ്ങൾക്കിടയിൽ ഈ തൊഴിലാളികളുടെ അതിജീവനവും ചർച്ച ചെയ്യപ്പെടണമെന്ന് ഷൈൻ കെ.

തൊഴിലവകാശങ്ങളോ നിയമപരമായ അംഗീകാരമോ ഇല്ലാതെ മാലിന്യത്തിന്റെ ശേഖരണം, വേർതിരിക്കൽ, ഗതാഗതം, റിസൈക്ലിംഗ് തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിഭാഗമാണ് അനൗപചാരിക മാലിന്യ തൊഴിലാളികൾ. ലോക ബാങ്ക്, അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO), UN ഹാബിറ്റാറ്റ് എന്നീ സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം ഇവരുടെ തൊഴിലിന് സ്ഥിരതയോ സാമൂഹിക സുരക്ഷയോ ആരോഗ്യ പരിരക്ഷയോ ലഭ്യമാവാറില്ല.

ILO ( international labor organization) യുടെ രേഖകൾ പ്രകാരം ഈ തൊഴിലിനെ ഉപവിഭാഗങ്ങളായി തിരിക്കാം:
വേസ്റ്റ് പിക്കേഴ്സ്: തെരുവുകളിൽ നിന്ന് പ്ലാസ്റ്റിക്, ലോഹം, പേപ്പർ തുടങ്ങിയ ഉപയോഗശൂന്യ വസ്തുക്കൾ ശേഖരിക്കുന്നവർ.
വേസ്റ്റ് സോർട്ടേഴ്സ്: ശേഖരിച്ച വസ്തുക്കൾ തരംതിരിച്ച് വേർതിരിക്കുന്നവർ.
ഡമ്പ്‌സൈറ്റ് പണിക്കാർ: മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവർ.
റാഗ് പിക്കേഴ്സ്: പഴയ വസ്ത്രങ്ങൾ, കയർ, തുണി തുടങ്ങിയവ ശേഖരിക്കുന്നവർ.
ബിൻ ക്ലീനേഴ്സ്: വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നവർ, ബിന്നുകളുടെ ശുചിത്വം പാലിക്കുന്നവർ.
റിസൈക്ലിംഗ്: വ്യാപാരികൾ ശേഖരിച്ച വസ്തുക്കൾ റിസൈക്ലിംഗിനോ വിൽപ്പനയ്ക്കോ ഉപയോഗിക്കുന്നവരും അവ കൈമാറ്റം ചെയ്യുന്നതിനുള്ള ഇടനിലക്കാരും.

നമ്മുടെ രാജ്യത്തെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട അനൗപചാരിക തൊഴിലാളികളിൽ പുരുഷന്മാരുണ്ടെങ്കിലും ഭൂരിഭാഗവും സ്ത്രീകളാണ്. ഓഷ്യൻ കൻസെർവൻസി, 2019- ൽ പൂനെയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്, അനൗപചാരിക തൊഴിലാളികളിൽ തെരുവുമാലിന്യ പുനരുപയോഗ പ്രവർത്തനങ്ങൾ നടത്തുന്ന ജോലി ചെയ്യുന്നവരിൽ 90 ശതമാനവും സ്ത്രീകളാണെന്നാണ്. ഇവരിൽ 25 ശതമാനം വിധവകളും 30 ശതമാനം സ്ത്രീകളും കുടുംബം നായിക്കുന്നവരുമാണ്. ഒരു വിഭാഗം സ്ത്രീകൾ കുടുംബത്തിലെ ഏക വരുമാനക്കാരുമാണ്.

മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട അനൗപചാരിക തൊഴിലാളികളിൽ പുരുഷന്മാരുണ്ടെങ്കിലും ഭൂരിഭാഗവും സ്ത്രീകളാണ്.
മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട അനൗപചാരിക തൊഴിലാളികളിൽ പുരുഷന്മാരുണ്ടെങ്കിലും ഭൂരിഭാഗവും സ്ത്രീകളാണ്.

നഗരശുചിത്വം നിലനിർത്തുന്നതിലും ലോക പുനരുപയോഗ വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിലും ഇവർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. എങ്കിലും പരിമിതമായ സാമൂഹിക- സാമ്പത്തിക അവസ്ഥകളിലാണ് ജീവിതം. അപകടകരമാണ് തൊഴിലിടങ്ങൾ. കുറഞ്ഞ വരുമാനം, അരക്ഷിതാവസ്ഥ, ആരോഗ്യ അപകടസാധ്യതകൾ എന്നിവയാണ് അവരുടെ ജോലിയുടെ പ്രധാന സവിശേഷതകൾ. വൃത്തിഹീനമായ സാഹചര്യങ്ങളിൽ കായികമായി അധ്വാനിക്കുന്ന സ്ത്രീകളാണ് എന്നതുകൊണ്ടു തന്നെ ഇവരുടെ ശാരീരിക- മാനസിക- സാമൂഹിക ആരോഗ്യം ദുരിതപൂർണമാണ്. വരുമാനം വളരെ കുറവാണെങ്കിലും തങ്ങളുടെ കുടുംബങ്ങളുടെ നിലനിൽപ്പിന് ഈ ചെറിയ വരുമാനം അത്യന്താപേക്ഷിതമാണ്. ഈ സാമ്പത്തിക കൈമാറ്റം രാജ്യത്തിന്റെ അനൗപചാരിക സമ്പദ്‌വ്യവസ്ഥയിൽ, കാര്യമായും ഔപചാരിക തൊഴിലവസരങ്ങൾ കുറവുള്ള നഗരപ്രദേശങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.

നഗര ശുചിത്വവും ജനാരോഗ്യവും നിലനിർത്തുന്നതിൽ അനൗദ്യോഗികമായി ഇവർ വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക ഡാറ്റകളിൽ ഇവർ അദൃശ്യരാണ്.

തുച്ഛമായ വരുമാനം കൈപ്പറ്റിയും, ആരോഗ്യപരമായ വെല്ലുവികളെ അവഗണിച്ചും മുന്നോട്ട് പോകുന്ന ഈ മനുഷ്യർ അറിഞ്ഞോ അറിയാതെയോ സാമൂഹിക സംരക്ഷണം തൊഴിലിന്റെ ഭാഗമാക്കിയവരാണ്. ഈ മേഖലയിലെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ലക്ഷ്യബോധമുള്ള നയ ഇടപെടലുകളാണ് ആവശ്യം.

നഗര ശുചിത്വവും ജനാരോഗ്യവും നിലനിർത്തുന്നതിൽ അനൗദ്യോഗികമായി ഇവർ വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക ഡാറ്റകളിൽ ഇവർ അദൃശ്യരാണ്. നയരൂപീകരണ ഘട്ടങ്ങളിലും ഇവർ പാടെ അവഗണിക്കപ്പെടുന്നു. ഇത് അവരുടെ അരികുവൽക്കരണത്തെ ശാശ്വതീകരിക്കുന്നതിൽ പ്രധാന കാരണമാകുന്നുണ്ട്.

എന്നാൽ പരിസ്ഥിതി സുസ്ഥിരതയുടെയും ഉപജീവനത്തിന്റെയും കാര്യത്തിൽ ഈ സ്ത്രീകളുടെ ജോലി പൊതുസമൂഹത്തിനും അവർക്കുതന്നെയും പ്രധാനപ്പെട്ടതാണ്. നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമായി സാമ്പത്തിക പരിമിതികളോ അവബോധമില്ലായ്മയോ കാരണം ഇവരിൽ ഭൂരിഭാഗവും വൈദ്യസഹായം ​പോലും തേടാറില്ല. ഇവരുടെ ശാക്തീകരണവും ക്ഷേമവും ലക്ഷ്യമിട്ടുള്ള ഇടപെടലുകളുടെ ആവശ്യകത മനുഷ്യ ജീവികൾ എന്ന നിലയിൽ വലിയ പ്രാധാന്യം അർഹിക്കുന്നു

തുച്ഛമായ വരുമാനം കൈപ്പറ്റിയും, ആരോഗ്യപരമായ വെല്ലുവികളെ അവഗണിച്ചും മുന്നോട്ട് പോകുന്ന ഈ മനുഷ്യർ  അറിഞ്ഞോ അറിയാതെയോ സാമൂഹിക സംരക്ഷണം തൊഴിലിന്റെ ഭാഗമാക്കിയവരാണ്.
തുച്ഛമായ വരുമാനം കൈപ്പറ്റിയും, ആരോഗ്യപരമായ വെല്ലുവികളെ അവഗണിച്ചും മുന്നോട്ട് പോകുന്ന ഈ മനുഷ്യർ അറിഞ്ഞോ അറിയാതെയോ സാമൂഹിക സംരക്ഷണം തൊഴിലിന്റെ ഭാഗമാക്കിയവരാണ്.

അപമാനിക്കപ്പെടുന്ന
മനുഷ്യർ

മാലിന്യം ശേഖരിക്കുന്ന പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീ മാലിന്യ ശേഖരണക്കാർ വലിയ തോതിൽ സാമൂഹിക അപമാനങ്ങൾക്ക് വിധേയരാകുന്നു. തൊഴിലുമായി ബന്ധപ്പെട്ടും സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുമാണ് ഇവർ പൊതുഇടങ്ങളിൽ അപമാനിതരാകുന്നത് എന്ന് പഠനങ്ങൾ കാണിക്കുന്നു. പ്രത്യേകിച്ച്, കുട്ടകളുമായി മാലിന്യം ശേഖരിക്കുന്നവരോടുള്ള സമൂഹത്തിന്റെ മനോഭാവം തിരുത്തപ്പെടേണ്ടതുണ്ട്. അവരുടെ ജോലിയെ വൈദഗ്ധ്യമില്ലാത്തതും അഭികാമ്യമല്ലാത്തതുമായി പൊതുവേ കണക്കാക്കുന്നു.

ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള വേതന വിവേചനവും രൂക്ഷമാണ്. പലർക്കും കുറഞ്ഞ വേതനം ലഭിക്കുന്ന, സുരക്ഷിതമല്ലാത്ത ജോലികളിൽ ഒതുങ്ങിനിൽക്കേണ്ടിവരുന്നു. ഇത്തരം പ്രശ്നങ്ങൾ അവരുടെ അധ്വാനത്തിന്റെ മൂല്യത്തകർച്ചക്കിടയാക്കുന്നു. മാത്രമല്ല, അടിസ്ഥാന സൗകര്യപിന്തുണ, ന്യായമായ വേതനം, അവകാശങ്ങളെ അംഗീകരിക്കൽ എന്നിവ നിഷേധിക്കപ്പെടുന്നു. ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ, സാമൂഹിക സേവനങ്ങൾ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ നേടാനുള്ള അവരുടെ കഴിവിനെയും ഈ ഇടപെടൽ രീതി ഇല്ലാതാക്കിയിട്ടുണ്ട്.

മാലിന്യം ശേഖരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും സാമൂഹത്തിന്റെ മുൻവിധികൾക്ക് വിധേയപ്പെടേണ്ടിവരുന്നു. പലർക്കും അവരുൾപ്പെടുന്ന കുടുംബത്തിന്റെ ശരിയായ ശുചിത്വവും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസ അവകാശങ്ങളും ഉറപ്പുവരുത്താനാകുന്നില്ല. ഇത് തലമുറകളിലേക്ക് വ്യാപിക്കുന്ന ദാരിദ്ര്യത്തിന്റെയും സാമൂഹിക അരികുവൽക്കരണത്തിന്റെയും രക്ഷപ്പെടാനാവാത്ത ദുരവസ്ഥയിൽ അവരെ തളച്ചിടുന്നു.

ഇന്ത്യയിലെ അനൗപചാരിക മാലിന്യ മേഖലയിലെ സ്ത്രീതൊഴിലാളികളുടെ 93 ശതമാനവും കുടിയേറ്റക്കാർ കൂടിയാണ്. ഇത് അവരുടെ ജീവിത സാഹചര്യം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

ദുരിതങ്ങളിലേക്കുള്ള
കുടിയേറ്റം

ഇന്ത്യയിലെ അനൗപചാരിക മാലിന്യ മേഖലയിലെ സ്ത്രീതൊഴിലാളികളുടെ 93 ശതമാനവും കുടിയേറ്റക്കാർ കൂടിയാണ്. ഇത് അവരുടെ ജീവിത സാഹചര്യം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. മാലിന്യം ശേഖരിക്കലും കൊണ്ടുപോകലുമാണ് ഇവരുടെ പ്രധാന ജോലി. കിലോമീറ്ററുകൾ നടന്നാണ് ഇവർ ജോലിയെടുക്കുന്നത്. പ്രധാനമായും സംസ്ഥാനത്തിനുള്ളിലെ മറ്റ് ജില്ലകളിൽ നിന്നാണ് ഇവരുടെ പലായനം നടന്നിടുള്ളത് (ഇൻട്രാ ഡിസ്ട്രിക്ട്). പ്രത്യേകിച്ച്, കുട്ടകളിൽ മാലിന്യം ശേഖരിക്കുന്നവരിൽ 90% ത്തിലധികം പേരും അവരുടെ തൊട്ടടുത്ത പ്രദേശത്തിന് പുറത്തുനിന്നുള്ള കുടിയേറ്റക്കാരാണെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്. ഈ സ്ത്രീ തൊഴിലാളികളിൽ മഹാഭൂരിഭാഗവും നഗരങ്ങളിൽ മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾ തേടിയാണ് ഗ്രാമപ്രദേശങ്ങളിൽ നിന്ന് കുടിയേറിയിട്ടുള്ളത്. അവരുടെ തനത് പ്രാദേശിക സമൂഹങ്ങളിൽ നിന്ന് അകലേക്കുള്ള ഈ കുടിയേറ്റം ചെന്നെത്തിക്കുന്നതുമാകട്ടെ ദുർബലമായ, സുരക്ഷിതമല്ലാത്ത, ഒട്ടും പിന്തുണയില്ലാത്ത പുതിയ ജീവിത സാഹചര്യങ്ങളിലേക്കും സാമൂഹിക പിന്തുണാ ശൃംഖലകളിലേക്കുമാണ്.

കയ്യുറകൾ ധരിക്കാത്തതുകൊണ്ട് ബയോ മെഡിക്കൽ മാലിന്യങ്ങളും തുരുമ്പെടുത്ത ലോഹങ്ങളും കൈകാര്യം ചെയ്യുമ്പോൾ മുറിവുണ്ടാകും. ഇതുവ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. പാഴ് വസ്തുക്കളുമായുള്ള ഇടപെടൽ പ്രജനനാരോഗ്യത്തിനുവരെ ഭീഷണിയാണ്.

തുച്ഛമായ വരുമാനത്തിനുവേണ്ടിയുള്ള ഈ പലായനത്തിന് വിധേയപ്പെടേണ്ടിവരുന്ന കുട്ടികളടങ്ങുന്ന സ്ത്രീകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായതുകൊണ്ടു തന്നെ നിരന്തര ചൂഷണത്തിനിരയാക്കപ്പെടുന്നു. സുരക്ഷിതമല്ലാത്ത പർപ്പിടങ്ങൾ ഇവർക്കെതിരായ ലൈംഗികാക്രമണങ്ങൾക്കും കാരണമാകുന്നുണ്ട്. സാമൂഹിക സംരക്ഷണം ലഭിക്കാത്തതിനാൽ ഈ ആക്രമണങ്ങൾ വാർത്തകൾ പോലുമാകാറില്ല. നിയമ പരിരക്ഷകളില്ലാതെ അനൗപചാരിക തൊഴിൽ ചെയ്യുന്നതിനാൽ സാമൂഹിക സേവനങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം പോലും ഇവർക്ക് ലഭിക്കാറില്ല.

മാലിന്യം ശേഖരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും  സാമൂഹത്തിന്റെ  മുൻവിധികൾക്ക് വിധേയപ്പെടേണ്ടിവരുന്നു.
മാലിന്യം ശേഖരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും സാമൂഹത്തിന്റെ മുൻവിധികൾക്ക് വിധേയപ്പെടേണ്ടിവരുന്നു.

ആരോഗ്യം
അപകടത്തിൽ

ഈ സ്ത്രീകൾ നേരിടുന്നത് ഗുരുതര ആരോഗ്യ വെല്ലുവിളികളാണ്. ഇവരിൽ പേശീ അസ്ഥിര വൈകല്യങ്ങൾ വ്യാപകമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. നിരന്തരമായ ശാരീരിക അദ്ധ്വാനം, അസ്വാസ്ഥ്യകരമായ ശരീരാവസ്ഥകൾ, ഭാരം ചുമക്കൽ എന്നിവ നടുവേദന, കാൽമുട്ട് പ്രശ്നങ്ങൾ, പേശികൾക്ക് വരുന്ന ശോഷണം തുടങ്ങിയ പ്രശ്നങ്ങൾക്കിടയാക്കുന്നു. ദിനംപ്രതി മൂർച്ഛിച്ചുവരുന്ന ഈ അനാരോഗ്യ പ്രശ്നങ്ങൾ അവരുടെ ജീവിത നിലവാരത്തെയും കായിക ക്ഷമതയെയും കുറയ്ക്കുകയും ജോലി ചെയ്യാനും കുടുംബങ്ങളെ പരിപാലിക്കാനുമുള്ള അവരുടെ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

കയ്യുറകൾ ധരിക്കാത്തതുകൊണ്ട് ബയോ മെഡിക്കൽ മാലിന്യങ്ങളും തുരുമ്പെടുത്ത ലോഹങ്ങളും കൈകാര്യം ചെയ്യുമ്പോൾ മുറിവുണ്ടാകും. ഇതുവ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. പാഴ് വസ്തുക്കളുമായുള്ള ഇടപെടൽ പ്രജനനാരോഗ്യത്തിനുവരെ ഭീഷണിയാണ്. മാസ്ക് ഇല്ലാത്തതുകൊണ്ട് വിഷമാലിന്യങ്ങൾ, പൊടി എന്നിവയുമായുള്ള നിരന്തര സമ്പർക്കം ഗർഭധാരണത്തെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇവർ മാലിന്യം ശേഖരിക്കുന്ന സ്‍ഥലങ്ങൾ തെരുവ് നായകളുള്ളതോ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതോ മനുഷ്യവാസം കുറവുള്ളതോ ആണ്. ഇത് ശ്വസന രോഗങ്ങൾക്കും നായ്ക്കളുടെ ആക്രമണങ്ങൾക്കും കാരണമാകുന്നു. തുച്ഛമായ വരുമാനം മൂലം ആശുപത്രികളിൽ പോകാനോ ചികിത്സയ്ക്കോ ഇവർക്ക് കഴിയാറില്ല. ആരോഗ്യ സംരക്ഷണവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിലൂടെ മാത്രമേ ഇവരുടെ മുഖ്യധാരയിലേക്കുള്ള പ്രവേശനം സാധ്യമാക്കാനാകൂ. അവരെ നിലവിലെ അദൃശ്യതയിൽ നിന്ന് ദൃശ്യമാക്കാൻ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്.

സ്ത്രീതൊഴിലാളികൾക്കൊപ്പം അവരുടെ കുഞ്ഞുങ്ങൾക്കും ഇതേ ദുരിതങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു എന്നത് അതീവ ഗുരുതരമായ സാമൂഹിക ​പ്രശ്നം കൂടിയാണ്. കുട്ടകളിൽ മാലിന്യം ശേഖരിക്കുന്ന അമ്മമാരുടെ തൊഴിലാണ് യഥാർഥത്തിൽ ഈ കുഞ്ഞുങ്ങളെയും മാലിന്യക്കൂമ്പാരങ്ങളിൽ തളച്ചിടുന്നത്.

അമ്മമാർക്കൊപ്പം
കുട്ടികളും

ഈ സ്ത്രീതൊഴിലാളികൾക്കൊപ്പം അവരുടെ കുഞ്ഞുങ്ങൾക്കും ഇതേ ദുരിതങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു എന്നത് അതീവ ഗുരുതരമായ സാമൂഹിക ​പ്രശ്നം കൂടിയാണ്. കുട്ടകളിൽ മാലിന്യം ശേഖരിക്കുന്ന അമ്മമാരുടെ തൊഴിലാണ് യഥാർഥത്തിൽ ഈ കുഞ്ഞുങ്ങളെയും മാലിന്യക്കൂമ്പാരങ്ങളിൽ തളച്ചിടുന്നത്. കുട്ടികൾക്ക് അവകാശപ്പെട്ട പരിരക്ഷിതത്വം, സുരക്ഷിതമായ ബാല്യകാലം എന്നിവ അമ്മയുടെ തൊഴിലിലൂടെ അവർക്ക് നി​ഷേധിക്കപ്പെടുന്നു. മാലിന്യവും രോഗവും നിറഞ്ഞ അന്തരീക്ഷം, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസമില്ലായ്മ എന്നിവ ഈ കുട്ടികളുടെ ബാല്യത്തെയും ഭാവിയെയും തകർക്കുന്നു.

അമ്മമാരുടെ ജോലി ഇടങ്ങളായ ഡമ്പിംഗ് യാർഡുകൾ, ഓരക്കടലുകൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലായിരിക്കും അവരുടെ കുഞ്ഞുങ്ങളുടെയും ദിവസങ്ങൾ ചെലവഴിക്കപ്പെടുന്നത്. ഈ സ്ഥലങ്ങളിൽ തന്നെയാണ് കുഞ്ഞുങ്ങൾ കളിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും. ഇത് സാമൂഹികമായ അരക്ഷിതത്വം മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ശ്വാസകോശ രോഗങ്ങൾ, ചർമ്മപ്രശ്നങ്ങൾ, ശാരീരിക പരിക്കുകൾ തുടങ്ങിയവ ഈ കുഞ്ഞുങ്ങളിൽ സാധാരണമാണ് (Kruk et al., 2018).

ഇവിടങ്ങളിലെ സാമൂഹിക സ്വാധീനങ്ങൾ മറ്റൊരു പ്രശ്നമാണ്. മദ്യം, ലഹരി, പുകയില ഉപയോഗം, അനധികൃത തൊഴിലുകൾ എന്നിവ ഭീഷണിയായി ഇവർക്കിടയിലുണ്ട്. വിദ്യാഭ്യാസം കൂടി നിഷേധിക്കപ്പെടുന്നതിലൂടെ സമൂഹത്തിൽ സ്വന്തം ഇടം കണ്ടെത്താനുള്ള സാധ്യതകളും ഇല്ലാതാകുന്നു.

ഈ തൊഴിലാളി സ്ത്രീകളുടെ അവകാശനിഷേധത്തിന് ഒന്നാം പ്രതി ഭരണകൂടം തന്നെയാണ്. ഈ തൊഴിലാളികൾക്ക് നേരിടേണ്ടിവരുന്ന സാമൂഹിക അവഗണനക്കും തൊഴിലവകാശ നിഷേധങ്ങൾക്കും മനുഷ്യവകാശലംഘനങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഭരണകൂടത്തിന്റെ ഇടപെടലില്ലായ്മ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതുതന്നെയാണ്, സാമൂഹികമായ പാർശ്വവൽക്കരണത്തിലേക്ക് അവരെ വലിച്ചെറിയുന്നത്. മാലിന്യ ശേഖരണവും പുനരുപയോഗവുംഇവരുടെ തൊഴിലിന്റെയും ജീവിതത്തിന്റെയും അവിഭാജ്യ ഘടകമാണ്. അവർ അദൃശ്യരാക്കപ്പെടേണ്ടവരല്ല. അവർക്കും മറ്റു മനുഷ്യരെപ്പോലെ അവകാശങ്ങളും പൗരത്വവും ഉണ്ടെന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്. ഇവരെ സമഗ്രമായി സമൂഹത്തിൽ ഉൾപ്പെടുത്തുക എന്ന സാമൂഹിക ഉത്തരവദിത്തവും പൊതുസമൂഹത്തിനുണ്ട്.

മാലിന്യവും രോഗവും നിറഞ്ഞ അന്തരീക്ഷം, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസമില്ലായ്മ എന്നിവ ഈ തൊഴിലാളികളുടെ കുട്ടികളുടെ ബാല്യത്തെയും ഭാവിയെയും തകർക്കുന്നു.
മാലിന്യവും രോഗവും നിറഞ്ഞ അന്തരീക്ഷം, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസമില്ലായ്മ എന്നിവ ഈ തൊഴിലാളികളുടെ കുട്ടികളുടെ ബാല്യത്തെയും ഭാവിയെയും തകർക്കുന്നു.

References:

Chen, M., Vanek, J., & Bonnet, F. (2019). Women and men in the informal economy: A statistical brief. WIEGO.

Mohapatra, K. K. (2012). Women workers in informal sector in India: Understanding the occupational vulnerability. International Journal of Humanities and Social Science, 2(21), 197-207.

Gautam, A., & Bhadra, S. (2023). Vulnerabilities among children of rag-pickers: Examining health inequalities in the context of Sustainable Development Goal 3. Journal of Human Rights and Social Work, 8, 75–90. DOI: 10.1111/cfs.13067


Summary: Shine K. writes that the survival of Women waste workers should also be discussed amid calls for environmental protection.


ഷൈൻ. കെ

ഗവേഷക വിദ്യാർഥി, ​സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് & ഡെവലപ്മെൻറ് സ്റ്റഡീസ് , മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം.

Comments