മലയാള സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പലതരം ചൂഷണങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി (Justice Hema Committee), ഇന്ത്യൻ സിനിമാമേഖലയിലെ തന്നെ ഈ ദിശയിലുള്ള ഒരു നാഴികക്കല്ലാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രതിഫലനം മറ്റു പല സംസ്ഥാനങ്ങളിലെയും സിനിമാമേഖലയിലുണ്ടായി.
ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് കേവലം ലൈംഗികാരോപണങ്ങളാണെന്ന മട്ടിലാണ് മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോർട്ടിങ്. രണ്ടു വർഷമെടുത്ത് പഠനം നടത്തി പുറത്തുവന്ന റിപ്പോർട്ടിലെ ഗുരുതരമായ തൊഴിൽപ്രശ്നങ്ങളെ ചർച്ചക്കെടുക്കാതെ, റിപ്പോർട്ട് എന്നത് ലൈംഗികാരോപണങ്ങൾ മാത്രമാണെന്ന പുകമറ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് അത്ര ചെറുതല്ല. മനുഷ്യാവകാശ ലംഘനങ്ങളടക്കം റിപ്പോർട്ട് ഊന്നിപ്പറയുമ്പോഴും വിഷയത്തെ ലൈംഗികതയുമായി കൂട്ടിക്കെട്ടി ആഘോഷിക്കുകയായിരുന്നു മാധ്യമങ്ങൾ. വിക്ടിം ബ്ലെയിമിങ്ങിന്റെ മറ്റൊരു രൂപമായിരുന്നു ഇത്. അപകടകരമാംവിധം അടഞ്ഞുകിടക്കുന്ന ഒരു തൊഴിൽ മേഖലയിലെ തൊഴിലാളി വിരുദ്ധത പൊതുസമൂഹത്തിന് മുന്നിൽ ചർച്ചചെയ്യാൻ കിട്ടിയ അവസരമാണ് മീഡിയ തമസ്കരിച്ചത്.
തൊഴിൽ ചൂഷണത്തിന്റെ നിരവധി സംഭവങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അക്കമിട്ട് പറയുന്നുണ്ട്. കൃത്യമായ പ്രതിഫലം നൽകാതിരിക്കുക, പരാതികളുന്നയിക്കാനുള്ള വേദികളുടെയും കരാറിന്റെയും അഭാവം തുടങ്ങി നിരവധി തൊഴിലാളി പ്രശ്‌നങ്ങൾ റിപ്പോർട്ടിലുണ്ട്. നൽകാമെന്നു പറഞ്ഞ പ്രതിഫലം നൽകാതെയിരിക്കുക, വാഗ്ദാനം ചെയ്യപ്പെട്ടതിന്റെ പത്തിലൊരു ഭാഗം മാത്രം നൽകി കബളിപ്പിക്കുക, തുടർച്ചയായി ആവശ്യപ്പെട്ടാൽ മാത്രം പ്രതിഫലം നൽകുക, പ്രതിഫലത്തിനായി സ്ത്രീകൾക്ക് യാചിക്കേണ്ടിവരുക, പ്രതിഫലം ചോദിച്ചാൽ ശല്യക്കാരിയായി മുദ്രകുത്തുക, അവസരങ്ങൾ നിഷേധിക്കുക, കരാറില്ലാത്തതുകൊണ്ട് പരാതികൾ നൽകാൻ കഴിയാതെ വരുക തുടങ്ങി അടിമുടി തൊഴിലാളി വിരുദ്ധമായ ഒരു സംവിധാനമാണ് സിനിമയെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
‘‘ഹെയർ സ്റ്റൈലിസ്റ്റുമാരുടെ കോൾ ഷീറ്റ് രാവിലെ ആറു മുതൽ രാത്രി 9.30വരെയാണ്. 15.5 മണിക്കൂർ ജോലി ചെയ്താൽ കിട്ടുക 1169 രൂപയാണ്. രാത്രി ജോലിക്ക് അഡീഷനലായി പകുതി ബത്ത കൂടി ലഭിക്കും. രാത്രി 12.30 മുതൽ പുലർച്ചെ രണ്ടു വരെ ജോലി ചെയ്താൽ വീണ്ടും പകുതി കൂടി ബത്തയായി ലഭിക്കും. എന്നാൽ, പുലർച്ചെ രണ്ടു മണിവരെ ജോലി ചെയ്താലും അധിക ബത്ത നിഷേധിക്കാൻ 1.55 വരെയാണ് ജോലി ചെയ്തത് എന്ന് വ്യാജരേഖയുണ്ടാക്കും’’
‘‘ആർട്ടിസ്റ്റുകൾക്കും സാങ്കേതിക വിദഗ്ധർക്കും പ്രതിഫലത്തിന് നിയതമായ വ്യവസ്ഥയോ സുതാര്യമായ നടപടിക്രമങ്ങളോ ഇല്ല. ഒരേ പോലെയുള്ള ജോലിയാണെങ്കിലും സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പ്രതിഫലം കുറവാണ്. ഒരു സിനിമയിൽ തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിക്കുന്ന നായികക്ക് നായകന്റെ പ്രതിഫലത്തേക്കാൾ പത്തിലൊരു ഭാഗം പ്രതിഫലമാണ് ലഭിക്കുക. അപൂർവം സിനിമകളിൽ നായികക്ക് നായകന് കൊടുക്കുന്നതിന്റെ മൂന്നിലൊന്ന് നൽകും’’- ഇതൊക്കെയും കമ്മിറ്റിയുടെ മുന്നിൽ വന്ന പ്രധാന പരാതികളാണ്. എന്നാൽ ഈ പരാതികൾക്കൊന്നും ചർച്ചകളിൽ നാമമാത്രമായ പരിഗണന പോലും ലഭിച്ചിട്ടില്ല.
സിനിമാമേഖലയിലെ സാങ്കേതിക പ്രവർത്തകർ നേരിടുന്ന ഗുരുതരമായ ഇത്തരം തൊഴിൽ ചൂഷണങ്ങളെക്കുറിച്ച് ട്രൂകോപ്പി തിങ്കിനോട് തുറന്ന് സംസാരിക്കുകയാണ് സൗണ്ട് റെക്കോർഡിസ്റ്റ്| സൗണ്ട് ഡിസൈനർ ലെനിൻ വലപ്പാട്. അതീവ ഗുരുതരമായ ചൂഷണമാണ് ഈ മേഖലയിൽ നടക്കുന്നതെന്നും പലർക്കും പ്രതിഫലം ലഭിക്കാറില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. സാങ്കേതിക മേഖലയിൽ ഏറ്റവും തൊഴിൽ ചൂഷണത്തിനിരയാകുന്നത് സഹസംവിധായകരാണെന്നും തുച്ഛവരുമാനം മാത്രമാണ് അവർക്ക് ലഭിക്കുന്നതെന്നും സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണെന്നും ലെനിൻ ചൂണ്ടിക്കാട്ടി:
“ഫെഫ്കയിൽ മെമ്പർഷിപ്പുള്ളവരും ഇല്ലാത്തവരുമുണ്ട്. രണ്ട് കൂട്ടരും നേരിടുന്ന പ്രധാന പ്രതിസന്ധി, തൊഴിൽ സമയമാണ്. ഇന്ത്യൻ സിനിമയിൽ മറ്റെവിടെയുമില്ലാത്ത ഷിഫ്റ്റാണ് മലയാളത്തിലുള്ളത്. രാവിലെ 6 മുതൽ വൈകീട്ട് ഒമ്പത്- ഒമ്പതര വരെയാണ് ഇവിടെ ഷിഫ്റ്റ്. രണ്ട് ഷിഫ്റ്റാണുള്ളത്. ഡബിൾ ഷിഫ്റ്റ് സംവിധാനത്തിന് നിയന്ത്രണം വേണം. ദിവസവും രണ്ട് ഷിഫ്റ്റിടുന്നത് ശരിയല്ലല്ലോ. അങ്ങനെ ചെയ്യിക്കാനുള്ള ഓപ്ഷൻ ഒരു തൊഴിൽദാതാവിനുമില്ല. മലയാളത്തിൽ ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞാൽ 30- 40 ദിവസം ഷൂട്ട് ഉണ്ടായിരിക്കും. ചില ദിവസങ്ങളിൽ രാവിലെ 6ന് തുടങ്ങുന്ന ഷൂട്ട് അടുത്ത ദിവസം രാവിലെ വരെയൊക്കെ ഉണ്ടായിരിക്കും. 6 മണിക്ക് ഷൂട്ട് കഴിഞ്ഞാലും ഉച്ചകഴിഞ്ഞ് വീണ്ടും ഷൂട്ട് ആരംഭിക്കുന്ന സ്ഥിതിയുണ്ട്. 15 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന ഒരാൾക്ക് പേഴ്‌സണൽ സമയമൊന്നും കിട്ടുന്നില്ല. ഇത് നമ്മളുടെ മാനസികാവസ്ഥയെ ബാധിക്കുന്നുണ്ട്. ഞാനൊരു സിങ്ക് സൗണ്ട് റെക്കോഡിസ്റ്റാണ്. 15 മണിക്കൂർ ജോലിയിൽ മിനിമം 10 മണിക്കൂർ ഞാൻ തുടർച്ചയായി ഹെഡ് ഫോൺ ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇതിന്റെ പുറത്താണ് അധിക ഷിഫ്റ്റ്. യൂണിയൻ അംഗമല്ലാത്തവർക്ക് രണ്ട് ഷിഫ്റ്റിന് അധികം പ്രതിഫലമൊന്നും നൽകില്ല. ഷൂട്ടിന്റെ സമയത്തിൽ പലതരം വിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. 12 മണിക്കൂർ ഷിഫ്റ്റാണെങ്കിലും നമുക്ക് പ്രശ്‌നമില്ല’’.
‘‘കൃത്യമായി ശമ്പളം പോലും കിട്ടാത്ത സിനിമകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഒരു മലയാളം പ്രൊഡക്ഷൻ എന്റെ ഡിപ്പാർട്ട്‌മെന്റിന് 10 ലക്ഷം രൂപയോളം നൽകാനുണ്ട്. സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. റിലീസ് ചെയ്ത് കഴിയുമ്പോൾ പണം നൽകാമെന്നാണ് അവർ പറയുന്നത്. ആ പ്രതീക്ഷയിലാണ് നമ്മൾ ജീവിക്കുന്നത്. ഏറ്റവും പ്രതിസന്ധി നേരിടുന്നത് അസിസ്റ്റന്റ് ഡയറക്ടർമാരാണ്. ഒരു തരം മാനുഷിക പരിഗണനയും ഈ വിഭാഗത്തിന് ലഭിക്കാറില്ല. അവരെടുക്കുന്ന ജോലിയും ലഭിക്കുന്ന പ്രതിഫലവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഒരു സിനിമ തുടങ്ങുന്നതിന് മൂന്നോ നാലോ മാസം മുമ്പ് ജോയിൻ ചെയ്യുന്നവരാണിവർ. പടത്തിന്റെ ഷൂട്ട് കഴിഞ്ഞും മൂന്ന് മാസത്തെ പോസ്റ്റ് പ്രൊഡക്ഷനിൽ ഇവർ പണിയെടുക്കണം. ഒരു വർഷത്തോളം ഒരു സിനിമക്കുവേണ്ടി പണിയെടുക്കുന്ന അസിസ്റ്റന്റ് ഡയറക്ടർമാർക്ക് 25,000 രൂപയൊക്കെയാണ് ലഭിക്കുക. എന്നാൽ കൃത്യമായി പ്രതിഫലം നൽകുന്ന പ്രൊഡക്ഷൻസുമുണ്ട്’’- ലെനിൻ വലപ്പാട് പറഞ്ഞു.
‘‘സ്ത്രീകളായ അസിസ്റ്റന്റ് ഡയറക്ടർമാർക്കാണ് കൂടുതൽ പ്രതിസന്ധി. അവർക്ക് കൃത്യമായ താമസസൗകര്യം പോലും ലഭ്യമാക്കാറില്ല. എന്നാൽ പുരോഗമനപരമായി ചിന്തിക്കുന്ന സംവിധായകരുടെ സെറ്റിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്നത് കണ്ടിട്ടുണ്ട്. ഞാൻ അഞ്ജലി മേനോന്റെ കൂടെയൊക്കെ വർക്ക് ചെയ്തിട്ടുണ്ട്. അവരുടെ സെറ്റിൽ തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭിക്കും. അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങളും ശരിയാക്കി നൽകും. ഇത്തരത്തിൽ ഒരുതരത്തിലും ജനാധിപത്യപരമല്ലാത്ത സെറ്റുകളുമുണ്ട്. ടോയ്‌ലറ്റ് സംവിധാനം പോലുമില്ലാത്ത സെറ്റുകളുണ്ട്. ആണുങ്ങൾ മാത്രമുള്ള ഹോട്ടലുകളിൽ സ്ത്രീകളെ താമസിപ്പിക്കുന്ന രീതിയുമുണ്ട്. സ്ത്രീയായിട്ട് അവിടെ ഒരാൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ടെക്‌നിക്കൽ ഡിപ്പാർട്ട്‌മെന്റിൽ നൂറിൽ പത്ത് ശതമാനം സ്ത്രീകൾ മാത്രമെ ഉണ്ടാവുകയുള്ളൂ. എന്നാൽ അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഒട്ടും ചെറുതല്ല. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് പുരുഷന്മാർക്ക് പ്രശ്‌നങ്ങളില്ലാ എന്നല്ല’’- ലെനിൻ വലപ്പാട് പറയുന്നു.