‘വൈറസ്' എന്നപോലെയാണ് പലരും കണ്ടത്
‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന ഗാന്ധിജിയുടെ സന്ദേശം മലയാളി മനസുകളുടെ മനോഭാവത്തിലും സമീപനത്തിലും മാറ്റം വരുത്തിയിട്ടുണ്ടോ? അതോ, ‘ഞങ്ങൾ എത്തിയില്ലെങ്കിൽ പ്ലാസ്റ്റിക്ക് കവറുകളിൽ നിറച്ച മാലിന്യ കൂമ്പാരം റോഡിലായിരിക്കുമെന്ന' മാലിന്യശേഖരണ തൊഴിലാളി വിജിയുടെ വാക്കുകളിൽ തന്നെയോ? മാലിന്യമുക്ത കേരളം സാമൂഹ്യബോധമുള്ള ജനതയുടെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യത്തോടെ കേരളത്തിൽ മാലിന്യശേഖരണവും സംസ്‌കരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായി മാറിയിട്ടുണ്ട്.
കേരളത്തിലുണ്ടാകുന്ന മാലിന്യത്തിന്റെ 50 ശതമാനവും വീടുകളിൽ നിന്ന് സൃഷ്ടിക്കപ്പെടുന്നവയാണ്. ഗാർഹിക മാലിന്യങ്ങൾ വേർതിരിച്ചു സംസ്‌കരിക്കുക എന്നതാണ് പല രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെ പ്രതിരോധിക്കുന്നതിന് ഖര മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് സംസ്‌കരണം, പുനരുപയോഗം എന്നിവ ലക്ഷ്യംവച്ച് ശാസ്ത്രീയ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തിൽ ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, തൊഴിലുറപ്പു മിഷൻ, ഗ്രീൻ കേരള കമ്പനി എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രക്രിയ നടക്കുന്നത്. ഈ പ്രവർത്തനത്തിന്റെ ഭാഗമായിരിക്കുന്നത് മഹാഭൂരിപക്ഷവും സ്ത്രീകളാണ്. "ഞങ്ങളുടെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്തം' എന്ന സമീപനമുള്ള സമൂഹത്തിന്റെ മാലിന്യ നിർമാർജ്ജന ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തപ്പോൾ ഇതിനായി സ്ത്രീകളുടെ സംരംഭങ്ങളും ഗ്രൂപ്പുകളുമുണ്ടായി.
വീടുമായി ബന്ധപ്പെട്ട പാചകം, പരിപാലനം, വൃത്തിയാക്കൽ, വിറകും വെള്ളവും ശേഖരിക്കൽ, വീട്ടിലുണ്ടാകുന്ന മാലിന്യം നിർമാർജ്ജനം ചെയ്യൽ ഇവയെല്ലാം ലിംഗ പദവി അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനത്തിൽ സ്ത്രീകളുടെ ഉത്തരവാദിത്തമായിട്ടാണ് സമൂഹം കാണുന്നത്. വീടിനുള്ളിലെ ഈ തൊഴിൽ വിഭജനത്തിന്റെ പ്രതിഫലനം തന്നെയാണ് പുറത്തും കാണപ്പെടുന്നത്. അതിനനുസൃതമായാണ് പദ്ധതികൾ ഇപ്പോഴും രൂപപ്പെടുന്നതും.
അതേ ലിംഗ പദവികൾ
കേരളത്തിലെ മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങളിൽ സ്ത്രീകൾ പ്രവർത്തകരോ തൊഴിലാളികളോ ആവുമ്പോൾ, ഇവിടെയും സൃഷ്ടിക്കപ്പെടുന്നത് നിലവിലെ ലിംഗ പദവി അടിസ്ഥാനത്തിലുള്ള തൊഴിൽ/സംരംഭ മാതൃകകളാണ്. വീടുകളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും (ഉറവിടങ്ങളിൽ നിന്ന്) മാലിന്യം ശേഖരിക്കാനും തരം തിരിക്കാനും കോർപറേഷനുകളും, പഞ്ചായത്തുകളും, റസിഡന്റ്സ് അസോസിയേഷനുകളും കണ്ടെത്തിയത് സ്ത്രീകളെയാണ്. വിവിധ ഏജൻസികളെ ഈ ദൗത്യം ഏൽപിച്ചപ്പോഴും സ്ത്രീകൾ തന്നെ തൊഴിലാളികളായി.
അസംഘടിതമായി നിലനിൽക്കുന്ന സ്ത്രീ തൊഴിലാളികൾ മാലിന്യം ഉറവിടത്തിൽ നിന്ന് ശേഖരിച്ച് വേർതിരിച്ച് സംസ്‌കരണ സ്ഥലത്ത് എത്തിക്കുമ്പോൾ ഒരു മാസം ലഭിക്കുന്ന ശരാശരി വരുമാനം 4000- 6000 രൂപ വരെ മാത്രമാണ്.
ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയിലുള്ള മാലിന്യ ശേഖരണവും, തരംതിരിക്കലും സംസ്‌കരണവും തൊഴിലാളികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതായി പല പഠനങ്ങളും കണക്കുകളും സൂചിപ്പിച്ചിട്ടുണ്ട്. ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും പ്രവർത്തനം പ്രാദേശിക സർക്കാരുകളെ കേന്ദ്രീകരിച്ച് ശുചിത്വം, മാലിന്യ നിർമാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട് സംരംഭങ്ങളും അവരുടെ കൺസോർഷ്യവും രൂപീകരിച്ചിട്ടുണ്ട്.
കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളാണ് ഇതിൽ 80 ശതമാനവും. പ്രാദേശിക സർക്കാരുകളുടെ പിന്തുണയോടെ കുടുംബശ്രീ മിഷൻ ഹരിതകർമ സേനകൾ രൂപീകരിച്ച് പരിശീലനം നൽകി വിന്യസിപ്പിച്ചിട്ടുണ്ട്. 27000 ലധികം ഹരിതകർമ സേനാംഗങ്ങൾ (കുടുബശ്രീ അംഗങ്ങളായവർ) ഇന്ന് കേരളത്തിലുണ്ട്.
അതു കൂടാതെ കോർപറേഷനുകൾ, മുൻസിപ്പാലിറ്റികൾ എന്നിവയും വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ വേറെയുമുണ്ട്. ഇങ്ങനെ അസംഘടിതമായി നിലനിൽക്കുന്ന സ്ത്രീ തൊഴിലാളികൾ മാലിന്യം ഉറവിടത്തിൽ നിന്ന് ശേഖരിച്ച് വേർതിരിച്ച് സംസ്‌കരണ സ്ഥലത്ത് എത്തിക്കുമ്പോൾ ഒരു മാസം ലഭിക്കുന്ന ശരാശരി വരുമാനം 4000- 6000 രൂപ വരെ മാത്രമാണ്. വീടുകളിൽ നിന്ന് യൂസേഴ്‌സ് ഫീ ആയി ലഭിക്കുന്ന തുകയാണ് ഇവരുടെ വരുമാനം. മാലിന്യം ശേഖരിക്കുന്ന വീടുകളുടേയോ / സ്ഥാപനങ്ങളുടേയോ എണ്ണത്തിനും ദിനങ്ങൾക്കും അനുസരിച്ച് വേതനം മാറും. പ്ലാസ്റ്റിക്ക് ശേഖരണം അനുബന്ധ പ്രവർത്തനങ്ങൾ, മാലിന്യത്തിൽ നിന്ന് വളം, കമ്പോസ്റ്റ് എന്നീ ഉപോൽപ്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾ എന്നിവർ കൂടുതൽ വരുമാനം ഉണ്ടാക്കുന്നുണ്ട്. ( 10000 /12000 രൂപ വരെ). ഇത് വളരെ ചെറിയൊരു ശതമാനം സ്ത്രീകൾ മാത്രം.
ഇപ്പോൾ ലഭിക്കുന്ന ഈ ചെറിയ വരുമാനത്തേയും ജീവിതോപാധിയേയും കോവിഡ് മൂലമുണ്ടായ ലോക്ക് ഡൗൺ കാലം എങ്ങനെ ബാധിച്ചു എന്ന് വിലയിരുത്തേണ്ടതുണ്ട്.
സമാനതകളില്ലാത്ത ദുരിതം
കോവിഡ്19 സൃഷ്ടിച്ച ഉപജീവനവും തൊഴിലും നഷ്ടമാകുന്ന കാഴ്ച ലോകത്താകമാനമുണ്ട്. ആഗോള തലത്തിൽ 39 ശതമാനം സ്ത്രീകൾ മാത്രമാണ് തൊഴിൽ ശക്തിയുടെ ഭാഗമാകുന്നത്. ഇതിൽ വിവിധ മേഖലകളിലായി 20 ശതമാനത്തോളം സ്ത്രീകൾക്ക് തൊഴിൽ നഷ്ടമാകുന്നതായോ ഉപേക്ഷിക്കേണ്ടതായോ വരുന്നു എന്നതാണ് കോവിഡ് ആഘാത പഠനങ്ങൾ കാട്ടുന്നത്. ആഗോളതലത്തിൽ തന്നെ 1.5 ശതമാനം പുരുഷൻമാർ മാത്രം വേതന രഹിത പരിചരണ ജോലികളിൽ ഏർപ്പെടുമ്പോൾ 22 ശതമാനത്തോളം സ്ത്രീകൾ ഇത് ചെയ്യുന്നവരാണ്. ഇത് തന്നെ തൊഴിലിലെ ലിംഗ പദവി അന്തരം എടുത്തു കാട്ടുന്നു. ഈ ലിംഗ അസമത്വത്തെ ഊട്ടി ഉറപ്പിക്കൽ തന്നെയാണ് ഈ മഹാമാരി ഘട്ടത്തിൽ വിവിധ മേഖലകളിൽ സ്ത്രീകൾക്ക് തൊഴിൽ നഷ്ടമാകുന്നതോ, ഉപേക്ഷിക്കണ്ടതായോ വരുമ്പോൾ കാണുന്നത്.
ആഗോളതലത്തിൽ തന്നെ 1.5 ശതമാനം പുരുഷൻമാർ മാത്രം വേതന രഹിത പരിചരണ ജോലികളിൽ ഏർപ്പെടുമ്പോൾ 22 ശതമാനത്തോളം സ്ത്രീകൾ ഇത് ചെയ്യുന്നവരാണ്. ഇതുതന്നെ തൊഴിലിലെ ലിംഗ പദവി അന്തരം എടുത്തു കാട്ടുന്നു.
അഭ്യസ്ത വിദ്യരായ സ്ത്രീകളുടെ തൊഴിൽ നഷ്ടമാകുന്നതോടൊപ്പം, തൊഴിൽ നൈപുണ്യ പരിശീലനങ്ങളും വിദ്യാഭ്യാസവും അപ്രാപ്യമായിരുന്ന സ്ത്രീകൾ തൊഴിൽ മുഖത്ത് നിന്നും നിർമ്മാർജ്ജനം ചെയ്യപ്പെടുന്നതിനും മഹാമാരി-സാമൂഹിക അകലം പാലിക്കൽ ഇടയാക്കിയിട്ടുണ്ടോ എന്നതും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾ, കോവിഡ് കാലത്ത് കനത്ത മാനസിക സംഘർഷത്തിന് വിധേയമായിരുന്നു. ഗാർഹിക മാലിന്യങ്ങൾ നീക്കുന്ന മുനിസിപ്പൽ, കോർപ്പറേഷൻ മേഖലയിൽ തൊഴിലെടുക്കുന്ന താൽകാലിക സ്ത്രീ തൊഴിലാളികൾ സമാനതകളില്ലാത്ത ദുരിതങ്ങൾക്കാണ് ഇരയായത്.
ലോക്ക്ഡൗണിന്റെ തുടക്കത്തിൽ വാഹനങ്ങൾ നിരത്തിലിറങ്ങാത്ത ഘട്ടത്തിൽ, വീടുകളിൽ നിന്നും ഫ്ളാറ്റുകളിൽ നിന്നും മാലിന്യം നീക്കാൻ സമയത്ത് വാഹനങ്ങൾ കിട്ടാതെയായി. ഒട്ടോറിക്ഷയിലാണ് സാധാരണ നിലയിൽ വീടുകളിലെ മാലിന്യങ്ങൾ എടുത്തുമാറ്റുന്നത്. മുനിസിപ്പാലിറ്റിയും ഹരിത കർമസേനയും സംയുക്തമായാണ് മാലിന്യം നീക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നതെങ്കിലും എല്ലാ ഉത്തരവാദിത്തവും തൊഴിലെടുക്കുന്ന സ്ത്രീകളിൽ മാത്രമാണ്. വീടുകളിൽ നിന്ന് വേതനം വാങ്ങുന്നതിലും മാലിന്യം കൊണ്ടുപോകാൻ വാഹനം തയ്യാറാക്കലും എല്ലാം ചെയ്യുന്നത് സ്ത്രീകളാണ്. ഇത് ഒരു താൽക്കാലിക തൊഴിൽ മാത്രമാണ്.
നേരത്തെ നഗരസഭകളുടെ മാലിന്യം നീക്കുന്ന ജോലി പുരുഷന്മാരാണ് ഏറ്റെടുത്തിരുന്നത്. അതുതന്നെ നഗരസഭകൾ നേരിട്ട് തൊഴിലാളികളെ നിയമിച്ച് മാലിന്യം നീക്കാൻ പ്രത്യേക വാഹനവും നൽകിയിരുന്നു. അവർ വീടുകളിൽ നിന്ന് ഒരിക്കലും മാലിന്യങ്ങൾ എടുക്കാറില്ല. തെരുവുകളിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ വാഹനത്തിൽ നീക്കലാണ് അവരുടെ തൊഴിൽ.
പ്ലാസ്റ്റിക് മാലിന്യം വീടുകളിലുൾപ്പെടെ കുന്നുകൂടി വലിയ പാരിസ്ഥിക പ്രശ്നങ്ങൾ സൃഷ്ടിച്ച ഘട്ടത്തിലാണ് ഹരിതസേന ഉൾപ്പെടെയുള്ള സ്ത്രീകളെ (ക്ലീനിംഗ് സ്റ്റാഫുകളായി ജോലി ചെയ്യുന്ന സ്ത്രീകളും ഇതിൽ പെടും ) ഈ ദൗത്യം നിർവഹിക്കാൻ ചുമതലപ്പെടുത്തുന്നത്. വീടുകളിലേയും ഫ്ളാറ്റുകളിലേയും മറ്റ് സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആഴ്ചയിൽ ഒരു ദിവസവും ഖരമാലിന്യങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിലും ശേഖരിക്കുന്ന രീതിയാണ് പലയിടങ്ങളിലും ഹരിതകർമസേനയുടേത്. എന്നാൽ പ്ലാസ്റ്റിക്കിനൊപ്പം ജൈവമാലിന്യങ്ങളും വീടുകളിൽ നിന്നും ഫ്ളാറ്റുകളിൽ നിന്നും നീക്കേണ്ടത് അനിവാര്യമായി വന്നു. ആ ഘട്ടത്തിലാണ് നഗരസഭകളും കുടുംബശ്രീ-ഹരിതസേനാംഗങ്ങളും ചേർന്ന് ജൈവ-അജൈവ മാലിന്യങ്ങൾ വീടുകളിൽ വന്ന് ശേഖരിക്കാൻ തീരുമാനിക്കുന്നത്. അതുപ്രകാരം ഓട്ടോ പിക്കപ്പുകളിലായി രാവിലെ ഏഴുമുതൽ വീടുകളിലും ഫ്ളാറ്റുകളിലും എത്തി മാലിന്യം ശേഖരിക്കാൻ തുടങ്ങിയത്.
വീട്ടുമാലിന്യം ശേഖരിക്കുക എന്നത് ‘സാമൂഹ്യ പദവി' പട്ടികയിലുള്ള ജോലി അല്ലെങ്കിലും ലിംഗപദവിയിലൂന്നിയ തൊഴിൽ വിഭജനത്തിന്റെ ഭാഗമാണീ തൊഴിലും. ഏത് തൊഴിൽ ചെയ്യാനും തങ്ങൾ സന്നദ്ധരാണ് എന്ന സന്ദേശം കൂടിയാണ് ഇത്തരം തൊഴിലെടുക്കുന്നതിലൂടെ ഇവർ മുന്നോട്ട് വയ്ക്കുന്നത്
വീടുകളിൽ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ സ്വീകരിച്ച് അവ മറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ ഇവർ എത്തിക്കുന്നു. ഇവിടെ നിന്ന് മാലിന്യം തരംതിരിച്ച് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിൽ അയയ്ക്കുന്നു. തുടർന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സംയോജനങ്ങൾ സാധ്യമാക്കുന്നു. ഇതാണ് ഹരിതകർമ സേനയുടെ പ്രവർത്തനരീതി.
ഇവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകേണ്ടതും കാര്യക്ഷമത ഉറപ്പുവരുത്തേണ്ടതും പ്രാദേശിക സർക്കാരുകളുടെ ഉത്തരവാദിത്തവുമാണ്.
ലിംഗ-വർഗ-ജാതി തൊഴിൽ വിഭജനം എങ്ങനെ ബാധിക്കുന്നു?
വീട്ടുമാലിന്യം ശേഖരിക്കുക എന്നത് ‘സാമൂഹ്യ പദവി' പട്ടികയിലുള്ള ജോലി അല്ലെങ്കിലും ലിംഗപദവിയിലൂന്നിയ തൊഴിൽ വിഭജനത്തിന്റെ ഭാഗമാണീ തൊഴിലും. ഏത് തൊഴിൽ ചെയ്യാനും തങ്ങൾ സന്നദ്ധരാണ് എന്ന സന്ദേശം കൂടിയാണ് ഇത്തരം തൊഴിലെടുക്കുന്നതിലൂടെ ഇവർ മുന്നോട്ട് വയ്ക്കുന്നത്. ഈ മേഖലയിൽ തൊഴിലെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളും സാമൂഹികവും സാമ്പത്തികവും ജാതീയവുമായി താഴെ തട്ടിലുള്ളവരുമാണ്. കടുത്ത ദുർഗന്ധവും വൃത്തിഹീനമായ സാഹചര്യവുമാണ് ഈ സ്ത്രീകൾ അഭിമുഖീകരിക്കുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെയാണ് ഇവരുടെ ഏകദേശ തൊഴിൽ സമയം.
ലോക്ക്ഡൗൺ തുടങ്ങിയ മാർച്ചിൽ മാലിന്യ ശേഖരണം കാര്യമായ തടസമില്ലാതെ മുന്നോട്ടുപോയെങ്കിലും പിന്നീട് രോഗ വ്യാപനം കൂടിയതോടെ പല വീടുകളിൽ നിന്നും മാലിന്യം എടുക്കാൻ കഴിയാത്ത അവസ്ഥ വന്നു. ആദ്യഘട്ടത്തിൽ വീടുകളിലെ കോവിഡ് പോസിറ്റീവ്, കോറന്റയിൻ കേസുകൾ പെട്ടെന്ന് അറിയാൻ കഴിഞ്ഞിരുന്നു. അതനുസരിച്ച് അത്തരം വീടുകളിൽ നിന്ന് മാലിന്യ ശേഖരണം ഒഴിവാക്കിയിരുന്നു. എന്നാൽ പിന്നീട് രോഗവ്യാപനം കൂടിയതോടെ ഏതു വീട്ടിലുള്ളവരാണ് കോറന്റയിൻ എന്നോ കോവിഡ് പോസിറ്റീവ് എന്നോ അറിയാൻ സാധിക്കാതെ വന്നു.
ഈ മേഖലയിൽ തൊഴിലെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളും സാമൂഹികവും സാമ്പത്തികവും ജാതീയവുമായി താഴെ തട്ടിലുള്ളവരുമാണ്. കടുത്ത ദുർഗന്ധവും വൃത്തിഹീനമായ സാഹചര്യവുമാണ് ഈ സ്ത്രീകൾ അഭിമുഖീകരിക്കുന്നത്.
അതേസമയം, ഏറ്റവും ഭയത്തോടെ വീട്ടുകാർ മാലിന്യം നീക്കുന്ന തൊഴിലാളികളെ കാണാനും തുടങ്ങി. ഇവരെ വൈറസ് വാഹകരായും രോഗം പരത്തുന്നവരായും പല വീട്ടുകാരും കാണാൻ തുടങ്ങിയതായി കളമശ്ശേരി മുനിസിപ്പൽ ഏരിയയിൽ തൊഴിലെടുക്കുന്ന അമ്പിളി പറയുന്നു.
വീടുകളുടെ ഗേറ്റിന് പുറത്താണ് മാലിന്യം വയ്ക്കാറുള്ളത്. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തിൽ വീട്ടുകാരുമായി യാതൊരു ബന്ധവും മാലിന്യം ശേഖരിക്കാൻ വരുന്നവരുമായി ഇല്ല. എന്നിട്ടും അകലം പാലിക്കേണ്ടവരാണെന്ന നിലയിൽ പലരും മാറ്റിനിർത്തിയതായി തിരുവനന്തപുരത്ത് തൊഴിലെടുക്കുന്ന ശാലിനി പറയുന്നു.
ആ സമയം തൊഴിലാളികളുടെ വീടുകളിൽ മറ്റാർക്കും തൊഴിലില്ലാതെ വീടുകളിൽ തന്നെ കഴിയുകയായിരുന്നു. തങ്ങളുടെ വരുമാനം കൊണ്ടാണ് വീട്ടുകാര്യങ്ങൾ കഴിഞ്ഞ് പോയിരുന്നത്. മാലിന്യങ്ങളിൽ നിന്നും മറ്റും രോഗം പടരാൻ സാധ്യതയുണ്ടെന്ന് തൊഴിലാളികൾക്കും ഉൾഭയമുള്ള ഘട്ടത്തിലാണ് അകലം പാലിച്ച് ഇവരെ ഒഴിവാക്കാൻ ചിലർ തീരുമാനിച്ചത്. ഈ മനോഭാവം പലർക്കും തൊഴിൽ നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് നയിച്ചു. പലരും ഈ തൊഴിൽ നിന്ന് വിട്ടുപോവുകയും ചെയ്തു. എങ്കിലും കൃഷിക്കായി ഗ്രോബാഗുകൾ നിർമിച്ചും മറ്റു ഉപോൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു. ഈ പ്രതിസന്ധി അതിജീവിച്ച ചെറിയൊരു ശതമാനം സ്ത്രീകളും ഉണ്ട്.
കൂടുതൽ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നവർക്ക് അതിനനുസരിച്ച് വേതനം ലഭിക്കും. മാലിന്യം ശേഖരിക്കുന്നവരല്ല വീടുകളിൽ നിന്ന് പ്രതിഫലം വാങ്ങാൻ എത്തുന്നത്. രണ്ടും രണ്ട് വിഭാഗമായാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. എന്നിട്ടുപോലും ഈ വിഭാഗത്തിനെ മാറ്റിനിർത്തിയിരുന്നു. ഇവരെ മാറ്റിനിർത്തിയതോടെ പല വീട്ടുകാരും വീട്ടിൽ കുന്നുകൂടിയ മാലിന്യങ്ങൾ മറ്റു ഒഴിഞ്ഞ ഇടങ്ങളിൽ പ്ലാസ്റ്റിക് കവറുകളിലാക്കി നിക്ഷേപിക്കാൻ തുടങ്ങി. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്നതൊക്കെ പലപ്പോഴും വിസ്മരിക്കപ്പെട്ടു.
ഇതേ സാഹചര്യം തന്നെയായിരുന്നു ഗാർഹിക തൊഴിലാളികളായ സ്ത്രീകളുടെയും. രാവിലെ നഗരത്തിലെ ഫ്ളാറ്റുകളിലും വീടുകളിലും തൊഴിലെടുത്തിരുന്ന നൂറുകണക്കിന് സ്ത്രീകൾക്കാണ് കോവിഡ് അകലം പാലിക്കൽ മൂലം തൊഴിൽ നഷ്ടമായത്. ഇതിൽ തന്നെ പലരും ഏകവരുമാനക്കാരായിരുന്നു.
കോവിഡ് പോലെ അടിയന്തര ഘട്ടങ്ങളിൽ സ്ത്രീകൾക്ക് ഉപജീവന മാർഗവുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥയും ലിംഗ-വർഗ-ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനവും എങ്ങനെ ബാധിക്കുന്നു എന്ന് തിരിച്ചറിയാനും അതിനനുസൃതമായി പുതിയ പദ്ധതികളും പ്രവർത്തനങ്ങളും ഉണ്ടാകേണ്ടതും അനിവാര്യമാണ്
നഗരസഭകൾ ഏറെ പഴികേൾക്കുന്ന, കൗൺസിലുകളിൽ ഏറ്റവും കൂടുതൽ സമയം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മാലിന്യം നിർമാർജ്ജനം. ഈ പ്രശ്നത്തെയാണ് കുടുംബശ്രീ- ഹരിത കർമസേന പ്രവർത്തകർ ഏറ്റവും കാര്യക്ഷമമായി നിർവഹിക്കുന്നത്. എന്നാൽ കേന്ദ്രീകരിക്കപ്പെടുന്ന മാലിന്യങ്ങളുടെ കാര്യത്തിൽ നമ്മുടെ നഗരസഭകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായുണ്ട്. അവ ആധുനിക ശാസ്ത്രീയ മാലിന്യസംസ്‌കരണ പദ്ധതികൾ ആവിഷ്‌കരിച്ച് വ്യവസ്ഥാപിതമായി കൈകാര്യം ചെയ്യാൻ പല പ്രാദേശിക ഭരണകൂടങ്ങൾക്കും പലപ്പോഴും കഴിയുന്നില്ല.
കോവിഡ് പോലെ അടിയന്തര ഘട്ടങ്ങളിൽ സ്ത്രീകൾക്ക് ഉപജീവന മാർഗവുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥയും ലിംഗ-വർഗ-ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനവും എങ്ങനെ ബാധിക്കുന്നു എന്ന് തിരിച്ചറിയാനും അതിനനുസൃതമായി പുതിയ സാമ്പത്തിക-തൊഴിൽ-പുനരധിവാസ പദ്ധതികളും പ്രവർത്തനങ്ങളും ഉണ്ടാകേണ്ടത് അനിവാര്യമാണ്. നൂതനസംരംഭങ്ങൾക്കും/സംവിധാനങ്ങൾക്കും ആരോഗ്യസുരക്ഷമാർഗ്ഗങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന ഭരണകൂടങ്ങൾ, അവിടെ തൊഴിലെടുക്കുന്ന സ്ത്രീകളുടെ ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.
താരതമ്യേന സാമ്പത്തിക ഭദ്രത തീരെ കുറഞ്ഞ, സമൂഹത്തിലെ താഴെ തട്ടിൽ എന്ന് കണക്കാക്കപ്പെടുന്ന മാലിന്യ നിർമാർജ്ജന പ്രവർത്തകരുടെ ആരോഗ്യവും തൊഴിൽ സുരക്ഷയും കാര്യക്ഷമമാക്കേണ്ട ഉത്തരവാദിത്വം പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭരണകൂടങ്ങളുടെ ശ്രദ്ധയിൽ വരേണ്ടതുണ്ട്. അതോടൊപ്പം മാലിന്യ നിർമാർജ്ജനം തങ്ങളുടെ ഉത്തരവാദിത്തമാണെന്ന പൊതുബോധം വ്യക്തികളിൽ സൃഷ്ടിക്കലും അതുവഴി ഒരു പുതിയ മാലിന്യ നിർമാർജ്ജന സംസ്‌കാരം വളർന്നുവരേണ്ടതുമാണ്.▮