കേരളത്തിൽ കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യരംഗത്ത് മുൻനിര പോരാളികളായിരുന്ന ആശ വർക്കർമാർ (Accredited Social Health Activists- ASHA), തൊഴിൽ ചൂഷണവും അടിസ്ഥാന അവകാശനിഷേധവും ഉയർത്തി ഫെബ്രുവരി 10 മുതൽ സെക്രട്ടറിയേറ്റിനുമുമ്പിൽ രാപകൽ സമരത്തിലാണ്. എട്ടു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കേരളാ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ (KAHWA) നേതൃത്വത്തിലാണ് സമരം.
2005-ൽ ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ആരോഗ്യപരിപാലന പദ്ധതിയായി തുടങ്ങിയതാണ് ASHA. 2007-ൽ കേരളം ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (NRHM) അംഗീകരിച്ചതോടെ, ASHA തൊഴിലാളികളെ പ്രാഥമികാരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കി. ആരോഗ്യ സേവനങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും സർക്കാർ ചെലവ് കുറയ്ക്കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം. പദ്ധതി ആരംഭിച്ചപ്പോൾ 60% ഫണ്ട് കേന്ദ്ര സർക്കാരിൽ നിന്നായിരുന്നു. പക്ഷേ ഈ ഫണ്ട് എങ്ങനെയാണ് വിനിയോഗിക്കേണ്ടത് എന്നത് സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനമായിരുന്നു. അതായത്, ASHA തൊഴിലാളികൾക്ക് ശമ്പളം നൽകണോ, കൂടുതൽ ഇൻസെന്റീവ് നൽകണോ എന്നത് സംസ്ഥാന സർക്കാരിന്റെ അവലോകനത്തിന് വിധേയമാണ്.

എവിടെയാണ് മന്ത്രി പറഞ്ഞ 13,000 രൂപ?
കേരളത്തിൽ 2008 മുതൽ ASHA വർക്കർമാർ സേവനമാരംഭിച്ചു. നിലവിൽ, തൊഴിലാളികളുടെ എണ്ണം 32,000ൽ നിന്ന് 26,125 ആയി കുറച്ചിട്ടുണ്ട്. എന്നാൽ അവരുടെ ജോലിബാധ്യതകളിൽ ഇളവൊന്നുമില്ല. പുതിയ ജീവനക്കാരെ നിയമിക്കാതെ, നിലവിലുള്ള തൊഴിലാളികൾക്കുമേൽ അധിക പ്രവർത്തനഭാരം ഏല്പിക്കുകയും, അവർക്ക് മേൽനോട്ട ചുമതലയ്ക്കു ലഭിക്കേണ്ട ഓണറേറിയം അനുവദിക്കാതിരിക്കുകയും ചെയ്തു. നിർദിഷ്ട ഇൻസെന്റീവുകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്. ASHA വർക്കർമാർ ദേശീയ ആരോഗ്യ ദൗത്യ പദ്ധതിയുടെ (National Health Mission - NHM) ഭാഗമാണ്, എന്നിരുന്നാലും സർക്കാർ ജീവനക്കാരെന്ന നിലയ്ക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമല്ല. ശമ്പള വ്യവസ്ഥയില്ല, പകരം, നിശ്ചിത ജോലി നിർവഹിച്ചതിന് ചെറിയ തുക ഓണറേറിയമായി നൽകുകയാണ്.
ആദ്യകാലത്ത് ASHA വർക്കർമാർക്ക് മറ്റു ജോലികൾക്കും പോകുമായിരുന്നു. രണ്ടോ മൂന്നോ മണിക്കൂർ ASHA വർക്കറുടെ ജോലിയ്ക്ക് പോയാൽ മതിയായിരുന്നു. എന്നാൽ പിന്നീട്, ആശ വർക്കർമാർ മറ്റു ജോലികൾക്ക് പോകാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് വന്നു. രാവിലെ 9 മണി മുതൽ 4 മണി വരെ ഫീൽഡിൽ തന്നെ കാണണം. നാലുമണി കഴിഞ്ഞാലും അവരുടെ ജോലി അവസാനിക്കാറില്ല.
ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് നിയമസഭയിൽ പറഞ്ഞത്, ആശ വർക്കർക്ക് ഇന്‍സെന്റീവുകള്‍ അടക്കം 13,000 രൂപ ലഭിക്കുന്നുണ്ട് എന്നാണ്. അതില്‍ 9400 രൂപയും സംസ്ഥാന സര്‍ക്കാറാണ് നല്‍കുന്നത്. എന്നാൽ, ഈ തുക രേഖകളിൽ മാത്രമാണുള്ളത് എന്നാണ് ആശ വർക്കർമാർ പറയുന്നത്. ഈ തുക എങ്ങനെയെല്ലാമാണ് നിഷേധിക്കപ്പെടുന്നത് എന്ന കാര്യം അന്വേഷിച്ചാൽ അവർ നേരിടുന്ന ചൂഷണം വ്യക്തമാകും.
ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ആശ വർക്കർമാരുടെ പ്രതിഫലത്തിന്റെ കണക്ക് ഇതാണ്: സംസ്ഥാനം നൽകുന്ന ഓണറേറിയം 7000 രൂപ. കേന്ദ്രം നൽകുന്ന ഫിക്‌സഡ് ഇന്‍സെന്റീവ് 3000 രൂപ. ഈ ഇൻസെന്റീവ് 60:40 അനുപാതത്തിലാണ്. അതായത്, 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും. നിശ്ചിത പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍സെന്റീവുണ്ട്. ഉദാഹരണത്തിന് പോളിയോ വാക്‌സിന് 75 രൂപ. സാധാരണ പ്രതിരോധ കുത്തിവെപ്പിന് 20 രൂപ. ഇതും 60:40 അനുപാതത്തന്‍ലാണ്. അതായത് ഇന്‍സെന്റീവുകള്‍ അടക്കം ഒരു ആശ വർക്കർക്ക് 13,000 രൂപ ലഭിക്കും. അതില്‍ 9400 രൂപയും സംസ്ഥാന സര്‍ക്കാറാണ് നല്‍കുന്നത്.
എന്നാൽ, ഈ തുക രേഖകളിൽ മാത്രമാണുള്ളത് എന്നാണ് ആശ വർക്കർമാർ പറയുന്നത്. ഈ തുക എല്ലാവർക്കും ലഭിക്കാറില്ല. ഈ തുക എങ്ങനെയെല്ലാമാണ് നിഷേധിക്കപ്പെടുന്നത് എന്ന കാര്യം അന്വേഷിച്ചാൽ അവർ നേരിടുന്ന ചൂഷണം വ്യക്തമാകും.
ഓണറേറിയമായ 7000 രൂപയിൽ പോലും പലതരം വെട്ടിക്കുറക്കലുകൾ നടക്കും. സർക്കാർ നിർദേശിച്ച 10 മനദണ്ഡങ്ങൾ പൂർത്തിയാക്കിയാലാണ് പൂർണമായും ഓണറേറിയം ലഭിക്കുക. വാർഡ് റിപ്പോർട്ട് തയ്യാറാക്കുക, വാർഡ് തല അവലോകന യോഗം നടത്തുക, സബ് സെൻ്റർ അവലോകന യോഗത്തിൽ പങ്കെടുക്കുക, പഞ്ചായത്ത് അവലോകന യോഗത്തിൽ പങ്കെടുക്കുക, ആരോഗ്യസംബന്ധിയായ ക്ലാസ് / ചർച്ച ആക്റ്റിവിറ്റി, വർണറബിൾ ആയ വ്യക്തികളുള്ള 10 വീടുകളിൽ സന്ദർശനം നടത്തുക, മാസത്തിൽ 4 ദിവസത്തെ ഡ്യൂട്ടി എന്നിവയാണ് ഈ നിബന്ധനകൾ. ഒരു മാനദണ്ഡത്തിന് 700 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്ന് പൂർത്തിയാക്കിയില്ലെങ്കിൽ 700 രൂപ നഷ്ടമാകും. അവരുടെ സ്വതവേയുള്ള തുച്ഛമായ പ്രതിമാസ ഓണറേറിയം അങ്ങനെ വീണ്ടും തുച്ഛമായ തുകയായി മാറും. ഇതാണ് സാഹചര്യം. ആശ വർക്കർമാർക്ക് പ്രതിമാസം 13,000 രൂപ കിട്ടുന്നുണ്ടെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജിന്റെ അവകാശവാദത്തിന്റെ മുനയൊടിക്കുന്നതാണ് ഈ കണക്ക്. എല്ലാ ഇൻസെന്റീവുകളും ചേർത്താൽ പോലും 13,000 രൂപ കിട്ടാറില്ലെന്നാണ് ആശ വർക്കർമാർ പറയുന്നത്.

ആശാ വർക്കർമാർക്ക് ജോലി നഷ്ടപ്പെടാതിരിക്കാൻ അധിക ജോലികൾ നിർബന്ധിതമായി ചെയ്യണമായിരുന്നു. എന്നാൽ, അധിക ജോലിക്ക് അധിക വേതനം ലഭിക്കാറില്ല. പ്രത്യേക ജോലികൾക്ക് നൽകുന്ന പ്രോത്സാഹന തുക വ്യത്യസ്‌തമാണ്. ഉദാഹരണത്തിന്, ഒരു വാക്സിൻ ഡോസ് നൽകുന്നതിന് ആശ വർക്കർമാർക്ക് 20 രൂപയാണ് ലഭിക്കുക. ഒരു ഗർഭിണിയെ മൂന്നുമാസത്തിനുള്ളിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യിപ്പിച്ചാൽ 200 രൂപ. ഇത്തരം ജോലികളുടെ പ്രയത്നവും അതിനുവേണ്ട സമയവും കണക്കിലെടുക്കുമ്പോൾ ഈ തുക തീർത്തും അപര്യാപ്തമാണ്. TB രോഗികളുടെ തുപ്പൽ സാമ്പിൾ ശേഖരിക്കണമെന്ന നിർദേശമുണ്ടെങ്കിലും, ഈ ജോലിയുമായി ബന്ധപ്പെട്ട സുരക്ഷാ ഉപകരണങ്ങൾ ഇവർക്ക് ലഭ്യമല്ല. ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്ക് പുറത്തുള്ള ജോലികൾ; ഉദാഹരണത്തിന് മൃതദേഹങ്ങൾ വൃത്തിയാക്കൽ, അവർക്ക് നിർവഹിക്കേണ്ടി വരും. ഇതിന് അധിക പ്രതിഫലം നൽകാറില്ല. ദരിദ്ര രോഗികൾക്ക് മരുന്നും ഭക്ഷണവും വാങ്ങുന്നതിന് ആശ വർക്കർമാർ പലപ്പോഴും സ്വന്തം പണം ചെലവഴിക്കുന്നുണ്ട്. ഇതിന് നികത്തിക്കൊടുക്കാറില്ല. ആശുപത്രിയിൽ മരുന്ന് വാങ്ങുമ്പോൾ 5 രൂപ പോലുള്ള ചെറിയ തുകകൾ പോലും അവരുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നു.
2007-ൽ കേരളം ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (NRHM) അംഗീകരിച്ചതോടെ, ASHA തൊഴിലാളികളെ പ്രാഥമികാരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കി. അതോടെ, ASHA തൊഴിലാളികൾക്ക് ശമ്പളം നൽകണോ, കൂടുതൽ ഇൻസെന്റീവ് നൽകണോ എന്നത് സംസ്ഥാന സർക്കാരിന്റെ അവലോകനത്തിന് വിധേയമാണ്.
ഏത് തൊഴിൽ മേഖലയിലും അടിസ്ഥാനപരമായി നടപ്പിലാക്കേണ്ട അവകാശങ്ങൾക്കുവേണ്ടിയാണ് ആശ വർക്കാർമാരുടെ സമരം എന്നത് സർക്കാർ പരിഗണിക്കുന്നതുപോലുമില്ല. പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. 62 വയസ്സിൽ പിരിഞ്ഞുപോകുമ്പോൾ ഇവർക്ക് ഒരാനുകൂല്യവും നൽകാനാകില്ലെന്നാണ് സർക്കാർ പറയുന്നത്. പശ്ചിമ ബംഗാളിൽ ASHA തൊഴിലാളികൾക്ക് നൽകുന്ന 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം കേരളത്തിലും അനുവദിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. വിരമിക്കൽ പ്രായം 62 മുതൽ 65 വരെ തിരഞ്ഞെടുക്കാനുള്ള അവസരവും നൽകണം. പെൻഷൻ പദ്ധതിയൊരുക്കണം. നിലവിൽ, സ്കീം തൊഴിലാളികളായി കണക്കാക്കപ്പെടുന്നതിനാൽ (സംഘടിതമോ അസംഘടിതമോ അല്ല), യാതൊരു ക്ഷേമബോർഡ് ഫണ്ടുകളിലേക്കും പ്രവേശനമില്ല. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ പോലും ASHA തൊഴിലാളികളെക്കുറിച്ച് ഒരു പരാമർശവുമില്ല. മാത്രമല്ല, ആശ വർക്കർമാരുടെ ആവശ്യങ്ങളെ അവഗണിക്കുക മാത്രമല്ല, അവയെ ആക്ഷേപിക്കുക കൂടി സർക്കാർ സംവിധാനങ്ങൾ ചെയ്യുന്നുണ്ട്. ഇത് സ്ത്രീസമരങ്ങളോടുള്ള നമ്മുടെ ഭരണകൂട- രാഷ്ട്രീയ സംവിധാനങ്ങളുടെ പൊതുസമീപനത്തെ തുറന്നുകാട്ടുന്നു.

കോവിഡ് കാലത്ത് സംഭവിച്ചത്
കോവിഡ്-19 സമയത്ത് ആശ വർക്കർമാരുടെ നിസ്സഹായത പ്രകടമായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആശ വർക്കർമാർ നിർണായക പങ്കുവഹിച്ചു. പൊതുജനം വീടുകളിൽ സുരക്ഷിതരായിരുന്നപ്പോൾ, ആശ വർക്കർമാർ നടന്ന് വീടുകളിലേക്കെത്തി അവശ്യ മരുന്നും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുകയും ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്തു. ഇതേതുടർന്ന് ആശ വർക്കർമാർ വലിയ തോതിൽ രോഗബാധിതരായി, പലർക്കും മരുന്നും മെഡിക്കൽ സഹായവും ലഭിക്കാതെ ദുരിതമനുഭവിക്കേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ട്.
2020-21 കാലത്ത് സംസ്ഥാന സർക്കാർ ആശ വർക്കർമാർക്ക് 1,000 രൂപ കോവിഡ് റിസ്ക് അലവൻസ് നൽകിയെങ്കിലും ഇത് സ്ഥിരമായ ശമ്പള വർദ്ധനവായി കണക്കാക്കിയില്ല. വാക്സിനേഷൻ ഡ്രൈവുകൾ, പരിശോധന, ഹോം ക്വാറന്റൈൻ നിരീക്ഷണം എന്നിവയിൽ നിർണായക പങ്ക് വഹിച്ചിട്ടും ഇവർക്ക് ശമ്പള വർദ്ധനവ് നിഷേധിച്ചു. പ്രതിരോധ സാധനങ്ങൾ (PPE) പോലുള്ള അടിസ്ഥാന സുരക്ഷാ ഉപകരണങ്ങൾ പോലും നൽകിയില്ല. ദുരിതകരമായ കാര്യം, പാൻഡെമിക് സമയത്ത് മരിച്ച ആശ വർക്കർമാരുടെ കുടുംബങ്ങൾക്ക് പലപ്പോഴും നഷ്ടപരിഹാരം ലഭിച്ചില്ല. മറിച്ച് മറ്റ് ആരോഗ്യപ്രവർത്തകർക്ക് സർക്കാർ സഹായം നൽകി. 2021-ൽ കേന്ദ്ര സർക്കാർ ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും, പലഘട്ടങ്ങളിലും ആശ വർക്കർമാർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരുകൾക്ക് ഈ പദ്ധതി നടപ്പിലാക്കുന്നതിൽ വൈകിപ്പിച്ചതാണ് കാരണം.
വൈദ്യസഹായം, ആശുപത്രി ചെലവ്, ഇൻഷുറൻസ് എന്നിവയുടെ കാര്യത്തിൽ ആശ വർക്കർമാർക്ക് മറ്റ് ആരോഗ്യപ്രവർത്തകരെ അപേക്ഷിച്ച് വലിയ അനീതി നേരിടേണ്ടിവരുന്നുണ്ട്.
കേരളവും മറ്റു സംസ്ഥാനങ്ങളും
2022-ൽ, കേരളത്തിലെ ആശ വർക്കർമാരുടെ ഓണറേറിയം 7000 രൂപയായി ഉയർത്തി. അതായത്, സംസ്ഥാന സർക്കാർ വിഹിതം 5000 രൂപയാക്കി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും അതിനേക്കാൾ കൂടുതൽ വർദ്ധിപ്പിച്ചിട്ടുണ്ട് മറ്റു സംസ്ഥാനങ്ങളിലെ അപേക്ഷിച്ച് കേരളത്തിലെ വർധനവ് വളരെ കുറവാണ്. ഉദാഹരണത്തിന്, ആന്ധ്രാപ്രദേശിലും സിക്കിമിലും ആശ വർക്കർമാർക്ക് 10,000 രൂപയാണ് ലഭിക്കുന്നത്. ആശ വർക്കർമാർക്ക് ഏറ്റവും മികച്ച പ്രതിഫലമുള്ളത് സിക്കിമിലാണ്. അവിടെ 676 ആശ വർക്കർമാരാണുള്ളത്. എന്നാൽ, 42,585 ആശ വർക്കർമാരുള്ള ആന്ധ്രയിൽ ഈയിടെ ഉയർന്ന ആനുകൂല്യമാണ് പ്രഖ്യാപിച്ചത്. ഗ്രാറ്റ്വിവിറ്റി, 180 ദിവസത്തെ പ്രസവാവധി, വിരമിക്കൽ പ്രായം 60-ൽ നിന്ന് 62 ആക്കി, 30 വർഷം സേവനമനുഷ്ഠിക്കുന്നവർക്ക് വിരമിക്കുമ്പോൾ ഒന്നര ലക്ഷം രൂപ തുടങ്ങിയ ആനുകൂല്യങ്ങളാണ് ആന്ധ്ര സർക്കാർ പ്രഖ്യാപിച്ചത്.

ആശാ വർക്കർമാർക്കുള്ള കേന്ദ്രസർക്കാർ ഫണ്ട് ചില സംസ്ഥാനങ്ങളിൽ മുഴുവൻ വിതരണം ചെയ്യുമ്പോഴും, കേരളത്തിൽ പലപ്പോഴും ഓണറേറിയം അനുവദിക്കുന്നതിൽ താമസമുണ്ടാകാറുണ്ട്. നാല് മാസം അഞ്ച് മാസം കൂടുമ്പോഴാണ് ഓണറേറിയം കിട്ടാറുള്ളത്. കേന്ദ്ര സർക്കാർ ഇൻസെൻ്റീവും മാസങ്ങൾ കഴിയുമ്പോഴാണ് ലഭിക്കുന്നത്. ഇപ്പോഴത്തെ സമരത്തിന്റെ ഫലമായി രണ്ടു മാസത്തെ കുടിശ്ശികയും ഈ മാസത്തെയും ഉൾപ്പെടെ മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ചിട്ടുണ്ട്.
തൊഴിലിടത്തിലെ
പ്രതിസന്ധികൾ
ആശ വർക്കർമാർ തൊഴിലിടത്തിൽ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അവ സർക്കാറിന്റെയോ ഔദ്യോഗിക സംവിധാനങ്ങളുടെയോ ശ്രദ്ധയിലേക്ക് വരാറില്ല. അതിലൊന്നാണ് രജിസ്ട്രേഷൻ പ്രക്രിയ. 2023-ൽ ‘ശൈലി ആപ്പ്’ ആരോഗ്യ സർവേകൾക്കായി ആവിഷ്കരിച്ചെങ്കിലും, OTP അടിസ്ഥാനത്തിലുള്ള രജിസ്ട്രേഷൻ പ്രക്രിയ വലിയ തടസ്സമായി മാറി. ഇതുമൂലം പല തൊഴിലാളികൾക്കും അപേക്ഷ പൂരിപ്പിക്കാനായില്ല. ഇത് അവരുടെ ജോലിഭാരം വർദ്ധിക്കാൻ കാരണമായി.
പുരുഷാധിപത്യ സമൂഹത്തിൽ, സാമൂഹ്യ പ്രവർത്തനത്തെ വീട്ടുജോലിയുടെ സ്വാഭാവിക തുടർച്ചയായി മാത്രമേ കാണുന്നുള്ളു. അതുകൊണ്ടുതന്നെ ആശാ പ്രവർത്തകർ ‘തൊഴിലാളികൾ’ എന്നല്ല, ‘പ്രവർത്തകർ’ എന്ന രീതിയിൽ മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളൂ.
കുഷ്ഠരോഗ സർവേയുടെ (‘Aswamedham’) സമയത്ത് ASHA തൊഴിലാളികൾക്ക് രോഗികളെ നേരിട്ട് പരിശോധിക്കേണ്ടിവരുന്ന സാഹചര്യത്തിൽ, പുരുഷരോഗികളെ പരിശോധിക്കുമ്പോൾ, ASHA തൊഴിലാളികൾ ഒരാളെ കൂടെ കൊണ്ടുപോകണമെന്ന് നിർദേശമുണ്ട്. എന്നാൽ, അതിനാവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ല. ASHA തൊഴിലാളികൾ ജോലിക്കിടെ മരിക്കുകയാണെങ്കിൽ, കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം ലഭ്യമല്ല. ജോലിയിലുള്ളപ്പോൾ അപകടങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ നേരിട്ടാലും ഒരുവിധ ഔദ്യോഗിക ആരോഗ്യസഹായവും ഇല്ല.
ആശ വർക്കർമാർക്ക് ശമ്പളമില്ലാത്ത അവധി (unpaid leave) മാത്രമേ അനുവദിച്ചിട്ടുള്ളൂ. അതിനാൽ അവധി എടുത്താൽ അവർക്ക് ആ മാസം ശമ്പളം ലഭിക്കില്ല. വൈദ്യസഹായം, ആശുപത്രി ചെലവ്, ഇൻഷുറൻസ് എന്നിവയുടെ കാര്യത്തിൽ ആശ വർക്കർമാർക്ക് മറ്റ് ആരോഗ്യപ്രവർത്തകരെ അപേക്ഷിച്ച് വലിയ അനീതി നേരിടേണ്ടിവരുന്നുണ്ട്. അതിനാൽ ജോലിക്കിടെ രോഗബാധിതരായാൽ അവർക്ക് സ്വന്തം കുടുംബം മാത്രമാണ് ആശ്രയം. ആശ വർക്കർമാർക്കെതിരായ പീഡനങ്ങൾ സംബന്ധിച്ച നിരവധി പരാതികളുണ്ട്. കോവിഡ് കാലത്ത് വീടുകളിലും ആശുപത്രികളിലും ഇവർക്ക് സുരക്ഷാ സംവിധാനമില്ലാത്ത സാഹചര്യവും റിപ്പോർട്ടുകളിലുണ്ട്.

തൊഴിലാളികളല്ല,
‘ആരോഗ്യ മാതൃക’യ്ക്കു വേണ്ടത്
സന്നദ്ധ പ്രവർത്തകർ
2015-ൽ നടന്ന 45-ാം ഇന്ത്യൻ ലേബർ കോൺഫറൻസ് (ILC) ASHA, അംഗൻവാടി, മിഡ്ഡേ, മിൽ തൊഴിലാളികളെ ശമ്പളം ലഭിക്കേണ്ട തൊഴിൽ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്തു. 46-ാം ILC (2018) പ്രമേയം അനുസരിച്ച്, ASHA തൊഴിലാളികൾ സ്വയംസേവകരല്ല, തൊഴിലാളികളായതിനാൽ അവർക്കും മറ്റ് തൊഴിൽ മേഖലയിലെവരെപ്പോലെ എല്ലാ തൊഴിലവകാശങ്ങളും ലഭിക്കണമെന്ന് നിർദേശിച്ചിരുന്നു. ശമ്പളം, പെൻഷൻ, ആരോഗ്യസുരക്ഷ, മറ്റ് തൊഴിൽ ആനുകൂല്യങ്ങൾ എന്നിവ ASHA തൊഴിലാളികൾക്കും ലഭിക്കേണ്ടതാണെന്ന് ഈ പ്രമേയങ്ങൾ വ്യക്തമാക്കുന്നു. സന്നദ്ധപ്രവർത്തകരെന്ന നിലയിൽ പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ജീവനക്കാരെന്ന ആനുകൂല്യം ആശ വർക്കർമാർക്ക് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സേവന- വേതന വ്യവസ്ഥയും അവധി ആനുകൂല്യങ്ങളുമില്ലാതെ, സ്ഥിരമോ താൽക്കാലികമോ ആയ മറ്റ് ജോലികളിൽ ഏർപ്പെടാനാകാതെ, കുറഞ്ഞ കൂലിയിൽ ഈ സ്ത്രീകൾക്ക് ജോലി ചെയ്യേണ്ടിവരുന്നു.
നവലിബറൽ കാലത്ത്, ആരോഗ്യ മേഖല അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ അധിക ചെലവിടലിൽനിന്നും ഉത്തരവാദിത്തങ്ങളിൽനിന്നും ഒഴിഞ്ഞുമാറി, തൊഴിൽമേഖലകളെ സന്നദ്ധപ്രവർത്തനമാക്കി മാറ്റി, പരിചരണ ജോലികളിലെ ചൂഷണവും വാണിജ്യവൽക്കരണവും തീവ്രമാക്കുന്ന നയങ്ങൾ വ്യാപകമാണ്. സ്ത്രീകൾ വീടിനകത്തും പുറത്തും ചെയ്യുന്ന ജോലികൾക്ക് പുറമേ, സമൂഹത്തിനുവേണ്ടി ചെയ്യുന്ന പ്രവർത്തനവും (community work) അവർക്കുള്ള ‘മൂന്നാം ഭാരം’ ആയി മാറുന്നു എന്നാണ് സ്ത്രീപഠനങ്ങൾ പറയുന്നത്. സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ സ്ത്രീകളെ കുറഞ്ഞ ശമ്പളത്തോടെയോ ശമ്പളമില്ലാതെയോ ജോലി ചെയ്യാൻ നിയോഗിക്കുന്ന രീതി വ്യാപകമായി വരികയാണ്. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ സ്ത്രീകളാണ് ഇത്തരം അധിക ജോലികൾക്ക് നിർബന്ധിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ വിഭാഗക്കാരാണ് ‘ത്യാഗ’ത്തിനും ശാക്തീകരണത്തിനും ഇടയിലെ ഇത്തരം ബാലൻസിങ്ങിന്റെ ആക്രമണത്തിനിരകളാകുന്നത്. ദൈർഘ്യമേറിയതും ഉറപ്പില്ലാത്തതുമായ ജോലിസമയം, കൂടാതെ വീട്ടിലെ ശമ്പളമില്ലാത്ത ജോലികളും, ഇവരുടെ മാനസിക- ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു. പുരുഷാധിപത്യ സമൂഹത്തിൽ, സാമൂഹ്യ പ്രവർത്തനത്തെ വീട്ടുജോലിയുടെ സ്വാഭാവിക തുടർച്ചയായി മാത്രമേ കാണുന്നുള്ളു. അതുകൊണ്ടുതന്നെ ആശാ പ്രവർത്തകർ ‘തൊഴിലാളികൾ’ എന്നല്ല, ‘പ്രവർത്തകർ’ എന്ന രീതിയിൽ മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളൂ.
കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ആശ വർക്കർമാരെ തൊഴിലാളികളായി പരിഗണിക്കുന്നില്ല എന്നതാണ് പ്രശ്നങ്ങളുടെ കാതൽ.
പുരോഗമനപരമായ ആരോഗ്യ സംവിധാനത്തിലും അടിമത്ത സമാനമായ തൊഴിൽ വ്യവസ്ഥകൾ നിലനിൽക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് ആശ വർക്കർമാരുടെ ജീവിതം. ആരോഗ്യസംരക്ഷണത്തിന് അടിത്തറയിടുന്ന ഈ തൊഴിലാളികൾക്ക് ന്യായമായ ശമ്പളം, പെൻഷൻ, ഇൻഷുറൻസ്- ക്ഷേമനിധി ആനുകൂല്യങ്ങൾ തുടങ്ങിയ അവകാശങ്ങൾ ലഭ്യമാക്കുന്നതിലൂടെ മാത്രമേ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ. എന്നാൽ, കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും അവരെ തൊഴിലാളികളായി പരിഗണിക്കുന്നില്ല എന്നതാണ് പ്രശ്നങ്ങളുടെ കാതൽ. അവരുടെ തൊഴിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിനൊപ്പം, തൊഴിൽ സുരക്ഷയും ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാനാവകാശങ്ങൾ ഉറപ്പാക്കേണ്ടത് നിർബന്ധമാണ്. സാമൂഹിക നീതി, തൊഴിൽ സുരക്ഷ, സാമ്പത്തിക സുസ്ഥിരത എന്നിവയെ മുൻനിർത്തി സർക്കാർ ആവശ്യമായ നടപടികൾ കൈക്കൊണ്ടേ തീരൂ. കേരളത്തിലെ പൊതുജനാരോഗ്യരംഗം ചൂഷണമുക്തമാക്കാനും ആശാ വർക്കർമാരുടെ തൊഴിൽ അവസ്ഥ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 2015, 2018 വർഷങ്ങളിൽ നടന്ന ഇന്ത്യൻ ലേബർ കോൺഫറൻസുകളുടെ ശുപാർശകൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണം.
തൊഴിലാളി സമരവും
ഇടതു സർക്കാറും
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആശ വർക്കർമാരുടെ സമരത്തോട് സ്വീകരിക്കുന്ന നിലപാടില്ലായ്മ ഇപ്പോൾ ചർച്ചയാകുന്നുണ്ട്. തൊഴിലാളിവർഗങ്ങളുടെ ശാക്തീകരണത്തിനും ഏകീകരണത്തിനും സാമൂഹികമായും രാഷ്ട്രീയമായും ഉയർന്ന പൗരബോധത്തിലേക്കുള്ള വളർച്ചയിലും ഇത്തരം പ്രക്ഷോഭങ്ങൾ നിർണായകമാണെന്നതിൽ സംശയമില്ല. എന്നാൽ, ആശ വർക്കർമാരുടെ സമരത്തോട് ഒരുതരം പ്രതികാര മനോഭാവത്തോടെയാണ് സംസ്ഥാന സർക്കാർ നിലപാടെടുക്കുന്നത്. സമരത്തെ പിന്തുണച്ചതിന് ജോസഫ് സി. മാത്യു, ഡോ. കെ.ജി. താര എന്നിവരടക്കം പതിനാലോളം ആളുകൾക്കെതിരെ കേസെടുത്തത് സമരത്തെ ഒറ്റപ്പെടുത്തി ദുർബലമാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ്. സമരത്തിന് അനുമതി നിഷേധിക്കൽ, പോസ്റ്ററുകൾ നീക്കം ചെയ്യൽ, സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യൽ, മഴയത്ത് സമരപന്തലിൽ കെട്ടിയ ടാർപൗളിൻ അഴിപ്പിക്കൽ എന്നിവയിലൂടെ സർക്കാർ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്? സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പകരക്കാരെ നിയമിക്കാൻ സർക്കാർ അടിയന്തരമായി 11.7 ലക്ഷം രൂപ അനുവദിച്ചത്, സമരത്തെ നിഷ്പ്രഭമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. അതായത്, സമരക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് സി.പി.ഐയെപ്പോലുള്ള ഭരണകക്ഷികൾ തന്നെ തുറന്നുപറയുമ്പോൾ അതിനോട് മുഖംതിരിക്കുക മാത്രമല്ല, സമരത്തെ പൊളിക്കാൻ തീർത്തും ജനാധിപത്യവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നടപടികളാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത്. തൊഴിലാളി സമരങ്ങളിലൂടെ പാകപ്പെട്ടതെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിയും അതിന്റെ നേതൃത്വത്തിലുള്ള ഭരണകൂടവുമാണ് അടിസ്ഥാനവർഗ തൊഴിലാളി സമരത്തിനെതിരെ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് എന്നതാണ് വിരോധാഭാസം.

ആശ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സി.പി.എം നേതാക്കൾ ആവർത്തിക്കുമ്പോൾ ഒരു പ്രധാന കാര്യം മറക്കുന്നു. 2014-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ എം.എൽ.എയായ എളമരം കരീം നിയമസഭയിൽ ആശ വർക്കർമാരുടെ ഓണറേറിയം 10,000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സബ്മിഷൻ സമർപ്പിച്ചിരുന്നു. പിന്നീട്, സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ 20,000-ഓളം ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തി. ഓണറേറിയം 10,000 രൂപയാക്കണമെന്നായിരുന്നു ആവശ്യം. 2024 ഫെബ്രുവരി 29-ന് ഹരിയാനയിൽ, ഇതേ സി.ഐ.ടി.യു സംസ്ഥാന സർക്കാരിനോട് 26,000 രൂപ ശമ്പളമാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തുകയും ചെയ്തു.
എന്നാൽ, ഇപ്പോൾ കേരളത്തിലെ സമരങ്ങളെ രാഷ്ട്രീയപ്രേരിതം എന്ന് വിശേഷിപ്പിക്കുകയും, സമരം ചെയ്യേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാകണമെന്ന് വാദിക്കുകയും ചെയ്യുമ്പോൾ, ഇടതുപക്ഷ നേതാക്കൾക്കും മന്ത്രിമാർക്കും ഈ നിലപാടിലെ വൈരുദ്ധ്യം ന്യായീകരിക്കാൻ കഴിയുമോ?
ഇത്തരം നിരവധി പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, ആശ വർക്കർമാർ സമരം തുടരുകയാണ്. തൊഴിൽമേഖലയിൽ കടുത്ത വിവേചനം നേരിടുന്ന ഒരു അടിസ്ഥാനവർഗത്തിന്റെ പ്രശ്നങ്ങളിലേക്ക് കേരളീയ പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ഈ സമരത്തിന് കഴിയുന്നുണ്ട്.
▮
(വിവരങ്ങൾ പങ്കുവെച്ച KAHWA, ആശ വർക്കർമാർ, ജെ. ദേവിക എന്നിവർക്ക് നന്ദി).