ശമ്പളവും പെൻഷനുമില്ല, പിന്നിയ ജീവിതവുമായി നെയ്ത്തുശാലയിലെ തൊഴിലാളികൾ

സ്റ്റാർ വീവേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. 1969 ൽ കോഴിക്കോട് ജില്ലയിലെ കക്കോടിയിലെ മോരിക്കരയിൽ സ്ഥാപിതമായ സ്ഥാപനം. മലബാറിലെ ഹാൻഡ്‌ലൂം വിഭാഗത്തിലെ ആദ്യ സഹകരണ പ്രസ്ഥാനങ്ങളിലൊന്ന്. വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ തുണി കയറ്റി അയച്ചിരുന്ന, തൊഴിലാളികളുടെ നിതാന്തപരിശ്രമം കൊണ്ട് കൈത്തറി വ്യവസായത്തിൽ ഗുണമേന്മകൊണ്ടും സൗന്ദര്യം കൊണ്ടും തനതുമുദ്ര പതിപ്പിച്ച, ഒരു പ്രദേശത്തിനാകെ തൊഴിൽ സാധ്യത തുറന്നിട്ട വ്യവസായ സ്ഥാപനം പക്ഷെ ഇന്ന് സ്വന്തമായി തുണി ഉൽപാദിപ്പിക്കാൻപോലും കഴിയാതെ അടച്ചുപൂട്ടിലിന്റെ വക്കിലാണ്.

125 ഓളം ജീവനക്കാർ ഉണ്ടായിരുന്ന നെയ്ത്ത് ശാലയിൽ ഇപ്പോഴുള്ളത് വെറും 27 പേരാണ്. ആ തൊഴിലാളികൾക്ക് അവസാനമായി ശമ്പളം ലഭിച്ചത് കഴിഞ്ഞ മാർച്ചിലാണ്. 2014,15,16 വർഷങ്ങളിൽ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വിഹിതം അടക്കാത്തതിനാൽ ഏഴു ജീവനക്കാരുടെ പെൻഷനും മുടങ്ങി. കക്കോടിയുടെ ഹൃദയഭാഗത്ത് ഒരേക്കറിൽപരം സ്ഥലവും കെട്ടിടവും ഉണ്ടായിരുന്ന സൊസൈറ്റി ഇപ്പോൾ ഒരു മഴപെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട അവസ്ഥയിലെത്തി.

സർക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തിരമായി സഹായം ലഭിക്കുകയാണെങ്കിൽ സ്ഥാപനത്തെ തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട് ഇവിടത്തെ തൊഴിലാളികൾ. നിരവധി തൊഴിലാളികളുടെ അധ്വാനം കൊണ്ട് മാത്രം കെട്ടിപ്പെടുത്ത ഇത്തരം വ്യവസായ സ്ഥാപനങ്ങളെ, അവിടത്തെ തൊഴിലാളികളുടെ വിലാപങ്ങളെ കണ്ടില്ലെന്ന് നടക്കരുതെന്നാണ് ഈ തൊഴിലിൽ ജീവിതം സമർപ്പിച്ച അവശേഷിക്കുന്ന തൊഴിലാളികൾക്ക് പറയാനുള്ളത്.

Comments