ആശമാരുടെ ആവശ്യങ്ങൾ
ജനാധിപത്യപരമായി പരിഗണിക്കണമെന്ന്
പരിഷത്ത്

ആശമാരുടെ സാമ്പത്തികാനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക എന്നത് ഹ്രസ്വകാലാടിസ്ഥാനത്തിൽ നടക്കേണ്ട പ്രവർത്തനമാണ്. അതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ചർച്ച ചെയ്ത് ഇതിന് പരിഹാരം കാണേണ്ടിയിരിക്കുന്നു. അതിനായി സംസ്ഥാന സർക്കാർ തന്നെ മുൻകൈ എടുക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.

News Desk

ശ വർക്കർമാരുടെ വേതനപ്രശ്നം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. 42 ദിവസമായി നടക്കുന്ന കേരളത്തിലെ ആശാ വർക്കർമാരുടെ സമരത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതുണ്ട്. ഹോണറേറിയ വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടു കൊണ്ടാണ് അവർ സമരം നടത്തുന്നത്. മാസത്തിൽ കേവലം 7000 രൂപ ഹോണറേറിയത്തിൽ കേന്ദ്ര സർക്കാർ സ്കീമിൽ 26,000 ത്തിലധികം വനിതാ ജീവനക്കാർ മാത്രം പണിയെടുക്കുന്ന ഒരു മേഖലയാണ് ആശമാരുടേത്. അതുകൊണ്ട് അവരുടെ ആവശ്യങ്ങൾ ജനാധിപത്യപരമായ രീതിയിൽ അനുഭാവപൂർവം പരിഗണിക്കേണ്ടത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായിയും ജനറൽ സെക്രട്ടറി പി.വി. ദിവാകരനും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അക്രിഡറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകളുടെ മേഖലയിൽ ഇപ്പോൾ നടക്കുന്ന പലവിധ പ്രക്ഷോഭങ്ങളെ ആഗോളവത്ക്കരണ സാമ്പത്തിക നയങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭമാക്കി വികസിപ്പിക്കുകയും അവരുടെ വേതനത്തിൻ്റെ പ്രശ്നം കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടിയാലോചിച്ച് പരിഹരിക്കുകയും വേണം. ഒരു ക്ഷേമരാഷ്ട്ര സങ്കല്പത്തിനുള്ളിൽ വളരുകയും വികസിക്കുകയും ചെയ്യുന്ന സമൂഹത്തിൽ മുകളിൽ നിന്ന് അടിച്ചേൽപ്പിക്കപ്പെടുന്ന ആഗോളവൽക്കരണ നയങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയും സംഘർഷവുമാണ് കേരളത്തിലെ ആശമാരുടെ സമരത്തിൽ കാണുന്നതെന്നും പരിഷത്ത് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

“കേരളത്തിൻ്റെ പൊതുജനാരോഗ്യ രംഗം മുമ്പ് തന്നെ ചിട്ടപ്പെട്ടതും മുഴുവൻ ആളുകൾക്കും ആശ്രയിക്കാവുന്നതു മായിരുന്നു. അതിന് ഒരു ദരിദ്രപക്ഷ സമീപനവുമുണ്ട്.ഡോക്ടർമാർ മുതൽ പബ്ലിക് ഹെൽത്ത് നഴ്സുമാർ വരെയുള്ള വിദഗ്ധരുടെ ദീർഘമായ ഒരു ശൃംഖല അതിൽ പ്രവർത്തിക്കുന്നു. ഇവരെല്ലാവരും ഔദ്യോഗികമായും ഔപചാരികമായും ജോലിക്കായി നിയോഗിക്കപ്പെട്ടവരും വിപുലമായ അർത്ഥത്തിൽ തൊഴിലാളികളും ജീവനക്കാരുമായി പരിഗണിക്കപ്പെട്ട വരുമാണ്. അതുകൊണ്ട് അവരുടെ സേവന-വേതന വ്യവസ്ഥകൾ നിലവിലുള്ള ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ച് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഈ ശൃംഖലയുടെ ഭാഗമായി മേൽപ്പറഞ്ഞ തരത്തിൽ നിർണയിക്കപ്പെട്ടവരല്ലാതെ ജോലി ചെയ്യാൻ ചുമതലപ്പെടുത്തപ്പെട്ട വലിയൊരു വിഭാഗമാണ് ആശാ വർക്കർമാർ. ഇത് ഔപചാരിക സംവിധാനത്തെ അനൗപചാരിക സന്നദ്ധ പ്രവർത്തനാടിസ്ഥാനത്തിലുള്ള ഒരു സംവിധാനമാക്കി മാറ്റുകയെന്ന ആഗോളവത്ക്കരണ നയത്തിന്റെ ഫലമാണ്. ഗവൺമെൻറ് അതിൻ്റെ ചുമതലകൾ കയ്യൊഴിയുകയും ഏറ്റവും അടിത്തട്ടിലെ ദരിദ്രർക്കായിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങൾ സന്നദ്ധപ്രവർ ത്തനാടിസ്ഥാനത്തിൽ വിതരണം ചെയ്യുകയും ചെയ്യുകയെന്ന നയമാണ് ഇവിടെ കാണുന്നത്. ഇത് സ്വാഭാവികമായും നമ്മുടേതു പോലെയുള്ള ഒരു സമൂഹത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കും. ഒരുപക്ഷേ വടക്കേ ഇന്ത്യൻ സമൂഹത്തിൽ ഇത് വലിയൊരു സംഘർഷത്തിന് കാരണമാകണമെന്നില്ല. എന്നാൽ ഉയർന്ന ശമ്പളം വാങ്ങുന്ന ഔദ്യോഗിക ജീവനക്കാരുള്ള കേരളത്തിൽ, അവരും നാമമാത്ര വേതനം വാങ്ങുന്ന സന്നദ്ധപ്രവർത്തകരും ഒരേ സംവിധാനത്തിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വൈരുദ്ധ്യം വളരെ പ്രകടമാണ്,” പരിഷത്ത് വിശദീകരിക്കുന്നു.

READ RELATED CONTENTS

ആഗോളവത്ക്കരണ നയങ്ങൾ ആരംഭിച്ചിട്ട് മൂന്നര പതിറ്റാണ്ട് തികയുന്ന ഇക്കാലത്തിനിടയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഉള്ളടക്കപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് ആഗോളവത്ക്കരണ നയങ്ങൾക്കെതിരായ സമരങ്ങൾ കുറയുകയും അത്തരം നയങ്ങൾ സൃഷ്ടിക്കുന്ന ജീവിതദുരവസ്ഥകൾക്കെതിരേ സമരങ്ങൾ വളരുകയും ചെയ്യുന്നു എന്നതാണ്. അടിസ്ഥാന കാരണങ്ങളെ വിട്ട് പ്രതിഫലനങ്ങൾക്കെതിരേ സമരം ചെയ്യുന്ന ഇത്തരം രീതി പ്രശ്ന പരിഹാരത്തിന് സഹായകരമാവില്ല.

പൊതുജനാരോഗ്യ സംവിധാനത്തിൽ ജോലി ചെയ്യുന്നവരെയെല്ലാം അതിലെ ജീവനക്കാരായി അംഗീകരിക്കുന്നതിനുള്ള തടസ്സം മുമ്പ് നരസിംഹറാവു- മൻമോഹൻ സിംഗ് സർക്കാരുകൾ തുടങ്ങിവെച്ചതും ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ തീക്ഷ്ണമായി നടപ്പാക്കുന്നതുമായ ആഗോളവത്ക്കരണ നയങ്ങളാണ്. ഈ നയങ്ങളുടെ ഫലമായി യൂണിയൻ സർക്കാർ തുടങ്ങിവെയ്ക്കുന്ന പ്രവർത്തനങ്ങളുടെ സാമ്പത്തികഭാരം സംസ്ഥാനങ്ങളുടെ ചുമലിൽ വെക്കുന്നത് രാജ്യത്തിൻ്റെ ഫെഡറൽ തത്വങ്ങൾക്ക് യോജിച്ചതല്ലെന്നും പരിഷത്ത് പറയുന്നു.

ആശമാരുടെ സമരം കേവലമായ ശമ്പള വർദ്ധനവിന് വേണ്ടി മാത്രമല്ല കേന്ദ്രനയങ്ങൾക്കെതിരെ കൂടിയുള്ളതായി വളരേണ്ടതുണ്ട്. ഇത്തരമൊരു ജനകീയ സമരം അഖിലേന്ത്യാതലത്തിൽ വളർത്തിയെടുക്കുവാൻ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും ചേർന്ന ഐക്യനിര രൂപപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാൽ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിലിനെ സന്നദ്ധ പ്രവർത്തനമാക്കി മാറ്റുന്ന നിരവധി പദ്ധതികൾക്കെതിരായ വിപുലമായ ജനകീയ പ്രക്ഷോഭമായി അതിനെ വളർത്താൻ കഴിയും. ഇത് സാധ്യമാക്കും വിധം കേരളത്തിൽ ഇപ്പോൾ ആശമാരുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന സമരം ഒത്തു തീർപ്പാക്കേണ്ടതും തൊഴിലാളികളുടെ കൂട്ടായ പ്രക്ഷോഭങ്ങൾക്കുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതും പ്രക്ഷോഭരംഗത്ത് നിൽക്കുന്ന എല്ലാവരും സംസ്ഥാന സർക്കാരും അടിയന്തരമായി ചെയ്യേണ്ട കാര്യമാണ്.

ആശമാരുടെ സാമ്പത്തികാനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക എന്നത് ഹ്രസ്വകാലാടിസ്ഥാനത്തിൽ നടക്കേണ്ട ഒരു പ്രവർത്തനമാണ്. അതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ചർച്ച ചെയ്ത് ഇതിന് ഒരു പരിഹാരം കാണേണ്ടിയിരിക്കുന്നു. അതിനായി സംസ്ഥാന സർക്കാർ തന്നെ മുൻകൈ എടുക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

Comments