‘എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാവണമിപ്പോൾത്തന്നെ
ആജ്ഞാശക്തിയായ് മാറീടാൻ
ചോദ്യം ചെയ്യാൻ ഭയക്കാതിരിക്കുവിൻ
മൂഢവിശ്വാസങ്ങൾ തള്ളിക്കളയുവിൻ
തന്നത്താനെ പഠിക്കാതെയൊന്നും
അറിയില്ല നിങ്ങൾ സഖാക്കളേ
ഓരോ ചെറു ചെറുവസ്തുവിലും വിരൽ തൊട്ടു തൊട്ടങ്ങു ചോദിക്കൂ
എങ്ങനെയിതു കിട്ടീ നിങ്ങൾക്ക്’
ഒരു കാലത്ത് സി.പി.എമ്മിൻ്റെയും ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെയും കലാജാഥകളിൽ മുഴങ്ങിക്കേട്ട, ബെർതോൾഡ് ബ്രെഹ്തിന്റെ കവിതയാണിത്. ഈ കവിതയിലാണ്,
‘പട്ടിണിയായ മനുഷ്യാ
പുസ്തകം കൈയ്യിലെടുത്തോളൂ
പുത്തനാമായുധമാണ് നിനക്കത്
പുസ്തകം കൈയ്യിലെടുത്തോളൂ’ എന്ന വരികൾ. ശ്രദ്ധേയവും ആവർത്തിച്ച് ചൊല്ലിക്കേട്ടതുമായ ഈ വരികളേക്കാൾ എന്നെ ആകർഷിച്ചിട്ടുള്ളത്,
‘ഓരോ ചെറു ചെറുവസ്തുവിലും
വിരൽ തൊട്ടു തൊട്ടങ്ങു ചോദിക്കൂ
എങ്ങനെയിതു കിട്ടീ നിങ്ങൾക്ക്’ എന്ന വരികളാണ്.

അവകാശങ്ങൾ എങ്ങനെയാണ് ലഭിച്ചതെന്ന് അധ്വാനവർഗ്ഗം തിരിച്ചറിയണം എന്ന ആഹ്വാനമാണ് ബ്രെഹ്ത് ഉയർത്തുന്നത്. നേടിയെടുത്ത അവകാശങ്ങളുടെ ഓരോ അണുവിലും പോരാട്ടത്തിൻ്റെ രക്തപങ്കിലമായ അടയാളങ്ങളുണ്ട്. ഓരോന്നിലും വിരൽ തൊട്ടു നോക്കിയാൽ, നിരവധി മനുഷ്യരുടെ ജീവനും ജീവിതവും അതിൽ തുടിക്കുന്നത് അനുഭവിച്ചറിയാം. അത് മറക്കരുതെന്ന് ബ്രെഹ്ത് നമ്മെ ഓർമ്മപ്പെടുത്തുന്നു.
ഇപ്പോൾ ബ്രെഹ്തിൻ്റെ 'എന്തിന്നധീരത' ഓർമ്മയിലേയ്ക്കു വന്നത്, ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേട്ടപ്പോഴാണ്. ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കുമെന്ന വാഗ്ദാനത്തെ ഇടതുപക്ഷ സർക്കാരിൻ്റെ ഔദാര്യമായി സി.പി.എം സോഷ്യൽ മീഡിയ ഹാൻ്റിലുകൾ ആഘോഷിക്കുന്നത് കണ്ടപ്പോഴാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ, അവകാശ സമരത്തിൻ്റെ ബാലപാഠം പോലും ബോധപൂർവ്വം വിസ്മരിക്കുന്ന സി.പി.എമ്മിൻ്റെ ധാർഷ്ട്യത്തോട് ആശമാർ ഉച്ചൈസ്തരം വിളിച്ചു പറയുന്നത്, നിങ്ങൾ തരുന്നതൊന്നും നിങ്ങളുടെ ഔദാര്യമല്ല; ഞങ്ങളുടെ പോരാട്ടത്തിലൂടെ പിടിച്ചു വാങ്ങിയതാണ് എന്നു തന്നെയാണ്.
സമരത്തീച്ചൂളയിൽ
കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 10 - നാണ് ആശമാർ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിക്കുന്നത്. 2025 ഫെബ്രുവരി 7 ന് നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ആശമാരുടെ ഓണറേറിയം ഒരു രൂപ പോലും വർദ്ധിപ്പിക്കുവാൻ തയ്യാറാകാതെ വന്നപ്പോഴാണ് രാപകൽ സമരം ആരംഭിക്കുവാൻ ആശാ വർക്കർമാർ നിർബന്ധിതമാകുന്നത്. പിന്നീട് നീണ്ട 266 ദിവസങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിൽ, നിസ്വരായ സ്ത്രീത്തൊഴിലാളികൾ നടത്തിയ അതിജീവനപ്പോരാട്ടം സമാനതകളില്ലാത്തതാണ്. 266 രാപകലുകൾക്കിടയിൽ ഋതുക്കൾ മാറി വന്നു. തുള്ളിയുറഞ്ഞു വന്ന പേമാരിയിലും പൊള്ളുന്ന വെയിലിലും ആശമാർ തളർന്നില്ല. സർക്കാരും സി.പി.എം സൈബർസംഘങ്ങളും നടത്തിയ ദുഷ്പ്രചാരണങ്ങളെയും സമരം അതിജീവിച്ചു. കുടുംബ സംഗമം, മഹാസംഗമം, നിയമസഭാ മാർച്ച്, വനിതാ സംഗമം, സെക്രട്ടേറിയറ്റ് ഉപരോധം, നിരാഹാര സമരം, കൂട്ട ഉപവാസം, മുടി മുറിക്കൽ സമരം, പൗരസാഗരം, കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ 45 ദിവസം നീണ്ടുനിന്ന രാപകൽ സമരയാത്ര, സെക്രട്ടേറിയറ്റിനു മുന്നിൽ മഹാറാലിയോടെ സമരയാത്രയുടെ സമാപനം, സംസ്ഥാനമൊട്ടാകെ 1000 പ്രതിഷേധ സദസ്സുകൾ, കേന്ദ്രം പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഉടനടി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് എൻ എച്ച് എം ഓഫീസ് മാർച്ച്, ക്ലിഫ് ഹൗസ് മാർച്ച്, ക്ലിഫ് ഹൗസ് മാർച്ചിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കരിദിനാചരണം- അങ്ങനെ ആശാസമരത്തിൽ അസാധാരണമാംവിധം വൈവിധ്യമുള്ള സമരരൂപങ്ങൾ പരീക്ഷിക്കപ്പെട്ടു. ഭരണാധികാരികൾ സമരത്തെ തളർത്താൻ ശ്രമിച്ചപ്പോഴൊക്കെ ‘അവകാശങ്ങൾ നേടാതെ, അടിമക്കാലം തീരാതെ, അനന്തപുരിയുടെ മണ്ണിൽ നിന്നും തിരിച്ചു വീട്ടിൽ കയറില്ല’ എന്നു പ്രഖ്യാപിച്ച ആശമാർ സമരത്തിൻ്റെ രൂപവും ഭാവവും തീവ്രമാക്കി.

സമൂഹത്തിൻ്റെ അടിത്തട്ടിൽ സാമൂഹ്യസേവനം നടത്തുന്ന സ്ത്രീത്തൊഴിലാളികളുടെ മുന്നിൽ എൽ.ഡി.എഫ് സർക്കാർ പകച്ചു നിൽക്കുന്നതും സി.പി.എം, സി.ഐ.ടി.യു നേതാക്കളടക്കം നിലതെറ്റി സമരനേതാക്കളെ അപമാനിക്കാൻ ശ്രമിക്കുന്നതും കേരളം കണ്ടു. ആശമാരോടുള്ള ഭരണാധികാരികളുടെ ക്രൂരമായ സമീപനത്തിനെതിരെ പ്രബുദ്ധകേരളം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമരപ്പന്തലിലേയ്ക്ക് വ്യക്തികളും സംഘടനകളും പിൻതുണയുമായെത്തി. മാധ്യമങ്ങൾ സമരാനുകൂലമായി വാർത്തകൾ കൊടുത്തുകൊണ്ടേയിരുന്നു. ആശമാരുടെ ദൈന്യജീവിതത്തിൻ്റെ അറിയാക്കഥകൾ സ്പെഷ്യൽ സ്റ്റോറികളായി. രണ്ട് മാസത്തോളം ചാനലുകളിലെ പ്രൈം ടൈം ചർച്ചകളിൽ ആശസമരം നിറഞ്ഞുനിന്നു. സി.പി.എമ്മിൻ്റെ താഴേത്തട്ടിലെ തൊഴിലാളികളായ സാധാരണ പ്രവർത്തകർ ആശാ സമരത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ധൈര്യമില്ലാത്തവർ അടക്കം പറയുകയും ചെയ്തു. ഇടതുമുന്നണിക്കുള്ളിൽ സി.പി.ഐയും ജെ.ഡി.യുവും സമരാനുകൂലമായ നിലപാട് സ്വീകരിച്ചു. എന്നിട്ടും മുഖ്യമന്ത്രിയും സി.ഐ.ടി.യു, സി.പി.എം നേതാക്കളും സമരവിരുദ്ധ സമീപനം തുടർന്നു.
സമരവിരുദ്ധ ഗവൺമെൻ്റിൻ്റെ
വർഗതാൽപ്പര്യം
ലോകബാങ്ക് വായ്പയിൽ 2005- ൽ കേന്ദ്ര ഗവൺമെൻ്റ് ആവിഷ്ക്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (NRHM) . പിന്നീട് ‘റൂറൽ’ എടുത്തുകളഞ്ഞ് കേരളം മുഴുവൻ നടപ്പാക്കുന്ന നാഷണൽ ഹെൽത്ത് മിഷൻ (NHM) ആയി പദ്ധതി രൂപാന്തരപ്പെട്ടു. യൂസർഫീ, ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങിയവയൊക്കെ അവതരിപ്പിക്കപ്പെട്ടത് NRHM- ൻ്റെ ഭാഗമായാണ്. സർക്കാർ, ലോക ബാങ്കിൻ്റെ വായ്പ ഉപയോഗിച്ച് സർക്കാരാശുപത്രികളിൽ വലിയ കെട്ടിടങ്ങൾ പണിതുയർത്തുകയും ആശുപത്രികളെ കടക്കുരുക്കിൽ പെടുത്തുകയും ചെയ്തു. മറുവശത്ത് ലോകബാങ്ക് നിർദ്ദേശപ്രകാരം, ആശുപത്രിയിൽ അവശ്യം വേണ്ട, ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ പി.എസ്.സി വഴിയുള്ള നിയമനങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

എന്നാൽ, പൊതുജനാരോഗ്യ സംവിധാനത്തിന് സമാന്തരമായ NRHM കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെയും നഴ്സുമാരെയുമൊക്കെ നിയമിച്ചു പോന്നു. സർക്കാർ ആശുപത്രികളിൽ നൂറു കണക്കിന് ഡോക്ടർമാരുടെയും ആയിരക്കണക്കിന് നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നത് സർക്കാരിൻ്റെ നയത്തിൻ്റെ ഭാഗമായാണ്. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് ശരിയായ ചികിത്സ ലഭ്യമാകുന്നില്ല. എല്ലാത്തരം ചികിത്സയ്ക്കും ഫീസടയ്ക്കണമെന്നത് ആളുകളുടെ ശീലമായി മാറിക്കഴിഞ്ഞു. എല്ലാവരെയും ഹെൽത്ത് ഇൻഷ്വറൻസ് എടുപ്പിക്കുകയും പ്രീമിയം തുക വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിശ്ചിത കാലയളവ് പ്രഖ്യാപിച്ചാണ് ലോകബാങ്ക് NHM നടപ്പാക്കുന്നത്. 2012- ൽ അവസാനിക്കുവാൻ ലക്ഷ്യമിട്ട പദ്ധതി, കേന്ദ്രസർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം നീട്ടിക്കൊണ്ടു പോകുന്നതാണ് യാഥാർത്ഥ്യം. NHM അവസാനിക്കുന്നതോടെ, സർക്കാരാശുപത്രികൾ അസ്ഥിപഞ്ജരമായിത്തീരുകയും പൊതുജനാരോഗ്യ സംവിധാനം നാമമാത്രമായി മാത്രം അവശേഷിക്കുകയും ചെയ്യും. അപ്പോൾ ജനങ്ങൾ, എല്ലാത്തരം ചികിത്സയ്ക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരായിത്തീരുകയും ലോകബാങ്ക് വായ്പയുടെ ലക്ഷ്യം പൂർത്തീകരിയ്ക്കപ്പെടുകയും ചെയ്യും.
അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റ് (ASHA)എന്ന പേരിൽ ആരോഗ്യ മേഖലയിലെ സന്നദ്ധ പ്രവർത്തകരായി ആശമാരെ നിയമിച്ചതും NHM പദ്ധതിയുടെ ഭാഗമായാണ്. അതുവരെ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കിയിരുന്നത്, സർക്കാർ ശമ്പളം പറ്റുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (JPHN) എന്ന വിഭാഗമായിരുന്നു. അവരായിരുന്ന ക്ഷയരോഗ നിർമ്മാർജ്ജനം, കുഷ്ഠരോഗനിർമ്മാർജ്ജനം എന്നിവ ചെയ്തിരുന്നത്. JPHN മാർക്ക് സർക്കാർ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ, തുഛമായ ഓണറേറിയവും ഇൻസെൻ്റീവും കൊടുത്ത് ആശ വർക്കർമാരെ നിയമിച്ചതിലൂടെ JPHN തസ്തിക തന്നെ സർക്കാർ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ന്യായമായ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റി ജോലി ചെയ്തിരുന്ന JPHN മാരെ ഇല്ലാതാക്കി അടിമസമാനമായി ആശമാരെ പണിയെടുപ്പിക്കുകയാണ് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ. അങ്ങനെയൊരു സാഹചര്യത്തിലാണ്, മിനിമം കൂലിയും പെൻഷനും വിരമിക്കൽ ആനുകൂല്യവും തൊഴിലാളികളായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ആശ വർക്കർമാർ സമരം ചെയ്യുന്നത്. ആശ വർക്കർമാരുടെ സമരം വിജയിക്കുന്നത്, ലോകബാങ്കിൻ്റെ അജണ്ടകളിന്മേലുള്ള തൊഴിലാളികളുടെ ശക്തമായ പ്രഹരമായി മാറും. അത് കൃത്യമായി മനസ്സിലാക്കുന്നതിനാലാണ് സമരത്തിനെതിരെ കർക്കശമായ നിലപാട് പിണറായി ഗവൺമെൻ്റ് സ്വീകരിച്ചത്.
പൊരുതിനേടിയ അവകാശങ്ങൾ
സർക്കാരിൻ്റെ വലിയ എതിർപ്പുകൾക്കിടയിലും സമരത്തിലൂടെ പല ഡിമാൻ്റുകളും ആശാ വർക്കർമാർ നേടിയെടുത്തു. കേന്ദ്ര സർക്കാരിൽ നിന്ന് നിലവിൽ ലഭിച്ചു കൊണ്ടിരിന്ന ഫിക്സഡ് ഇൻസെൻ്റീവ് 2000 രൂപയിൽ നിന്നും 3500 രൂപയാക്കി വർദ്ധിപ്പിച്ചു. ഇത് രാജ്യത്തെ 10 ലക്ഷം ആശമാർക്ക് ലഭ്യമാകും.

10 വർഷമെങ്കിലും ആശ സ്കീമിൽ ജോലി ചെയ്തവർക്ക് വിരമിക്കൽ ആനുകൂല്യമായി 50,000 രൂപ കേന്ദ്ര സർക്കാർ നൽകും. മുൻപത് 20,000 രൂപയായിരുന്നു. ആശമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് നൽകുവാൻ തീരുമാനിക്കപ്പെട്ടു. പെൻഷൻ 3000 രൂപ (1500 രൂപ കേന്ദ്ര സർക്കാരും 1500 ആശമാരുടെ കോൺട്രിബ്യൂഷനും) ലഭിക്കും.
സംസ്ഥാന സർക്കാർ ആശമാരുടെ ജോലി സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കി. ഇതുപ്രകാരം എല്ലാ മാസവും കൃത്യമായി ഓണറേറിയവും ഇൻസെന്റീവും നൽകും. ആശമാരുടെ അധിക ജോലിഭാരം കുറച്ചു. വേതനമില്ലാത്ത ആശുപത്രി ഡ്യൂട്ടി, ആർദ്രം ഡ്യൂട്ടി എന്നിവയിൽ നിന്നും ആശമാരെ ഒഴിവാക്കി.

266 ദിവസം നീണ്ടുനിന്ന സെക്രട്ടേറിയറ്റിനു മുന്നിലെ അനിശ്ചിതകാലസമരം അവസാനിക്കുമ്പോൾ കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഉന്നയിച്ച പ്രധാനപ്പെട്ട എല്ലാ ആവശ്യങ്ങളിലും നേട്ടമുണ്ടാക്കാനായി. ആശാസമരത്തിലൂടെ കൂടുതൽ ശക്തമായി സ്ഥാപിക്കപ്പെട്ട തൊഴിലാളിവിരുദ്ധ സർക്കാർ എന്ന പ്രതിഛായ മാറ്റേണ്ടത് എൽ.ഡി.എഫിന് അനിവാര്യമായിത്തീർന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സി പി എം സ്ഥാനാർത്ഥികൾക്ക് ജനങ്ങളെ അഭിമുഖീകരിക്കുവാൻ ആശമാരടക്കമുള്ള സ്കീം വർക്കേഴ്സിൻ്റെ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് പിണറായി സർക്കാരിന് സമ്മതിക്കേണ്ടിവന്നു. എൽ.ഡി.എഫ് സർക്കാരിനുമേൽ അങ്ങനെയൊരു സമ്മർദ്ദം സൃഷ്ടിച്ചത് ആശാവർക്കേഴ്സ് നടത്തിയ ഐതിഹാസിക മാനങ്ങളുള്ള സമരമായിരുന്നു.കേരളത്തിലെ പണിയെടുക്കുന്ന മുഴുവൻ ജനങ്ങൾക്കും പുതിയൊരുണർവ്വ് നൽകിയാണ് സെക്രട്ടേറിയറ്റിനു മുന്നിലെ സ്ത്രീത്തൊഴിലാളി സമരം അവസാനിക്കുന്നത്.
