തൃശൂര്‍ പാലസ് റോഡിലെ വഴിയോര പുസ്തക കച്ചവട കേന്ദ്രങ്ങളില്‍ ഒന്ന്‌

സാംസ്‌കാരിക നഗരിയിൽ നിന്ന് പുസ്തകങ്ങളെയും കച്ചവടക്കാരെയും പുറത്താക്കുന്ന കോർപ്പറേഷന്റെ 'ക്ലീൻ സിറ്റി'

വർഷങ്ങളായി സ്വരാജ് റൗണ്ട് പരിസരം, കോർപ്പറേഷൻ ഓഫീസ് റോഡ്, പാലസ് റോഡ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിൽ കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കാനാണ് മേയറുടെ ഉത്തരവ്. ‘ക്ലീൻ സിറ്റി’ പദ്ധതിയുടെ ഭാഗമായാണ് തിരുമാനം എന്നാണ് പറയുന്നതെങ്കിലും വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിന് കൃത്യമായി ഒരു ഉത്തരം പോലും നൽകാൻ കോർപ്പറേഷന് കഴിഞ്ഞിട്ടില്ല.

തൃശൂർ കോർപ്പറേഷൻ പരിധിയിലുള്ള സ്വരാജ് റൗണ്ട് പരിസരം, കോർപ്പറേഷൻ ഓഫീസ് റോഡ്, പാലസ് റോഡ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിലെ വഴിയോര കച്ചവടക്കാരോട് കച്ചവടം അവസാനിപ്പിക്കണമെന്ന് നഗരസഭ ഉത്തരവിട്ടിരിക്കുകയാണ്. വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിന് കോർപ്പറേഷൻ ഭരണസമിതി 15/01/2024 ലെ 29ാം നമ്പർ കൗൺസിൽ തീരുമാന പ്രകാരം തീരുമാനിച്ചിട്ടുണ്ടെന്നാണ്‌ കോർപ്പറേഷൻ ഒഴിപ്പിക്കൽ അറിയിപ്പിൽ പറയുന്നത്. വർഷങ്ങളായി ഈ ഭാഗങ്ങളിൽ കച്ചവടം ചെയ്യുന്നവർ കോർപ്പറേഷന്റെ ഒറ്റ തീരുമാനത്തില്‍ വഴിയാധാരമാകാൻ പോവുകയാണ്. എന്നാൽ ഇവരുടെ ജീവിതങ്ങളെക്കുറിച്ച്, അവരുടെ സങ്കടങ്ങളെക്കുറിച്ച് കോർപ്പറേഷനോ ഭരണസംവിധാനങ്ങൾക്കോ ചിന്തയേയില്ല. അവർ എങ്ങോട്ട് പോകുമെന്നോ എങ്ങനെ ജീവിക്കുമെന്നോ കോർപ്പറേഷന് അറിയേണ്ട. എന്ന് കച്ചവടം നിർത്തി പോകാൻ കഴിയും എന്നത് മാത്രമാണ് ചോദ്യം. പരാതി ഈ മാസം 27നകം അറിയിക്കണമെന്നത് മാത്രമാണ് ഉത്തരം. തങ്ങളെ ഒഴിപ്പിക്കുന്നത് എന്തിന് എന്നതിന് കൃത്യമായ കാരണം പോലും അറിയാതെയാണ്‌ ഈ കച്ചവടക്കാർക്ക് സ്വന്തം തൊഴിൽ ഉപേക്ഷിച്ച് ഇറങ്ങേണ്ടി വരുന്നത്. മൂന്നും നാലും പതിറ്റാണ്ടുകളായി കച്ചവടം ചെയ്യുന്നവർ വരെയുണ്ട് ഈ കൂട്ടത്തിൽ എന്നും ഓർക്കണം.

തൃശൂര്‍ പാലസ് റോഡരികിലുള്ള ഉണ്ണിക്കൃഷ്ണന്റെ ചായക്കട
തൃശൂര്‍ പാലസ് റോഡരികിലുള്ള ഉണ്ണിക്കൃഷ്ണന്റെ ചായക്കട

‘‘കച്ചവടം നിർത്തി ഇറങ്ങാനാണ് കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്. പക്ഷേ ഞങ്ങൾ എങ്ങോട്ട് പോകും? വർഷങ്ങളായി ഈ ഭാഗത്ത് കച്ചവടം ചെയ്യുന്നവരാണ് ഞങ്ങൾ. പോകണമെന്ന് പറയുന്നതല്ലാതെ ഞങ്ങൾ എങ്ങോട്ടാണ് പോകേണ്ടതെന്ന ചാദ്യത്തിന് കോർപ്പറേഷന് ഉത്തരമില്ല’’ - 35 വർഷമായി പാലസ് റോഡിൽ, സാഹിത്യ അക്കാദമി കെട്ടിടത്തിന് മുമ്പിൽ സെക്കന്റ് ഹാന്റ് പുസ്തകങ്ങൾ വിൽക്കുന്ന എഴുത്തുകാരൻ കൂടിയായ ഷംനാദ് പറയുന്നു:

ഷംനാദ്
ഷംനാദ്

‘‘തൃശൂർ നഗരത്തിലെ പാലസ് റോഡ് പുസ്തകങ്ങളുടെ കൂടി റോഡാണ്. ഇരുപതിലധികം വർഷങ്ങളായി അഞ്ച്‌ വഴിയോര പുസ്തക കച്ചവടക്കാർ ഇവിടെ കച്ചവടം ചെയ്യുന്നുണ്ട്. ലോകോത്തര കൃതികളും പാഠപുസ്തകങ്ങളും ഉൾപ്പടെ വിലക്കുറവിൽ ലഭിക്കുന്ന ഇത്തരം ചെറിയ കടകൾ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. വായനാശീലം വളർത്തുന്നതിലും വഴിയോര പുസ്തക കച്ചവടക്കാർക്ക് വലിയ പങ്കുണ്ട്. ഇത്തരം കച്ചവടങ്ങൾ നിരോധിക്കുന്ന കോർപ്പറേഷൻ ഉത്തരവ് അങ്ങേയറ്റം ദുഖകരമാണ്. സാമൂഹിക സാസ്‌കാരിക പ്രവർത്തകർ ഈ വിഷയത്തിൽ ഇടപെടണം’’- എന്നാണ് ഷംനാദിന്റെ ആവശ്യം. പുസ്തകങ്ങളുമായി തിരുവനന്തപരുരത്ത് നിന്ന് തൃശൂരിലേക്ക് കുടിയേറിയവരാണ് ഷംനാദിന്റെ കുടുംബം. ഷംനാദിന്റെ പിതാവിനും പുസ്തക കച്ചവടം തന്നെയായിരുന്നു ഉപജീവന മാർഗം. വർഷങ്ങളായി ഇവർ തുടരുന്ന ജോലിയാണ് ഇപ്പോള്‍ ഉപേക്ഷിച്ചുപോകാൻ കോർപ്പറേഷൻ പറയുന്നത്.

തെരുവാധാരമായി പോകുന്ന കച്ചവടക്കാരുടെ ജീവിതങ്ങളെക്കുറിച്ച് കോർപ്പറേഷനോ ഭരണസംവിധാനങ്ങൾക്കോ ചിന്തയേയില്ല.
തെരുവാധാരമായി പോകുന്ന കച്ചവടക്കാരുടെ ജീവിതങ്ങളെക്കുറിച്ച് കോർപ്പറേഷനോ ഭരണസംവിധാനങ്ങൾക്കോ ചിന്തയേയില്ല.

‘‘പുസ്തക വിൽപ്പന അല്ലാതെ ഞങ്ങൾക്ക് മറ്റൊരു തൊഴിലുമില്ല. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഞങ്ങൾക്കു പോകാൻ മറ്റൊരു സ്ഥലമില്ല. ഇവിടുന്ന് ഇറങ്ങാൻ ഞങ്ങൾ തയ്യാറല്ല’’ - പാലസ് റോഡിൽ 21 വർഷമായി പുസ്തകങ്ങൾ വിൽക്കുന്ന ബിനു പറയുന്നു. ‘‘തൊഴിലാളികളോടൊപ്പം നിൽക്കേണ്ട ഒരു ഇടതുപക്ഷ ഭരണകൂടം തൊഴിലാളികളെ ഇത്തരത്തിൽ വഴിയാധാരമാക്കുന്നത് കടുത്ത അനീതിയാണ്’’ എന്നും ബിനു പറയുന്നു.

പാലസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിനുവിന്റെയും ഷംനാദിന്റെയും പുസ്തക കച്ചവട കേന്ദ്രങ്ങള്‍
പാലസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിനുവിന്റെയും ഷംനാദിന്റെയും പുസ്തക കച്ചവട കേന്ദ്രങ്ങള്‍

ഇത് പുസ്തക കച്ചവടക്കാരുടെ മാത്രം സ്ഥിതിയല്ല. വർഷങ്ങളായി ഈ ഭാഗത്ത് കച്ചവടം ചെയ്യുന്ന മനുഷ്യരെയെല്ലാം ഒഴിപ്പക്കാനാണ് മേയറുടെ ഉത്തരവ്. ഇറങ്ങാൻ തയ്യാറല്ലെന്ന തിരുമാനത്തിലാണ് കച്ചവടക്കാരും. ‘ക്ലീൻ സിറ്റി’യുടെ ഭാഗമായാണ് തീരുമാനം എന്നാണ് പറയുന്നതെങ്കിലും തങ്ങളെ ഒഴിപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിന് കോർപ്പറേഷന് കൃത്യമായ ഉത്തരമില്ലെന്നും കച്ചവടക്കാര്‍ പറയുന്നു. കോർപ്പറേഷന്റെ തിരുമാനത്തിനെതിരെയും നഗരത്തിലെ വഴിയോര കച്ചവടക്കാരെ അനുകൂലിച്ചും പലഭാഗത്തു നിന്നും പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും കോർപ്പറേഷന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. ലേണിംഗ് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ കെട്ടിടത്തിനുമുന്നിൽ സ്ട്രീറ്റ് ലൈബ്രറി തുടങ്ങിയ കോർപ്പറേഷൻ വഴിയോര കച്ചവടക്കാരോട് കാണിക്കുന്നത് അനീതിയാണെന്നും വിമർശനമുയരുന്നുണ്ട്‌.

കച്ചവടം നിര്‍ത്തി ഇറങ്ങണമെന്ന് കോര്‍പ്പറേഷന്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍ വർഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്ന തൊഴിലാളികൾക്ക് കോർപ്പറേഷനോട് ഒന്നേ പറയാനുള്ളൂ; ഞങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തത് ഞങ്ങളെ ഉപദ്രവിക്കാനല്ല.


Summary: . ക്ലീൻ സിറ്റിയുടെ ഭാഗമായാണ് തിരുമാനം എന്നാണ് പറയുന്നതെങ്കിലും വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിന് കൃത്യമായി ഒരു ഉത്തരം പോലും നൽകാൻ കോർപ്പറേഷന് കഴിഞ്ഞിട്ടില്ല.


ശിവശങ്കർ

ജേണലിസ്റ്റ് ട്രെയിനി, ട്രൂകോപ്പി തിങ്ക്

Comments