രാജ്യം സ്വതന്ത്രമാകുന്നതിനുമുമ്പ് തൃശൂരിലെ അന്തിക്കാട് ദേശത്ത് നടന്ന ചെത്തുതൊഴിലാളികളുടെ ത്യാഗോജ്വല സമരം, കേരളത്തിന്റെ സമരചരിത്രത്തിലെ അവിസ്മരണീയ ഏടാണ്. കേരം തിങ്ങും കേരളനാടിന്റെ നാണ്യവിളയിലൊന്നാണ് നാളികേരം. തൃശൂരിലെ അന്തിക്കാട്, മണലൂർ, ഏനാമ്മാവ്, താന്ന്യം, പെരിങ്ങോട്ടുകര ബെൽറ്റിലും ഇതരപ്രദേശങ്ങളിലും തെങ്ങുകൃഷി വിജയകരമായി ഇപ്പോഴും നടന്നുവരുന്നു. ചില്ലറ ലഹരിയൊക്കെ നമുക്കു നൽകുന്ന തെങ്ങിൻകള്ള് ചെത്തി, കന്നാസുകളിൽ നിറച്ച് ഷാപ്പിൽ അളന്ന് പണം വാങ്ങി അതിലൂടെ ജീവിതം കണ്ടെത്തുന്ന ചെത്തുകാർ; അവരുടെ ആദ്യകാല ജീവിതത്തിന്റെയും നരകയാതനകളുടെയും അവർ നടത്തിയ സമരങ്ങളുടെയും നേടിയെടുത്ത വിജയങ്ങളുടെയും കഥ ഈ ദേശം പറഞ്ഞുതരും.
കേരളവർമ കോളേജിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി കള്ളിന്റെ രുചി നോക്കുന്നത്. ലോകത്തിലെ ഏറ്റവും സ്വാദുള്ള മദ്യം കള്ളാണെന്ന് കാർട്ടൂണിസ്റ്റ് അബു അബ്രഹാം പറഞ്ഞത് വെറുതെയല്ല എന്നപ്പോൾ തോന്നിപ്പോയി.
തൃശൂരിൽ നിന്ന് 45 മിനിറ്റോളം ബസിൽ യാത്രചെയ്താൽ അന്തിക്കാടെത്താം. ആദ്യകാലങ്ങളിൽ നീണ്ടുപരന്നുകിടക്കുന്ന തെങ്ങിൻപറമ്പുകൾ അവിടെ കാണാമായിരുന്നു. അവയ്ക്കിടയിൽ ഓലമേഞ്ഞ കുടിലുകൾ കണ്ടാൽ, ‘തൈത്തെങ്ങിൻ തണലത്ത് താമരക്കടവത്ത് കിളിക്കൂടുപോലൊരു വീടുണ്ട്' എന്ന പി. ഭാസ്കരന്റെ വരികളാണ് ഓർമ വരിക. ചാണകം മെഴുകിയ കുടിലിന്റെ ഉമ്മറത്തിരുന്ന് ഓലമേയുന്ന സ്ത്രീകൾ, പൂഴിമണൽ വാരിക്കളിക്കുന്ന വള്ളിട്രൗസർ മാത്രം ധരിച്ച ആൺകുട്ടികളും കമ്മീസ് മാത്രം ധരിച്ച പെൺകുട്ടികളും. അവിടെ നാടൻനായ്ക്കളുടെ നിറുത്താതെയുള്ള കുര. കുടിലിൽ ഒരു മുറിയും കഷ്ടിമുഷ്ടിയുള്ള അടുക്കളയും മാത്രം. മൺകലത്തിൽ അരി കഴുകുന്ന സ്ത്രീ ഔൺസ് കണക്കിനാണോ വെള്ളം ഉപയോഗിക്കുന്നതെന്ന് സംശയിക്കാം. അവരുടെ കുടിലിൽ നിന്ന് അൽപം അകലെയാണ് ഉപ്പുരസമില്ലാത്ത ശുദ്ധജലമുള്ള കിണർ. വേനലിൽ ഇത് വറ്റിവരളും.
‘അപ്പോ വെള്ളത്തിന് ഞങ്ങക്ക് ഒരു മൈലീസ് നടക്കണം’, ഏനാമ്മാവിലുള്ള ചെത്തുതൊഴിലാളികളിൽ ഒരാളായ വേണുവിന്റെ ഭാര്യ തങ്കമണി പറയുന്നു. ‘ഞങ്ങൾക്ക് തൂറാൻ കക്കൂസില്ല. പറമ്പുകളുടെ ഒഴിഞ്ഞ ഭാഗത്തോ, തോട്ടുവക്കിലോ വേണം ആ പരിപാടി നടത്താൻ. ഓല മറച്ചതാണ് കുളിമുറി. ആഴമുള്ള കിണറ്റിൽ നിന്ന് പാളയിൽ വെള്ളം കോരി വേണം കുടിയ്ക്കാനും നനയ്ക്കാനും മറ്റും ഉപയോഗിക്കേണ്ടത്’, തങ്കമണി കൂട്ടിച്ചേർത്തു.
കമ്യൂണിസ്റ്റ് ചിന്താധാരയിൽ വിശ്വസിക്കുന്നവരാണ് ചെത്തുതൊഴിലാളികളിൽ ഏറെയും. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹം മുതൽ വിദേശവസ്തുവർജനം വരെ നടക്കുന്നതിനിടയിൽ കേരളത്തിൽ കമ്യൂണിസ്റ്റുകാർ പ്രധാനമായും തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സമരങ്ങൾ ആഹ്വാനം ചെയ്തു. അധ്വാനവർഗം നിലനിൽക്കേണ്ടത് മുതലാളിത്തവ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണല്ലോ. അതുകൊണ്ടുതന്നെ അവരെ ചൊൽപ്പടിക്ക് നിർത്താനുള്ള ഉപായങ്ങൾ മുതലാളിമാർ ചെയ്തുപോന്നു. ചുരുക്കിപ്പറഞ്ഞാൽ ചെത്തുതൊഴിലാളികളുടേത് വർഗസമരം തന്നെയായിരുന്നു. കാരണം, അവർക്ക് മറ്റു ജീവിതമാർഗ്ഗങ്ങളൊന്നും മുന്നിൽ തെളിഞ്ഞിരുന്നില്ല.
അക്കാലങ്ങളിൽ ഷാപ്പ് കോൺട്രാക്ടർമാർ അവരുടെ ഇഷ്ടമനുസരിച്ചാണ് ചെത്തുകാർക്ക് കള്ളിന്റെ വില നൽകിയിരുന്നത്. ഇവിടെ അവരുടെ തേർവാഴ്ച തൊഴിലാളികൾക്കിടയിൽ അക്ഷരാർഥത്തിൽ അടിച്ചേൽപ്പിച്ചിരുന്നു. അളക്കുന്ന കള്ളിന്റെ വില കോൺട്രാക്ടർമാർ തീരുമാനിക്കുക എന്നതായിരുന്നു ആദ്യകാല പതിവ്. അതുമൂലം അസംഘടിതരായ ചെത്തുതൊഴിലാളികൾക്ക് കോൺട്രാക്ടർമാരെ ആശ്രയിക്കേണ്ടിവന്നു. കൊടിയ ചൂഷണങ്ങൾക്കിരയായ അവരുടെ കുടുംബങ്ങൾ കഷ്ടപ്പെട്ട് ജീവിച്ചപ്പോൾ കള്ളുമുതലാളിമാർ സ്വന്തം കീശ വീർപ്പിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ വേരുപിടിക്കാൻ ശ്രമിച്ചിരുന്ന അക്കാലത്ത് പാർട്ടി, സഖാവ് ജോർജ് ചടയൻമുറിയെയും ഭാര്യ സുഭദ്രാമ്മ തങ്കച്ചിയെയും അന്തിക്കാട്ടേക്കയച്ചു.
അന്തിക്കാട് ബെൽറ്റിലുള്ള ചെത്താനുപയോഗിക്കുന്ന പതിനായിരത്തോളം തെങ്ങുകളുടെ കുലകൾ തൊഴിലാളികൾ ഒറ്റരരാത്രികൊണ്ട് വെട്ടിനിലത്തിട്ടു. ഷാപ്പ് കോൺട്രാക്റ്റർമാർ അക്ഷരാർഥത്തിൽ പകച്ചുപോയി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടുള്ള ആശയപരമായ ഭിന്നതയെ തുടർന്ന്, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെട്ടു. രണ്ടാം ലോകമഹായുദ്ധ കാലമായിരുന്നു അത്. ചുവപ്പൻ പ്രസ്ഥാനം നിയമവിരുദ്ധമായി ഭരണകൂടം പ്രഖ്യാപിച്ചതോടെ ഒളിവിലാണ് പാർട്ടിഘടകം പ്രവർത്തിച്ചിരുന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന സഖാവ് ജോർജ് ചടയൻമുറിയുടെ സംഘാടകശകതിയിൽ ആകൃഷ്ടരായി ചെത്തുതൊഴിലാളികൾ അദ്ദേഹത്തിന്റെ രഹസ്യസങ്കേതത്തിൽ ഒത്തുകൂടി സ്റ്റഡിക്ലാസുകളിൽ പങ്കെടുത്തുകൊണ്ടിരുന്നു. ചൈനീസ് കമ്യൂണുകളെപ്പോലെയായിരുന്നു ഈ പ്രവർത്തനം. തൊഴിലാളികൾ കൂടുതലായി കാര്യങ്ങൾ മനസിലാക്കിത്തുടങ്ങി. അവർ ചൂഷിതരെ തിരിച്ചറിഞ്ഞു.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കൈയ്യാളൻമാരായ മുതലാളിമാർ, ഇത്തരം രഹസ്യയോഗങ്ങൾ മണത്തറിഞ്ഞ് ചെത്തുകാരുടെ വായടപ്പിക്കാനും അവരെ അടിച്ചമർത്താനും തുനിഞ്ഞിറങ്ങി. ചെത്തുകാർക്കെതിരെ പൊലീസിനെ അഴിച്ചുവിടാൻ അവർക്കുകഴിഞ്ഞു. ക്രൂരമർദനങ്ങളും തൊഴിലാളികളുടെ വീടുകയറിയുള്ള ആക്രമണങ്ങളും അവരിൽനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. ഇതിനെ ചെറുക്കാൻ തൊഴിലാളികൾ ഒത്തൊരുമിച്ച് സമരങ്ങൾ നടത്തിയെങ്കിലും അതത്ര വിലപ്പോയില്ല. ചെത്തുതൊഴിലാളി കുടുംബങ്ങളിൽ മനസ്സമാധാനം നഷ്ടപ്പെട്ടു. അപ്പോഴാണ് ഈ പാവങ്ങളുടെ യഥാർഥ ജീവിതസമരം ഉടലെടുക്കുന്നത്. അടിമകളായിരുന്ന അന്തിക്കാട്ടെ ചെത്തുതൊഴിലാളികളിൽ പുത്തൻ ജീവിതത്തിന്റെ കെടാവിളക്ക് കൊളുത്തിവെച്ച വിപ്ലവകാരിയാണ് സഖാവ് ജോർജ് ചടയൻമുറി.
കള്ള് ഉത്പാദിപ്പിക്കുന്ന തെങ്ങിൻപൂക്കുലകൾ വെട്ടി കള്ളുത്പാദനം തടയുക എന്ന സമരപരിപാടിയാണ് പാർട്ടി രഹസ്യമായി തീരുമാനിച്ചത്. അന്തിക്കാട് ബെൽറ്റിലുള്ള ചെത്താനുപയോഗിക്കുന്ന പതിനായിരത്തോളം തെങ്ങുകളുടെ കുലകൾ തൊഴിലാളികൾ ഒറ്റരരാത്രികൊണ്ട് വെട്ടിനിലത്തിട്ടു. ഷാപ്പ് കോൺട്രാക്റ്റർമാർ അക്ഷരാർഥത്തിൽ പകച്ചുപോയി. അന്നേവരെ മുതലാളിമാർക്കെതിരെ ഒന്നു ശബ്ദിക്കാൻപോലും ഭയപ്പെട്ടിരുന്ന ചെത്തുതൊഴിലാളികൾ ഈ കരുത്ത് കാണിച്ചത് സഖാവ് ചടയൻമുറിയുടെ സ്റ്റഡി ക്ലാസുകളിൽ പങ്കെടുത്തതോടെയാണ്. വിവരമറിഞ്ഞ പൊലീസ് തൊഴിലാളികളെ വളഞ്ഞിട്ട് തല്ലി. മുതലാളിമാരുടെ വരുമാനം താത്കാലികമായി നിന്നു. ഇതോടെ ചെത്തുതൊഴിലാളികൾ കൂടുതൽ പട്ടിണിക്കാരായെങ്കിലും അവർ പിടിച്ചുനിൽക്കുകതന്നെ ചെയ്തു.
തണ്ടാശ്ശേരി ഗോപി മാസ്റ്ററുടെ വീട്ടിലാണ് തൊഴിലാളികൾ കുലമുറി സമരത്തിന്റെ ആദ്യയോഗം ചേർന്നത്. തുടർന്ന് സഖാവ് എൻ.പി. ശങ്കരൻ രംഗത്തെത്തി. മുതലാളിമാരുടെ ഗുണ്ടകൾക്കൊപ്പം പൊലീസ് കൂടി ചേർന്ന് അതിഭീകര മർദനം അഴിച്ചുവിട്ടു. തൃശൂരിന്റെ ഇതരഭാഗങ്ങളിൽനിന്നുള്ള സഖാക്കളും അന്തിക്കാട് ചെത്തുതൊഴിലാളി സമരത്തിൽ പങ്കെടുക്കാൻ കൂട്ടംകൂട്ടമായി എത്തി.
എന്റെ ജ്യേഷ്ഠസഹോദരി മാത്തിരിയെ ‘കെട്ടിച്ചയച്ചത്' ഏനാമ്മാവിലെ തൊയക്കാവിലേക്കാണ്. അവരെ കാണാൻ പലകുറി ഞാനവിടെ പോയിട്ടുണ്ട്. അന്ന്, ഏനാമ്മാവ് കടവ് വരെയേ ബസുണ്ടായിരുന്നുള്ളൂ, ഡർബാർ ബസ്. പിന്നെ ചങ്ങാടത്തിൽ വേണം തൊയക്കാവിലെത്താൻ. ധാരാളം യാത്രക്കാർക്കൊപ്പം സഹയാത്രികരായി അവരുടെ പശുവും ആടും കോഴിയും പൂച്ചയുമൊക്കെ ചങ്ങാടത്തിലുണ്ടായിരിക്കും. കടവുകടക്കാൻ ഒരാൾക്ക് പത്തുപൈസയായിരുന്നു അന്ന് കൂലി. തൊയക്കാവിലെത്താൻ പിന്നെയും നടക്കണം. ചകിരി അഴുകാൻ കൂട്ടിയിട്ട അട്ടികളിൽനിന്ന് ഒരു പ്രത്യേക മണം അനുഭവപ്പെടും. സ്ത്രീകൾ ചകിരി തല്ലുമ്പോൾ ഏതോ നാടൻപാട്ട് അവരിൽ നിന്നുയർന്നുകേൾക്കാം. കനോലിക്കനാലിൽ നിന്നടിക്കുന്ന തണുത്ത കാറ്റേറ്റ് രണ്ടു കുപ്പി കള്ളടിക്കുമ്പോൾ എത്ര മനോഹരമാണീ ലോകമെന്ന് തനിയേ തോന്നിപ്പോകും.
ചേറ്റുകത്തി കൈയിലേന്തി നടക്കുന്ന ചെത്തുകാർ ഒരിക്കൽ പോലും സായുധസമരത്തിന് മുതിർന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. പൊലീസിന്റെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും ഭീകരമർദനം സധൈര്യം നേരിട്ട് തുടർച്ചയായി സമരം നടന്ന ഒരു കാലഘട്ടം കൂടിയായിരുന്നു, 1942 മുതൽ 1957 വരെയുള്ള വർഷങ്ങൾ.
ഏനാമ്മാവ്, മണലൂർ, പെരിങ്ങോട്ടുകര, അന്തിക്കാട് പ്രദേശങ്ങളിലെ ചെത്തുതൊഴിലാളി സമരം ചരിത്രരേഖയായി മാറുന്നത് 1941-ൽ ചെത്തുതൊഴിലാളി യൂണിയൻ രൂപംകൊണ്ടതോടെയാണ്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിന്റെയും തൊഴിലാളി സമരചരിത്രത്തിന്റെയും ഓർമകളിൽ ചോരതുടിക്കുന്നതാണ് അന്തിക്കാടെ ചെത്തുതൊഴിലാളി സമരം. സ്ഥിരജോലിക്കും മാന്യമായ കൂലിക്കും വേണ്ടി നടക്കാറുള്ള സാധാരണ സമരം മാത്രമാണെന്ന് ഇതിനെ വിളിച്ചുകൂടാ. സാമ്രാജ്യത്വത്തിനും രാജഭരണത്തിന്റെ കുഴലൂത്തുകാരനായ ദിവാനും അയാളുടെ ഏറാൻമൂളികൾക്കും നേരെയുള്ള പോരാട്ടം കൂടിയായിരുന്നു അത്. ഗാന്ധിയൻ സമരമുറയുടെ സഹിഷ്ണുതയും ലെനിനിസ്റ്റ് പോരാട്ടത്തിന്റെ വിപ്ലവദാർശനികതയും സമന്വയിപ്പിച്ചതായിരുന്നു ചെത്തുതൊഴിലാളി സമരമെന്ന് ചുരുക്കിപ്പറയാം.
ചേറ്റുകത്തി കൈയിലേന്തി നടക്കുന്ന ചെത്തുകാർ ഒരിക്കൽ പോലും സായുധസമരത്തിന് മുതിർന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. സീതാറാംമിൽ സമരവും അളഗപ്പ ടെക്സ്റ്റയിൽ മിൽ സമരവും ആ കമ്പനികൾക്കുള്ളിൽ ഒതുങ്ങിനിന്നപ്പോൾ ഒന്നര- രണ്ട് ദശാബ്ദത്തോളം നീണ്ടുനിന്നതാണ് അന്തിക്കാട്ടെ ചെത്തുകാരുടെ സമരം. ചെത്തുതൊഴിലാളി യൂണിയന്റെ ചരിത്രത്തിൽ, പൊലീസിന്റെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും ഭീകരമർദനം സധൈര്യം നേരിട്ട് തുടർച്ചയായി സമരം നടന്ന ഒരു കാലഘട്ടം കൂടിയായിരുന്നു, 1942 മുതൽ 1957 വരെയുള്ള വർഷങ്ങൾ.
‘കൈ തൊട്ട് വാ വരെയുള്ള ജീവിതം'
ചെത്തുതൊഴിലാളികൾ അനുഭവിച്ചുതീർത്തത് മേലാളന്മാരുടെ കൊടിയ മർദനങ്ങളും പട്ടിണിയും പരിവട്ടവുമാണ്. കള്ളുവിൽപന ലേലം വിളിച്ചാണ് കോൺട്രാക്ടർമാർക്ക് നൽകുക. ഷാപ്പുകൾ ലേലത്തിൽ പിടിച്ച കോൺട്രാക്ടർ, സബ് കോൺട്രാക്ടർമാർ, പൊലീസ്- എക്‌സൈസ് ഉദ്യോഗസ്ഥർ എന്നീ ‘ചതുർമൂർത്തികൾ' ചെത്തുതൊഴിലാളികളുടെ ജീവിതംകൊണ്ടാണ് പന്താടുക. എല്ലാം സഹിക്കാൻ നിർബന്ധിതരായ ആയിരക്കണക്കിന് കുടുംബങ്ങൾ.
പെരിങ്ങോട്ടുകരയിലെ ചെത്തുകാരനായിരുന്ന, 80 വയസ്സുള്ള ചന്ദ്രന്റെ അനുഭവം നോക്കാം.‘‘അന്ന് ഓരോ തവണയും ‘ചെത്ത് കിട്ടാൻ' തൊഴിലാളി സബ്‌കോൺട്രാക്ടറെ സോപ്പിടണം. ഞെക്കിയാൽ നിവരുന്ന, ജപ്പാൻ നിർമിത ശീലയുള്ള, പതിനാറ് വില്ലുകളോടുകൂടിയ, വളഞ്ഞ കാലുള്ള കുടയും ലിംഡ സോപ്പും (ഇപ്പോൾ ഈ വാസനസോപ്പ് വിപണിയിലില്ല) പാരിതോഷികമായി നൽകി അയാളെ തന്റെ വീട്ടിലേക്കാനയിച്ച് ചാരായവും കോഴിയിറച്ചിയുമുൾപ്പെടെയുള്ള സദ്യ നൽകണം. ആ കക്ഷിയുടെ മുന്നിൽ ചെത്തുകാരൻ ഇരിക്കാൻ പാടില്ല. ചെത്തുകാരന് മീശ വയ്ക്കാൻ അനുവാദമില്ല. സബ്‌കോൺട്രാക്ടറുടെ ശിങ്കിടികൾക്ക് ഇടയ്ക്കിടെ വീശാൻ കള്ളും കരിമീൻകറിയും വെച്ച് നൽകണം. ചെത്തുകാരന് കല്യാണം (പെണ്ണ് കൊണ്ടുവരാൻ എന്നാണ് ഈ ഭാഗങ്ങളിൽ ഇതിനെ പറയുക) കഴിക്കാൻ പെണ്ണിന്റെ അച്ഛന് ഷാപ്പുകളുടെ സബ്‌കോൺട്രാക്ടർ എൻ.ഒ.സി. കൊടുക്കണം. കള്ള് ചെത്തി വീടു പുലർത്തേണ്ടിവരുന്ന തൊഴിലാളിക്ക് പെണ്ണു നൽകാൻ അന്ന് ആരും തയ്യാറാകാത്തത് ഇത്തരം ഏടാകൂടങ്ങളുണ്ടായിരുന്നതുകൊണ്ടുതന്നെ.''‘‘മാത്രമല്ല, ഒരു ചെത്തുകാരന്റെ ജീവിതം ‘കൈ തൊട്ട് വാ വരെ' ഒതുങ്ങിനിൽക്കുന്നു. കോൺട്രാക്ടർമാരുടെയും എക്‌സൈസുകാരുടെയും ചൂഷണങ്ങൾക്കുപുറമെ സ്വന്തം സമൂഹത്തിലെ തണ്ടാന്മാരുടെയും പണിക്കന്മാരുടെയും ആട്ടും തുപ്പും ചെത്തുകാർ അനുഭവിക്കേണ്ടിവന്ന ഒരു കാലമായിരുന്നു അത്’’, അല്പം ക്രോധത്തോടെയാണ് ചന്ദ്രൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
എന്റെ സുഹൃത്ത് രവീന്ദ്രൻ തൃശൂർ മുല്ലശ്ശേരി സ്വദേശിയാണ്. ആ അസൽ കമ്യൂണിസ്റ്റ് ബി.എ.യ്ക്കുശേഷം ചെത്തുകാരനായി. വാർധക്യസഹജമായ അസുഖങ്ങൾ വേട്ടയാടിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ, ചെത്തുകാരനായ കുട്ടൻ, മരിച്ചതോടെ കുടുംബത്തിന്റെ പാരമ്പര്യത്തൊഴിലായ കള്ളുചെത്തിലേക്ക് രവീന്ദ്രൻ എത്തിച്ചേരുകയാണുണ്ടായത്. പി.എസ്.സി. ടെസ്റ്റുകൾ പലതും എഴുതിയെങ്കിലും ഫലം അനുകൂലമായില്ല. കല്യാണവും കഴിച്ച് മക്കളും മരുമക്കളുമായി മുല്ലശ്ശേരിയിൽ താമസമാക്കിയ ചെത്തുതൊഴിലാളി രവീന്ദ്രനെ കണ്ടിട്ട് നാളുകളേറെയായി. രവീന്ദ്രൻ പറയാറുള്ള കാര്യങ്ങളിൽ ചെത്തുകാരുടെ അന്നത്തെ ജീവിതമുണ്ട്: ‘‘ചെത്തുതൊഴിലാളിയൂണിയൻ ഉടലെടുക്കുന്നതിനുമുമ്പ് ഞങ്ങളിലെ പല ചെത്തുകാരും ചെത്തുന്ന കള്ളിൽ നിന്ന് അൽപം മാറ്റിവെച്ച് സ്വകാര്യവ്യക്തികൾക്ക് വിൽക്കാറുണ്ടായിരുന്നു, ‘അരിക്കാശിനു’വേണ്ടി. ‘അനധികൃത കള്ളുവിൽപന’ ചെത്തുകാരന്റെ ഭാര്യ, മകൾ, മരുമകൾ തുടങ്ങിയ സ്ത്രീജനങ്ങൾക്ക് സദാചാരഭ്രംശം വരുത്തുമെന്ന കഥകൾ ചിലർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ‘കണവൻ തോണിയിൽ പോയാല്/ അവന് കാവല് നീയാണേ' എന്ന് വയലാർ എഴുതിയതുപോലെ ചെത്തുകാരന്റെ കുടിയിലെ പെണ്ണിന്റെ ‘പാതിവ്രത്യ’ത്തിന് ഭംഗം വന്നാൽ കൽപവൃക്ഷം ക്ഷമിക്കില്ല എന്ന്ചെത്തുകാർക്കിടയിൽ ഒരു പൊതുവിശ്വാസമുണ്ട്. ഇത് കുപ്രചാരകർ മുതലെടുത്തുവെന്നുമാത്രം. അടിസ്ഥാനവിദ്യാഭ്യാസം പോലും ലഭിക്കാൻ അനുവാദമില്ലാത്ത, അല്ലെങ്കിൽ, അതിന് സൗകര്യം ചെയ്യാത്ത ഭരണകൂടവും അവരുടെ കൈയാളന്മാരും ഈ പാവങ്ങളെ തങ്ങൾക്ക് ചൂഷണം ചെയ്യാൻ മാത്രമുള്ള ഉപകരണമായേ കരുതിയിരുന്നുള്ളൂ.
കള്ള് സംഭരിക്കുന്നത് ആരും കാണരുത്, കണ്ടാൽ കണ്ടൂടായ ഉണ്ടാകുമെന്നൊക്കെ ചെത്തുകാർ വിശ്വസിച്ചുപോന്ന ആ കാലത്താണ് സഖാവ് ചടയൻമുറി ചെത്തുതൊഴിലാളി യൂണിയൻ ഉണ്ടാക്കുകയും അവരുടെ ആവശ്യങ്ങൾക്കായി മുന്നിൽനിന്ന് നയിക്കുകയും ചെയ്തത്. അത് വിസ്മയാവഹം തന്നെയായിരുന്നു. ‘‘ചെത്തുന്ന തെങ്ങിൻകുലയിൽ ഉറുമ്പരിച്ച് കള്ള് ശേഖരിക്കുന്ന മാട്ടത്തിൽ വീണാൽ തെങ്ങ് കോപിക്കും’ എന്ന അബദ്ധവിശ്വാസം അവർക്കിടയിലുണ്ടായിരുന്നു. അത് ഒഴിവാക്കാൻ കണിയാരെക്കൊണ്ട് തെങ്ങിന് താഴെ പൂജ ചെയ്യിക്കുന്ന സമ്പ്രദായം ഭാഗ്യവശാൽ ഇപ്പോൾ കാണാനില്ല’’, രവീന്ദ്രൻ പറയുന്നു.
ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന, ആകാശം മുട്ടിയോ എന്ന് സംശയിക്കുംവിധം ഉയരത്തിലുള്ള, തെങ്ങിൽ കയറി കള്ളുചെത്തുമ്പോൾ അപകടം പതിവാണ്. എന്നാൽ ഷാപ്പ് കോൺട്രാക്ടർമാർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പോലും സഹായിക്കില്ല. ചികിത്സയ്ക്ക് നയാപൈസ ചെലവാക്കില്ല. തെങ്ങിൽനിന്ന് വീണ് നട്ടെല്ല് പൊട്ടി കിടന്നകിടപ്പിൽ മരിച്ച ശിവരാമൻ എന്ന, എന്റെ അയൽക്കാരനായ ചെത്തുതൊഴിലാളിയുടെ ദാരുണമായ മുഖം ഇപ്പോഴും ഓർമയുണ്ട്. തൊഴിലാളികൾക്ക് പ്രൊവിഡൻറ് ഫണ്ട്, ബോണസ് എന്നിവ ഇത്തരം സംഭവങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാണ്.
സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ അഹോരാത്രം പ്രയത്നിച്ച അനേകം ചെത്തുതൊഴിലാളികൾ. അവരുടെ കുടിലുകൾ തീയിട്ട ഭരണം- ഇന്നത്തെ ബുൾഡോസർ രാഷ്ട്രീയത്തിന്റെ വ്യത്യസ്ത രൂപമായിരുന്നു അത്.
ആരോമലുണ്ണി എന്ന പത്രപ്രവർത്തകന്റെ ‘നിന്ദിതരുടെ വീരഗാഥ' എന്ന പുസ്തകം അന്തിക്കാട്ടെ ചെത്തുതൊഴിലാളികളുടെ സമരചരിത്രം പറയുന്ന ഉജ്വലകൃതിയാണ്. ചെത്തുകാരുടെ ജീവിതസമരത്തിന്റെയും മനോധൈര്യത്തിന്റെയും ധർമസങ്കടങ്ങളുടെയും നരകയാതനകളുടെയും ഉള്ളറകളിലേയ്ക്ക് സഞ്ചരിക്കുന്ന ഈ പുസ്തകത്തിൽ ആരോമലുണ്ണി ഇങ്ങനെ എഴുതുന്നു: ‘‘ഒരു ദേശത്തിന്റെയും ഒരു ജനതയുടെയും ചെറുത്തുനിൽപ്പിന്റെ കഥയാണ് അന്തിക്കാടിന്റെ സമരം. ഒന്നൊന്നര പതിറ്റാണ്ടുകളോളം നീണ്ടുനിന്ന ചോരചിന്തിയ സമരത്തിൽ പതിനൊന്നുപേർ രക്തസാക്ഷികളായി. അനേകം തൊഴിലാളികൾ പൊലീസ് മർദനമേറ്റ് അവശനിലയിലായി. അന്തിക്കാട്ട് ചടയൻമുറി സ്മാരക മന്ദിരത്തിലുള്ള രക്തസാക്ഷി സ്തൂപത്തിൽ ആ പതിനൊന്നു പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്.''
സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ അഹോരാത്രം പ്രയത്നിച്ച അനേകം ചെത്തുതൊഴിലാളികൾ. അവരുടെ കുടിലുകൾ തീയിട്ട ഭരണം- ഇന്നത്തെ ബുൾഡോസർ രാഷ്ട്രീയത്തിന്റെ വ്യത്യസ്ത രൂപമായിരുന്നു അത്. അധ്വാനിക്കുന്ന ജനവർഗത്തെ പ്രാകൃത മർദനമുറ കൊണ്ട് നിരുത്സാഹപ്പെടുത്താനും അടിച്ചോടിക്കാനും അവരെ മാർജിനലൈസ് ചെയ്യാനും നിരന്തരം ശ്രമിച്ചിരുന്ന പൊലീസും ഭരണകൂടവും. ഒരു കുടുംബത്തിലെ അച്ഛനെയും അമ്മയെയും മകനെയും ഭാര്യയെയും പേരക്കിടാങ്ങളെയും, എന്തിന് ഏഴു വയസ്സുമാത്രം പ്രായമുള്ള പിഞ്ചുകുട്ടിയെവരെ കള്ളുഷാപ്പ് കോൺട്രാക്ടർമാരുടെ ഗുണ്ടകളും പൊലീസും നിർദാക്ഷിണ്യം മർദിച്ച കഥകൾ അന്തിക്കാടിന് പറയാനുണ്ട്.
1942 ജനുവരി രണ്ടിനാണ് ചെത്തുതൊഴിലാളി യൂണിയൻ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ജനുവരി 15-നായിരുന്നു അവരുടെ ആദ്യ പണിമുടക്ക്. 1942, 1946, 1948 വർഷങ്ങളിൽ ചെത്തുകാർ സമരവുമായി രംഗത്തിറങ്ങിയ കാലങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്നു. 1951 പിറന്നതോടെ അന്തിക്കാട് യൂണിയൻ സംഘടിത സാമൂഹ്യശക്തിയായി മാറി. കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചതോടെ ഒളിവിൽ കഴിഞ്ഞിരുന്ന സി. അച്യുതമേനോൻ പിന്നീടുണ്ടായ തെരഞ്ഞെടുപ്പിൽ സുവർണവിജയം നേടി.
വീട് കയറിയുള്ള പൊലീസ് അക്രമം അന്തിക്കാട്ടും സമീപപ്രദേശങ്ങളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് ചെത്തുകാരുടെ വീട്ടിലെ സ്ത്രീകളെ ലൈംഗികാക്രമണത്തിനിരയാക്കി. ഭീഷണികൾക്കുമേലെ ഭീഷണികൾ അരങ്ങേറി. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ.
പണിമുടക്കിന്റെ ആദ്യനാൾ തന്നെ അന്തിക്കാടും പരിസരങ്ങളിലുമുള്ള ചെത്തുതൊഴിലാളികൾക്കുനേരെ മിന്നലാക്രമണമുണ്ടായി. അവരുടെ നേതാക്കളെ ആദ്യം തന്നെ അറസ്റ്റുചെയ്ത് ലോക്കപ്പിലടച്ചു. പൊലീസ് പ്രദേശത്ത് തമ്പടിച്ചു. അവർ മർദനങ്ങൾക്കൊപ്പം തൊഴിലാളികളുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. കെ.പി. പ്രഭാകരനെ (സി.പി.ഐ. നേതാവ് കെ.പി. രാജേന്ദ്രന്റെ അച്ഛൻ) ലോക്കപ്പിലിട്ട് മർദിച്ചു. പണിമുടക്ക് പിൻവലിക്കാനാവില്ലെന്ന് കെ.പി. പറഞ്ഞതോടെ മർദനം ഏറി. തൊഴിലാളികളിൽ നിന്ന് പിരിച്ചെടുത്ത ചില്ലിക്കാശ് മാത്രമാണ് വരാനിരുന്ന തെരഞ്ഞെടുപ്പിന് ചെലവഴിക്കാൻ യൂണിയനുണ്ടായിരുന്നത്. ആയിടെ ഉദയംചെയ്ത കത്തോലിക്കാ പ്രമാണിമാരുടെ നേതൃത്വത്തിലുള്ള ‘കൊച്ചിൻ പാർട്ടി'യുടെ സ്ഥാനാർഥി സി.വി. ആന്റണിയും കോൺഗ്രസ് സ്ഥാനാർഥിയും തെരഞ്ഞെടുപ്പിൽ തോറ്റു തുന്നംപാടി. കെ.പി. പ്രഭാകരൻ വമ്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, പുതിയ എം.എൽ.എ.യെ അംഗീകരിക്കാൻ ക്രിസ്ത്യൻ സഭ തയ്യാറായില്ല. 1953-ൽ നടന്ന അദ്ദേഹത്തിന്റെ അറസ്റ്റ് ഗുണ്ടാ ആക്ട് പ്രകാരമാണെന്നത് ശ്രദ്ധേയമാണ്.
കുലമുറി സമരം ഗവൺമെൻറിന് അപമാനമുണ്ടാക്കി എന്ന തോന്നലിൽ നിന്നാണ് അന്തിക്കാട് ഫർക്കയിൽ 144 നിയമവും കർഫ്യൂവും പ്രഖ്യാപിച്ചത്. ഇതോടെ പൊലീസും ദേശപ്രമാണികളായ കോൺട്രാക്ടർമാരും എക്‌സൈസ് ഉദ്യോഗസ്ഥരും ഗുണ്ടകളും തോളോടുതോൾ ചേർന്ന് ചെത്തുകാർക്കുനേരെ തിരിഞ്ഞു. കുലമുറി സമരവും പിന്നീടുണ്ടായ പണിമുടക്കുമെല്ലാം ചേർത്ത് പാവപ്പെട്ട ചെത്തുതൊഴിലാളികളുടെ വീട് കയറിയുള്ള പൊലീസ് അക്രമം അന്തിക്കാട്ടും സമീപപ്രദേശങ്ങളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് ചെത്തുകാരുടെ വീട്ടിലെ സ്ത്രീകളെ ലൈംഗികാക്രമണത്തിനിരയാക്കി. ഭീഷണികൾക്കുമേലെ ഭീഷണികൾ അരങ്ങേറി. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കുടിലുകളുടെ വാതിൽ ചവിട്ടിത്തുറന്ന് പൊലീസ് അവരെ കീഴ്‌പ്പെടുത്തി, ആക്രമിച്ചു.
ആരോമലുണ്ണി അതേക്കുറിച്ച് ഇങ്ങനെ എഴുതി: ‘‘നിശാനിയമത്തിൽ രാത്രി ആരും പുറത്തിറങ്ങരുതെന്നുമാത്രമാണ് അനുശാസിക്കുന്നത്. എന്നാൽ, വീടുകൾ അടച്ചുപൂട്ടി കിടന്നുറങ്ങാൻ റോന്തുചുറ്റുന്ന പൊലീസും പട്ടാളവും ചെത്തുകാരെ അനുവദിച്ചില്ല. സ്വാതന്ത്ര്യം ലഭിച്ചശേഷവും ഈ നില തുടർന്നപ്പോൾ ജനങ്ങൾ ആയുധമേന്തി പൊലീസിനെ നേരിടാനൊരുങ്ങി. ആലപ്പാട്ട്, പുള്ള്, ചാഴൂർ, അന്തിക്കാട്, താന്ന്യം തുടങ്ങിയ പ്രദേശങ്ങളിൽ ജനം എന്തുംവരട്ടെ എന്ന ചിന്തയോടെ ഒരുങ്ങിനിന്നു. അതോടെ പൊലീസും പട്ടാളവും അവരുടെ നിയമവിരുദ്ധമായ ചെയ്തികളിൽ നിന്ന് സ്വയം പിന്മാറുകയാണുണ്ടായത്.''
1947-ൽ സ്വാതന്ത്ര്യം ലഭിച്ച് അഞ്ചാറുദിവസങ്ങൾക്കുശേഷമാണ് കർഫ്യൂ പിൻവലിച്ചതും അന്തിക്കാട്ടുകാർക്ക് ആഹ്ലാദിക്കാൻ അവസരമുണ്ടായതെന്നും ഓർക്കണം. കർഫ്യൂ കൊണ്ടൊന്നും ചെത്തുതൊഴിലാളിസമരവീര്യം അടിച്ചമർത്താൻ പൊലീസിനോ പട്ടാളത്തിനോ കഴിഞ്ഞില്ല. കേരളത്തിന്റെ ഇതരഭാഗങ്ങളിൽ നിന്ന് ‘ഇറക്കുമതി'ക്കള്ള് വിറ്റിരുന്ന ഷാപ്പുകൾ പിക്കറ്റ് ചെയ്യാൻ യൂണിയൻ പരിപാടിയിട്ടു. സമരം അടിച്ചമർത്തിയെന്ന ധാരണുണ്ടായിരുന്ന ഗവൺമെൻറ് - പൊലീസ് - കോൺട്രാക്ടർ കൂട്ടുകെട്ടിനെ ഞെട്ടിക്കുംവിധം ടോക്കൺ പിക്കറ്റിങ് ആരംഭിക്കാൻ പാർട്ടി തീരുമാനിച്ചു. നിശ്ചിതദിവസം പിക്കറ്റ് തുടങ്ങി. തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ ‘കരിങ്കാലികൾ’ നടത്തിയിരുന്ന ഷാപ്പിനുമുന്നിൽ എങ്ങുനിന്നോ പൊട്ടിവീണപോലെ ചെങ്കൊടിയേന്തി ചെത്തുതൊഴിലാളികളെത്തി. അവരുടെ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ മേഘഗർജനം പോലെ മുഴങ്ങി. വിവരമറിഞ്ഞ് പൊലീസ് പാഞ്ഞെത്തിയെങ്കിലും അവർക്ക് തൊഴിലാളികളെ ഒന്ന് തൊടാൻപോലും കഴിഞ്ഞില്ല. പാർട്ടി മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് പൂങ്കുന്നം സീതാറാം മില്ലിലെ സ്ത്രീത്തൊഴിലാളികളുടെ വമ്പിച്ച കൂട്ടം അവിടെത്തിയിരുന്നു. സമരക്കാർ സ്ത്രീവ്യൂഹത്തിൽ കയറിയതോടെ പൊലീസിന് അവരെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞില്ല. കൂടുതൽ ചെത്തുകാർ സമരവീഥിയിൽ എത്തിക്കൊണ്ടിരുന്നു, രോഷാകുലരായ അധികാരികൾ യൂണിയനെ നിരോധിച്ച്ഉത്തരവിറക്കി. യൂണിയനാകട്ടെ നിരോധനത്തിന് പുല്ലുവില കൽപിച്ചില്ല.
പൊലീസ് അറസ്റ്റു ചെയ്തവരെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ജയിലിന്റെ ഗോപുരമുകളിലുള്ള മുറി താത്കാലിക കോടതിയാക്കി. ജയിൽ സൂപ്രണ്ടിന്റെ അനുവാദമില്ലാതെ അവിടെ ആർക്കും പ്രവേശനമില്ലായിരുന്നു. കമ്യൂണിസ്റ്റ് അനുഭാവികളായ അഭിഭാഷകർക്ക് ആർക്കും കേസ് വാദിക്കാൻ എത്താനായില്ല. എന്നാൽ അഡ്വ. കെ.എം. ജോൺ അതിന് തയ്യാറായി, ചെത്തുതൊഴിലാളികൾക്കായി വാദിച്ചു. പ്രതികളായിരുന്ന 238-ൽ 231 പേരെ താത്കാലിക കോടതി വിട്ടയച്ചു. കെ.ജി. കേളൻ, പി.എസ്. ചാത്തുമാസ്റ്റർ തുടങ്ങി ഏഴുപേർക്ക് ശിക്ഷ വിധിച്ചു. അന്തിക്കാട്ടുകാർ അഡ്വ. ജോണിനെക്കുറിച്ചോർക്കുക, ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണ്.
‘ദി ഗ്രെയ്റ്റ് മീഡിയ വർക്ക്’
പൊലീസ് മർദനങ്ങളും ചെത്തുതൊഴിലാളികളുടെ നരകയാതനകളും പത്രങ്ങൾ പ്രാമുഖ്യം നൽകി പ്രസിദ്ധീകരിച്ചു. തൃശൂരിൽ നിന്നുള്ള മലയാളം എക്സ്പ്രസും എറണാകുളത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ദീപവും വായനക്കാർക്കിടയിൽ ഒരു സോഷ്യൽ ഇംപാക്ട് ഉണ്ടാക്കാൻ പരമാവധി ശ്രമിച്ചു. കൊച്ചിയിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളായിരുന്ന പി.കെ. ഡീവറും ചൊവ്വര പരമേശ്വരനും യൂണിയൻ നിരോധിച്ചതിൽ ഗവൺമെന്റിനെ കുറ്റപ്പെടുത്തി രംഗത്തുവന്നതോടെ കേരളരാഷ്ട്രീയം ഇളകിമറിഞ്ഞു. നാടിന് നല്ലൊരു റവന്യൂ ഉണ്ടാക്കാൻ സഹായിക്കുന്ന ചെത്തുതൊഴിലാളികളെ ചവിട്ടിത്താഴ്ത്താനുള്ള ശ്രമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും പ്രമുഖരും രംഗത്തെത്തി. അബ്കാരിരംഗം ശക്തിപ്പെടുത്താനും ചെത്തുതൊഴിലാളി യൂണിയൻ നിരോധനം നീക്കണമെന്നും പല കോണിൽ നിന്നും ആവശ്യമുയർന്നു.
ഈയടുത്തദിവസങ്ങളിൽ അന്തിക്കാട്ട് പ്രദേശത്ത്ഞാനൊരു ഓട്ടപ്രദക്ഷിണം നടത്തി. ആദ്യകാലങ്ങളിലുണ്ടായിരുന്ന ഓലമേഞ്ഞ കുടിലുകൾ കാണാനില്ല, പകരം, രമ്യഹർമ്യങ്ങൾ. ചെത്തുകാരുടെ മക്കളിൽ പലരും സർക്കാർ ഉദ്യോഗസ്ഥരും ബാങ്കിങ്- ഐ.ടി. രംഗത്ത് ജോലി ചെയ്യുന്നവരുമാണ്.
ചെത്തുതൊഴിലാളികളെ തല്ലിയൊതുക്കാമെന്ന ചിന്ത വ്യാമോഹമാണെന്ന് അതോടെ സർക്കാരിന് ബോധ്യമായി. അവർ തന്നെ ഇടപെട്ട്, തൊഴിലാളികൾക്ക് ഷാപ്പുടമകൾ കൂടുതൽ കൂലി നൽകണമെന്ന ചട്ടമുണ്ടാക്കി. കൂടാതെ ചെത്തുതൊഴിലാളികളുടെ പ്രശ്‌നങ്ങളും സാമ്പത്തികസ്ഥിതിയും പരിശോധിക്കാനും പഠിക്കാനും 1955-ൽ കമീഷനെ നിയോഗിച്ചു. റിപ്പോർട്ട് ചെത്തുകാർക്ക് അനുകൂലമായിരുന്നു. ‘തെങ്ങ് പാട്ട’വും ബോണസും മറ്റാനുകൂല്യങ്ങളും ഷാപ്പുടമ നൽകണമെന്നും മറ്റുമുള്ള റിപ്പോർട്ടിലൂടെ കുലമുറി സമരവും തുടർന്നുണ്ടായ പണിമുടക്കും ചെത്തുതൊഴിലാളി വർഗത്തിന്റെ വൻവിജയമായി മാറി. 1957-ൽ കേരളത്തിൽ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നതോടെയാണ് ചെത്തുകാരുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിച്ച് നടപടിയുണ്ടായത്. ഇന്നിപ്പോൾ ചെത്തുകാർക്ക് വരുമാനത്തിൽ കുറവില്ല. അവർക്ക് സഹകരണസംഘങ്ങളും ബാങ്കിങ് സ്ഥാപനങ്ങളുമൊക്കെയുണ്ട്.
നീണ്ടകാലയളവിനുശേഷം, ഈയടുത്തദിവസങ്ങളിൽ അന്തിക്കാട്ട് പ്രദേശത്ത്ഞാനൊരു ഓട്ടപ്രദക്ഷിണം നടത്തി. ആദ്യകാലങ്ങളിലുണ്ടായിരുന്ന ഓലമേഞ്ഞ കുടിലുകൾ കാണാനില്ല, പകരം, രമ്യഹർമ്യങ്ങൾ. റോഡുകൾ ടാറിട്ട് യാത്ര സുഗമമാക്കിയിരിക്കുന്നു. വിജനമായിരുന്ന വഴിയോരങ്ങളിൽ പുതിയ കെട്ടിടങ്ങൾ. ചെത്തുകാരുടെ മക്കളിൽ പലരും സർക്കാർ ഉദ്യോഗസ്ഥരും ബാങ്കിങ്- ഐ.ടി. രംഗത്ത് ജോലി ചെയ്യുന്നവരുമാണ്. ഒരുപാടുപേർ ഗൾഫിൽ പോയി പണമുണ്ടാക്കി. തൃശൂരിലെ തീരപ്രദേശങ്ങളെ ‘കേരള ഗൾഫ്' എന്ന് പലരും വിശേഷിപ്പിക്കുന്നു. ഒരു ടൗൺഷിപ്പിന്റെ പ്രതീതി അന്തിക്കാട്ട് അനുഭവപ്പെടും. സ്വർണാഭരണക്കടകൾ, വസ്ത്രവ്യാപാരം, മൊബൈൽ വില്പന കടകൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ വിൽക്കുന്ന കേന്ദ്രങ്ങൾ തുടങ്ങിയവ ഇവിടെ ഉടനീളം കാണാം. സഖാവ് ജോർജ് ചടയൻമുറി സ്മാരകമന്ദിരത്തിലെ സ്തൂപത്തിൽനിന്ന് ചെത്തുതൊഴിലാളി സമരത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പേരുകൾ മാഞ്ഞുപോയിട്ടില്ല. ഈ ദേശത്തിനും ഇവിടുത്തെ അധ്വാനവർഗത്തിന്റെ ത്യാഗോജ്വല സമരത്തിനും ഒരു റെഡ് സല്യൂട്ട്.
കള്ള്, കുപ്പി ഒന്നിന് ആറുരൂപ
തൃശൂർ കേരളവർമ കോളേജിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി കള്ളിന്റെ രുചി നോക്കുന്നത്. ലോകത്തിലെ ഏറ്റവും സ്വാദുള്ള മദ്യം കള്ളാണെന്ന് കാർട്ടൂണിസ്റ്റ് അബു അബ്രഹാം പറഞ്ഞത് വെറുതെയല്ല എന്നപ്പോൾ തോന്നിപ്പോയി. ഏനാമ്മാവ് ഭാഗത്തുള്ള പറമ്പന്തളിയിൽ ഉത്സവം നടക്കുന്ന ദിവസമായിരുന്നു അന്ന്. ഞാനും ടാക്സി ഡ്രൈവറായ സുഹൃത്ത് മണിയുമൊത്താണ് ഷാപ്പിലെത്തിയത്. സമയം രാവിലെ പത്തിനോടടുത്തിട്ടുണ്ട്. അപ്പോൾ ചെത്തിയെടുത്ത കള്ളും കായ മെഴുക്കുപുരട്ടിയും ചുട്ട പപ്പടവുമുള്ള ആ കോമ്പിനേഷന് നല്ല സ്വാദായിരുന്നു. അവിടെ അന്ന് പ്രദർശിപ്പിച്ചിരുന്ന ബോർഡിൽ കള്ള് കുപ്പി ഒന്നിന് ആറുരൂപ എന്നാണ് കണ്ടത്.
സാധാരണക്കാരുടെ മദ്യമായ തെങ്ങിൻകള്ളിന് ഇപ്പോൾ ലിറ്ററിന് 150 രൂപയെന്നാണ് അറിവ്. കള്ളുചെത്തുകാരുടെ സഹകരണസംഘം ‘നവീന ടോഡി പാർലർ' തൃശൂർ എം.ജി. റോഡിൽ ആരംഭിച്ചത് ഓർമ വരുന്നു. സാമാന്യം വലിയ കെട്ടിടത്തിൽ തുടങ്ങിയ ആ ടോഡി പാർലർ ഞങ്ങൾ വിദ്യാർഥികളുടെ ഹബ്ബ് ആയിരുന്നു. കയ്പക്ക, കൂർക്ക, കായ എന്നീ നാടൻവിഭവങ്ങൾക്കുപുറമെ അവിടെ ചാള വറ്റിച്ചതും, പോർക്കിറച്ചി വരട്ടിയതും വിറ്റിരുന്നു. എന്തോ കാരണവശാൽ അന്തിക്കാടിന്റെ അല്ലിക്കള്ള് വിൽപനകേന്ദ്രം പെട്ടെന്ന് നിർത്തിവെച്ചു. ഈയിടെ കൽപകവാടി എന്ന പുതിയ പേരിൽ കള്ള് വില്പനകേന്ദ്രങ്ങൾ, ഔട്ട്‌ലെറ്റുകൾ തൃശൂർ ഗുരുവായൂർ റോഡിലും എറണാകുളത്തും ആരംഭിച്ചിട്ടുണ്ട്.
ഗോവക്കാരുടെ ഫെനി പോലെ കേരളത്തിന്റെ മദ്യം അതിന്റേതായ ഒരു ഐഡൻറിറ്റി ഉണ്ടാക്കിയെടുത്തിരിക്കുന്നു. ടൂറിസം മേഖല വികസിപ്പിക്കാൻ നല്ല കള്ളുവിൽപ്പനകേന്ദ്രങ്ങൾ ഉണ്ടാകണമെന്ന് ചില പ്രമുഖർ ഈയിടെ പറഞ്ഞുകേട്ടു. വൃത്തിഹീനമായ പഴയകാല കള്ളുഷാപ്പുകൾ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളെ അകറ്റിനിർത്തുകയാണ്. കൽപകവാടി പോലുള്ള സ്ഥാപനങ്ങൾ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.