കോവിഡ് കാലത്ത് രൂക്ഷമായ തൊഴിൽനഷ്ടം, കോവിഡിനുശേഷവും തുടരുന്നതായി റിപ്പോർട്ട്. സ്വതന്ത്ര ബിസിനസ് ഇൻഫോർമേഷൻ കമ്പനിയും സാമ്പത്തിക തിങ്ക് ടാങ്കുമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (CMIE) പുറത്തുവിട്ട, രാജ്യത്തെ തൊഴില്ലില്ലായ്മയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. ഇതനുസരിച്ച്, 2022 ജൂണിൽ തൊഴിലില്ലായ്മാ നിരക്ക് 7.80 ശതമാനമായി ഉയർന്നതായി കണ്ടെത്തി. കോവിഡ് ലോക്ക്ഡൗണുകൾക്ക് ശേഷമുള്ള ഈ വർധന ആശങ്കജനകമാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
പട്ടികയനുസരിച്ച്, നഗര പ്രദേശങ്ങളെക്കാൾ ഗ്രാമ പ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് രൂക്ഷം. 2022 മേയിൽ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മാനിരക്ക് 6.62 ശതമാനമായിരുന്നെങ്കിൽ ജൂണിൽ ഇത് 8.03 ശതമാനമായി. കാർഷിക മേഖലയിൽ മാത്രം 80 ലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടായി. അതേസമയം, നഗരങ്ങളിൽ 8.21 ശതമാനമുണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 7.30 ശതമാനമായി കുറഞ്ഞു.
ജൂണിൽ 13 ദശലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായും തൊഴിലില്ലാത്തവരുടെ എണ്ണം മൂന്ന് ദശലക്ഷമായി വർദ്ധിച്ചതായും സി.എം.ഐ.ഇ മാനേജിങ്ങ് ഡയറക്ടർ മഹേഷ് വ്യാസ് പറഞ്ഞു.
"ലോക്ക്ഡൗൺ അല്ലാത്ത മാസങ്ങളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിത്. പൊതുവെ ഗ്രാമപ്രദേശങ്ങളിൽ കാർഷികവൃത്തികളിൽ കുറവുവരുന്ന കാലമാണിത്. ജുലൈയിൽ വിളവെടുപ്പ് നടക്കുന്നതോടെ ഈ സീസണൽ നിരക്കിൽ മാറ്റം വരാം’, മഹേഷ് വ്യാസ് അഭിപ്രായപ്പെട്ടു.
അതേസമയം, ജൂണിൽ, ശമ്പളക്കാരായ 25 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 30.6 ശതമാനം തൊഴില്ലിലായ്മാ നിരക്കുള്ള ഹരിയാനയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. രാജസ്ഥാൻ (29.8%) അസം (17.2%) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കേരളത്തിൽ 5.3 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. മധ്യപ്രദേശ് (0.5%), പുതുച്ചേരി(0.8%), ഒഡീഷ (1.2%), ചത്തീസ്ഗഢ് (1.2%) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങൾ. തമിഴ്‌നാട്ടിലും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് (2.1) രേഖപ്പെടുത്തിയത്.
നേരത്തെ 2022 ജനുവരി മുതൽ എപ്രിൽ വരെയുള്ള ഡാറ്റ വെച്ച് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി തൊഴിലില്ലായ്മയുടെ സ്റ്റാറ്റിസ്റ്റിക്‌സ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി ഒന്ന് മുതൽ എപ്രിൽ 30 വരെയുള്ള കാലയളവിലാണ് ‘unemployment in India, a statistical profile ' ന്റെ 19-ാംപതിപ്പിന്റെ സർവ്വേരീതിയിലൂള്ള വിവരശേഖരണം നടന്നത് . 15 വയസ്സോ അതിനുമുകളിലോ പ്രായമുള്ളവരിലെ തൊഴിൽശക്തി, തൊഴിൽ പങ്കാളിത്ത നിരക്ക്, തൊഴിലില്ലായ്മ നിരക്ക് എന്നീ സൂചകങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. സ്ട്രാറ്റിഫഡ് മൾട്ടി സ്റ്റേജ് സർവേയിലൂടെ വിവിധ സംസ്ഥാനങ്ങളിലെ 522000 പേരാണ് പഠനത്തിൽ ഉൾപ്പെട്ടത്.
റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ തൊഴിൽ പങ്കാളിത്ത നിരക്ക് 39.71 ശതമാനമാണ്. അതിൽ നഗരങ്ങളിൽ 37.4 ശതമാനവും ഗ്രാമങ്ങളിൽ 40.9 ശതമാനവുമാണ് രേഖപ്പെടുത്തിയത്. ഇതിനെ ലിംഗപരമായി പരിശോധിക്കുമ്പോൾ രാജ്യത്തെ തൊഴിൽ പങ്കാളിത്ത നിരക്കിൽ പുരുഷമാർ 66.4 ശതമാനവും സ്ത്രീകൾ 9.0 ശതമാനവുമാണുള്ളത്. ഗ്രാമങ്ങളിൽ 10.1%വും നഗരങ്ങളിൽ 6.7 %വുമാണ് സ്ത്രീപങ്കാളിത്തമുണ്ടായിരുന്നത്.
അതേസമയം, ജനുവരി- എപ്രിൽ കാലയളവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 7.43 ശതമാനമായിരുന്നു. നഗരങ്ങളിൽ 7.8 ശതമാനവും ഗ്രാമങ്ങളിൽ 7.2 ശതമാനവുമാണ് രേഖപ്പെടുത്തിയത്. തൊഴിലില്ലായ്മാ നിരക്കിൽ സ്ത്രീകൾ 14.8 ശതമാനമാണുണ്ടായിരുന്നത്. ഇതിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും യഥാക്രമം 20.4%വും 12.9%വുമാണുള്ളത്. കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് നഗരങ്ങളിൽ 6.7 ശതമാനവും ഗ്രാമങ്ങളിൽ 6.0 ശതമാനവുമാണ്.