മനുഷ്യരുടെ ഒരു ഉറുമ്പുവരി, നീണ്ട നിലവിളി

ആശ്രയമറ്റ് പിറന്ന നാടുകളിലേക്ക് വെറും ശരീരങ്ങളായി പലായനം ചെയ്യുന്ന മനുഷ്യരെ കാണാനും കേൾക്കാനും കഴിയാത്ത ഒരു സമൂഹത്തെ, അതിന്റെ ഭരണകൂടങ്ങളെ നാം എങ്ങിനെ വിശേഷിപ്പിക്കും? സമകാലിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും മനുഷ്യത്വഹീനവുമായ ഒരു അധ്യായത്തെക്കുറിച്ചാണ് ഈ കുറിപ്പ്.

റ്റുള്ളവരോടൊത്തുള്ള (വൈറസുകളടക്കം) നമ്മുടെ ഭൂമിയിലെ ജീവിതത്തിനും, അവരുമായി നാം പങ്കിടുന്ന വിധിയ്ക്കും നമ്മൾ ഇവിടെ ഇപ്പോൾ ഉത്തരം പറയേണ്ടതുണ്ട്. ഈ പകർച്ചവ്യാധിക്കാലം മനുഷ്യവംശത്തോട് അത്തരത്തിലുള്ള ഒരു അനുശാസനമാണ് മുന്നോട്ടു വെക്കുന്നത്. എന്തെന്നാൽ നമ്മൾ ഒരിക്കലും മറ്റു ജീവിവംശങ്ങളുമായി ഒത്തുജീവിക്കാൻ പഠിച്ചില്ല, ഭൂമിയുടെ ശ്വാസകോശത്തിനും ശരീരത്തിനും മനുഷ്യരെന്നനിലയിൽ നമ്മളേൽപിക്കുന്ന നാശത്തെക്കുറിച്ച് നമ്മൾ ഒരിക്കലും ശരിക്കും ആകുലരായില്ല. അതുകൊണ്ട്, നമ്മൾ ഒരിക്കലും എങ്ങിനെ മരിക്കണമെന്ന് പഠിച്ചതുമില്ല.

ശ്വസിക്കാനുള്ള സാർവ്വത്രിക അവകാശം

കോവിഡ് കാലത്ത് നമ്മൾ കണ്ട ഹൃദയഭേദകമായ ദൃശ്യം, പാർപ്പിടങ്ങളിൽ നിന്ന് ആശ്രയമറ്റ് പിറന്ന നാടുകളിലേക്ക് പലായനം ചെയ്യുന്ന മനുഷ്യരുടേതാണ്. ഡൽഹിയിൽനിന്നും മറ്റ് ഇന്ത്യൻ മഹാനഗരങ്ങളിൽ നിന്നും കെട്ടും ഭാണ്ഡവുമായി കുട്ടികളെയുമേന്തി കാൽനടയായി പോകുന്ന ആയിരക്കണക്കിന് മനുഷ്യരുടെ മുഖങ്ങളുടെയും ശരീരങ്ങളുടെയും നിലയ്ക്കാത്ത ഒഴുക്കിന്റെ ദൃശ്യം. ഏതാനും ദിവസങ്ങൾക്കുമുമ്പുവരെ മുംബൈ, ഡൽഹി പോലുള്ള മഹാനഗരങ്ങളിൽ ജോലിചെയ്തു ഉപജീവനം നേടിയിരുന്നവരാണ് ഈ പ്രവാസിതൊഴിലാളികളെല്ലാം.

തങ്ങൾ പണിതുണ്ടാക്കിയ, വിയർപ്പും രക്തവും നൽകി വളർത്തി നിലനിർത്തിക്കൊണ്ടിരിക്കുന്ന നഗരത്താൽ തള്ളപ്പെട്ട് നഗരവാഴികളാൽ തള്ളപ്പെട്ട് , ഉപേക്ഷിക്കപ്പെട്ട്, സ്വന്തം ഗ്രാമത്തിന്റെ ദിശയിലേക്കുള്ള, എന്ന് അവിടെ എത്തിച്ചേരും എന്ന് ഒരുറപ്പുമില്ലാത്ത, ഒരു നടത്തത്തിലാണവർ

തങ്ങൾ പണിതുണ്ടാക്കിയ, വിയർപ്പും രക്തവും നൽകി വളർത്തി നിലനിർത്തിക്കൊണ്ടിരിക്കുന്ന നഗരത്താൽ തള്ളപ്പെട്ട് നഗരവാഴികളാൽ തള്ളപ്പെട്ട്, ഉപേക്ഷിക്കപ്പെട്ട്, സ്വന്തം ഗ്രാമത്തിന്റെ ദിശയിലേക്കുള്ള, എന്ന് അവിടെ എത്തിച്ചേരും എന്ന് ഒരുറപ്പുമില്ലാത്ത, ഒരു നടത്തത്തിലാണവർ.

അവരിൽ ഭൂരിപക്ഷവും ഇപ്പോഴും നടന്നുകൊണ്ടിരിക്കയാണ്, എന്നു മാത്രമല്ല അവരുടെ കൂടെ പുറപ്പെട്ട പലരും വഴിയിൽ വിശന്നുവലഞ്ഞും, അപകടത്തിൽപ്പെട്ടും മരിച്ചു, ചിലർ തളർന്നുവീണു, ചിലർ പ്രസവിച്ചു, ചിലർ അവരെത്തിയ ഇടത്ത് ഇപ്പോഴും എന്തുചെയ്യണം - മുന്നോട്ടുപോകണോ മടങ്ങിപ്പോകണോ - എന്നറിയാതെ തങ്ങിക്കിടന്നു. പലരെയും പൊലീസ് അടിച്ചോടിച്ചു, ഒരുപാടുപേർ അതിർത്തികളിൽ കാത്തുകെട്ടിക്കിടക്കുന്നു, മറ്റുചിലരെ തട്ടിക്കൂട്ടിയ, ഒന്നിനും ഉറപ്പില്ലാത്ത, ക്യാമ്പുകളിൽ തടവിലാക്കിയിരിക്കുന്നു. അവർ കടന്നുപോകുന്ന ഇടങ്ങളിലായാലും, ലക്ഷ്യസ്ഥാനത്തെത്തിയാൽ അവിടെയും ഇവർ രോഗബാധിതരാണോ എന്ന സംശയഭൂതവും അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ദിവസങ്ങളായി നാട്ടിലേക്ക് നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവാസികുടുംബം പത്രപ്രവർത്തകരോട് പറഞ്ഞതുപോലെ, കൊറോണ പിടിച്ച് മരിക്കയാണെങ്കിൽ തന്നെ അത് സ്വന്തം നാട്ടിലാവുന്നതല്ലേ നല്ലത്, എന്തിന് ഞങ്ങൾ നഗരത്തിൽ കിടന്ന് മരിക്കണം? ഇന്ന് ഇന്ത്യയിൽ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിന്റെ മുന്നിലുള്ള ഏക തിരഞ്ഞെടുപ്പ് ഇതായി തീർന്നിരിക്കുന്നു. ആരും തിരിഞ്ഞുനോക്കാനില്ലാത്ത, ജോലിയോ വേതനമോ തരാത്ത, അടിയന്തരഘട്ടങ്ങളിൽ പോലും സൂചികുത്താനിടം നൽകാത്ത, ഒരുവിധ സാമൂഹ്യസുരക്ഷാവലയിലും അവരെ ഉൾക്കൊള്ളിക്കാത്ത, നഗരം എന്ന് നമ്മൾ വിളിക്കുന്ന ഒരിടത്ത് അവർ എന്തിനു കഴിയണം? (ഈ വാക്കിന്റെ രണ്ടർഥത്തിലും). നഗരം എന്നാൽ "ഒത്തുചേരൽ സാധ്യമാക്കുന്നത്', "സ്ഥാവരമായ നിർമ്മാണങ്ങൾ ധാരാളമായുള്ളത്', "മനുഷ്യർ കൂടിച്ചേരുന്ന ഇടം' (നൃഗര) എന്നൊക്കെ അർഥങ്ങളുണ്ട്. പ്രവാസികൾ ഇല്ലാതെ നിർമ്മാണങ്ങൾ ഏതുനഗരത്തിലാണ് സാധ്യമാകുന്നത്?

ജീവന്മരണയാത്ര
സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴുദശാബ്ദം പിന്നിട്ട, ഒരു ജനാധിപത്യരാഷ്ട്രത്തിലാണ് ഇത് സംഭവിക്കുന്നത്. നമ്മിലെ മനുഷ്യത്വരാഹിത്യത്തിന്റെ ആഴങ്ങൾ വെളിപ്പെടുത്തുന്ന സന്ദർഭമാണിത്. മാനുഷികത, ജനാധിപത്യം, തുല്യത, നീതി, അവകാശം, തുടങ്ങിയ സങ്കൽപനങ്ങൾ നമ്മുടെ സമൂഹത്തിൽ, നമ്മിൽ എത്രകണ്ട് അമൂർത്തവും അപൂർവ്വവും അസാധ്യവും വിദൂരവും ആണെന്നുകൂടി സമൂഹവും ഭരണകൂടവും അവരോട് കാണിക്കുന്ന അവജ്ഞയിൽ വെളിപ്പെടുന്നുണ്ട്.
ആലോചിച്ചു നോക്കൂ, ഇന്ന് നമ്മളൊക്കെ ജീവിച്ചിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നഗരത്തിൽ ഉപജീവനം കഴിക്കുന്ന ഒരു കൂട്ടം മനുഷ്യർ അവരുടേതല്ലാത്ത കാരണത്താൽ, തങ്ങൾ ജോലിചെയ്തുജീവിക്കുന്ന സ്ഥലത്ത് നിൽക്കാൻ കഴിയാതെ അഞ്ഞൂറോ ആയിരമോ കിലോമീറ്റർ അകലെയുള്ള സ്വന്തം നാട്ടിലേക്ക് കാൽനടയായി പോകാൻ തീരുമാനിക്കുന്ന കാര്യം, അത്തരം ഒരു തീരുമാനം എടുക്കേണ്ടി വരുന്ന സാഹചര്യം, അതിലെ ഗതികേട്, അവർ ആട്ടിപ്പായിക്കപ്പെടുന്നതോ ഒന്നിനും ഒരുറപ്പുമില്ലാത്ത ഒരു യാത്രയിലേക്കും, എല്ലായിടത്തും ലോക്ഡൗൺ. ലോക്ഡൗൺ സംഘർഷങ്ങളും സംശയങ്ങളും ഭീതിയുമുള്ള സ്ഥലങ്ങളിലൂടെയാണ് അവർ ഈ പൊരിവെയിലത്ത് നടന്നുനീങ്ങുന്നത്! ഭരണകൂടത്തെയും അതിന്റെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളെയും മുന്നറിയിപ്പുകളെയും നിയമപാലകരേയും എല്ലാം അവഗണിച്ച് ഇവർ ഇത്തരം ഒരു ജീവന്മരണയാത്രയ്‌ക്കൊരുങ്ങണമെങ്കിൽ അതിനവരെ പ്രേരിപ്പിക്കുന്നത് അവർ നഗരജീവിതത്തിൽനിന്നുതന്നെ പഠിച്ച പാഠങ്ങളായിരിക്കണം.
ആയിരം കിലോമീറ്റർ നടക്കാം എന്ന് ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന മനസ്സ്, ചോദന എന്തായിരിക്കും? നീണ്ടുനീണ്ടുപോകുന്ന, ഒരുപക്ഷെ ഒരിക്കലും അവസാനിക്കാത്ത, അവസാനമെത്താൻ കഴിയുമെന്നുറപ്പില്ലാത്ത ആ പാതയിലേക്ക് കെട്ടും ഭാണ്ഡവുമായി, കുഞ്ഞുകുട്ടികളുമായി, ഇറങ്ങുന്ന ആ മാനസികാവസ്ഥ എന്തായിരിക്കും? നിങ്ങളോ ഞാനോ ഒരിക്കലും ചെയ്യാൻ തുനിയാത്ത ആ സാഹസം അയാൾ ചെയ്യുന്നത് എന്തുകൊണ്ടാണ്? താൻ കഴിഞ്ഞിരുന്ന നഗരത്തിന്റെ കരുണയില്ലായ്മയെക്കുറിച്ചുള്ള ബോധ്യമുള്ളതിനാലോ? മറ്റൊരു വഴിയില്ലാത്തതുകൊണ്ടാണോ? മനഃക്കണ്ണിൽ കാണുന്ന ആ നീണ്ട പാത അവരെ ഭയപ്പെടുത്താത്തത്, പിന്തിരിപ്പിക്കാത്തത് എന്തുകൊണ്ടായിരിക്കും? അത്രമാത്രം ആരുമില്ലാത്തവരായിപ്പോയതുകൊണ്ടാകുമോ? ഒരിടത്ത് "പെട്ടു'പോകുന്നതിനേക്കാൾ നീങ്ങിക്കൊണ്ടിരിക്കുക എന്നത് പ്രതീക്ഷ തരുന്ന, പ്രതീക്ഷ തോന്നിപ്പിക്കുന്ന ഒരു പ്രവൃത്തിയായതു കൊണ്ടാവുമോ? ചലനം മനുഷ്യന് കൂടുതൽ ധൈര്യം തരുമോ? സമകാലിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും മനുഷ്യത്വഹീനവുമായ ഒരു അധ്യായമായിരിക്കും ഇത്.

ആയിരം കിലോമീറ്റർ നടക്കാം എന്ന് ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന മനസ്സ്, ചോദന എന്തായിരിക്കും?

ഒരു വർഷമായി ഇന്ത്യയൊട്ടാകെ നടന്നുവരുന്ന പൗരത്വത്തെയും സ്വത്വത്തെയും സംബന്ധിച്ച സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നോക്കുകയാണെങ്കിൽ ഈ "ലോങ്ങ് മാർച്ച്' അവയുടെ തികച്ചും സ്വാഭാവികമായ ഒരു പ്രതിഫലനമോ വലിച്ചുനീട്ടലോ ആണ്, പൗരത്വ നിയമത്തെ സംബന്ധിച്ച പ്രശ്‌നം, ആർക്കൊക്കെയാണ് അവർ താമസിച്ചുവരുന്ന ഒരു "സ്ഥല'ത്തെ സ്വന്തം "നാട്' എന്ന് വിളിക്കാനുള്ള അവകാശമുള്ളത് എന്നതാണ്. ഇവിടെ ഈ നാഗരിക പ്രവാസികളുടെ കാര്യത്തിൽ അത്തരം ഒരു ചോദ്യം പോലും ഉയർത്താനുള്ള സാവകാശമോ അവകാശമോ ഇല്ല. എപ്പോൾ വേണമെങ്കിലും ഒഴിവാക്കാവുന്ന "അധികപ്പറ്റ്' ആണവർ.
നഗരയന്ത്രം സാധാരണനിലയിൽ ചലിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രം അതിലേക്കാവശ്യമായ ലൂബ്രിക്കന്റ് പോലെയാണിവർ. യന്ത്രം നിലയ്ക്കുമ്പോൾ ആവശ്യമില്ലാതെയായിത്തീരുന്ന വസ്തുക്കൾ.
വെറും ശരീരങ്ങൾ
ഇതുവരെ നമ്മൾ കണ്ടിട്ടുള്ള പലതരം പലായനങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമാണിത്. രാഷ്ട്രീയസംഘർഷങ്ങൾ, ആഭ്യന്തര/വർഗ്ഗീയ കലാപം, യുദ്ധം, പ്രകൃതിദുരന്തം, തുടങ്ങിയവ മൂലം ഉണ്ടായിട്ടുള്ളവയായിരുന്നു അവയൊക്കെ എങ്കിൽ ഇത് അത്തരത്തിലുള്ള ഒന്നല്ല. അത്തരം സന്ദർഭങ്ങളിലെല്ലാം തന്നെ, അതുള്ള ഇടത്തുനിന്ന് അതില്ലാത്തിടത്തേക്കാണ് മനുഷ്യരുടെ പലായനം. അതായത്, ദുരന്തമോ അക്രമമോ, സംഘർഷമോ സ്പർദ്ധയോ ഉള്ള ഒരിടത്തിൽ നിന്ന് അതില്ലാത്ത ഇടത്തിന്റെ സുരക്ഷിതത്വത്തിലേക്കാണ് മനുഷ്യർ ഓടിരക്ഷപ്പെട്ടത്. അതുമാത്രമല്ല, പലപ്പോഴും അങ്ങിനെ പലായനം ചെയ്യുന്നവരെയെല്ലാം ബന്ധിപ്പിക്കുന്ന പൊതുവായ ഒരു പ്രശ്‌നമോ ചിലപ്പോൾ സ്വത്വസമാനതയോ, പ്രാദേശികതയോ അങ്ങിനെയെന്തെങ്കിലുമോ അവർക്ക് ആ അന്തംവിട്ട യാത്രയിൽ ആശ്വാസമായി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴുള്ള പലായനത്തിന്റെ പ്രത്യേകത അവർ ആരുടേയും ലക്ഷ്യമോ പോകുന്ന സ്ഥലങ്ങളോ അവർ പുറപ്പെട്ട നഗരത്തിനെക്കാൾ സാമ്പത്തിക സുരക്ഷയുള്ളതോ രോഗമുക്തമോ ആയിക്കൊള്ളണമെന്നില്ല എന്നതാണ്. ഈ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന ഏകസംഗതി അവരെല്ലാം മനുഷ്യശരീരങ്ങളാണ് എന്ന സമാനത മാത്രമായിരിക്കും, പിന്നെ ഒരേ ദിശയിലേക്കാണ് പോകുന്നത് എങ്കിൽ അതിൽനിന്നുണ്ടാകുന്ന സഹയാത്രാബന്ധവും.
യാതൊരു ആരോഗ്യസുരക്ഷയുമില്ലാതെയുള്ള ഈ യാത്ര കൊണ്ടുണ്ടാകാവുന്ന രോഗസാധ്യത അവരെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് അവർ കടന്നുപോകുന്ന സ്ഥലങ്ങളിലെ മനുഷ്യരെയും സംബന്ധിക്കുന്നതാണ്. ഇവരിലാരെങ്കിലും ഒരാൾക്കോ, അവിടങ്ങളിലുള്ളവർക്കോ രോഗമുണ്ടെങ്കിൽ അതിന്റെ വാഹകരായി ഇവർ മാറാനുള്ള സാധ്യത വളരെക്കൂടുതലാണ് എന്നത് ഭരണകൂടത്തിനും അറിയാത്ത കാര്യമല്ല. പക്ഷെ കണ്ണടക്കാവുന്ന ഒരു പ്രശ്‌നമായി അത് മാറുന്നത് അവരുടെ യാത്ര നഗരങ്ങളിൽനിന്ന് പുറത്തേക്കായതിനാൽ മാത്രമാണ്.

മൂന്നാം ലോകരാജ്യങ്ങളുടെ "വികസന'ത്തിൽ കണ്ണുനട്ടിരിക്കുന്ന സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ എന്തു നിലപാടാണ് സ്വീകരിക്കുന്നത്?
ലോകബാങ്കിനെ ഉദാഹരണമായെടുക്കുകയാണെങ്കിൽ തെക്കേ ഏഷ്യൻ രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളെക്കുറിച്ചുള്ള അവരുടെ റിപ്പോർട്ട് ഉൽപാദനത്തെയും സാമ്പത്തിക വളർച്ചയെയും സംബന്ധിച്ച നിഗമനങ്ങളും സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പങ്കിടുന്നതിനു പുറമെ, ഒരു അപായസൂചന കൂടി നൽകുന്നുണ്ട്. യാതൊരു നിയന്ത്രണവും സുരക്ഷയുമില്ലാതെ നഗരങ്ങളിൽ നിന്ന് നാടുകളിലേക്ക് മടങ്ങുന്ന ഈ ആൾക്കൂട്ടം കൊറോണയുടെ അനിയന്ത്രിതമായ പടർച്ചക്ക് കാരണമായേക്കാം എന്ന്. അവർ ജോലിചെയ്തിരുന്ന സ്ഥലങ്ങളിൽ അവരെ താമസിപ്പിച്ച്, അവരുടെയും സമൂഹത്തിന്റെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനു പകരം അവരെ തെരുവിലുപേക്ഷിച്ച ഭരണകൂടങ്ങളെക്കുറിച്ചും ഔദ്യോഗിക സംവിധാനങ്ങളെക്കുറിച്ചും വിമർശനങ്ങളൊന്നുമില്ലെങ്കിലും, ഈ ആൾക്കൂട്ടത്തിലെ ഭൂരിപക്ഷവും ചെറുപ്പക്കാരായതിനാൽ മരണനിരക്ക് ഇവർക്കിടയിൽ കുറഞ്ഞിരിക്കാനാണ് സാധ്യത എന്നു കണ്ടെത്തി ആശ്വസിക്കുകയാണ് ഈ റിപ്പോർട്ട്.
ആശയത്തിൽ, ഭാവയിൽ ഇല്ലാത്തവർ
2017ലെ ഇന്ത്യൻ സാമ്പത്തിക സർവേ പ്രകാരം ഇന്ത്യയിൽ 139 ദശലക്ഷം ആന്തരിക പ്രവാസികളുണ്ടെന്നാണ് കണക്ക്. ഇതിൽ ഏറ്റവുമധികം പേർ ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലും നിന്നും, തുടർന്ന്, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ഏറ്റവും കൂടുതൽ പേർ എത്തിച്ചേരുന്ന ഇടങ്ങൾ, ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കേരളം എന്നിവയാണ്. മുമ്പും നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് പ്രത്യേകിച്ചും കാർഷികവൃത്തിയുടെയും മറ്റ് എല്ലാവിധ കൈപ്പണികളുടെയും "കാലഹരണ'പ്പെടലും നഗരത്തിലേക്കുള്ള ഒഴുക്കിന്റെ വേഗവും തോതും കൂട്ടിയിട്ടുണ്ട് എങ്കിലും 1990കൾക്കുശേഷമുള്ള നഗരവൽക്കരണത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും ഫലമായി ഗ്രാമീണ സമ്പദ് വ്യവസ്ഥ നേരിട്ട, ഇന്നും നേരിട്ടുകൊണ്ടിരിക്കുന്ന സമൂലമായ തകർച്ചയാണ് ഈ തോതിലും തീവ്രതയിലുമുള്ള ആന്തരിക പ്രവാസത്തിന് ആക്കം കൂട്ടിയത്. എന്നാൽ ഇവർ നഗരത്തിൽ എത്തിച്ചേരുന്ന സ്ഥലങ്ങൾ ചേരികളും, ലഭിക്കുന്ന ജോലികൾ അസംഘടിതമേഖലയിലുമാണ് ("അനൗപചാരികം', 'അസംഘടിതം' എന്നൊക്കെയുള്ള നിഷ്പക്ഷങ്ങളെന്നു തോന്നിപ്പിക്കുന്ന നാമപദങ്ങൾ വാസ്തവത്തിൽ ക്രിയാപദങ്ങളായി നമ്മൾ തിരിച്ചറിയേണ്ടതാണ്, ഇവർ ചെയ്യുന്ന തൊഴിലുകളെല്ലാം നഗരജീവിതത്തിനും ജീവനത്തിനും അവശ്യമായ തൊഴിലുകളാണ്.

ഇന്ത്യയിലെ തൊഴിൽ മേഖലയിലെ 93 ശതമാനവും അനൗപചാരികവും അസംഘടിതവും ആയ തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. വ്യവസായ/സേവന അനുബന്ധവ്യവസായ മേഖലകൾ എടുത്താൽ അവിടെയെല്ലാം തൊഴിലാളികളായി എത്തുന്നത് ഗ്രാമങ്ങളിൽനിന്നുള്ള ചെറുപ്പക്കാരാണ്.

എന്നാൽ ഈ തൊഴിലുകളെയും തൊഴിലാളികളേയും സമാഹരിക്കുന്നതിലും വിന്യസിക്കുന്നതിലും കൂലിനിശ്ചയിക്കുന്നതിലും ഉള്ള കാര്യങ്ങളിൽ കൃത്യമായി അനൗപചാരികവും അസംഘടിതവുമായി അവ നിലനിർത്തപ്പെടുന്നു). ആഗോളവൽക്കരണം ഈ പ്രക്രിയയെ വളരെ ശാസ്ത്രീയവും നിയമപരവുമായ തന്ത്രങ്ങളിലൂടെ - തൊഴിൽ കരാർ/ഉപകരാർ ശൃംഖലകളിലൂടെ ഒരു സ്ഥിരം അഖിലേന്ത്യാ സംവിധാനമായി ചിട്ടപ്പെടുത്തി എടുക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം (സാമ്പത്തികസർവ്വേ 2007-08) ഇന്ത്യയിലെ തൊഴിൽ മേഖലയിലെ 93 ശതമാനവും അനൗപചാരികവും അസംഘടിതവും ആയ തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. വ്യവസായ/സേവന അനുബന്ധവ്യവസായ മേഖലകൾ എടുത്താൽ അവിടെയെല്ലാം തൊഴിലാളികളായി എത്തുന്നത് ഗ്രാമങ്ങളിൽനിന്നുള്ള ചെറുപ്പക്കാരാണ്.

അക്ഷരാർഥത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ - കാർഷിക, വ്യാവസായിക, സേവന മേഖലകളെയെല്ലാം - ചലിപ്പിക്കുന്നതും നിലനിർത്തുന്നതും ഇവരാണ്. പക്ഷെ കോവിഡ് മഹാമാരി ഔദ്യോഗികമായി സ്ഥിരീകരിച്ചശേഷം പ്രഖ്യാപിക്കപ്പെട്ട കേന്ദ്രപാക്കേജുകളിലൊന്നും ഇവർക്കായി ആവശ്യത്തിന് കരുതൽ ഉണ്ടായിരുന്നില്ല എന്നുമാത്രമല്ല, ഇവർക്ക് വീടുകളിലേക്ക് പോകാനുള്ള സമയമോ ഗതാഗതസൗകര്യമോ പോലും നൽകപ്പെട്ടുമില്ല. മാത്രമല്ല, അത് ഭരണതലങ്ങളിലെ ആലോചനകളിൽ പോലും ഉണ്ടായില്ല. ഇത് സൂചിപ്പിക്കുന്നത്, രാഷ്ട്രം ജനത, സമൂഹം, സാമൂഹ്യസുരക്ഷ എന്നൊക്കെപ്പറയുമ്പോൾ നമ്മൾ അർഥമാക്കുന്ന ആ ആശയത്തിൽ/ഭാവനയിൽ ഇവർ ഇല്ല എന്നുള്ളതാണ്.

മാറുന്ന അധ്വാനസങ്കൽപങ്ങൾ
ഒരുപക്ഷെ ഈ മഹാമാരി മൂലം ഏറ്റവുമധികം മാറ്റത്തിന് വിധേയമാകാൻ പോകുന്നത് മനുഷ്യാധ്വാനത്തെക്കുറിച്ചുള്ള സങ്കൽപങ്ങളും അതിന്റെ വിന്യാസങ്ങളും ആയിരിക്കും. മൂലധനത്തിന്റെ എക്കാലത്തെയും വലിയ തലവേദന, അതിനവശ്യം വേണ്ട, എന്നാൽ ഭരിക്കാനും ഉപയോഗിക്കാനും ഏറ്റവും പ്രയാസമുള്ള ഘടകമായ മനുഷ്യനാണ്. ഉൽപാദന ശൃംഖലയിലെ ഏറ്റവും സംഘർഷഭരിതവും രക്തരൂഷിതവുമായ ഉൽപാദനോപാധിയാണ് മനുഷ്യാധ്വാനം. യന്ത്രവൽക്കരണത്തിലൂടെയും റൊബോടിക്‌സിലൂടെയും ഓട്ടോമേഷനിലൂടെയുമെല്ലാം നിരന്തരം ശ്രമിച്ചിട്ടും മനുഷ്യന്റെ ശരീരവും ബുദ്ധിയും പിന്നെയും ഉൽപാദനക്രമത്തിലെ ഏതെങ്കിലും ഘട്ടങ്ങളിലും സാമ്പത്തികപ്രക്രിയയിലും വേണ്ടിവരുന്നു അല്ലെങ്കിൽ ബാക്കിയാവുന്നു. ഇത് ഇന്ന് മൂലധനവും മനുഷ്യപ്രകൃതിയുമായുള്ള അന്തിമസമരത്തിന്റെ രൂപം സ്വീകരിച്ചിരിക്കുന്നു.
അസംസ്‌കൃതവസ്തുക്കളുടെ സമാഹരണം, സംശോധനം, ഉൽപാദനപ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ, വിതരണശൃംഖലയിലെ കണ്ണികൾ, ഇവയെ എല്ലാം രൂപകൽപന ചെയ്യുന്ന ബൗദ്ധികാധ്വാനം, എല്ലാറ്റിനെയും ത്വരിപ്പിക്കുന്ന ധനവിനിമയ-സ്ഥാപന-സംവിധാനങ്ങൾ, സമാഹരണ-ഉൽപാദന-വിതരണ-ഉപഭോഗ മേഖലകളെ കണ്ണിചേർക്കുന്ന ഗതാഗതത്തിന്റെയും വിവരവിനിമയത്തിന്റെയും വലകൾ - ഇവിടെയെല്ലാം ആവശ്യമായിവരുന്ന മനുഷ്യാംശത്തെ ആഗോളമൂലധനത്തിന് ഇനിയും ഒഴിവാക്കാനായിട്ടില്ല. സ്വാഭാവികമായും ഏറ്റവുമധികം ഓട്ടോമേഷൻ നടക്കുന്നത് വിവരസാങ്കേതിക വ്യവസായ മേഖലയിൽ ആയതിനാൽ തന്നെ ഇവിടെ വമ്പിച്ച തോതിലുള്ള മനുഷ്യാധ്വാനത്തിന്റെ അഴിച്ചുപണി (അഴിച്ചുവിടൽ) ഇന്ന് നടന്നുകൊണ്ടിരിക്കയാണ്. അതുകൊണ്ടുതന്നെ കൊറോണ പൊതുജീവിതത്തിലും ഉൽപാദനരംഗത്തിലും സേവനരംഗത്തും സൃഷ്ടിച്ചിട്ടുള്ള നിശ്ചലത വിവരസാങ്കേതിക വ്യവസായങ്ങൾക്ക് തൊഴിലാളികളെ പിരിച്ചുവിടാനും ആവശ്യാനുസരണം പുനർവിന്യസിക്കാനുമുള്ള എതിർപ്പുയർത്താത്ത സ്വാതന്ത്ര്യവും അവസരവും നൽകിയിരിക്കുന്നു. ഈ മേഖലയിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകളോടൊപ്പം "വർക് ഫ്രം ഹോം' പോലുള്ള രീതികളിലുള്ള പുനർവിന്യാസവും നടപ്പിലായിക്കഴിഞ്ഞു. ഇത് മറ്റൊരുതലത്തിലുള്ള "സാമൂഹ്യഅകലം' കൂടി സാധ്യമാക്കുന്നുണ്ട്. തൊഴിലാളികളുടെ ഒരിടത്തുള്ള സംഘം ചേരലും മനുഷ്യർ തമ്മിലുള്ള പരസ്പരസമ്പർക്കവും (സ്വാഭാവികമായും അതുമൂലം ഉരുത്തിരിയാവുന്ന തിരിച്ചറിവുകളും സംഘർഷങ്ങളും) ഒഴിവാക്കുന്നതിനോടൊപ്പം തന്നെ "തൊഴിലിടം' അഥവാ ഓഫീസ്, വർക്ക് സ്‌പേസ് എന്നിവയ്ക്കു വേണ്ടിവരുന്ന മുതൽമുടക്കുകളും മേൽനോട്ടച്ചിലവുകളൂം എല്ലാം ഒറ്റയടിക്ക് ഒഴിവാവുകയും ചെയ്യുന്നു. വീട്ടിൽ ഒറ്റക്കൊറ്റക്ക് ജോലി ചെയ്യുന്ന തൊഴിലാളിയുടെ സമയക്രമത്തിന്മേൽ സ്വാഭാവികമായും ഉടമയുടെ നിയന്ത്രണം അത്യധികം വർദ്ധിക്കും എന്നത് കൂടി ഓർക്കണം. 24 മണിക്കൂറും തൊഴിൽ സമയമാവുന്നതും ഏതു നേരവും തൊഴിലാളിയെക്കൊണ്ട് പണിയെടുപ്പിക്കാൻ പറ്റുന്നതും വളരെ അയഞ്ഞതും എന്നാൽ പരിപൂർണ നിരീക്ഷണശേഷിയുള്ളതുമായ പുതിയ സംവിധാനത്തിൽ എല്ലാവരും ഒറ്റയ്ക്കാണ്.

അദൃശ്യവും നിശബ്ദവും അരികുകളിലാക്കപ്പെട്ടതുമായ ഈ തൊഴിൽസേന ഗ്രാമത്തിൽനിന്നുള്ള അവസാനിക്കാത്ത ഒഴുക്കുകൊണ്ട് നിരന്തരം വലുതായിക്കൊണ്ടുമിരിക്കുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായിത്തന്നെ ഇവർ നിലനിൽക്കുന്നു

പക്ഷെ അധ്വാനത്തിന്റെ ഈ പുനർവിന്യാസം തീരെ ബാധിക്കാത്ത, അതിനു സാധ്യതകുറഞ്ഞ, തൊഴിലുകളിലും മേഖലകളിലുമാണ് പ്രവാസിത്തൊഴിലാളികൾ ബഹുഭൂരിപക്ഷം പേരുടെയും വേതനവും ജീവിതവും - അത് മനുഷ്യസാന്നിദ്ധ്യവും, കൈകൊണ്ടുള്ളതും കായികവുമായ അധ്വാനവും, ശേഷിയും നിരന്തരമേൽനോട്ടവും സഹവാസവും ഒക്കെ ആവശ്യമുള്ള മനുഷ്യശരീരകേന്ദ്രിതമായ മേഖലകളാണ് (ഇവർ ചെയ്തു ഉപജീവനം പുലർത്തിയിരുന്ന പല വീട്ടുജോലികളുമാണ് ഈ കോവിഡ് ലോക്ഡൗൺ ഇടവേളയിൽ നാഗരിക മധ്യവർഗ്ഗകുടുംബങ്ങൾ പലരീതിയിൽ നവമാധ്യമ ഹർഷാരവങ്ങളോടെ പുനരാവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നതും).
ഇവർ തൊഴിൽ ചെയ്യുന്ന "അനൗപചാരിക' മേഖലയിൽ വീട്ടുജോലിയും തോട്ടിപ്പണിയും ലൈംഗികത്തൊഴിലും തുടങ്ങി ആരോഗ്യപരിചരണവും ആതിഥേയവ്യവസായവും ഒട്ടനവധി "ലാസ്റ്റ് മൈൽ' സേവനങ്ങളും വരെ ഉൾപ്പെടുന്നു. മനുഷ്യന്റെ ഇടപെടലും ശാരീരിക സാന്നിദ്ധ്യവും ആവശ്യമുള്ളതും, ഓട്ടോമേഷൻ അസാധ്യമോ ലാഭകരമല്ലാത്തതോ അസൗകര്യമോ ആയ മേഖലകളുമാണിവ. അതുകൊണ്ടുതന്നെ ഈ മനുഷ്യരുടെ അധ്വാനം/കായികസാന്നിദ്ധ്യം വലിയ രീതിയിൽ അസംഘടിതവും അനൗപചാരികവും നിയമവിരുദ്ധവും ഒക്കെയായി, എന്നാൽ ലക്ഷക്കണക്കിന് മനുഷ്യർക്ക് (കുട്ടികളടക്കം) നിലനിൽക്കാനുള്ള വേതനം നൽകുന്ന ഒരു സാമ്പത്തിക അവസരമായി തുടർന്നുകൊണ്ടിരിക്കുന്നു. അദൃശ്യവും നിശബ്ദവും അരികുകളിലാക്കപ്പെട്ടതുമായ ഈ തൊഴിൽസേന ഗ്രാമത്തിൽനിന്നുള്ള അവസാനിക്കാത്ത ഒഴുക്കുകൊണ്ട് നിരന്തരം വലുതായിക്കൊണ്ടുമിരിക്കുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായിത്തന്നെ ഇവർ നിലനിൽക്കുന്നു.

ഇവർക്കിടയിൽനിന്ന് ഒരു ചെറിയ ശതമാനം ഔപചാരികമേഖലയിലേക്ക് ഉയരുന്നുണ്ടാകാമെങ്കിലും അതിലുമെത്രയോ ഇരട്ടി മനുഷ്യർ നഗരങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനാൽ ഈ തൊഴിൽ സേന എന്നും നിരായുധരായിത്തന്നെ ശേഷിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. എത്രകണ്ട് ആഗോളീയമായാലും മൂലധന വ്യവസ്ഥയ്ക്ക് അടിസ്ഥാനപരമായി വേണ്ടതും എപ്പോഴും വിലകുറഞ്ഞ് ലഭ്യമാകാവുന്നവിധം അശരണരായിക്കഴിയുന്ന ഒരു തൊഴിൽ സേനയെ ആണ്. അതുകൊണ്ടുതന്നെ നമ്മുടെ നഗരങ്ങളുടെ നിത്യജീവിതം സാധ്യവും സഹനീയവും ചെലവുകുറഞ്ഞതും ആക്കുന്ന ഈ മനുഷ്യരുടെ പലായനം വളരെ രൂക്ഷവും ക്രൂരവുമായ വിധത്തിൽ അവരുടെ അശരണതയെയും നിരാശ്രയത്വത്തെയും ഒരേസമയം പ്രഖ്യാപിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ഒന്നാണ്.

ഏറ്റവും ദാരുണമായ കാര്യം, ഈ നാളുകളിൽ ഇവർ കടന്നുപോകുന്ന അവസ്ഥയെ/ യാഥാർഥ്യത്തെ ചരിത്രവൽക്കരിക്കാനും ഈ ദുരന്താനുഭവത്തെ സാമൂഹികവും സക്രിയവുമായ അറിവ് ആക്കിമാറ്റാനും ഉള്ള നൈതിക വ്യവസ്ഥകളോ പ്രസ്ഥാനങ്ങളോ ലോകത്ത് ഇല്ലാതായിരിക്കുന്നു എന്നതാണ്. ഒരുപക്ഷെ ഈ നിർബന്ധിതപലായനം പ്രവാസം എന്ന അവസ്ഥയെയും പ്രവാസി എന്ന നഗരവാസിയെയും പ്രവാസിതൊഴിലാളി എന്ന സാമൂഹിക/സാമ്പത്തിക ഗണത്തെയും പുനർനിർവചിക്കാനും രാഷ്ട്രീയവൽക്കരിക്കാനുമുള്ള അവസരമാകാനും മതി. ഇത് തീർച്ചയായും കേരളം പോലെ തൊഴിലാളിയ്ക്ക് പൊതുസമ്മതിയും അടിസ്ഥാന അവകാശങ്ങളുമുള്ള, അല്ലെങ്കിൽ ഉണ്ടെന്ന് അഭിമാനിക്കുന്ന (പ്രവാസിതൊഴിലാളികളോടുള്ള എല്ലാ അവഗണനകളും അവജ്ഞയും പലരീതിയിൽ നിലനിൽക്കുമ്പോൾതന്നെ) ഒരു സ്ഥലത്ത് അവരുടെ മനഃസ്ഥിതിയിലും സംഘപ്രതികരണശേഷിയിലും ഗുണപരവും ശാക്തീകൃതവുമായ മാറ്റം കൊണ്ടുവരാതിരിക്കില്ല എന്നു വേണം കരുതാൻ.

നിരോധിക്കപ്പെട്ട യാത്രകൾ
പ്രവാസിത്തൊഴിലാളികൾ ഇപ്പോൾ നേരിടുന്ന ദാരുണാവസ്ഥയെ സംസ്ഥാനങ്ങൾ ലാഘവത്തോടെയും നിരുത്തരവാദിത്തപരമായ രീതിയിലുമാണ് കൈകാര്യം ചെയ്യുന്നത്. തിരിച്ചുവരുന്നവരുടെ ആരോഗ്യസുരക്ഷ സംവിധാനങ്ങൾ, ക്വാറന്റൈൻ സൗകര്യങ്ങൾ, രോഗപരിശോധന, തുടർചികിത്സ, തുടങ്ങിയ കാര്യങ്ങളിൽ അനാസ്ഥ പുലർത്തുമ്പോൾ തന്നെ പുതിയ പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണത്തിന് ഉത്തർപ്രദേശ് മടങ്ങിവരുന്ന 20 ലക്ഷം തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ വൻപദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു. തിരിച്ചുവരുന്നവരുടെ ശേഷികളെക്കുറിച്ചുള്ള വിവരശേഖരണത്തിനു ശേഷം പുതുതായി തുടങ്ങുന്ന വ്യവസായസ്ഥാപനങ്ങളിൽ ഇവർക്ക് മിനിമം ശമ്പളവും നിയമപരമായ തൊഴിൽ സമയക്രമവും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. അതോടെ, സംസ്ഥാന സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്, "ചെറുതും ഇടത്തരവുമായ നിരവധി സംരംഭങ്ങൾ തുടങ്ങിക്കൊണ്ട് ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളെക്കാൾ മികവുള്ളതാക്കി ഉത്തർപ്രദേശിലെ വ്യവസായമേഖലയെ മാറ്റുക' എന്നതാണ്. ഇതിന്റെ കൂടെ ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തൊഴിൽനിയമങ്ങളിൽ വമ്പിച്ച അയവു വരുത്തിക്കൊണ്ടുള്ള (ചില നിയമങ്ങളുടെ പ്രാബല്യം മൂന്നു വർഷത്തേക്ക് പൂർണമായിത്തന്നെ പിൻവലിച്ചുകൊണ്ട്) ഉത്തരവുകൾ ഇറക്കി എന്നതും കർണാടകം പോലുള്ള സംസ്ഥാനങ്ങൾ പ്രവാസിതൊഴിലാളികളുടെ പുറത്തേക്കുള്ള യാത്രകൾ നിരോധിച്ചു എന്നതും യാദൃശ്ചികമല്ല. ആ നീക്കങ്ങളെ പുനരധിവാസ പദ്ധതി പ്രസ്താവനയിലെ "ചൈനീസ്' മാതൃകാസ്വപ്നങ്ങളോട് ചേർത്തുവായിച്ചാൽ നഗരങ്ങളിലേക്ക് തിരിച്ചുപോകണ്ട എന്നു തീരുമാനിക്കുന്ന തൊഴിലാളികൾക്കു മുന്നിലുള്ള ഭാവി എന്തായിരിക്കും എന്നുള്ളത് വെളിവാക്കുന്ന സൂചനയാണ്.
അതിർത്തികൾ എന്ന അഹവും പുറവും
പൗരത്വനിയമം "നാട്' എന്ന അതിർത്തിയെ കാലം കൊണ്ടും മതം കൊണ്ടും നിർവചിക്കുകയും വേർപിരിക്കയും ചെയ്തു എങ്കിൽ കൊറോണ ഓരോരുത്തരുടെയും ശരീരത്തെയും വീടിനെയും അയൽപക്കത്തെയും ജില്ലയെയും സംസ്ഥാനത്തെയുമെല്ലാം അതിർത്തികളായി മാറ്റിയിരിക്കുന്നു. ഭരണകൂട നിർദ്ദേശങ്ങൾക്കനുസരിച്ചേ നമുക്കിന്ന് ഇവയോരോന്നിന്റെയും പുറത്തുകടക്കാൻ അനുവാദമുള്ളൂ. ശരീരവും അതിന്റെ അധ്വാനശേഷിയും മാത്രം സ്വന്തമായുള്ളവരെ സംബന്ധിച്ച് എവിടെയും വസിക്കുവാനുള്ള അർഹത തന്നെ നഷ്ടമാകുന്നു. വീടും വിലാസവുമുള്ളവരെല്ലാം ഈ അതിർത്തിവലയങ്ങൾക്കകത്ത് "സുരക്ഷിത'രാവുമ്പോൾ അതൊന്നുമില്ലാത്തവർക്ക് ചലനം തന്നെയാവുന്നു ശരണം.
അതുപോലെ ഒരാൾ താമസിക്കുന്ന "സ്ഥല'വും അയാളുടെ "നാടും' ഒന്നല്ല എന്നതുകൊണ്ടു മാത്രം ഒരാൾ പ്രവാസിയുമാകുന്നില്ല. അങ്ങിനെയാണെങ്കിൽ ഇന്ത്യൻ നഗരങ്ങളിലെ ബഹുഭൂരിപക്ഷം മധ്യവർഗ്ഗവും ഐ.ടി കമ്പനികളിൽ ജോലിചെയ്യുന്നവരുമെല്ലാവരും തന്നെ ഒറ്റയടിക്ക് അന്യരും പ്രവാസികളുമായേനെ. അവരെല്ലാം ആ നഗരത്തിലെ തന്നെ വാസികളാകുന്നത് അവർക്ക് പണമുള്ളതുകൊണ്ടും താമസിക്കാൻ സൗകര്യവും ഇടവും ഉള്ളതുകൊണ്ടു കൂടിയാണ്. അതുകൊണ്ട് നിങ്ങൾ ഒരു സ്ഥലത്ത് ജോലി ചെയ്യുന്നു എന്നത് - അതെത്രകാലമായാലും - നിങ്ങളെ അവിടുത്തുകാരനാക്കി മാറ്റുന്നില്ല. നമ്മുടെ സർക്കാർ സംവിധാനത്തിലുള്ള റേഷൻ കാർഡ് തുടങ്ങിയുള്ള സാമൂഹ്യസുരക്ഷാപദ്ധതികളും ആനുകൂല്യങ്ങളുമെല്ലാം ഇപ്പോഴും സ്ഥലബദ്ധമാണ്. അടുത്തകാലത്തു മാത്രമാണ് പൊതുവിതരണ സംവിധാനത്തിൽ സ്ഥലപരമായ സ്വാതന്ത്ര്യം കാർഡുടമകൾക്ക് ലഭിച്ചത്, അതും സംസ്ഥാനത്തിനകത്തുമാത്രം. സാമൂഹ്യസുരക്ഷാപദ്ധതികൾ നടപ്പിലാക്കുന്നത് സംസ്ഥാനസർക്കാരുകൾ ആയതിനാൽ ഇത് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് ലഭ്യമാകുകയില്ല.

പൗരത്വനിയമം "നാട്' എന്ന അതിർത്തിയെ കാലം കൊണ്ടും മതം കൊണ്ടും നിർവചിക്കുകയും വേർപിരിക്കയും ചെയ്തു എങ്കിൽ കൊറോണ ഓരോരുത്തരുടെയും ശരീരത്തെയും വീടിനെയും അയൽപക്കത്തെയും ജില്ലയെയും സംസ്ഥാനത്തെയുമെല്ലാം അതിർത്തികളായി മാറ്റിയിരിക്കുന്നു.

ആനുകൂല്യങ്ങളെപ്പോലെ സ്ഥല-ഉടമസ്ഥതാബദ്ധമാണ് സമ്മതിദാനാവകാശവും. ജീവിക്കാൻ വേണ്ടിയും കൂടിയ കൂലി തേടിയും മറ്റൊരിടത്ത് പ്രാപിച്ചു വസിക്കുന്നവർക്കും കൂലിതേടി നിരന്തരം സഞ്ചരിക്കേണ്ടി വരുന്നവർക്കും അവിടങ്ങളിൽ സമ്മതിദാനാവകാശം ഇല്ലാത്തതിനാൽ അവർക്ക് ഒരിക്കലും ഒരു "വോട്ട് ബാങ്ക്' ആയിത്തീരാനോ അത്തരം സമ്മർദ്ദതന്ത്രങ്ങളിലൂടെ ഭരണസംവിധാനങ്ങളെ സ്വാധീനിക്കാനോ രാഷ്ട്രീയപാർട്ടികളെ അവരുടെ പ്രശ്‌നങ്ങളിലേക്ക് ആകർഷിക്കാനോ സാധ്യമല്ല. അതുകൊണ്ടാണ് ഈ രീതിയിൽ പലതലങ്ങളിൽ പൗരാവകാശങ്ങൾ ഇല്ലാതെ ഇവരെ എക്കാലവും നിലനിർത്താൻ കഴിയുന്നതും.
തങ്ങളുടെ ജന്മസ്ഥലത്ത് ജോലിയും ജോലിചെയ്യുന്ന സ്ഥലത്ത് ജീവിതവും ഇല്ലാത്ത ഇവരുടെ കാര്യത്തിൽ കോവിഡ് കാലത്ത് സംസ്ഥാനങ്ങൾ സ്വീകരിച്ച നിലപാട് നോക്കിയാൽ അവരുടെ അനാഥത്വവും നിരാശ്രയത്വവും വ്യക്തമാകും. എങ്ങിനെ വേണമെങ്കിലും തള്ളിക്കളയുകയോ ഉപേക്ഷിക്കുകയോ ചെയ്യാവുന്ന, എന്നാൽ എന്തിനും ഉപയോഗിക്കാവുന്ന, എന്നും ആശ്രിതരായി കഴിയാൻ വിധിക്കപ്പെട്ട ഒരാൾക്കൂട്ടമായാണ് ഇവർ ഭരണവ്യവഹാരങ്ങളിൽ കടന്നുവരുന്നത്. മാധ്യമങ്ങളും ഇവരുടെ കാര്യത്തിൽ നഗരപ്രശ്‌നങ്ങളിലെന്നപോലെയുള്ള സ്ഥിരമായ താല്പര്യം കാണിക്കാറില്ല, അതുകൊണ്ടുതന്നെ ആവേശത്തോടെയുള്ള തുടർ റിപ്പോർട്ടിങ്ങും ഈ രംഗത്തുനിന്ന് ഉണ്ടാവാറുമില്ല. ഇവരുടെ ഭാഷയും സാമൂഹ്യസ്വാധീനമില്ലായ്മയും ഈ അനാസ്ഥയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.
പ്രവാസികൾ എന്ന ദലിതർ
ഒരു ആദർശസമൂഹം സഞ്ചാരസ്വാതന്ത്ര്യമുള്ളതായിരിക്കണം, ഒരു ഭാഗത്ത് സംഭവിക്കുന്ന മാറ്റത്തെ മറ്റൊരുഭാഗത്തേക്ക് സംക്രമിപ്പിക്കുന്നതിനുള്ള ധാരാളം മാർഗ്ഗങ്ങളുള്ള ഒന്ന്.
അംബേദ്ക്കർ, "ജാതിയുടെ ഉന്മൂലനം'

ഇന്ത്യയിലെ നഗരങ്ങളിലെല്ലാം അവിടുത്തെ ഏറ്റവും നീചവും വൃത്തിഹീനവും അപായകരവും എന്നാൽ ഏറ്റവും കുറഞ്ഞ കൂലി നൽകപ്പെടുന്നതുമായ വിവിധ ജോലികൾ ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾ ജീവിക്കുന്നുണ്ട് എന്നും അവരാണ് ഏതൊരു നഗരത്തെയും ജീവതവും സാധാരണക്കാർക്ക് (പ്രത്യേകിച്ചും മധ്യവർഗ്ഗത്തിന്) താമസയോഗ്യവും ആക്കുന്നത് എന്നതും ജാതിവ്യവസ്ഥപോലെയുള്ള പരമാർഥമാണ്. ഇവർ നഗരങ്ങളിൽ എങ്ങിനെ കഴിഞ്ഞുകൂടുന്നു എന്നതും എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്ന അവസരത്തിൽ ഇവരെ ഒരു തരത്തിലും പരിഗണിച്ചില്ല എന്നത് നമ്മുടെ ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ഇവരോടുള്ള "സത്യസന്ധ'മായ നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. ഇവർക്ക് അവരവരുടെ നാടുകളിലേക്ക് മടങ്ങാൻ സൗകര്യവുമൊരുക്കുക, സമയം നൽകുക എന്നത് ഏതൊരു ജനാധിപത്യസർക്കാരും പാലിക്കേണ്ട ഏറ്റവും സാമാന്യമായ മര്യാദയാണ്. മറിച്ച്, അങ്ങിനെ "അത്യസാധാരണമായ' സാഹചര്യത്തിൽ ഉടനടിയുള്ള നടപടി വേണ്ടിവന്നു എങ്കിൽ, ലോക്ഡൗൺ കാലത്ത് അവരെങ്ങിനെ ജീവിക്കും എന്നതിനെക്കുറിച്ചെങ്കിലും ആലോചിക്കണമായിരുന്നു. അതുപോലും ഒരു മഹാനഗരത്തിലും ഉണ്ടായില്ല എന്നത് നമ്മുടെ ഭരണവ്യവസ്ഥയുടെയും സമൂഹത്തിന്റെയും ഇവരോടുള്ള തികഞ്ഞ അവജ്ഞയെ ആണ് വെളിപ്പെടുത്തുന്നത്. സ്‌കൂളുകൾ, കല്യാണമണ്ഡപങ്ങൾ, സാംസ്‌ക്കാരികനിലയങ്ങൾ എന്നിവപോലെ ലോക്ഡൗൺ കാലത്ത് അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിലും മറ്റും ഇവരെ പാർപ്പിക്കുക എന്നത് അത്ര ദുഷ്‌ക്കരമോ ചിലവേറിയതോ, വലിയ ഭാവന ആവശ്യമുള്ളതോ ആയ കാര്യമല്ല. അതുപോലെത്തന്നെയാണ് പൊതുഅടുക്കളകളും പാചകകേന്ദ്രങ്ങളും ഭക്ഷ്യസാധനങ്ങളുടെ വിതരണവും വഴി ഇവർക്ക് ജീവൻ നിലനിർത്താൻ അവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നതും. പക്ഷെ നമ്മൾ ചെയ്തത് ഇവരിൽനിന്ന് സാമൂഹ്യ അകലം പാലിക്കുകയാണ്.

ആഗോളവൽക്കരണനയങ്ങൾ നടപ്പാക്കി മൂന്നുപതിറ്റാണ്ടും കഴിഞ്ഞിട്ടും ജാതീയത - ഏറ്റവും മൗലിക രൂപത്തിൽ - കായികാധ്വാനത്തോടും അതിലേർപ്പെടുന്നവരോടുമുള്ള വെറുപ്പ് - വളരെയാഴത്തിൽതന്നെ നമ്മുടെ സമൂഹത്തിന്റെ സിരകളിലൊഴുകുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവുകൂടിയാണ് ഈ പലായനം.

ആധുനികവൽക്കരണത്തെ സ്വാഗതം ചെയ്ത അംബേദ്ക്കർ അത് ഗ്രാമവ്യവസ്ഥയുടെ ശാപമായിരുന്ന ജാതിയിൽനിന്ന് മോചനം സാധ്യമാക്കുമെന്നും, നഗരങ്ങൾ കൂടുതൽ തുല്യതയും അവസരങ്ങളും നൽകി മനുഷ്യരെ സ്വതന്ത്രവ്യക്തികളാക്കി മാറ്റുമെന്നും വിശ്വസിച്ചു. ഗ്രാമങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്, "പ്രാദേശികതയുടെ ചവറ്റുകൊട്ട, അജ്ഞതയുടെയും സങ്കുതിതമനസ്‌ക്കതയുടെയും വർഗ്ഗീയതയുടെയും ഇരുട്ടറ' എന്നൊക്കെയാണ്. പക്ഷെ സ്വാതന്ത്രലബ്ദിക്കുശേഷം ഏഴ് പതിറ്റാണ്ടും ആഗോളവൽക്കരണനയങ്ങൾ നടപ്പാക്കി മൂന്നുപതിറ്റാണ്ടും കഴിഞ്ഞിട്ടും ജാതീയത - ഏറ്റവും മൗലിക രൂപത്തിൽ - കായികാധ്വാനത്തോടും അതിലേർപ്പെടുന്നവരോടുമുള്ള വെറുപ്പ് - വളരെയാഴത്തിൽതന്നെ നമ്മുടെ സമൂഹത്തിന്റെ സിരകളിലൊഴുകുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവുകൂടിയാണ് ഈ പലായനം. യുഗങ്ങളായി ശീലിച്ച് നമ്മുടെ ജനിതകത്തിലലിഞ്ഞ ജാതിവ്യവസ്ഥയുടെ സംസ്‌ക്കാരം തന്നെയാണ് നഗരത്തിലും ഇവരെ അസ്പൃശ്യരും അദൃശ്യരും പരിഗണന അർഹിക്കാത്തവരും ആക്കുന്നത്.

വർഗ്ഗപരവും വർണ്ണ/ജാതിപരവും ആയ പരിഗണനകൾ, അല്ല പരിഗണനയില്ലായ്മകൾ, ഇവിടെ നമ്മുടെയുള്ളിൽ പരസ്പരം ആശ്ലേഷിക്കുന്നു. വരേണ്യർക്ക് ദലിതരോടും, പണക്കാർക്ക് പാവങ്ങളോടും, മുതലാളിക്ക് തൊഴിലാളിയോടും, നഗരവാസിക്ക് ഗ്രാമീണനോടും ഉള്ള അവജ്ഞയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അകലപാലനവുമെല്ലാം ഇവിടെ അനായാസമായി ഒന്നിക്കുന്നു.

വരാനിരിക്കുന്ന "പുതിയ സാധാരണം'
അത്യാപത്ക്കരങ്ങളായ മാറ്റങ്ങളുണ്ടാകുന്ന സന്ദർഭങ്ങളിൽ, മുമ്പ് അചിന്ത്യമായിരുന്നവ പൊടുന്നനെ യാഥാർഥ്യമാവുന്നു.
നവോമി ക്ലൈൻ

മനുഷ്യജീവിതത്തിനെത്തന്നെ അടിമുടി അസ്ഥിരമാക്കുന്ന ഒന്നാണ് ആഗോളമുതലാളിത്തം. ഈ ലോക്ഡൗണിൽ തുടങ്ങി നമ്മൾ ഈ സാമൂഹ്യയന്ത്രത്തെ പുനരാവിഷ്‌ക്കാരത്തിനായി നമ്മുടെ ഭാവനാപരമായ ഊർജ്ജത്തെയാകെ നിക്ഷേപിക്കേണ്ടിയിരിക്കുന്നു. ഈ വൈറസ് ആണ് നമ്മൾ കാത്തിരുന്ന അവസരം. ആഗോളയന്ത്രത്തെ പുന:സംഘടിപ്പിക്കാനുള്ള അവസരമൊരുക്കാനുള്ള സാധ്യയൊരുക്കുന്ന അപകടം
ഫ്രാങ്കോ "ബിഫോ' ബെറാർഡി
ഏതൊരു മഹാദുരിതവും ഒരു സമൂഹത്തിന്റെ ശക്തിദൗർബല്യങ്ങളെ വെളിപ്പെടുത്തുന്ന സന്ദർഭം കൂടിയാണ്. നമ്മൾ അറിയാതെ സ്വാംശീകരിച്ച ചില നന്മകൾ ഈ സമയത്ത് സാമൂഹിക പ്രയോഗങ്ങളുടെയും പ്രവർത്തനങ്ങളുടെയും പ്രതികരണങ്ങളുടെയും രൂപത്തിൽ വെളിപ്പെടുന്നു. അതുപോലെ ഒരു സമൂഹത്തിൽ നിലനിൽക്കുന്നതും സ്വാഭാവികമായി തീർന്നിട്ടുള്ളതുമായ അനീതികളും അവഗണനകളും ആ സമൂഹത്തിന്റെ സിരകളിലോടുന്ന മുൻവിധികളും താൽപര്യങ്ങളും മറനീക്കി പുറത്തുവരുന്നതും ഇത്തരം കാലഘട്ടങ്ങളിലാണ്. പ്രധാനമെന്നും അവശ്യമെന്നും കരുതിയിരുന്ന പലതും ഒഴിവാക്കാനും മറക്കാനും കഴിയുമെന്ന് തിരിച്ചറിയുന്നു. ഒരു മഹാമാരിക്കു മാത്രം നൽകാൻ കഴിയുന്ന തിരിച്ചറിവിന്റെ വ്യക്തതയിൽ അതുവരെ അദൃശ്യമായ/അദൃശ്യമാക്കപ്പെട്ട ചിലത് തെളിഞ്ഞുകാണുന്നു, ജീവിതകോലാഹലങ്ങൾക്കിടയിൽ കേൾക്കാതിരുന്ന ചില നിലവിളികൾ ഉച്ചത്തിൽ കേൾക്കുന്നു. ഈ കൂട്ടപലായനം അത്തരം ഒരുദാഹരണമാണ്.
ഈ പലായനം അശരണരായ ഒരു ജനതയെ മാധ്യമങ്ങളുടെ, ക്യാമറകളുടെ, നമ്മുടെ, കൺമുന്നിൽ കാണിച്ചുതന്നു. അവരിവിടെ എന്നും ഉണ്ടായിരുന്നു. ഈ പലായനം അവരെ പൊടുന്നനെ ദൃശ്യരാക്കിയെന്നു മാത്രം. മനുഷ്യരുടെ ഒരു നദി, മനുഷ്യരുടെ ഒരു ഉറുമ്പുവരി, മനുഷ്യരുടെ നീണ്ട നിലവിളി. ഇത് കാണാനും കേൾക്കാനും കഴിയാത്ത ഒരു സമൂഹത്തെ നാം എങ്ങിനെ വിശേഷിപ്പിക്കും?

നവോമി ക്ലീൻ പറയുന്നതുപോലെ, ഓരോ ദുരന്തവും മാറ്റത്തിനും മാറിച്ചിന്തിക്കാനുമുള്ള അവസരങ്ങൾ കൂടിയാണ്. സ്ഥൂല-സൂക്ഷ്മ പ്രകൃതികളുമായി മനുഷ്യനുള്ള/ഉണ്ടാവേണ്ട ബന്ധം, വികസനം എന്ന ആശയം/പ്രയോഗം, ഉപഭോഗത്തിന്റെ അളവ്/സ്വഭാവം/ഉള്ളടക്കം എന്നിവയെയൊക്കെ കുറിച്ചുള്ള ഗാഢമായ പുനരാലോചനയിലേക്ക് കൊറോണ നമ്മെ നിർബന്ധിക്കുന്നുണ്ട്. ഒപ്പം നാം കഴിഞ്ഞ നൂറ്റാണ്ടിൽ ആർജ്ജിച്ചതും വികസിപ്പിച്ചതുമായ "പൊതു'വായതിനോടുള്ള പ്രതിപത്തിയും പ്രതിബദ്ധതയും അതിനെക്കുറിച്ചുള്ള ഉൽക്കണ്ഠകളും, അത് രൂപം നൽകിയ പലതലങ്ങളിലുള്ള സാമൂഹികമായ കരുതലിന്റെയും ആരോഗ്യസുരക്ഷാസംവിധാനങ്ങളുടെയും മനുഷ്യാവകാശ സംരക്ഷണത്തിന്റെയും സ്ഥാപനസംവിധാനങ്ങൾ, മർദ്ദിതരുടെയും ചൂഷിതരുടെയും ആത്മസത്തയെ രാഷ്ട്രീയോർജ്ജമാക്കിയിരുന്ന പ്രസ്ഥാനങ്ങൾ, വിമോചന ആശയസമരങ്ങൾ - ഇവയെല്ലാം വളരെ ഗൗരവപൂർണമായ ഒരു പുനർവിചിന്തനത്തിന് നമ്മെ ക്ഷണിക്കുന്നുണ്ട്.

അവരിവിടെ എന്നും ഉണ്ടായിരുന്നു. ഈ പലായനം അവരെ പൊടുന്നനെ ദൃശ്യരാക്കിയെന്നു മാത്രം. മനുഷ്യരുടെ ഒരു നദി, മനുഷ്യരുടെ ഒരു ഉറുമ്പുവരി, മനുഷ്യരുടെ നീണ്ട നിലവിളി. ഇത് കാണാനും കേൾക്കാനും കഴിയാത്ത ഒരു സമൂഹത്തെ നാം എങ്ങിനെ വിശേഷിപ്പിക്കും?

പഴയതിനെ തിരിച്ചുകൊണ്ടുവരിക എന്നുള്ള നിലയ്ക്കല്ല, അത് സാധ്യവുമല്ല. പക്ഷെ ഇപ്പോൾ കൊറോണയോടുള്ള പ്രതികരണം എന്ന നിലയിൽ ആഗോളതലത്തിൽ ഉയർന്നുവരുന്ന രണ്ടു മാതൃകകളും - അമേരിക്കയുടെയും ചൈനയുടെയും - ഒരുപോലെ ജനാധിപത്യവിരുദ്ധവും നിലനിൽക്കുന്ന ആഗോളമൂലധനാധിപത്യത്തിന്റെ തന്നെ ഇരട്ടമുഖങ്ങളുമാണ്. 19-20 നൂറ്റാണ്ടുകൾ ഉണർത്തിയ രണ്ട് വിമോചനാശയങ്ങൾക്ക്- ലിബറൽ മുതലാളിത്ത ജനാധിപത്യം, കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആദർശങ്ങൾ എന്നിവയ്ക്ക് - നേരിട്ട അപചയത്തിന്റെ കൂടി ദൃഷ്ടാന്തങ്ങളാണിവ. സമകാലിക രാഷ്ട്രീയവ്യവഹാരങ്ങളെയെല്ലാം മൂടിനിൽക്കുന്ന ഈ ദ്വന്ദ്വത്തിന് പുറത്തുകടന്നില്ലെങ്കിൽ ഇന്നത്തെ "അത്യസാധാരണ സന്ദർഭം' കഴിഞ്ഞുവരുന്ന "പുതിയ സാധാരണം' പഴയതിന്റെ കൂടുതൽ ക്രൂരവും നീചവുമായ ഒന്നായിരിക്കും. അതുകൊണ്ട് നമ്മൾ മറന്നുപോയ ചരിത്രങ്ങളിലേക്കും ബദലുകൾ പരീക്ഷിച്ച സാമൂഹ്യപ്രയോഗങ്ങളിലേക്കും, ധീരമായ പരാജയങ്ങളിലേക്കും, ലളിതവും സുതാര്യവുമായ സ്ഥാപനരൂപങ്ങളിലേക്കും മനുഷ്യവംശത്തെ ഭൗമപ്രകൃതിയുടെ ഒരിഴയായി കാണുന്ന ജീവനരീതികളിലേക്കും മറ്റും കൂടുതൽ കൂടുതൽ ചൂഴ്ന്നുനോക്കേണ്ടിയിരിക്കുന്നു.
തിങ്കളാഴ്ച പ്രഭാതം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ച "വൈറസ് പറഞ്ഞെതെന്ത്?' എന്ന ലേഖനത്തിൽ വൈറസ് മനുഷ്യരോട് പറയുന്നതുപോലെ, "നിങ്ങൾ വാസ്തവത്തിൽ എന്നോട് നന്ദി പറയണം. ഞാനില്ലായിരുന്നെങ്കിൽ ഇനിയെത്രകാലം ഇപ്പോൾ നിർത്തിവെച്ചതും മുമ്പ് ഒരു ചോദ്യത്തിനും വിധേയമാകാത്തതുമായ പല കാര്യങ്ങളും എന്നെന്നേക്കുമായി അവശ്യം എന്ന നിലയ്ക്ക് തുടർന്നേനെ'? ആഗോളവൽക്കരണം, മത്സരപരീക്ഷകൾ, വിമാനയാത്ര, ബഡ്ജറ്റ് പരിമിതികൾ, തെരഞ്ഞെടുപ്പുകൾ, കായികമത്സര കെട്ടുകാഴ്ച്ചകൾ, ഡിസ്‌നി ലാന്റ്, ഫിറ്റ്‌നസ് ജിമ്മുകൾ, പലപല കച്ചവടങ്ങൾ, ദേശീയസമിതി, കൂട്ട യോഗങ്ങൾ, മിക്കവാറും ഓഫീസ് ജോലികൾ, ഇവയെല്ലാം തന്നെ വൻനഗരവാസികളായ ഏകകങ്ങളുടെ ആശങ്കനിറഞ്ഞ ഏകാന്തതയുടെ മറുപുറമായ യാന്ത്രികസാമൂഹികത മാത്രമായിരുന്നു എന്നും, അവയെല്ലാം അനാവശ്യമാക്കപ്പെട്ടിരിക്കുന്നു എന്നും ഈ "അത്യാവശ്യത്തിന്റെ സന്ദർഭം' അതിന്റെ സാന്നിദ്ധ്യം നിങ്ങളിൽ അടിച്ചേൽപ്പിച്ചപ്പോൾ തിരിച്ചറിയുന്നു. ഈ വരുന്ന ആഴ്ച്ചകളിലെ സത്യശോധനയ്ക്ക് എനിക്കു നന്ദി പറയുക. ഇതാ ഒടുവിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം ജീവിതത്തിൽ വസിക്കുവാൻ പോകയാണ്'.

Comments