വെറുതെയിരിക്കുന്ന സ്ത്രീകൾ നേരം പോകാൻ എന്തെങ്കിലും ചെയ്യുക എന്ന തരത്തിലാണ് പുരുഷാധിപത്യസമൂഹം സ്ത്രീകളുടെ അധ്വാനത്തെ കാണുന്നത്. 2010-ൽ മൂത്രപ്പുര സമരവും 2014-ൽ ഇരിക്കൽ സമരവും നടത്തുമ്പോൾ, ഞങ്ങൾ ഇത് കേട്ടിരുന്നു; മിഠായിത്തെരുവിലെ പീടികകൾ പൊളിച്ച് ടോയ്‌ലറ്റുണ്ടാക്കണം എന്നും പറഞ്ഞ് വെറുതെയിരിക്കുന്ന സ്ത്രീകൾ നേരം കളയാൻ വരികയാണ് എന്ന്.
ഇത്തരമൊരു കാഴ്ചപ്പാടിലാണ് ഇത്തരം നിരവധി പദ്ധതികൾ സ്ത്രീകളുടെ തലയിലേക്കിട്ടത്. തൊഴിലുറപ്പ് പദ്ധതിയുടെ അവസ്ഥ എന്താണ്? കണ്ടം കൊത്തുക എന്നത് അധ്വാനമുള്ള പണിയല്ലേ? വർഷം 100 ദിവസം പണി എന്നു പറഞ്ഞ് കൊടുക്കുന്ന കൂലി എത്രയാണ്?. ഇപ്പോൾ അതുപോലും കിട്ടുന്നില്ല. ഖരമാലിന്യ പ്രവർത്തകർക്ക് ഹരിത കേരള പ്രവർത്തകർ എന്ന് ഓമനപ്പേരിട്ടു. രാവിലെ എഴുന്നേറ്റ് കാക്കകളെപ്പോലെ പറന്നുചെന്ന് പണി ചെയ്യുന്നവരാണവർ. വെറുതെയിരിക്കുന്ന സ്ത്രീകൾ എന്തും ചെയ്യും എന്ന നിലയ്ക്കാണ് ഇത്തരം കുറെ പദ്ധതികൾ അവരുടെ ഉത്തരവാദിത്തമാക്കി മാറ്റിയത്. വീട്ടിലെ ബുദ്ധിമുട്ടിന് എന്തെങ്കിലും ചെയ്യാൻ പറ്റും എന്ന രീതിയിലാണ് ഞങ്ങൾ ഇത്തരം പണികൾക്കിറങ്ങുന്നത്. പിന്നെ അത് വീട്ടിലെ മൊത്തം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയായി. ഒരു ചായ പോലും കുടിക്കാതെയാണ് ഞങ്ങൾ ഈ അധ്വാനത്തിന് കിട്ടുന്ന കൂലി മുഴുവൻ കുടുംബത്തിനായി ചെലവഴിക്കുന്നത്. അതിന് എന്തുകൊണ്ട് മൂല്യം കാണുന്നില്ല.
അതുകൊണ്ട് മൊത്തം ആശമാർക്കൊപ്പമാണ് ഞാൻ. സമരം ചെയ്യുന്ന ആശാ വർക്കർമാർ ഇപ്പോൾ തെരുവിലാണല്ലോ. ഇവരെ തിരിച്ച് വീട്ടിലേക്ക് അയക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനും കേരളത്തിനുമുണ്ട്. അത് എത്രയും പെട്ടെന്ന് ചെയ്യണം.