എങ്ങനെയാണ് അന്ന സെബാസ്റ്റ്യന്മാരും അവരുടെ തൊഴിലിടങ്ങളും ഉണ്ടാകുന്നത്?

‘‘ആഗോളതലത്തിൽ, അമിതാദ്ധ്വനം പേറുന്ന തൊഴിൽശക്തി (Workforce) ഇന്ത്യയിലാണത്രെ ഏറ്റവും കൂടുതൽ. കഠിനാദ്ധ്വാനവും ഫലദായിയായ (Productive) അദ്ധ്വാനവും തമ്മിൽ വേർതിരിവുണ്ടെന്നുള്ള കാര്യം ഇന്ത്യയിലെ തൊഴിൽ മേഖല ഇന്നും മനസ്സിലാക്കിയിട്ടില്ല’’- അന്ന സെബാസ്റ്റ്യനെപ്പോലുള്ളവരെ മരണത്തിലേക്ക് തള്ളിവിടുന്ന തൊഴിൽസ്ഥലത്തെ സമ്മർദമുണ്ടാക്കുന്ന സാഹചര്യങ്ങളുടെ സാമൂഹികശാസ്ത്രം വിശദീകരിക്കുന്നു എതിരൻ കതിരവൻ.

വിശപ്പില്ലായ്മ നിങ്ങളെ പിടികൂടുന്നു, ആഹാരം കഴിച്ചെങ്കിൽ ശരിക്ക് ദഹിക്കുന്നില്ല, ഉറക്കം തീരെക്കുറവ്, ഹൃദയമിടിപ്പ് ചിലപ്പോൾ കൂടുന്നു, ഇങ്ങനെയൊക്കെ അനുഭവിക്കുന്നെങ്കിൽ അത് ചില ഹോർമോണുകളുടെ ഉത്തേജനത്താൽ ‘ഒന്നുകിൽ രക്ഷപ്പെടുക അല്ലെങ്കിൽ പൊരുതുക’ (Fight or flight) എന്ന ശരീരത്തിൻ്റെ ഒരു പ്രതികരണമാണ്. കോർടിസോൾ, അഡ്രിനാലിൻ എന്നീ ഹോർമോണുകളാണ് ഇവ ഉളവാക്കുന്നത്. എന്നാൽ, ക്ലേശാഘാതം (Stress) അല്ലെങ്കിൽ സംഘർഷാവസ്ഥയിലും ഇതൊക്കെത്തന്നെ സംഭവിക്കുന്നു. ഒരു ആപൽഘട്ടത്തിൽ രക്ഷപ്പെടാൻ ശരീരം ഉപയോഗിക്കുന്ന പോംവഴികൾ തന്നെ ഇവിടെയും ഉളവാകുകയാണ്; പൊരുതുകയോ ഓടി രക്ഷപ്പെടുകയോ ഈ സന്ദർഭം ആവശ്യപ്പെടുന്നില്ലെങ്കിൽക്കൂടി. ഇന്ന് ജോലിസ്ഥലത്താണ് ഇത് ഏറ്റവും കൂടുതൽ സംഭവിക്കുന്നത്.

വർഷങ്ങൾക്ക് മുൻപേ ഇത്തരം സംഘർഷങ്ങളാൽ ക്ഷീണിതരാകുന്നതും ജീവിതത്തോട് സുല്ലിട്ടുപോകുന്നതും കൂടുതലായി കാണപ്പെട്ടിരുന്നത് ഫാക്ടറികളിലെയും ആശുപത്രികളിലെയും ജോലിക്കാരിലാണ്. നേഴ്സുമാരുടെ ജോലി​ക്ലേശങ്ങളെക്കുറിച്ച് പഠനങ്ങൾ ധാരാളമുണ്ട്. ജീവിതശൈലി മാറി, സാമ്പത്തിക ഉത്തരവാദിത്തങ്ങളുടെ ഘടന മാറി, ഏതെങ്കിലും ജോലി ചെയ്യേണ്ടത് ഭാര്യയുടേയും ഭർത്താവിൻ്റേയും കടമയായി മാറി. വ്യക്തിപരമായ സ്വത്വം നേടുന്നതിനും സമൂഹാഭികാമ്യതയ്ക്കും ദൈനംദിനജീവിതത്തിൽ ഘടനയും ഉദ്ദേശ്യവും ഉൾച്ചേർക്കുന്നതിനും നിലവാരമിയന്ന ജോലി സർവ്വസാധാരണമായി. ലോകനടത്തിപ്പിൽ കമ്പ്യൂട്ടറുകൾ സ്ഥാനം നേടി, അത്യാവശ്യമായി, ആ മേഖലയിൽ ജോലി സാദ്ധ്യതകൾ വർദ്ധിച്ചു. ഏതുസമയത്തും കമ്പ്യൂട്ടറുകൾ നിരന്തരമായി പ്രവർത്തിക്കേണ്ടതുണ്ട്. അതിനാൽ രാപകൽ ജോലി ചെയ്യേണ്ടത് അത്യന്താപേക്ഷിതവുമായി.

വിശപ്പില്ലായ്മ, ആഹാരം ദഹിക്കാതിരിക്കുക, ഉറക്കം തീരെക്കുറവ്, ഹൃദയമിടിപ്പ് ചിലപ്പോൾ കൂടുന്നു തുടങ്ങിയവ സ്ട്രെസ് കുറക്കാനുള്ള ശരീരത്തിന്റെ പ്രതികരണങ്ങളാണ്.
വിശപ്പില്ലായ്മ, ആഹാരം ദഹിക്കാതിരിക്കുക, ഉറക്കം തീരെക്കുറവ്, ഹൃദയമിടിപ്പ് ചിലപ്പോൾ കൂടുന്നു തുടങ്ങിയവ സ്ട്രെസ് കുറക്കാനുള്ള ശരീരത്തിന്റെ പ്രതികരണങ്ങളാണ്.

ജോലിസാദ്ധ്യത കൂടിയതോടെ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു. കമ്പനികൾ കിടമൽസരങ്ങളിൽ ഏർപ്പെടുന്നു, ജോലി ഈ മൽസരത്തിൻ്റെ ഭാഗവുമായി മാറുന്നു. ഇതോടനുബന്ധിച്ച് മറ്റ് ബിസിനസ് സംരംഭങ്ങളും ആ മൽസരത്തിന്റെ ഭാഗമാകേണ്ടിവന്നിരിക്കുന്നു. ആഗോളതലത്തിൽ, അമിതാദ്ധ്വനം പേറുന്ന തൊഴിൽശക്തി (Workforce) ഇന്ത്യയിലാണത്രെ ഏറ്റവും കൂടുതൽ. കഠിനാദ്ധ്വാനവും ഫലദായിയായ (Productive) അദ്ധ്വാനവും തമ്മിൽ വേർതിരിവുണ്ടെന്നുള്ള കാര്യം ഇന്ത്യയിലെ തൊഴിൽ മേഖല ഇന്നും മനസ്സിലാക്കിയിട്ടില്ല. ഇത് ഇന്ത്യയിലെ മാത്രം പ്രശ്നമായി ഒതുക്കേണ്ടതുമില്ല. പണ്ട് ഫാക്ടറി ജോലിക്കാരിൽ കൂടുതലായും കണ്ടുവന്നിരുന്നു ജോലിക്ലേശം ഇന്ന് അഭ്യസ്തവിദ്യരുടെ ജോലികളിലേക്ക് സംക്രമിച്ചിരിക്കുന്നു.

ശമ്പളം മാത്രല്ല, ജോലിസ്ഥലത്തെ ശ്രേണീബദ്ധമായ നിങ്ങളുടെ പദവി, പ്രമോഷൻ സാദ്ധ്യത, ജോലിസുരക്ഷ എന്നിവയൊക്കെ നിങ്ങൾക്ക് കിട്ടേണ്ട പ്രതിഫലങ്ങളിൽ ഉൾപ്പെട്ടവയാണ്.

ജോലിയിൽ സന്തോഷമില്ല,
എന്തുകൊണ്ട്?

ജോലി ആവശ്യപ്പെടുന്ന കാര്യങ്ങൾ, അതിൻ്റെ ബാദ്ധ്യത, അത് ചെയ്യുന്ന ആളിൻ്റെ കഴിവുകൾ, വൈദഗ്ദ്ധ്യം, വിഭവപ്രദാനശേഷി, ആവശ്യങ്ങൾ ഇതൊക്കെ തമ്മിൽ പൊരുത്തപ്പെടാത്തപ്പോഴാണ് മാനസിക / ശാരീരിക പിരിമുറുക്കത്തിലേക്ക് വഴുതിവീഴുന്നത്. ഏതൊരു പ്രവൃത്തിയ്ക്കും ഉത്തേജനം നൽകുന്നത് അതിൽനിന്ന് സന്തോഷമുളവാകും എന്നുള്ളതുകൊണ്ടാണ്. ഇത് നമ്മുടെ തലച്ചോറിലെ ‘പ്രതിഫലകേന്ദ്രം’ ( reward center) വൻ പ്രതീക്ഷകൾ വെച്ചു പുലർത്തുന്നതുകൊണ്ടാണ്. ഈ കേന്ദ്രത്തെ ഉണർത്തി നിർത്തുന്നത് ആനന്ദദായകമാണ്. ഇത് സംഭവിക്കുന്നെങ്കിൽ ഏതു ജോലി ചെയ്യാനും മനസ്സും ശരീരവും സന്നദ്ധമാണ്. നിങ്ങൾ ഒരു ആഘോഷക്കമ്മിറ്റിയിലുണ്ടെങ്കിൽ അതിനുവേണ്ടി രാപകൽ, ഉറക്കമിളച്ച്, പണിയെടുത്തേയ്ക്കും, ഉൽസാഹത്തോടെ. കാരണം അതിന് സന്തോഷദായകമായ പ്രതിഫലം ലഭിക്കും എന്നുറപ്പാണ്. എന്നാൽ ഓഫീസിലെ ജോലിയിൽ ഇത് ലഭിച്ചെന്നിരിക്കില്ല. നിങ്ങളുടെ ഊർജ്ജവും ബുദ്ധിയും മനഃശക്തിയും കൂടുതൽ ചെലവാക്കുന്നു, പക്ഷേ തിരിച്ചുകിട്ടുന്നത് വെറും തുഛമായത്. (high cost / low gain conditions).
ശമ്പളം മാത്രല്ല, ജോലിസ്ഥലത്തെ ശ്രേണീബദ്ധമായ നിങ്ങളുടെ പദവി, പ്രമോഷൻ സാദ്ധ്യത, ജോലിസുരക്ഷ എന്നിവയൊക്കെ നിങ്ങൾക്ക് കിട്ടേണ്ട പ്രതിഫലങ്ങളിൽ ഉൾപ്പെട്ടവയാണ്. കൂടാതെ ജോലിസമ്മർദ്ദം എത്രയുണ്ട് എന്നതും നമുക്ക് നിയന്ത്രിക്കാനാവുന്ന കാര്യങ്ങൾ എത്ര കൂടുതലുണ്ട് എന്നതുമൊക്കെ പ്രസക്തമാണ്. സമനില പാലിക്കപ്പെടാത്ത ജോലി ഡിസൈൻ, സുരക്ഷാകാര്യത്തിലെ അനിശ്ചിതത്വം, തങ്ങൾക്ക് നിലയും വിലയും കൽപ്പിക്കുന്നുണ്ടോ എന്നതൊക്കെ ഇതിൽപ്പെടുത്താം.

ഏതൊരു പ്രവൃത്തിയ്ക്കും ഉത്തേജനം നൽകുന്നത് അതിൽനിന്ന് സന്തോഷമുളവാകും എന്നുള്ളതുകൊണ്ടാണ്. ഇത് നമ്മുടെ തലച്ചോറിലെ ‘പ്രതിഫലകേന്ദ്രം’ ( reward center) വൻ പ്രതീക്ഷകൾ വെച്ചു പുലർത്തുന്നതുകൊണ്ടാണ്.
ഏതൊരു പ്രവൃത്തിയ്ക്കും ഉത്തേജനം നൽകുന്നത് അതിൽനിന്ന് സന്തോഷമുളവാകും എന്നുള്ളതുകൊണ്ടാണ്. ഇത് നമ്മുടെ തലച്ചോറിലെ ‘പ്രതിഫലകേന്ദ്രം’ ( reward center) വൻ പ്രതീക്ഷകൾ വെച്ചു പുലർത്തുന്നതുകൊണ്ടാണ്.

തീരുമാനങ്ങളെടുക്കുന്നതിൽ ഒരു പങ്കുമില്ലാതാകുക, പരസ്പരം സംവദിക്കാനുള്ള സൗകര്യമൊരുക്കാത്ത മേലുദ്യോസ്ഥൻ, കുടുംബമൂല്യങ്ങളൊട് ബഹുമാനമില്ലാത്ത കമ്പനിനിയമങ്ങൾ, ഫലപ്രദമായി ചെയ്ത ജോലിക്ക് അംഗീകാരം ലഭിക്കാൻ വിസമ്മതിക്കുന്ന അന്തരീക്ഷം എന്നിവയൊക്കെ മനക്ലേശത്തിനും അതുവഴി ശാരീരിക അപചയങ്ങൾക്കും കാരണമാകുന്നുണ്ട്. പലപ്പോഴും ശമ്പളത്തിൻ്റെ നിലവാരത്തേക്കാൾ ഇത്തരം ഇടപെടലുകളാണ് ക്ലേശാഘാതങ്ങൾക്ക് വഴിവെക്കുക. പ്രതിഫലകേന്ദ്രത്തിനു വേണ്ട പരിചരണം ലഭിയ്ക്കുന്നില്ലെങ്കിൽ തലച്ചോറ് മേൽച്ചൊന്ന ‘Fight or flight’ അവസ്ഥയിലേക്ക് പതുക്കെ ചാഞ്ഞേക്കാം. എന്നാൽ വ്യക്തിപരമായ ശീലങ്ങളും സമ്മർദ്ദത്തോട് പൊരുത്തപ്പെടാനുള്ള കഴിവുമുള്ളവർ ഒരു പരിധി വരെ ഇതിനെ ചെറുത്തെന്നുവരാം.

‘കത്തിത്തീരൽ’ അഥവാ Burn Out

ചെറിയ ഇടവേളകളിൽ മാത്രം വരുന്ന ക്ലേശങ്ങളോ പെട്ടെന്ന് വന്നു പോകുന്ന പിരിമുറുക്കങ്ങളൊ കെടുതികാരണമാകുന്നില്ല. പക്ഷേ ഇതിന് തീർപ്പൊന്നും സംഭവിക്കുന്നില്ലെങ്കിൽ ശരീരം സദാ പിരിമുറക്കങ്ങളെ നേരിടുകയാണ്, ഉള്ളാലേ വർത്തിക്കുന്ന കേടുതീർക്കൽ പ്രതിഭാസം അപ്രത്യക്ഷമായിത്തുടങ്ങും. ശരീരത്തിനും മനസ്സിനും തേയ്മാനവും പാളിച്ചകളും വർദ്ധിക്കുകയും ഇനിയൊന്നും മിച്ചമില്ല എന്ന നിലയിലേക്ക് പതിക്കുകയും ചെയ്യുന്നു. ജൈവികമായ പുതുക്കൽ സാദ്ധ്യതകൾ വിട ചൊല്ലുകയാണ്. തളർച്ചയും അതിക്ഷീണവും പരിണതിയാകുന്നു, ശരീരത്തിൻ്റെ പ്രതിരോധപ്രക്രിയകൾ ഇനിയില്ല എന്ന മട്ട് തീർപ്പാക്കിക്കഴിഞ്ഞു, പ്രതിരോധിക്കാൻ ഒരു ചെറിയ ശക്തി പോലും മിച്ചമില്ല എന്ന് മനസ്സും ശരീരവും പ്രഖ്യാപിക്കുന്നു. അസുഖങ്ങളുടെ മേച്ചിൽപ്പുറമാകുന്നു നമ്മൾ, അവയവങ്ങൾ ഊർജ്ജസ്വലത നഷ്ടപ്പെട്ട് തളരുന്നു. ജീവിതം അവസാനിപ്പിക്കാൻ തോന്നിത്തുടങ്ങിയെങ്കിൽ അതിൽ അദ്ഭുതമില്ല.

സമൂഹം ഇന്നും ശ്രേണീബദ്ധമാണ്, അതിൻ്റെ അനുരണനങ്ങൾ ജോലിസ്ഥലത്തും പ്രകടമാണ്. അടിമത്തം മാഞ്ഞുപോകാൻ വിസമ്മതിച്ച് ജോലിസ്ഥലങ്ങളിൽ മായാവിയായി വിഹരിക്കുന്നു.

തൊഴിൽസംസ്കാരം;
ഇന്ത്യൻ പാളിച്ചകൾ

ജോലിസംബന്ധമായ പിരിമുറുക്കങ്ങളും ശാരീരിക / മാനസിക കെടുതികളും സാർവ്വലൗകികമാണ്. Stress management ഇന്ന് പാശ്ചാത്യരാജ്യങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നു, കമ്പനി കീഴ് വഴക്കങ്ങളിൽ ഇതിനുള്ള സാദ്ധ്യതകൾ എന്തൊക്കെയെന്നും തീവ്രമായി ആലോചിക്കപ്പെടുന്നു, നിയമനിർമ്മാണങ്ങളിൽ ഇതിൻ്റെ പുതുക്കലുകൾ എങ്ങനെ സാദ്ധ്യമെന്ന് ആരായുന്നു. ഇങ്ങനെ ജോലിയും വ്യക്തിജീവിതവും തമ്മിൽ സമരസപ്പെടുത്താനുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ച് നടത്തപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ സാമൂഹികമായും ചരിത്രപരമായതുമായ കെട്ടുപാടുകളിൽ കുടുങ്ങിപ്പോകുന്നുണ്ട് ഇത്തരം നവീനതകൾ ഇഴചേർക്കാനുള്ള പരിശ്രമങ്ങൾ.

ചാതുർവർണ്യത്തിൻ്റെ സംഹിതാംശങ്ങൾ സമൂഹപാളികളിൽ ഇന്നും തേച്ചാലും മാച്ചാലും പോകാതെ പതിഞ്ഞുകിടപ്പുണ്ട്. സംവരണം എന്നത് നിയമമാണെങ്കിലും അനുകൂലികളും പ്രതികൂലികളും ഉള്ളിൽ നുരപൊന്തുന്ന അസഹിഷ്ണുത കഷ്ടിച്ചാണ് അടക്കിവെയ്ക്കുന്നത്. സമൂഹം ഇന്നും ശ്രേണീബദ്ധമാണ്, അതിൻ്റെ അനുരണനങ്ങൾ ജോലിസ്ഥലത്തും പ്രകടമാണ്. അടിമത്തം മാഞ്ഞുപോകാൻ വിസമ്മതിച്ച് ജോലിസ്ഥലങ്ങളിൽ മായാവിയായി വിഹരിക്കുന്നു. അടുക്കള ജോലിക്കാർ ശമ്പളം വാങ്ങിക്കുന്ന ജോലിക്കാരാണെന്ന് സമ്മതിക്കാൻ ഇന്നും വ്യാജ ആഢ്യത്വം പേറുന്ന ഭാരതീയർ വിസമ്മതിക്കുന്നുണ്ട്. ഇതിൻ്റെ ഒരു നീട്ടൽ (Extension) എല്ലാ തൊഴിലിടങ്ങളിലും വ്യക്തമോ അവ്യക്തമോ ആയി നിലകൊള്ളുന്നു. അതിജീവനത്തിനുവേണ്ടി സ്വന്തം തൊഴിൽ നഷ്ടപ്പെടുത്താൻ വിരൽ മുറിക്കേണ്ടിവരുന്ന നെയ്ത്തുകാരുടെ കഥ ആനന്ദ് വരച്ച് കാട്ടിയത് (വ്യാസനും വിഘ്നേശ്വരനും) അതിസങ്കീർണ്ണമായ പ്രശ്നത്തിൻ്റെ ലളിതമായ ആഖ്യാനമാണ്. മൽസരങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സംസ്കാരം അടിമ മുതലാളിമാരെ എളുപ്പം സൃഷ്ടിക്കുന്നു.

സ്വന്തം തൊഴിൽ നഷ്ടപ്പെടുത്താൻ വിരൽ മുറിക്കേണ്ടിവരുന്ന നെയ്ത്തുകാരുടെ കഥ ആനന്ദ് വരച്ച് കാട്ടിയത് (വ്യാസനും വിഘ്നേശ്വരനും) അതിസങ്കീർണ്ണമായ പ്രശ്നത്തിൻ്റെ ലളിതമായ ആഖ്യാനമാണ്.
സ്വന്തം തൊഴിൽ നഷ്ടപ്പെടുത്താൻ വിരൽ മുറിക്കേണ്ടിവരുന്ന നെയ്ത്തുകാരുടെ കഥ ആനന്ദ് വരച്ച് കാട്ടിയത് (വ്യാസനും വിഘ്നേശ്വരനും) അതിസങ്കീർണ്ണമായ പ്രശ്നത്തിൻ്റെ ലളിതമായ ആഖ്യാനമാണ്.

വ്യക്തിയും ഓഫീസും;
സമവായങ്ങൾ

ജോലിയും വ്യക്തിജീവിതവും അല്ലെങ്കിൽ കുടുംബവും തമ്മിൽ ബന്ധിപ്പിച്ചേ സ്വാസ്ഥ്യം സാദ്ധ്യമാകൂ എന്ന് വ്യക്തമായി അറിയേണ്ടതുണ്ട്, കമ്പനികൾ. സഹജോലിക്കാർ അടങ്ങുന്ന ‘സഹായക്കൂട്ടായ്മകൾ’ എളുപ്പം നിർമിച്ചെടുക്കാവുന്നതാണ്. കഠിനജോലി എന്ന കടുമ്പിടിത്തം ഫലപ്രദമായ ജോലി എന്ന പ്രായോഗികതയിലേക്ക് മാറേണ്ടിയിരിക്കുന്നു. ജോലിയും വ്യക്തിജീവിതവും വിഘടിപ്പിച്ചെടുക്കാൻ ഓഫീസ് സാഹചര്യങ്ങളാണ് ആദ്യം അനുരൂപപ്പെടുത്തേണ്ടത്. മാനസികമായ ഒരു അകൽച്ച അനാവശ്യമാണെന്ന് മേലുദ്യോഗസ്ഥരാണ് ആദ്യം ധരിക്കേണ്ടത്. തീവ്രക്ലേശം ഉൽപ്പാദിപ്പിക്കുന്ന ഘടകങ്ങൾ തിരിച്ചറിയാൻ വിദഗ്ധരുടെ സഹായം കമ്പനികൾ തേടേണ്ടതാണ്. വ്യവസ്ഥാസംബന്ധിയായ മാറ്റങ്ങൾക്ക് തയറായേ പറ്റൂ, ജോലിക്കാരുടെ സ്വാസ്ഥ്യത്തിനു പരിഗണന ലഭിക്കാൻ.

ഒരു രാത്രികൊണ്ട് വെളുപ്പിച്ചെടുക്കാവുന്ന കാര്യങ്ങളല്ലിവ. ജോലി രൂപപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് അത് എത്ര അർത്ഥവത്താണ്, മാനസികോത്തേജനം എത്രമാത്രം നൽകുന്നു, ജോലിക്കാരുടെ നിപുണത ഉപയോഗിക്കപ്പെടാൻ അവസരം നൽകുന്നുണ്ടോ എന്നതൊക്കെത്തന്നെ. തൊഴിൽഭാരം ജോലിക്കാരുടെ കഴിവുകളും വിഭവസമ്പത്തും അനുസരിച്ച് നിശ്ചയിക്കപ്പെടേണ്ടതാണ്. ആദ്യമേ തന്നെ ജോലിക്കാരുടെ പാത്രധർമവും ഉത്തരവാദിത്തങ്ങളും നിർവ്വചിച്ചേ മതിയാവൂ. അവരുടെ ജോലിയെ ബാധിക്കുന്ന തീരുമാനങ്ങളിലും നടപടികളിലും അവർക്കും പങ്കുണ്ടായിരിക്കും എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ആശയവിനിമയങ്ങൾ മെച്ചപ്പെടുത്തുക. തൊഴിൽഭാവി രൂപീകരിക്കുന്നതിലും ഇനിയും അവിടെ വളർച്ചയ്ക്ക് അവസരങ്ങളുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിലും അവ്യക്തതയില്ലെന്ന് ഉറപ്പ് വരുത്തുക. സഹജോലിക്കാരുമായുള്ള ഇടപഴകലിന് സാദ്ധ്യതയൊരുക്കുക. ജോലിക്കപ്പുറമുള്ള, കുടുംബപരമായതോ വ്യക്തിപരമായതോ ആയ അത്യാവശ്യങ്ങൾ മാനിക്കപ്പെടേണ്ടതാണ്, അതനുസരിച്ച് തൊഴിൽക്രമം നിശ്ചയിക്കപ്പെടാം.

തങ്ങളുടെ തീവ്ര ജോലിക്ലേശങ്ങളെക്കുറിച്ച് തുറന്നുസംസാരിക്കാൻ തുറസ്സുകളുണ്ടെന്നറിഞ്ഞാൽത്തന്നെ അന്ന സെബാസ്റ്റ്യന്മാർക്ക് അകാലത്തിൽ മരിക്കേണ്ടിവരില്ല.
തങ്ങളുടെ തീവ്ര ജോലിക്ലേശങ്ങളെക്കുറിച്ച് തുറന്നുസംസാരിക്കാൻ തുറസ്സുകളുണ്ടെന്നറിഞ്ഞാൽത്തന്നെ അന്ന സെബാസ്റ്റ്യന്മാർക്ക് അകാലത്തിൽ മരിക്കേണ്ടിവരില്ല.

ഒരേയൊരു നിയമം കൊണ്ട് എല്ലാവർക്കും ക്ലേശവിമുക്തി നൽകാൻ സാദ്ധ്യമല്ല, സ്ട്രെസുണ്ടാകുന്നത് പലർക്കും പല വിതാനങ്ങളിലായാണ്. വ്യക്തിപരമായ ഇടപെടലുകളാണ് പലപ്പോഴും ആവശ്യം. കൂടാതെ കമ്പനിക്ക് പൊതുവേ വരുന്ന ആഘാതം ജോലിക്കാരിലേക്ക് പടർത്താതെ, അവർക്ക് ഇത്തരം സന്നിഗ്ദ്ധഘട്ടങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നതിൽ ബോധവൽക്കരണം അത്യാവശ്യമാണ്. ഒരു Job stress consultant എല്ലാ ബിസിനസ് സംരംഭങ്ങൾക്കും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. തങ്ങളുടെ തീവ്ര ജോലിക്ലേശങ്ങളെക്കുറിച്ച് തുറന്നുസംസാരിക്കാൻ തുറസ്സുകളുണ്ടെന്നറിഞ്ഞാൽത്തന്നെ അന്ന സെബാസ്റ്റ്യന്മാർക്ക് അകാലത്തിൽ മരിക്കേണ്ടിവരില്ല. പ്രയത്നം- പ്രതിഫലം (ശമ്പളം മാത്രമല്ല), ജോലി- വ്യക്തിജീവിതം എന്നിവയിലെ സമീകരണമാണ് ദൃഷ്ടികേന്ദ്രത്തിൽ ഉറപ്പിക്കേണ്ടത്.


Summary: Ethiran Kathiravan writes about IT jobs and stress management in modern era. Anna Sebastian incident is a serious concern.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments