സർക്കാർ വരവുവെക്കാത്ത
ആ പന്ത്രണ്ടോളം
കോവിഡ് രക്തസാക്ഷിണികൾക്കുവേണ്ടി
ഒരു ഹർജി

നിപ്പയുടെ കാലത്ത് മരിച്ച നഴ്സ് ലിനിയുടെ പേരിൽ നഴ്സുമാർക്കായി അവാർഡ് ​പ്രഖ്യാപിച്ച സർക്കാർ നടപടി തീർത്തും ഉചിതമാണ്. കൊവിഡ് കാലത്ത് രോഗികളിലേക്കിറങ്ങിച്ചെന്ന് അവരെ രക്ഷിച്ചെടുത്ത പന്ത്രണ്ടോളം സ്ത്രീ പരിചാരികകളും രക്തസാക്ഷിണികളായിട്ടുണ്ട്. അവർ ആശാ പ്രവർത്തകരാണ്. ആരോഗ്യ വകുപ്പിൻ്റെ ചുമതലയിൽ പ്രവർത്തിച്ചിരുന്നവരായിട്ടും ആ പോരാളികളുടെ രക്തസാക്ഷിത്വം എന്തുകൊണ്ട് വരവുവെക്കപ്പെട്ടില്ല? ഗീത എഴുതുന്നു.

ഗീത⠀

നിപ്പ ചികിത്സാരംഗത്തെ രക്തസാക്ഷിണിയായ ലിനി സിസ്റ്ററെ ഞാൻ ആദരപൂർവം ഓർക്കുന്നു. അന്യജീവനുതകി സ്വജീവിതം സമർപ്പിക്കുന്നവർ ധന്യരാണ്. ആരാധ്യ മാതൃകകളാണ്. തീർച്ചയായും കേരള സർക്കാർ ലിനി സിസ്റ്ററുടെ മരണത്തിലൂടെ അവരുടെ ജീവിതം വരവുവെച്ചത് ഉചിതമായ വിധത്തിലായിരുന്നു. കഴിഞ്ഞ വർഷം നേഴ്സുമാർക്കായി അവരുടെ പേരിൽ ഒരു അവാർഡു പ്രഖ്യാപിച്ചതിലൂടെ സർക്കാർ അവരെ ചിരസ്മരണീയ ആക്കി. കുടുംബത്തിനു സർക്കാർ താങ്ങും തണലുമായി. വളരെ നല്ലത്.

ലിനിയോടൊപ്പം മരിച്ച
ആ പന്ത്രണ്ടോളം പേരുടെ കാര്യമോ?

കോവിഡ് കാലത്ത്, രോഗികളിലേക്കിറങ്ങിച്ചെന്ന് അവരെ ശുശ്രൂഷിച്ചു രക്ഷിച്ചെടുത്ത പന്ത്രണ്ടോളം സ്ത്രീ പരിചാരികകൾ അക്കാലത്തുതന്നെ കോവിഡ് പകർന്നെടുത്ത് രക്തസാക്ഷിണികളായി. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നമ്മളെപ്പോലെ അവരും വീട്ടിലടച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവർക്കു ഈ വിധം മരണം സംഭവിക്കില്ലായിരുന്നു. അവരുടെ ജോലിസ്ഥലം ഏതെങ്കിലും ഒരാശുപത്രിയുടെ അതിരുകൾക്കുള്ളിൽ ആയിരുന്നില്ല. കോവിഡ് ബാധിച്ച നാടാകെ അവർ ഓടിനടന്ന് രോഗികളെ പരിചരിച്ചു. ഓരോ വീട്ടിലും എത്തി വിവരങ്ങൾ അന്വേഷിച്ചു രേഖപ്പെടുത്തി. ഈ രേഖകളാണ് കേരളത്തെ ഒന്നാം നമ്പറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. അവർക്കു വേണ്ടത്ര രക്ഷാകവചങ്ങളോ മുൻകരുതലുകളോ നല്കപ്പെട്ടില്ല. അവരുടെ പേരു പോലും സർക്കാർ അഭിസംബോധന ചെയ്തതായി അറിയില്ല. അവരുടെ കുടുംബത്തിൻ്റെ അവസ്ഥ എത്ര ദയനീയമാണിന്നും എന്നാലോചിച്ചാൽ മതി. കുടുംബത്തിൽ ആർക്കെങ്കിലും ജോലി കിട്ടിയോ? അവരുടെ ആരുടെയും പേരിൽ ഒരവാർഡും പ്രഖ്യാപിക്കപ്പെട്ടതായി അറിവില്ല. നഷ്ടപരിഹാരശ്രമങ്ങൾ ഒന്നും ആരുടെ ഭാഗത്തു നിന്നും ഉണ്ടായതായും അറിവില്ല.

കഴിഞ്ഞ വർഷം നേഴ്സുമാർക്കായി ലിനിയുടെ പേരിൽ ഒരു അവാർഡു പ്രഖ്യാപിച്ചതിലൂടെ സർക്കാർ അവരെ ചിരസ്മരണീയ ആക്കി. കുടുംബത്തിനു സർക്കാർ താങ്ങും തണലുമായി. വളരെ നല്ലത്.
കഴിഞ്ഞ വർഷം നേഴ്സുമാർക്കായി ലിനിയുടെ പേരിൽ ഒരു അവാർഡു പ്രഖ്യാപിച്ചതിലൂടെ സർക്കാർ അവരെ ചിരസ്മരണീയ ആക്കി. കുടുംബത്തിനു സർക്കാർ താങ്ങും തണലുമായി. വളരെ നല്ലത്.

താരതമ്യേന നിസ്വാർഥരും നിസ്വരുമായ ആ സ്ത്രീകൾ, മറ്റുള്ളവരെ രക്ഷിച്ച ‘കാലാൾപടയാളികൾ’ കോവിഡ് ചരിത്രത്തിൽ നിന്നു മാഞ്ഞുപോയി. കോവിഡ് ചികിത്സയുടെ പേരിൽ അവാർഡുകൾ വാരിക്കൂട്ടിയ ഭരണാധികാരികളും ഭരണാധികാരിണികളും ഈ രക്തസാക്ഷിണികളുടെ ചെലവിൽ പേരും പ്രശസ്തിയും ഉള്ളവരാകുന്നതു നമ്മൾ കണ്ടു. എന്നാൽ, എവിടെയും ആ രക്തസാക്ഷിണികൾ പരാമർശിക്കപ്പെടുക പോലുമുണ്ടായില്ല. ഇപ്പോൾ അതോർക്കുന്നതു തന്നെ അധികാരികൾ ഇഷ്ടപ്പെടുന്നില്ല. തങ്ങളെ അധികാരത്തിലെത്തിച്ച വോട്ടുകൾ ആ മരിച്ച ശുശ്രൂഷകമാരുടേതു കൂടിയായിരുന്നു എന്നവർക്കറിയാം. അതംഗീകരിക്കാൻ പക്ഷേ തയ്യാറല്ല. കാരണം തൊഴിലാളികളിലും ഉണ്ട് വർഗ ലിംഗ വ്യത്യാസങ്ങൾ'. ‘ഭരണമേ മറന്നുവോ സാധു സ്ത്രീ ജനങ്ങളേ... ’ എന്നു ചോദിച്ച് നാടു നീളേ അലയുന്നത് വാഴ്ത്തുപാട്ടായി തോന്നുക ഏകാധിപതികൾക്കു മാത്രമാണ് എന്നു പറയാതിരിക്കാൻ വയ്യല്ലോ.

ആരോഗ്യ വകുപ്പിൻ്റെ ചുമതലയിൽ പ്രവർത്തിച്ചിരുന്നത് സ്ത്രീകളായിട്ടും ആ പാവം കോവിഡ് പോരാളികൾ വരവുവെക്കപ്പെട്ടില്ല. ചമയങ്ങളോടെ അച്ചടിവടിവിൽ ക്യാമറകൾക്കു മുമ്പിൽ ഒരിക്കലും ആ ധീരകളെപ്പറ്റി ആരും ഉച്ചരിച്ചില്ല.

ഏറ്റവും നിർഭാഗ്യകരമായി തോന്നുന്നത്, ആരോഗ്യ വകുപ്പിൻ്റെ ചുമതലയിൽ പ്രവർത്തിച്ചിരുന്നത് സ്ത്രീകളായിട്ടും ആ പാവം കോവിഡ് പോരാളികൾ വരവുവെക്കപ്പെട്ടില്ല എന്നതാണ്. ചമയങ്ങളോടെ അച്ചടിവടിവിൽ ക്യാമറകൾക്കു മുമ്പിൽ ഒരിക്കലും ആ ധീരകളെപ്പറ്റി ആരും ഉച്ചരിച്ചില്ല.

എന്തുകൊണ്ട് ഒരേ പ്രവൃത്തി ചെയ്തു മരിച്ചവരിൽ ഭരണവർഗം ഈ വിവേചനം കാട്ടി?
ഒരുത്തരമേ എനിക്കു കിട്ടുന്നുള്ളൂ

- അവർ ആരോഗ്യരംഗത്തിൻ്റെ തറക്കല്ലുകളായ ആശാ പ്രവർത്തകകൾ ആയിരുന്നു. അവരെ ഒട്ടാകെ മണ്ണിൽ മൂടിക്കൊണ്ടാണ് മാനത്ത് കൊട്ടാരങ്ങൾ തലയുയർത്തുന്നത്. ഒരാശുപത്രിയിലെയും സ്റ്റാഫ് നേഴ്സ് ആയിരുന്നില്ല. അവർ രോഗികളിലേക്കും രോഗങ്ങളിലേക്കും നഗ്നരായി നേരിട്ടിറങ്ങിച്ചെന്നു ശുശ്രൂഷിച്ചവരാണ്. ഒന്നാം നമ്പർ ആരോഗ്യ കേരളത്തിലെ ഏറ്റവും അടിയാളർ.

 ആശമാർ സമരം തുടങ്ങിയിട്ട് നൂറിലേറെ ദിവസങ്ങളായി. സമരത്തോടുള്ള സർക്കാരിൻ്റെ സമീപനം വളരെ ശത്രുതാപരമാണ്.
ആശമാർ സമരം തുടങ്ങിയിട്ട് നൂറിലേറെ ദിവസങ്ങളായി. സമരത്തോടുള്ള സർക്കാരിൻ്റെ സമീപനം വളരെ ശത്രുതാപരമാണ്.

പേരില്ലാത്ത, ചിത്രമില്ലാത്ത ആദരാഞ്ജലികൾ അർപ്പിക്കപ്പെട്ടിട്ടില്ലാത്ത അവരെ ആര് എങ്ങനെ കണ്ടെത്തും ഇനി? കോവിഡ് ഒന്നാം തരംഗകാലം കഴിഞ്ഞിട്ട് ഏറെക്കാലമായിട്ടില്ലല്ലോ. രേഖകൾ, സഹജീവി സ്നേഹമുള്ള മനുഷ്യർ എന്നീ വഴികളിലൂടെ അവരിലേക്കെത്താം. അവരുടെ വീട്ടുകാർ, പഞ്ചായത്ത്, സഹപ്രവർത്തകർ, ഏറ്റവും കൂടുതലായി അവരാൽ അന്നു ശുശ്രൂഷിക്കപ്പെട്ട കോവിഡ് രോഗികൾ. നമുക്കവരെ കണ്ടെത്താനുള്ള ബാധ്യതയുണ്ടെന്നു ഞാൻ കരുതുന്നു. ഭരണ തലസ്ഥാനത്തു മരിച്ച ആശയുടെ പേര് ജയകുമാരി എന്നായിരുന്നുവത്രെ. കണക്കനുസരിച്ച് പതിനൊന്നു പേരെക്കൂടി കിട്ടേണ്ടതുണ്ട്.

കോവിഡ് ചികിത്സയുടെ പേരിൽ അവാർഡുകൾ വാരിക്കൂട്ടിയ ഭരണാധികാരികളും ഭരണാധികാരിണികളും ഈ രക്തസാക്ഷിണികളുടെ ചെലവിൽ പേരും പ്രശസ്തിയും ഉള്ളവരായി. എന്നാൽ, എവിടെയും ആ രക്തസാക്ഷിണികൾ പരാമർശിക്കപ്പെട്ടില്ല.

ആശാ സമരവും
സർക്കാറും

ജീവിച്ചിരിക്കുന്ന ആശമാർ സമരം തുടങ്ങിയിട്ട് നൂറിലേറെ ദിവസങ്ങളായി. സമരത്തോടുള്ള സർക്കാരിൻ്റെ സമീപനം വളരെ ശത്രുതാപരമാണ്. ഒരു തൊഴിലാളി സർക്കാരിന് ഇത്രയേറെ ശത്രുത സമരം ചെയ്യുന്ന തൊഴിലാളികളോടുണ്ടാകാൻ രണ്ടേ രണ്ടു കാരണങ്ങളേ ഉള്ളൂവെന്നു മനസിലാക്കേണ്ടിവരുന്നു.
ആദ്യത്തേത്, കേരളം പുലർത്തുന്ന ഒന്നാം നമ്പർ പുരുഷാധികാര മനോഭാവം. സമരരംഗത്തുള്ളവർ സ്ത്രീകളാണ്, അവർ നമ്മൾ പുരുഷന്മാർ പറയുന്നതനുസരിച്ച് കൊടി പിടിച്ച് ജാഥയിൽ അണിനിരക്കേണ്ടവരാണ് എന്ന അബോധം കേരള സർക്കാരിൽ രൂഢമൂലമാണ്. അതുകൊണ്ടാണ് ഭരണനേതാക്കൾ അശ്ശീലച്ചുവയോടെ അവരെ അധിക്ഷേപിച്ചത്.
രണ്ടാമത്തെ കാരണം, ഈ പുതിയകാല തൊഴിൽ മേഖലകളിൽ സംഭവിച്ച തൊഴിലാളികൾക്കിടയിലുള്ള വർഗവിഭജനമാണ്. യോദ്ധാക്കളിൽ തേരാളികൾ കാലാൾപ്പടയെ കാണുന്നതുപോലെയാണ് ആശമാരെ സംഘടിതരായ പല തൊഴിലാളികളും കാണുന്നത്. ഗാർഹികത്തൊഴിലാളികളേക്കാൾ കുറഞ്ഞകൂലിക്ക് ആശമാർ പൊതുമേഖലയിൽ പണിയെടുക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. ‘ബക്കറ്റു പിരിവുകാർ’, ‘പാട്ടപ്പിരിവുകാർ’, ‘സ്പോൺസേഡ് സമര’മെന്നൊക്കെ ആശമാരെ തൊഴിലാളി നേതാക്കന്മാർ താറടിക്കുന്നത് വന്ന വഴി മറന്നതു കൊണ്ടു മാത്രമല്ല, അതവന്മാരുടെ ഉള്ളിൽ ആഴ്ന്നിറങ്ങിയ വരേണ്യ തൊഴിലാളി (അ)ബോധം കൊണ്ടു കൂടിയാണ്.

രാഷ്ട്രീയ പാർട്ടികളുടെ ചുമതലയിലുള്ള തൊഴിലാളി സംഘടനകളാണ് യഥാർഥ തൊഴിലാളികൾ എന്നും അവർക്കു മാത്രമേ സമരവും അവകാശബോധവും അനുവദനീയമാകുന്നുള്ളൂവെന്നും അവർ വിശ്വസിക്കുകയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിൽപ്പെടാത്ത തൊഴിലാളികൾ സ്വാഭാവികമായും "അടിമകൾ" ആകണം, അവർ വ്യാജ തൊഴിലാളികൾ ആണ്. വിശേഷിച്ച് സ്ത്രീകളാണെങ്കിൽ, എന്ന് പറയാതെ പറയുന്നു അവർ. തൊഴിലാളികളെ യഥാർഥം / വ്യാജം എന്ന ദ്വന്ദീകരിച്ചു കൊണ്ടാണ് ഈ അവഗണന സാധ്യമായത്. രാഷ്ട്രീയ സംഘടനകളുടെ അംഗീകൃത സംഘടനകൾ പ്രതിപക്ഷത്തായിരിക്കുമ്പോൾ മാത്രം തൊഴിൽ നീതിക്കെന്ന പേരിൽ വോട്ടുബാങ്കിൽ നിക്ഷേപം വർധിപ്പിക്കുന്ന സമരങ്ങൾ മാത്രമാണ് പാടുള്ളത്. തൊഴിലാളികൾ വിഭജിക്കപ്പെട്ടതോടെ സമരങ്ങളും യഥാർഥം / വ്യാജം എന്നു വേർതിരിക്കപ്പെട്ടതായി കാണാം.

പരമ്പരാഗത കർഷക സങ്കല്പവും തൊഴിലാളി സങ്കല്പവും മാത്രം മനസിൽ വെച്ചുകൊണ്ട് തൊഴിലാളി നിർവചനങ്ങൾ സാധ്യമല്ല.
പരമ്പരാഗത കർഷക സങ്കല്പവും തൊഴിലാളി സങ്കല്പവും മാത്രം മനസിൽ വെച്ചുകൊണ്ട് തൊഴിലാളി നിർവചനങ്ങൾ സാധ്യമല്ല.

ഒന്നുകൂടി വ്യക്തമാക്കിയാൽ പുതിയ കാലത്ത് ‘തൊഴിലാളി’യെന്ന സംവർഗം ഒരൊറ്റ ഏകകമല്ല. പരമ്പരാഗത കർഷക സങ്കല്പവും തൊഴിലാളി സങ്കല്പവും മാത്രം മനസിൽ വെച്ചുകൊണ്ട് തൊഴിലാളി നിർവചനങ്ങൾ സാധ്യമല്ല. കൃഷിയുടെയും കച്ചവടത്തിൻ്റെയും രൂപഭാവങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം മാറിപ്പോയിരിക്കുന്നു. അതുകൊണ്ടുതന്നെ മുമ്പില്ലാത്ത മട്ടിൽ പലതരം തൊഴിൽ മേഖലകളും തൊഴിലാളികളും രൂപപ്പെട്ടുവന്നു. വിലപേശൽ ശേഷി തീരെ കുറഞ്ഞതും കുറക്കുന്നതുമായ മട്ടിൽ ‘സേവന’ / ‘സഹായ’ മേഖലകൾ തൊഴിൽ രംഗത്തുണ്ടായിവന്നു. അതിലേറെയും കഠിനമായി പണിയെടുക്കുന്നവർ പുറത്തിറങ്ങുന്ന സ്ത്രീകൾ തന്നെയാണ്. സ്ത്രീകളുടെ തൊഴിൽ ക്ഷമതയെ വിലയിടിച്ചു കാണുന്ന ആൺകോയ്മക്ക് കൂലിക്കാര്യത്തിൽ ഇതൊരു സൗകര്യമായിത്തീർന്നു എന്നതും വാസ്തവമാണ്. യു ജി സി അധ്യാപക മേഖലയിലും ഡോക്ടർമാർക്കിടയിലുമുള്ള ട്രേഡ് യൂനിയനുകൾ ആശാ വർക്കർമാരിലും അംഗനവാടി പ്രവർത്തകർക്കിടയിലും സാധ്യമല്ലെന്നു തിരിച്ചറിയപ്പെടാതെപോയി. കാരണം, അവർക്കിടയിലെ സാമ്പത്തിക അന്തരം അവരുടെ സാമൂഹിക പദവികളിൽ വലിയ മാറ്റമുണ്ടാക്കി. സമൂഹത്തിൽ ‘സേ’ ഉള്ളവർ കാശും പദവിയും അധികമുള്ളവരാണ്. തൊഴിൽ മേഖലയുടെ സ്വഭാവമോ അളവോ ഗുണ നിലവാരമോ കണക്കിലെടുക്കാതെയുള്ള ‘തൊഴിലാളി’ സങ്കല്പങ്ങൾ ഇന്ന് അസാധുവായിക്കൊണ്ടിരിക്കുന്നു.

റോഡു നന്നായാൽ മന്ത്രിക്കും തകർന്നാൽ തൊഴിലാളിക്കും ഉത്തരവാദിത്വമെന്നത് പഴയ ജന്മി- നാടുവാഴി കാലത്തിൻ്റെ ബാക്കിയാണ്. അതു തന്നെയാണ് ആരോഗ്യരംഗത്തിൻ്റെയും കാര്യം.

പുതിയ വർഗ വിഭജനവും
സംഘടിതരുടെ ​ഭയവും

മുതലാളിമാർ എല്ലാവരും ഒരേ പോലെയല്ലാത്തതുപോലെ ഇടത്തട്ടുകാർ പല തട്ടിലായി ചിതറിയ പോലെ, തൊഴിലാളികളിലും, അവർ തൊഴിലാളികൾ ആയിരിക്കുമ്പോൾത്തന്നെ സംഭവിച്ച വർഗവിഭജനം ഇനിയെങ്കിലും അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. ഗാന്ധിയൻ സഹനസമരത്തിൻ്റെ മാതൃകയിൽ ഒരു കൂട്ടം സ്ത്രീകൾ നടത്തിക്കൊണ്ടിരിക്കുന്ന സമരം, അവകാശ സമരങ്ങൾ ഒരേ വിധമല്ല തൊഴിലാളികൾക്കിടയിൽ സംഭവിക്കുക എന്നും ബോധ്യപ്പെടുത്തുന്നു. സ്ത്രീകൾ നടത്തുന്ന സമരങ്ങൾ പൊതുവേ അക്രമാസക്തമല്ല. അവർ പൊതുമുതൽ നശിപ്പിച്ചു കൊണ്ടല്ല സമരം ചെയ്യാറ്. വഴിതടയാറില്ല. ഒന്നും സ്തംഭിപ്പിക്കാറുമില്ല. ഞങ്ങൾ നിരാഹാരസമരം ഇതുവരെ ചെയ്തിട്ടില്ല, പക്ഷേ ഞങ്ങൾക്കു പട്ടിണി കിടക്കാനറിയാമെന്നു പറഞ്ഞ ആശമാർ വ്യത്യസ്തമായ തൊഴിലാളി സങ്കല്പവും സമരമാർഗവുമാണ് കേരളത്തെ അറിയിച്ചത്. അതവരുടെ ബലഹീനതയാണെന്നു വിലയിരുത്തി മുഖം തിരിക്കുന്ന ഭരണാധികാരികളും ഭരണാധികാരിണികളും പൊതു മനസ്സിൽ നിഷ്കാസിതരായിക്കൊണ്ടിരിക്കുന്നു. കാരണം അവരുടെ ജീവിതത്തിലെയും തൊഴിലിലെയും സഹനവും അതിജീവന സമരവും മറ്റൊരുതരം ‘ബല’മാണ് എന്ന് നാട് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. ‘പലമ’ എന്നത് സാംസ്കാരിക സമ്മേളനങ്ങളിൽ പൊലിപ്പിച്ചു കയ്യടി വാങ്ങാനുള്ള വെറുമൊരു വാക്കല്ല, അതംഗീകരിച്ചു പ്രവർത്തിക്കുകയെന്നത് ഏതൊരു ഭരണാധികാരിയുടെയും പ്രാഥമികമായ ജനാധിപത്യ മര്യാദയാണ്.

പുതിയ കാലത്ത് അസംഘടിതമേഖലകൾ സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്യുന്നതിൽ നേതാക്കന്മാർക്കുള്ള ഉൾഭയം വളരെ വ്യക്തമാണ്.
പുതിയ കാലത്ത് അസംഘടിതമേഖലകൾ സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്യുന്നതിൽ നേതാക്കന്മാർക്കുള്ള ഉൾഭയം വളരെ വ്യക്തമാണ്.

പുതിയ കാലത്ത് അസംഘടിതമേഖലകൾ സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്യുന്നതിൽ ഈ നേതാക്കന്മാർക്കുള്ള ഉൾഭയം വളരെ വ്യക്തമാണ്. അടിത്തട്ടു തൊഴിലാളികളുടെ, വിശേഷിച്ച് സ്ത്രീകളുടെ, വിലപേശൽ ശേഷിയെ ഈ പുരുഷബോധം (അതു സ്ത്രീയിലും പ്രവർത്തിക്കാം) നിരാകരിക്കുന്നു. ഇതിനെയൊക്കെ പ്രശ്നവത്കരിച്ചുകൊണ്ടാണ് ആശാ സമരം കേരളത്തിൽ വേരുറപ്പിച്ചതും പടർന്നതും ചിറകുവിരിച്ചതും. അവരുടെ രാപ്പകൽ സമരയാത്രക്കു കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത പുതിയ മലയാളി സ്ത്രീത്തൊഴിലാളി മേഖലയുടെ അടയാളപ്പെടലിൻ്റെ ചരിത്ര സൂചനയാകാൻ പോകുന്നു. അതു മനസിലാക്കാത്തവർ അഥവാ മനസിലായെന്നു നടിക്കാത്തവർ ആരുതന്നെയാകട്ടെ - ആണെങ്കിലും പെണ്ണെങ്കിലും മുതലാളിയെങ്കിലും തൊഴിലാളിയെങ്കിലും സവർണനെങ്കിലും അവർണനെങ്കിലും - അവർ ഒട്ടാകെ കാലഹരണപ്പെടാൻ പോകുന്നുവെന്നതാണ് യാഥാർഥ്യം. പുതിയ തൊഴിൽ മേഖലകൾ ഐ.ടി യുടേതു മാത്രമല്ല, നാടു വികസിക്കുന്നതും അതുകൊണ്ടു മാത്രമല്ല. റോഡു നന്നായാൽ മന്ത്രിക്കും തകർന്നാൽ തൊഴിലാളിക്കും ഉത്തരവാദിത്വമെന്നത് പഴയ ജന്മി- നാടുവാഴി കാലത്തിൻ്റെ ബാക്കിയാണ്. അതു തന്നെയാണ് ആരോഗ്യരംഗത്തിൻ്റെയും കാര്യം. തൊഴിലാളി സംസ്കാരമെന്നത് പഴയ ഫ്യൂഡൽ മൂല്യങ്ങളെ മൂടിപ്പുതപ്പിച്ചു കൊണ്ടു നടന്നു വിറ്റു കാശാക്കാനുള്ള പട്ടു പുതപ്പല്ല. ആന്തരികാവയവങ്ങൾക്കു ബാധിച്ച രോഗം തിരിച്ചറിയാതിരുന്നാൽ, അതിനെ ചികിത്സിക്കാതിരുന്നാൽ ബാഹ്യ ശരീരം പട്ടു പോകും.

കേരള സമൂഹ ശരീരത്തിൻ്റെ ശ്വാസത്തുടിപ്പായി മാറിയ ആശാ സമരത്തിന് ഹൃദയാഭിവാദ്യങ്ങൾ. കോവിഡ് കാലത്ത് രോഗികളെ പരിചരിച്ച് രോഗം ഏറ്റുവാങ്ങി മരിച്ചുപോയ, പേരു രേഖപ്പെടാത്ത ആ രക്തസാക്ഷിണികൾക്കും ഇതോടൊപ്പം പിങ്ക് സല്യൂട്ട്.


Summary: Why was the martyrdom of ASHA workers not acknowledged even though they were working under the charge of the health department? Geetha writes


ഗീത⠀

സ്​ത്രീപക്ഷ പ്രവർത്തക, ആക്​റ്റിവിസ്​റ്റ്​. സാഹിത്യം, സിനിമ, സംസ്​കാര പഠനം എന്നിവയിൽ വിമർശനാത്​മക ഇടപെടൽ. വിവിധ കോളേജുകളിൽ മലയാളം അധ്യാപികയായിരുന്നു. കണ്ണാടികൾ ഉടയ്​ക്കുന്നതെന്തിന്​, എഴുത്തമ്മമാർ, മലയാളത്തിന്റെ​​​​​​​ വെള്ളിത്തിര, കളിയമ്മമാർ, പെൺകാലങ്ങൾ, ഗീതയുടെ സമ്പൂർണ കഥകൾ, അമ്മക്കല്ല്​ (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments