കേരള പി.എസ്.സിയുടെ സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആറ് ദിവസമായി സമരത്തിലാണ്. സി.പി.ഒ ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഇതുവരെയും നിയമനം ലഭിക്കാത്ത അമ്പതോളം ഉദ്യോഗാർഥികൾ സമരം ആരംഭിച്ചത്. കല്ലുപ്പിൽ മുട്ടുകുത്തി നിന്നുള്ള പ്രതിഷേധം, നിരാഹാരം എന്നിങ്ങനെയുള്ള സമരമാർഗവുമായാണ് ഈ വനിതകൾ മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകിയെങ്കിലും ഒരുതരത്തിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്. പൊലീസ് തൊപ്പിക്ക് പകരം പ്ലാവില തൊപ്പിയണിഞ്ഞാണ് ഉദ്യോഗാർഥികൾ ഇന്ന് പ്രതിഷേധം നടത്തിയത്. പൊലീസ് തൊപ്പിയണിയാനുള്ള ആഗ്രഹം നടക്കാതെ വന്നതോടെയാണ് പ്ലാവില തൊപ്പിയണിഞ്ഞതെന്നും അവർ പറയുന്നു. 570-ഓളം ഒഴിവുകൾ ബാക്കിനിൽക്കെയും ഇനിയും നിയമനം നടത്താൻ സാധിക്കില്ലെന്നാണ് സർക്കാർ പറയുന്നതെന്നും നിർധന കുടുംബങ്ങളിൽ നിന്നും വരുന്ന സ്ത്രീകളാണ് സമരത്തിലിരിക്കുന്നവരിൽ ഭൂരിഭാഗമെന്നും ഉദ്യോഗാർഥിയായ മേഘ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“ഡബ്ല്യു. സി.പി.ഒയുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ ഇനിയും രണ്ടാഴ്ച കൂടി മാത്രമേ ബാക്കിയുള്ളു. ഇതുവരെയുണ്ടായിരുന്ന റാങ്ക് ലിസ്റ്റിലെല്ലാം മിനിമം എണ്ണൂറിൽ കൂടുതൽ നിയമനങ്ങൾ നടന്നിട്ടുണ്ട്. അതായത് ഒഴിവുകൾ ഇപ്പോഴും ഒരുപാടുണ്ട്. വിവരാവകാശ നിയമപ്രകാരം 570 ഓളം ഒഴിവുകൾ നിലവിലുണ്ട്. എന്നാൽ നിലവിൽ പുറത്ത് വന്ന ലിസ്റ്റ് അനുസരിച്ച് 200 ഓളം നിയമനങ്ങൾ മാത്രമെ ഇതുവരെ നടന്നിട്ടുള്ളു. കഴിഞ്ഞ തവണ മൂന്നാം ബാച്ച് വരെ പോയി. എന്നാൽ ഇത്തവണ ഒരുബാച്ച് പോയപ്പോൾ തന്നെ ഒഴിവുകളില്ലാതായി. ആദ്യം മുതലേ പറയുന്നുണ്ടായിരുന്നു, ആദ്യബാച്ച് പോയപ്പോൾ തന്നെ ഒഴിവുകളൊന്നും ബാക്കിയില്ലായെന്ന്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെയവർ പറയുന്നതെന്ന് അറിയില്ല. പരീക്ഷ കഴിഞ്ഞ് ആറുമാസത്തോളം ഗ്രൗണ്ടിൽ ഫിസിക്കൽ പരിശീലവും ടെസ്റ്റും നടത്തി പാസായതിനുശേഷമാണ് നിയമനത്തിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നത്. മൂന്ന് മക്കളുടെ അമ്മയായ ഒരു സ്ത്രീയുണ്ട്, അച്ഛനും അമ്മയും കടപ്പിലായ സ്ത്രീകളുണ്ട്… അത്തരത്തിൽ വളരെ ദയനീയമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യാനിരിക്കുന്നത്. ഞങ്ങൾ സമരം ആരംഭിച്ച് ഇന്ന് 6 ദിവസമാകുന്നു. ഇതുവരെയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു മറുപടിയും കിട്ടിയിട്ടില്ല. ഒന്ന് ചർച്ചക്കുവിളിക്കുക പോലും ചെയ്തിട്ടില്ല. സെക്രട്ടറിയേറ്റിലടക്കം നിവേദനങ്ങളുമായി കയറിയിറങ്ങാത്ത സ്ഥലങ്ങളൊന്നും ബാക്കിയില്ല. മിനിമം ഒരു 500 നിവേദനങ്ങളെങ്കിലും ഞങ്ങൾ അധികാരികൾക്ക് നൽകിയിട്ടുണ്ട്. പക്ഷെ ഒന്നിനും മറുപടി ലഭിച്ചിട്ടില്ല. ഇപ്പോഴും അവർ ഞങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ്. കഴിഞ്ഞ തവണത്തെ ലിസ്റ്റിൽ 40 പേർക്ക് മാത്രമെ ജോലികിട്ടാൻ ഇനിയും ബാക്കിയുള്ളൂ,” മേഘ പറഞ്ഞു.

സംസ്ഥാന പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം 15% ആക്കുമെന്നായിരുന്നു എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഈ വാഗ്ദാനം നടപ്പിലാക്കുക എന്ന ലക്ഷത്തോടെ 9:1 എന്ന അനുപാതത്തിൽ നിയമനം നടത്തിയെങ്കിലും യഥാർത്ഥ നിയമനങ്ങൾ കുറയുകയാണ് ചെയ്തത്. സംസ്ഥാനത്തെ 56,000 പേരടങ്ങുന്ന സി.പി.ഒമാരിൽ ഏകദേശം 5,000 മാത്രമാണ് വനിതകളുടെ എണ്ണം. ഓരോ സ്റ്റേഷനിലും കുറഞ്ഞത് 6 വനിതാ സിപിഒമാർ ആവശ്യമാണ്, എന്നാൽ സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിനും അതിന്റെ പകുതി പോലും ഇല്ല എന്നിരിക്കെയാണ് റാങ്ക് ലിസ്റ്റിലുള്ളവരോട് സർക്കാർ മുഖം തിരിക്കുന്നത്. സേനയിലേക്ക് 15 ശതമാനം വനിതകളെ നിയമിക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്നും കഴിഞ്ഞ 11 മാസമായി നിയമനം ഉറപ്പാക്കുമെന്ന വാഗ്ദാനം മാത്രമാണ് നിലനിൽക്കുന്നതെന്നും അവർ പറഞ്ഞു. നിയമപരമായി തങ്ങൾക്കനുവദിച്ച ഒഴിവുകളിലേക്ക് നിയമനം നടത്തണമെന്നും തങ്ങളെ സർക്കാർ ചർച്ചയ്ക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉദ്യോഗാർഥിയായ ആരതി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“ഈ നോട്ടിഫിക്കേഷൻ വന്നത് 2022-ലാണ്. ആ സമയം മുതൽ പഠിച്ചുതുടങ്ങിയതാണ്. അങ്ങനെ കഷ്ടപ്പെട്ട് പഠിച്ചാണ് ഈ ലിസ്റ്റിൽ വന്നത്. മുഖ്യമന്ത്രി പറഞ്ഞത് സേനയിലേക്ക് 15% വനിതകളെ ഉൾപ്പെടുത്തും എന്നാണ്. നിലവിൽ 56000 സി.പി.ഒമാർ പോലീസ് ഉള്ളതിൽ 5000-ത്തിൽ താഴെ വനിതകൾ മാത്രേമേ ഉള്ളൂ. 15% എന്ന് പറയുമ്പോൾ ഏകദേശം 8000ന് മുകളിൽ വരേണ്ടതാണ്. നിലവിൽ ഇനി 520 ഒഴിവുകൾ ബാക്കിയുണ്ടെന്നാണ് വിവരാവകാശത്തിൽ നിന്ന് മനസ്സിലായത്. ആ ഒഴിവുകൾ നികത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. പരമാവധി നിയമനം നടത്തണം. നിലവിലുള്ള ലിസ്റ്റിൽ നിന്ന് കൂടുതൽ പേരെ പരിഗണിച്ചാൽ ഞങ്ങളുടെ കൂട്ടത്തിലുള്ള ഭൂരിഭാഗം പേർക്കും ജോലി കിട്ടും. ഞങ്ങൾ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യവും അതാണ്,” ആരതി പറഞ്ഞു.

“നിയമനം ലഭിക്കുമെന്നാണ് കഴിഞ്ഞ 11 മാസമായി അധികൃതർ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അവസാന നിമിഷം അത് നടക്കില്ലെന്ന് പറയുന്നു. അങ്ങനെയാണെങ്കിൽ ഒഴിവില്ലാത്ത പോസ്റ്റിലേക്ക് എന്തിനാണ് വർഷാവർഷം നോട്ടിഫിക്കേഷനിടുന്നത്? ഈ സമരം നടക്കുന്നതിനിടയിൽ പുതിയ നോട്ടിഫിക്കേഷനും വിളിച്ചിട്ടുണ്ട്. പി.എസ്.സിക്കുവേണ്ടി കഷ്ടപ്പെടുന്നവരെ സർക്കാർ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. രാഷ്ട്രീയ സംഘടനകളൊന്നും ഒപ്പമില്ലാത്തതിനാൽ ഒരു സർക്കാർ സംവിധാനവും ഞങ്ങളെ ബന്ധപ്പെടുകയോ ചർച്ചയ്ക്ക് വിളിക്കുകയോ ചെയ്തിട്ടില്ല. സർക്കാർ ചർച്ചയ്ക്ക് വിളിക്കുമെന്നും ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നുമാണ് പ്രതീക്ഷ. 14 ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർഥികൾ ഇവിടെ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം ഇവിടേക്ക് എത്താൻ സാധിക്കാത്തവരുമുണ്ട്. എങ്കിലും അവരും ഞങ്ങൾക്കൊപ്പം തന്നെയുണ്ട്. മൂന്ന് പേരായിരുന്നു നിരാഹരം ചെയ്തിരുന്നത്. ഇന്നലെ അവരിൽ രണ്ടുപേർ ആശുപത്രിയിലായി. അതിനുപകരം പുതിയ രണ്ടുപേർ സമരം ആരംഭിച്ചിട്ടുണ്ട്.” ആരതി കൂട്ടിച്ചേർത്തു.