എ.ൽ.ഡി.എഫ് സർക്കാർ ഉയർത്തിപിടിക്കുന്ന തൊഴിലാളി വർഗരാഷ്ട്രീയത്തിന്റെ നഗ്‌നമായ ലംഘനമാണ് നഗരത്തിലെ പല ടെക്സ്‌റ്റൈൽസുകളും കേന്ദ്രീകരിച്ച് നടക്കുന്നത്. നിൽപ്പ് സമരത്തിലൂടെ തൊഴിലാളി സ്ത്രീകൾ നേടിയെടുത്ത ഇരിക്കാനുള്ള അവകാശം പോലും പല സ്ഥാപനങ്ങളിലും നിഷേധിക്കപ്പെടുന്നു എന്നതാണ് വസ്തുത. പരാതി ഉയർത്തുന്ന സ്ത്രീകളെ കൂട്ടമായി പിരിച്ചുവിട്ടും, കസ്റ്റമേഴ്സിന്റെ മുന്നിൽ വ്യക്തി അധിക്ഷേപം നടത്തിയും മുതലാളിത്തം അതിന്റെ പ്രതികാര നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഐ.സി.സി സംവിധാനങ്ങൾ പോലും പല ടെക്സ്‌റ്റൈൽസുകളിലുമില്ല. കേരളത്തിലെ സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ, വിവേചനം, തൊഴിലാളികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ ലഭ്യമാക്കാതിരിക്കൽ തുടങ്ങി വിവിധ പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കു എന്ന് പരസ്യം നൽകുന്ന തൊഴിൽ വകുപ്പ് നിർബന്ധമായും കേൾക്കേണ്ട ശബ്ദമാണ്, പരിഹരിക്കേണ്ട പ്രശ്‌നമാണ് ഈ തൊഴിലാളികളുടേത്.