‘ആശ സമരവും കമ്യൂണിസ്റ്റ് മനഃസാക്ഷിയും’;
ഇടതു സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സക്കറിയ

സമരം ചെയ്യുന്ന ആശാപ്രവർത്തകരെ അവഗണിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ തുറന്നടിച്ച് സക്കറിയ. ഇടതുപക്ഷം ആശാപ്രവർത്തകരെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മലയാള മനോരമയിൽ എഴുതിയ ലേഖനത്തിലാണ് ഇടതുപക്ഷ സർക്കാരിനെതിരെ സക്കറിയ തുറന്നടിച്ചത്.

News Desk

ന്നത ഉദ്യോഗസ്ഥ വർഗങ്ങളോടു പ്രദർശിപ്പിക്കാറുള്ള അകമഴിഞ്ഞ ഔദാര്യത്തിന്റെ കണികപോലും ആശാപ്രവർത്തകരെപ്പോലെയുള്ള കീഴാളരോടു കാണിക്കാൻ ഇടതുപക്ഷത്തിനു കഴിയുന്നില്ല എന്നത് കേരളത്തിന്റെ രാഷ്ട്രീയവുംസാമൂഹികവും മനുഷ്യാവകാശപരവുമായ ദുരന്തമാണെന്ന് സക്കറിയ. മലയാള മനോരമയിൽ എഴുതിയ ലേഖനത്തിലാണ് സമരം ചെയ്യുന്ന ആശാപ്രവർത്തകരെ അവഗണിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ സക്കറിയ തുറന്നടിച്ചത്. ഇടതുപക്ഷം ആശാപ്രവർത്തകരെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

നീതി തേടിയ വിധവയെ കുറിച്ചുള്ള ബൈബിളിലെ കഥ പറഞ്ഞു കൊണ്ടാണ് സക്കറിയ ലേഖനം ആരംഭിക്കുന്നത്. നീതിമാനല്ലാത്ത ന്യായാധിപന്റെ പക്കൽ നീതി തേടിയെത്തിയ വിധവയെ ആദ്യം അവഗണിക്കുകയും അവളുടെ തുടരെയുള്ള അപേക്ഷകളിൽ സഹികെട്ട് നീതി നൽകുന്നതുമാണ് കഥ. സമരം ചെയ്യുന്ന ആശമാരോടുള്ള ഇടതുപക്ഷത്തിന്റെ സമീപനം കാണിക്കുന്നത് ഇടതുപക്ഷത്തിന്റെ മാനുഷികവും ജനാധിപത്യപരവും നവോത്ഥാനപരവുമായ മൂല്യങ്ങൾ നിർഭാഗ്യകരമാംവണ്ണം ചോർന്നുപോയി എന്നാണെന്ന് സക്കറിയ പറയുന്നു.

“ഇടതുപക്ഷത്തിന്റെ സുപ്രസിദ്ധമായ മാനുഷിക ദർശനം ഏതൊരു തൊഴിലാളിയെയും അന്യനോ അന്യയോ ആയി കാണുന്നതിൽ നിന്ന് അതിനെ പിന്തിരിപ്പേക്കണ്ടതാണ്. ആ അടിസ്ഥാന ദർശനം കൈവെടിഞ്ഞ ഇടതുപക്ഷം വെറുമൊരു പൊള്ളയായ അധികാരക്കോലം മാത്രമായി തീരുന്നു. കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യമനുസരിച്ച്, സമരം ചെയ്യുന്ന തൊഴിലാളി മഹാപാപിയല്ല, തൊട്ടുകൂടാത്തവളുമല്ല. സമരം ജനാധിപത്യാവകാശമാണ്. നവോത്ഥാനം നമുക്ക് നൽകിയ സംസ്‌കാര സമ്പന്നത സ്ത്രീകളോടുള്ള സമീപനത്തിൽ, തത്വത്തിലെങ്കിലും, ചില മാന്യതകൾ അനുശാസിക്കുന്നുണ്ട്. മഹത്തായ ഒരു മാനവികതയുടെ ഉടമകൾ എന്നഭിമാനിക്കുന്ന ഇടതുപക്ഷം സമരം ചെയ്യുന്ന ആശാ പ്രവർത്തകരെ മനുഷ്യരായിപോലും കരുതുന്നുണ്ടോയെന്ന് സംശയിക്കേണ്ട അവസ്ഥ ഇന്നുണ്ട്.” - ലേഖനത്തിൽ പറയുന്നു.

ആശാപ്രവർത്തകരുടെ സമരവുമായി വിയോജിക്കാൻ കാരണങ്ങളുണ്ടാകുമെങ്കിലും സത്യസന്ധമായി സമരത്തെ പരിശോധിച്ചാൽ കേരളത്തിൽ ഇതു വരെ നടന്നിട്ടുള്ളതും ഇപ്പോൾ നടക്കുന്നതും ഇനി നടക്കാൻ പോകുന്നതുമായ ഏതൊരു സമരത്തെയും പോലെ തന്നെയാണ് ആശാ പ്രവർത്തകരുടെ സമരമെന്നും സക്കറിയ പറയുന്നു. ഏഴു ദശകം മുമ്പ് തന്നെ ജനകീയ സമരങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. നീതിയുള്ളത് എന്ന് അവരവർ വിശ്വസിക്കുന്ന ആവശ്യൾക്കു വേണ്ടിയുള്ളതായിരുന്നു ഈ സമരങ്ങൾ. കേരളപ്പിറവിക്ക് മുമ്പ് തന്നെ ഇത്തരം ജനകീയ സമരങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി വേരുറപ്പിച്ചിട്ടുമുണ്ട്. കേരളം കണ്ട ഏറ്റവും വമ്പിച്ച തൊഴിലാളി സമരങ്ങൾ നയിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും അവയെ അതതു സമയത്തെ ഭരണകൂടങ്ങൾ സാമാന്യമര്യാദകളോടെയാണ് നേരിട്ടതെന്നും സക്കറിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

“ഒരുപക്ഷേ, ഇന്ത്യയിൽ ഏറ്റവും സുരക്ഷിതവും പഴുതുകളടച്ചതും സ്വതാൽപര്യ വ്യഗ്രവുമായ ഒരു സേവനവ്യവസ്ഥ സമരങ്ങളിലൂടെ സമ്പാദിച്ച, ഇന്നും സമ്പാദിക്കുന്ന ഒരു സർക്കാരുദ്യോഗസ്ഥ സമൂഹം നമുക്കുണ്ട്. തൊഴിലാളികളുടെ ശ്രേണിയിലെ ഏറ്റവും ഉന്നതവർഗം. അവർ സിപിഎം മുതൽ ബിജെപിവരെ എല്ലാ പാർട്ടിയിലും പെട്ടവരാണ്. വെറുമൊരു സമര സൂചനയ്ക്കുപോലും സർക്കാരിനെ അവരുടെ പക്കൽ ആശ്വാസവചനങ്ങളുമായി ഓടിയെത്തി ക്കാനുള്ള ശേഷിയുണ്ട്. ഉന്നതോദ്യോഗസ്ഥ വർഗങ്ങളോടു പ്രദർശിപ്പിക്കാറുള്ള അകമഴിഞ്ഞ ഔദാര്യത്തിന്റെ കണികപോലും ആശാപ്രവർത്തകരെപ്പോലെയുള്ള കീഴാളരോടു കാണിക്കാൻ ഇടതുപക്ഷത്തിനു കഴിയുന്നില്ല എന്നത് കേരളത്തിന്റെ രാഷ്ട്രീയവുംസാമൂഹികവും മനുഷ്യാവകാശപരവുമായ ദുരന്തമാണ്.” - സക്കറിയ ലേഖനത്തിൽ പറയുന്നു.

സക്കറിയ മലയാള മനോരമയിൽ എഴുതിയ ലേഖനം
സക്കറിയ മലയാള മനോരമയിൽ എഴുതിയ ലേഖനം

തൊഴിലാളി സമരത്തിൽ മാന്യത കാണിക്കാതിരിക്കാതിരിക്കുന്നത് തൊഴിലാളി വർഗ സർക്കാർ തന്നെയാണെന്നതാണ് അവിശ്വസനീയമായ കാര്യമെന്നും സക്കറിയ പറയുന്നു. അശരണരായ ഈ തൊഴിലാളി സ്ത്രീകൾക്കു വേണ്ടി മുഖ്യമന്ത്രി രാഷ്ട്രീയ പരിഗണനകൾക്കതീതമായ നന്മയുടെ സമീപനം സ്വീകരിക്കുമെന്ന് ആശിക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്.

Comments