ഹൈകോടതി ഇടപെടൽ;
ലക്ഷദ്വീപ് സമരങ്ങൾക്ക്
ഇടക്കാലാശ്വാസം
ഹൈകോടതി ഇടപെടൽ; ലക്ഷദ്വീപ് സമരങ്ങൾക്ക് ഇടക്കാലാശ്വാസം
കോടതി ഇടപെടലിനുതൊട്ടുപുറകേ, സ്‌കൂള്‍ കുട്ടികളുടെ മെനുവില്‍ മത്സ്യവും മാംസവും ഉള്‍പ്പെടുത്താനും ലക്ഷദ്വീപില്‍ ഡയറി ഫാമുകള്‍ തുടരാനും അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവിറക്കി. അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങള്‍ക്കു ലഭിച്ച ഇടക്കാല ആശ്വാസം എന്ന് സേവ് ലക്ഷദ്വീപ് ഫോറം
23 Jun 2021, 03:32 PM
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നയങ്ങൾക്കെതിരെ ഒന്നരമാസമായി ദ്വീപ് ജനത നടത്തുന്ന പോരാട്ടം ഭരണകൂടം കണ്ടില്ലെന്ന് നടിക്കുമ്പോഴും ദ്വീപ് വാസികള്‍ക്ക് വലിയ ആശ്വാസമാകുകയാണ് കേരള ഹൈക്കോടതിയില്‍ നിന്നുള്ള ചില ഇടപെടലുകള്‍. അഡ്മിനിസ്ട്രേഷൻ നടപടികൾക്കെതിരെ ദ്വീപ് നിവാസികള്‍ നല്‍കിയ രണ്ട് ഹർജികളിലാണ് നടപടിയുണ്ടായത്.
ദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ മെനുവില്‍ നിന്ന്മാംസാഹാരം ഒഴിവാക്കിയതും ദ്വീപിലെ ഡയറി ഫാമുകള്‍ പൂട്ടി കന്നുകാലികളെ ലേലം ചെയ്യാനുള്ള ഉത്തരവും കഴിഞ്ഞദിവസമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ലക്ഷദ്വീപ് ജനതയുടെ ജീവിതരീതിയിലും ഭക്ഷണങ്ങളിലും ഇടപെടുന്ന വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകന്‍ കൂടിയായ കവരത്തി സ്വദേശി അഡ്വ. ആര്‍ അജ്മല്‍ അഹമ്മദ് നല്‍കിയ ഹരജിയിലായിരുന്നു കോടതി നടപടി. സ്റ്റേയ്ക്കു പിന്നാലെ സ്‌കൂള്‍ കുട്ടികളുടെ മെനുവില്‍ മത്സ്യവും മാംസവും ഉള്‍പ്പെടുത്താനും ലക്ഷദ്വീപില്‍ ഡയറി ഫാമുകള്‍ തുടരാനും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഉത്തരവിറക്കി. അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങള്‍ക്കു ലഭിച്ച ഇടക്കാല ആശ്വാസം എന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ഇതിനെ വിശേഷിപ്പിച്ചത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയ കരടുനിയമത്തിന്റെ നടപടിക്രമങ്ങളിലെ പിഴവ് ചൂണ്ടിക്കാട്ടി സേവ് ലക്ഷദ്വീപ് ഫോറം നല്‍കിയ ഹരജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാറിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാപരമായ നടപടികളും പ്രീ ലെജിസ്ലേറ്റീവ് ഫോര്‍മാലിറ്റികളും പാലിക്കാതെയാണ് കരടുനിയമം ഇറക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം.
‘ഒരു അക്കാദമിക് വര്‍ഷത്തെ കൂട്ടുപിടിച്ച് കുട്ടികളുടെ ആരോഗ്യത്തെ സംബന്ധിച്ച് സുപ്രധാനമായ ഉച്ചഭക്ഷണത്തിന്റെ മെനുവില്‍ മാറ്റം കൊണ്ടുവരുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല’; എന്നു പറഞ്ഞാണ് ലക്ഷദ്വീപില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന്മാംസാഹാരം ഒഴിവാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തത്. ദേശീയ ഉച്ചഭക്ഷണ പദ്ധതി പ്രകാരമുള്ള കുട്ടികളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ് മാംസാഹാരം എന്നായിരുന്നു ഹർജിക്കാരുടെ വാദം. കുട്ടികളുടെ ഭക്ഷണക്രമത്തില്‍ മാംസാഹാരത്തിനുള്ള പ്രാധാന്യം അഡ്മിനിസ്ട്രേഷന്‍ യോഗത്തില്‍ ഫിസിഷ്യന്‍ ശരിവെച്ചിരുന്നെന്നും എന്നാല്‍ ഇത് അഡ്മിനിസ്ട്രേറ്റര്‍ പരിഗണിച്ചില്ലെന്നും കാണിക്കുന്ന യോഗത്തിന്റെ മിനുട്സും ഹരജിക്കാര്‍ ഹാജരാക്കിയിരുന്നു.
2020-21 അക്കാദമിക് വര്‍ഷത്തേക്കുള്ള വാര്‍ഷിക പ്രവര്‍ത്തന പദ്ധതിയില്‍ സ്‌കൂളിലെ ദേശീയ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് പ്രാധാന്യമില്ലെന്നും എട്ടുവരെയുള്ള കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയാണ് ബജറ്റില്‍ ഉള്‍പ്പെട്ടതെന്നും ഒമ്പതുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ചെലവ് 2020-21 വര്‍ഷത്തെ വാര്‍ഷിക പ്രവര്‍ത്തന പദ്ധതിയില്‍ നിന്നാണ് കണ്ടെത്തുന്നതെന്നുമായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വാദം. ഈ സാഹചര്യത്തിലാണ് അക്കാദമിക് വര്‍ഷത്തിന്റെ കാര്യം പറഞ്ഞ് കുട്ടികളുടെ ഭക്ഷണക്രമത്തില്‍ മാറ്റംവരുത്തുന്നതിനെ കോടതി വിമര്‍ശിച്ചത്. പറഞ്ഞുനില്‍ക്കാന്‍ പോലും യാതൊരു ന്യായീകരണങ്ങളുമില്ലാത്ത തരത്തിലുള്ളതാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ അടുത്തിടെ കൊണ്ടുവന്ന പല പരിഷ്‌കാരങ്ങളുമെന്ന് വ്യക്തമാക്കുന്നതാണ് കോടതി പരാമര്‍ശങ്ങള്‍. കോടതിയുടെ ഭാഗത്തുനിന്നും മറുത്തൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ സ്റ്റേ തുടരുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

‘ജുഡീഷ്യറിയാണ് ഞങ്ങളുടെ ആകെയുള്ള പ്രതീക്ഷ. ഭരണഘടനാപരമായ അവകാശങ്ങള്‍ ഏതുവിധത്തിലാണ് കിട്ടുന്നത് ആ രീതിയിലൊക്കെ അവ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരും' എന്നാണ് കോടതി ഉത്തരവിനോട് പ്രതികരിച്ച് സേവ് ലക്ഷദ്വീപ് ഫോറം ജോയിൻറ് കണ്‍വീനര്‍ കോമളം കോയ ‘തിങ്കി’നോട് പറഞ്ഞത്.
ലാഭകരമല്ലയെന്ന കാരണമാണ് ഡയറി ഫാമുകള്‍ പൂട്ടാന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ കോടതിയുടെ മുമ്പാകെ ഉയര്‍ത്തിയ ന്യായം. ലക്ഷദ്വീപിലെ രണ്ട് ഡയറി ഫാമുകളിലും കൂടി 69 മൃഗങ്ങളുള്ളതില്‍ 47 എണ്ണത്തെയാണ് കറക്കുന്നത്. ദിവസം 140 ലിറ്റര്‍ പാലാണ് ലഭിക്കുന്നത്. കുറഞ്ഞ ഉല്പാദനമുള്ള ഈ ഫാമുകള്‍ നടത്തിക്കൊണ്ടുപോകുന്നത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ബാധ്യതയാണെന്നു കണ്ട് അത് തുടരാതിരിക്കാന്‍ നയപരമായ തീരുമാനം കൈക്കൊണ്ടതാണെന്നും അതിനെ ഏകപക്ഷീയമായ ഒന്നായി കാണാനാവില്ലെന്നുമായിരുന്നു ഈ വിഷയത്തില്‍ അഡ്മിനിസ്ട്രേഷന്റെ വാദം. എന്നാല്‍ അങ്ങനെ നയപരമായ ഒരു തീരുമാനം കൈക്കൊണ്ടതായി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ അവ തുടരാന്‍ അനുവദിക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്.
ലക്ഷദ്വീപില്‍ രണ്ടുദ്വീപുകളിലായാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഡയറി ഫാമുള്ളത്; മിനിക്കോയിയിലും കവരത്തിയിലും. ലക്ഷദ്വീപിലെ ജനങ്ങള്‍ പാൽ ഭക്ഷണത്തില്‍ അധികം ഉപയോഗിക്കുന്നവരല്ല. പ്രായമായവര്‍ക്കും രോഗികള്‍ക്കും കുട്ടികള്‍ക്കും കൊടുക്കാനാണ് സാധാരണ പാൽ ഉപയോഗിക്കുന്നത്. കവരത്തിയിലെ ഫാമില്‍ നിന്ന് ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലേക്കാണ് പാൽ കൊണ്ടുപോകുന്നത്. ഇവ പൂട്ടിയാൽ ഇത് നിലയ്ക്കും. സ്വകാര്യ ഫാമുകള്‍ അധികം ദ്വീപിലില്ല. അതുകൊണ്ട് ഇവ പൂട്ടിയാൽ രോഗികള്‍ക്കും കുട്ടികള്‍ക്കുമുള്ള പാൽ മുടങ്ങും.
മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരായ ഈ സമരം ഇത്ര മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലായിരുന്നെന്നും കോമളം കോയ പറഞ്ഞു: ‘ജനസംഖ്യ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കേരളത്തിലെ ഒരു പഞ്ചായത്തിലുള്ളത്ര ജനസംഖ്യ ലക്ഷദ്വീപിലുണ്ടാവില്ല. മാധ്യമങ്ങളുമില്ല. പുറംലോകം ഇവിടുത്തെ പ്രശ്നങ്ങള്‍ അറിയാനുള്ള ഒരു സംവിധാനവുമില്ല. ഇത് ലക്ഷദ്വീപില്‍ മാത്രം തുടര്‍ന്ന സമരമായിരുന്നെങ്കില്‍ ദ്വീപ് ജനത നാടുകടത്തപ്പെട്ടേനെ, അല്ലെങ്കില്‍ അവരെ ജയിലില്‍ അടച്ചേനെ. കേരളത്തിലെ മാധ്യമങ്ങള്‍ ലക്ഷദ്വീപുകാര്‍ക്ക് ഒരു പ്രശ്നം വന്നപ്പോള്‍ അവരുടെ കൂടെ നിന്നു. ഭരണപ്രതിപക്ഷങ്ങള്‍ ഒരുമിച്ചുനിന്ന് ലക്ഷദ്വീപ് ജനതയ്ക്കുവേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കി. അതൊക്കെ വലിയ തോതില്‍ സമരത്തെ സഹായിച്ചിട്ടുണ്ട്.'
കോമളം കോയ പറഞ്ഞതുപോലെ, ലക്ഷദ്വീപ് വിഷയം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാക്കാന്‍ കേരളത്തിന്റെ പിന്തുണ ഗുണം ചെയ്തിട്ടുണ്ട്. ഇടയ്ക്ക് ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ നിയമപരമായ അധികാരപരിധിയില്‍ നിന്ന് മാറ്റി കര്‍ണാടക ഹൈക്കോടതിയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം പിന്നീട് കലക്ടര്‍ വാര്‍ത്താക്കുറിപ്പിലൂടെ നിഷേധിച്ചിരുന്നു.
അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ സമരത്തില്‍ ദ്വീപിലെ ബി.ജെ.പി പ്രവര്‍ത്തകരടക്കം തങ്ങളുടെ നിലപാടിനൊപ്പമാണെന്നും കോമളം കോയ പറയുന്നു: ബി.ജെ.പി അടക്കം സമരത്തില്‍ ഞങ്ങളുടെ കൂടെ നില്‍ക്കുകയാണ് ചെയ്തത്. ബി.ജെ.പിയെ പിന്നീട് ഞങ്ങള്‍ പുറത്താക്കുകയായിരുന്നു. എന്നിട്ടും അവര്‍ പോയില്ല. ഒന്നോ രണ്ടോ വ്യക്തികള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി അവരുടെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ബാക്കിയുള്ളവര്‍ മിക്കവരും രാജിവെക്കുകയാണുണ്ടായത്. രാജിവെക്കാത്തവരില്‍ തന്നെ പലരും ബി.ജെ.പിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഇതിനെതിരെ സംസാരിക്കുകയാണ്. ബി.ജെ.പിയിലുുള്ള പ്രവര്‍ത്തകരിലും പലരും നാട്ടുകാരെന്ന നിലയില്‍ം സേവ് ലക്ഷദ്വീപ് ഫോറവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായ ചെറുത്തുനില്‍പ്പ് ശ്രമങ്ങള്‍ക്കുപുറമേ, ഭരണകൂടത്തിന്റെ ഏകപക്ഷീയമായ പരിഷ്‌കാരങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള ജനരോഷമാണ് ലക്ഷദ്വീപില്‍ നിന്നുയര്‍ന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഈ മാസം ആദ്യം ദ്വീപ് നിവാസികള്‍ 12 മണിക്കൂര്‍ നിരാഹാരസമരം നടത്തി. വീടുകളില്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു. അമൂൽ ഉല്പന്നങ്ങള്‍ ബഹിഷ്‌കരിച്ചു. അഡ്മിനിസിട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപിലേക്ക് വരുന്ന ദിവസം കരിദിനമായി ആചരിച്ചു. പ്രതിഷേധിക്കുന്നവരെ അറസ്റ്റു ചെയ്തും മറ്റും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കവും ശക്തമായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതാല്‍ ജനങ്ങളുടെ ഇതുവരെയുള്ള പോരാട്ടം പ്രത്യക്ഷസമരത്തിലേക്ക് പോയിരുന്നില്ല. കോവിഡ് സാഹചര്യത്തില്‍ കുറവുവരികയാണെങ്കില്‍ ജൂലൈ അഞ്ചിനുശേഷം കവരത്തി കേന്ദ്രീകരിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ നടത്തുന്നതിനെക്കുറിച്ചും സേവ് ലക്ഷദ്വീപ് ഫോറം ആലോചിക്കുന്നുണ്ട്.
സച്ചു ഐഷ
Jan 05, 2023
4 Minutes Read
സല്‍വ ഷെറിന്‍
Jan 03, 2023
6 Minutes Read
അലി ഹൈദര്‍
Oct 13, 2022
10 Minutes Read
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch
കെ.വി. ദിവ്യശ്രീ
Apr 14, 2022
12 Minutes Watch
Think
Nov 16, 2021
2 minutes read
മനില സി.മോഹൻ
Jul 07, 2021
51 Minutes Watch
ജിന്‍സി ബാലകൃഷ്ണന്‍
Jun 11, 2021
6 Minutes Read