പാട്ടുകൾ കൊണ്ട്
കാലത്തെ നിർണയിച്ച
ലതാ മങ്കേഷ്കർ
പാട്ടുകൾ കൊണ്ട് കാലത്തെ നിർണയിച്ച ലതാ മങ്കേഷ്കർ
6 Feb 2022, 05:36 PM
ഒരു അരുവിയുടെ ചെവിയാവുക എന്നതാണ് ലതാജിയുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പറയാന്‍ തോന്നുക. പ്രണയത്തിലും വിരഹത്തിലും കാത്തിരിപ്പിലും വേദനയിലും ഭക്തിയിലും ആ അരുവി മൃദുവായി ഒഴുകുന്നു. സംഗീതാസ്വാദനത്തിന്റെ അടിയുറവകളില്‍ ഒരിക്കലും വേര്‍പിരിക്കാനാവാത്ത ആര്‍ദ്രസാന്ദ്രത.
അഞ്ചാം വയസ്സില്‍ അച്ഛന്‍ ദിനനാഥ് മങ്കേഷ്‌കറിന്റെ സംഗീതനാടകങ്ങളില്‍ ബാലതാരമായി അരങ്ങിലെത്തിയ കുട്ടി ഹേമ എന്ന പേരില്‍ നിന്ന് ലതയായത് കുടുംബത്തിന്റെ നാടകപ്രേമത്താലാണ്. എന്നാല്‍ അച്ഛന്റെ സംഗീതം ജീനില്‍ കിട്ടിയ മക്കളുടെ നിയോഗം നാടകത്തിലല്ലായിരുന്നു. ഹൃദയാഘാതത്താല്‍ അച്ഛന്‍ അവിചാരിതമായി നഷ്ടമാകുമ്പോള്‍ വെറും പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടി, താങ്ങാവേണ്ട മൂത്തവള്‍ എന്ന ഉത്തരവാദിത്തവുമായി മുംബൈയിലേക്ക് വണ്ടി കയറി.
കൊച്ചു കൊച്ചു വേഷങ്ങളില്‍ അഭിനയിച്ചും പാട്ടു പാടിയും കാലത്തോട് കഠിനമാം വിധം പൊരുതിയാണ് ലത മുന്നോട്ട് പോയത്. ലതയുടെ പടര്‍ച്ചയുടെ പൊടിപ്പ് അത്ര എളുപ്പമായിരുന്നില്ല. നേര്‍ത്ത ശബ്ദം, മറാത്തി സ്ലാങ്ങ് -പരാതികളും വിമര്‍ശനങ്ങളും ഏറെയുണ്ടായിരുന്നു. നൂര്‍ജഹാന്റെ പാട്ടു വഴി ഏറെ അഭിനന്ദിക്കപ്പെട്ട കാലം."കേട്ടൂ പഠിക്കൂ' എന്ന് അച്ഛന്‍ ഒരിക്കല്‍ കേള്‍പ്പിച്ച ആ ശബ്ദത്തെ അനുകരിച്ചും ആരാധിച്ചും പാടിയ ലത പക്ഷേ തന്റെ ശബ്ദത്തിന്റെ അനന്യതയെ തിരിച്ചറിഞ്ഞു. ആദ്യം കുടുംബത്തിനു സമര്‍പ്പിച്ച ജീവിതം, നിത്യവസന്തം പൊഴിക്കുന്ന സംഗീത വൃക്ഷത്തില്‍ ഒട്ടിപ്പിടിച്ച് വളര്‍ന്നു ഇന്ത്യയുടെ ഹൃദയങ്ങളില്‍ ചുറ്റി പടര്‍ന്നു കിടക്കുന്നു.
കിതി ഹസാല്‍ എന്ന മറാത്തി സിനിമയ്ക്ക് വേണ്ടിയായിരുന്നു ലത ആദ്യമായി ഗാനമാലപിച്ചത്. 1948 ല്‍ മജ്ബൂറില്‍ "ദില്‍ മേര തോട' പാടി പേരെടുക്കുമ്പോള്‍ ലതയ്ക്ക് 19 വയസ്സ്. 1949 ല്‍ മഹലിലെ "ആയേഗ ആയേഗ' പാടി സൂപ്പര്‍ ഹിറ്റാക്കിയതോടെ ലതയുടെ ശബ്ദത്തിന് അംഗീകാരമായി. പിന്നീടുള്ള
അരനൂറ്റാണ്ടിലധികം കാലത്തെ സംഗീതസപര്യയില്‍ വ്യത്യസ്തരായ സംഗീത സംവിധായകരുടെ വ്യത്യസ്ത ഴാനറുകളിലായി നാല്പതിനായിരത്തിലധികം പാട്ടുകള്‍. ഒരു ദിവസം എത്ര പാട്ടുകള്‍ പാടിക്കാണും! എത്ര ഭാഷകള്‍, എത്ര സംസ്‌കാരങ്ങള്‍, എത്ര ജീവിത മുഹൂര്‍ത്തങ്ങള്‍... തന്റെ ശബ്ദം കൊണ്ട് കാലദേശങ്ങളുടെ അതിര്‍ത്തികളെയും നിരാകരിച്ച് ഹൃദയങ്ങളെ കൂട്ടിയിണക്കി ലത ഇന്ത്യയുടെ വാനമ്പാടിയായി.
സംഗീതവും പാട്ടും നിറഞ്ഞു നിന്ന ആദ്യ കാല സിനിമയില്‍ ലതാജിയുടെ ശബ്ദം സിനിമകളുടെ വിജയമന്ത്രമാവാന്‍ അധികം സമയം എടുത്തില്ല. ദീദാറും, ബൈജു ബാവ് രയും, ദേവദാസും അടക്കം ആദ്യ പാട്ടു പതിറ്റാണ്ടുകള്‍ തന്നെ ഉദാഹരണം.
ലതാജിയുടെ ഓരോ കാലത്തെയും ആരാധകര്‍ക്ക് നാവില്‍ ഓരോരോ പാട്ടുകളുണ്ടായിരുന്നു; ഓരോ തലമുറകള്‍ക്കും വേണ്ട പാട്ടുകള്‍ അവര്‍ തെരഞ്ഞെടുത്തു. അമ്പതുകളിലേ തുടങ്ങുന്നുണ്ടത്. സാഹിറിന്റെ വരികള്‍ക്ക് എസ് ഡി ബര്‍മന്‍ ഈണം നല്കിയ "ഫൈലി ഹുയി ഹെ സപ്‌നോംകി ബാഹേം' (ഹൗസ് നമ്പര്‍ 44 ) ഇപ്പോഴത്തെ എഴുപതുകാരുടെ നാവില്‍ സദാ ഉരുവിട്ട് കേട്ട് പിന്നെ വന്ന തലമുറയുടെയും പ്രിയമെലഡിയായി തീര്‍ന്ന പാട്ടുകളിലൊന്നാണ്.
അറുപതുകളില്‍, മദന്‍ മോഹന്‍ ഈണമിട്ട "ആപ് കി നസ് രോ നേ സംജാ ' പാടിയ ലതാജിയുടെ ശബ്ദം പ്രണയികളുടെ മുഴുവന്‍ ഹൃദയം ആര്‍ദ്രവും കാതരവുമാക്കി. ആ ശബ്ദത്തിന്റെ മാന്ത്രികതയില്‍ കണ്ണോടു കണ്ണ് നോക്കിയിരിക്കാന്‍ ഹൃദയം തുടിക്കാത്ത കാമുകരുണ്ടോ....!
ആരാധകരുടെ മാത്രമല്ല, ലതാജിയുടെയും പ്രിയപ്പെട്ട പാട്ടുകളിലൊന്നായ "ലഗ് ജാ ഗലേ...' ദേശ ഭേദമെന്യേ ഒട്ടേറെ സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്നു.. ചിരാഗിലെ "തേരി ആഖോം കേ സിവയും' നിത്യഹരിതം..
1963ലെ റിപ്പബ്ലിക് ഡേയില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കണ്ണീരണിയിച്ചു കൊണ്ട് പാടിയ "ഏ മേരെ വദന്‍ കി' ഇന്നും ഇന്ത്യയുടെ ദേശഭക്തിഗാനങ്ങളില്‍ അമരസ്മരണയായി നിലകൊള്ളുന്നു.
എഴുപതുകളില്‍, ആര്‍.ഡി ബര്‍മന്‍ സംഗീതം നല്കി അനശ്വരമാക്കിയ "തേരേ ബിനാ സിന്ദഗി സേ കോയി' കിഷോര്‍ കുമാര്‍- ലതാ കോമ്പിനേഷന്‍ പ്രണയ യുഗ്മഗാനങ്ങളിലവിസ്മരണീയമായി. മെഹബൂബയിലെ (1976) 'മേരേ നൈന സാവന് ബാന്‍തോ ' ഏതു കാലത്തിലും ഹൃദയം പൊട്ടുംവിധം വിരഹത്തെ പാട്ടില്‍ കുരുക്കിയിടുന്നു. മുകേഷുമൊത്തുള്ള "കഭി കഭി മേരേ ദില്‍ മേo' യും എക്കാലത്തെയും ഹിറ്റായി നിലകൊള്ളുന്നതില്‍ ആ ശബ്ദത്തിന്റെ ഇന്ദ്രജാലമുണ്ട്.
മലയാളത്തില്‍ പാടിയ ഒരേയൊരു പാട്ട് 1974ലാണ്.ചെമ്മീനില്‍ മലയാള സിനിമ ആ ശബ്ദം ആഗ്രഹിച്ചു.അന്ന് മലയാളം പ്രയാസപ്പെട്ടതിനാല്‍ ഒഴിവായിപ്പോയ അതേ ലത സലില്‍ ചൗധരിയുടെ സ്‌നേഹനിര്‍ദ്ദേശത്താല്‍ "നെല്ലി'ല്‍ 'കദളി ചെങ്കദളി ' പാടി മലയാള ഗാനങ്ങളുടെ നിത്യഹരിത സമ്പാദ്യത്തിലേക്കൊരു നിധിയേകി..
ലതാജി "സത്യം ശിവം സുന്ദരം' (1978, സംഗീതം ലക്ഷ്മികാന്ത് - പ്യാരേലാല്‍ ) പാടിയപ്പോള്‍ സ്വര്‍ഗീയ മാധുരിയെന്ന് വിശേഷിക്കപ്പെട്ടു. ഈശ്വര സ്തുതികളില്‍ ലതാജിയുടെ ശബ്ദത്തിന്റെ ഡിവൈനിറ്റി പല ഗായകരും എടുത്തു പറയാറുണ്ട്. അസംഖ്യം മീരാ ഭജനുകള്‍ അതിനു സാക്ഷ്യമാണ്. അവര്‍ 'അല്ലാ തേരോ നാം ' എന്നു പാടുമ്പോള്‍ പ്രാര്‍ത്ഥനയുടെ റാന്തലുകള്‍ കത്തുന്നു.
സംഗീതവും ലതാജിയുടെ പാട്ടും അത്രമേല്‍ ഇഴുകിച്ചേര്‍ന്ന പാട്ടുകളിലൊന്നാണ് നൂരിയിലെ (1979) "ആജാ രേ, ഓ മേരേ ദില്‍ബര്‍'.. പൂനം ദില്ലന്റെ മാസ്മരികമായ കണ്ണുകളും വിതുമ്പും പോലുള്ള ചുണ്ടുകളും ലതാജിയുടെ പാട്ടില്‍ പ്രണയാര്‍ദ്രം.
എത്ര നായികമാര്‍ ആ ശബ്ദത്തിന് ചുണ്ടനക്കിക്കൊണ്ട് നിത്യഹരിതമായ പാട്ടുകള്‍ക്കൊപ്പം ആരാധകര്‍ക്ക് പ്രിയപ്പെട്ടവരായി. അങ്ങേയറ്റത്ത് നിന്ന് മധു ബാലയും നര്‍ഗീസും, സാധനയും, വഹീദയും, മീന കുമാരിയും, ഷര്‍മിളയും, വൈജയന്തിമാലയും ഇങ്ങേയറ്റത്ത് മാധുരിയും പ്രീതി സിന്റയും കാജലും, കരിഷ്മയുമെല്ലാം ആ ശബ്ദമാധുരിയില്‍ തിരശീലയില്‍ നമ്മുടെ സ്വന്തപ്പെട്ടവരായി. നമ്മള്‍ തന്നെയായി.
1949 ല്‍ "ഉഠായേ ജാ ഉന്‍ കേ സിതം' എന്ന പാട്ടു മുതല്‍ നര്‍ഗീസിനു വേണ്ടി ആലപിച്ച ഗാനങ്ങളോടൊപ്പം ലതയുടെ പാട്ടിന്റെ വളര്‍ച്ചയും ദര്‍ശിക്കാം. "പ്യാര്‍ ഹുവാ ഇക് രാര്‍ ഹുവാ ' എന്ന് ( നര്‍ഗീസ് -രാജ് കപൂര്‍ - ലത / മന്നാഡേ ) പ്രണയമെത്ര വട്ടം മഴയായി നനഞ്ഞ് കാലം വിടര്‍ന്നു.. ആ ശബ്ദവും.
മീനാകുമാരിയെ ഓര്‍മ്മിക്കാന്‍ "അജിബ് ദാസ്താ ഹേ യേ.' മതിയല്ലോ! ശങ്കര്‍ ജയ്കിഷന്റെ മനമലിയിക്കും സംഗീതവും ശൈലേന്ദ്രയുടെ അര്‍ത്ഥപൂര്‍ണ്ണമായ വരികളും ലതാജിയുടെ ശബ്ദവും മീനയുടെ തിരസാന്നിധ്യത്തെ അലൗകികമാക്കുന്നു.
"മുഗള്‍ എ അസ'ത്തിലെ മധു ബാലയുടെ സൗന്ദര്യവും നൃത്തവും മുഖഭാവങ്ങളും ഓര്‍മ്മിക്കുന്നില്ലേ? നൗഷാദിന്റെ സംഗീതത്തില്‍, ലതാജിയുടെ ഹൃദയം കവരും ശബ്ദത്തില്‍, അവര്‍ "പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ ' എന്ന് നിറഞ്ഞാടുന്ന ദൃശ്യം അവിസ്മരണീയം.
"അമര്‍ പ്രേമി'ല്‍ നീട്ടി വാലിട്ടെഴുതിയ കണ്ണുകളില്‍, പ്രണയം നിറച്ച് "രേന ബി തി ജായേ ' എന്നു നായകനു മുന്നില്‍ പാടി കണ്‍ നിറയുന്ന ഷര്‍മിള, "ജിസ് ദേശ് മേം ഗംഗാ ബഹ്തി ഹേ'യില്‍ നീന്തിത്തുടിച്ച് ഹോ മേനേ പ്യാര്‍ കിയാ എന്ന് നൃത്തം ചെയ്യുന്ന പത്മിനി., "അനാമിക'യില്‍ ബാഹോം മേ ചലേ എന്ന് കണ്‍ കൈ കുസൃതി പ്രേമങ്ങള്‍ കാണിക്കുന്ന ജയ ബാദുരി,
കല്‍പന ലജ്മിയുടെ രുദാലിയില്‍ "ദില്‍ ഹും ഹും കരേ' എന്ന് ഗുല്‍സാറിന്റെ വരികളില്‍ തീ പോലെ ഡിമ്പിള്‍ കപാഡിയ.. നായികമാര്‍ പിന്നെയും മാറി മാറി വന്നു.... ദില്‍വാലേ യില്‍ "തു ജേ ദേഖാ തോ പാടി 'കാജല്‍ തൊണ്ണൂറുകളുടെ യുവ ഹൃദയത്തിലേക്കു കയറി വന്നപ്പോഴും ലതാജിയുണ്ട്. പ്രായത്തില്‍ അറുപതുകളിലാണ്.ശബ്ദത്തിലോ നിറയൗവനത്തില്‍! പ്രതി സിന്റയും മാധുരിയും ഉനര്‍ജത്തോടെ തുള്ളിച്ചാടുമ്പോഴും ആ ശബ്ദം പാകം! പ്രണയ വിരഹ ഭാവങ്ങളിലെന്ന പോലെ കുട്ടിത്തത്തിലും നിഷ്‌കളങ്കതയിലും ലതാജിയുടെ ശബ്ദം ഇണങ്ങി നിന്നു. ലതാജിയും ആശാജിയും ഒന്നിച്ച് പാടുന്ന "ക്യാ ഹുവാ യെ മുജേ ക്യാ ഹുവാ 'യില്‍ എത്ര ഊര്‍ജമാണ്.! വെള്ളിത്തിരയില്‍ പത്മിനിയും ചഞ്ചലും ആ പാട്ടില്‍ ഉല്ലസിച്ചു നൃത്തം ചെയ്യുന്നു.

ലതാജിയുടെ പാട്ടുകള്‍ കൊണ്ട് മാത്രം സിനിമകള്‍ ഹിറ്റായി .തങ്ങള്‍ക്ക് ചുണ്ടനക്കാന്‍ ലതാജി പാടണം എന്ന് നായികമാര്‍ തീവ്രമായി ആഗ്രഹിച്ചു. സംഗീത സംവിധായകരാവട്ടെ, ആലാപന വൈവിധ്യങ്ങള്‍ തേടി.
ഗായകരും ആരാധകരും ആസ്വാദകരുമടങ്ങിയ പാട്ടു പ്രേമികള്‍ ജീവിത നിമിഷങ്ങളില്‍ ലതാ ഗാനങ്ങള്‍ ചേര്‍ത്തു. ആ പാട്ടുകളില്‍ ഉമ്മവച്ചു, കെട്ടിപ്പുണര്‍ന്നു, കണ്ണീരുതിര്‍ത്തു, കണ്ണുകള്‍ പൂട്ടി. റേഡിയോയും വാക്ക്മാനും, ടി വി യും മൊബൈലും ലാപ്പ്‌ടോപ്പും എന്ന് കാലം സാങ്കേതികതകളെ വികസിപ്പിച്ചു. സിനിമ ബ്ലാക്ക് & വൈറ്റില്‍ നിന്ന് കളറിലേക്കും 70 MM ലേക്കും ഡിജിറ്റലിലേക്കും വളര്‍ന്നു. പക്ഷേ ലതാജിയുടെ ശബ്ദത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ ഋതുക്കള്‍ മടുക്കാതെ പിന്നെയുമാവര്‍ത്തിക്കും പോലെ തുടരുന്നു
സിനിമാപ്പാട്ടുകളുടെ തിരക്കുകള്‍ തീരാതിരിക്കുമ്പോഴും ഗസലുകള്‍ ,നിരവധി ആല്‍ബങ്ങള്‍ എന്നിങ്ങനെ സംഗീതത്തിന്റെ ചില്ലകളില്‍ പിന്നെയും ചുറ്റി.ഹിന്ദിക്കു പുറത്തുള്ള ഇരുപതിലധികം ഭാഷകളിലേക്ക് ശബ്ദമൊഴുകി.. ഏതാണ്ട് 185 ഓളം ബംഗാളി പാട്ടുകളില്‍ ഭൂപന്‍ ഹസാരികയുടെ "രംഗീലാ ബാഷിതേ കേ ദാകേ ഗും ഗും "സലില്‍ ദായുടെ 'ഓഗോ ആര്‍ കിചു തോ നാ അടക്കം സൂപ്പര്‍ ഹിറ്റുകളെത്ര. ഇളയരാജക്കും എ.ആര്‍ റഹ്‌മാനും ഒപ്പം പ്രവര്‍ത്തിച്ച് തമിഴിലെ ഇരു തലമുറകളുടെയും ഈണങ്ങളില്‍ ശബ്ദമായി. ജിയാ ജലേ എന്ന് ന്യൂ ജനറേഷനായി.
പാടുക മാത്രമല്ല, പാട്ടിനീണമീട്ടു. മറാത്തിയില്‍ മികച്ച സംഗീത സംവിധാനത്തിന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ അവാര്‍ഡുവാങ്ങി. നാലു സിനിമകള്‍ നിര്‍മ്മിച്ചു.1949 ല്‍ ശോഭന സമര്‍ഥിനും ശോഭനയുടെ മക്കള്‍ തനൂജക്കും നൂതനും തനൂജയുടെ മകള്‍ കാജലിനും പാടിക്കൊണ്ട് മൂന്നു തലമുറയെ അടയാളപ്പെടുത്തുന്ന പാട്ടു ചരിത്രം പ്രായം തളര്‍ത്താത്ത പ്രതിഭയുടെ ആത്മസമര്‍പ്പണമാണ്. ഒട്ടും എളുപ്പമല്ല അത്, വാസന ജന്മസിദ്ധമാണെങ്കിലും സാധന കര്‍മ്മസിദ്ധമാണ്.
ആണുങ്ങള്‍ അടക്കിവാണ സിനിമാ വ്യവസായ സാമ്രാജ്യത്തില്‍ ഒരു സ്ത്രീ സദാ കര്‍മ്മനിരതയായിരുന്നു....
ഒരു പാട്ടെങ്കിലും ഒരിക്കലെങ്കിലും മൂളാത്തവരില്ല ശതകോടി ജനങ്ങളില്‍. അതിലും വലുതെന്തുണ്ട് ഒരു സ്ത്രീക്ക് കിട്ടാവുന്ന ഇടം!
ആദരവോടെ,
നിറവോടെ വിട
Tajmanzoor
6 Feb 2022, 08:58 PM
നന്നായി എഴുതി
Biji
6 Feb 2022, 08:57 PM
Nice article. Well said
Drisya shine
6 Feb 2022, 08:27 PM
സമഗ്രം.....സമ്പൂർണ്ണം... സ്പഷ്ടം ....
Sunilvarkala
6 Feb 2022, 08:25 PM
Good
ഷാജു വി ജോസഫ്
Feb 01, 2023
5 Minutes Read
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
എസ്. ബിനുരാജ്
Jan 12, 2023
4 Minutes Read
Rajeswary
7 Feb 2022, 10:59 PM
നല്ല അവലോകനം, അനു. പ്രണാമം ഭാരതീയ സംഗീതത്തിലെ വാനമ്പാടിയ്ക്ക്