ഹിന്ദു കുടുംബങ്ങളിലെ
വിഭജിക്കപ്പെടാത്ത പൂർവികസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം

ഭരണഘടനയിലെ ആർട്ടിക്കിൾ 254(1) അനുസരിച്ച് കൺകറന്റ് ലിസ്റ്റിലുള്ള ഒരു വിഷയത്തിൽ, കേന്ദ്ര- സംസ്ഥാന നിയമങ്ങൾ തമ്മിൽ തർക്കമുണ്ടായാൽ, കേന്ദ്ര നിയമത്തിനായിരിക്കും പ്രാബല്യം എന്ന് ഹൈക്കോടതി.

News Desk

ഹിന്ദു പിന്തുടർച്ചാവകാശനിയമത്തിൽ സ്ത്രീകളുടെ അവകാശം ഉറപ്പാക്കുന്ന സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ
വിഭജിക്കപ്പെടാത്ത പൂർവികസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്നാണ് വിധി.

2004 ഡിസംബർ 20-നുശേഷം മരിച്ച ഹിന്ദു പിതാവിന്റെ മകൾക്ക് പൂർവികസ്വത്തിൽ തുല്യാവകാശം ലഭിക്കും. 2005-ൽ മരിച്ച പിതാവിന്റെ വിഭജിക്കപ്പെടാത്ത സ്വത്തിൽ തുല്യാവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിനിയും സഹോദരിമാരും നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

2005-ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമത്തിൻ (2005 Amendment to the Hindu Succession Act) കീഴിൽ വരുന്ന ഹിന്ദു പൂർവിക സ്വത്തിലാണ് പെൺമക്കൾക്ക് തുല്യാവകാശം അനുവദിച്ചത്. 1975-ൽ നിലവിൽവന്ന, കേരളത്തിലെ കൂട്ടുകുടുംബ സംവിധാനം ഇല്ലാതാക്കുന്ന നിയമത്തിലുള്ള (Kerala Joint Family System -Abolition- Act, 1975), പെൺമക്കളുടെ അവകാശങ്ങൾ നിഷേധിക്കുന്ന വ്യവസ്ഥകൾ കേന്ദ്ര നിയമത്തിന് വിരുദ്ധമായതിനാൽ അവ നിലനിൽക്കുന്നതല്ലെന്നും കോടതി വിധിച്ചു. അതായത്, 2005-ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമത്തെ മറികടക്കാൻ 1975-ലെ കേരള നിയമത്തിന് കഴിയില്ല എന്ന് വിധി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.

1975-ലെ കേരള നിയമത്തിലൂടെ സംസ്ഥാനത്ത് കൂട്ടുകുടുംബ സംവിധാനം ഇല്ലാതായെന്നും അതുകൊണ്ടുതന്നെ പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം സാധ്യമല്ലെന്നും എതിർ കക്ഷികൾ വാദിച്ചു.

എന്നാൽ, ഭരണഘടനയിലെ ആർട്ടിക്കിൾ 254(1) അനുസരിച്ച് കൺകറന്റ് ലിസ്റ്റിലുള്ള ഒരു വിഷയത്തിൽ, കേന്ദ്ര- സംസ്ഥാന നിയമങ്ങൾ തമ്മിൽതർക്കമുണ്ടായാൽ, കേന്ദ്ര നിയമത്തിനായിരിക്കും പ്രാബല്യം എന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, കൂട്ടുകുടുംബവ്യവസ്ഥ കേരളം നേരത്തെ റദ്ദാക്കിയെങ്കിലും കേന്ദ്ര ഭേദഗതി നിയമം ബാധകമാണ് എന്നും വിധിയിൽ പറയുന്നു.

ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം കേന്ദ്ര നിയമമായതിനാൽ, അതിന് വിരുദ്ധമായി കേരളത്തിലെ നിലയത്തിലുള്ള വ്യവസ്ഥകൾ നിലനിൽക്കുന്നതല്ല. അതുകൊണ്ട്, 2004 ഡിസംബർ 20-നോ അതിനുശേഷമോ പിതാവ് മരിച്ചാൽ ആൺമക്കളെപ്പോലെ പെൺമക്കൾക്കും പൂർവികസ്വത്തിൽജന്മനാൽ തന്നെ അവകാശമുണ്ടായിരിക്കും. സുപ്രീംകോടതിയുടെ വിനീത ശർമ V/S രാകേഷ് ശർമ (2020) വിധിയിലാണ് 2004 ഡിസംബർ 20 എന്ന സുപ്രധാന തീയതി ആധാരമാക്കുന്നത്.

2005-ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമത്തിലെ സെക്ഷൻ ആറിന് വിരുദ്ധമാണ്, 1975-ലെ, കേരളത്തിലെ കൂട്ടുകുടുംബവ്യവസ്ഥ നിർത്തലാക്കുന്ന നിയമത്തിലെ സെക്ഷൻ 3 എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ, കേരള നിയമത്തിലെ ഈ സെക്ഷൻ നിലനിൽക്കുന്നതല്ല. കേരള നിയമത്തിലെ സെക്ഷൻ 3 അനുസരിച്ച്, പൂർവിക സ്വത്തിൽ ഒരാൾക്കും ജന്മനാ അവകാശമുന്നയിക്കാനാകില്ല. സെക്ഷൻ നാല് അനുസരിച്ച്, കേരളത്തിലെ ഹിന്ദു കൂട്ടുകുടുംബം വിഭജിക്കപ്പെട്ടതായും കണക്കാക്കും. ഈ വ്യവസ്ഥ പ്രകാരമാണ് പെൺമക്കൾക്ക് തുല്യാവകാശം നിഷേധിക്കപ്പെട്ടിരുന്നത്. ഇത് 2005-ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമത്തിന് വിരുദ്ധവുമായിരുന്നു.

കേന്ദ്ര ഭേദഗതി നിയമം ഒരിക്കൽ പെൺകുട്ടികളുടെ തുല്യാവകാശം ഉറപ്പുനൽകുന്ന നിയമം കൊണ്ടുവന്നുകഴിഞ്ഞാൽ, നേരത്തെ നിലനിൽക്കുന്ന പ്രാദേശികമായ ഒരു നിയമനിർമാണത്തിന്റെ പിൻബലത്തിൽ ഒരു സംസ്ഥാനത്തിനും മറ്റൊരു നിയമത്തിലൂടെ കേന്ദ്ര ഭേദഗതിയെ മറികടക്കാനാകില്ല എന്ന് ജസ്റ്റിസ് വി.ജി. അരുൺ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ഹിന്ദു പിന്തുടർച്ചാവകാശവുമായി വൈരുദ്ധ്യമുള്ളതിനാൽ, കേരള നിയമത്തിന് നിലനിൽക്കാനാകില്ല.

കാലഹരണപ്പെട്ട കേരള നിയമത്തിന്റെ അടിസ്ഥാനത്തിൽ, കേരളത്തിലുള്ള പെൺമക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന പൂർവിക സ്വത്തിലെ തുല്യാവകാശമാണ് ഈ വിധിയിലൂടെ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ മറ്റു സംസ്ഥാനങ്ങളിലെ നിയമങ്ങളുമായി ഒത്തുപോകുംവിധത്തിൽ, ഹിന്ദു പിന്തുടർച്ചാവകാശത്തിൽ ഏകീകൃതമായ വ്യവസ്ഥയുണ്ടാകുകയും ചെയ്യുന്നു. മാത്രമല്ല, കൂട്ടുകുടുംബ സ്വത്തിന്റെ കാര്യത്തിലുള്ള ആശയക്കുഴപ്പവും ഇതോടെ ഇല്ലാതാകുകയാണ്.

 ജസ്റ്റിസ് വി.ജി. അരുൺ
ജസ്റ്റിസ് വി.ജി. അരുൺ

കേന്ദ്ര- സംസ്ഥാന നിയമങ്ങൾ വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ കോടതിയുടെ ചോദ്യത്തിന് മറുപടി നൽകി. കേരളത്തിലെ കൂട്ടുകുടുംബം ഇല്ലാതാക്കൽ നിയമത്തിന് 1976-ൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതനാൽ, പിന്നീട് ഈ നിയമത്തിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട ചോദ്യമുയർന്നിട്ടില്ല എന്നും അദ്ദേഹം വാദിച്ചു.

എന്നാൽ, കേരള നിയമം, അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ, വ്യക്തമായി കൂട്ടുകുടുംബ സംവിധാനം ഇല്ലാതാക്കുന്നില്ല എന്ന് കോടതി പറഞ്ഞു. അടിസ്ഥാന കൂട്ടുകുടുംബ സംവിധാനത്തെ ഇല്ലാതാക്കാതെ, ഭാഗികമായ ഒരു വിഭജനം മാത്രമേ ഈ നിയമം വഴി സാധ്യമായിട്ടുള്ളൂ. മാത്രമല്ല, മകളുടെയും വിധവകളുടെയും സ്വത്തിലുള്ള ഓഹരി അവകാശം സംരക്ഷിക്കുന്നതിൽ കേരള നിയമം പരാജയപ്പെട്ടതായുള്ള 174-ാം ലോ കമീഷൻ റിപ്പോർട്ടും കോടതി എടുത്തുപറഞ്ഞു.

ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പാരമ്പര്യസ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് 2020-ലാണ് സുപ്രീംകോടതി വിധിച്ചത്. പെൺമക്കൾ ജീവിതാവസാനം വരെയും തുല്യ അവകാശമുള്ള മക്കൾ തന്നെയാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അന്ന് ചൂണ്ടിക്കാട്ടി. അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഈ അവകാശത്തിൽ മാറ്റം ഉണ്ടാകില്ല.

ഒരു വ്യക്തി വിൽപത്രമെഴുതാതെ മരിച്ചാൽ, സ്വത്ത് എങ്ങനെ അനന്തരാവകാശികൾക്ക് വിഭജിക്കണം എന്നതുമായി ബന്ധപ്പെട്ട നിയമമാണ് 1956-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം. പെൺമക്കൾക്കും സ്വത്തവകാശത്തിൽ ജന്മനാ തുല്യ അവകാശം നൽകുന്ന ഭേദഗതി 2005-ലാണ് നിലവിൽ വന്നത്. ഭേദഗതിയോടെ, വിവാഹിതയായ മകൾക്കും കുടുംബസ്വത്ത് വിഭജിക്കാൻ ആവശ്യപ്പെടാനുള്ള അവകാശമുണ്ട്.

ഏക സിവിൽകോഡ് ഇല്ലാത്തതിനാൽ, വ്യത്യസ്ത മതവിഭാഗത്തിലുള്ളവർക്ക് പാരമ്പര്യസ്വത്തുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിയമങ്ങളാണ് നിലവിലുള്ളത്. മുമ്പ് ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺമക്കൾക്ക് പിതാവിന്റെ സ്വത്തിൽ തുല്യാവകാശമുണ്ടായിരുന്നില്ല. പിതാവ് വിൽപ്പത്രം എഴുതിവെക്കാതെ മരിച്ചാൽ പിതൃസ്വത്തിൽ മകന് ലഭിക്കുന്നതിന്റെ നാലിലൊന്ന് ഭാഗത്തിനാണ് പെൺമക്കൾക്ക് അവകാശമുണ്ടായിരുന്നുള്ളൂ. ഇതിനെതിരെ മേരി റോയി നൽകിയ ഹർജിയിൽ, അവർക്ക് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായിരുന്നു. മുൻകാല പ്രാബല്യത്തോടെ പിതൃസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം സ്ഥാപിച്ചുകൊടുത്തു.


Summary: The Kerala High Court has said that the daughter of a person from the Hindu community who died after December 20, 2004 is entitled to equal Hindu Undivided Family share in the State.


Comments