ഇന്ത്യൻ കോടതികളുടെ പക്ഷം, പക്ഷപാതം

ഭരണഘടനാവ്യാഖ്യാനങ്ങളിൽ പ്രഗൽഭനായിരുന്ന അഭിഭാഷകൻ ഫലി സാം നരിമാന്റെ നാലു പുസ്തകങ്ങളുടെ ഉള്ളടക്കം വച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ഇടപെടലുകളുടെ പ്രാധാന്യം പരിശോധിക്കുന്നു.

ന്ത്യൻ ഭരണഘടനയിൽ അതീവ ഗ്രാഹ്യമുണ്ടായിരുന്ന അഭിഭാഷകനായിരുന്നു ഫലി സാം നരിമാൻ. 2024 ഫെബ്രുവരി 21ന് മരിക്കുന്നതിൻ്റെ തലേന്നുവരെ കോടതിയിൽ കേസ് വാദിച്ച അദ്ദേഹം ഒരൊച്ചപ്പാടുമുണ്ടാക്കാതെയാണ് വിടവാങ്ങിയത്. ഭരണഘടനാവ്യാഖ്യാനങ്ങളിൽ അവസാന വാക്കായി അറിയപ്പെട്ടിരുന്ന ഫലിയുടെ മരണം വലിയൊരു ശൂന്യതയാണ് നിയമ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്.

അഭിഭാഷകർക്കിടയിൽ തന്നെ ആരാധനാ പാത്രമായിരുന്നു ഫലി. അദ്ദേഹം എഴുതിയ ഓർമകൾ മങ്ങുന്നതിനുമുൻപ് (Before memory fades,), രാജ്യത്തിൻ്റെ അവസ്ഥ (state of nation), സുപ്രീംകോടതിയെ ദൈവം രക്ഷിക്കട്ടെ (God save Hon'ble Supreme Court), നിങ്ങളുടെ ഭരണഘടനയെ നിങ്ങളറിയണം (you must know your constitution) എന്നീ നാല് പുസ്തകങ്ങളിലൂടെ കണ്ണോടിക്കുകയാണിവിടെ.

ഓർമകൾ മങ്ങുന്നതിനുമുൻപ് ഫലി സാം നരിമാൻ്റെ ആത്മകഥയാണ്.

1950- ലാണ് ഫലി നരിമാൻ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി വരുന്നത്. പാഴ്സി സമുദായക്കാരിൽ പലരും ആ സമയത്ത് അഭിഭാഷകവൃത്തിയിൽ മുൻപന്തിയിലുണ്ടായിരുന്നത് അദ്ദേഹത്തിന് സഹായകമായി. ജാം ഷെഡ്ജി കാംഗ എന്ന അതികായനായ വക്കീലിൻ്റെ ഓഫീസിൽ ജൂനിയറായാണ് തുടക്കം. പിന്നീട് അന്നത്തെ തലമുതിർന്ന അഭിഭാഷകർ ദഫ്ത്തരി, നാനി പാൽകിവാല തുടങ്ങിയവരുടെ കീഴിലും ഒരുമിച്ചുമായി അദ്ദേഹം പ്രവർത്തിച്ചു.

ഫലി സാം നരിമാൻ

1972- ൽ നരിമാൻ അഡീഷണൽ സോളിസിറ്ററായി, താമസം ഡൽഹിയിലേക്ക് മാറ്റി. 1975 ജൂൺ 26 ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ പ്രധിഷേധാത്മകമായി സർക്കാർ ജോലി രാജിവെച്ചു. പക്ഷെ അന്ന് അതൊരു വലിയ വാർത്തയായില്ല. അടുത്ത സുഹൃത്തുക്കളിൽ ചിലർ അനുമോദിച്ചു, അത്രമാത്രം. അഡീഷണൽ സോളിസിറ്റർ ജനറൽ ഒരു വലിയ പദവിയഅല്ല എന്നദേഹം അന്ന് തിരിച്ചറിഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ വിവരിക്കുന്നത് അന്നത്തെ സുപ്രധാന കേസായിരുന്ന ‘ADM ജബൽപൂർ vs ശുക്ല’ എന്ന കേസിലൂടെയാണ്. സുപ്രീംകോടതിയിൽ ജസ്റ്റിസുമാരായ ബേഗ്, ഭഗവതി, ചന്ദ്രചൂഡ്, റേ, ഖന്ന എന്നിവർ വാദം കേൾക്കുന്നതിനിടയിൽ ജസ്റ്റിസ് എച്ച്. ആർ. ഖന്ന അന്നത്തെ സോളിസിറ്റർ ജനറലിനോട് ചോദിച്ചു, ‘ഒരു കാരണവുമില്ലാതെ ഒരാളെ പോലീസ് പിടിച്ചു കൊണ്ടുപോയി ഉപദ്രവിച്ചാൽ എന്തുചെയ്യാനാകും?’ ഉത്തരം: ‘അടിയന്തരാവസ്ഥ നിലനിൽക്കുന്നിടത്തോളം ഒന്നും ചെയ്യാനാകില്ല’.

അടിയന്തരാവസ്ഥക്കാലത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം തടഞ്ഞുവെക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ചർച്ച ചെയ്തിരുന്നത്. അന്ന് ജസ്റ്റിസ് ഖന്ന ഒഴിച്ച് ബാക്കി ജഡ്ജിമാർ (ഇന്നത്തെ ചീഫ് ജസ്റ്റിസിൻ്റെ അച്ഛനായ വൈ.വി. ചന്ദ്രചൂഡ് അടക്കം) സർക്കാർ നിലപാട് ശരിവെച്ച് വിധിയെഴുതി. ആ സത്യസന്ധതക്ക് ജസ്റ്റിസ് ഖന്ന വലിയ വിലകൊടുത്തു. അർഹതയുണ്ടായിരുന്ന ചീഫ് ജസ്റ്റിസ് പദവി അത് നഷ്ടപ്പെടുത്തി. (Page 166-172 before memory fades) പിന്നീട് 2017- ൽ ‘ജസ: പുട്ട സ്വാമി vs. യൂണിയൻ ഓഫ് ഇന്ത്യ’ എന്ന കേസിൽ ഒൻപതംഗബഞ്ച് നേരത്തെ പറഞ്ഞ എ.ഡി.എം ജബൽപൂർ വിധി തിരുത്തി. വൈ.വി. ചന്ദ്രചൂഡിൻ്റെ മകനും ഇന്നത്തെ ചീഫ് ജസ്റ്റിസുമായ ധനഞ്ജയ് ചന്ദ്രചൂഡും അച്ഛൻ്റെ വിധിയെ തിരുത്തുന്ന ആ ബെഞ്ചിലുണ്ടായിരുന്നു. (Page 27-28, God save the Hon'ble Supreme court).

ജി.എസ്. പാഠക്കിന്റെ ഓർമക്ക് ഡൽഹിയിൽ നടന്ന പ്രഭാഷണത്തിൽ ലോർഡ് ഗോഫ് പറഞ്ഞത് ഫലി ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: "ജർമ്മനിയും ഇംഗ്ലണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം ജർമനിയിൽ അധ്യാപകരെ ദൈവമായി കണക്കാക്കുമ്പോൾ ഇംഗ്ലണ്ടിൽ ജഡ്ജിനെയാണ് ദൈവമായി കണക്കാക്കുന്നത് എന്നാണ്. ഇന്ത്യയിലും ജഡ്ജി ദൈവമാണ്."
നിയമമേഖലയിലെ ആളുകൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിയമപഠനത്തിൽ നിന്ന് ധാർമ്മികത ചോർന്നുപോകുന്നു എന്നതാണ്. അതുകൊണ്ട് നാഷണൽ ബാർ അസോസിയേഷൻ താഴെ പറയുന്ന മൂന്ന് വിഷയങ്ങളിലൂന്നിയുള്ള പാഠ്യപദ്ധതി ഒരുക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.

1. 'നിയമ തൊഴിൽ മേഖലയിൽ സാമൂഹ്യസദാചാര ബോധം തിരിച്ചുകൊണ്ടുവരിക.
2. അഭിഭാഷകരിൽ ധാർമികബോധം വളർത്തിയെടുക്കുക.
3. സദാചാര, ധാർമികബോധ മണ്ഡലത്തിലൂന്നി നിൽക്കുന്ന അഭിഭാഷകവൃത്തി പ്രോത്സാഹിപ്പിക്കുക.
(Page 81-83, before memory fades)

വൈ.വി. ചന്ദ്രചൂഡ്

തൻ്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവമായി പറയുന്നത് പ്രശസ്തമായ ഗോലക് നാഥ് കേസിൽ നാനി പാൽക്കിവാലയേയും എ.കെ. സെന്നിനേയും സഹായിക്കാനായി എന്നതാണ്. ആ കേസിൻ്റെ വിധി 6:5 എന്ന നേരിയ അനുപാതത്തിൽ മൗലികാവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള ഭരണഘടനാ ഭേദഗതികൾ സാധുതയുള്ളവയായിരിക്കില്ല എന്ന് വിധിച്ചു. ആറ് കോല്ലങ്ങൾക്കുശേഷം കേശവാനന്ദ ഭാരതി എന്നറിയപ്പെടുന്ന കേസിൽ പതിമൂന്നംഗ ബെഞ്ച് ഗോലക്നാഥിലെ വിധിന്യായം പരിശോധിക്കുകയും 7:6 അനുപാതത്തിൽ തള്ളുകയും ചെയ്തു. പക്ഷെ ഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റങ്ങൾക്ക് വിധേയമാക്കാൻ കഴിയില്ല എന്ന് വിധിച്ചു. മുൻപ് ഗോലക് നാഥ് കേസിൽ കക്ഷിക്ക് വേണ്ടി വാദിച്ചതുകൊണ്ട് കേശവാനന്ദ ഭാരതി എന്ന സുപ്രധാന കേസിൻ്റെ ഭാഗമാകാൻ കഴിഞ്ഞില്ല എന്ന് ഖേദപൂർവ്വം ഓർക്കുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ഗോലക് നാഥ് കേസിലെ വിധിയാണ് ഭരണഘടനയുടെ അന്തഃസ്സത്ത ഉൾക്കൊള്ളുന്നത്. (Page 121-124 before memory fades).

1975- ൽ ഇന്ദിരാഗാന്ധിയുടെ ഇലക്ഷൻ പെറ്റീഷൻ അലഹാബാദ് ഹൈക്കോടതിയിൽ തോറ്റു നിൽക്കുന്ന സമയത്താണ് 39-ാം ഭരണഘടനാ ഭേദഗതി തിടുക്കത്തിൽ കൊണ്ടുവന്നത്. അതുപ്രകാരം പ്രധാനമന്ത്രിയായ ഒരാൾക്കെതിരെ യുള്ള തെരെഞ്ഞെടുപ്പ് തർക്കങ്ങൾ കോടതിയിൽ പരിഹരിക്കാൻ പാടില്ല, മറിച്ച് പ്രത്യേകം രൂപീകരിച്ച സമിതി വേണം അത്തരം തർക്കങ്ങൾ പരിഹരിക്കാൻ. ഇലക്ഷൻ നിയമങ്ങൾ പ്രധാനമന്ത്രിക്ക് ബാധകമാക്കാൻ പാടില്ല, എന്തൊക്കെ എതിർവിധികളുണ്ടായാലും പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കാൻ കഴിയില്ല തുടങ്ങി ജനാധിപത്യ സംവിധാനങ്ങളെ സാരമായി ബാധിക്കുന്നവയായിരുന്നു ആ ഭേദഗതികൾ. ഇന്ദിരാഗാന്ധി പരമാവധി ശ്രമിച്ചിട്ടും ആ ഭരണഘടനാ ഭേദഗതി തള്ളി കോടതി ഇങ്ങനെ പറഞ്ഞു: നിയമപരമായ അവലോകനവും, സ്വതന്ത്രവും നീതിപൂർവ്വമായ തെരഞ്ഞെടുപ്പും ഭരണഘടനയുടെ അസ്തിത്വമാണ്. അത് ഒരിക്കലും ഭേദഗതിക്ക് വിധേയമാക്കാൻ കഴിയില്ല.

ജസ്റ്റിസ് എച്ച്.ആര്‍. ഖന്ന

1984 ഡിസംബറിൽ ഭോപ്പാലിലുള്ള യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ ഗ്യാസ് ചോർന്ന് ഏകദേശം 3787 പേർ കൊല്ലപ്പെടുകയും അനേകായിരം പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. യൂണിയൻ കാർബൈഡിനെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു. 1987 ഡിസംബർ 17ന് ആ കേസിൽ 350 കോടി രൂപയുടെ ഇടക്കാല സഹായം അനുവദിച്ച് ഭോപ്പാൽ ജില്ലാ ജഡ്ജിയുടെ ഉത്തരവ് വന്നു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് നഷ്ടപരിഹാര കേസിൽ ഇടക്കാല വിധിയുണ്ടാകുന്നത്. വിധി മധ്യപ്രദേശ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു, ഇടക്കാല നഷ്ടപരിഹാരം 250 കോടിയായി കുറച്ച് ഹൈക്കോടതി, ജില്ലാ കോടതിയുടെ വിധി ഭേദഗതി ചെയ്തു. പിന്നീട് അത് സുപ്രീം കോടതിയിലെത്തിയപ്പോൾ കേസിൻ്റെ അന്തിമ തീരുമാനത്തിനുവേണ്ടി നഷ്ടപരിഹാര തുക 615 കോടിയായി തീരുമാനിക്കപ്പെട്ടു. ചില സന്നദ്ധ സംഘടനകൾ ആ തീരുമാനത്തെ വീണ്ടും ചോദ്യം ചെയ്തു. അങ്ങനെ അന്തിമതീരുമാനം കോടതി കടലാസുകളിൽ കുരുങ്ങി നീണ്ടുപോയി. യൂണിയൻ കാർബൈഡിൻ്റെ കേസ് വാദിക്കാൻ ഫലിയെയാണ് ഏർപ്പാടാക്കിയിരുന്നത്. ഒരേസമയം മനുഷ്യാവകാശത്തിനുവേണ്ടി പ്രവർത്തിക്കുകയും അതേസമയം അവകാശലംഘകർക്കുവേണ്ടി കോടതിയിൽ വക്കാലത്ത് പറയുകയും ചെയ്യുന്നതിനെതിരെ അദ്ദേഹം വിമർശിക്കപ്പെട്ടു. അത്തരം വിമർശനങ്ങൾക്കുനേരെ ഫലിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ഏതൊരു കക്ഷിയേയും പ്രതിനിധീകരിക്കാൻ അഭിഭാഷകർക്ക് അവകാശമുണ്ട്. അത് ഒരിക്കലും ഹീനമായ പ്രവർത്തിയായി കാണാനാവില്ല. (Page 205-252 before memory fades).

നർമ്മദ വെള്ളത്തർക്കത്തിലും കാവേരി വെള്ള തർക്കത്തിലും കക്ഷികളായ സംസ്ഥാനങ്ങൾക്കു വേണ്ടി വാദിച്ച ഫലി നരിമാൻ്റെ കണ്ടെത്തലിൽ ഒരു രാഷ്ട്രീയ പാർട്ടിയും മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകുന്നില്ല എന്ന് കണ്ടെത്തി. ഒത്തുതീർപ്പിൻ്റെ ഭാഷ്യം രാഷ്ട്രീയക്കാർക്ക് അന്യമാണ്.

ജയിച്ച കേസ് തോറ്റിരുന്നെങ്കിൽ എന്ന് ഫലിക്ക് തോന്നിയത് ‘സുപ്രീംകോർട്ട് അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷൻ vs യൂണിയൻ ഓഫ് ഇന്ത്യ’ എന്ന കേസിലാണ്. ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ നിലവിലെ നടപടിക്രമ പ്രകാരം കഴിവും സത്യസന്ധതയുമുള്ളവരെ നിയമിക്കാൻ കഴിയുന്നുണ്ടെങ്കിലും, പല കഴിവുള്ളവർക്കും നീതിപീഠത്തിലെത്താൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല ജഡ്ജിമാരുടെ നിയമനത്തിന് ശുപാർശ ചെയ്യുന്നവർ അത് അർഹിക്കുന്ന നീതിബോധത്തോടു കൂടി നടപ്പാക്കുന്നു എന്ന് പറയാനും കഴിയില്ല എന്നദ്ദേഹം തീർത്ത് പറയുന്നു.

ഭോപ്പാല്‍ ദുരന്തം

അദ്ദേഹത്തിൻ്റെ അഭിപ്രായത്തെ സാധൂകരിക്കുന്ന രീതിയിലാണ് 2017- ൽ സുപ്രീം കോടതിയിൽ അരങ്ങേറിയ ചില സംഭവങ്ങൾ.

2017 മെയ് മാസത്തിൽ സുപ്രീംകോടതിയിലെ ഏഴംഗ ബെഞ്ച്, ജസ്റ്റിസ് കർണ്ണൻ കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചു. തികച്ചും ദൗർഭാഗ്യകരമായ ആ സംഭവത്തിൽ സുപ്രീംകോടതി നിയമപരമായി ശരിയായിരുന്നുവോ എന്ന് ഫലി നരിമാൻ ചോദിക്കുന്നു. കോടതിയലക്ഷ്യ ( ക്രിമിനൽ) നിയമം ജഡ്ജിക്ക് ബാധകമല്ല എന്ന 1981- ലെ പാട്നാ ഹൈക്കോടതി വിധിയും 1998-ലെ സുപ്രീംകോടതി വിധിയും ജസ്റ്റിസ് കർണ്ണൻ്റെ കേസിൽ പരിഗണിക്കപ്പെട്ടില്ല. 1971- ൽ ഈ നിയമം പ്രാബല്യത്തിൽ വന്നശേഷം ഹൈക്കോടതിയിലേയോ സുപ്രീംകോടതിയിലേയോ ജഡ്ജിമാർ കോടതിയലക്ഷ്യനിയമത്തിന് വിധേയരായിരിക്കും എന്ന് എവിടെയും പറഞ്ഞിട്ടില്ല. ‘സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ vs പ്രകാഷ് ചന്ദ്’ (1988) എന്ന കേസിൽ രാജസ്ഥാൻ ഹൈക്കോടതിയിലെ ഒരു ജഡ്ജി അവിടുത്തെ ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യ കേസ് എന്തുകൊണ്ട് എടുക്കാൻ പാടില്ല എന്ന് കാരണം കാണിക്കൽ നോട്ടീസ് കൊടുത്തത് റദ്ദാക്കി സുപ്രീംകോടതി പറഞ്ഞത്, അത്തരം നടപടികൾ നിയമവ്യവസ്ഥക്കെതിരെ യുള്ള കൈയേറ്റം മാത്രമല്ല, നിയമ വിരുദ്ധവും അധികാരപരിധിക്കുള്ളിൽ നിൽക്കാത്തതുമാണ് എന്നായിരുന്നു.

അതേസമയം 2018 ജനുവരി 12-ന് സുപ്രീം കോടതിയിലെ അന്നത്തെ 'നാല് മുതിർന്ന ജഡ്ജിമാർ- ജസ്റ്റിസ് ചലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ലൊക്കൂർ, കുരിയൻ ജോസഫ്- എന്നിവർ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക്ക് മിശ്രക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പത്രസമ്മേളനം വിളിച്ചു. പ്രസാദ് എഡ്യൂക്കേഷൻ ട്രസ്റ്റ് ലഖ്നൗ എന്ന സ്ഥാപനത്തിനെതിരെ സി ബി ഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആറും അതിനെ തുടർന്ന് സുപ്രീംകോടതിയിലെത്തിയ രണ്ട് റിട്ട് പെറ്റീഷനുകളുമാണ് അതിന്റെ പാശ്ചാത്തലം. അതിലൊരു റിട്ട് പെറ്റീഷൻ, നമ്പർ 169, ജസ്റ്റിസ് ചലമേശ്വറിൻ്റെ മുൻപിൽ ആദ്യം മെൻഷൻ ചെയ്യപ്പെട്ടു. അദ്ദേഹം അതിന് അതിവേഗം ലിസ്റ്റിംഗ് അനുവദിച്ച് തിയതി കൊടുത്തു. 2017 നവംബർ 9 ന് മുൻപത്തെ പെറ്റീഷൻ്റെ അതേ സംഭവത്തിൽ ദുഷ്യന്ത് ദവെ മറ്റൊരു പെറ്റീഷൻ, നമ്പർ 176, മെൻഷൻ ചെയ്തു. രണ്ടാമത്തെ പെറ്റീഷൻ അന്ന് 12.45 ന് തന്നെ കേൾക്കാൻ വെച്ചു. സുപ്രീം കോടതിയുടെ നടപടി ക്രമങ്ങൾ പ്രകാരം ചീഫ് ജസ്റ്റിസ് ആണ് ഒരു കേസ് ഏത് ബഞ്ചിൽ വെക്കണം എന്ന് തീരുമാനിക്കുന്നത്. ആ അർത്ഥത്തിൽ ജസ്റ്റിസ് ചലമേശ്വറിൻ്റെ തീരുമാനം നടപടിക്രമങ്ങൾക്ക് വിരുദ്ധമായിരുന്നു. കോടതി ഉദ്യോഗസ്ഥർ അക്കാര്യം ജസ്റ്റിസ് ചലമേശ്വറെ അറിയിക്കുകയും ചെയ്തു. പക്ഷെ വാദം കേട്ട ശേഷം റിട്ട് പെറ്റീഷൻ അഞ്ചംഗ ബെഞ്ചിന് വിട്ടുകൊടുത്തു കൊണ്ടുള്ള നിർദ്ദേശം കൊടുത്തു. അടുത്ത ദിവസം റിട്ട് പെറ്റീഷൻ- നമ്പർ 169- ജസ്റ്റിസ് സിക്കറിയുടെ ബഞ്ചിൽ വന്നു. അവിടെ പെറ്റീഷൻ നമ്പർ 176 അഞ്ചംഗ ബെഞ്ചിന് വിട്ട കാര്യം അറിയിച്ചപ്പോൾ അത് ചീഫ് ജസ്റ്റിസ് തീരുമാനിക്കട്ടെ എന്ന നിർദ്ദേശമാണ് ജസ്റ്റിസ് സിക്കറിയുടെ ബെഞ്ച് പാസാക്കിയത്.

ജസ്റ്റിസ് കുരിയൻ ജോസഫ്, ജസ്റ്റിസ് ചലമേശ്വർ, ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് മദൻ ലൊക്കൂർ എന്നിവര്‍ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് നടത്തിയ വാര്‍ത്താസമ്മേളനം

ഇതോടെ അഭിപ്രായഭിന്നത വന്നു. അത് മാറ്റാനായി ചീഫ് ജസ്റ്റിസ് അഞ്ചംഗ ഭരണഘടനാബെഞ്ച് വിളിച്ചു. മുൻപ് മറ്റൊരു കേസിലെടുത്ത വിധി ഉദ്ധരിച്ച്, ചീഫ് ജസ്റ്റിസ് അല്ലാതെ മറ്റൊരു ജഡ്ജിനും കേസ് ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിയോട് പറയാൻ അധികാരമില്ല എന്ന് വിധിക്കുകയും തർക്കങ്ങൾ ലിസ്റ്റ് ചെയ്യാൻ മറ്റു ബെഞ്ചുകൾ പാസ്സാക്കിയ ഉത്തരവുകൾ അസാധുവാക്കുകയും ചെയ്യ്തു. ജസ്റ്റിസ് ചലമേശ്വറിൻ്റെ ഓർഡർ യഥാർത്ഥത്തിൽ സുപ്രീം കോടതി ചട്ടങ്ങൾ അനുകൂലിച്ചായിരുന്നില്ല. (Page 39-61 God save the Hon'ble Supreme court). ഒരേ തെറ്റ് രണ്ട് വിഭാഗം ജഡ്ജിമാർ എങ്ങിനെ നോക്കി കണ്ടു എന്ന് മനസ്സിലാക്കി തരുകയാണ് ഫലി ഇവിടെ ചെയ്യുന്നത്. മാത്രവുമല്ല തെറ്റ് ചെയ്തവർ തന്നെ സമരം ചെയ്യുമ്പോൾ സമരം ചെയ്യുന്നവരാണ് ശരി എന്ന തോന്നലുണ്ടാക്കുന്നു എന്നതും പറയാതെ തന്നെ പറയുന്നു. ഈ സംഭവം അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: "ഇന്ത്യയിൽ ഈ അടുത്ത കാലത്തെ സുപ്രീം കോടതി നടപടികൾ താല്പര്യമോ ചർച്ചകളോ അല്ല, മറിച്ച് വിവാദങ്ങളാണുണ്ടാക്കുന്നത്’’.

2010 ജനുവരിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ അധ്യക്ഷനായിരുന്ന വേദിയിൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നിയമത്തിൻ്റെ കടന്നുകയറ്റം അധികമാകുന്നു എന്ന് സൂചിപ്പിക്കുകയുണ്ടായി. കുറച്ച് ജഡ്ജിമാർ തങ്ങളുടെ അധികാര പരിധിയെ ബഹുമാനിക്കുന്നില്ല. നിയമ നിർമ്മാണ സഭയുടേയും കാര്യാലയങ്ങളുടേയും അധികാരത്തിൽ കോടതി ഇടപെടുന്നു എന്നായിരുന്നു സൂചന. മൻമോഹൻ സിംഗിൻ്റെ ആ ആരോപണത്തെ ഫലി നിരാകരിക്കുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ജഡ്ജിമാർ ആത്മപരിശോധന നടത്തണമെന്ന് പറയുകയാണെങ്കിൽ രാഷ്ട്രീയക്കാരും അത്തരം ആത്മപരിശോധനക്ക് തയ്യാറാകണം (Page 128-129 God save...).

നിങ്ങളുടെ ഭരണഘടനയെ അറിയണം എന്ന പുസ്തകം ഭരണഘടനയുടെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു. 1858- ലാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് രാജ്ഞിയിലേക്ക് ഇന്ത്യ ഭരിക്കാനുള്ള അധികാരം കൈമാറിയത്. 1895- ൽ തന്നെ ബാല ഗംഗാധര തിലകനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ഹോം റൂൾ ബിൽ’ എന്ന ഇന്ത്യൻ ഭരണഘടനയുടെ ആദ്യരൂപം രചിച്ചു. 1914 മുതൽ 1918 വരെ നീണ്ടുനിന്ന ഒന്നാം ലോക യുദ്ധത്തിൽ ഇന്ത്യയിലെ അനവധി പേർ ബ്രിട്ടന് വേണ്ടി യുദ്ധം ചെയ്ത് ജീവത്യാഗം ചെയ്തു. അത് അന്നത്തെ ബ്രിട്ടീഷ് സർക്കാറിനെ ആകർഷിച്ചു. അതിൻപ്രകാരം ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1919-ന് രൂപം കൊടുത്തു. 1920-25 ൽ ബ്രിട്ടനിലെ ലേബർ പാർട്ടി, സർ തേഗ് ബഹാദൂർ സപ്പറുടെ പ്രേരണയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ കീഴിലെ ഒരു കോമൺ വെൽത്ത് രാജ്യമായി ഇന്ത്യയെ മാറ്റാൻ ബില്ല് കൊണ്ടുവന്നു. പക്ഷെ പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി തോറ്റതോടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. 1947 മാർച്ചിൽ വൈസ്രോയിയായി ലോർഡ് മൗണ്ട് ബാറ്റൻ എത്തി. അധികാരം വൈകാതെ അധികാരം ഇന്ത്യക്കാർക്ക് കൈമാറേണ്ടിവരും എന്ന തോന്നലുണ്ടാക്കുന്ന രീതിയിൽ വർഗ്ഗീയ സംഘട്ടനങ്ങളും, അനിശ്ചിതാവസ്ഥയും ആ അവസരത്തിൽ നിറഞ്ഞു നിന്നിരുന്നു. 1947 ജൂണിൽ മൗണ്ട് ബാറ്റൻ ഇന്ത്യ വിഭജനം പ്രഖ്യാപിച്ചു. അതോടൊപ്പം, അധികാര കൈമാറ്റത്തിന്, മുൻപ് പ്രഖ്യാപിക്കപ്പെട്ടിരുന്ന തീയതിയായ ജൂൺ 1948- ൽ നിന്ന് 1947 ആഗസ്റ്റ് 15- ലേക്ക് മാറ്റി അധികാര കൈമാറ്റത്തിൻ്റെ വേഗം കൂട്ടി. ‘ദ ഇന്ത്യ ഇൻഡിപെൻഡൻസ് ആക്ട് 1947-ൽ തിടുക്കപ്പെട്ട് ബ്രിട്ടീഷ് പാർലമെൻ്റിൽ പാസാക്കിയെടുത്തു. ഡൊമനിയൻ ഇന്ത്യ, ഡൊമനിയൻ പാക്കിസ്ഥാൻ എന്നീ അംഗീകാരവും, ഇന്ത്യക്ക് ഇരു വശങ്ങളിലും ഉണ്ടായിരുന്ന മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളെ വിഭജിച്ച് പാക്കിസ്ഥാൻ ഉണ്ടായതായും പ്രഖ്യാപിക്കപ്പെട്ടു. (Page 1-36,know your..)

മൗണ്ട് ബാറ്റൻ പ്രഭു

മഹാത്മാഗാന്ധിയുടെ ക്വിറ്റ് ഇന്ത്യാ സമരമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്നത് തെറ്റായ ധാരണയാണ്. കൽക്കത്താ ഹൈക്കോടതി ജഡ്ജി ആയിരുന്ന പി.വി. ചക്രവർത്തി, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമൻ്റ് ആറ്റ്ലിയുമായുള്ള കൂടിക്കാഴ്ചയിൽ, എന്തുകൊണ്ട് ബ്രിട്ടൻ തിടുക്കത്തിൽ ഇന്ത്യ വിട്ടു എന്ന ചോദ്യത്തിന് 1946 ഫെബ്രുവരി 18 മുതൽ 23 വരെ നടന്ന റോയൽ ഇന്ത്യൻ നേവി കലാപമായിരുന്നു കാരണം എന്നാണ് ഉത്തരം നൽകിയത്. ആയുധമേന്തിയ ഇന്ത്യൻ പട്ടാളത്തെ വിശ്വസിച്ച് ബ്രിട്ടീഷ് ഇന്ത്യയെ ഇനിയും സംരക്ഷിക്കാനാവില്ല എന്ന തിരിച്ചറിവാണ് തിടുക്കത്തിൽ ഇന്ത്യ വിടാൻ ബ്രിട്ടനെ പ്രേരിപ്പിച്ചത്. ഗാന്ധി എത്രമാത്രം സ്വാധീനം ചെലുത്തി എന്ന ചോദ്യത്തിന് വളരെ നിസ്സാരം എന്നായിരുന്നുവത്രെ അദ്ദേഹത്തിൻ്റെ ഉത്തരം. (Page 25-31 you must know your constitution, 119 The state of the nation).

തൻ്റെ കേസുകളിലൂടെ ഇന്ത്യാചരിത്രം പറയുന്ന ഫലി അഴിമതി നിർമ്മാർജനത്തിനായി രാഷ്ട്രീയ കക്ഷികൾ ഒന്നും ചെയ്യുന്നില്ല എന്ന് ഉദാഹരണസഹിതം കുറ്റപ്പെടുത്തുന്നു. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് ബിൽ നമ്പർ 70, 2008 ലോക് സഭയിൽ അവതരിപ്പിച്ചിരുന്നു. അഴിമതിയിലുടെ സമ്പാദിച്ച സ്വത്തുകൾ കണ്ടു കെട്ടാനുള്ള അധികാരം നൽകുന്നതായിരുന്നു ആ ബിൽ. നിലവിലുള്ള പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ടിൽ പുതിയ അദ്ധ്യായം ചേർക്കാനാണ് ഭരണപക്ഷം അന്ന് ഉദേശിച്ചിരുന്നത്. അതൊരിക്കലും നിയമമായില്ല. (Page 277 state of nation). ഓരോ സർക്കാരും അധികാരമേൽക്കുമ്പോൾ അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രയോഗിക തലത്തിൽ കൂടുതൽ മോശമായി മാറുന്ന പ്രവണതയാണ് കണ്ടുവരുന്നത്. (Page 306 state of nation)

ഇന്ത്യയിൽ മാത്രമാണ് പിന്നാക്കക്കാരനായി പ്രഖ്യാപിക്കപ്പെടാൻ സമരങ്ങൾ നടക്കുന്നത്. സംവരണാനുകൂല്യങ്ങൾക്ക് ഏതറ്റം വരെ പോകാനും ചിലർ തയ്യാറാകുന്നു. 1980- ൽ വന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഭരണഘടനയുടെ ആർട്ടിക്കിൾ 15 (4)- ൽ പറയുന്ന സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് സംവരണം പ്രഖ്യാപിച്ചു. ആർട്ടിക്കിൾ 15 ശരിയായി പഠിക്കാതെയാണ് റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത് എന്നാണ് ഫലിയുടെ അഭിപ്രായം. 1991- ൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് സർക്കാർ ജോലികളിൽ 27 ശതമാനം സംവരണം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അത്തരം സമുദായത്തിൽ പെട്ടവരെ കണ്ടെത്താനുള്ള അളവുകോൽ ഒരു നിയമത്തിലും നിർദ്ദേശിച്ചില്ല. ഈ സംവരണത്തെ ചോദ്യം ചെയ്ത് വന്ന ‘ഇന്ദിരാ സഹാനി’ കേസിൻ്റെ വിധിയിൽ സംവരണം എന്ന സംവിധാനം യോഗ്യതക്കും അർഹതക്കും എതിരാണോ എന്ന് ചർച്ച ചെയ്യുകയും കഴിവും അർഹതയും ആവശ്യപ്പെടുന്ന മേഖലകളിൽ സംവരണപ്രകാരം നിയമനങ്ങൾ നടത്തുന്നതിനെതിരെ സർക്കാർ മുൻകരുതൽ എടുക്കണം എന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

ഭരണഘടന അനുശാസിക്കുന്ന തുല്യത രണ്ട് വിധത്തിലാണ്. ഒന്ന്, വിവേചനരഹിതമാക്കൽ. രണ്ട്, താഴെക്കിടയിൽ നിൽക്കുന്നവരെ തുല്യരാക്കാൻ മുകളിലേക്ക് ഉയർത്തപ്പെടൽ. ഇത് രണ്ടും സമരസപ്പെട്ടുപോകേണ്ടതാണ്. നാഷണൽ കമീഷൻ ഫോർ ബാക്ക് വേർഡ് ക്ലാസ് ആക്ട് 1993-ൽ പാസ്സായതു മുതൽ രാജ്യത്തിലെ പൗരരെ ഒരുപോലെ സംരക്ഷിക്കേണ്ട കടമയിൽ നിന്ന് സുപ്രീംകോടതി അകന്നുപോയതായി ഫലി പറയുന്നു. (Page 74 -83 state of nation). അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം പൗരരെ തരംതിരിക്കുന്ന ഏത് നിയമഭേദഗതിയും പരിശോധിക്കപ്പെടേണ്ടതാണ്. അത്തരം തരംതിരിവ് പരിശോധിക്കാതെ പാസ്സായ നിയമങ്ങളുടെ സാധുത പുനപരിശോധിച്ച് കർശനമായും ആർട്ടിക്കിൾ 14- ൻ്റെ പരിധിയിൽ വരാത്ത ഭേദഗതികൾ അസാധുവായി പ്രഖ്യാപിക്കണം എന്ന് ഫലി വാദിക്കുന്നു. (Page 145-146 state of nation)

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

1980- ൽ അന്നത്തെ പ്രധാനമന്ത്രി പ്രസിഡൻ്റിനോട് ആർട്ടിക്കിൾ 356 പ്രകാരം ഒമ്പത് നിയമസഭകൾ പിരിച്ചുവിടാൻ ആവശ്യപ്പെട്ടിരുന്നു. അത്തരം പ്രഖ്യാപനം ഭരണഘടനാ വിരുദ്ധമായിരുന്നിട്ട് കൂടി അന്നത്തെ പ്രസിഡൻ്റ് പറഞ്ഞത്, ചരിത്രം നോക്കിയാൽ എനിക്ക് എങ്ങനെ എതിര് പറയാൻ കഴിയും എന്നാണ്. പക്ഷെ ചില കാര്യങ്ങളിൽ പ്രസിഡൻ്റ് സുപ്രീംകോടതിയുടെ സഹായം തേടാറുണ്ട്. അതുപോലെത്തെ ഒന്നാണ് 1993-ലെ സ്ഥലം ഏറ്റെടുക്കാനുള്ള ഓർഡിനൻസ്. അതനുസരിച്ച് 67.703 ഏക്കറുള്ള രാമജന്മഭൂമി- ബാബ്റി മസ്ജിദ് തർക്കസ്ഥലം സർക്കാർ ഏറ്റെടുത്തു. ആ തർക്കത്തിൽ ഫലിയുടെ നിലപാട് ഇപ്രകാരമായിരുന്നു: “ഞാനൊരു മുസ്‍ലിം ആയിരുന്നെങ്കിൽ എൻ്റെ സഹോദരങ്ങളോട് പറയുക, ഒരു വിഭാഗം അവരുടെ ദൈവം പ്രത്യേക സ്ഥലത്ത് ജനിച്ചു എന്ന് വിശ്വസിക്കുന്നു എങ്കിൽ , താൻ അങ്ങനെ വിശ്വസിക്കുന്നില്ല എങ്കിൽ കൂടി, ഞാനാ സ്ഥലം അവർക്ക് വിട്ടുകൊടുക്കും. അതൊരു കീഴടങ്ങലല്ല, മറിച്ച് രാജതന്ത്രപരമായ ഒരു നീക്കമാണ്.”

ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരെ ‘സൂപ്പർ ജഡ്ജി’ എന്നാണ് ഫലി വിശേഷിപ്പിക്കുന്നത്. കടം തിരിച്ചു കൊടുക്കാൻ കഴിയാതെ സിവിൽ തടവ് നേരിടേണ്ടി വന്ന മലയാളിയായ ജോളി ജോർജ് കേസിൻ്റെ വിധിന്യായം ഉദ്ധരിച്ച് ഫലി പറയുന്നത്, ആ വിധി ഒരു വിരുന്നാണ് എന്നാണ്. നിയമവിദ്യാർത്ഥികൾ ആ വിധിപകർപ്പ് വായിക്കണം എന്നദ്ദേഹം നിർദേശിക്കുന്നു. പണം തിരികെ കൊടുക്കാതിരിക്കാൻ കഴിയാതിരിക്കുക എന്നത് ജയിലാക്കാനുള്ള ഒരു കാരണമാകാൻ പാടില്ല എന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധി ഒരപൂർവ നിധിയാണെന്ന് ഫലി വിലയിരുത്തുന്നു. 1980- ൽ ജസ്റ്റിസ് കൃഷ്ണയ്യർ കണ്ടെത്തിയ, തർക്കം പരിഹരിക്കുന്നതോടൊപ്പം കക്ഷികളുമായി ധാരണയെത്താനുള്ള പ്രേരണ ചെലുത്തുന്ന സമ്പ്രദായം ഇന്ന് ലോകമെമ്പാടുമുള്ള കോടതികൾ ഏറ്റെടുത്തിട്ടുണ്ട്.

ഇന്ദിരാഗാന്ധിക്കെതിരായ അലഹാബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി, കോടതി അവധിയായതുകൊണ്ട് ജസ്റ്റിസ് കൃഷ്ണയ്യരുടെ മുന്നിലാണ് വന്നത്. സ്റ്റേ ചെയ്ത് മാറ്റിവെക്കാമായിരുന്നിട്ടും ദൗത്യമേറ്റെടുത്ത് വാദം കേട്ട് ഉപാധികളോടു കൂടി നീതിപൂർവ്വമായ ഉത്തരവാണ് അദ്ദേഹം നൽകിയത്. അലഹാബാദ് വിധിക്ക് സ്റ്റേ അനുവദിച്ചുവെങ്കിലും ചില ഉപാധികളുണ്ടായിരുന്നു. അതുകൊണ്ടാണ് അടിയന്തരാവസ്ഥയെ കുറിച്ച് ഇന്ദിരാഗാന്ധിക്ക് ചിന്തിക്കേണ്ടിവന്നത്. ഏകദേശം 700 വിധികൾ കൃഷ്ണയ്യരുടേതായുണ്ട്. അതെല്ലാം ക്രോഡീകരിച്ചാൽ ഇന്ത്യൻ നിയമവ്യവസ്ഥക്ക് കൃഷ്ണയ്യരുടെ സംഭാവനകൾ എത്ര മഹത്തരമാണ് എന്ന് കാണാം. ജസ്റ്റിസ് കൃഷ്ണയ്യരുടെ സംഭാവനകൾ സ്നേഹപുരസ്സരം ഫലി ഓർത്തെടുക്കുന്നു.

ജസ്റ്റിസ് വി. ആർ കൃഷ്ണ അയ്യര്‍

നിയമ വ്യവസ്ഥയിലെ തന്നെ അപൂർവ സന്ദർഭമായ മുൻ സുപ്രീം കോടതി ജസ്റ്റിസ് രാമസ്വാമിയെ പുറത്താക്കാനുള്ള പരാജയപ്പെട്ട ശ്രമങ്ങളെ അദ്ദേഹം എടുത്തു പറയുന്നുണ്ട്. പഞ്ചാബ് ആൻ്റ് ഹരിയാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്തെ ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വന്ന സി.എ.ജി റിപ്പോർട്ട് പ്രകാരം ജസ്റ്റിസ് രാമസ്വാമിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അപ്പോഴേക്കും അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടിരുന്നു. ജഡ്ജസ് എൻക്വയറി ആക്ട് പ്രകാരം മൂന്നംഗ സമിതിയെ ആരോപണങ്ങൾ അന്വേഷിക്കാൻ നിയമിച്ചു. സമിതി ജസ്റ്റിസ് രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് ഭരണഘടന അനുശാസിക്കുന്ന രീതിയിൽ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാൻ ലോക്സഭയിൽ പ്രമേയം കൊണ്ടുവന്നു. മുന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ അത്തരം പ്രമേയം പാസാകൂ. സഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 196 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ആരും എതിർത്തില്ല. എന്നിട്ടും മുന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് പ്രമേയം പരാജയപ്പെട്ടു. പ്രമേയം അവതരിപ്പിച്ച സോമനാഥ് ചാറ്റർജി തൻ്റെ മറുപടി പ്രസംഗത്തിൽ, ആരും പ്രമേയത്തിനെ എതിർത്തില്ല, അതുകൊണ്ട് സഭയുടെ വികാരം എന്താണെന്ന് വ്യക്തമാണെന്ന് എടുത്തുപറഞ്ഞു. എന്നിരുന്നാലും ജസ്റ്റിസ് രാമസ്വാമി രാജിവെച്ചില്ല. തൻ്റെ ശിഷ്ടകാല സുപ്രീംകോടതി ജീവിതം ആസ്വദിച്ചാണ് പിരിഞ്ഞത്. തെറ്റ് ചെയ്തു എന്ന് കണ്ടെത്തിയിട്ടും വ്യവസ്ഥ നിസഹായതയിലാവുന്നത് വളരെ ഭംഗിയായി അദ്ദേഹമിവിടെ പറഞ്ഞുവെക്കുന്നു. ന്യായാധിപരുടെ ഉത്തരവാദിത്വം എന്നത് നടപടികൾ വരും എന്ന ഭയത്തിൽ നിന്നല്ല, മറിച്ച് ധാർമികതയിൽ നിന്നു തന്നെയാണ്. ഭരണഘടനാ സ്ഥാപനങ്ങളായ ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളിൽ അവരോധിക്കപ്പെടുന്നവർ ഭയരഹിതരായി സേവനമനുഷ്ഠിക്കണം എന്നു തന്നെയാണ് ഭരണഘടന വിവക്ഷിക്കുന്നത് പക്ഷെ ആ സ്വാതന്ത്ര്യം ചുമതലാബോധത്തിലധിഷ്ഠിതമാണ്, ദുരുപയോഗം ചെയ്യാനുള്ളതല്ല എന്ന് പരോക്ഷമായി ഓർമപ്പെടുത്തുന്നു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി

പക്ഷപാതരഹിതമായി, തർക്കത്തെ അർഹിക്കുന്ന ഗൗരവത്തോടെ സമീപിച്ച്, നിയമത്തിൻ്റെ നാലു കോണിൽ മാത്രം നിന്നുകൊണ്ട്, നീതിബോധത്തിലൂന്നി കാര്യങ്ങൾ കാണാൻ നിയമപാലകർക്കും അത് കൈകാര്യം ചെയ്ത് ജീവിക്കുന്നവർക്കും തൻ്റെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു ഫലി സാം നരിമാൻ എന്ന നിയമജ്ഞൻ.


പ്രേംലാൽ കൃഷ്ണൻ

ബോംബെ 29 വർഷമായി പ്രാക്ടീസ് ചെയ്യുന്നു. നാടക ക്കാരനായിരുന്നു. നിരവധി ഏകാങ്കങ്ങൾ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിൽ ഒരു നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments