ഫ്രാങ്കോയെ വെറുതെവിട്ടു: ലജ്ജാകരം, അപമാനകരം

ഇന്ത്യയിലെ നിയമസംവിധാനത്തിനുകീഴിൽ ഇങ്ങനെ ജീവിക്കേണ്ടിവരുന്നത് ലജ്ജാകരവും അപമാനകരവുമായ ഒരു അനുഭവമായി എനിക്കിപ്പോൾ തോന്നുന്നു.

കോടതി വിധി എന്നെ അമ്പരപ്പിച്ചിരിക്കുന്നു.
ഇന്ത്യയിലെ നിയമസംവിധാനത്തിനുകീഴിൽ ഇങ്ങനെ ജീവിക്കേണ്ടിവരുന്നത് ലജ്ജാകരവും അപമാനകരവുമായ ഒരു അനുഭവമായി എനിക്കിപ്പോൾ തോന്നുന്നു.

ബഹുമാനപ്പെട്ട ഇന്ത്യൻ കോടതികൾ സ്ത്രീജീവിതത്തെ ഏറ്റവും ശക്തമായി മാറ്റിമറിച്ചിട്ടുള്ള പുരോഗമനപരമായ പല വിധികളും കൊണ്ടുവന്നിട്ടുള്ളതാണ്. അതേസമയം, സ്ത്രീപീഡനക്കേസുകളെ സംബന്ധിച്ച്, അത് രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ഉൾപ്പെട്ടതാകുമ്പോൾ കോടതികൾ എടുക്കുന്ന നിലപാട് മിക്കവാറും സംശയാസ്പദമായി തീരാറുണ്ട്. നീതി നിഷേധിക്കപ്പെടുക, വൈകി നീതി ലഭിക്കുക, സ്ത്രീവിരുദ്ധമായ വിധിപ്രസ്താവങ്ങളുണ്ടാകുക ഇതൊക്കെ നമ്മുടെ അനുഭവങ്ങളാണ്.

കന്യാസ്ത്രീകളുടെ സമരം കേരളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ച സമരമായിരുന്നു. അതിലെ സത്യസന്ധതയെക്കുറിച്ച് ഒരുപക്ഷേ, ശത്രുക്കൾക്കുപോലും സംശയമുണ്ടാകില്ല. പക്ഷേ, ബഹുമാനപ്പെട്ട കോടതിക്ക് ആവശ്യം തെളിവുകളാണ്. ഇതേ കോടതികൾ തന്നെ ലൈംഗികപീഡനക്കേസുകളിൽ സ്ത്രീകളുടെ മൊഴി മുഖവിലക്കെടുക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കിൽ കന്യാസ്ത്രീകളുടെ മൊഴി മുഖവിലക്കെടുത്തില്ല എ ന്നുവേണം കരുതാൻ.

ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരം.
ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരം.

യേശുക്രിസ്തു കുറ്റവാളിയാണെന്നുവിധിച്ച പുരോഹിതന്മാരും ഭരണാധികാരികളും അന്നും ഉണ്ടായിരുന്നു. അന്നത്തെ ജനങ്ങളും ആരെ വേണം എന്ന ചോദ്യത്തിന് നീതിമാനായ ക്രിസ്തുവിനെ വേണ്ട, ബറാബ്ബാസ് എന്ന കള്ളനെ മതി എന്നു പറഞ്ഞവരാണ്. ‘അവനെ ക്രൂശിക്ക’ എന്ന് ആർത്ത് അട്ടഹസിച്ചവരാണ്. നീതിയുടെ ബലിപീഠത്തിൽ ഇരകൾ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്ന കാഴ്ച വളരെ ദുഃഖകരമായതാണ്. ഫ്രാങ്കോ കുറ്റം ചെയ്തിട്ടില്ല എന്ന് അൾത്താരയുടെ മുന്നിൽനിന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ സാധിക്കില്ല. തീർച്ചയായും, അയാൾ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ അയാൾക്കുള്ള ശിക്ഷ കാത്തിരിപ്പുണ്ട് എന്നുതന്നെയാണ് സ്ത്രീകളുടെ ഭാഗത്തുനിന്നുകൊണ്ട് ഞങ്ങൾ ചിന്തിക്കുന്നത്.

ബഹുമാനപ്പെട്ട കോടതികൾ കുറെക്കൂടി കരുതലോടുകൂടി വേണം ലൈംഗികാക്രമണക്കേസുകളെ അപഗ്രഥിക്കാൻ എന്ന ഒരപേക്ഷ ഞങ്ങൾക്കുണ്ട്. കാരണം, വളരെ യാന്ത്രികമായി, മുന്നിൽ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ, വിധി പ്രസ്താവിച്ചാൽ ചുറ്റും നടക്കുന്നത് എന്ത് എന്നതിനെപ്പറ്റി കോടതികൾ അജ്ഞരായിപ്പോകും എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. കാരണം, തെളിവുകൾ നശിപ്പിക്കുക, തെളിവുകൾ ഇല്ലാതെയാക്കുക, പരമാധികാരം ഉപയോഗിക്കുക, മതം ഒരു വോട്ടുബാങ്കാക്കി ഉയർത്തിക്കാട്ടി വിലപേശുക തുടങ്ങിയ കൃത്യങ്ങൾ നടക്കുന്നതിനിടെ, ഇരയാക്കപ്പെട്ട ഒരു സ്ത്രീയാണ്- അവർ ഒരു കന്യാസ്ത്രീയോ, ദുർബലയായ സ്ത്രീയോ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോ ആരോ ആകട്ടെ- ചവുട്ടിയരക്കപ്പെടുന്നത്.

കോടതിയുടെ നീതിബോധത്തിനുമുന്നിൽ എന്നും ഒരു ചോദ്യചിഹ്‌നമായി കന്യാസ്ത്രീകളുടെ സമരം ഉയർന്നുനിൽക്കും.


Summary: ഇന്ത്യയിലെ നിയമസംവിധാനത്തിനുകീഴിൽ ഇങ്ങനെ ജീവിക്കേണ്ടിവരുന്നത് ലജ്ജാകരവും അപമാനകരവുമായ ഒരു അനുഭവമായി എനിക്കിപ്പോൾ തോന്നുന്നു.


Comments