നടിയെ ആക്രമിച്ച കേസ്:
മെമ്മറി കാർഡ് മൂന്നു തവണ അനധികൃതമായി പരിശോധിച്ചു

അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവരാണ് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത്. കുറ്റക്കാരെ സംരക്ഷിക്കുന്നതാണ് റിപ്പോർട്ടെന്നും റദ്ദാക്കണമെന്നും അതിജീവിത.

Think

ടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി മൂന്നു തവണ മൂന്ന് കോടതികളിലായി പരിശോധിച്ചുവെന്ന് ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട്.

അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. ലീന റഷീദ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്തു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചുവെന്ന അതിജീവിതയുടെ ആരോപണം പൂർണമായി ശരിവക്കുന്നതാണ് റിപ്പോർട്ട്.

കുറ്റക്കാരെ സംരക്ഷിച്ചുകൊണ്ടുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി അവർ ഹൈകോടതിയെ സമീപിച്ചു.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപ്

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ ഹൈകോടതി നിർദേശപ്രകാരമായിരുന്നു അന്വേഷണം. അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് കൈമാറിയിരുന്നു.

അങ്കമാലി മജിസ്‌ട്രേറ്റ് ഒരു വർഷം സ്വകാര്യമായി മെമ്മറി കാർഡ് കൈവശം വച്ച് പല ഘട്ടങ്ങളിലായി പരിശോധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അങ്ങനെ ചെയ്തതെന്നായിരുന്നു മൊഴി.

2018 ഡിസംബർ 13ന് രാത്രി 10.52 ന് ജഡ്ജിയുടെ പി.എയും സ്വന്തം ഫോണിൽ മെമ്മറി കാർഡിട്ട് പരിശോധിച്ചു. ഈ ഫോൺ 2022-ൽ യാത്രക്കിടെ നഷ്ടമായതായും ഇയാൾ മൊഴി നൽകി. ജഡ്ജിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന എന്നാണ് ഇയാൾ മൊഴി നൽകിയത്. ജഡ്ജി ഇത്തരമൊരു നിർദേശം നൽകിയിരുന്നുവോ എന്ന കാര്യം അന്വേഷണ റിപ്പോർട്ടി പരിശോധിച്ചിട്ടില്ല.

2021 ജൂലൈ 19 നാണ് വിചാരണാ കോടതി ശിരസ്തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചത്. കോടതി ചെസ്റ്റിൽ സൂക്ഷിക്കേണ്ട മെമ്മറി കാർഡാണ് ശിരസ്തദാർ പരിശോധിച്ചത്.

അനധികൃത പരിശോധനയെക്കുറിച്ച് വ്യക്തമായി പറയുന്ന റിപ്പോർട്ട്, പരിശോധിച്ചവരുടെ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയോ തെളിവ് ശേഖരിക്കുകയോ ചെയ്തില്ല. ഇതേതുടർന്നാണ് റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നു കാട്ടി അതിജീവിത ഹൈകോടതിയെ സമീപിച്ചത്. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ഈ ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.

Comments