നിയമാനുസൃതം സമഗ്രാധിപത്യം: നിയമം കൊണ്ട് നിയമവാഴ്ചയെ കൊല്ലുന്ന വിധം

മുൻകാലങ്ങളിലെ ഏകാധിപത്യത്തിൻ്റെ ക്ലാസിക് ഫിഗറുകൾ ലിബറൽ ജനാധിപത്യത്തെയും മൂല്യങ്ങളെയും പ്രത്യക്ഷമായിത്തന്നെ എതിർക്കുകയും ലക്ഷ്യം വെക്കുകയും ചെയ്യുന്നവരായിരുന്നു. പക്ഷേ, ഓട്ടോക്രാറ്റിക് ലീഗലിസത്തിൽ ചിത്രം പാടെ മാറുന്നു. അവർ തെരഞ്ഞെടുപ്പിനെ കൃത്യമായി ഉപയോഗിക്കുകയും അതിലൂടെ ജനപ്രിയ അവതാരങ്ങൾ രൂപമെടുക്കുകയും അതിനെ മൂലധനമാക്കി നിയമ നിർമാണങ്ങളും പുതിയ ചട്ടങ്ങളും നടപ്പിലാക്കുകയും ചെയ്യും.

Some constitutional democracies are being deliberately hijacked by a set of legally clever autocrats, who use constitutionalism and democracy to destroy both.
- Kim Lane Scheppele

ന്ത്യയിലെ സമീപകാല നിയമ പരിഷ്കാരങ്ങളും പ്രയോഗങ്ങളും ഭരണഘടനയുടെ ജീവഗന്ധിയായ കോൺസ്റ്റിറ്റ്യൂഷണലിസത്തിൻ്റെ (ഭരണഘടനാപരത/ഭരണഘടനാവാദം) നിലനിൽപിനെ തന്നെ അസ്ഥിരപ്പെടുത്തുന്നതായി കാണാം. കോൺസ്റ്റിറ്റ്യൂഷൻ പോലെയല്ല കോൺസ്റ്റിറ്റ്യൂഷണലിസം. ഒരു രാജ്യത്ത് ഭരണഘടനയുണ്ടോ എന്ന ചോദ്യം ലളിതമായി ഉത്തരം കണ്ടെത്താവുന്നതാണ് (Question of fact). അതേസമയം ലിബറൽ കോൺസ്റ്റിറ്റ്യൂഷണലിസം ഉണ്ടോ എന്നതിനുത്തരം കണ്ടെത്തൽ അൽപം ശ്രമകരവുമാണ്. അതിന് മൂല്യനിർണയം നടത്താവുന്ന ചില മാനദണ്ഡങ്ങൾ (normatives) ആധാരമാക്കേണ്ടതുണ്ട്. അമേരിക്കൻ നിയമ പണ്ഡിതനായ നോർമൻ ഡോർസൺ ചില മാനദണ്ഡങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തെ വേണ്ടവിധം പരിഗണിക്കുക, സ്വതന്ത്രമായ നീതിപീഠത്തെ നിലനിർത്തുക, ഗവൺമെൻ്റിൻ്റെ കടന്നുകയറലുകളെ പരിമിതപ്പെടുത്തുക, ഭരണഘടനയെ മുഖവിലക്കെടുക്കുക എന്നിവയെല്ലാം അവയിൽ പ്രധാനപ്പെട്ടവയാണ്.

അമേരിക്കൻ നിയമ പണ്ഡിതനായ നോർമൻ ഡോർസൺ

അനേകം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് നാം ഇന്ത്യൻ ഭരണഘടന നിർമിച്ചത്. ഇന്ന് നാം നേരിട്ടു കൊണ്ടിരിക്കുന്നതും ഭാവിയിൽ നേരിടാൻ സാധ്യതയുള്ളതുമായ സർവ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ആ ഗ്രന്ഥം നമുക്ക് പ്രദാനം ചെയ്യുമെന്ന വിശ്വാസം അതിൻ്റെ നിർമാതാക്കൾ കൈകൊള്ളുകയും നമുക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ ആത്മവിശ്വാസത്തിൽ നിന്ന് ജനങ്ങളെ അകറ്റുന്ന പ്രവണതകൾ ഒരു പാറ്റേണായി തന്നെ രാജ്യത്ത് നിലവിൽ കൊണ്ടിരിക്കുന്നു.

ഇന്ത്യൻ ഭരണഘടന ഉൾവഹിക്കുന്ന ചില മൂല്യങ്ങളുണ്ട്. അവയുടെ ആരോഗ്യകരമായ സാന്നിധ്യം സ്വസ്ഥമായ പൗരജീവിതത്തിന് ആവശ്യമാണ്. ലിഖിതവും അല്ലാത്തതുമായ പ്രസ്തുത മൂല്യങ്ങൾ നിയമപുസ്തകങ്ങളിൽ കിടക്കുമ്പോഴും നമ്മുടെ ജീവിതപരിസരങ്ങളിൽ നിന്ന് പതിയെ അവ മാഞ്ഞുതുടങ്ങിയിട്ടുണ്ട്.

ലിഖിതമായ ഭരണഘടന ഉണ്ടാവുക എന്നത് ഒരു ചോയ്സ് മാത്രമാണ്. ലിഖിതമല്ലാതിരിക്കുമ്പോഴും അവയിലുള്ള മൂല്യങ്ങൾ ആസ്വദിക്കാൻ കഴിയുക എന്നതാണ് പരമപ്രധാനം. പക്ഷേ ദൗർഭാഗ്യവശാൽ സംഭവിക്കുന്നത്, രേഖകൾക്കപ്പുറം അർത്ഥശൂന്യമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളും പ്രത്യുത അവയിൽ വിശ്വസിക്കുന്ന പരസഹസ്രം ജനതയുടെ ഗതികെട്ട ജീവിതവുമാണ്.

ഉയർന്നുവരുന്ന ഏകാധിപത്യ പ്രവണതകൾ ഒരു പ്രത്യേക ഇന്ത്യനവസ്ഥ അല്ലെന്ന് അനേകം പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ആഗോള തലത്തിൽ തന്നെ ഏകാധിപതികളുടെ പിറവിയും വളർച്ചയും ലിബറൽ ജനാധിപത്യമെന്ന വിഭാവനയെ തന്നെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സ്ഥലപരവും സാഹചര്യപരവുമായ സവിശേഷതകൾ കാരണം ഹ്രസ്വ കാലത്തേക്ക് ഉണ്ടാകാവുന്ന രാഷ്ട്രീയ പ്രതിസന്ധി എന്നതിനപ്പുറത്തേക്ക് രാജ്യങ്ങൾ പരക്കെയാണ് പ്രശ്നം പടർന്നു പിടിക്കുന്നത്. അവയിൽ ചെറുരാജ്യങ്ങളും ജനാധിപത്യത്തിൻ്റെ ഇത്കൃഷ്ട അധ്യായങ്ങളായി അവതരിപ്പിക്കപ്പെടുന്ന മുഖ്യധാരാ ദേശരാഷ്ട്രങ്ങളും വരും. തുടർച്ചയായി മാറുന്ന ഇത്തരം അനുഭവങ്ങൾ, ലിബറൽ ഡമോക്രസിയുടെ തന്നെ പരിമിതിയെ കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ഭരണഘടനാ പണ്ഡിതർക്കിടയിൽ ഉയർത്തുന്നുണ്ട്.

ഏകാധിപത്യ വാഴ്ചയിലേക്ക് വഴുതുന്ന ഭരണ സംവിധാനങ്ങളെ പല കോണുകളിലൂടെ പണ്ഡിതർ പഠന വിധേയമാക്കിയിട്ടുണ്ട്. അവയിൽ ഇന്ത്യൻ സാഹചര്യത്തിൽ ഓട്ടോക്രാറ്റിക് ലീഗലിസം സവിശേഷ വിശകലനം ആവശ്യപ്പെടുന്നുണ്ട്. ഓട്ടോക്രാറ്റിക് ലീഗലിസത്തിൽ നിയമത്തിൻ്റെ വഴിക്കായിരിക്കും ഭരണകർത്താക്കൾ നീങ്ങുക. അതിലൂടെ പൊതുജനങ്ങൾക്കിടയിൽ, അധികാരം നിയമവിധേയമായാണല്ലോ പ്രവർത്തിക്കുന്നത് എന്ന പ്രതീതി ജനിപ്പിക്കാൻ കഴിയും. അതേ സമയം അധികാരികൾ നിയമ വാഴ്ചയുടെ എല്ലാ തത്വങ്ങളെയും കാറ്റിൽ പറത്തി ഏകാധിപത്യത്തിലേക്കാണ് നയിക്കുന്നതെന്ന് തിരിച്ചറിയാൻ പ്രയാസമായിരിക്കും. ഈ തിരിച്ചറിവിന് കേവലം നിയമ സാക്ഷരതക്കപ്പുറം ഭരണഘടനാ ധാർമികതയെയും കോൺസ്റ്റിറ്റ്യൂഷണലിസത്തേയും കുറിച്ചുള്ള ബോധ്യമാണ് വേണ്ടത്.

ഓട്ടോക്രാറ്റിക് ലീഗലിസം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് ജാവിയർ കോറൽസാണ് (Javier Corrales). അദ്ദേഹം ഈ പ്രയോഗം നടത്തുന്നത്, അധികാര ഏകീകരണത്തിനായി നിയമത്തെ ഉപയോഗിക്കുക, ദുരുപയോഗം നടത്തുക, ഉപയോഗിക്കാതിരിക്കുക എന്നെല്ലാമർത്ഥത്തിലാണ്. കൃത്യമായി പറഞ്ഞാൽ അധികാരിക്ക് ഭീഷണിയായി നിൽക്കുന്ന പാർട്ടികളെയും പൗരവിഭാഗത്തെയും ഏതു വിധേനയും അടിച്ചമർത്തുന്നതിന് നിയമത്തെ ഉപയോഗിക്കുക എന്ന്. കോറൽസ്, വെനസ്വേലയുടെ പശ്ചാത്തലത്തിലാണ് ഈ പ്രയോഗം നടത്തുന്നത്. അതേ സമയം ഭരണഘടനാ താരതമ്യ പഠന മേഖലയിലെ പ്രമുഖ പണ്ഡിതയായ കിം ലാൻ ഷാപ്പലി, ഹംഗറിയുടെ പശ്ചാത്തലത്തിൽ ഓട്ടോക്രാറ്റിക് ലീഗലിസത്തെ വിശകലനം ചെയ്യുകയും അർത്ഥത്തെ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയാധികാരത്തെ ദൃഢമാക്കാൻ പുതിയ നിയമം പോലും ഇക്കൂട്ടർ നിർമിക്കുമെന്നും അങ്ങനെ തെരഞ്ഞെടുപ്പുവഴി ഭരണത്തിലേറി ഭരണഘടനാ സ്ഥാപനങ്ങളുടെ ചുക്കാൻ പിടിക്കുകയും ഭരണഘടനയുടെ ആത്മാവിനെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഷാപ്പലി നിരീക്ഷിച്ചു.

ജാവിയർ കോറൽസ് (Javier Corrales)

മുൻകാലങ്ങളിലെ ഏകാധിപത്യത്തിൻ്റെ ക്ലാസിക് ഫിഗറുകൾ ലിബറൽ ജനാധിപത്യത്തെയും മൂല്യങ്ങളെയും പ്രത്യക്ഷമായിത്തന്നെ എതിർക്കുകയും ലക്ഷ്യം വെക്കുകയും ചെയ്യുന്നവരായിരുന്നു. പക്ഷേ, ഓട്ടോക്രാറ്റിക് ലീഗലിസത്തിൽ ചിത്രം പാടെ മാറുന്നു. അവർ തെരഞ്ഞെടുപ്പിനെ കൃത്യമായി ഉപയോഗിക്കുകയും അതിലൂടെ ജനപ്രിയ അവതാരങ്ങൾ രൂപമെടുക്കുകയും അതിനെ മൂലധനമാക്കി നിയമ നിർമാണങ്ങളും പുതിയ ചട്ടങ്ങളും നടപ്പിലാക്കുകയും ചെയ്യും.

ആഗോള തലത്തിൽ ജനാധിപത്യത്തെ കുറിച്ച് പഠിക്കുന്ന V- Dem ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയെ ഇലക്ടറൽ ഓട്ടോക്രസിയെന്നാണ് രണ്ടായിരത്തി പതിനെട്ടിൽ വിശേഷിപ്പിച്ചത്. ആവിഷ്ക്കാര സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പ് സുതാര്യത, സിവിൽ സൊസൈറ്റിയുടെ സ്വാതന്ത്ര്യങ്ങൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് അവർ പഠനം നടത്തുന്നത്. ഈ വർഷത്തെ അവരുടെ ഡമോക്രസി റിപോർട്ട് പറയുന്നത് ഇന്ത്യ അവിടെ നിന്നും താഴോട്ട് കൂപ്പുകുത്തിയിരിക്കുന്നു എന്നാണ്. റിപോർട്ട് അനുസരിച്ച് ഇന്ന് ലോക ജനതയുടെ 71% ശതമാനവും ജീവിക്കുന്നത് ഏകാധിപത്യ അധികാരക്രമത്തിനു കീഴിലാണ്!

വളരെ തന്ത്രപരമായാണ് ഓട്ടോക്രാറ്റിക് ലീഗലിസ്റ്റ് മുന്നോട്ട് നീങ്ങുക. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യം ചെയ്യുന്നത്, തന്നെ നിയന്ത്രണത്തിലാക്കാൻ സാധ്യതയുള്ള സ്ഥാപനങ്ങളെയും നിയമങ്ങളെയും വരുതിയിലാക്കുകയാണ്. ആ വരുതിയിലാക്കൽ കുതന്ത്രം പോലും അവതരിപ്പിക്കപ്പെടുക വലിയ ജനാധിപത്യ പ്രവർത്തനമായിട്ടായിരിക്കും. ഇന്ത്യയിലും ഈ ശ്രമം നടന്നിട്ടുണ്ട്. രണ്ടായിരത്തി പതിനാലിൽ ഭരണത്തിലേറിയ മോദി ഗവൺമെൻ്റ് ദ്രുതഗതിയിൽ തൊണ്ണൂറ്റി ഒമ്പതാം ഭരണഘടനാ ഭേദഗതി നടത്തുകയും ഉന്നത നീതിപീ‍ഠങ്ങളിലേക്കുള്ള ജഡ്ജുമാരെ തെരഞ്ഞെടുക്കാൻ ദേശീയ ന്യായാധിപ നിയമന കമ്മീഷനെ (National Judicial Commission Act, 2014) നിയോഗിക്കാൻ നിയമം കൊണ്ടുവരികയും ചെയ്തു. നിലവിലുള്ള കൊളീജിയം സംവിധാനത്തെ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. കമ്മീഷൻ നിലവിൽ വരുന്നതോടെ ഗവൺമെൻ്റിൻ്റെ താത്പര്യങ്ങളോട് മുഖം തിരിക്കുന്ന ന്യായാധിപരെ തഴയുന്നത് എളുപ്പമാക്കുകയും താത്പര്യ സംരക്ഷകരെ പ്രതിഷ്ഠിക്കുന്നത് സൗകര്യമാവുകയും ചെയ്യും. പക്ഷേ പ്രസ്തുത ഭരണഘടനാ ഭേദഗതിയും കമ്മീഷനെ നിയോഗിക്കാനുള്ള നിയമനിർമാണവും സുപ്രീം കോടതി അതീവ ജാഗ്രതയോടെ റദ്ദാക്കി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ നിയമം സാരമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി

അപ്രകാരം തന്നെയാണ് സിവിൽ സൊസൈറ്റിക്കു നേരെയുള്ള നീക്കങ്ങളും. രാജ്യത്തിൻ്റെ ക്ഷേമ വികസന ലക്ഷ്യങ്ങളെ നേടിയെടുക്കുന്നതിൽ നിർണ്ണായക സ്ഥാനമാണ് സന്നദ്ധ സംഘടനകൾക്കുള്ളത്. രണ്ടാം മോദി സർക്കാറിൻ്റെ കാലത്താണ് ബജറ്റിലൂടെ ആദായ നികുതി നിയമത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷൻ കാലാവധി ചുരുക്കുകയും ഫണ്ടിംഗ് സംവിധാനം പരമാവധി സ്റ്റേറ്റ് നിയന്ത്രണത്തിൽ കൊണ്ടുവരികയും ചെയ്യുന്നത്. ഇതിലൂടെ ക്രൗഡ് ഫണ്ടിംഗ് പോലും പ്രയാസകരമായി മാറി. പക്ഷേ സുതാര്യതയുടെ പേരിൽ ഈ നിയമം നടപ്പിലാക്കുന്ന അതേ സമയത്തു തന്നെയായിരുന്നു രാഷ്ട്രീയ പാർട്ടികൾക്ക് അതിരഹസ്യമായി ഇലക്ടറൽ ബോണ്ട് വഴി കോടികൾ ഒഴുകിയിരുന്നത്. അൽപം വൈകിയാണെങ്കിലും ഇലക്ടറൽ ബോണ്ട് സ്കീം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കുകയും റദ്ദാക്കുകയും ചെയ്തു.

വീണ്ടുമൊരു പാർലമെൻ്റ് തെരഞ്ഞെടുപ്പ് ആസന്നമായതോടെ കള്ളപ്പണ നിരോധന നിയമവും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എന്ന അന്വേഷണ സംവിധാനവും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നത് സാധാരണയായിരിക്കുന്നു. ഒരേ സമയം ഇതര രാഷ്ട്രീയ നേതൃത്വത്തെ നിശബ്ദമാക്കുകയും ബാക്കിയുള്ളവർക്ക് അതിഭീകരമായ ഭീതി കൈമാറുകയുമാണ് ചെയ്യുന്നത്.

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍

നിയമമെന്ന മൂടുപടമുപയോഗിച്ച് ആൾക്കൂട്ടത്തിനിടയിൽ ലെജിറ്റിമസി ഉണ്ടാക്കിയെടുക്കുകയും ജനാധിപത്യത്തിൻ്റെ ഭാഷ കൊണ്ട് ജനാധിപത്യവിരുദ്ധത വിളയിക്കുകയും ചെയ്യുന്ന ഈ കുതന്ത്രത്തെ രാജ്യത്തെ പൗരർ തിരിച്ചറിയേണ്ടതുണ്ട്. ചരിത്രത്തിലെ ഏകാധിപത്യത്തിൻ്റെ പ്രത്യക്ഷ ചിത്രങ്ങളായ വ്യക്തികളെയും സംഭവങ്ങളെയും ഭീതിയോടെ ഇന്നും സ്മരിക്കുമ്പോഴും അനുഭവമായിരിക്കുന്ന ഏകാധിപത്യമെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ പോലും സാധിക്കാത്തിടത്താണ് ഓട്ടോക്രാറ്റിക് ലീഗലിസത്തിൻ്റെ വിജയം.

നീതിപീഠമാണ് ഈ ഘട്ടത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടത്. നിയമങ്ങളുടെ അക്ഷര വായനയിൽ ഒതുങ്ങാതെ ഭരണഘടനയുടെ സ്പിരിറ്റും ഭരണഘടനാ ധാർമികതയും ഉൾക്കൊണ്ട് വിധി പറയാനുമുള്ള ശേഷി പരമോന്നത കോടതികൾക്കുണ്ട്. ആ ശേഷിയെ കാര്യക്ഷമമായി ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കോൺസ്റ്റിറ്റ്യൂഷണലിസത്തെ വേരുറപ്പിക്കാനും സാധിക്കും.

Comments