ജിൻസി ബാലകൃഷ്ണൻ: 2021 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഐ.ടി ചട്ടങ്ങൾ മെയ് 26 ന് നിലവിൽവരികയാണ്. എന്താണ് ചട്ടങ്ങളിൽ പ്രധാനമായും പറയുന്നത്? സോഷ്യൽ മീഡിയയെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണോ ആ നിയമം? ഈ നിയമം സോഷ്യൽ മീഡിയ അംഗീകരിച്ചാൽ ഒരു യൂസർക്ക് എന്തെങ്കിലും ഗുണമുണ്ടോ?
അനിവർ അരവിന്ദ്: പ്രധാനമായും ഇതിൽ മൂന്നു കാര്യങ്ങളാണുള്ളത്. ഒന്ന് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്ന ഭാഗം. അത് മിനിസ്റ്റ്രി ഓഫ് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് കൊണ്ടുവന്നതാണ്. അത് ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങളെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. രണ്ടാമത്തേത് ട്രേസബിലിറ്റി, അതായത് എൻഡ് ടു എൻഡ് എൻക്രിപ്ഷനെ ബ്രേക്ക് ചെയ്യൽ. ഇത് മെസേജിങ്ങിനെ, വാട്‌സ്ആപ്പിനെ ഒക്കെ ബാധിക്കുന്ന വിഷയമാണ്. മൂന്നാമത്തത്, പ്ലാറ്റ്‌ഫോം നിയന്ത്രണത്തിനുവേണ്ടിയുള്ള ചട്ടങ്ങളാണ്. അത് ടെക് ഭീമന്മാരെ നിയന്ത്രിക്കാനുള്ളതാണ്.
ഇതിൽ ഓൺലൈൻ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്കെതിരെ കേസുണ്ട്. ഫൗണ്ടേഷൻ ഫോർ ഇൻഡിപ്പെൻഡൻറ് ജേണലിസം നൽകിയ ഹരജി ഡൽഹി കോടതിയുടെയും ലൈവ് ലോ ഫയൽ ചെയ്ത റിട്ട് ഹരജി കേരള ഹൈക്കോടതിയുടെയും പരിഗണനയിലാണ്. മാധ്യമങ്ങളിലെ ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാനുള്ള അധികാരമടക്കം കേന്ദ്രത്തിന് നൽകുന്നതാണ് ഈ ചട്ടങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. 2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന്റെ പരിധിക്കപ്പുറമാണ് ഈ ചട്ടങ്ങളെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഡിജിറ്റൽ ന്യൂസിൽ യൂസർ വെരിഫിക്കേഷൻ പോലുള്ള കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നുമുണ്ട്.
ഐ.ടി ഇന്റർമീഡിയറി നിയമങ്ങൾ സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ ഓൺലൈൻ സഹകരണത്തിനും സഹവർത്തിത്വത്തിനും തടസമാവുന്നുവെന്ന് കാണിച്ച് ഫ്രീ സോഫ്റ്റുവെയർ കമ്യൂണിറ്റി ഓഫ് ഇന്ത്യയ്ക്കുവേണ്ടി പ്രവീൺ അരിമ്പ്രത്തൊടിയിൽ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ടെക് ഭീമന്മാരെ നിയന്ത്രിക്കുന്ന ചട്ടങ്ങൾക്കെതിരെ ഇതുവരെ ചലഞ്ചൊന്നും ഇന്നലവരെ വന്നിട്ടില്ലായിരുന്നു. ഇപ്പോൾ ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിപ്പിച്ചിട്ടുണ്ടെന്നാണ് റോയിറ്റേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നത്. കേന്ദ്രസർക്കാർ ഫെബ്രുവരി 26ന് കൊണ്ടുവന്ന ചട്ടങ്ങൾക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ല. യാതൊരു കൺസൽട്ടേഷനും നടത്തിയിട്ടില്ല ഇവ കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ കോടതിയിൽ ഇവ നിലനിൽക്കുമെന്ന് തോന്നുന്നില്ല. ഈ കാരണം കൊണ്ടുതന്നെ ടെക് ഭീമന്മാരെ കോടതിയിലെത്തുന്നത് കേന്ദ്രസർക്കാറിന് തിരിച്ചടിയാവാനിടയുണ്ട്.
പ്ലാറ്റ്‌ഫോമുകൾക്ക് കുറേ രീതിയിൽ കൂടുതൽ അധികാരങ്ങൾ ഈ ചട്ടങ്ങൾ നൽകുന്നുണ്ടെന്നാണ് പ്രശ്‌നം. ഒപ്പം യാതൊരു അക്കൗണ്ടബിലിറ്റിയുമില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബ്ലാക്ക് ബോക്‌സ് അൽഗോരിതങ്ങൾ ഉപയോഗിച്ച് ചില കണ്ടന്റുകളുടെ ടേക്ക്ഡൗൺ നടത്തണമെന്ന ഭരണകൂട ആവശ്യം ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. അതായത്, സോഷ്യൽ മീഡിയകളിൽ Rape, child sexual abuse പോലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് തടയാൻ ഓട്ടോമാറ്റഡ് ഫിൽറ്ററിങ് ഉപയോഗിച്ച് തുടക്കത്തിൽ തന്നെ ഇത്തരം ഉള്ളടക്കങ്ങൾ ഫിൽട്ടർ ചെയ്യണമെന്ന് ചട്ടത്തിൽ പറയുന്നുണ്ട്. ഇത്തരം ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താവിന് ഇന്റർമീഡിയറികൾ നോട്ടീസ് നൽകണമെന്നും നിർദേശിക്കുന്നുണ്ട്. ഇതിനായി ഉള്ളടക്കങ്ങൾ പരിശോധിക്കാനും ഫിൽട്ടർ ചെയ്യാനും ഒരുനിയന്ത്രണവുമില്ലാതെ ബ്ലാക്‌ബോക്‌സ് ആർട്ടിഫിഷൽ ഇന്റലിജൻസ് അൽഗോരിതം ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുകയാണ്. ഇന്ത്യയിലെ പല ഭാഷകൾ ഉപയോഗിക്കുന്നവരുണ്ട്. ഇന്ത്യൻ ഭാഷകൾക്ക് ആർഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുമ്പോൾ അത് ആ വാക്ക് ഉപയോഗിക്കാനുണ്ടായ സാഹചര്യം അല്ലെങ്കിൽ അതിന്റെ രീതി അല്ലെങ്കിൽ വാക്കുതന്നെയോ മനസിലാക്കിയാവണമെന്നില്ല. യാതൊരു നിയന്ത്രണവുമില്ലാതെ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിക്കാൻ അനുമതി കൊടുക്കുന്നത് സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്ക് ഭീഷണിയാവും. ഇന്ത്യയിൽ ടെക്‌നോളജി മെച്വേർഡ് ആയിട്ടില്ലയെന്ന കാരണം പറഞ്ഞുകൊണ്ട് തെറ്റായ ടെക്ക്ഡൗണുകൾ അവർക്ക് ന്യായീകരിക്കാനും സാധിക്കും.
നമ്മളയയ്ക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം മെസ്സേജിങ് കമ്പനികൾ മനസ്സിലാക്കിയിരിക്കണം എന്നതാണ് ട്രേസബിലിറ്റി എന്ന ആവശ്യത്തിന്റെ കാതൽ. ട്രേസബിലിറ്റിയെന്നു പറയുന്നത് മെസേജ് എവിടെനിന്ന് ഒറിജിനേറ്റ് ചെയ്തുവെന്നതിനെ ട്രാക്ക് ചെയ്യുകയെന്നതാണ്. ഇന്ന് മെസേജിങ് ആപ്പുകളെല്ലാം എൻക്രിപ്ഷൻ ഉപയോഗിച്ച് വർക്കു ചെയ്യുന്നതിന്റെ പ്രധാന അടിസ്ഥാനം മെസേജിന്റെ ഒറിജിനേറ്ററെ ട്രാക്ക് ചെയ്യുകയെന്നത് പാടില്ലയെന്നതുകൊണ്ടും അതിനെ ട്രാക്ക് ചെയ്തു തുടങ്ങിയാൽ ഇമ്മ്യൂണിറ്റിയുണ്ടാവില്ലതെന്നതുകൊണ്ടുമാണ്. അതുകൊണ്ടാണ് വാട്‌സ്ആപ്പും സിഗ്നലുമെല്ലാം എൻക്രിപ്ഷൻ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഒറിജിനേറ്ററെ പ്രത്യേകം ട്രാക്ക് ചെയ്യണമെന്നാണ് ചട്ടത്തിൽ പറയുന്നത്. മെസേജിനൊപ്പം യൂസർ ഡീറ്റെയ്ൽസ് ആഡ് ചെയ്താലേ അത് പറ്റുകയുള്ളൂ. സ്വാഭാവികമായിട്ടും ഇന്ത്യൻ മാർക്കറ്റിൽ നിന്നും പ്രോഫിറ്റ് ജനറേറ്റ് ചെയ്യാൻ പറ്റും എന്ന് ഉറപ്പുള്ള വലിയ കമ്പനികൾ മാത്രമേ അതിന് തയ്യാറാവുകയുള്ളൂ.
അതായത് ഒരു മാർക്കറ്റിനെ അഡ്രസ് ചെയ്യുന്ന കമ്പനികളേ ഇത് അംഗീകരിക്കുള്ളൂ. സ്വതന്ത്ര സോഫ്റ്റുവെയർ അടക്കമുള്ള പ്രൈവസി പ്രധാന ഫോക്കസിലുള്ള നോൺ പ്രോഫിറ്റ് ഇനീഷ്യേറ്റീവുകളൊന്നും ഇത് നടപ്പിലാക്കാൻ പോകുന്നില്ല. ഒറിജിനേറ്ററെ സംരക്ഷിക്കുന്നതുകൊണ്ട് അവർക്കെന്ത് കാര്യമെന്നു ചോദിച്ചാൽ ജനങ്ങളുടെ പ്രൈവസി സംരക്ഷിക്കാനുണ്ടാക്കിയ ആപ്പിനെ സംബന്ധിച്ച് ഇത് നടപ്പിലാക്കേണ്ട കാര്യമില്ല. ഇന്ത്യൻമാർക്കറ്റിനെ എക്‌സ്‌പ്ലോറ് ചെയ്യേണ്ട ഭീമന്മാർക്ക് മാത്രമേ ഇതിനെ അംഗീകരിക്കേണ്ട ആവശ്യമുള്ളൂ. അതുകൊണ്ട് സ്വഭാവികമായും സ്വതന്ത്ര സോഫ്റ്റുവെയർ അപ്ലിക്കേഷനുകളൊന്നും സർക്കാറിന്റെ ഈ ചട്ടങ്ങളോട് പ്രതികരിക്കാൻ പോകുന്നില്ല. അപ്പോൾ ഗവൺമെന്റിന് വേണമെങ്കിൽ ഇവർ ചട്ടങ്ങൾ പാലിക്കുന്നില്ലയെന്ന് പറയാനും ചിലപ്പോൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യാനും കഴിഞ്ഞേക്കും. പക്ഷേ ആളുകൾ ഉപയോഗിക്കുന്നത് തടയാനൊന്നും പറ്റില്ല. സ്വാഭാവികമായിട്ടും ഇന്ത്യക്കാർക്ക് പ്രൈവസി സംരക്ഷിച്ചുകൊണ്ട് ഉപയോഗിക്കാവുന്ന ആപ്പുകളുടെ എണ്ണം കുറയും.
യൂസറെയല്ല മറിച്ച് ഭരണകൂടത്തെയാണ് ഈ ചട്ടം എംപവർ ചെയ്യാൻ പോകുന്നത്. ഭരണകൂടവും ടെക് ഭീമന്മാരുമായുള്ള ബന്ധത്തെയാണ് ഇത് ശക്തിപ്പെടുത്താൻ പോകുന്നത്. എൻക്രിപ്ഷനുമേലുള്ള ആക്രമണം ഉപഭോക്താക്കളുടെ സെക്യൂരിറ്റി അപകടത്തിലാക്കുക കൂടിയാണ് ചെയ്യുക.
സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളെ അംഗീകരിച്ചില്ലെങ്കിൽ അത് ഈ പ്ലാറ്റ്‌ഫോമുകളുടെ ഇന്റർമീഡിയറി സ്റ്റാറ്റസ് നഷ്ടപ്പെടാൻ ഇടയാക്കും എന്നു പറയുന്നുണ്ട്. ഇന്റർമീഡിയറി ലയബിലിറ്റി റൂൾ എന്താണ്?
ഇന്റർമീഡിയറി ലയബിലിറ്റിയെന്നുപറയുന്നത്, ഇന്റർനെറ്റ് നിയമങ്ങൾക്കൊരു കോർണർ സ്‌റ്റോറാണ്. ടെലികോം സർവീസ് പ്രൊവൈഡർ, സർച്ച് എഞ്ചിനുകൾ, ഓൺലൈൻ പെയ്‌മെൻറ് സൈറ്റുകൾ, ഫെയ്‌സ്ബുക്ക്, ട്വിറ്റർ പോലുള്ള പ്ലാറ്റുഫോമുകൾ എല്ലാം ഇൻർമീഡിയറികളാണ്. ഇന്റർമീഡിയറികളിൽ തേഡ് പാർട്ടി എന്തെങ്കിലും ചെയ്തുവെന്നതിന്റെ ഉത്തരവാദിത്തം കമ്പനി മേധാവിക്കുള്ള സ്ഥിതിയായിരുന്നു മുമ്പുണ്ടായിരുന്നത്. 2014ലെ Bazee.com കേസിന്റെ കാര്യത്തിൽ ഇതാണ് സംഭവിച്ചത്. വെബ്‌സൈറ്റിൽ സെൽ ചെയ്യാൻ ആരോ ഒരു പോൺവീഡിയോ ഇട്ടതിന്റെ പേരിൽ കമ്പനി സി.ഇ.ഒ അവനിഷ് ബജാജ് അറസ്റ്റു ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. ഈ കേസിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് ഇന്റർമീഡിയറികൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ നിയമരൂപീകരണങ്ങൾക്കു വഴിവെച്ചത്. ഇന്റർമമീഡിയറി എന്ന രീതിയിൽ പ്ലാറ്റ്‌ഫോമുകൾക്ക് ഇമ്യൂണിറ്റി കൊടുക്കുന്ന ഒരു ഇന്റർനെറ്റ് നിയമനിർമാണത്തിന്റെ കോർണർ സ്‌റ്റോണാണ് ഇന്‌റർമീഡിയറി ലയബിലിറ്റി.
നിങ്ങൾ മുൻകൂറായി ഗൈഡ് ലൈൻസ് പാലിക്കുകയാണെങ്കിൽ തേഡ് പാർട്ടി ചെയ്തികളുടെ ഉത്തരവാദിത്തം ഉണ്ടാവില്ല. അതാണ് ഇതിന്റെ അടിസ്ഥാനം.
അതായത്, ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പല യൂസർമാരും കണ്ടൻറ് അപ് ലോഡ് ചെയ്യും. അതിന്റെയെല്ലാം ഉത്തരവാദിത്തം ആ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനല്ല. അതേസമയത്ത് ആ പ്ലാറ്റ്‌ഫോമുകൾ ചെയ്യേണ്ട ചില ഉത്തരവാദിത്തങ്ങളും അതിന്റെ മുകളിലുണ്ട്. ഇത് രണ്ടുതമ്മിലുള്ള ഒരു ബാലൻസ് ആവശ്യമുണ്ട്. വെബ്‌സൈറ്റുകളുടെ കാര്യത്തിലും, പെയ്‌മെൻറ് പ്ലാറ്റ്‌ഫോമുകൾക്ക് വിക്കിപീഡിയ പോലുള്ള പ്ലാറ്റ്‌ഫോമുകൾക്കെല്ലാം ഇന്റർമീഡിയറി ലയബിലിറ്റി പ്രധാനപ്പെട്ട ഘടകമാണ്. അതിനുള്ള ചട്ടങ്ങളെ വലിയ രീതിയിൽ എക്പാൻറ് ചെയ്യുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. അതുമാത്രമല്ല, അതുകൊണ്ടുവരുന്നത് കൺസൽട്ടേഷൻ ഇല്ലാതെയാണ്. ട്രേസബിലിറ്റിയുടെ കാര്യത്തിൽ മാത്രം പേരിനൊരു കൺസൽട്ടേഷൻ നടത്തിയിട്ടുണ്ട് എന്നുമാത്രം.
കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ തലത്തിൽ തന്നെ വിവിധ മാധ്യമങ്ങളിൽ ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള പ്ലാറ്റ്‌ഫോമുകൾ നിരോധിക്കപ്പെടാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിലെല്ലാം ഇത് വലിയ തോതിൽ ചർച്ചയാവുകയും ചെയ്തു. അങ്ങനെയൊരു സാധ്യത നിലനിൽക്കുന്നുണ്ടോ? എന്താണ് അത്തരമൊരു പ്രചരണത്തിലേക്കു വഴിവെച്ചത്?
ഹെഡ്‌ലൈൻ ബിൽഡിങ്ങാണിത്. മെയ് 26ന് നിലവിൽവരുന്ന ചട്ടപ്രകാരം ഇവ നിരോധിക്കാനുള്ള അധികാരമൊന്നുമില്ല. സർക്കാർ അനുകൂല മാധ്യമങ്ങളുമായി ചേർന്ന് അവർക്ക് അനുകൂലമായ ഹെഡ്‌ലൈനും ഹാഷ്ടാഗും ബിൽഡ് ചെയ്യുകയെന്നത് കേന്ദ്രസർക്കാർ പല കാലത്തും ചെയ്തുവരുന്നതാണ്. ട്വിറ്റർ റെയ്ഡ് ചെയ്തതിന്റെ പേരിലുള്ള പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ചെയ്തതാണിത്. ട്വിറ്റർ റെയ്ഡിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ കേന്ദ്രസർക്കാർ നാണംകെട്ടു. ഈ സാഹചര്യം മറികടക്കാൻ ചെയ്തതാണിതെന്നാണ് മനസിലാക്കുന്നത്.
പലതരത്തിലുള്ള ആക്ഷന് പലരുമുണ്ടാക്കാറുള്ള ഗൂഗിൾ ഡോക്യുമെന്റുകളെ ടൂൾകിറ്റ് എന്ന പേരും കൊടുത്ത് അതിനെ ആയുധമാക്കുകയാണ് കേന്ദ്രം ചെയ്തത്. കോൺഗ്രസുകാർ മോദിയെ ആക്രമിക്കാൻ മഹാമാരിയെ ഉപയോഗിക്കുന്നു, അതിനുവേണ്ടി ടൂൾ കിറ്റ് ഉണ്ടാക്കിയെന്നു പറഞ്ഞുകൊണ്ട് ഒരു നരേറ്റീവ് കൊണ്ടുവന്നു. ആ നരേറ്റീവ് കൊണ്ടുവന്ന ബി.ജെ.പി നേതാവ് സംപീത് പത്രയടക്കമുള്ളവരുടെ ട്വീറ്റിനെ ‘മാനിപ്പുലേറ്റഡ് മീഡിയ'യെന്ന ഗണത്തിൽ ട്വിറ്റർ ടാഗ് ചെയ്തു. ഇത് റിമൂവ് ചെയ്യാൻ ആവശ്യപ്പെട്ട് ട്വിറ്ററിന് നോട്ടീസ് കൊടുത്തിരുന്നു. ട്വിറ്റർ അതിനോട് പ്രതികരിച്ചിരുന്നില്ല. ട്വിറ്റർ തങ്ങൾക്കു വരുന്ന ടേക്ക്ഡൗൺ റിക്വസ്റ്റുകൾ ല്യൂമൻ ഡാറ്റാ ബേസ് പോലെ സെൻസർഷിപ്പ് ട്രാക്ക് ചെയ്യുന്ന ഇന്റർനാഷണൽ ഡാറ്റാ ബേസുകൾക്ക് ഷെയർ ചെയ്യുന്നുണ്ട്. (ഇന്റർനെറ്റ് സെൻസർഷിപ്പ് ഗവൺമെൻറ് ഓഡറുകൾ ട്രാക്ക് ചെയ്യുന്ന ഒരു ഗ്ലോബൽ പ്രോജക്ടാണ് Lumen Database). ട്വീറ്റ് ‘മാനിപ്പുലേറ്റഡ് മീഡിയ' എന്നു ടാഗ് ചെയ്ത വീഡിയോ വ്യാജനിർമിതിയാണെന്ന് ആൾട്ട് ന്യൂസ് തെളിവ് സഹിതം തുറന്നുകാട്ടിയിരുന്നു.
ഫേക്ക് ന്യൂസിനെ ഫ്‌ളാഗ് ചെയ്ത ട്വിറ്ററിന് വ്യാജവാർത്തകൾക്കെതിരെ പൊരുതുന്നവർ എന്ന ഇമേജും സർക്കാർ പ്രതിസ്ഥാനത്തുമായി. കഴിഞ്ഞദിവസം ട്വിറ്റർ ഓഫീസിൽ നടന്ന റെയ്ഡ് ട്വിറ്ററിനെതിരായ പ്രതികാര നടപടിയെന്ന രീതിയിൽ വലിയ പ്രതിഷേധങ്ങൾക്കുമിടയാക്കി. ഈയൊരു സാഹചര്യത്തിൽ മുഖംരക്ഷിക്കാനായുള്ളതായിരുന്നു കഴിഞ്ഞദിവസത്തെ ഹെഡ്‌ലൈൻ മാനേജ്‌മെൻറ്. ഈ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ നിയമങ്ങളുമായി ഒത്തുപോകുന്നില്ലയെന്ന സന്ദേശം നൽകാനുദ്ദേശിച്ചുള്ളത്. ഈ ടെക്ഭീമന്മാരെ നിയന്ത്രിക്കാൻ കഴിയുന്നിടത്തോളം ശക്തരാണ് തങ്ങളെന്ന് കാണിക്കാനുള്ള ശ്രമം കൂടിയുണ്ട് ഇതിൽ. അല്ലാതെ സോഷ്യൽ മീഡിയ നിരോധിക്കാനുള്ള അധികാരമൊന്നും ഈയൊരു ചട്ടങ്ങളുടെ മുകളിലില്ല.
ഈ ചട്ടങ്ങൾ പാലിച്ചില്ല എന്നതുകൊണ്ട് ഈ പ്ലാറ്റ്‌ഫോമുകളെ നിരോധിക്കാൻ കഴിയില്ല എന്നു പറഞ്ഞല്ലോ. നിയമപരമായി എന്ത് നടപടിയാണ് സർക്കാറിന് ഇതിന്റെ പേരിൽ ഇവർക്കെതിരെ സ്വീകരിക്കാൻ കഴിയുക? അതിനുള്ള സാധ്യത എന്താണ്?
നമ്മൾ പറയുന്നത് യു.എസ് പ്ലാറ്റ്‌ഫോമുകളെ പറ്റിയാണ്. ഇപ്പോൾ വാക്‌സിൻ എവിടെനിന്നെങ്കിലും സംഘടിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചന നടത്തുന്നതിനിടയിൽ യു.എസ് പ്ലാറ്റ്‌ഫോമുകളെ നിരോധിക്കും എന്ന വാർത്ത ഏതുരീതിയിലും ഇന്ത്യയ്ക്ക് ദോഷമേ ചെയ്യൂ. ടിക് ടോക് നിരോധിച്ചതുപോലെയുള്ള വഴിയാണ് പിന്നെയുള്ളത്. അത് നടക്കാനുള്ള യാതൊരു സാധ്യതയുമില്ലയെന്നാണ് ഞാൻ പറയുന്നത്. ടിക് ടോക്കിനോട് ചെയ്തതുപോലെ യു.എസ് പ്ലാറ്റ്‌ഫോമിനോട് ചെയ്യാൻ പറ്റില്ല.
ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയവ കഴിഞ്ഞദിവസം ഈ നിയമങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അത് എത്രത്തോളം സാധ്യമാണ്?
അവർക്ക് വേണ്ടത്ര സമയം കൊടുത്തിട്ടില്ല ഇതുവരെ. അംഗീകരിക്കാൻ തയ്യാറാണോ അല്ലയോ എന്നത് കണ്ടറിയണം. നിയമമല്ലല്ലോ ഇത് ചട്ടമല്ലേ. ഇതിന് നിയമത്തിന്റെ പിന്തുണ വേണ്ടത്രയില്ല. എന്നാൽ പോലും ഒരു തർക്കം ഒഴിവാക്കാം എന്നു കരുതി പലപ്പോഴും പ്ലാറ്റ്‌ഫോമുകൾ ഇവ അംഗീകരിക്കാൻ തയ്യാറാവാറുണ്ട്. ഇതിൽ പറയുന്ന സങ്കീർണ വിഷയങ്ങൾ ഒരു പ്ലാറ്റ്‌ഫോമിനെ സംബന്ധിച്ച് മൂന്നുമാസംകൊണ്ട് വികസിപ്പിക്കാൻ പറ്റുന്നതല്ല. പറ്റുകയാണെങ്കിൽ തന്നെ ഇത്രയും യൂസർ ബേസുള്ള ഒരു കമ്പനിക്ക് പിഴവുകളൊന്നും ഇല്ലാതെ ചെയ്യാൻ പറ്റില്ല. സ്വാഭാവികമായിട്ടും സമയം നീട്ടിക്കൊടുക്കുകയെന്നതിനാണ് സാധ്യത. മുഴുവനും നടപ്പാക്കാതെ സെലക്ടീവായി ചില കാര്യങ്ങളൊക്കെ നടപ്പാക്കി ഞങ്ങളും ഇത് അംഗീകരിച്ചുവെന്ന ലൈനെടുക്കുകയാണ് സാധാരണയായി ഉണ്ടാവുക.
കൂ ആപ്പിന് ബി.ജെ.പി നൽകുന്ന പ്രാധാന്യം ട്വിറ്ററിനെ നിരോധിക്കാനുള്ള നീക്കത്തിന് മുന്നോടിയായി ചിലർ കാണുന്നുണ്ട്.
അതിലൊന്നും ഒരു കാര്യവുമില്ല. കൂ വിന്റെ ഇനീഷ്യൽ ഇൻവെസ്റ്റേഴ്‌സ് ചൈനീസ് ഇൻവെസ്‌റ്റേഴ്‌സാണ്. പണ്ടുണ്ടായിരുന്ന ടാക്‌സി ഫോർ ഷുവർ എന്ന ആപ്പിന്റെ ഡവലപ്പറാണ് അത് ഡവലപ്പ് ചെയ്തിരിക്കുന്നത്. ചൈനീസ് ഇൻവെസ്റ്റർക്ക് എക്‌സിറ്റ് കൊടുത്തുകൊണ്ട് മോഹൻദാസ് പൈയുടെ ഇൻവെസ്റ്റ് ഫേം മുഴുവൻ ഉടമസ്ഥതയും സ്വന്തമാക്കുകയാണുണ്ടായത്.
വാട്‌സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ നിലനിൽക്കുന്നുണ്ടല്ലോ. പിൻവലിക്കകണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനെക്കുറിച്ച്?
മുമ്പുള്ള കാര്യങ്ങളാണ്. വാട്‌സ് ആപ്പിനെ സംബന്ധിച്ച്, അവർ ഫേസ്ബുക്കും വാട്‌സ്ആപ്പും ഇൻസ്റ്റഗ്രാമും ഇന്റഗ്രേറ്റ് ചെയ്യാൻ കുറച്ചുകാലമായി ശ്രമിക്കുകയാണ്. അതിനുവേണ്ടി യൂസേഴ്‌സിനോട് അൾട്ടിമേറ്റം കൊടുക്കുകയാണ്. ഒന്നുകിൽ ഈ പോളിസി അംഗീകരിച്ച് നിങ്ങൾക്ക് തുടരാം, അല്ലെങ്കിൽ വിട്ടുപോകാമെന്ന തരത്തിൽ. അത് അവർ പണ്ടുപറഞ്ഞതിനൊക്കെ വിരുദ്ധമാണ്. സാധാരണയായി ഇതൊക്കെ നോക്കേണ്ടത് കോമ്പിറ്റീഷൻ കമീഷനാണ്. ഇന്ത്യയിൽ കോമ്പിറ്റീഷൻ കമീഷൻ മറ്റു റഗുലേറ്ററി സ്ഥാപനങ്ങളെപ്പോലെത്തന്നെ ശക്തമല്ല . ലോകത്തെവിടെയും പെട്ടെന്ന് ഇത്തരത്തിലുള്ള പോളിസി മാറ്റങ്ങളൊക്കെ വരുമ്പോൾ കോമ്പിറ്റീഷൻ കമ്മീഷനാണ് അതിൽ ഇടപെടുക. ഇത് കോമ്പിറ്റീഷൻ നിയമം ഫലപ്രദമായി നടത്താത്തതിന്റെ പ്രശ്‌നമാണ്. അതോറിറ്റേറിയൻ ഗവൺമെൻറ് vs ബിഗ് ടെക് ആണ് നടക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങല്ല, ഗവൺമെൻറ് താൽപര്യങ്ങളാണ് അതിന്റെ അടിത്തറ.