ഇത്രയും അടിസ്ഥാന ആവശ്യങ്ങൾക്കാണ് ഇടതു സർക്കാർ ASHA വർക്കർമാരെ രാപകൽ സമരത്തിൽ നിർത്തിയിരിക്കുന്നത്

കേരളത്തിന്റെ ആരോഗ്യമേലയിൽ നിർണായക സംഭാവനകൾ നൽകിപ്പോരുന്ന ആശാ വർക്കർമാർ, തങ്ങൾ നേരിടുന്ന തൊഴിൽ ചൂഷണങ്ങളും, അടിസ്ഥാന നീതിനിഷേധവും ഉയർത്തിക്കാട്ടി സെക്രട്ടറിയേറ്റിന് മുന്നിൽ ഫെബ്രുവരി 10 മുതൽ രാപകൽ സമരത്തിലാണ്.

പ്രതിമാസ ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസിൽ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. എന്നാൽ, സംസ്ഥാന സർക്കാറാകട്ടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, സമരത്തിനോടും തൊഴിലാളി സ്ത്രീകളുയർത്തുന്ന ന്യായമായ ആവശ്യങ്ങളോടും നിഷേധാത്മക സമീപനവുമാണ് സ്വീകരിക്കുന്നത്. ആശാവർക്കർമാരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ആട്ടിപായിച്ചുകൊണ്ടുവന്നതാണെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രസ്താവന ഇതിന്റെ സൂചനയായിരുന്നു. അതേസമയം, സി.പി.ഐയെപ്പോലെ ഭരണപക്ഷത്തുള്ള രാഷ്ട്രീയ പാർട്ടി പോലും ഈ സമരത്തെ അനുകൂലിക്കുന്നുണ്ട് എന്നതുപോലും സർക്കാറിന്റെ കണ്ണ് തുറപ്പിച്ചിട്ടില്ല.

കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നടത്തിവരുന്ന സമരത്തിന്റെ ഫലമായി സംസ്ഥാനത്തെ ആശവർക്കർമാർക്ക് ഓണറേറിയം മുഴുവൻ ലഭിക്കാൻ തടസമായിരുന്ന ഉപാധികൾ സർക്കാർ പിൻവലിച്ചിട്ടുണ്ട്. അതോടെ, രണ്ടു മാസത്തെ കുടിശികയും ഈ മാസത്തെ ശമ്പളവും ഉൾപ്പടെ മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ചു. എന്നാൽ മന്ത്രിയുടെ വാഗ്ദാനങ്ങൽ അംഗീകരിച്ച് സമരത്തിൽ നിന്നു പിന്മാറാൻ തയാറല്ലെന്ന് വ്യക്തമാക്കിയ സംഘടന ഫെബ്രുവരി 20-ന് തിരുവനന്തപുരത്ത് 14 ജില്ലകളിൽ നിന്നുമുള്ള ആശാ പ്രർത്തകരെ ഉൾപ്പെടുത്തി മഹാസമ്മേളനം സംഘടിപ്പിച്ചിരുന്നു. നിലവിൽ 7000 രൂപയാണ് ഓണറേറിയം. 2018-ൽ ഈ തുക പ്രഖ്യാപിച്ചതിനുശേഷം ജോലികൾ സംബന്ധിച്ച് 10 ഉപാധികളായിരുന്നു മുന്നോട്ടുവെച്ചിരുന്നത്. വാർഡ്തല സമിതിയിൽ പങ്കെടുക്കുന്നതുൾപ്പെടെ ഏതെങ്കിലും നിർദേശം അനുസരിച്ചില്ലെങ്കിൽ ഓണറേറിയത്തിൽ നിന്നും 700 രൂപ വീതം കുറക്കും. 26478 ആശ വർക്കർമാർക്കും തുക വെട്ടിക്കുറച്ചതിനുശേഷമുള്ള ഓണറേറിയമാണ് ലഭിക്കുന്നതെന്നും പരാതികൾ ഉയർന്നിരുന്നു. സന്നദ്ധപ്രവർത്തകരെന്ന നിലയിൽ പ്രവർത്തിക്കുന്നതുകൊണ്ട് തന്നെ ജീവനക്കാരെന്ന ആനുകൂല്യം ആശാ വർക്കറുമാർക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ സേവന-വേതന വ്യവസ്ഥകളില്ലാതെ അവധി ആനുകൂല്യങ്ങളില്ലാതെ സ്ഥിരമോ താൽക്കാലികമോ ആയ മറ്റ് ജോലികളിൽ ഏർപ്പെടാനോ സാധ്യമല്ലാതെയാണ് കുറഞ്ഞ കൂലിയിൽ ഈ വനിതകൾ ജോലി ചെയ്യുന്നത്.

കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ മഹാസംഗമത്തിൽ നിന്നും
കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ മഹാസംഗമത്തിൽ നിന്നും

സമരത്തെ കുറിച്ചും സമരം മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളെ കുറിച്ചും ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുകയാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു. ഓണറേറിയവുമായി ബന്ധപ്പെട്ട സർക്കാർ നടത്തുന്ന പ്രചാരണങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്നും അവർ പറഞ്ഞു:

“ഞങ്ങൾക്ക് മാസം കിട്ടുന്ന ഓണറേറിയം 7000 രൂപ മാത്രമാണ്. അതായത് ദിവസം 232 രൂപ. അത് വർധിപ്പിച്ച് 21,000 രൂപ മിനിമം വേതനം ഉറപ്പുവരുത്തണം. അതാണ് ഏറ്റവും പ്രധാന ആവശ്യം. അതിനോടൊപ്പം എല്ലാ മസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം കുടിശിക കൂടാതെ അക്കൗണ്ടിലെത്തിക്കണം. വേതന വ്യവസ്ഥയിൽ പത്ത് മാനദണ്ഡങ്ങൾ സർക്കാർ മുന്നോട്ടുവെക്കുന്നുണ്ടായിരുന്നു. അത് പൂർണമായി പിൻവലിക്കണം. പിൻവലിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷെ അതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖ ലഭിച്ചിട്ടില്ല. 2022 മാർച്ച് രണ്ടിന് 62 വയസ് എന്ന പരിതി നിശ്ചയിച്ച് വിരമിക്കൽ ഉത്തരവ് പ്രഖ്യാപിച്ചിരുന്നു. മുൻകാലങ്ങളിൽ ആശാ വർക്കർമാരെ നിയമിക്കുമ്പോൾ വിരമിക്കൽ പ്രായം ഉണ്ടായിരുന്നില്ല. എത്രകാലം ചെയ്യാൻ പറ്റുമോ അത്രയും കാലമെന്നതായിരുന്നു നിബന്ധന. എന്നാൽ 2022-ൽ കേന്ദ്ര നിർദേശപ്രകാരമാണ് വിരമിക്കലുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് വരുന്നത്. വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ ഈ ഉത്തരവ് പ്രഖ്യാപിക്കാൻ പാടില്ലെന്നാണ് ഞങ്ങളുടെ ആവശ്യം. ഉത്തരവ് പിൻവലിച്ച് വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകുക, പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഞങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. നിലവിൽ ഞങ്ങൾ മുന്നോട്ടുവെക്കുന്ന പ്രധാനാവശ്യങ്ങൾ ഇതാണെങ്കിലും ആശാ വർക്കറുമാരെ സ്ഥിരപ്പെടുത്തുക, യൂണിഫോം ഏർപ്പെടുത്തുക, ഇ.എസ്.എ പി.എഫ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങി മറ്റ് പത്തിരുപത് ആവശ്യങ്ങളും ഞങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്’’.

7-ാം തിയതി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ്, അതയാത് 6-ാം തിയതി സി.ഐ.ടി.യു ഒരു സമരം നടത്തിയിരുന്നു. എന്നാൽ ആശാ വർക്കറുമാരുമായി ബന്ധപ്പെട്ട ഒരു കാര്യവും ബഡ്ജറ്റിൽ പരാമർശിച്ചില്ലെന്ന് മാത്രമല്ല അന്ന് തരാനുണ്ടായിരുന്ന കുടിശ്ശികയെ കുറിച്ചുപോലും അതിൽ പരാമർശമുണ്ടായിരുന്നില്ല. ഒ.ടി.പിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളായിരുന്നു അവരുടെ സമരത്തിന്റെ പ്രധാന വിഷയം. ഷൈലി എന്ന പേരുള്ള ഒരു ആപ് രൂപീകരിക്കുന്നുണ്ട്. അത് ഏകദേശം കഴിഞ്ഞുവെന്നാണ് പറയുന്നത്. അത് നടപ്പിലാക്കുമ്പോൾ ഒ.ടി.പി കൂടി നിർബന്ധമാക്കിയിട്ടുണ്ട്. അത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. സാമ്പത്തിക തട്ടിപ്പുകൾ ദിനംപ്രതി നടക്കുന്നതുകൊണ്ട് ഒ.ടി.പിയൊന്നും ചോദിച്ചാൽ ആരും തരില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഈ ഒ.ടി.പി സമ്പ്രദായം ഒഴിവാക്കണമെന്നായിരുന്നു സി.ഐ.ടി.യു മുന്നോട്ടുവെച്ച ഒരാവശ്യം. ആശാ വർക്കറുമാരുമായി ബന്ധപ്പെട്ട അഞ്ച് മാനദണ്ഡങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ആക്കാര്യത്തിലൊന്നും ഇതുവരെ തീരുമാനമായിട്ടില്ല. ഞങ്ങൾ മന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്, മാനദണ്ഡങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നാണ്. ആ കമ്മിറ്റി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ നടപ്പിലാക്കാമെന്നാണ് പറഞ്ഞത്. ഓണറേറിയത്തെ സംബന്ധിച്ച് ഫെബ്രുവരി 11-ന് മന്ത്രിയെ കണ്ടപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതുകൊണ്ട് 21000 നടപ്പിലാക്കാൻ കഴിയില്ലെന്നുമാണ് പറഞ്ഞത്. ഞങ്ങൾ സമരം ആരംഭിച്ചതിന്റെ അന്ന് രാത്രി തന്നെ കുടിശികയുള്ള ഓണറേറിയം നൽകുന്നു എന്ന ഓർഡർ വന്നു. അത് വലിയ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ജോലി ചെയ്തതിന് കൂലികൊടുക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ഒരാൾ ജോലി ചെയ്തതിന്റെ കൂലി ഒരാൾക്ക് കൊടുക്കുന്നു. അതും രണ്ട് മാസം താമസിച്ചാണ് തരുന്നതെന്ന് ഓർക്കണം. 11-ാം തിയതി ഉത്തരവ് പ്രഖ്യാപിച്ചെങ്കിലും ഞങ്ങളുടെ മഹാസംഗമം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് ശമ്പള കുടിശിക അക്കൗണ്ടിലെത്തുന്നത്. അതായത് സർക്കാറിന്റെ അവകാശവാദങ്ങൾക്ക് യാഥാർഥ്യവുമായി വലിയ ബന്ധമൊന്നുമില്ല.

മഹാസംഗമത്തിൽ പ്രസംഗിക്കുന്ന എം.എ. ബിന്ദു
മഹാസംഗമത്തിൽ പ്രസംഗിക്കുന്ന എം.എ. ബിന്ദു

സർക്കാറിനെതിരെ എന്ത് പറഞ്ഞാലും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇവർ പറയുന്നത്. ഒരു സമരം ആരംഭിക്കുമ്പോൾ രാഷ്ട്രീയ പ്രേരിതമാണെന്ന ലേബൽ കുത്തിയാൽ ആ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരെ തൃപ്തിപ്പെടുത്താമെന്നല്ലാതെ ഒരുപകാരവുമില്ല. കാരണം ഇതെല്ലാം പൊതുസമൂഹം കാണുന്നുണ്ടല്ലോ? യു.ഡി.എഫ് എം.എൽ.എമാരും പ്രവർത്തകരുമൊക്കെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇവിടെ വരുന്നുണ്ട്. ഇത്രയും ജനപങ്കാളിത്തത്തോടെ ഒരു സമരം നടക്കുമ്പോൾ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉറപ്പായും അവിടെ വരുമല്ലോ?. അതിനെ ഞങ്ങൾ അങ്ങനെ മാത്രമെ പരിഗണിച്ചിട്ടുള്ളു. അവരൊക്കെ പിന്തുണ നൽകിയിട്ട് പോകത്തേയുള്ളു സമരം നടത്തുന്നത് ഞങ്ങൾ തന്നെയാണ്. ഞങ്ങൾക്ക് രാഷ്ട്രീയമുണ്ട്. അത് പണിയെടുക്കുന്നവരുടെ രാഷ്ട്രീയമാണ്. ഇവർക്കും ഞങ്ങൾക്കൊപ്പം സമരത്തിൽ പങ്കെടുക്കാമല്ലോ?. തൊഴിലാളി വർഗ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് അധികാരത്തിലേറിയവരല്ലേ ഇവർ. അങ്ങനെയുള്ളവർ സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ഒരു തൊഴിൽ വിഭാഗം നയിക്കുന്ന സമരത്തിനെ പരിഗണിക്കേണ്ടതല്ലേ?”

2005-ൽ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ ഭാഗമായിട്ടാണ് Accredited Social Health Activist എന്ന പേരിൽ ആശവർക്കർമാരെ കേന്ദ്രം നിയമിക്കുന്നത്. അതിന്റെ തുടർച്ചയിൽ 2008-ൽ ആദ്യമായി ആശാ വർക്കറുമാരെ കേരളവും നിയമിച്ചു. ഗ്രാമീണ സ്ത്രീകളുടെ ഉന്നമനം, അവരെ കൂടുതൽ ആരോഗ്യ ബോധവാന്മാരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിക്കപ്പെട്ട പദ്ധതിയിൽ കേരളത്തിൽ മാത്രമായി 26478 ആശാ വർക്കറുമാരാണുള്ളത്. പ്രതിമാസം ലഭിക്കുന്ന 7000 രൂപ ഓണറേറിയത്തോടൊപ്പം 2000 രൂപ കേന്ദ്ര ഇൻസെന്റീവും ഇവർക്ക് ലഭിക്കും. ഫീൽഡ് പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാറിന്റെ തുച്ഛമായ ഇൻസെന്റീവ് കൂടി പരിഗണിക്കുമ്പോൾ 10000-ത്തിന് അടുത്ത് മാത്രം വരുന്ന തുകയാണ് ഇവർക്ക് പ്രതിമാസം ലഭിക്കുന്നത്.

2008-ൽ ആശാ വർക്കർമാരെ നിയമക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറെടുക്കുമ്പോൾ എന്താണ് ജോലിയെന്നോ പ്രതിഫലം എത്രയാണെന്നോ പോലും നോക്കാതെ ഇതൊരു സേവനമാണെന്ന് മാത്രം പരിഗണിച്ച് ജോലിയിൽ പ്രവേശിച്ചവരാണ് ഭൂരിഭാഗം സ്ത്രീകളും. മഹിള സ്വസ്ഥ് സംഘ് പോലെയുള്ള ആരോഗ്യ സംഘടനയിൽ പ്രവർത്തിച്ചതിന്റെ പരിചയത്തിൽ ആശയായി വരാൻ തീരുമാനിച്ചിറങ്ങിയവരും ഇവരിലുണ്ടായിരുന്നു. 300 രൂപ വരുമാനത്തിൽ മാത്രം തുടങ്ങിയ ജോലി കൊവിഡ് കാലത്താണ് 6500 ആയി ഉയർത്തുന്നത്.

സർക്കാറിന്റെ ആരോഗ്യ ദൗത്യം ക്രിത്യമായി നടപ്പിലാക്കാൻ പ്രാഥമിക ഘട്ടത്തിൽ പ്രവർത്തിക്കുന്ന സുപ്രധാന തൊഴിൽ ചെയ്യുന്നവരാണ് ആശാ പ്രവർത്തകർ. ഗർഭിണികളുടെ കണക്കെടുപ്പ്, രജിസ്‌ട്രേഷൻ, അവരുമായി ബന്ധപ്പെട്ട മറ്റുസേവനങ്ങൾ, വിവിധ യോഗങ്ങളിൽ നിർബന്ധ ഹാജർ, രജിസ്ട്രറുകളുമായി വീടുകൾ കയറൽ, സർവേകളുടെ കണക്ക് തയാറാക്കലും കണക്ക് നൽകലും, പ്രതിരോധ കുത്തിവെപ്പുകൾ, ജീവിതശൈലി രോഗ ക്യാമ്പുകൾ, പാലിയേറ്റീവ് പരിചരണം, ആർദ്രത്തിന്റെ ഭാഗമായ ആശുപത്രി ജോലികൾ, ലെപ്രസിക്യാമ്പുകൾ, കാൻസർ പ്രതിരോധ ക്യാമ്പുകൾ, കിടപ്പുരോഗികളെ കാണൽ, ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് മാനസിക പിന്തുണ നൽകൽ, ഗർഭനിരോധന കുത്തിവെപ്പിന് സജ്ജമാക്കൽ, മലേറിയ പരിശോധനക്ക് സഹായിക്കൽ, യോഗക്ക് ആളെ സംഘടിപ്പിക്കൽ, സർക്കാർ ഓരോ കാലങ്ങളിൽ ചെയ്യുന്ന മറ്റുകാര്യങ്ങളിൽ ആസൂത്രണം തുടങ്ങി മുപ്പത്തഞ്ചോളം ജോലികളാണ് ഇവർക്ക് ചെയ്യാനുള്ളത്.

“17 വർഷം മുമ്പ് ആശാ വർക്കറുമാരെ നിയമിക്കുമ്പോൾ, സന്നദ്ധപ്രവർത്തനമെന്ന നിലയിലായിരുന്നു പരിഗണിച്ചിരുന്നത്. എന്നലന്ന് ആഴ്ചയിൽ നാല് മണിക്കൂർ മാത്രം ജോലി ചെയ്താൽ മതിയായിരുന്നു. നമ്മുടെ ചുറ്റുപാടുമുള്ള വീടുകളിലെ ഗർഭിണികളുടെയും കുട്ടികളുടെയും സുഖവിവരം അന്വേഷിക്കുക എന്ന ജോലി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ നിലവിലെ അവസ്ഥ അതല്ല. ആഴ്ചയിൽ നാല് ഒ.പി ഡ്യൂട്ടി, ലോകത്തുള്ള മുഴുവൻ സർവേയും, പാലിയേറ്റീവ് പരിചരണം, ഒറ്റപ്പെട്ട് താമസിക്കുന്നവരെ നോക്കാൻ പോകൽ അങ്ങനെയുള്ള നിരവധി ജോലികൾ ഞങ്ങൾ ചെയ്യുന്നുണ്ട്. ഞായറാഴ്ച പോലും വെറുതെയിരിക്കുന്നില്ല. ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ 45, 46 കൺവെൻഷനുകളിൽ ആശാ, ആംഗനവാടി പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കണമെന്നായിരുന്നു പറഞ്ഞത്. മിനിമം വേതനം നൽകണമെന്നും അതിൽ പറഞ്ഞിട്ടുണ്ട്. പണി ചെയ്യുമ്പോൾ നിർബന്ധിത പണിയും, കൂലി ചോദിക്കുമ്പോൾ സന്നദ്ധപ്രവർത്തനവും എന്നുപറയുന്നത് തട്ടിപ്പാണ്. വേതനത്തെ സംബന്ധിച്ച് എൻ.എച്ച്.എമ്മിൽ നിന്നും സംസ്ഥാനത്തിന് ബൾക്കായിട്ടൊരു തുകയാണ് കിട്ടുന്നത്. അതുകൊണ്ട് തന്നെ അതെങ്ങനെയൊക്കെ വിനിയോഗിക്കണമെന്ന് സംസ്ഥാന സർക്കാറിന് തീരുമാനിക്കാം. അതുകൊണ്ട് തന്നെയാണ് ഓണറേറിയം ഇന്ത്യയിൽ ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കുന്നത്. ബംഗാളിൽ വിരമിക്കുന്ന ആശമാർക്ക് 5 ലക്ഷം രൂപ നൽകുന്നുണ്ട്. അത് ബംഗാൾ സർക്കാറാണ് തീരുമാനിച്ചത്.”- എം.എ ബിന്ദു പറഞ്ഞു.

കൊവിഡ്കാലത്താണ് കേരളത്തിലെ ആശ പ്രവർത്തകർ ഏറ്റവും സജീവമായി തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ കാലത്ത് ദൃഢനിശ്ചയത്തോടെ അവർ പ്രവർത്തിച്ചു. ഗൾഫിൽ നിന്നും മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും പ്രവാസികൾ തിരികെയിത്തിയ സമയത്ത്, അതായത് കൊവിഡ് വ്യാപനത്തിന്റെ രണ്ടം ഘട്ടത്തിൽ അവരുടെ ക്വാറന്റയിൻ മുതൽ ദൈനംദിന ആരോഗ്യനില വരെ കൃത്യമായി പരിപാലിക്കുകയും ആവശ്യമായ മരുന്നുകൾ എത്തിക്കുകയും ചെയ്തതിൽ ആശമാരുടെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. കോവിഡ് സമയത്ത്? ഈ കൂട്ടായ പ്രവർത്തനവും നിശ്ചയദാർഢ്യവുമാണ് ലോകാരോഗ്യസംഘടനയുടെ മികച്ച ആരോഗ്യ പ്രവർത്തകർക്കുള്ള അവാർഡിനായി, ഇന്ത്യയിലെ ആശമാരുടെ പേരു കൂടി എത്തിച്ചു. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാർഡുകളിൽ ഒന്നാണ് ആശ വർക്കർമാർക്ക് ലഭിച്ചത്. അതേ ആശാ വർക്കറുമാരാണ് ഇന്ന് തിരുവന്തപുരത്തെ തെരുവിൽ സർക്കാറിനെതിരെ കുറഞ്ഞ കൂലിയെന്ന തൊഴിൽ ചൂഷണത്തിനെതിരെ, തങ്ങൾക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾക്കുവേണ്ടി മുദ്രാവാക്യം വിളിക്കുന്നത്.

സമരത്തിൽ നിന്നും
സമരത്തിൽ നിന്നും

കേരളാ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിലൊന്നുപോലും അന്യായമല്ല. അവയെല്ലാം 100 ശതമാനം ന്യായമാണ്. വനിതകൾ സംഘടിക്കുന്ന സമരത്തെ അധിക്ഷേപിക്കുന്ന സമീപനം ഒരു ഇടതു സർക്കാറിനും മന്ത്രിക്കും ഭൂഷണവുമല്ല. ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെടണം.

Comments