പ്രതിസന്ധി നിറഞ്ഞ തൊഴിൽ സമൂഹത്തിലെ
‘ആശ’യറ്റ വർക്കർമാർ:

ജോലിക്ക്​ അർഹമായ അംഗീകാരവും പ്രതിഫലവും ആശ വർക്കർമാർക്ക്​ ലഭിക്കുന്നുണ്ടോ? സന്നദ്ധ സേവകര്‍ എന്ന നിലയില്‍നിന്ന് മാറ്റി, സ്ഥിര അംഗീകാരം നല്‍കി, കൃത്യമായ ശമ്പളവും മറ്റ്​ ആനുകൂല്യങ്ങളുമുള്ള ജോലിക്കാരായി ആശമാരെ മാറ്റുന്നതിനെ പറ്റി ദേശീയ ആരോഗ്യ മിഷനും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചു. ആശ വർക്കർമാരുടെ തൊഴിൽ പരവും സാമൂഹികവുമായ പ്രതിസന്ധികളെക്കുറിച്ച്​ ഒരന്വേഷണം.

അഞ്ജന

1978- ല്‍ നടന്ന ‘അല്‍മ അറ്റ’ സമ്മേളനം (The Alma Ata Declaration- 1978), പ്രാഥമികാരോഗ്യ വികസനത്തെ കുറിച്ച്​ പുത്തന്‍ ആശയങ്ങളും വഴികളുമാണ് ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ തുറന്നുകൊടുത്തത്.

2005- ല്‍ ദേശീയ ഗ്രാമീണ ആരോഗ്യ മിഷനിലൂടെ ഇന്ത്യയും പ്രാഥമികാരോഗ്യമേഖലയിലെ മുന്നേറ്റത്തെക്കുറിച്ച്​ ചര്‍ച്ച തുടങ്ങിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ആശ വർക്കർമാർ അഥവാ 'Accredited Social Health Activist' (ASHA) എന്ന പേരില്‍ സ്ത്രീകളായ ആരോഗ്യ പ്രവര്‍ത്തകരെ, സന്നദ്ധ പ്രവര്‍ത്തകരായി നിയമിക്കാന്‍ ഭരണകൂടം തീരുമാനിക്കുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും നിയമിക്കപ്പെടുന്ന സാമൂഹിക ആരോഗ്യപ്രവര്‍ത്തകരാണ് ആശ വര്‍ക്കര്‍മാര്‍. സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തിലെ ഡോക്ടര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള ബന്ധത്തിനിടയിലെ കണ്ണികളാണിവര്‍.
18 വര്‍ഷം പിന്നിടുമ്പോള്‍, ഈ കാലത്തിനിടയിൽ അഭിമുഖീകരിച്ച അടിയന്തര ആരോഗ്യ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, ആശമാര്‍ ആരോഗ്യ മേഖലക്ക്​ നല്‍കിയ സംഭാവന ഏറെയാണ്.

​കേരളത്തിലെ ആശമാർ

2008- ല്‍ ആദ്യമായി ആശമാരെ ഗ്രാമീണ ആരോഗ്യത്തിന്റെ കാവലാളുകളായി നിയമിച്ച്​ കേരളവും ഈ മുന്നേറ്റത്തിന്റെ ഭാഗമായി. ഗ്രാമീണ സ്ത്രീകളുടെ ഉന്നമനം, അവരെ കൂടുതല്‍ ആരോഗ്യ ബോധവാന്മാരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്​ ആശമാര്‍, നയരൂപീകരണത്തിന്റെ ഭാഗമായി മുഖ്യധാരയിലെത്തുന്നത്.

പൊതുസമൂഹത്തെ പ്രാഥമികാരോഗ്യകേന്ദ്രവുമായി ബന്ധിപ്പിക്കുന്നതില്‍ ആശമാര്‍ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഹെല്‍ത്ത് ആക്ടിവിസ്റ്റ് എന്നതുമുതല്‍ മുന്‍വിധികളില്ലാതെ എന്തു സംശയം ചോദിക്കാനും പ്രശ്നങ്ങള്‍ തുറന്ന് പറയാനും ഉതകുന്ന വ്യക്തികളായി കൂടിയാണ് അവര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്.

കേരളീയ സമൂഹത്തെ സംബന്ധിച്ച്​, കോവിഡ് കാലഘട്ടമാണ് ആശമാരുമായി അവരെ കൂടുതല്‍ ബന്ധിപ്പിച്ചത്. മഹാമാരി അതിതീവ്രമായി പടരുന്ന സാഹചര്യത്തിലാണ് ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും നിന്ന്​ ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടിലെത്തുന്നത്. അവരുടെ ക്വാറൻറയിൻ മുതല്‍ ദൈനംദിന ആരോഗ്യനില വരെ കൃത്യമായി പരിപാലിക്കുകയും ആവശ്യമായ മരുന്നുകള്‍ എത്തിക്കുകയും ചെയ്തതില്‍ ആശമാരുടെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. അതുതന്നെയാണ് മഹാമാരിയുടെ പടര്‍ച്ച കുറക്കുന്നതില്‍ നാടിനെ സഹായിച്ചത്. കോവിഡ് സമയത്ത്​ ഈ കൂട്ടായ പ്രവര്‍ത്തനവും നിശ്ചയദാര്‍ഢ്യവുമാണ് ലോകാരോഗ്യസംഘടനയുടെ മികച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിനായി, ഇന്ത്യയിലെ ആശമാരുടെ പേരു കൂടി എത്തിച്ചത്.
ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാര്‍ഡുകളില്‍ ഒന്നാണ് ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിച്ചത്. ഇന്ത്യയിലെ ആശ സേന കോവിഡ് കാലത്തടക്കം നല്‍കിയത് വില മതിക്കാനാകാത്ത സേവനമായിരുന്നുവെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയത്. ഗ്രാമീണ ഇന്ത്യയില്‍ വിലമതിക്കാനാകാത്ത സേവനമാണ് ആശ പ്രവര്‍ത്തകര്‍ നല്‍കുന്നത് എന്ന് അവാര്‍ഡ് നിര്‍ണയ സമിതിയും വിലയിരുത്തി.

ചില കുടുംബങ്ങളില്‍ ആശമാരുടെ ഒറ്റ വരുമാനമായിരിക്കും ഏക ആശ്രയം, ഭൂരിഭാഗം പേരും സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലുമല്ല. വൈകി വരുന്ന ഓണറേറിയം സമയോചിതമായ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന് ഭൂരിഭാഗം ആശമാരും അഭിപ്രായപ്പെടുന്നുണ്ട്.

കുന്നുകൂടുന്ന ​ജോലി,
വൈകിയെത്തുന്ന
ഓണറേറിയം

എന്നാല്‍, ചെയ്യുന്ന ജോലിക്ക്​ അർഹമായ അംഗീകാരവും പ്രതിഫലവും ആശമാര്‍ക്ക് കിട്ടുന്നുണ്ടോ എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്. 2008- ൽ ആശമാരെ തിരഞ്ഞെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയപ്പോള്‍, ഈ ജോലി എന്താണെന്നോ, പ്രതിഫലം എന്താണെന്നോ ഒന്നുമറിയാതെ, ഇതൊരു സേവനമാണെന്നുമാത്രം തിരിച്ചറിഞ്ഞ്​ ചേര്‍ന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. പിന്നീട് സ്ഥിരവരുമാനം നല്‍കുന്ന ഗവണ്‍മെൻറ്​ ജോലിയായി ഇതു മാറാന്‍ സാധ്യതയുണ്ട്​ എന്നും വിശ്വസിച്ചവരുണ്ട്.
മറ്റു ചിലരാക​ട്ടെ, മഹിള സ്വസ്ഥ് സംഘ് പോലെയുള്ള ആരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയത്തില്‍ ആശയായി വരാന്‍ തീരുമാനിച്ചിറങ്ങിയവരാണ്. 300 രൂപ വരുമാനത്തില്‍ തുടങ്ങിയ ജോലി കോവിഡ് സമയത്താണ് 6500 രൂപയി​ലേക്കെങ്കിലും എത്തിയത്. ഓരോ മാസവും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുക, പരിശീലനങ്ങളിലും മറ്റ്​ മറ്റു അവലോകന യോഗങ്ങളിലും കൃത്യമായി വിട്ടുവീഴ്ചയില്ലാതെ പങ്കെടുക്കുക എന്നിവ ചെയ്​താലേ ഈ തുക ആശമാര്‍ക്ക് ലഭിക്കൂ. ഇതെല്ലാം ചെയ്തിട്ടും ഓരോ മാസവും ഓണറേറിയം ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അതിനും പലപ്പോഴും ഉത്തരമുണ്ടാകാറില്ല. ഓണത്തിനോ പുതുവര്‍ഷത്തിലോ ഒരുമിച്ചു കിട്ടിയാലായി. ചില കുടുംബങ്ങളില്‍ ആശമാരുടെ ഒറ്റ വരുമാനമായിരിക്കും ഏക ആശ്രയം, ഭൂരിഭാഗം പേരും സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലുമല്ല. വൈകി വരുന്ന ഓണറേറിയം സമയോചിതമായ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന് ഭൂരിഭാഗം ആശമാരും അഭിപ്രായപ്പെടുന്നുണ്ട്.

1000 പേര്‍ക്ക് ഒരു ആശ വര്‍ക്കര്‍ എന്നാണ് ഔദ്യോഗിക കണക്ക് എങ്കിലും കേരളത്തില്‍ ഇത് പാലിക്കപ്പെടുന്നില്ല. രണ്ടു വാര്‍ഡിന്റെ ചുമതല പലപ്പോഴും ഇവര്‍ക്ക് വഹിക്കേണ്ടിവരുന്നുണ്ട്.
ഒരു വശത്ത്​ സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന് ആശമാരെ സംബോധന ചെയ്യുമ്പോള്‍ മറുവശത്ത്​, അവര്‍ക്ക്​ ചെയ്യേണ്ടിവരുന്ന ജോലിയും അതിനുവേണ്ടി മാറ്റിവെക്കുന്ന സമയവും ലഭിക്കുന്ന പ്രതിഫലവുമായി ഒട്ടും പൊരുത്തപ്പെടാറില്ല. കര്‍ശനമായ ഫീല്‍ഡ് വിസിറ്റുകള്‍, പാലിയേറ്റീവ് കെയര്‍, ഗര്‍ഭിണികളുടേയും കുഞ്ഞുങ്ങളുടെയും വീട്ടില്‍ പ്രത്യേക സന്ദര്‍ശനം, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജോലികള്‍, കൂടാതെ, സമയത്ത്​ ചെയ്തുതീര്‍ക്കേണ്ട എണ്ണമില്ലാത്ത സര്‍വ്വേകള്‍, അങ്ങനെ കുന്നുകൂടിക്കിടക്കുകയാണ് ആശമാരുടെ ഉത്തരവാദിത്തങ്ങള്‍. അവര്‍ ചെയ്യുന്ന ജോലികളും ശേഖരിക്കുന്ന വിവരങ്ങളും ഒരു വാര്‍ഡിനെ സംബന്ധിച്ച്​ അത്രത്തോളം പ്രാധാന്യമുള്ളവയാണ്. ഒരു കുടുംബത്തിന്റെ അടിസ്ഥാനമായ എല്ലാ വിവരങ്ങളും ആശമാരുടെ സര്‍വ്വേ പുസ്തകത്തില്‍ ഭദ്രമായിരിക്കും. ഇന്ന് ആരോഗ്യ വിഭാഗം മാത്രമല്ല, വിവിധ തരം ഗവണ്മെൻറ്​ വിഭാഗങ്ങളും ആശമാര്‍ ശേഖരിക്കുന്ന വിവരങ്ങ​ളെയും അവരുടെ ഫീല്‍ഡ് റിസള്‍ട്ടുകളെയുമാണ്​ ആശ്രയിക്കുന്നത്​.

ഭൂരിഭാഗം ആശാ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തനത്തിനപ്പുറം അവരുടെ ജീവിതമാര്‍ഗമായി ഈ ജോലി മാറുകയാണ്. ഒരു ദിവസത്തിന്റെ പകുതിയിലേറെ സമയവും ഫീല്‍ഡിലും പ്രാഥമികാരോഗ്യകേന്ദ്രത്തിലും സര്‍വ്വേകളിലും ഏര്‍പ്പെട്ടിരിക്കുന്ന ഈ പെണ്‍കൂട്ടത്തിന്​ മെച്ചപ്പെട്ട വേതനവും അംഗീകാരവും ലഭിക്കണമെന്നത് മുന്‍തൂക്കമുള്ള ആവശ്യമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കഷ്ടപ്പെട്ട് പണി ചെയ്തിട്ടും, വേണ്ടത്ര പ്രതിഫലമോ അംഗീകാരമോ തൊഴിൽ സ്വാതന്ത്ര്യമോ ലഭിക്കാത്ത സാഹചര്യത്തില്‍, എന്ത് മാനസിക സന്തോഷമാണ് ആശമാര്‍ക്ക് ഉണ്ടാകുന്നത്?

ആ​ശമാരുടെ
മാനസികാരോഗ്യം

ഗ്രാമീണാരോഗ്യമേഖലയുടെ മുഖചിത്രമായി പ്രവര്‍ത്തിക്കുന്ന ആശമാരുടെ മാനസികാരോഗ്യത്തെ കുറിച്ച് മേലുദ്യോഗസ്ഥരും ഗൗരവമായി കാണേണ്ടതുണ്ട്​. എത്രമാത്രം സംതൃപ്തിയും സന്തോഷവും അവര്‍ക്കുണ്ടാകുന്നുവോ, അത്രമാത്രം പ്രവര്‍ത്തിക്കാനുള്ള പ്രചോദനവും ഉണ്ടാകും. അതിലൂടെ മാത്രമേ, നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ആരോഗ്യ മേഖലയില്‍ കൊണ്ടുവരാനാകൂ. കഷ്ടപ്പെട്ട് പണി ചെയ്തിട്ടും, വേണ്ടത്ര പ്രതിഫലമോ അംഗീകാരമോ തൊഴിൽ സ്വാതന്ത്ര്യമോ ലഭിക്കാത്ത സാഹചര്യത്തില്‍, എന്ത് മാനസിക സന്തോഷമാണ് ആശമാര്‍ക്ക് ഉണ്ടാകുന്നത്?

മേലുദ്യോഗസ്ഥരുടെ ഉത്തരവുകളും പെട്ടെന്ന്​ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകളും മറ്റു കണക്കുകളും കടുത്ത മാനസിക സംഘർഷങ്ങളാണ്​ ആശമാരിലുണ്ടാക്കുന്നത്​. ഇതിനോടൊപ്പം കുടുംബത്തില്‍ നിന്നുണ്ടാകുന്ന നിസ്സഹകരണവും ഉത്തരവാദിത്വങ്ങളും ഈ വലിയ കൂട്ടം സ്ത്രീകളെ പിന്നെയും ആഴമുള്ള മാനസിക പ്രതിസന്ധിയിലേക്ക്​ തള്ളിവിടുന്നു.

വലിയൊരു ശതമാനം ആശമാര്‍ പറയുന്നത്​ ഇതാണ്: ‘‘ചില ദിവസങ്ങളില്‍ രാത്രി 10. 30 ആകുമ്പോള്‍ സൂപ്പര്‍വൈസേഴ്​സ്​ ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശം ഇങ്ങനെയായിരിക്കും: ‘10 മിനിറ്റിനുള്ളില്‍ ഒരു വാര്‍ഡിലുള്ള എല്ലാ ഗര്‍ഭിണികളുടെയും, പതിനെട്ടു വയസുള്ള സ്ത്രീകളുടെയും കൃത്യമായ കണക്ക്​ വേണം.’ ഇങ്ങനെയുള്ള സമ്മർദങ്ങൾ മൂലം ഞങ്ങൾക്ക്​ ഉറങ്ങാന്‍ പോലും സമയം കിട്ടാറില്ല.’’

മുഖം തിരിക്കുന്ന
സമൂഹം

സമൂഹത്തില്‍നിന്ന്​ അത്ര അനുകൂലമോ അനുഭാവപൂർണമോ ആയ അനുഭവമല്ല പല ആശമാര്‍ക്കും ലഭിക്കാറ്​; പ്രത്യേകിച്ച്​ ആദ്യ കാലങ്ങളില്‍. കോവിഡ് കാല പ്രവര്‍ത്തനമാണ് അവരുടെ മൂല്യത്തെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കിയത്. എന്നാല്‍ മഹാമാരിയുടെ കാലത്ത് വളരെയധികം മോശമായ അനുഭവങ്ങളിലൂടെ കടന്നുപോയ ആശമാരുമുണ്ട്. കോവിഡ് രോഗികളുമായുള്ള അടുത്ത ഇടപെടല്‍ പലരെയും കുടുംബങ്ങളില്‍നിന്നുപോലും അകറ്റി. ഇന്നും ആ ദിവസങ്ങളെയും അത് നല്കിയ മാനസിക സംഘര്‍ഷങ്ങളെയും ഓർക്കാൻ പോലും ആഗ്രഹിക്കാത്തവരാണ് ഭൂരിഭാഗവും.

സര്‍വ്വേകളുടെ ഭാഗമായി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പലരും ആവശ്യമുള്ള വിവരങ്ങള്‍ നല്കാന്‍ മടിക്കാറുണ്ട്. ഒരു ആധാര്‍ നമ്പറിനു വേണ്ടിയും വോട്ടര്‍ ഐഡിയുടെ കോപ്പിക്കു വേണ്ടിയും ഒരേവീട്ടില്‍ തന്നെ ആഴ്ചയില്‍ അഞ്ചും ആറും തവണ പോകേണ്ടിവന്നതിന്റെ അനുഭവങ്ങൾ പകുതിയിലേറെയും ആശമാര്‍ക്ക് പറയാനുണ്ടാകും.

പത്തു വര്‍ഷങ്ങളിലേറെ കാലമായി ആശമാരായി തുടരുന്നവര്‍ ആരോഗ്യ മേഖലയിലുണ്ട്. മറ്റെല്ലാ ജോലികളില്‍ നിന്നും വിഭിന്നമായി ഈ തൊഴില്‍ നല്‍കുന്ന സാമൂഹ്യ ഇടമാണ് പലരെയും തുടരാന്‍ പ്രേരിപ്പിക്കുന്നത്. പുതുതായി ജോലിയില്‍ വരുന്ന പല മാറ്റങ്ങളും ഇവരെ ഗൗരവമായി ബാധിക്കുന്നുണ്ട്. അതിലൊന്നാണ്, സര്‍വ്വേകള്‍ക്കു വേണ്ടിയുള്ള സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം. പ്രായമായ ആശമാരെ ഇത് വലിയ തോതില്‍ ബാധിക്കുന്നു. പലരും കൂടെ ജോലി ചെയ്യുന്നവരുടെയും സ്വന്തം മക്കളുടെയും സഹായത്തിലാണ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത്. ഇതുമൂലം റിപ്പോര്‍ട്ടുകള്‍ കൊടുക്കാന്‍ വൈകുകയും മേലുദ്യോഗസ്ഥരുടെ ശകാരം കേള്‍ക്കേണ്ടിവരികയും ചെയ്യാറുണ്ട്. ഇത്രയും വര്‍ഷം സമൂഹത്തിനായി പ്രവര്‍ത്തിച്ചിട്ടും, വിരമിക്കാന്‍ ഒരു പ്രായമോ, കൃത്യമായ പെന്‍ഷനോ ഒന്നും ആശമാര്‍ക്കായി വ്യവസ്​ഥ ചെയ്​തിട്ടില്ല എന്നതും പരിതാപകരമാണ്​.

സ്വന്തം വീടുകളില്‍അമ്മയായും ഭാര്യയായും അടുക്കളയില്‍ ഒതുങ്ങിപ്പോയ ഒരുപാട് സ്ത്രീകള്‍ക്ക് പൊതുധാരയിലെത്താൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്.

സ്ത്രീശാക്തീകരണത്തിനും അവരില്‍ ആരോഗ്യ ബോധവത്ക്കരണം മെച്ചപ്പെടുത്താനുമാണ്​ ആശമാര്‍ എന്ന ആശയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെച്ചത്. ഇതില്‍ ഒരു പരിധി വരെ വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. സ്വന്തം വീടുകളില്‍അമ്മയായും ഭാര്യയായും അടുക്കളയില്‍ ഒതുങ്ങിപ്പോയ ഒരുപാട് സ്ത്രീകള്‍ക്ക് പൊതുധാരയിലെത്താൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്. ഒരു വാര്‍ഡില്‍ എല്ലാവര്‍ക്കും പരിചയമുള്ള വ്യക്തിയായി മാറി ഒരു സാമൂഹ്യ മൂലധനം നേടിയെടുക്കാനും ആശമാര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വ്യക്തമാണ്. ഇതുതന്നെയാണ് ആശമാരില്‍ നിന്ന് നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും പഞ്ചായത്ത് പ്രതിനിധികളും ഉണ്ടാകാനുള്ള കാരണം. കോവിഡ് കാല പ്രവര്‍ത്തനം അല്പം കൂടി ആശമാരെ സമൂഹവുമായി ബന്ധിപ്പിച്ചു. ആശയുടെ പേരോ നമ്പറോ ഇല്ലാത്ത ചുരുക്കം ചിലരേ ഒരു വാർഡിൽ കാണുകയുള്ളൂ.

സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതും അവരുടെ സംശയങ്ങൾ തീർക്കുന്നതും പ്രാഥമികാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കേണ്ട സാഹചര്യങ്ങൾ വിശദീകരിക്കുന്നതുമെല്ലാം ഇന്ന് ആശമാരാണ്. അതിനപ്പുറമാണ് സമൂഹത്തിലിറങ്ങി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നതിലൂടെ അവരനുഭവിക്കുന്ന മാനസിക സന്തോഷവും അഭിമാനവും.
പലരുടെയും അനുഭവം ഇതാണ്​: ‘ഞങ്ങളെ കാത്തിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്​, ഒരു ദിവസം കണ്ടില്ലെങ്കില്‍ ഫോണ്‍ വിളിച്ച്​ അന്വേഷിക്കുന്നവരുണ്ട്​, അവരെ കാണുമ്പോഴും സംസാരിക്കുമ്പോഴും സ്വന്തം പ്രശ്നങ്ങള്‍ ചെറുതാണെന്ന് തോന്നും, ഇതെല്ലാമാണ്​, എന്തു പ്രതിസന്ധിക്കിടയിലും ഞങ്ങളെ ഈ രംഗത്ത്​ പിടിച്ചു നിര്‍ത്തുന്നത്.’

സമൂഹത്തിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും സര്‍ക്കാറിന്റെയുമെല്ലാം ലിംഗ വിവേചനം അടക്കമുളള കടുത്ത അനീതി നേരിടുകയാണ് ആശമാര്‍.

അംഗീകാരമില്ലാത്ത
വ്യവസ്​ഥയുടെ ഉപകരണങ്ങൾ

ഏറ്റവും അടിസ്ഥാനപരമായ ഇത്തരം ജോലികളില്‍ സ്ത്രീകളെ മുന്‍നിര്‍ത്തി അവരിൽ അമിതമായ ജോലിഭാരമേൽപ്പിച്ച്​, കൃത്യവും അർഹിക്കുന്നതുമായ വേതനസംവിധാനം നിഷേധിക്കുന്ന കാലത്തോളം ആശമാരിലൂടെ വരുത്താനാഗ്രഹിക്കുന്ന സ്ത്രീശാക്തീകരണം കൊണ്ട്​ എന്തർഥമാണുള്ളത്​ എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.

‘‘ചെയ്യുന്ന ജോലിക്ക്​ അർഹമായ വരുമാനം ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല’’ എന്നുതന്നെയാണ് ആശാ സംഘടനകള്‍ ഉച്ചത്തില്‍ പറയുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്ന തിക്താനുഭവങ്ങള്‍, അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ കഴിയാത്ത സാഹചര്യം, എല്ലാത്തിനുമപ്പുറം ഭാര്യ- അമ്മ എന്നീ നിലകളിൽ കുടുംബത്തിനകത്ത്​ ചെയ്തു തീർക്കാൻ ബാധ്യസ്​ഥമായ അന്തമില്ലാത്ത വീട്ടുജോലികള്‍ എന്നിവയെല്ലാം ഈ സ്​ത്രീകളെ വലിയ പ്രതിസന്ധികളിലേക്ക്​ തള്ളിവിടുന്നു.

‘വീട്ടിലെ എല്ലാ ജോലിയും തീര്‍ത്തിട്ടാണ് ഞാന്‍ ഫീല്‍ഡിലേക്കാണേലും, ആരോഗ്യ കേന്ദ്രത്തിലാണേലും പോകുന്നത്. അവര്‍ക്ക് പരാതി പറയാനുള്ള ​ഒരു സാഹചര്യവും ഞാന്‍ കൊടുക്കാറില്ല’ എന്ന്​, നിസ്സഹായതയോടെ അവർ പറയുമ്പോഴും, സമൂഹത്തിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും സര്‍ക്കാറിന്റെയുമെല്ലാം ലിംഗ വിവേചനം അടക്കമുളള കടുത്ത അനീതി നേരിടുകയാണ് ആശമാര്‍. ജോലിസംബന്ധമായ മാനസിക ബുദ്ധിമുട്ടുകളാണ്​ തങ്ങൾ ഏറെയും അനുഭവിക്കുന്നത്​ എന്ന്​ ഇവരോട്​ സംസാരിച്ചപ്പോൾ വ്യക്തമായി. ഈ പ്രശ്​നം തൊഴിൽഘടനയില്‍ അന്തർലീനവുമാണ്​. ഒരു വശത്ത്​, പ്രവര്‍ത്തിക്കാൻ ഒരു വലിയ ലോകം സ്ത്രീകള്‍ക്കുമുന്നിൽ തുറന്നിട്ടിരിക്കുന്നു. മറു വശത്ത്​, അവരെ യാതൊരു അംഗീകാരവും ഇല്ലാത്ത ഒരു വ്യവസ്ഥയുടെ ഭാഗമായി പ്രതിഷ്ഠിക്കുന്നു.

ആരോഗ്യമേഖലയിലെ ഏറ്റവും അടിസ്ഥാന വര്‍ഗ ജോലിക്കാരാണെങ്കിലും അംഗീകൃതമായ ഒരു പദവിയോ അതിനോടനുബന്ധിച്ച നേട്ടങ്ങളോ ഒന്നും ആശമാര്‍ക്ക് ലഭിക്കുന്നില്ല. കുറഞ്ഞ ശമ്പളം നല്‍കി ഒരു പാട് പണികളേൽപ്പിച്ച്​ ലാഭമെടുക്കാനുള്ളതല്ല ആരോഗ്യമേഖല എന്നത് സർക്കാർ തിരിച്ചറിയേണ്ട ഒന്നാണ്. ആശമാര്‍ ആരോഗ്യ മേഖലക്ക് അത്രയുമധികം പ്രാധാന്യമുള്ള ഒരു വിഭാഗമാണ്. ന്യായമായ അംഗീകാരത്തോടെയും അർഹിക്കുന്ന അനുഭാവത്തോടെയും അവരെ കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സന്നദ്ധ സേവകര്‍ എന്ന നിലയില്‍നിന്ന് മാറ്റി, സ്ഥിര അംഗീകാരം നല്‍കി, കൃത്യമായ ശമ്പളവും മറ്റ്​ ആനുകൂല്യങ്ങളുമുള്ള ജോലിക്കാരായി ആശമാരെ മാറ്റുന്നതിനെ പറ്റി ദേശീയ ആരോഗ്യ മിഷനും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും ചിന്തിച്ചു തുടങ്ങേണ്ടതാണ്. സ്ത്രീകളുടെ ഉന്നമനം മുന്‍നിര്‍ത്താന്‍ ശ്രമിക്കുന്ന കേരളത്തെ സംബന്ധിച്ച്​ ഇത് അനിവാര്യവുമാണ്​. കോവിഡ് കാലഘട്ടത്തില്‍ ലോകമെമ്പാടും കേള്‍വിയാർജിച്ച ‘കേരള മോഡലി’ന്റെ അടിത്തറ തന്നെ ആശ പ്രവർത്തകരായിരുന്നുവെന്നത്​ ഏറ്റവുമാദ്യം ഓർക്കേണ്ടത്​ സർക്കാറുകളാണ്​.

അടിസ്ഥാനവര്‍ഗ ആരോഗ്യ തൊഴിലാളികളില്‍ എന്തുകൊണ്ട്​ സ്ത്രീകളുടെ എണ്ണം കൂടുന്നു, അല്ലെങ്കില്‍ ഇത്തരം മേഖലകളിൽ എന്തുകൊണ്ട്​ സ്ത്രീകള്‍ മാത്രമാകുന്നു എന്നത് ഉച്ചത്തില്‍ ഉന്നയിക്കപ്പെടേണ്ട ഒരു ചോദ്യമാണ്.

Comments