അഴിമതിയും ക്രിമിനൽവൽക്കരണവും ഭരണരംഗത്തുനിന്ന് തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച 130-ാം ഭരണഘടനാ ഭേദഗതിബിൽ പ്രത്യക്ഷത്തിൽ ജനാധിപത്യപരവും സുതാര്യഭരണം ഉറപ്പുവരുത്തുന്നതുമാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഇത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ബി ജെ പി ഇതര സർക്കാരുകളെ ദുർബലപ്പെടുത്താനും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെക്കാനും വഴിതെളിക്കും എന്നുറപ്പാണ്.
ഏറ്റവും പ്രധാനപ്പെട്ട ഒരു ബിൽ പാർലമെന്റിന്റെ വർഷകാലസമ്മേളനം അവസാനിക്കുന്നതിന് ഒരു ദിവസം മുൻപ് ലോക്സഭയിൽ അവതരിപ്പിച്ച് പാർലമെന്റിൽ ഒരു ചർച്ചയ്ക്കും അവസരം നൽകാതെ വേഗത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത് ഈ വിഷയത്തിൽ ബി ജെ പിയുടെ ഗൂഢലക്ഷ്യം വെളിവാക്കുന്നു.
ഒരു ജനാധിപത്യരാജ്യം എന്ന നിലയിൽ ഇന്ത്യയിലെ രാഷ്ട്രീയ പരിണാമങ്ങൾ സൂക്ഷ്‌മതലത്തിൽ അവലോകനം ചെയ്യുകയാണെങ്കിൽ ആശങ്കകൾ ഏറെയുള്ള കാലമാണ് കടന്നുപൊയ്കൊണ്ടിരിക്കുന്നത്. പാർലമെൻ്ററി ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കൂടി പ്രകടിപ്പിക്കുന്നുണ്ട് ഈ കാലഘട്ടം.
ഒറ്റകക്ഷിയുടെ വൻ ഭൂരിപക്ഷവും പ്രതിപക്ഷശക്തികളുടെ അഭാവവും എങ്ങനെയാണ് പാർലമെൻ്ററി ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നത് എന്നതിന്റെ തെളിവു കുടിയാണ് മോദിഭരണം.
ജനാധിപത്യം എങ്ങനെ ജനാധിപത്യത്താൽ അട്ടിമറിക്കപ്പെടുന്നു എന്ന ഭയാശങ്ക അതിന്റെ പൂർണതോതിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത് 2016-ലെ അമേരിക്കൻ തിരഞ്ഞെടുപ്പോടു കൂടിയാണ്. ഡോണൾഡ് ട്രംപിന്റെ അധികാരലബ്ധിയാണ് ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതെങ്കിൽ തുടർന്ന് ബ്രസീലിൽ ബൽസനാരോയും തുർക്കിയിൽ എർദോഗനുമൊക്കെ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയപ്പോൾ ഇത്തരം ആശങ്കകൾക്ക് അടിസ്‌ഥാനമുണ്ടെന്ന് അടിവരയിടപ്പെട്ടു. ലോകത്ത് പല ഭാഗത്തും തീവ്ര വലതു നിലപാടുകളുള്ള കക്ഷികളും അതിതീവ്രനിലപാടുകൾ കൈക്കൊള്ളുന്ന നേതാക്കളും തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിക്കുന്നു. ജനാധിപത്യം, ജനാധിപത്യ രീതിയിൽ അട്ടിമറിക്കാൻ കഴിയുന്ന ഒരു സംവിധാനം കൂടിയാണെന്ന ബോധം കൂടിവരുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും ഇക്കാലയളവിൽ നേരിടുന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. നവലിബറൽകാലത്തെ ഈ തീവ്രവലതുവൽക്കരണം നമ്മുടെ ജനാധിപത്യ ആശയങ്ങൾക്കും കനത്ത പ്രഹരമാണ് എല്പിച്ചത്.
2014- ൽ നരേന്ദ്ര മോദിയുടെ നേതൃതത്തിൽ NDA അധികാരത്തിലെത്തുകയും RSS-ന്റെ ആശയങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം തന്നെ മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒറ്റകക്ഷിയുടെ വൻ ഭൂരിപക്ഷവും പ്രതിപക്ഷശക്തികളുടെ അഭാവവും എങ്ങനെയാണ് പാർലമെൻ്ററി ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നത് എന്നതിന്റെ തെളിവു കുടിയാണ് മോദിഭരണം.

പുതിയ വ്യവസ്ഥകൾ
130-ാം ഭരണഘടനാഭേദഗതി പ്രകാരം, അഞ്ച് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിന് ഒരു മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും, അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെടുകയും ചെയ്താൽ, 31 ദിവസത്തിനകം രാജിവെക്കണം. സംസ്ഥാന മന്ത്രിയാണെങ്കിൽ 31 ദിവസത്തിനകം രാജിവെക്കുകയോ, അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ശുപാർശ പ്രകാരം ഗവർണർ നീക്കംചെയ്യുകയോ വേണം. കേന്ദ്രത്തിലാണെങ്കിൽ 31 ദിവസത്തിനകം രാജിവെക്കുകയോ പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതി മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കംചെയ്യുകയോ വേണം. 31 ദിവസത്തിനകം പുറത്താക്കൽ സംഭവിക്കാത്തപക്ഷം, അടുത്ത ദിവസം മുതൽ അവർ സ്വയം മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവായതായി കരുതപ്പെടും.
ഇതേ നിയമം മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ബാധകമാണ്. അവർ 30 ദിവസം തുടർച്ചയായി ജയിലിൽ കഴിയുകയും സ്ഥാനം ഒഴിയാതിരിക്കുകയും ചെയ്താൽ, അടുത്ത ദിവസം മുതൽ തന്നെ അവർ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ലാതായി കണക്കാക്കപ്പെടും. ഭരണഘടനയുടെ ആർട്ടിക്കിൾ 75, 164, 239 AA എന്നിവയിലും, 1963- ലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ ഗവൺമെന്റ് ആക്ടിലും 2019- ലെ ജമ്മു- കശ്മീർ പുനഃസംഘടനാ നിയമത്തിലും പ്രസക്തമായ ഭേദഗതികൾ വരുത്തിയാണ് ഈ നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. 1951- ലെ ജനപ്രാതിനിധ്യ നിയമവും (തുടർന്നുള്ള ഭേദഗതികളും) 2013- ലെ സുപ്രീം കോടതി വിധിയും അനുസരിച്ച്, വ്യക്തമായി നിർവചിക്കപ്പെട്ട കുറ്റകൃത്യങ്ങളിൽ രണ്ട് വർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ നിലവിൽ എം.പിയെയും എം എൽ എയെയും അയോഗ്യരാക്കാൻ കഴിയൂ. കൂടാതെ, എം.പിയോ എംഎൽഎയോ ആയി യോഗ്യതയുള്ളിടത്തോളം കാലം ആ സ്ഥാനത്ത് തുടരുകയും ചെയ്യാം.
രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ അഞ്ച് വർഷമോ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനും തുടർന്ന് ജയിലിലടയ്ക്കാനും വലിയ പ്രയാസമില്ലെന്ന് കഴിഞ്ഞ കാല സംഭവവികാസങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാം ജനാധിപത്യപരം, എന്നാൽ…
തിരഞ്ഞെടുപ്പുകളിലെ വൻ ഭൂരിപക്ഷം ജനാധിപത്യ അവകാശങ്ങളായ വിയോജിപ്പിനും വിമർശനത്തിനുമുള്ള അവസരങ്ങൾ നിഷേധിക്കുന്നു. നിയമപരമെന്ന് തോന്നിപ്പിക്കും വിധം നിലവിലുള്ള ജനാധിപത്യ സ്ഥാപനങ്ങളെയും തിരഞ്ഞെടുപ്പുകളെയും ഉപയോഗപ്പെടുത്തിയാണ് ഇക്കൂട്ടർ ജനാധിപത്യ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്നത്. വംശം, മതം, സംസ്ക്കാരം തുടങ്ങിയ സ്വത്വങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളെ ധ്രുവീകരിച്ചും വിദ്വേഷം പ്രചരിപ്പിച്ചും കലാപങ്ങൾ സ്യഷ്ടിച്ചും തങ്ങളുടെ താല്പര്യങ്ങൾക്കനുസൃതമായി രാഷ്ട്രീയ വ്യവസ്ഥകളെ രൂപാന്തരപ്പെടുത്തുന്ന ഒരു അന്തരീക്ഷമുണ്ടാക്കുകയാണ് ഇതിന്റെ ആദ്യപടി. സാംസ്‌കാരിക മേൽക്കോയ്‌മ നേടിയെടുക്കാൻ വർഗത്തെയും വർണ്ണത്തെയും കൂട്ടുപിടിക്കുന്നത് ചരിത്രത്തിൽ നാം കണ്ടതാണ്. രാഷ്ട്രീയമായി നിലനിൽക്കുമ്പോൾ മാത്രമാണ് സാധാരണഗതിയിൽ ഫാഷിസ്റ്റ് ശക്തികൾക്ക് സാംസ്‌കാരിക മേൽക്കോയ്മ നേടാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ ഇന്ത്യയിൽ സ്‌ഥിതി വ്യത്യസ്തമാണ്. ഫാഷിസ്റ്റുകൾക്ക് രാഷ്ട്രീയമേൽക്കോയ്മ നേടാൻ സഹായിച്ച ഘടകം സാംസ്‌കാരിക മേൽക്കോയ്മ ആയിരുന്നു. ഒരു ഹിന്ദുത്വരാജ്യം വിഭാവനം ചെയ്യുന്നതിനായി ഓരോ കല്ലും അടുക്കിവെക്കുന്ന പണിത്തിരക്കിലാണ് ഭരണം കയ്യാളുന്നവർ.
2014- ലും 2019- ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം ലഭിച്ച നരേന്ദ്ര മോദി സർക്കാർ നിശ്ചയമായും ഭരണഘടനാനുസൃതമാണ്. എന്നാൽ ഒറ്റകക്ഷി എന്ന നിലയിൽ അവർക്ക് ലഭിച്ച വലിയ ഭൂരിപക്ഷവും ഭരണത്തിൽ പ്രകടിപ്പിക്കുന്ന ഫാഷിസ്റ്റ് സമീപനവും ജനാധിപത്യസംവിധാനത്തെ ദുർബലപ്പെടുത്തുന്നു. നിയമപരമായി തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ അവർ ഭരണഘടനാമുല്യങ്ങൾ സംരക്ഷിക്കാതെ ജനാധിപത്യസ്‌ഥാപനങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ മതനിരപേക്ഷത എന്ന അടിസ്ഥാന സങ്കൽപ്പത്തെ പൊളിച്ചെഴുതി ഹിന്ദുത്വ സ്വേച്ഛാധിപത്യം സ്ഥാപിക്കുക എന്ന മുഖ്യ അജണ്ടയാണ് ഇന്ന് മോദി സർക്കാർ നടപ്പാക്കുന്ന ഓരോ പ്രവൃത്തികൾക്ക് പിന്നിലും.

പാർലമെന്റ് എന്ന നോക്കുകുത്തി
ഇന്ത്യൻ ജനാധിപത്യവ്യവസ്ഥിതിയിൽ പാർലമെൻ്റിനാണ് പ്രഥമ സ്ഥാനം. നിയമനിർമ്മാണം കൂടാതെ ഭരണഘടന ഭേദഗതി ചെയ്യാനും പാർലിമെൻ്റിനാണ് അധികാരം, പുതിയ നിയമങ്ങളെപ്പറ്റിയോ ഭേദഗതികളെപ്പറ്റിയോ വിശദമായ ചർച്ചക്കെടുക്കാതെയാണ് പാർലമെന്റിൽ കുറച്ചുകാലമായി ബില്ലുകൾ പാസ്സാക്കിക്കൊണ്ടിരിക്കുന്നത്. പാർലമെൻ്ററി ജനാധിപത്യത്തിനുനേരെയാണ് കേന്ദ്ര സർക്കാർ നിരന്തരം വാളോങ്ങുന്നത്. ജനാധിപത്യത്തിന്റെ പരമോന്നതവേദി എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെൻ്റിനെ വെറും ബിൽ നിർമ്മാണ യൂണിറ്റാക്കി മാറ്റാനും ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷമായ മൂല്യങ്ങളെ കാറ്റിൽ പറത്താനും 2014 മുതൽ തന്നെ ബി ജെ പി സർക്കാർ കരുക്കൾ നീക്കിയിരുന്നു. പാർലമെൻ്റിലെ ഭൂരിപക്ഷമുപയോഗിച്ച് യാതൊരു ജനാധിപത്യമര്യാദകളും പാലിക്കാതെ ചർച്ചകളോടും പ്രതിഷേധങ്ങളോടും മുഖം തിരിക്കുകയാണ് കേന്ദ്ര സർക്കാർ. പുതിയ നിയമങ്ങളോ ഭേദഗതികളോ പരിശോധിക്കാൻ സെലക്ട് കമ്മിറ്റികൾക്കോ ഡിപ്പാർട്‌മെന്റുകളുമായി ബന്ധപ്പെട്ട കമ്മിറ്റികൾക്കോ നൽകുന്നില്ല. തിരഞ്ഞെടുപ്പുകളെയും നിലവിലിരിക്കുന്ന സ്‌ഥാപനങ്ങളെയും ഉപയോഗപ്പെടുത്തി വളരെ മന്ദഗതിയിൽ, നിയമപരമെന്ന് തോന്നിപ്പിക്കും വിധം ജനാധിപത്യത്തെ എങ്ങനെ സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറ്റാം എന്നാണ് ഭരണകൂടം ചിന്തിക്കുന്നത്.
പുതിയ നിയമങ്ങളോ ഭേദഗതികളോ പരിശോധിക്കാൻ സെലക്ട് കമ്മിറ്റികൾക്കോ ഡിപ്പാർട്‌മെന്റുകളുമായി ബന്ധപ്പെട്ട കമ്മിറ്റികൾക്കോ നൽകുന്നില്ല. തിരഞ്ഞെടുപ്പുകളെയും നിലവിലിരിക്കുന്ന സ്‌ഥാപനങ്ങളെയും ഉപയോഗപ്പെടുത്തി വളരെ മന്ദഗതിയിൽ, നിയമപരമെന്ന് തോന്നിപ്പിക്കും വിധം ജനാധിപത്യത്തെ എങ്ങനെ സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറ്റാം എന്നാണ് ഭരണകൂടം ചിന്തിക്കുന്നത്.
ഭരണകൂട അന്വേഷണ ഏജൻസികൾ
ജനാധിപത്യവ്യവസ്‌ഥയിലെ വിജയം എന്നത്, ഒരു തിരഞ്ഞടുപ്പ് നടക്കുന്ന പ്രത്യേക സമയത്ത് ജനങ്ങളുടെ ചിന്തകളെ കൈകാര്യം ചെയ്യുക എന്നതാണ്. ഇത് അറിഞ്ഞുകൊണ്ടാണ് ഇന്ന് രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തരം സംവിധാനത്തിൽ ആശയ- നയപരിപാടികൾക്ക് രണ്ടാംസ്ഥാനം മാത്രമാണുള്ളത്. പ്രത്യയശാസ്ത്രനിലപാടുകളെ മാറ്റിവെച്ച് തിരഞ്ഞെടുപ്പ് വിജയത്തിനായി തന്ത്രങ്ങൾ മെനയുന്ന Electoral strategist-കളെ പാർട്ടികൾ ഉപയോഗപ്പെടുത്തുന്നു. ജനങ്ങളെ പെട്ടെന്ന് സ്വാധീനിക്കാൻ കഴിയുന്ന ചില സമവാക്യങ്ങളെ മനസ്സിലാക്കുകയും ചില മുദ്രാവാക്യങ്ങളിൽ മാത്രം ശ്രദ്ധകൊടുക്കുന്ന രീതിയിലേക്ക് സമീപകാല തിരഞ്ഞെടുപ്പുകൾ മാറ്റപ്പെട്ടിരിക്കുന്നു. പ്രതിഷേധങ്ങളെയും സമരങ്ങളെയും മുഖവിലയ്ക്കെടുക്കാതെ ജനാധിപത്യശബ്ദങ്ങൾ അടിച്ചമർത്തുന്ന ഭരണകൂടം ജനങ്ങളെ കേൾക്കാനോ അവരുടെ ആശങ്കകൾ പരിഹരിക്കാനോ ജനപ്രതിനിധികളെ ബഹുമാനിക്കാനോ ശ്രമിക്കുന്നില്ല. പ്രതിപക്ഷം സർക്കാരിനെതിരെ നിരന്തരം ഉപയോഗിക്കുന്ന നിരവധി വാക്കുകൾപോലും വിലക്കുന്ന അവസ്ഥ ഉണ്ടായി. പ്രതിപക്ഷകക്ഷിനേതാക്കളെയും മനുഷ്യാവകാശ പ്രവർത്തകരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുന്നു. പണത്തിന്റെയും അധികാരത്തിന്റെയും വഴികളിലൂടെ സംസ്ഥാന ഭരണകൂടങ്ങളെ അട്ടിമറിക്കുന്നു.

രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിന് ഗൗരവമായ പരിഷ്കരണം ആവശ്യമാണെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെടുന്നവർ പദവികളിൽ തുടരുന്നത് തടയാൻ പുതിയ ഭേദഗതി ആവശ്യമാണ് എന്നുമാണ് മോദി സർക്കാരിന്റെ വാദം. എന്നാൽ കേന്ദ്ര അന്വേഷണ ഏജൻസികളായ CBI, NIA, ED, സെൻട്രൽ വിജിലൻസ് കമ്മീഷൻ എന്നീ സ്‌ഥാപനങ്ങൾ ബി ജെ പി അനുബന്ധങ്ങളായി പ്രവർത്തിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ പണക്കൊഴുപ്പും ഗവർണർ പദവിയും ദുരുപയോഗം ചെയ്യുന്നത് തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നടന്ന സംഭവവികാസങ്ങളോട് കൂട്ടിവായിക്കാവുന്നതാണ്. രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ അഞ്ച് വർഷമോ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനും തുടർന്ന് ജയിലിലടയ്ക്കാനും വലിയ പ്രയാസമില്ലെന്ന് കഴിഞ്ഞ കാല സംഭവവികാസങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു കുറ്റകൃത്യത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ, ജാമ്യം അനുവദിക്കുന്ന ഘട്ടത്തിൽ കേസിലെ തെളിവുകൾ പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ല. മന്ത്രിയോ പ്രധാന മന്ത്രിയോ ഉൾപ്പെടുന്ന കേസുകളിൽ സ്വാധീന സാധ്യത കണക്കിലെടുത്ത് ഉറപ്പായും ജാമ്യം നിഷേധിക്കാനും സാധ്യതയുണ്ട്. ഇതെല്ലാം വിരൽ ചൂണ്ടുന്നത്, ബി ജെ പി ലക്ഷ്യം വെക്കുന്ന അധികാര കേന്ദ്രീകരണത്തിലേക്കാണ്. ഫെഡറലിസം എന്ന ഭരണഘടനയുടെ അടിസ്ഥാന സങ്കൽപ്പത്തിനും ഈ ഭേദഗതി ആഘാതം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. അങ്ങനെ എല്ലാ തലത്തിലും ഫാഷിസം പൂർണമാക്കപ്പെടുമ്പോൾ അതിനെ നാം ജനാധിപത്യമായി തെറ്റിദ്ധരിക്കുന്നു.
