ഫ്രാങ്കോ മുളക്കൽ കേസിന്റെ വിധിപ്രസ്താവത്തിന് മുന്നോടിയായി കോട്ടയം അഡീഷനൽ സെഷൻ കോടതിക്ക് ചുറ്റും പൊലീസ് ഒരുക്കിയ സുരക്ഷാസന്നാഹം. / Photo: The News Minute

ഫ്രാങ്കോ വിധി: സ്ത്രീവിരുദ്ധതയുടെ പ്രാകൃത നീതിവിചാരം

സ്ത്രീവിരുദ്ധ സമീപനങ്ങളിൽ നിന്നും​ ലൈംഗികാക്രമണ നിയമങ്ങൾ സംബന്ധിച്ച കൊളോണിയൽ ഹാങ് ഓവറിൽ നിന്നും നമ്മുടെ കോടതികൾ ഇപ്പോഴും കരകയറിയിട്ടില്ല എന്നതാണ് സത്യം. കന്യാസ്​ത്രീ ലൈംഗികാക്രമണത്തിനിരയായ കേസിൽ പ്രതിയായ ഫ്രാ​ങ്കോയെ വെറുതെവിട്ട കോടതിവിധിയുടെ പാശ്​ചാത്തലത്തിൽ ഒരന്വേഷണം.

മൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കോടതിവിധികൾ ഇന്ത്യൻ നിയമവ്യവസ്ഥിതിയിൽ അപൂർവമല്ല. പ്രത്യേകിച്ച് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പല കേസുകളിലും പ്രാകൃതമായ സാമൂഹിക ബോധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കേസുകൾ നിരവധിയാണ്. ജാതി- മത- ലിംഗ- വർഗ വിവേചനപരമായതും തികച്ചും സ്ത്രീവിരുദ്ധവുമായ ഒരു പാരമ്പര്യം ഇന്ത്യൻ നീതിന്യായ സംവിധാനത്തിനുണ്ട്, സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ നാളുകളിൽ സംവരണം സംബന്ധിച്ച കേസുകളിലും, ഭൂപരിഷ്‌കരണം സംബന്ധിച്ച കേസുകളിലും, മൗലികാവകാശങ്ങൾ സംബന്ധിച്ച കേസുകളിലും, നിരവധി ലൈംഗികാക്രമണ കേസുകളിലും സുപ്രീംകോടതിയുടേത് ഉൾപ്പെടെയുള്ള നിലപാടുകൾ സവർണ, മുതലാളിവർഗ, കൊളോണിയൽ, സ്ത്രീവിരുദ്ധ പരമ്പര്യത്തിന്റെ പിന്തുടർച്ചകളായിരുന്നു എന്നു കാണാം. ഭരണഘടനാ ഭേദഗതികളിലൂടെയാണ് സംവരണവും ഭൂനിയമങ്ങളും സംബന്ധിച്ച സുപ്രീംകോടതിയുടെ പിന്തിരിപ്പൻ നിലപാടുകളെ നമ്മൾ മറികടന്നത്. എന്നാൽ സ്ത്രീവിരുദ്ധ സമീപനങ്ങളിൽ നിന്നും​ ലൈംഗികാക്രമണ നിയമങ്ങൾ സംബന്ധിച്ച കൊളോണിയൽ ഹാങ് ഓവറിൽ നിന്നും നമ്മുടെ കോടതികൾ ഇപ്പോഴും കരകയറിയിട്ടില്ല എന്നതാണ് സത്യം.

ലൈംഗികാക്രമണം അതിജീവിച്ച സ്ത്രീയുടെ ‘സ്വഭാവശുദ്ധി’യെ വിചാരണയ്ക്ക് നിർത്തിക്കൊണ്ടും മുൻ ലൈംഗികാനുഭവങ്ങളിൽ ഊന്നിക്കൊണ്ടും ആരോപണവിധേയർക്ക് സംരക്ഷണം നല്കുന്ന, സർ മാത്യു ഹേലിന്റെ കാലത്തു നിന്ന്​ ഒരടി മുന്നോട്ടുപോകാത്ത ന്യായാധിപർ നമുക്ക് ഇപ്പോഴുമുണ്ട്.

1997-ലെ "വിശാഖാ- മാർഗനിർദ്ദേശങ്ങളിലൂടെ' സുപ്രീംകോടതിയും 2013-ലെ ക്രിമിനൽ നിയമ ഭേദഗതിയിലൂടെ പാർലമെന്റും പുരോഗമനപരമായ ഇടപെടലുകൾ നടത്തിയെങ്കിലും കോടതികളിൽ ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിലെ നിയമതത്ത്വങ്ങളാണ് മാറ്റുരയ്ക്കപ്പെടുന്നത് എന്നു കാണാം. ലൈംഗികാക്രമണം അതിജീവിച്ച സ്ത്രീയുടെ ‘സ്വഭാവശുദ്ധി’യെ വിചാരണയ്ക്ക് നിർത്തിക്കൊണ്ടും മുൻ ലൈംഗികാനുഭവങ്ങളിൽ ഊന്നിക്കൊണ്ടും ആരോപണവിധേയർക്ക് സംരക്ഷണം നല്കുന്ന, സർ മാത്യു ഹേലിന്റെ കാലത്തു നിന്ന്​ ഒരടി മുന്നോട്ടുപോകാത്ത ന്യായാധിപർ നമുക്ക് ഇപ്പോഴുമുണ്ട്. സ്ത്രീയുടെ പെരുമാറ്റവും, സ്വഭാവവും, ശരീരവും നിരന്തരം വിചാരണ ചെയ്യപ്പെടുകയും കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുന്നുവെന്ന് കാണാം.

2020 ജൂൺ 22-ന് ഒരു ലൈംഗികാക്രമണ കേസിൽ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. ദീക്ഷിത് പ്രസ്താവിച്ചത്; ""സംഭവത്തിനുശേഷം തളർന്നുറങ്ങിപ്പോയി എന്ന സ്ത്രീയുടെ വിശദീകരണം ഒരു ഇന്ത്യൻ സ്ത്രീയ്ക്ക് യോജിച്ചതല്ല'' എന്നാണ്. ""നമ്മുടെ സ്ത്രീകൾ "മാനഭംഗപ്പെട്ടാൽ' പ്രതികരിക്കുന്നത് ഇങ്ങനെയല്ല'' എന്നതായിരുന്നു പ്രതിക്കനുകൂലമായി കോടതി കണ്ടെത്തിയ ന്യായം. ഡൽഹി ഹൈക്കോടതി 2017-ൽ മഹമൂദ് ഫറൂക്കി കേസിൽ ""ഒരു "ദുർബലമായ നോ' അനുമതി നിഷേധിക്കലായി കണക്കാക്കാൻ കഴിയില്ല'' എന്നു വിധിച്ചു കളഞ്ഞു. സൂര്യനെല്ലി കേസിലുണ്ടായ കോടതി പരാമർശം നമുക്കെല്ലാം അറിവുള്ളതാണല്ലോ.

ഭൻവാരി ദേവി

1992-ലെ ഭൻവാരി ദേവിയുടെ അനുഭവം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ തീരാ കളങ്കമാണ്. രാജസ്ഥാനിലെ സ്ത്രീക്ഷേമ പദ്ധതിയിലെ "സാത്തിൻ' ആയിരുന്നു ഭൻവാരി ദേവി. സ്ത്രീസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിരന്തരം ഇടപെട്ട് പ്രവർത്തിച്ചിരുന്നു അവർ. രാജ്യത്ത് ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. ശൈശവ വിവാഹങ്ങൾ തടയേണ്ടത് ഗവണ്മെൻറ്​ സാത്തിൻ എന്ന നിലയ്ക്ക് അവരുടെ നിയമപരമായ ഉത്തരവാദിത്തം കൂടിയാണ്. തന്റെ ഗ്രാമത്തിൽ ഇപ്രകാരം ഒരു വയസ്സു മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ വിവാഹം നടത്തുന്നു എന്നു വന്നപ്പോൾ അവർ ഇടപെട്ട് തടഞ്ഞു. ഭൻവാരി ദേവി കുമഹാർ ജാതിയിൽ പ്പെട്ട സ്ത്രീയാണ്. ഒ.ബി.സി.യാണ്. വിവാഹം നടക്കാനിരുന്നത് രാജസ്ഥാനിലെ പ്രമുഖ സവർണ വിഭാഗമായ ഗുജ്ജർ കുടുംബത്തിലെയും. വിവാഹം നടക്കാനിരുന്ന ദിവസം പൊലീസ് എത്തി അത് തടഞ്ഞുവെങ്കിലും പിറ്റേന്നുതന്നെ വിവാഹം നടന്നു. പൊലീസോ മറ്റ് അധികാരികളോ ഇടപെട്ടതേയില്ല. എന്നാൽ ഇതോടെ ഭൻവാരി ദേവിയും കുടുംബവും സാമൂഹ്യ ഭ്രഷ്ടിനിരയായി. ഗുജ്ജറുകൾ അവരുടെ കൃഷിയിടം നശിപ്പിച്ചു. അവരുണ്ടാക്കുന്ന മൺപാത്രങ്ങളോ മറ്റ് ഉത്പന്നങ്ങളോ ആരും വാങ്ങാതെയായി. അവരുമായുള്ള എല്ലാ ക്രയവിക്രയങ്ങളും സമൂഹം അവസാനിപ്പിച്ചു. ഒരു ദിവസം ഭൻവാരി ദേവിയും ഭർത്താവും പാടത്ത് പണിയെടുത്തുകൊണ്ടിരിക്കവേ, ശൈശവ വിവാഹം നടത്തിയ കുഞ്ഞിന്റെ അച്ഛൻ രാം കരൺ ഗുജ്ജറും മറ്റ് നാലുപേരും ചേർന്ന് ഭർത്താവിനെ അടിച്ചു അവശനാക്കിയ ശേഷം ഭൻവാരി ദേവിയെ കൂട്ട ലൈംഗികാക്രമണത്തിനിരയാക്കി. അവർ കേസുമായി മുന്നോട്ടുപോയെങ്കിലും നാളിതുവരെ നീതി ലഭിച്ചില്ല.

കോട്ടയം സെഷൻസ് കോടതി ജഡ്ജി ജസ്റ്റിസ് ഗോപകുമാർ ജി. യുടെ 289 പേജുള്ള വിധിന്യായം വളരെ ഭംഗിയായി എഴുതി തയ്യാറാക്കിയിട്ടുള്ളതാണ് എന്നു പറയാതെ വയ്യ. അതിൽ ഒരു യുക്തിയുണ്ട്, അതിനു പറ്റിയ ഒരു നിയമവ്യാഖ്യാനരീതിയുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ലോക വനിതാ സമ്മേളനത്തിൽ വരെ പങ്കെടുത്തിട്ടുണ്ടവർ; പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കാലത്ത് ധീരതക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ഇപ്പോൾ രാജസ്ഥാൻ ഗവണ്മെൻറ്​ 4000 രൂപ പെൻഷൻ നല്കുന്നുണ്ട്. പക്ഷേ, ഗുജ്ജർ വോട്ടുബാങ്കിനെ ഭയന്ന് പ്രതികൾക്കെതിരെ ഒരു വാക്കുപോലും ഉരിയാടാൻ അധികാരികൾ തയ്യാറാകില്ല. കേസ് രജിസ്റ്റർ ചെയ്യാനോ, വൈദ്യ പരിശോധന നടത്തുവാനോ പോലും ആദ്യഘട്ടത്തിൽ അധികാരികൾ തയ്യാറായിരുന്നില്ല. പിന്നീട് കേസ് സി.ബി.ഐ. ഏറ്റെടുത്തു. കോടതിയിലെത്തി. എന്നാൽ സാമൂഹ്യ മനഃസാക്ഷിയെ ലജ്ജിപ്പിക്കും വിധം കോടതി പ്രതികളെ വെറുതെ വിട്ടു. "ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഒരു ഭർത്താവിനും നോക്കി നിൽക്കാനാവില്ല' എന്നതായിരുന്നു കോടതിയുടെ ഒരു ന്യായം. പ്രതികളിൽ രാം കരണും അദ്ദേഹത്തിന്റെ മരുമകനും ഉണ്ടായിരുന്നു. "ഒരിന്ത്യൻ ഗ്രാമത്തിൽ നിന്നുമുള്ള ഒരു മദ്ധ്യവയസ്‌കൻ സ്വന്തം മരുമകന്റെ മുന്നിൽ വച്ച് കൂട്ടബലാത്സംഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല' എന്നായിരുന്നു കോടതിയുടെ മറ്റൊരു കണ്ടെത്തൽ. അതിലും വിചിത്രമായിരുന്നു മറ്റൊരു വാദം: "ഒരു ഉന്നത ജാതിക്കാരൻ കീഴ്ജാതിയിൽപ്പെട്ട പെണ്ണിനെ ബലാത്സംഗം ചെയ്തുകൊണ്ട് സ്വയം കളങ്കപ്പെടാൻ സാധ്യതയില്ല.' ഇത്തരത്തിലുള്ള വിചിത്ര വിധിന്യായങ്ങൾ ഏറെയുണ്ട് ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ. ആ നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ബിഷപ്പ് ഫ്രാങ്കോ കേസിലെ വിധി.

ഭൻവാരി ദേവിക്കെതിരായ കോടതി വിധിയിൽ പ്രതിഷേധിച്ച് ജയ്പൂരിൽ നടത്തിയ മാർച്ച്‌ / Photo: Vividha.org

കോട്ടയം സെഷൻസ് കോടതി ജഡ്ജി ജസ്റ്റിസ് ഗോപകുമാർ ജി. യുടെ 289 പേജുള്ള വിധിന്യായം വളരെ ഭംഗിയായി എഴുതി തയ്യാറാക്കിയിട്ടുള്ളതാണ് എന്നു പറയാതെ വയ്യ. അതിൽ ഒരു യുക്തിയുണ്ട്, അതിനു പറ്റിയ ഒരു നിയമവ്യാഖ്യാനരീതിയുണ്ട്. അത് നന്നായി അനുവർത്തിക്കാൻ കഴിഞ്ഞിട്ടുമുണ്ട്. അപ്പീലിൽ പ്രോസിക്യൂഷന് ഒരു "ഈസീ വാക്ക്-ഓവർ' ആയിരിക്കുമെന്ന് കരുതാനുമാകില്ല. വിധിയിലെ നിയമയുക്തിയോട് പക്ഷേ ഒരു ആധുനിക ജനാധിപത്യ സമൂഹത്തിലെ പൗരൻ എന്ന നിലയ്ക്ക് നമുക്ക് യോജിക്കാനാകില്ല. ലൈംഗികാക്രമണ പരാതി വ്യാജമാണെന്ന മുൻവിധിയോടെ പരാതിക്കാരിയുടെ വ്യക്തിഹത്യ നടത്തിയിരുന്ന കൊളോണിയൽ കാലഘട്ടത്തിലെ നിയമയുക്തിയാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. അതിജീവിതയ്ക്ക് അനുകൂലമായ തെളിവുകളെ പോലും കുറ്റാരോപിതനുതകുന്ന രീതിയിൽ ഇവിടെ വ്യാഖ്യാനിക്കപ്പെടുന്നത് കാണാം. ഇതിന് സമാനമായ ഒരു സമീപനം സമീപകാലത്ത് നാം കണ്ടത് തരുൺ തേജ്പാലിനെതിരായി ഉയർന്നു വന്ന "മീ ടു' ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ്. അതിജീവിതയുടെ സ്വഭാവശുദ്ധിയും മറ്റുമാണ് കോടതി വിചാരണ ചെയ്തത്. ലൈംഗികാക്രമണത്തിനു ശേഷം അതിജീവിത കരഞ്ഞില്ല എന്നൊക്കെ കോടതി കണ്ടെത്തുന്നുണ്ട്. തേജ്പാലിനെതിരെ ശക്തമായ തെളിവാകുമായിരുന്ന മാപ്പ് ചോദിക്കുന്ന സന്ദേശം പോലും അദ്ദേഹത്തിന് അനുകൂലമായാണ് കോടതി വ്യാഖ്യാനിച്ചത്.

ഫ്രാങ്കോ കേസ്

റോമൻ കത്തോലിക്ക സഭയുടെ ജലന്ധർ ഡയൊസിസിന്റെ അധിപനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് മഠത്തിലെ മദർ ആയിരുന്ന കന്യാസ്ത്രീയെ 2014 മെയ് 05 മുതൽ 2016 വരെ 13 തവണ ബലാത്സംഗം ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇന്ത്യൻ പീനൽ കോഡിലെ 342 (തെറ്റായി തടവിൽ വയ്ക്കുക), 376(2) (കെ) (അധികാര സ്ഥാനത്തിരുന്ന്​ ഒരു സ്ത്രീയെ ലൈംഗികമായി ആക്രമിക്കുക), 376(ഡി) (മഠാധിപതി അന്തേവാസിയെ ലൈംഗികമായി ആക്രമിക്കുക), 377 (പ്രകൃതി വിരുദ്ധ പീഡനം), 354 (റേപ്പ്​ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുക), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകളാണ് ഫ്രാങ്കോയ്‌ക്കെതിരെ ചാർത്തിയിരുന്നത്. എല്ലാറ്റിൽ നിന്നും ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടു.

അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റം വിധിക്കാൻ കഴിയുമോ എന്ന നിയമപ്രശ്‌നത്തിന് കേവല നിയമയുക്തി കൊണ്ട് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വിധി പ്രസ്താവിക്കുകയുമാണുണ്ടായത്.

ബിഷപ്പിന്റെ അധികാരം

കോടതി ആദ്യം പരിശോധിച്ചത് ബിഷപ്പ് ഫ്രാങ്കോയ്ക്ക് കുറവിലങ്ങാട് മഠത്തിന്മേലും പരാതിക്കാരി ഉൾപ്പെടുന്ന കന്യാസ്ത്രീ സമൂഹത്തിന്മേലും നിയന്ത്രണാധികാരമുണ്ടോ എന്നാണ്. ലോക്കൽ ബിഷപ്പിനാണ് അധികാരമെന്നും ഫ്രാങ്കോയ്ക്ക് ഇതിൽ യാതൊരു നിയന്ത്രണവുമില്ലെന്ന വാദം തള്ളിയ കോടതി, ബിഷപ്പ് ഫ്രാങ്കോയ്ക്ക് കീഴിലാണ് കുറവിലങ്ങാട് മഠവും പരാതിക്കാരി ഉൾപ്പെടുന്ന കന്യാസ്ത്രീ സമൂഹവും വരുന്നത് എന്നു കണ്ടെത്തി. കേസിലെ സുപ്രധാനമായ ഒരു കണ്ടെത്തലായിരുന്നു ഇത്. ഈയൊരു ബോധ്യത്തോടെ പരാതിക്കാരിയുടെ പ്രതികരണങ്ങളെ വിലയിരുത്താൻ പിന്നീട് കോടതി തയ്യാറായില്ല എന്നാണ് വിധിയുടെ തുടർഭാഗങ്ങൾ വായിക്കുമ്പോൾ മനസിലാവുക. പകരം അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റം വിധിക്കാൻ കഴിയുമോ എന്ന നിയമപ്രശ്‌നത്തിന് കേവല നിയമയുക്തി കൊണ്ട് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വിധി പ്രസ്താവിക്കുകയുമാണുണ്ടായത്.

ഫ്രാങ്കോ മുളക്കൽ

വിധിയിലെ നിയമയുക്തി

Wahid Khan Vs State Of M.P (on 1 December, 2009) കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ച്​ പരാതിക്കാരിയെ വിശ്വസിക്കാൻ കൊള്ളാവുന്നതാണെന്ന് തോന്നിയാൽ കോടതിയ്ക്ക് അവരുടെ മൊഴി ഏക തെളിവായി സ്വീകരിക്കാം എന്ന് പ്രസ്താവിക്കുന്നു. എന്നാൽ അതിന് പരാതിക്കാരി കോടതിയിൽ വിശ്വാസം ജനിപ്പിക്കുന്ന ഒന്നാംതരം സാക്ഷി (sterling witness)ആയിരിക്കേണ്ടതുണ്ട്. തുടർന്ന് ‘സ്റ്റെർലിംഗ് വിറ്റ്‌നെസ്’ എന്താണ് എന്ന്​ കോടതി അന്വേഷിക്കുന്നു. ഉപോദ്ബലകമായ മറ്റ് തെളിവുകളൊന്നും ഇല്ലാതെ തന്നെ കോടതിയ്ക്ക് വിശ്വസിച്ച്​മൊഴി ഏക തെളിവായി സ്വീകരിക്കാൻ കഴിയുന്ന സാക്ഷിയാണ് "സ്റ്റെർലിംഗ് വിറ്റ്‌നെസ്'. ദീപു Vs എൻ.സി.ടി. ഓഫ് ഡൽഹി കേസിൽ സുപ്രീംകോടതി ‘സ്റ്റെർലിംഗ് വിറ്റ്‌നെസ്’ ആരായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. അതിൽ പറയുന്ന പ്രധാന കാര്യം സാക്ഷിമൊഴിയിലെ സ്ഥിരതയാണ്. ആദ്യ മൊഴി നല്കുന്നതുമുതൽ കോടതിക്ക് മുൻപാകെ നല്കുന്ന മൊഴി വരെ സ്വാഭാവികവും സ്ഥിരതയുള്ളതും ആയിരിക്കണമെന്നാണ് സുപ്രീംകോടതി പറയുന്നത്. കസ്​തി മല്ലയ്യ Vs സ്റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശിൽ സുപ്രീംകോടതി സാക്ഷിമൊഴികളെ വിലയിരുത്തുന്നത് സംബന്ധിച്ച് എടുത്ത തീരുമാനപ്രകാരം, സാക്ഷിമൊഴി പൂർണമായും വിശ്വസനീയമാണെന്നോ പൂർണമായി തള്ളിക്കളയേണ്ടതാണെന്നോ കോടതിയ്ക്ക് ബോധ്യപ്പെട്ടിട്ടില്ലെങ്കിൽ ഉപോദ്ബലകമായ മറ്റ് തെളിവുകളും സാക്ഷിമൊഴികളും കൂടി കോടതി സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കാൻ കഴിയുമോ എന്നു തീരുമാനമെടുക്കാനാകൂ. ജയശീലൻ Vs സ്റ്റേറ്റ് ഓഫ് തമിഴ്‌നാട് കേസും ഇവിടെ ഉദ്ധരിക്കപ്പെടുന്നുണ്ട്. ഇങ്ങനെ നിരവധി കേസുകൾ ഉദ്ധരിച്ച്​പരാതിക്കാരിയുടെ മൊഴി പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നു പറയുകയാണ് കോടതി. ഇങ്ങനെ പരിശോധിക്കുമ്പോൾ പരാതിക്കാരിയുടെ മൊഴി സ്ഥിരതയില്ലാത്തതാണ് എന്ന് കോടതിയ്ക്ക് തോന്നുവാനുണ്ടായ 9 കാരണങ്ങൾ വിധിയുടെ 388-മത്തെ ഖണ്ഡികമുതൽ വിശദീകരിക്കുന്നുണ്ട്.

പിന്നീട് പരാതിക്കാരിയുടെ മൊഴി സംബന്ധിച്ച് സാഹചര്യത്തെളിവുകൾ പരിശോധിക്കുമ്പോൾ ഉണ്ടാകുന്ന സംശയങ്ങളെക്കുറിച്ചാണ്. പരാതിക്കാരിയും ഫ്രാങ്കോയും തമ്മിലുള്ള ഇ- മെയിൽ സന്ദേശങ്ങൾ അവർ തമ്മിൽ അടുപ്പമുള്ളതായി തെളിയിക്കുന്നു. ആദ്യ അതിക്രമം നടന്നുവെന്ന് പറയപ്പെടുന്നതിന്റെ പിറ്റേന്ന് പരാതിക്കാരിയും ബിഷപ്പും ഒരുമിച്ച് കാറിൽ ദീർഘദൂരം യാത്ര ചെയ്യുകയും ഒരു പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. പരിപാടിയുടെ വീഡിയോയിലും ഫോട്ടോഗ്രാഫിലും പരാതിക്കാരി പ്രസന്നവദനയായി കാണപ്പെട്ടു. പരാതിക്കാരിക്കെതിരെ അവരുടെ കസിൻ തന്റെ ഭർത്താവുമായി ഇവർക്ക് അവിഹിതബന്ധമുണ്ട് എന്നു കാണിച്ച്​ പരാതി നൽകുകയും പരാതിക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തതിനു ശേഷമാണ് ഔദ്യോഗികമായി പരാതിക്കാരി രംഗത്തുവരുന്നത്. സിസ്റ്റർ ടീൻസിയെ മദർ സുപ്പീരിയറായി നിയമിച്ചത് സംബന്ധിച്ച് ഇവർക്ക് വിയോജിപ്പുണ്ടായിരുന്നു. ബിഷപ്പ് അശ്ലീല സന്ദേശമയച്ചു എന്നു പറയുന്ന മൊബൈൽ ഫോൺ ഹാജരാക്കാൻ കഴിയാത്തത്, ലാപ്പ് ടോപ്പ് ഹാജരാക്കാത്തത്, സഭയ്ക്കകത്തെ വിഭാഗീയതയും വിഷയമായിരുന്നു എന്നിങ്ങനെ നിരവധി കാരണങ്ങൾ വിധിയിൽ ലിസ്റ്റ് ചെയ്യുന്നുണ്ട്.

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകൾ.

ഇക്കാരണങ്ങൾ കൊണ്ടൊക്കെ പരാതിക്കാരിയുടെ മൊഴിയിൽ സ്ഥിരത ഇല്ലെന്നും, അതിന് ഉപോദ്ബലകമായ മറ്റ് തെളിവുകൾ ഇല്ല എന്നും കോടതി നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ പരാതിക്കാരി മേല്പറഞ്ഞ സുപ്രീംകോടതി വിധികളിൽ പരാമർശിക്കുന്ന ‘സ്റ്റെർലിംഗ് വിറ്റ്‌നെസ്’ അല്ല എന്നു കോടതി തീർപ്പ് കൽപ്പിക്കുന്നു. മൊഴിയിൽ നിന്ന്​ നെല്ലും പതിരും വേർതിരിച്ചെടുക്കാൻ കഴിയുന്നില്ല, അതുകൊണ്ടു തന്നെ ജയശീലൻ കേസിൽ സുപ്രീംകോടതി പറഞ്ഞതുപോലെ സത്യവും അസത്യവും, നെല്ലും പതിരും, വ്യതിരിക്തമാക്കാൻ കഴിയാതെ വരുമ്പോൾ തെളിവ് പൂർണമായും നിരാകരിക്കുകയല്ലാതെ വേറെ വഴിയില്ല. അതുകൊണ്ട് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കുന്നു എന്നാണ് കോടതി വിധി.

എന്തുകൊണ്ട് മറ്റ് തെളിവുകളുടെ അഭാവത്തിൽ, കേവലം പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫ്രാങ്കോയെ ശിക്ഷിക്കാൻ കഴിയില്ല എന്നു സ്ഥാപിക്കുന്നുണ്ട് സെഷൻസ് കോടതി. അതുകൊണ്ടു തന്നെ അപ്പീലിൽ വളരെ എളുപ്പം വിജയിക്കാവുന്ന കേസാണിതെന്ന് കരുതേണ്ടതില്ല.

വിവിധ സുപ്രീംകോടതി വിധികളുടെ ചുവടു പിടിച്ച് പരാതിക്കാരിയുടെ മൊഴിയിൽ സ്ഥിരതയില്ലെന്ന് സാങ്കേതികമായെങ്കിലും വിധിയിൽ സ്ഥാപിക്കുന്നുണ്ട്. മറ്റ് തെളിവുകൾ സംബന്ധിച്ചും അവ്യക്തത അവശേഷിക്കുന്നുണ്ട്. പ്രത്യേകിച്ചും മെസേജുകൾ അടങ്ങിയ മൊബൈലും ലാപ് ടോപ്പും ഹാജരാക്കാൻ കഴിയാത്ത കാര്യത്തിൽ. മൊബൈൽ വീട്ടിൽ കൊടുത്തുവിട്ടുവെന്നും അവിടെ നിന്ന് ആക്രിക്കൊപ്പം വിറ്റുപോയി എന്നും, ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്‌ക്ക് തിരിച്ചെടുക്കാൻ കഴിയാത്ത വിധം നശിച്ചു പോയി എന്നുമൊക്കെ പറയുന്ന പ്രോസിക്യൂഷൻ വാദങ്ങൾ ബാലിശമാണ് എന്നു പറയാതെ വയ്യ. ഡോക്ടർക്ക് പരാതിക്കാരി നല്കിയ മൊഴിയിൽ ആദ്യ ദിവസം പീനൈൽ പെനെട്രേഷൻ ഉണ്ടായിട്ടില്ല എന്ന ഭാഗം വെട്ടിക്കളഞ്ഞതും സംശയകരമെന്ന് സ്ഥാപിക്കാൻ സഹായകമായ തെളിവുകളാണ് എന്നു പറയാതിരിക്കാൻ തരമില്ല. കൃത്യമായ ഒരു നിയമ ചട്ടക്കൂടിൽ നിന്നുകൊണ്ട് എന്തുകൊണ്ട് മറ്റ് തെളിവുകളുടെ അഭാവത്തിൽ, കേവലം പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫ്രാങ്കോയെ ശിക്ഷിക്കാൻ കഴിയില്ല എന്നു സ്ഥാപിക്കുന്നുണ്ട് സെഷൻസ് കോടതി. അതുകൊണ്ടു തന്നെ അപ്പീലിൽ വളരെ എളുപ്പം വിജയിക്കാവുന്ന കേസാണിതെന്ന് കരുതേണ്ടതില്ല. സ്ത്രീകൾക്കെതിരായ ആധുനികജനാധിപത്യ സമൂഹങ്ങളിൽ, വിശാഖാ കേസിനുശേഷം ഇന്ത്യയിലും, വികസിച്ചു വരുന്ന നിയമവൈഞ്ജാനികതയുടെ മൂല്യബോധങ്ങൾക്കുള്ളിൽ നിന്നുകൊണ്ടു നോക്കുമ്പോൾ, മറ്റൊരു വീക്ഷണകോണിലൂടെ ഈ കേസിനെ കാണാൻ കഴിയും. നിയമത്തിന്റെ സാങ്കേതികയുക്തികൾക്കപ്പുറം അതാണ് ശരിയായ വ്യാഖ്യാനമെന്ന് ഞാൻ പറയും. കാരണം ഡസ്മണ്ട് ടുട്ടു പറഞ്ഞതുപോലെ, ""അനീതിയുടെ കാലത്ത് നിഷ്പക്ഷരായിരിക്കുക എന്നത് മർദ്ദകന്റെ പക്ഷം പിടിക്കുന്നതിന് തുല്യമാണ്.''

അതിജീവിത വിചാരണ ചെയ്യപ്പെടുന്നു

നമ്മുടെ നിയമസംവിധാനത്തിൽ ലൈംഗികാക്രമണത്തെ അതിജീവിച്ച ഒരു സ്ത്രീയ്ക്ക് നീതി തേടുക എന്നത് അതിനേക്കാൾ വലിയ വേദനയായി മാറാറുണ്ട്. 2020 ജൂലൈ 15-ന് ബീഹാറിലെ ഒരു ജില്ലാ കോടതി അതിജീവിതയെ കോടതി നടപടി തടസ്സപ്പെടുത്തി എന്നാരോപിച്ച്​ ജയിലലടയ്ക്കുന്ന സാഹചര്യമുണ്ടായി. കോടതി മുറിയിൽ താനനുഭവിച്ച വേദന പലവുരു ആവർത്തിക്കേണ്ടി വന്ന സാഹചര്യത്തിലുണ്ടായ വൈകാരിക പ്രതികരണത്തിന്റെ പേരിലാണ് കോടതി അവരെ ശിക്ഷിച്ചത്. അതിജീവിതയോട് തെല്ലും അനുതാപം കാണിക്കാത്ത നിയമ സംവിധാനങ്ങൾ അവരെ വീണ്ടും വീണ്ടും മുറിവേൽപ്പിക്കുന്ന സാഹചര്യം വിരളമല്ല. നൂറ്റാണ്ടുകൾ മുൻപുള്ള വൈദ്യശാസ്ത്ര- നിയമ തത്ത്വങ്ങൾ തന്നെയാണ് ഇപ്പോഴും പിന്തുടർന്നു പോരുന്നത്. 1920-ൽ ഇറങ്ങിയ, ഇപ്പോഴും നമ്മുടെ നിയമവിദ്യാഭ്യാസത്തിന്റെയും, കോടതി നടപടികളുടേയും ഭാഗമായ, ജെ.പി. മോഡിയുടെ "മെഡിക്കൽ ജൂറിസ്​പ്രൂഡൻസ്​ ആൻഡ് ടോക്‌സിക്കോളജി' എന്ന പുസ്തകത്തിൽ റേപ്പിനെക്കുറിച്ച്​ പറയുന്ന ഭാഗം നോക്കുക: ""സ്ത്രീ അവരുടെ കഴിവിന്റെ പരമാവധി എതിർത്തുനിൽക്കാൻ ശ്രമിച്ചു എന്നു തെളിയേണ്ടതുണ്ട്. ഒച്ചവച്ചും, നിലവിളിച്ചും, കടിച്ചും അടിച്ചും ഒക്കെ റേപ്പ്​ തടയാൻ ശ്രമിച്ചു എന്നു തെളിയണം. ഭയമോ കീഴ്‌പ്പെടുത്തപ്പെട്ടതുകൊണ്ടോ തളർന്നു പോയതുകൊണ്ടോ ആണ് സ്ത്രീ "വഴങ്ങിയതെന്ന്' തെളിയിച്ചാൽ മാത്രമേ റേപ്പായി കണക്കാക്കാൻ കഴിയുകയുള്ളൂ.''
ഫ്രാങ്കോ കേസിലെ വിധിയിൽ അതിജീവിത ഗസ്റ്റ് റൂമിൽ റേപ്പ്​ ചെയ്യപ്പെട്ടെങ്കിൽ പ്രതിരോധിക്കുന്നതിന്റെ ശബ്ദമോ ഒച്ച വയ്ക്കുന്നതോ അടുത്ത മുറിയിൽ കേൾക്കുമായിരുന്നു എന്ന കോടതി പരാമർശം വായിക്കുമ്പോൾ 1920-ലെ ഇതേ നീതിബോധവുമായി ഇന്നും മനുഷ്യർ ജീവിക്കുന്നല്ലോ എന്നോർത്തുപോകും. അധികാരശ്രേണിയുടെ സമ്മർദ്ദം കൊണ്ടും, ജീവഭയം കൊണ്ടും, ഭീതിയിൽ പ്രതികരണ ശേഷി നഷ്ടമാകുന്നതുകൊണ്ടും, മനസികാഘാതം കൊണ്ടുമെല്ലാം ഇര നിശബ്ദയായിപ്പോയേക്കാം എന്ന് ഈ നൂറ്റാണ്ടിലും കോടതിയ്ക്ക് മനസിലാകാത്തത് ദുഃഖകരമാണ്.

സിസ്റ്റർ ലിസി വടക്കേൽ

സിസ്റ്ററുടെ മൊഴിയിൽ കോടതി കണ്ടെത്തുന്ന അസ്ഥിരതകളുടെ സ്വഭാവവും കൊളോണിയൽ കാലഘട്ടത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നതുകൊണ്ടാണെന്ന് മനസിലാക്കാനാകും. താൻ റേപ്പ്​ ചെയ്യപ്പെട്ടു എന്ന്​ കൃത്യമായി അതേ വാക്കുകൾ ഉപയോഗിച്ച് സഹ കന്യാസ്ത്രീകളോട് പറഞ്ഞില്ല എന്നതാണ് വിധിന്യായത്തിൽ എടുത്തു പറയുന്ന കാരണം. എന്നാൽ അവർ, ബിഷപ്പ് തന്നോട് കിടക്ക പങ്കിടാൻ നിർബന്ധിക്കും എന്ന് അവരോട് പറയുന്നുണ്ട്. ‘കൂടെ കിടക്കൽ'' എന്നാൽ ഗാന്ധിജി നടത്തിയതുപോലുള്ള ഒരു ബ്രഹ്മചര്യ പരീക്ഷണമാണ് എന്നാണോ കോടതി മനസിലാക്കിയത്? സാമാന്യബോധമുള്ള ഏതൊരാൾക്കും അത് കേട്ടാൽ എന്താണ് നടന്നിട്ടുണ്ടാവുക എന്നു മനസിലാകും.

അവർ ഒരു കന്യാസ്ത്രീയാണ്. അനുസരണ, ചാരിത്ര്യം, വിശുദ്ധി എന്നിവ കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞയെടുത്തവർ. തനിക്ക് സംഭവിച്ച ദുര്യോഗത്തെക്കുറിച്ച് പുറത്തു പറയാൻ സ്വാഭാവികമായും ബുദ്ധിമുട്ട് ഉണ്ടാകും. പ്രത്യേകിച്ച് തന്റെ കീഴിലുള്ള കന്യാസ്ത്രീകളോട്. മഠത്തിന്റെ പേര്, സഭയുടെ അഭിമാനം, സ്വന്തം വ്യക്തിത്വം, സന്യാസി സമൂഹ്യങ്ങളിലെ അധികാരഘടന അങ്ങനെ ഒരുപാട് ഘടകങ്ങൾ അവരെ സ്വാധീനിച്ചിരിക്കാം. അതുപോലെ തന്നെയാണ് സിസ്റ്റർ ലിസിയോട് പരാതിക്കാരി നടത്തിയ വെളിപ്പെടുത്തൽ സംബന്ധിച്ച കോടതിയുടെ അഭിപ്രായവും. സിസ്റ്റർ ലിസി പരാതിക്കാരിയുടെ ആത്മീയ ഗുരുവാണ്. ആദ്യത്തെ തവണത്തെ അനുഭവം അവരോട് അതിജീവിത തുറന്നു പറഞ്ഞിരുന്നു. എന്നാൽ പിന്നീടുണ്ടായ 12 അനുഭവങ്ങളും പറഞ്ഞില്ല. അത് വിശ്വസിയ്ക്കാൻ പ്രയാസമാണ്. അതുകൊണ്ട് സിസ്റ്റർ ലിസിയുടെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ല എന്നാണ് കോടതി പറയുന്നത്. അതുപോലെ തന്നെ അവർ മദർ പ്രോവിൻഷ്യൽ ജനറലിന് അയച്ച കത്തിലും പരാതിക്കാരിക്കുണ്ടായ ലൈംഗികാതിക്രമത്തേക്കുറിച്ച് പരാമർശമില്ല എന്നു കണ്ടെത്തുന്നു കോടതി. എന്നാൽ ചില പ്രതികൂല നടപടികൾ ഭയന്ന് ആ കത്തിൽ മനപൂർവം പീഡന വിവരം ഉൾപ്പെടുത്താത്തതാണ് എന്ന സിസ്റ്റർ ലിസിയുടെ വിശദീകരണം കോടതിയ്ക്ക് സ്വീകാര്യമായിരുന്നില്ല. താൻ അയച്ച കത്ത് പ്രതിഭാഗത്തിന്റെ കൈവശം എത്തിയത് തന്നെ ഞെട്ടിച്ചു കളഞ്ഞു എന്ന് സിസ്റ്റർ ലിസി പിന്നീട് പ്രതികരിക്കുകയുണ്ടായി. സഭയിൽ നിലനില്ക്കുന്ന അധികാര വ്യവസ്ഥ പ്രതിയ്ക്ക് എങ്ങനെ അനുകൂലമാകുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ആ കത്ത് പ്രതിഭാഗത്തിന് കിട്ടിയത്. പക്ഷേ കോടതിയതൊന്നും കണ്ട മട്ടില്ല. ഇത്രയും കന്യാസ്ത്രീകൾ ഈ ഭീകരമായ അധികാര വ്യവസ്ഥയ്‌ക്കെതിരെ ഒരുമിച്ച് നില്ക്കാൻ ധൈര്യം കാണിച്ചു എന്നത് അങ്ങനെ അവഗണിക്കപ്പെടേണ്ട കാര്യമല്ല.

അടുത്ത പ്രധാനപ്പെട്ട ഒരാക്ഷേപം, പ്രാഥമിക മൊഴിയിൽ പീനൈൽ പെനിട്രേഷനെ കുറിച്ച് പറഞ്ഞിട്ടില്ല എന്നതാണ്. എഫ്.ഐ.ആർ. ഒരു സർവവിജ്ഞാന കോശമൊന്നുമല്ലെന്നും എല്ലാ വിവരങ്ങളും എഫ്.ഐ.ആറിൽ വരാത്തതിന്റെ പേരിൽ കേസാകെ തള്ളിക്കളയാൻ കഴിയില്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതാണ്.

പ്രാകൃതമായ കാഴ്ചപ്പാടോടെ ഫ്രാങ്കോയും സിസ്റ്ററും തമ്മിൽ പരസ്പരസമ്മതത്തോടെയുള്ള ബന്ധമുണ്ടെന്ന ധ്വനി ജനിപ്പിക്കാനും വിധിയിൽ ശ്രമമുണ്ട്.

അതുപോലെ തന്നെ റിപ്പോർട്ടർ ടി. വി. യിലെ "ക്ലോസ് എൻകൗണ്ട'റിൽ മാധ്യമപ്രവർത്തകനായ അഭിലാഷ് മോഹനുമായി നടത്തിയ സഭക്കകത്ത് അവരുടെ പരാതിയ്ക്ക് പരിഹാരമുണ്ടാകുമായിരുന്നെങ്കിൽ കേസിന് പോകുകയില്ലായിരുന്നു എന്ന് സിസ്റ്റർ അനുപമ നടത്തിയ പരാമർശവും പ്രതിക്കനുകൂലമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. വിധിയുടെ 119-ാം ഖണ്ഡികയിൽ കാണാവുന്നതുപോലെ സിസ്റ്റർ സോഫിയും, അനുപമയും, ജോസഫൈനും പിന്തുണച്ചതോടെ പരാതിയുമായി മുന്നോട്ട് പോകാനുള്ള ധൈര്യം അതിജീവിതയ്ക്ക് ലഭിച്ചു. അവർ കർദിനാൾ മാർക്കിനും പോപ്പിനും കത്തുകൾ അയച്ചു. തൊട്ടടുത്ത ഖണ്ഡികയിൽ നോക്കുക: ജൂൺ 1,2 തിയ്യതികളിൽ ഫാദർ ജോസ് തെക്കുംവേലിക്കുന്ന് കോൺവെൻറിലെത്തിയപ്പോൾ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഭാഗമായ കമ്മിറ്റി മുൻപാകെ താൻ നേരിട്ട ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സിസ്റ്റർ വിവരിച്ചു. സഭക്കകത്തുനിന്ന് തിരുത്തലുണ്ടായില്ലെങ്കിൽ താൻ പൊലീസിനെ സമീപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ സിസ്റ്റർക്കെതിരെ ഉപയോഗിക്കുന്നത് പരാതി വ്യാജമാണെന്ന മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കുന്നതുകൊണ്ടാണ്. യഥാർത്ഥത്തിൽ, കേസുമായി മുന്നോട്ട് പോകുന്നതിനുമുൻപ് സഭക്കകത്തുതന്നെ ഏതെങ്കിലും തരത്തിലുള്ള പരിഹാരം കണ്ടെത്താൻ അവർ ശ്രമിച്ചു എന്നു മാത്രമല്ലേ അതിനർത്ഥമുള്ളൂ? പ്രതിയുടെ അധീനതയിൽ നിന്ന്​ മാറി നിൽക്കാൻ അവർ ശ്രമിച്ചിരുന്നതായും കാണാം.

ആദ്യത്തെ അതിക്രമം നടന്നതിനുപിറ്റേന്ന് കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോയുമൊത്ത് സിസ്റ്റർ ഒരു ചടങ്ങിൽ പങ്കെടുത്തുവെന്നും കാറിൽ യാത്ര ചെയ്തുവെന്നും ഫോട്ടോയിൽ അവർ പ്രസന്നവദന ആയിരുന്നുവെന്നുമൊക്കെ പറയുന്നത് തരുൺ തേജ്പാൽ വിധിയിലും ഭൻവാരി ദേവി കേസിലുമൊക്കെ നമ്മൾ കണ്ട അതിജീവിതയെക്കുറിച്ചുള്ള "പരമ്പരാഗത' സങ്കൽപ്പങ്ങളുടെ പ്രതിഫലനമാണ്. "ഇര' എങ്ങനെയൊക്കെയായിരിക്കണം പ്രതികരിക്കേണ്ടത് എന്ന് വിചാരണ സമയത്ത് കോടതി തീരുമാനിക്കും എന്ന ലൈൻ. കോൺവെന്റും ബിഷപ്പും തമ്മിലുള്ള അധികാര ശ്രേണി അനുസരിച്ച് മേലധികാരിയായ ഫ്രാങ്കോയ്‌ക്കൊപ്പം സിസ്റ്റർക്ക് പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ട്. അവിടെ എല്ലാവരുടെയും മുന്നിൽ തന്റെ പ്രശ്‌നങ്ങൾ വെളിപ്പെടുത്താൻ അവർക്ക് സ്വാഭാവികമായും കഴിയില്ല. എന്നു മാത്രമല്ല വീഡിയോ ദൃശ്യങ്ങളിൽ തന്നെ ഒറ്റയ്ക്ക് മാറിയിരുന്നു കരയുന്ന സിസ്റ്ററെയും കാണാൻ കഴിയുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു.

അതുമാത്രമല്ല, പ്രാകൃതമായ കാഴ്ചപ്പാടോടെ ഫ്രാങ്കോയും സിസ്റ്ററും തമ്മിൽ പരസ്പരസമ്മതത്തോടെയുള്ള ബന്ധമുണ്ടെന്ന ധ്വനി ജനിപ്പിക്കാനും വിധിയിൽ ശ്രമമുണ്ട്. "With heavy heart I am joining your decision. I want to see you. I need you. Call me' എന്ന ബിഷപ്പിന്റെ സന്ദേശം ചൂണ്ടിക്കാണിച്ച്​ അവിടെ ബലാൽക്കാരം ഉണ്ടായിരുന്നില്ല എന്നു കാണുകയാണ്. ഫ്രാങ്കോയ്ക്ക് കോൺവെൻറിനു മേലുള്ള അധികാരം കൂടി കണക്കിലെടുത്തുകൊണ്ട്, ഒരു ‘നോ'-യ്ക്കു ശേഷവും ഇങ്ങനെ പറഞ്ഞാൽ എന്താണ് അതിനർത്ഥം? ഇനി സമ്മതം ഉണ്ടായിരുന്നുവെങ്കിൽ തന്നെ അത് എന്നന്നേക്കുമുള്ള സമ്മതമായിരിക്കണം എന്നില്ലല്ലോ. മാത്രമല്ല സമ്മതത്തോടെയുള്ള ബന്ധം ഉണ്ടായിരുന്നു എന്ന വാദം പ്രതിഭാഗത്തിനുമില്ല.

പീനൈൽ പെനിട്രേഷൻ എന്ന സംഗതിക്ക് കോടതി ഇത്ര പ്രാധാന്യം കൊടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. 2013-ലെ നിയമഭേദഗതിക്കുശേഷം ഐ. പി. സി. സെക്ഷൻ 375 പ്രകാരമുള്ള കുറ്റകൃത്യം സ്ഥാപിക്കുന്നതിന് ലിംഗം അകത്ത് കയറ്റണം എന്നില്ല. അതില്ലാതെ തന്നെ റേപ്പ്​ കുറ്റം സ്ഥാപിക്കപ്പെടും. ആ വിവരം മറച്ചുവച്ചതുകൊണ്ടോ, പിന്നീട് കൂട്ടിച്ചേർത്തതുകൊണ്ടോ പരാതിക്കാരിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ഒരു കന്യാസ്ത്രീ എന്ന നിലയിലുള്ള അവരുടെ ആത്മീയ- സാമൂഹ്യ- വൈകാരിക സംഘർഷങ്ങളാകാം അക്കാര്യം എല്ലാവരോടും ആദ്യഘട്ടത്തിൽ തുറന്നു പറയുന്നതിൽ നിന്നും സിസ്റ്ററെ പിന്നോട്ട് വലിച്ചത്.

ജലന്ധറിൽ രൂപതയ്ക്ക് സമീപം ഫ്രോങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി ആഘോഷിക്കുന്ന അനുയായികൾ.

ജയശീലൻ vs സ്റ്റേറ്റ് തമിഴ്‌നാട് എന്ന കേസ് ഉദ്ധരിച്ചാണ് സിസ്റ്ററുടെ മൊഴി പരിപൂർണമായി കോടതി തള്ളുന്നത്. സത്യവും മിഥ്യയും, നെല്ലും പതിരും വേർതിരിച്ചെടുക്കാനാവാത്ത വിധം കൂടിക്കുഴഞ്ഞു കിടക്കുമ്പോൾ മൊഴി മുഴുവനായി തള്ളാതെ മറ്റു മാർഗമില്ല എന്ന്​ വിധിയിൽ എഴുതിയിരിക്കുന്നു. എന്നാൽ ജയശീലൻ കേസിലെ സുപ്രീംകോടതി വിധി പൂർണമായും ഇവിടെ ഉദ്ധരിക്കപ്പെടുന്നില്ല. നെല്ലും പതിരും തിരിയാതെ വരുമ്പോൾ അവിശ്വസനീയമായവ തള്ളിക്കളഞ്ഞാൽ, പ്രോസിക്യൂഷൻ കേസിൽ നിന്ന്​ അമ്പേ വ്യത്യസ്തമായ മറ്റൊരു കഥ നിർമിച്ചെടുക്കേണ്ടി വരുമ്പോൾ മൊഴി പൂർണമായും തള്ളാതെ തരമില്ല എന്നാണ് സുപ്രീംകോടതി നിലപാട്. എന്നാൽ ഇവിടെ അത്തരത്തിൽ പൂർണമായും അവിശ്വസിക്കേണ്ടതായ കാര്യങ്ങളൊന്നുമില്ല. നെല്ലും പതിരും വേർതിരിക്കുമ്പോൾ പ്രോസിക്യൂഷൻ പറഞ്ഞതിൽ നിന്ന്​ വ്യത്യസ്തമായി പുതിയൊരു കഥ മെനയേണ്ട അവശ്യകതയുമില്ല. കോടതി ചൂണ്ടിക്കാണിക്കുന്ന അസ്ഥിരതകൾ മാറ്റി നിർത്തിയാലും ഐ.പി. സി 375 പ്രകാരമുള്ള കുറ്റകൃത്യം വളരെ വ്യക്തമാണ്. പരാതിയുടെ അടിസ്ഥാന സ്വഭാവവും കുറ്റാരോപണവും മാറുന്നില്ല. അവിടെ ഈ വിധിയുടെ നിയമയുക്തി ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

ഇന്ത്യൻ തെളിവു നിയമത്തിന്റെ വകുപ്പ് 146 അനുസരിച്ച് ‘ഇരയുടെ' ലൈംഗികതയുടെ ചരിത്രം ക്രോസ്​ വിസ്താരം ചെയ്യാൻ പാടുള്ളതല്ല. അതുകൊണ്ടുതന്നെ അതിജീവിതയ്ക്ക് ഇക്കാര്യത്തിൽ തന്റെ ഭാഗം വിശദീകരിക്കാനുമാവില്ല

നൂറ്റാണ്ടുകൾക്ക് മുൻപുള്ള വാർപ്പുമാതൃക വച്ച് പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന ഇന്ത്യൻ കോടതികളുടെ ശീലം ഈ വിധിയിലും കാണാം. 2021-ലെ അപർണ ഭട്ട് Vs സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് കേസിലെ സുപ്രീംകോടതി വിധിയിൽ ജസ്റ്റിസ് ഭട്ട് ഇങ്ങനെ കുറിക്കുന്നു: ‘‘വിചാരണാവേളയിലോ ജുഡീഷ്യൽ ഉത്തരവിലോ, വാർപ്പുമാതൃക വച്ച്​ ലൈംഗികാതിക്രമ കേസിൽ സ്ത്രീകളുടെ ‘സമ്മത'ത്തെ വിലയിരുത്തുമ്പോൾ സംശയത്തോടെ വീക്ഷിക്കരുത്.''

‘ഇര'യുടെ ധാർമിക വശത്തെ ചോദ്യം ചെയ്യേണ്ടതില്ല എന്നാണ് നിലപാട്. എന്നാൽ ഇവിടെ പരാതിക്കാരിയുടെ ഒരു കസിൻ നൽകിയ പരാതിയിലെ ആരോപണം വിധിയിൽ സവിസ്തരം പ്രതിപാദിക്കപ്പെടുന്നു. കസിന്റെ ഭർത്താവുമായി സിസ്റ്റർക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു പരാതി. അതിന്റെ പശ്ചാത്തലത്തിൽ സിസ്റ്ററുടെ ദേഹപരിശോധനയെക്കുറിച്ചൊക്കെ ഒരുപാട് എഴുതിയിട്ടുണ്ട്. സിസ്റ്ററുടെ കന്യാചർമം ഭേദിക്കപ്പെട്ടിരുന്നതിന് കാരണം ഈ ബന്ധമായിരുന്നിരിക്കാം എന്ന സൂചന വരെ നല്കുന്നുണ്ട് വിധിയിൽ. എന്നാൽ ഇങ്ങനെയൊരു അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി പറയുന്നുമില്ല. പരാതിക്കാരിയായ കസിൻ തന്നെ ഈ പരാതി വ്യാജമായിരുന്നു എന്ന്​ കോടതി മുൻപാകെ ബോധിപ്പിച്ചിരുന്നു എന്നുകൂടി ഓർക്കണം. എന്നിട്ടാണ് ഇക്കാര്യം ഖണ്ഡികകളോളം വിശദീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ തെളിവു നിയമത്തിന്റെ വകുപ്പ് 146 അനുസരിച്ച് ‘ഇരയുടെ' ലൈംഗികതയുടെ ചരിത്രം ക്രോസ്​ വിസ്താരം ചെയ്യാൻ പാടുള്ളതല്ല. അതുകൊണ്ടുതന്നെ അതിജീവിതയ്ക്ക് ഇക്കാര്യത്തിൽ തന്റെ ഭാഗം വിശദീകരിക്കാനുമാവില്ല. നിയമം അങ്ങനെയാണെങ്കിലും നമ്മുടെ കോടതികളിൽ ഇപ്പോഴും ‘നല്ല സ്ത്രീ'കളെക്കുറിച്ചും, ‘നമ്മുടെ സ്ത്രീ'കളെക്കുറിച്ചും ‘ഇര' പ്രതികരിക്കേണ്ട രീതിയെക്കുറിച്ചും ചർച്ചകളുണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. സംവിധാനത്തെയാകെ ഗ്രസിച്ച പുരുഷാധിപത്യപ്രവണതയുടെ പ്രതിഫലനമാണ് ഇവിടെ അനാവൃതമാകുന്നത് . അതുകൊണ്ടാണ് അതിജീവിതയുടെ ഭാഗത്തുനിന്ന്​ഒരിക്കൽ പോലും ചിന്തിക്കാതെ എഴുതിയ വിധിയുടെ ആന്തരികയുക്തി, റേപ്പ്​ചെയ്യപ്പെട്ട കന്യാസ്ത്രീ എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടത് എന്നതിന്റെ ഒരു സാരോപാദേശ കൈപ്പുസ്തകമായി മാറുന്നത്. അതിജീവിത പിന്നീടുള്ള ഓരോ ദിവസവും, താൻ പറയുന്ന വ്യക്തികളോടെല്ലാം, താൻ അനുഭവിച്ച അതിക്രമത്തിന്റെ വള്ളിപുള്ളി വിടാതെയുള്ള വിവരണം നല്കിയാലേ നീതി ലഭിക്കൂ എന്ന സാഹചര്യത്തിലേക്കാണ് വിധി വിരൽ ചൂണ്ടുന്നത്.

തീർച്ചയായും തിരുത്തപ്പെടേണ്ട വിധിയാണിത്. അങ്ങനെ തന്നെ സംഭവിക്കുമെന്ന് പ്രത്യാശിക്കാം. അല്ലെങ്കിൽ ലൈംഗികാതിക്രമങ്ങൾക്കെതിരെ അധികാരത്തോടും സമ്പത്തിനോടും സാമൂഹിക ബോധ്യങ്ങളോടും പടവെട്ടി നീതി തേടാൻ കഴിയുമെന്ന് വിശ്വസിക്കുകയും അതിനു വേണ്ടി പോരാടാൻ തയ്യാറാവുകയും ചെയ്യുന്ന സ്ത്രീ സമൂഹത്തോടുള്ള ചതിയായിരിക്കും അത്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പി.ബി. ജിജീഷ്​

പ്രൈവസിയുമായി ബന്ധപ്പെട്ട നിയമ- ധാർമിക വിഷയങ്ങൾ, ടെക്‌നോളജി, ഭരണഘടനാ ജനാധിപത്യം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Aadhaar: How a Nation is Deceived, ജനാധിപത്യം നീതി തേടുന്നു തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments