വിയോജിപ്പിനുള്ള അവകാശം റദ്ദാക്കുന്ന പുതിയ നിയമങ്ങൾ

ഭാരതീയ ന്യായ സംഹിത, മൈൻസ് ആൻഡ് മിനറൽസ് ആക്റ്റ്, ടെലി കമ്യൂണിക്കേഷൻസ് ആക്റ്റ്, പ്രസ് ആന്റ് രജിസ്ട്രേഷൻ ഓഫ് പിരിയോഡിക്കൽസ് ആക്റ്റ്, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്‌ഷൻ ആക്റ്റ് തുടങ്ങിയ പുതിയ നിയമനിർമ്മാണങ്ങളുടെ ഭാവി പ്രത്യാഘാതം എന്തായിരിക്കും. ഭരണത്തിന്റെ പക്ഷം, വിയോജിപ്പിനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെ ഈ നിയമങ്ങൾ എങ്ങനെയാണ് ബാധിക്കുക?- ആഭ മുരളീധരൻ എഴുതുന്നു.

2024 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ (ഭാരതീയ ന്യായ സംഹിത- ബി.എന്‍.എസ്, ഭാരതീയ നാഗരിക് സംഹിത- ബി.എന്‍.എസ്.എസ്, ഭാരതീയ സാക്ഷ്യ- ബി.എസ്.) പൊലീസിന് അഭൂതപൂർവമായ അധികാരം നൽകുന്നതിനൊപ്പം, പോലീസിന്റെ ഉത്തരവാദിത്തം ഇല്ലാതാക്കുകയും ചെയ്യുന്നു. പുതിയ നിയമങ്ങളിലെ നിരവധി വ്യവസ്ഥകൾ നിയമപരമായ മാർഗങ്ങളിൽ നിന്ന് വ്യതിചലിക്കുന്നവയാണ്.

അറസ്റ്റ് നടപടിക്രമം സംബന്ധിച്ചുള്ള വ്യവസഥ ഒരുദാഹരണമാണ്. ഡി.കെ. ബസു കേസിൽ സുപ്രീം കോടതി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ നീക്കം ചെയ്യുകയും, പരമാവധി കസ്റ്റഡി കാലാവധി വർദ്ധിപ്പിക്കുകയും ചെയ്യുന്നു, പുതിയ നിയമത്തിൽ. അറസ്റ്റിലായവരുടെ പരിക്ക് റിപ്പോർട്ടുകൾ, അറസ്റ്റ് മെമ്മോകൾ, അന്വേഷണ ഉദ്യോഗസ്ഥരുടെയും മജിസ്ട്രേറ്റുമാരുടെയും വിവരരേഖകൾ എന്നിവ ഉണ്ടാകില്ല. നിലവിലെ നീതിന്യായ വ്യവസ്ഥ പ്രകാരം സീറോ എഫ്.ഐ.ആർ (Zero FIR) എന്നതിനർത്ഥം അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുമെന്നും പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കിൽ മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യൂ എന്നുമാണ്. കുറ്റകൃത്യങ്ങളുടെ രേഖകൾ സൂക്ഷിക്കുന്നതിനുള്ള ശരിയായ പ്രക്രിയയെ (due process) ഇത് ബാധിക്കും. ആളുകളെ അറസ്റ്റ്, തടങ്കലിൽ വയ്ക്കുക തുടങ്ങിയ കാര്യങ്ങളെയും ദോഷകരമായി ബാധിക്കും.

പൊലീസിന് അഭൂതപൂർവമായ അധികാരം നൽകുന്നതിനൊപ്പം, പോലീസിന്റെ ഉത്തരവാദിത്തം ഇല്ലാതാക്കുകയും ചെയ്യുന്നതാണ് ഭാരതീയ ന്യായ സംഹിത

‘ഭാരതീയ ന്യായ സംഹിത’യിലെ 113-ാം വകുപ്പ്, പ്രോസിക്യൂഷന് സർക്കാർ അനുമതി ആവശ്യമില്ലാതെ, ഉചിതമായ നടപടിക്രമങ്ങളിൽ (due process) വിട്ടുവീഴ്ച ചെയ്യാൻ അവസരം നൽകുന്നു. യു,എ.പി.എ എന്ന ഭീകരനിയമത്തിൽനിന്നാണ് ‘തീവ്രവാദ പ്രവർത്തനം’ എന്നതിന്റെ നിർവചനം സ്വീകരിക്കുന്നത്. 2019- ലെ യു.എ.പി.എ നിയമം, ‘ഭീകരത’ എന്ന വാക്ക് എന്താണ് എന്ന് നിർവചിക്കുന്നില്ല. മുമ്പ് സുപ്രീം കോടതി റദ്ദാക്കിയ ടാഡ (Terrorism and Disruptive Prevention Act), പോട്ട (Prevention of Terrorism Act) തുടങ്ങിയ ഭീകരവിരുദ്ധനിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേസ് ഡയറിയോ 1973-ലെ ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 173 പ്രകാരമുള്ള റിപ്പോർട്ടോ അവലോകനം ചെയ്ത കോടതി, ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണക്കാക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ, യു എ പി എയുടെ സെക്ഷൻ 43 (ഡി) (5) ജാമ്യം നിരോധിക്കുന്നു. അടിസ്ഥാനപരമായി, മറ്റ് വിവരങ്ങളുടെ അഭാവത്തിൽ, പൊലീസിന്റെ കഥ ശരിയാണെന്ന് തോന്നുന്നുവെങ്കിൽ, കോടതിക്ക് നിയമപ്രകാരം ജാമ്യം നൽകാൻ കഴിയില്ല. ഡി. കെ. ബസു കേസ് അനുസരിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നീക്കം ചെയ്യുകയും അന്വേഷണ ഉദ്യോഗസ്ഥരുടെയും അറസ്റ്റിലായവരുടെയും വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടതില്ലാത്തതിനാലും ഏതെങ്കിലും രീതിയിലുള്ള പരിശോധനകൾ മിക്കവാറും അസാധ്യമാകും.

60-90 ദിവസത്തെ തടങ്കൽ കാലയളവിൽ ഏതു സമയത്തും ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലേക്ക് കുറ്റാരോപിതരെ തിരിച്ചയക്കുന്നതിന് 187-ാം വകുപ്പ് പോലീസ് കസ്റ്റഡി നിയമങ്ങളിൽ മാറ്റം വരുത്തുന്നു. ഡ്രാഫ്റ്റിംഗിലെ ബോധപൂർവമായ അവ്യക്തത, 15 ദിവസ പരിധിക്കപ്പുറം പോലീസ് കസ്റ്റഡി നീട്ടാനുള്ള സാധ്യതയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. 173ാം വകുപ്പുപോലുള്ളവ വീഡിയോ വഴി പരാതികളും പ്രസ്താവനകളും അനുവദിക്കുന്നു. ഇത് ലളിത കുമാരി കേസ് തീരുമാനത്തിന് വിരുദ്ധമായി, യഥാർത്ഥ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യാനുള്ള പോലീസിന്റെ താൽപര്യമില്ലായ്മക്ക് ഒത്താശ നൽകുന്ന ഒന്നാണ്.

യു,എ.പി.എ എന്ന ഭീകരനിയമത്തിൽനിന്നാണ് ‘തീവ്രവാദ പ്രവർത്തനം’ എന്നതിന്റെ നിർവചനം സ്വീകരിക്കുന്നത്.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം വിപുലീകരിക്കുക, കോടതി ഉത്തരവുകളില്ലാതെ തുടരന്വേഷണത്തിനുള്ള സാദ്ധ്യതകൾ, അറസ്റ്റു ചെയ്ത സമയം മുതൽ നിയമസഹായത്തിനുള്ള പരിമിതികൾ എന്നിവ മനുഷ്യാവകാശങ്ങളെക്കുറിച്ച് കാര്യമായ ആശങ്ക ഉയർത്തുന്നു.

ക്രിമിനൽ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്ക് 19-ാം നൂറ്റാണ്ടിലെ യൂറോപ്പുമായി അസാധാരണമായ സാമ്യമുണ്ട്. അതുകൊണ്ടുതന്നെ പുതിയ നിയമങ്ങളുടെ ലക്ഷ്യം അപകോളനിവൽക്കരണമാണ് എന്നു പറയാനാകില്ല. മാത്രമല്ല, പുതു കോളനിവൽക്കരണം കൂടിയാണ് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ആധുനിക ലോകത്ത് മനുഷ്യർ അപ്രത്യക്ഷരാകുന്നത് ദാരിദ്ര്യം, ഏറ്റുമുട്ടലുകൾ, തടങ്കൽ കേന്ദ്രങ്ങളിലും ജയിലുകളിലും അടയ്ക്കുക എന്നിവ കൊണ്ടുമാത്രമല്ല. നിർബന്ധിത കുടിയേറ്റവും ഒരു കാരണമാണ്. ഗ്ലോബൽ സ്ലേവറി ഇൻഡക്‌സ് 2023-പ്രകാരം, അടിമ സമാനമായ അവസ്ഥയിൽ ജീവിക്കുന്നവരിൽ, G 20 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിലാണ്. മൊത്തം 11 ദശലക്ഷം പേർ നിർബന്ധിത ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരും ആധുനിക അടിമത്തത്തിന്റെ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുമാണ്. മനുഷ്യാവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഗ്രൂപ്പായ ‘വാക്ക് ഫ്രീയുടെ’ അഭിപ്രായത്തിൽ, ആധുനിക അടിമത്തം പ്രകൃതിദുരന്തങ്ങൾ, ലിംഗ അസമത്വം, കോവിഡ്-19, മറ്റു സംഘർഷങ്ങൾ തുടങ്ങിയ ആഗോള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സംഘർഷം, പ്രകൃതിദുരന്തങ്ങൾ, അവകാശങ്ങൾ അടിച്ചമർത്തൽ എന്നിവയിൽ നിന്ന് രക്ഷപ്പെടുന്നവരും തൊഴിലിനായി കുടിയേറുന്നവരും പ്രത്യേകിച്ച് ചൂഷണത്തിനിരയാകുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി കുടിയേറ്റം കുതിച്ചുചാടുന്നതിൽ ഇതാണ് കാരണം. ഭരണകൂടം നൽകേണ്ട സുരക്ഷിതത്വം ഇല്ലാതെ, അതിജീവനത്തിനായി പലായനം ചെയ്യുന്ന മനുഷ്യർ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മനുഷ്യഗണങ്ങളുടെ പുതിയ രൂപങ്ങളാണ്.

മനുഷ്യാവകാശ സംഘടനയായ ‘വാക്ക് ഫ്രീയുടെ’ പറയുന്നത് ആധുനിക അടിമത്തം പ്രകൃതിദുരന്തങ്ങൾ, ലിംഗ അസമത്വം, കോവിഡ്-19, മറ്റു സംഘർഷങ്ങൾ തുടങ്ങിയ ആഗോള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

കുടിയേറ്റത്തെ നിർബന്ധിതമാക്കുന്ന ചില ഘടകങ്ങളുണ്ട്.
ഒന്നാമതായി; ഇസ്രായേലിൽ ജോലി ചെയ്യാൻ ഇന്ത്യയിലെ ദരിദ്രർക്കിടയിൽ സൃഷ്ടിക്കപ്പെടുന്ന ആഗ്രഹം. ആദ്യം ഇന്ത്യ വെസ്റ്റ് ഏഷ്യ ക്വാഡിന്റെ (യുഎസ്, യു എ ഇ, ഇസ്രായേൽ, ഇന്ത്യ) ഭാഗമായി. ഈ കരാർ അനുസരിച്ച് ഇന്ത്യ തൊഴിൽ (തൊഴിലാളികൾ) നൽകും. അത്, ഇസ്രായേലിൽ ജോലി ചെയ്യാനുള്ള ഇന്ത്യയിലെ ദരിദ്രർക്കിടയിലെ ആഗ്രഹം മൂർച്ചിപ്പിക്കും. ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന നയങ്ങൾക്കും ക്ഷേമപദ്ധതികളിൽ നിന്ന് പിന്മാറുന്ന തീരുമാനങ്ങൾക്കും പിന്നിൽ പ്രത്യേക അജണ്ട തന്നെ പ്രവർത്തിക്കുന്നുണ്ട്.

രണ്ടാമതായി; ഇസ്രായേലി ആയുധങ്ങളുടെയും രഹസ്യാന്വേഷണ സാങ്കേതികവിദ്യകളുടെയും ഏറ്റവും വലിയ ഇറക്കുമതിക്കാരിലൊരാളാണ് ഇന്ത്യ. 2023 മെയിൽ നടന്ന ജി 20 ഉച്ചകോടിയിൽ, പച്ചക്കർട്ടനുകൾക്കുപുറകിൽവച്ച് ഒന്നിലധികം ധാരണാപത്രങ്ങളാണ് ഇന്ത്യ ഒപ്പിട്ടത്. ബ്രിട്ടീഷ് പെട്രോളിയത്തിന് ഇസ്രായേൽ നൽകിയ ഗ്യാസ് കൺസഷൻ ലൈസൻസാണ് അതിലൊന്ന്. 2023-ൽ ഇൻഫോസിസ് ബ്രിട്ടീഷ് പെട്രോളിയത്തിൽ 1.5 ബില്യൺ ഡോളറിന്റെ (1,24,50 കോടിയോളം രൂപ) കരാറിൽ ഒപ്പുവച്ചു. സാർക്കിന്റെ ‘വല്യേട്ടൻ’ എന്ന നിലയിൽ ഇന്ത്യക്ക് നിലനിന്നുപോരുന്നതിന് ഇത്തരം സമീപനം പ്രധാനമാണ്.

ഇപ്പോൾ അമേരിക്ക അഫ്ഗാനിസ്ഥാനിലെ പിടിവിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നീങ്ങുമ്പോൾ, ദക്ഷിണേന്ത്യയിലും സമീപ ദ്വീപുകളിലും നടക്കുന്ന എല്ലാ സംഭവവികാസങ്ങളെയും ഇതുമായി ബന്ധപ്പെടുത്തി ആലോചിക്കുന്നതിൽ അർത്ഥമുണ്ട്. അതായത്; 2 + 2 = 4.

കുടിയൊഴിപ്പിക്കലിന്റെ രാഷ്ട്രീയം

2020-മുതൽ, ലക്ഷദ്വീപ് നിവാസികൾ ഒരുതരം കൊളോണിയൽ ആധിപത്യത്തിനു തുല്യമായ സാഹചര്യത്തിലാണ്. ഒരു മന്ത്രി അഡ്മിനിസ്ട്രേറ്ററുടെ റോൾ ഏറ്റെടുക്കുന്നു, ക്വാറന്റയിൻ പ്രോട്ടോക്കോളുകൾ മാറ്റുന്നു, തീരദേശ നിയന്ത്രണ മേഖല പ്രകാരമുള്ള ലംഘനങ്ങൾ ആരോപിച്ച് മത്സ്യബന്ധന ഗ്രാമങ്ങൾ തകർക്കുന്നു. ദ്വീപുകളെ സോണുകളായി വിഭജിച്ച് പ്ലാനിംഗ് ഓഫീസർമാരിൽ അധികാരം കേന്ദ്രീകരിക്കുന്ന ലക്ഷദ്വീപ് ഡവലപ്മെന്റി അതോറിറ്റി റെഗുലേഷൻ (LDAR) 2021-ൽ അവതരിപ്പിച്ചു. 1994- ലെ നിയമം മറികടക്കാൻ കരട് പഞ്ചായത്ത് നിയമം കൊണ്ടുവന്നു. നികുതി ചുമത്തലിലും ബജറ്റ് ആസൂത്രണത്തിലും അഡ്മിനിസ്ട്രേറ്റർക്ക് നിയന്ത്രണം ലഭിച്ചു. ദേശീയപാതാ പദ്ധതിയുടെ ഭാഗമായ സ്ഥലമേറ്റെടുക്കൽ പ്രാദേശിക ഔട്ട്‌ലെറ്റുകളെയും പാൽ ഉൽപാദനത്തെയും പ്രതികൂലമായി ബാധിച്ചു. അങ്കണവാടികൾ പൂട്ടി. 700 പേരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഭരണത്തിലും നയങ്ങളിലുമുള്ള വ്യാപക മാറ്റങ്ങൾ ആശങ്ക രൂക്ഷമാക്കി.

ലക്ഷദ്വീപ്

ഗ്രേറ്റ് നിക്കോബാർ ദ്വീപിനായി ഒരു മെഗാ വികസന പദ്ധതി നടപ്പിലാക്കാൻ നിതി ആയോഗിന്റെ നേതൃത്വത്തിൽ മൂന്നു വർഷമായി ദ്രുതവും ഏകോപിതവുമായ ശ്രമം നടക്കുന്നു. ട്രാൻസ്ഷിപ്മെന്റ് തുറമുഖം, അന്താരാഷ്ട്ര വിമാനത്താവളം, പവർ പ്ലാന്റ്, 130 ചതുരശ്ര കിലോമീറ്റർ സ്വഭാവിക വനം ഉൾക്കൊള്ളുന്ന ഭീമാകാരമായ ഗ്രീൻ ഫീൽഡ് ടൗൺഷിപ്പ് എന്നിവ ഈ പദ്ധതിയിൽ പെടുന്നു. 72,000 കോടി രൂപയുടെ ഈ പദ്ധതിയിൽ ഏകദേശം ഒരു ദശലക്ഷം മരങ്ങൾ മുറിക്കും. ഇത് കാര്യമായ പാരിസ്ഥിതിക ഭീഷണി ഉയർത്തുകയും തദ്ദേശീയ സമൂഹങ്ങളെ ബാധിക്കുകയും ചെയ്യും. കൂടാതെ, തീരദേശ സംവിധാനങ്ങളും ഉഷ്ണമേഖലാ വനങ്ങളും ഉൾക്കൊള്ളുന്ന 166 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ടൗൺഷിപ്പ് കോംപ്ലക്‌സിനും പദ്ധതിയുണ്ട്. ദ്വീപിൽ പ്രതീക്ഷിക്കുന്ന ജനസംഖ്യ 6.5 ലക്ഷമാണ്. ഗ്രേറ്റ് നിക്കോബാറിലെ നിലവിലെ 8,500 പേരിൽ നിന്ന് ഗണ്യമായ വർദ്ധനവ്. 1,000 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ദ്വീപ് ശൃംഖലയിൽ നിലവിൽ 4.5 ലക്ഷത്തിൽ താഴെ ജനസംഖ്യയുണ്ട്.

ദക്ഷിണേന്ത്യൻ മേഖല ഭരണകൂടത്തിന്റെ റഡാറിലാണ്. നിരവധി ധാരണാപത്രങ്ങൾ മഴപോലെ പെയ്യുകയാണ്, പുറകേ മേഘങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. വീട് വീടാന്തരം MoU(di), മോദിക്ക് സ്തുതി.

സാംസ്കാരിക കൃത്രിമത്വത്തിൻ്റെ രൂപരേഖകൾ

സൈനിക അടിച്ചമർത്തലുകൾക്കൊപ്പം മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തൊഴിലവസരങ്ങളും പോലുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിൽ സമവായമുണ്ടാക്കുന്ന തരത്തിൽ ധാരണാപത്രങ്ങൾ വരുന്നു, ഇതിനായി സംസ്ഥാനങ്ങൾ വിവിധ തന്ത്രങ്ങൾ പ്രയോഗിക്കുന്നു.

ഈ സമീപനം പുതിയതല്ല; ഉദാഹരണത്തിന്, യു.എസ്.എ. സൗത്ത് അമേരിക്ക, പശ്ചിമേഷ്യ, വിയറ്റ്നാം, ആഫ്രിക്ക എന്നിവിടങ്ങളിൽ ഇത് ചരിത്രപരമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ, ഇസ്രായേൽ പലസ്തീനിൽ ഇതേ തന്ത്രങ്ങൾ പ്രയോഗിച്ചു. ബസ്തർ, കാശ്മീർ, മണിപ്പുർ തുടങ്ങിയ സംഘർഷ മേഖലകളിൽ ഇന്ത്യ തന്ത്രങ്ങൾ പ്രയോഗിച്ചു, അവിടെ പതിവ് നിയമങ്ങൾ ബാധകമല്ല. ഇതിനർത്ഥം, നിയമങ്ങൾ താൽക്കാലികമായി നിർത്തുന്നതിലൂടെ, ഈ മേഖലകൾ കൈകാര്യം ചെയ്യുന്നതിന് രാജ്യങ്ങൾ പ്രത്യേക സമീപനങ്ങൾ പ്രയോഗിച്ചു എന്നാണ്.

അയോധ്യയിലെ രാംലല്ല പ്രതിമ

അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിൽ, രാംലല്ല പ്രതിമയ്‌ക്കൊപ്പം, മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, രാമൻ, കൃഷ്ണൻ, ബുദ്ധൻ, കൽക്കി എന്നിവരുൾപ്പെടെ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളുടെ ചിത്രങ്ങളുണ്ട്. വൈദിക ബ്രാഹ്മണ്യത്തിനും ശ്രമണിസത്തിനും ചരിത്രപരമായി തന്നെ എതിരുനിൽക്കുന്ന ബുദ്ധനെ ദശാവതാരത്തിൽ ഉൾപ്പെടുത്തി ഹിന്ദുമതത്തിൽ ലയിപ്പിച്ചത് ശ്രദ്ധേയമാണ്. ഇത്, ശങ്കരാചാര്യ ധർമപ്രകാരമുള്ളതുമാണ്. (ആർ.എസ്.എസിന്റെ ‘ധർമ’ത്തിൽ നിന്ന് വ്യത്യസ്തമായി തോന്നിയാലും) പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള ഒരു ധാർമിക വിശുദ്ധിയും ഇത് പ്രദാനം ചെയ്യുന്നു.

മനഃശാസ്ത്ര യുദ്ധത്തിൽ, ഏറ്റവും പ്രധാന ആക്രമണം നടക്കുക ജനങ്ങളുടെ മനസ്സിനു നേരെയാണ്. അധികാരത്തിലിരിക്കുന്നവർ തയ്യാറാക്കിയ ആഖ്യാനത്തിൽ, കേരളവും ഇവിടെ ഹിന്ദുക്കളും പാർശ്വസ്ഥമായ നാശനഷ്ടങ്ങളാണ്. ദേശീയ പൊതു ആഖ്യാനങ്ങൾ കെട്ടിപ്പടുക്കാൻ ഇവിടുത്തെ ആളുകളുടെ ജീവിതം അനുദിനം ഉപയോഗിക്കുന്നു. കേരളത്തിൽ നിന്നുള്ള പൊതു, അല്ലെങ്കിൽ സ്വകാര്യമായ എല്ലാ പ്രവർത്തനങ്ങളും-ഉദാഹരണത്തിന് സോഷ്യൽ മീഡിയ വഴി - അധികാരത്തിലുള്ള ആളുകൾ ഒന്നുകിൽ പുതിയത് സൃഷ്ടിക്കുന്നതിനോ നിലവിലുള്ള ആഖ്യാനത്തോട് കൂട്ടിച്ചേർക്കുന്നതിനോ ഒരു ‘ഐക്യ ഹിന്ദു മുന്നണി’ അണിനിരത്താനും സൃഷ്ടിക്കാനും ഉപയോഗിക്കുന്നു. കേരളത്തിന്റെ ഈ രൂപീകരണം പുതിയ പ്രതിഭാസമല്ല. ഒരുപക്ഷേ, മനസ്സിനെ കൈകാര്യം ചെയ്യുന്നതിന്റെ ആദ്യ രൂപങ്ങളിലൊന്ന് മതം ഉപയോഗിച്ചായിരിക്കാം.

ദക്ഷിണേന്ത്യയിൽ ജനിച്ച ബുദ്ധമത തത്ത്വചിന്തകനായിരുന്നു നാഗാർജുന. ശ്രീലങ്കയിലെ നാഗ എന്ന ആദിവാസി ഗോത്രവുമായി ബന്ധപ്പെട്ട ‘മഹായാന ബുദ്ധമതം’ അദ്ദേഹം ആചരിച്ചിരുന്നതായി പറയപ്പെടുന്നു. ടിബറ്റൻ സ്രോതസ്സുകൾ പ്രകാരം അദ്ദേഹം നളന്ദ സർവകലാശാലയിൽ പഠിപ്പിച്ചിരുന്നതായി പറയുന്നു. കെ. വെങ്കിടരമണൻ പറയുന്നതനുസരിച്ച്, നാഗാർജുന പ്രജ്ഞാപരമിത സൂത്രങ്ങളെ തെക്കുനിന്ന് വടക്കോട്ട് കൊണ്ടുവന്നു. കാലക്രമേണ ‘പ്രജ്ഞാപരമിത’ ഉത്തരേന്ത്യയിലെ ബുദ്ധമത തത്ത്വചിന്തയുടെ മറ്റ് ആശയങ്ങളെ മറികടന്നതായി പറയപ്പെടുന്നു. പരസ്പര വിരുദ്ധമായ കാലഗണനകളുണ്ടെങ്കിലും, ശങ്കരാചാര്യർക്ക് ആറു നൂറ്റാണ്ടുമുമ്പ് AD ഒന്നാം നൂറ്റാണ്ടിൽ നാഗാർജുന ഒരു തത്ത്വചിന്തകനായിരുന്നു.

നാഗാർജുന മധ്യമമാർഗത്തെക്കുറിച്ചുള്ള ആശയം വെച്ചിരുന്നു. ആ ആശയം മനുഷ്യനെ ആത്യന്തികമായി ശൂന്യതയിലേക്ക് നയിക്കുകയും, അതിലൂടെ തന്റെ യഥാർത്ഥ സ്വഭാവം (സത്യം) തിരിച്ചറിയുകയും ചെയ്യും. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ആത്മനിഷ്ഠത, (ഞാൻ / അഹം) വ്യക്തിത്വം അധിഷ്ഠിതമായ ഒരു ആധാരബിന്ദു ആണ്. സ്വയം മിഥ്യയോ അല്ലെങ്കിൽ വ്യത്യസ്ത മൂലകങ്ങളുടെ കൂട്ടുകെട്ടോ ഉണ്ടാക്കുന്ന ഘടകങ്ങളെ അവഗണിക്കുകയോ പറയുകയോ ചെയ്യുന്നത് ഒരു തെറ്റാണ്. അദ്ദേഹത്തെ സംബന്ധിച്ച്, വളരെ നേരത്തെ തന്നെ, ക്ഷമയില്ലാതെ സലക്ഷണ (നിർണ്ണയമുള്ളത്), അലക്ഷണ (അനിശ്ചിതത്വം) എന്നീ രണ്ട് തീവ്രതകൾക്കിടയിൽ ചാഞ്ചാടുന്ന ആളുകൾ, ധർമത്തിൽ നിന്നകന്ന് ജീവിതത്തിന്റെ ഐശ്വര്യം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഏർളി ഇന്ത്യാ ഫ്രം ദി ഒറിജിൻസ് ടു എ.ഡി പുസ്തകത്തിൻ്റെ കവർ

ശങ്കരാചാര്യർ, എട്ടാം നൂറ്റാണ്ടിൽ വളരെ വ്യത്യസ്തമായ ചിന്താഗതിയും ജീവിതശൈലിയും മുന്നോട്ടുവച്ചു. അവ്യക്തതകൾ കുറയ്ക്കുകയും, ശൈവമതവും വൈഷ്ണവമതവും തമ്മിലുള്ള യുദ്ധം സന്തുലിതമാക്കുകയും, മഹായാനം പോലുള്ള ബുദ്ധമത ചിന്തകളുടെ സാന്നിധ്യവും വഴി വൈദിക കോർപ്പസ് സ്വീകാര്യമാക്കാനുള്ള ശ്രമങ്ങളിൽ ശങ്കരാചാര്യർ അദ്വൈത സിദ്ധാന്തം എന്ന ആശയം അവതരിപ്പിച്ചു. എല്ലാം മായ /മിഥ്യയാണെന്ന് അവകാശപ്പെടുന്നതിലൂടെ ശങ്കരാചാര്യർ ആത്മാവിനെ ദൈവത്തിന്റെ മുൻപിൽ ഉപേക്ഷിച്ചു. ആത്മാവിന്റെ (ലൗകികമായ) കഷ്ടപ്പാടുകളുമായി ബന്ധപ്പെട്ട നാഗാർജുനയുടെ തത്ത്വചിന്ത, അതിനെ മറ്റെന്തെങ്കിലും സ്വന്തമാക്കാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. അദ്ദേഹത്തിനെ സംബന്ധിച്ച്, അജ്ഞത ക്ലേശങ്ങളുടെ (ആഗ്രഹം നിറവേറ്റാൻ കഴിയാത്തതിന്റെ വൈകൃതവും സംഘട്ടനവും) വേരുകളായിരുന്നു, ഒപ്പം മുറുകെ പിടിക്കുക എന്നത് ഒരു തീവ്രതയായിരുന്നു. മുറുകെ പിടിക്കാനുള്ള ആഗ്രഹത്തിൽനിന്നു മാറി, കഷ്ടപ്പാടുകളിൽനിന്ന് മോചനം ലഭിച്ചാൽ, ഒരാൾ തന്റെ ശൂന്യതയോട് കൂടുതൽ അടുക്കും. ഈ സൃഷ്ടി ദൈവത്തിന്റെ മുന്നിൽ കീഴടങ്ങുന്നതിനേക്കാളും, ഒരു മിഥ്യയെക്കാളും, ആഴത്തിലുള്ള ജീവിതരീതിയാണ് (അസ്തിത്വവാദം).

AD 300-700 കാലഘട്ടത്തിൽ പോലും വിവിധ വിജ്ഞാന സമ്പ്രദായങ്ങളുണ്ടായിരുന്നുവെന്ന് റോമില ഥാപ്പർ ഇന്ത്യൻസ്: ഫ്രം ദി ഒറിജിൻസ് ടു എഡി 1300 എന്ന പുസ്തകത്തിൽ പറയുന്നു. അക്കാലത്തെ ബൗദ്ധിക ജീവിതത്തിൽ ബുദ്ധമതം, വൈദിക ബ്രാഹ്മണമതം, വേദാന്തം, നിരീശ്വരവാദം മുതലായവ ഉണ്ടായിരുന്നതായി അവർ കുറിക്കുന്നു. യൂറോപ്പിൽ നിന്നുള്ള അധിനിവേശക്കാർ എത്തുന്നതിന് വളരെ മുമ്പുതന്നെ അറബ് രാജ്യങ്ങളുമായി വ്യാപാരചരിത്രമുള്ള നാടും കേരളമായിരുന്നു. അതായത് ജീവിതം എന്താണ്, തങ്ങൾക്കും മറ്റുള്ളവർക്കും ഒപ്പം എങ്ങനെ ജീവിക്കണം എന്ന ചോദ്യം എപ്പോഴും ഈ നാടിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ സമ്പന്നമായ വ്യാപാര ചരിത്രവും വൈവിധ്യമാർന്ന മതപാരമ്പര്യങ്ങളും മാറ്റുകയാണ് ആർ.എസ്.എസ് ലക്ഷ്യം. തിരുവള്ളുവരും കബീറും രവിദാസും തങ്ങളുടെ സൃഷ്ടികളിലൂടെ സ്‌നേഹവും കഷ്ടപ്പാടും പ്രകടിപ്പിച്ച നാട്ടിൽ, വിദ്വേഷവും അക്രമവും അപകർഷതാബോധവും അരക്ഷിതാവസ്ഥയും കൊണ്ട് ഈ ചിന്താപരമായ വ്യവഹാര ചരിത്രത്തെ ആണ് ആർ.എസ്.എസ് ഫലപ്രദമായി മാറ്റിമറിക്കുന്നത്.

AD 300-700 കാലഘട്ടത്തിൽ പോലും വിവിധ വിജ്ഞാന സമ്പ്രദായങ്ങളുണ്ടായിരുന്നുവെന്ന് റോമില ഥാപ്പർ ഇന്ത്യൻസ്: ഫ്രം ദി ഒറിജിൻസ് ടു എഡി 1300 എന്ന പുസ്തകത്തിൽ പറയുന്നു.

ജെയ്ൻ അലിസണിന്റെ “മീൻഡർ, സ്‌പൈറൽ ആൻഡ് എക്‌സ്‌പ്ലോഡ്” രസകരമായ പുസ്തകമാണ്. കഥകൾ എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് മനസ്സിലാക്കാൻ രചയിതാവ് ശ്രമിക്കുന്നു. ആഖ്യാനങ്ങൾ എങ്ങനെ വിരസമാവുന്നു അല്ലെങ്കിൽ പ്രകോപനം നിറഞ്ഞതാകുന്നു എന്നും അവയ്ക്ക് വായനക്കാരുടെ പൂർണ ശ്രദ്ധ എങ്ങനെ ആകർഷിക്കുന്നു എന്നതിനെക്കുറിച്ചും അവർ സംസാരിക്കുന്നു. സാമാന്യഭാഷയിലുള്ള ആഖ്യാനങ്ങളോ കഥകളോ നോവലുകളിൽ മാത്രമല്ല, പൊളിറ്റിക്കൽ സയൻസിലും നമ്മുടെ ദൈനംദിന ഇടപെടലുകളിലും സംസാരത്തിലും കാണപ്പെടുന്നു. ഒരു ആധുനിക ദേശരാഷ്ട്രത്തിൽ, ബൂർഷ്വാസികൾക്കൊപ്പം ഭരണകൂടവും ഒരു പൊതു ആഖ്യാനം സൃഷ്ടിക്കുന്നു. ഈ പൊതു ആഖ്യാനങ്ങളുടെ ഉപവിഭാഗങ്ങളാണ് ഓന്റോളോജിക്കൽ ആഖ്യാനങ്ങൾ (സാമൂഹിക ആചാരങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നമ്മുടെ അഹം തീരുമാനിക്കുന്നത്). ഇന്ത്യൻ ഭരണകൂടം സജ്ജമാക്കിയ ഇന്നത്തെ പൊതു ആഖ്യാനത്തിൽ, അപകോളനീകരണത്തിന് മുൻതൂക്കമുണ്ട്.

കോളനിവൽക്കരണത്തിനു ശേഷമുള്ള പഠനങ്ങളും ഇന്ത്യയിലെ സബാൾട്ടൺ പഠനങ്ങളും കാണിക്കുന്നത്, കോളനിവൽക്കരണത്തിന്റെ ചരിത്രപരമായ പൈതൃകം, ഉത്തര കൊളോണിയൽ ചലനാത്മകതയാൽ രൂക്ഷമായ വടക്കും തെക്കും തമ്മിൽ ആഴത്തിലുള്ള അസമത്വത്തിന് കാരണമായെന്നു മാത്രമല്ല, വടക്കു കിഴക്കൻ ഇന്ത്യ, കാശ്മീർ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ കോളനിവൽക്കരണത്തിനും കാരണമായി. ഭാഷാപരമായ പോരാട്ടങ്ങൾ, സമ്പത്തിന്മേലുള്ള പരമാധികാരം, ഭീകരവിരുദ്ധ നിയമങ്ങളുടെ ചരിത്രപരമായ പശ്ചാത്തലം തുടങ്ങിയ വിഷയങ്ങളിൽ ഈ അസമത്വം പ്രകടമാണ്.

പാർലമെന്ററി പ്രാതിനിധ്യത്തിൽ വരാനിരിക്കുന്ന മാറ്റം, ഉത്തരേന്ത്യയ്ക്ക് അനുകൂലമായി മാറാൻ പോകുകയാണ്. ഈ മാറ്റം തെക്കൻ സംസ്ഥാനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നു, കാരണം സമ്പത്തിന്റെ വിഹിതം ജനസംഖ്യാ അളവുകളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു, ഇത് അവരുടെ സ്വയംഭരണത്തെയും ബാധിക്കും. കൂടാതെ, ആരോഗ്യ- തൊഴിൽ പരിപാടികൾക്കുള്ള ബജറ്റ് നീക്കിവെപ്പുകളി​ലെ കുറവും നീണ്ടുപോകുന്ന സെൻസസ് പ്രവർത്തനങ്ങളും സാമ്പത്തിക പാർശ്വവൽക്കരണത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു, പ്രത്യേകിച്ച് കേരളം, കർണാടക, തമിഴ്നാട് തുടങ്ങി സാമ്പത്തികമായി വിജയിച്ച സംസ്ഥാനങ്ങൾക്ക്.

പൊളിറ്റിക്സ്, എത്തിക്സ്  ആൻഡ് ഇമോഷൻസ് ഇൻ ‘ന്യൂ ഇന്ത്യ പുസ്തകത്തിൻ്റെ കവർ

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളുടെ സ്വാധീനം ഗുജറാത്തിലെയും ഉത്തർപ്രദേശിലെയും ഉദാഹരണങ്ങളിലൂടെ കാണാം. നോട്ട് അസാധുവാക്കൽ, കോവിഡ്-1 തുടങ്ങിയവ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി വോട്ടിംഗ് രീതിയെ സ്വാധീനിച്ചിട്ടുണ്ട്, ചരിത്രപരമായി അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾ സാമ്പത്തിക നിലനിൽപ്പിനായി ബി ജെ പിക്കൊപ്പം അണിനിരക്കുന്നു. രാഷ്ട്രീയവും സാമ്പത്തിക പ്രവർത്തനങ്ങളും സാമൂഹിക നിയന്ത്രണവും ഇഴചേരുമ്പോൾ അതിന്റെ ആഘാതം തിരഞ്ഞെടുപ്പുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നു, അത് വൈയക്തികമായ സ്വയംഭരണത്തെ ഇല്ലാതാക്കുന്നു.

ഭാരതീയ ന്യായ സംഹിത (ക്രിമിനൽ കോഡ്), മൈൻസ് ആൻഡ് മിനറൽസ് ആക്റ്റ്, ടെലി കമ്യൂണിക്കേഷൻസ് ആക്റ്റ്, പ്രസ് ആന്റ് രജിസ്ട്രേഷൻ ഓഫ് പിരിയോഡിക്കൽസ് ആക്റ്റ്, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്‌ഷൻ ആക്റ്റ് തുടങ്ങിയ പുതിയ നിയമനിർമ്മാണങ്ങളുടെ ഭാവി പ്രത്യാഘാതങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു. ഒപ്പം, ഭരണത്തിന്റെ പക്ഷം, വിയോജിപ്പിനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ആശങ്കയും ഉയർത്തുന്നു.

അജയ് ഗുദവർത്തി

അജയ് ഗുദവർത്തി ‘‘പൊളിറ്റിക്സ്, എത്തിക്സ്  ആൻഡ് ഇമോഷൻസ് ഇൻ ‘ന്യൂ ഇന്ത്യ’” എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ, ആർ.എസ്.എസിനും ബി.ജെ.പിക്കും നിർമ്മിക്കാൻ കഴിഞ്ഞ ഒരു നിശ്ശബ്ദ ഭൂരിപക്ഷവാദമുണ്ട്. ആർ.എസ്.എസ്- ബി.ജെ.പി ‘സമ്മതി നിർമാണം’ എന്ന വൈദഗ്ദ്ധ്യം നേടുകയും, വൈവിധ്യമാർന്ന വൈകാരികതകളെ സമർത്ഥമായി അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. അതിന് തന്ത്രപരമായി ആധിപത്യം സ്ഥാപിക്കാനുമാകുന്നു, ഏതൊരു വിഷയത്തിലും വ്യവഹാരം സാധ്യമാക്കിക്കൊണ്ടുതന്നെ. ആർ.എസ്.എസ്- ബി.ജെ.പി നിർമിക്കുന്ന വ്യവഹാരങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വൈരുധ്യങ്ങളും മൂർത്തവും അമൂർത്തവുമായ സംഭവങ്ങൾക്കിടയിൽ രൂപ​പ്പെടുത്തുന്ന ചാഞ്ചാട്ടപ്രക്രിയയെക്കുറിച്ചും ഗുദവർത്തി പറയുന്നുണ്ട്. ഇന്നത്തെ ലോകത്ത്, (അ)സത്യം പ്രവർത്തിക്കുന്നത്, ഗൂഡവർത്തി വിശേഷിപ്പിക്കുന്ന, പ്രൊജക്റ്റഡ് റിയാലിറ്റി എന്ന ആശയത്തിന് സമാനമായ രീതിയിലാണ്. ഇരകളെയോ ആക്രമണോത്സുകതയെയോ പോലുള്ള ഒരു നിശ്ചിത യാഥാർത്ഥ്യത്തെ ഉയർത്തിക്കാട്ടുന്നതിന്റെ സ്വീകാര്യത, ന്യായമായതും ന്യായീകരിക്കാത്തതുമായ ആവശ്യങ്ങൾ അറിയിക്കുന്നതിനുള്ള ഉപകരണ മൂല്യത്തിലാണെന്ന് അദ്ദേഹം പറയുന്നു.

ജനാധിപത്യം കൊളോണിയൽ വ്യവസ്ഥയുടെ ക്രൂരമായ അവശിഷ്ടമാണെന്ന് അച്ചിൽ എംബെംബെ ‘നെക്രോപൊളിറ്റിക്സ്’ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോളനികളും തോട്ടങ്ങളും ജയിലുകളും പുറന്തള്ളപ്പെടുന്ന തരത്തിൽ മെട്രോപൊളിറ്റനിൽ ദൃശ്യമായ ശൂന്യതകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നെക്രോപോളിറ്റിക്സിൽ, വിയോജിപ്പിന് 'അർഹമായ' ചില ശരീരങ്ങൾ മാത്രമേ ഉള്ളൂ. അർഹതയുള്ള ശരീരങ്ങളെ ജീവിക്കാൻ അനുവദിക്കുകയും, മറ്റു ശരീരങ്ങളെ മരിക്കാൻ അനുവദിക്കയുകയും ചെയ്യുന്ന സ്വഭാവമാണ് ജനാധിപത്യത്തിനുള്ളത്. ഇവിടെയാണ് ഇന്ത്യൻ ഭരണഘടന പോരാടാനുള്ള തന്ത്രമെന്ന നിലയ്ക്ക് ഉപയോഗിക്കാൻ പറ്റാതാകുന്നത്. മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ജനാധിപത്യത്തിന്റെ ദൈനംദിന വശത്താണെങ്കിൽ, എംബെംബെ വിളിക്കുന്നതുപോലെ അതിന്റെ ഇരുട്ടുനിറഞ്ഞ മറുവശത്ത്, കോളനിവൽക്കരണത്തിനനുകൂലമായതും വിയോജിപ്പുകളെ തകർക്കുന്നതിനുമുള്ള ഭരണഘടനാ വ്യവസ്ഥകളുടെ ഉപയോഗമാണ്. കോർപറേറ്റുകൾക്ക് സമ്പത്ത് കൊള്ളയടിക്കാനുതകുംവിധം ആർട്ടിക്കിൾ 370, 5, 6 തുടങ്ങിയ ഷെഡ്യൂളുകൾ ലംഘിക്കുന്നത് ഭരണഘടനയുടെ പേരിലാണ്.

ആഖ്യാനങ്ങളുടെ കൃത്രിമത്വം:
കെ.എസ്. ചിത്ര vs സൂരജ് സന്തോഷ്

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന സമയത്ത് എല്ലാവരും നിലവിളക്ക് കൊളുത്തി രാമനാമം ജപിക്കണമെന്ന ഗായിക കെ.എസ്. ചിത്രയുടെ ആഹ്വാനവും അതിനെതിരെ ഗായകൻ സൂരജ് സന്തോഷ് പ്രതികരിച്ചതും നാം കണ്ടു. കെ. എസ്. ചിത്ര vs സൂരജ് സന്തോഷ് എന്ന ആഖ്യാനം സ്ഥാപിച്ചെടുക്കേണ്ടത് കേരളം പോലുള്ള ഒരു പാർശ്വസ്ഥമായ സംസ്ഥാനത്തിൽ നിന്നുള്ള നിർമിതി സമ്മതത്തിന്റെ മാട്രിക്സിലാണ്. കെ. എസ്. ചിത്രയ്‌ക്കെതിരെ സൂരജ് സന്തോഷിനെ അവതരിപ്പിക്കുക എന്നത് യാന്ത്രികമായ അനിവാര്യതയായിരുന്നു.

സൂരജ് സന്തോഷ്

കൊളോണിയലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ വിപുലീകരണമായി കണക്കാക്കാവുന്ന ജനാധിപത്യ യുക്തിയുടെ പശ്ചാത്തലത്തിൽ, വ്യക്തികൾ പലപ്പോഴും ഭരണകൂടത്തിന്റെ ലക്ഷ്യങ്ങൾക്കായി ചരക്കുകളായി പ്രവർത്തിക്കുന്നു. സൂരജ്, ഈ വിവരണത്തിൽ, മെട്രോപൊളിറ്റൻ അധികാരങ്ങൾക്കുള്ള ഒരു സാമൂഹിക നികുതിയായി മാറുന്നു, വിദൂരമായ ആക്രമണത്തിന്റെ പാത്രമാക്കപ്പെടുന്നു. പ്രാണ​പ്രതിഷ്ഠാ ആഖ്യാനത്തിന്റെ പാശ്ചാത്തലത്തിൽ അറിഞ്ഞോ അറിയാതെയോ ചിത്ര ആർ.എസ്.എസ് കൃത്രിമത്തിനിരയാകുകയായിരുന്നു.

ഈ ഓർക്കസ്ട്രേഷൻ പുതുമയുള്ളതല്ല; കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ മെഴുകുതിരി കത്തിക്കാൻ പറഞ്ഞ ചിത്രയുടെ ഭരണകക്ഷിയുമായുള്ള മുൻകാല യോജിപ്പ്, ജനുവരി 22-ലെ പ്രാണപ്രതിഷ്ഠയുടെ പേരിലുള്ള, കൂടുതൽ സൂക്ഷ്മവും സെൻസിറ്റീവുമായ ഒരു ആഹ്വാനത്തിന് കളമൊരുക്കുന്നു. കെ എസ് ചിത്രയ്‌ക്കെതിരെ സൂരജ് സന്തോഷിനെ അഭിമുഖം നിർത്തുന്നതിലൂടെ മുൻ മലയാളി മെട്രോപൊളിറ്റൻ എന്ന പ്രാഥമിക അടിച്ചമർത്തലിൽ (first psychic repression) നിന്ന് കുടുംബത്തിന്റെ ദ്വിതീയ അടിച്ചമർത്തലിലേക്ക് (secondary psychic repression) വലിച്ചെറിയപ്പെടുന്നു. ഇവിടെ മുഖ്യാപാത്രം അപ്രസക്തമായ ഒരു വ്യക്തിയല്ല, മറിച്ച് ദുഃഖിതയായ അമ്മയും (ചിത്ര അമ്മ) സംസ്ഥാനത്തിന്റെ വാനമ്പാടിയുമാണ്.

പ്രാണ​പ്രതിഷ്ഠാ ആഖ്യാനത്തിന്റെ പാശ്ചാത്തലത്തിൽ അറിഞ്ഞോ അറിയാതെയോ ചിത്ര ആർ.എസ്.എസ് കൃത്രിമത്തിനിരയാകുകയായിരുന്നു.

സൂരജ് സന്തോഷിനെപ്പോലുള്ള ഒരു വ്യക്തിയെ അറിയാതെ ഒരു കെണിയിൽ വീഴ്ത്താൻ ആർ.എസ്.എസ് തന്ത്രപരമായ ഒരു അനിവാര്യതയൊരുക്കുന്നു. എന്നിട്ടും ഭരണകൂടം ബോധപൂർവം ഉയർത്തിയ പുകമറയ്ക്കുള്ളിൽ സത്യം പറയുന്നവരായി പ്രത്യക്ഷപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടനാ സാധുതയും കപടമാക്കി, ഈ രണ്ട് അളവുകോലുപയോഗിച്ച് ഭരണകൂടത്തിന് ഭൂമിയിലും മനസ്സിലും കോളനിവൽക്കരണം തുടരാനാകും.

ഉപസംഹാരം

ഗുദവർത്തി നിരീക്ഷിക്കുന്നതുപോലെ, രാഷ്ട്രീയത്തിന്റെ മധ്യസ്ഥത സാമൂഹിക സംഘടനകളുടെ അജണ്ടയെ സ്വാധീനിക്കുന്നതിനും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ഭാവനയെ രൂപപ്പെടുത്തുന്നതിനും തടസ്സമായി. ഈ വൈരുദ്ധ്യങ്ങൾക്കിടയിൽ, നിശ്ശബ്ദതയുടെ കലയിൽ നാം വൈദഗ്ദ്ധ്യം നേടുന്നുവെന്നത് പരമപ്രധാനമാണ്. കീഴടങ്ങൽ എന്ന നിലയിലല്ല, മറിച്ച് നേർത്ത മന്ത്രിക്കലുകൾക്ക് ചെവി കൊടുക്കാനുള്ള അഗാധമായ പ്രതിബദ്ധത എന്ന നിലയിൽ. കോളനിവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ, നമ്മുടെ പ്രതിരോധത്തിന് ഒരു പുതിയ നിഘണ്ടുവിന്റെ ആവശ്യമുണ്ട്. ഭൂമിയിൽ നമ്മുടെ ചെവികൾ ചേർത്തമർത്താനും ചെളിയിൽ മറഞ്ഞിരിക്കുന്ന ചോരയുടെ നിശ്ശബ്ദ കഥകളിലേക്ക് സ്വയം ചെന്നുചേരാനും ഇപ്പോഴുള്ളതിനേക്കാൾ നമ്മെ നിർബന്ധിതമാക്കുന്ന നിമിഷമില്ല. ഈ നിശ്ശബ്ദത, പ്രതിരോധത്തിനുള്ള നമ്മുടെ ഉപകരണമാണ്, പ്രതികരണത്തിന്റേതല്ല.

Comments