ബി.ആർ. ഗവായ്; ആദ്യത്തെ ബുദ്ധിസ്റ്റ്, രണ്ടാമത്തെ ദലിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സഞ്ജീവ് ഖന്നയുടെ പിൻഗാമിയായി അടുത്ത ചീഫ് ജസ്റ്റിസ് ആവുന്നു എന്നതിലപ്പുറം ചരിത്രം രചിച്ച് കൊണ്ടാണ് ഭൂഷൺ രാമകൃഷ്ണ ഗവായ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ തലപ്പത്ത് എത്തുന്നത്.

News Desk

ന്ത്യയുടെ 52-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഭൂഷൺ രാമകൃഷ്ണ ഗവായ് ബുധനാഴ്ച (മെയ് - 14) ചുമതലയേറ്റിരിക്കുകയാണ്. സഞ്ജീവ് ഖന്നയുടെ പിൻഗാമിയായി അടുത്ത ചീഫ് ജസ്റ്റിസ് ആവുന്നു എന്നതിലപ്പുറം ചരിത്രം രചിച്ച് കൊണ്ടാണ് ഗവായ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ തലപ്പത്ത് എത്തുന്നത്. മലയാളിയായ കെ.ജി. ബാലകൃഷ്ണന് ശേഷം ദലിത് വിഭാഗത്തിൽ നിന്ന് ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാവുന്ന രണ്ടാമത്തെയാളും ബുദ്ധിസ്റ്റ് വിഭാഗത്തിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാളുമാണ്. നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും സീനിയറായ ഗവായിയുടെ കാലാവധി 2025 നവംബർ 23 വരെയാണ്.

1960 നവംബർ 24-ന് മഹാരാഷ്ട്രയിലെ അമരാവതിയിലെ ഫ്രേസർപുരയിലാണ് ജനനം. അംബേദ്കറൈറ്റും രാഷ്ട്രീയനേതാവുമായിരുന്ന ആർ. എസ്. ഗവായ് ആണ് പിതാവ്. കേരളം, ബീഹാർ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെ ഗവർണറായിരുന്നു ഗവായ്. അച്ഛൻ രാഷ്ട്രീയനേതാവായിരുന്നതിനാൽ തന്നെ ചെറുപ്പം മുതലേ രാഷ്ട്രീയ - സാമൂഹ്യവിഷയങ്ങളിൽ തൽപ്പരനായിരുന്നു രാമകൃഷ്ണ ഗവായ്. പിതാവിൻെറ വഴിയേ രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപര്യം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം നിയമപഠനത്തിലേക്ക് തിരിയുകയായിരുന്നു. അമരാവതി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിലും കൊമേഴ്സിലും ബിരുദം നേടിയ ശേഷം 1985-ലാണ് രാമകൃഷ്ണ ഗവായ് അഭിഭാഷകവൃത്തി ആരംഭിക്കുന്നത്. ബോംബെ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായി പേരെടുത്തതിന് ശേഷം 2019-ൽ സുപ്രീം കോടതിയിൽ നിയമിതനായി. അവിടെ ഏകദേശം 700-ഓളം ബെഞ്ചുകളുടെ ഭാഗമായ ഗവായ് 300-ലധികം സുപ്രധാനവിധികളും പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളം, ബീഹാർ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെ ഗവർണറായിരുന്നു ഗവായ്.
കേരളം, ബീഹാർ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെ ഗവർണറായിരുന്നു ഗവായ്.

ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനാപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളയൽ, ഇലക്ടറൽ ബോണ്ട് നിർത്തലാക്കൽ, നോട്ട് നിരോധിക്കൽ നീക്കത്തെ സാധൂകരിക്കൽ തുടങ്ങിയ സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ച ബെഞ്ചുകളുടെ ഭാഗമായിരുന്നിട്ടുണ്ട് ഗവായ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മനീഷ് സിസോദിയക്ക് ജാമ്യം നൽകൽ, മോദി കുടുംബപ്പേര് അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ നിയമനടപടി സ്റ്റേ ചെയ്യൽ, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെയ്തൽവാദിന് ജാമ്യം അനുവദിക്കൽ തുടങ്ങിയ വിധികളും ഗവായ് ഉൾപ്പെട്ടിരുന്ന ബെഞ്ചുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ജീവിതാനുഭവങ്ങളും ഭരണഘടനയിലുള്ള ആഴത്തിലുള്ള അറിവുമാണ് ഗവായിയുടെ നിയമവഴികളെ നിർണയിച്ചിട്ടുള്ളത്. പട്ടികജാതി ക്വാട്ടയ്ക്കുള്ളിലെ ഉപവർഗ്ഗീകരണവുമായി ബന്ധപ്പെട്ട വിധിന്യായത്തിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള മുതിർന്ന അഭിഭാഷകൻ കൂടിയാണ് ഗവായ്. സംവരണം ലഭിക്കുന്ന എല്ലാവരുടേയും യാത്ര തുടങ്ങുന്നത് ഒരേ പോലുള്ള സാഹചര്യങ്ങളിൽ നിന്നല്ലെന്നും അതിനാൽ സമത്വം ഉറപ്പാക്കുകയെന്നത് പ്രധാനമാണെന്നുമായിരുന്നു അദ്ദേഹത്തിൻെറ വാദം.

സുപ്രീം കോടതിയിലെ ദലിത് പ്രാതിനിധ്യം

ദലിത് വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസായി ഗവായ് ചുമതലയേൽക്കുമ്പോൾ സുപ്രീം കോടതിയിലെ ദലിത് പ്രാതിനിധ്യം ചർച്ചയാവുന്നുണ്ട്. 2007-ൽ നിയമിതനായ കെ.ജി. ബാലകൃഷ്ണനാണ് ദലിത് വിഭാഗത്തിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. സുപ്രീം കോടതിയിലെ മൊത്തം ജഡ്ജിമാരിൽ സ്ത്രീ, ദലിത്, ന്യൂനപക്ഷ പ്രാതിനിധ്യം വളരെ കുറവാണ്. ജസ്റ്റിസ് പി.ബി. വരാലെ സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിൽ ഇടംപിടിച്ചപ്പോൾ, ചരിത്രത്തിൽ ഇതാദ്യമായി ദലിത് വിഭാഗത്തിൽ നിന്നുള്ള മൂന്ന് ജഡ്ജിമാർ എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ജസ്റ്റിസ് ഗവായ്, സി.ടി. രവികുമാർ എന്നിവരാണ് മറ്റ് രണ്ടുപേർ. 1980-ൽ ജസ്റ്റിസ് വരദരാജൻെറ നിയമനത്തിന് ശേഷം 2010 വരെ ദലിത് വിഭാഗത്തിൽ നിന്നുള്ള ഒരു ജഡ്ജിയെങ്കിലും സുപ്രീം കോടതിയിൽ ഉണ്ടായിട്ടുള്ളുവെന്ന് ‘സുപ്രീം കോർട്ട് ഒബ്സർവർ’ റിപ്പോർട്ട് ചെയ്യുന്നു. 2019-ന് ശേഷം ജസ്റ്റിസ് ഗവായ്, സി.ടി. രവികുമാർ എന്നീ രണ്ട് പേരും 2024-ൽ പി.ബി. വരാലെ കൂടി വരുന്നതോടെ മൂന്ന് പേരുടെ പ്രാതിനിധ്യമാണുള്ളത്.

Comments