ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിലുണ്ടായ അപ്രതീക്ഷിത തീപ്പിടിത്തത്തിൽ നിന്നാണ് എല്ലാത്തിൻെറയും തുടക്കം.
2025 മാർച്ച് 14 അർദ്ധരാത്രി. ഹോളി ദിവസം ജഡ്ജി വീട്ടിലില്ലാത്ത സമയത്ത് പൊടുന്നനെയൊരു തീപിടുത്തമുണ്ടാകുന്നു. അദ്ദേഹത്തിൻെറ മകൾ ഫയർ ഫോഴ്സിനെ വിളിച്ചു. അവർ തീ അണയ്ക്കാൻ ശ്രമം നടത്തുന്നു. അതിനിടയിലാണ് അസാധാരണമായ ചില കാര്യങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുന്നത്. വീട്ടിലെ പല സ്റ്റോറൂമുകളിലായി തീപിടിച്ച് നശിച്ചതും അല്ലാതെയുമായി നിരവധി കറൻസി നോട്ടുകൾ. 500-ന്റെ നോട്ടുകെട്ടുകൾ ചാക്കിലാക്കി സൂക്ഷിച്ചിരിക്കുന്നു. എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ അഞ്ചു കോടി രൂപയിലധികമുണ്ടെന്ന് കണ്ടെത്തി. ഫയർ ഫോഴ്സ് ഈ വിവരം പോലീസിനെ അറിയിക്കുകയും പോലീസ് ആഭ്യന്തര മന്ത്രാലയത്തെ നേരിട്ട് അറിയിക്കുകയും ചെയ്തു. എന്നാൽ, പിറ്റേന്ന് വൈകീട്ട് 4.50നാണ് പൊലീസ് വിവരം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചത്.
എത്ര തുക കണ്ടെത്തിയെന്ന കാര്യമൊക്കെ മറച്ചുവെക്കാനുള്ള ശ്രമങ്ങളൊക്കെ പിന്നീടുണ്ടായെങ്കിലും ഇതുവരെ പുറത്തുവന്ന വിവരങ്ങളൊന്നും ഒട്ടും നിസ്സാരമല്ല. സുപ്രധാന കേസുകൾ കൈകാര്യം ചെയ്യുകയും വിധി പറയുകയും ചെയ്യുന്ന ഒരു ജഡ്ജിയുടെ വീട്ടിൽ നിന്നാണ് കണക്കിൽ പെടാത്ത പണം കണ്ടെത്തിയിരിക്കുന്നത്. ജഡ്ജിക്ക് എവിടെ നിന്നാണ് ഇത്രയും കോടികൾ?
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്ന് നീതിന്യായരംഗത്തുള്ളവർ തന്നെ സമ്മതിക്കുന്നു. കണ്ടെത്തിയ പണം തൻേറതല്ലെന്ന ന്യായമാണ് യശ്വന്ത് വർമ ഉയർത്തിയിരിക്കുന്നത്. ഏതായാലും അങ്ങനെ തടിതപ്പി പോവാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് തോന്നുന്നില്ല. അപ്രതീക്ഷിത തീപ്പിടിത്തം ജഡ്ജിയെ അക്ഷരാർത്ഥത്തിൽ സംശയനിഴലിലാക്കിയിരിക്കുകയാണ്.
പ്രത്യക്ഷത്തിൽ തന്നെ ഗുരുതരമായ കുറ്റകൃത്യമാണെന്ന് വ്യക്തമായിട്ടും ആദ്യഘട്ടത്തിൽ കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.
ഡൽഹി ഹൈക്കോടതി ജഡ്ജിയായ വർമയെ തൻെറ പഴയ തട്ടകമായ അലഹബാദ് കോടതിയിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. എന്നാൽ പൊതുവിൽ ജഡ്ജിമാരിൽ നിന്നാകെയും പൊതുസമൂഹത്തിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നുതുടങ്ങിയതോടെ ശക്തമായ നടപടികൾ എടുക്കാൻ ഇപ്പോൾ നിർബന്ധിതമായിരിക്കുകയാണ്. സുപ്രീം കോടതി കൊളീജിയമാണ് വർമയെ ട്രാൻസ്ഫർ ചെയ്യാനുള്ള തീരുമാനം എടുത്തത്. നിലവിലുള്ള എല്ലാ കേസുകളുടെയും ചുമതലകളിൽ നിന്ന് വർമയെ നീക്കുകയും ചെയ്തിട്ടുണ്ട്. കേസ് അന്വേഷണം തുടങ്ങിയതോടെ വർമ അവധിയിൽ പോയിരിക്കുകയാണ്.
പൊലീസ് കണ്ടെത്തിയതായി പറയുന്ന നോട്ടുകെട്ടുകൾ ജഡ്ജിയുടെ വീട്ടിൽനിന്ന് ദുരൂഹമായി മാറ്റിയത് എന്തിനാണ് എന്ന ചോദ്യം നിലനിൽക്കുന്നു. മാത്രമല്ല, തുക എണ്ണിത്തിട്ടപ്പെടുത്തുകയോ കസ്റ്റിയിലേക്ക് മാറ്റുകയോ ചെയ്യാത്തതിൽ സംശയമുയരുന്നുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയമിച്ച സുപ്രീം കോടതി കൊളീജിയത്തിൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്. അലഹാബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ യശ്വന്ത് വർമക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഇംപീച്ച് ചെയ്യണമെന്നാണ് പ്രധാന ആവശ്യം. അദ്ദേഹം പരിഗണിച്ച കേസുകൾ പുനഃപരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കൂടാതെ അലഹബാദ് ഹൈകോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ വര്‍മയുടെ സ്ഥലം മാറ്റത്തിനെതിരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ജഡ്ജിയെ കൊണ്ടുവന്നു തള്ളാൻ അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ല എന്നാണ് ബാർ അസോസിയേഷൻ പറയുന്നത്. എന്നാൽ, ഈ എതിർപ്പ് തള്ളിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം, അലഹബാദ് ഹൈക്കോടതിയിലേക്ക് വർമയെ മാറ്റാൻ നിർദേശിച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാറാണ്.
അലഹബാദ് സ്വദേശിയായ ജസ്റ്റിസ് വർമ 2014-ലാണ് ഹൈക്കോടതി ജഡ്ജിയാവുന്നത്. 2021-ൽ അദ്ദേഹം ഡൽഹി ഹൈക്കോടതി ജഡ്ജിയായും നിയമിതനായി. ജഡ്ജിയായി നിയമിതനാവുന്നതിന് മുമ്പ് തന്നെ ജസ്റ്റിസ് വർമക്കെതിരെ അഴിമതിക്കേസ് ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അതായത് കൃത്യമായ അന്വേഷണം പോലും നടക്കാതെയാണ് അദ്ദേഹം ജഡ്ജിയായി നിയമിതനായത് എന്ന് ഈ ആരോപണങ്ങൾ സൂചിപ്പിക്കുന്നു.
പത്ത് വർഷത്തോളം അദ്ദേഹം വിധി പറഞ്ഞ കേസുകളിൽ എത്രത്തോളം നീതി ഉണ്ടായിരുന്നുവെന്ന് അഭിഭാഷകർ തന്നെ ചോദിക്കുന്നു. പൊതുവിൽ തന്നെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസതയ്ക്ക് തന്നെ വലിയ കോട്ടം വരുത്തുന്നതാണ് ജസ്റ്റിസ് വർമക്കെതിരെ നടക്കുന്ന അന്വേഷണവും കണ്ടെത്തലുകളും. അതിനാൽ, വെറും നിയമനടപടികൾ മാത്രമെടുത്ത് ഈ വിഷയം അവസാനിപ്പിക്കാൻ സാധിക്കില്ല. ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കുന്ന തരത്തിലുള്ള നടപടികൾ തന്നെ ഉണ്ടാവേണ്ടതുണ്ട്.
ജസ്റ്റിസ് വർമ കേസ് ഇന്ത്യൻ ജുഡീഷ്യറിയിൽ ഒരു ഒറ്റപ്പെട്ട സംഭവമായി അവസാനിക്കേണ്ടതല്ല. ജഡ്ജിമാരുടെ നിയമനത്തിലടക്കമുള്ള സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. കണക്കിൽ പെടാത്ത സ്വത്തുക്കൾ സമ്പാദിക്കുന്നവരായി ജഡ്ജിമാർ തന്നെ മാറുമ്പോൾ എത്രമാത്രം ആത്മാർത്ഥതയോടെ അവർ കേസുകൾ പരിഗണിക്കുന്നുണ്ടാവും? എത്രമാത്രം നീതി ഉറപ്പാക്കുന്നതായിരിക്കും അവർ പ്രസ്താവിക്കുന്ന വിധികൾ?
ജുഡീഷ്യറിക്ക് പുറത്ത് രാഷ്ട്രീയതലത്തിലും കേസ് ചർച്ചയാവുമെന്ന് ഉറപ്പാണ്. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. നീതിന്യായ വ്യവസ്ഥ കൂടുതൽ ഉത്തരവാദിത്വത്തോടെയും ആത്മാർത്ഥയോടെയും പ്രവർത്തിക്കുന്നതിന് സർക്കാർ കർശന നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.