സിനിമാ ഉള്ളടക്ക നിയന്ത്രണം; കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

''യഥാർത്ഥത്തിൽ സിനിമകളുടെ ഉള്ളടക്കത്തെ തങ്ങളുടെ നിയന്ത്രണത്തിന് കീഴിലേക്ക് കൊണ്ട് വരാനുള്ള ഒരു അജണ്ടയുടെ ഭാഗമാണ് ഈ നിയമനിർമ്മാണം കൊണ്ടുവരുന്നത്. കേരളത്തിലെ ഫെഫ്ക്കയ്ക്ക് മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ ചലചിത്ര പ്രവർത്തകർക്കും ഇതിൽ പ്രതിഷേധമുണ്ട്''

രാജ്യത്തെ പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമവുമായി വീണ്ടും കേന്ദ്രസർക്കാർ. സെൻസർ ബോർഡ് പ്രദർശന അംഗീകാരം നൽകുന്ന സിനിമകൾ, ആവശ്യമെങ്കിൽ തിരിച്ചുവിളിച്ച് വീണ്ടും പരിശോധിക്കാൻ കേന്ദ്രത്തിന് അധികാരം നൽകിക്കൊണ്ട് സിനിമാറ്റോഗ്രാഫ് നിയമം ഭേദഗതി ചെയ്യുന്നു. സമൂഹമാധ്യമങ്ങൾ, ഒ.ടി.ടി പ്ളാറ്റ്‌ഫോമുകകൾ എന്നിവയടക്കമുള്ള ഡിജിറ്റൽ മീഡിയയെ വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിനുകീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് സെൻസർ ബോർഡ് അംഗീകരിച്ച സിനിമകൾ തിരിച്ചുവളിച്ച് പരിശോധിക്കാം എന്ന പുതിയ നിയമഭേദഗതി കേന്ദ്രസർക്കാർ കൊണ്ടു വരുന്നത്.

ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാൻ പറ്റാത്ത നിയമമാണിതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: "വ്യാജ പതിപ്പ് തടയാനെന്ന മട്ടിൽ ഇപ്പോ വന്നിരിക്കുന്ന നിയമ ഭേദഗതിയുടെ ഡ്രാഫ്റ്റ് അനുസരിച്ച് സർട്ടിഫിക്കേഷൻ ലഭിച്ച് പ്രദർശനത്തിന് തയ്യാറായിരിക്കുന്ന ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് ആരെങ്കിലും പരാതി ഉന്നയിക്കുകയാണെങ്കിൽ, പരാതി കേന്ദ്രസർക്കാറിനെ അറിയിക്കുകയാണെങ്കിൽ ഏത് സമയത്തും ഏത് സിനമ വേണമെങ്കിലും തിരിച്ചുവിളിക്കാം. അതിനെ റീ സർട്ടിഫിക്കേഷന് വിധേയമാക്കുകയും ചെയ്യാം. ഇത് ഒരിക്കലും പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാൻ പറ്റാത്തതാണ്. യഥാർത്ഥത്തിൽ സിനിമകളുടെ ഉള്ളടക്കത്തെ തങ്ങളുടെ നിയന്ത്രണത്തിന് കീഴിലേക്ക് കൊണ്ട് വരാനുള്ള ഒരു അജണ്ടയുടെ ഭാഗമാണ് ഈ നിയമനിർമ്മാണം കൊണ്ടുവരുന്നത്. കേരളത്തിലെ ഫെഫ്ക്കയ്ക്ക് മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ ചലചിത്ര പ്രവർത്തകർക്കും ഇതിൽ പ്രതിഷേധമുണ്ട്.''

1952-ലെ സിനിമാറ്റോഗ്രാഫ് നിയമത്തിലെ 5ബി(1) വകുപ്പിന്റെ ലംഘനമുണ്ടായാൽ, പ്രദർശനത്തിന് നേരത്തേ അനുമതി നൽകിയ സിനിമ വീണ്ടും പരിശോധിക്കാൻ സെൻസർ ബോർഡ് അധ്യക്ഷന്, സർക്കാരിന് നിർദേശം നൽകാമെന്ന വ്യവസ്ഥയാണ് തിരികെ കൊണ്ടുവരുന്നത്. സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചാലും 5ബി(1) വകുപ്പിന്റെ ലംഘനവുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുന്നുണ്ടെന്നാണ് സർക്കാരിന്റെ വാദം. കർണാടക ഹൈക്കോടതിയാണ് പിന്നീട് ഈ വ്യവസ്ഥ റദ്ദാക്കിയത്. സുപ്രീംകോടതി 2000 നവംബർ 28-ന് അതു ശരിവെക്കുകയായിരുന്നു. അതിനുശേഷം ഇതുവരെ നിയമത്തിൽ മാറ്റമൊന്നും വരുത്തിയിട്ടുണ്ടായിരുന്നില്ല. അതിനെയാണ് ഇപ്പോൾ കേന്ദ്രസർക്കാർ മറികടക്കാൻ ശ്രമിക്കുന്നത്.

ബി.ഉണ്ണികൃഷ്ണൻ

എല്ലാ പരിഷ്‌കൃത സമൂഹവും സെൻസർഷിപ്പിനെ എങ്ങനെ അവോയിഡ് ചെയ്യാമെന്നാണ് അന്വേഷിക്കുന്നതെന്ന് ബി.ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. ""ഭരണകൂടത്തിന്റെയോ ഒരു എക്‌സ്‌റ്റേണൽ ബോഡിയുടെയോ ഇടപെടൽ ഒഴിവാക്കി സിനിമ നിർമ്മിക്കാനാണ് ഇവിടെ എല്ലാവരും ആഗ്രഹിക്കുന്നത്. ഇവിടെ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. CBFC നിയമങ്ങളെ പരിഷ്‌ക്കരിക്കാനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ ചെയർമാനായി ശ്യാം ബെനഗലിനെ നിയമിക്കുകയും ചെയ്തിരുന്നു. സമൂഹത്തെ വളരെ പിറകോട്ട് നയിക്കുന്ന നിർദേശങ്ങളായിരുന്നു ആ റിപ്പോർട്ടിനകത്ത് വെച്ചത്. എ സർട്ടിഫിക്കറ്റിനൊപ്പം എ പ്ലസ് സർട്ടിഫിക്കറ്റ് വേണം, ജനസാന്ദ്രത നോക്കി വേണം അത്തരം സിനിമകൾ പ്രദർശിപ്പിക്കാൻ, രാത്രിയിൽ അത്തരം സിനിമകൾ പ്രദർശിപ്പിച്ചുകൂട തുടങ്ങി വളരെ വിചിത്രമായിരുന്നു ആ റിപ്പോർട്ട്. അതിൽ ഞങ്ങളെ പോലുള്ളവർ വളരെ മൗലീകമായ എതിർപ്പ് അറിയിച്ചതുമാണ്.''

സിനിമയുടെ ഉള്ളടക്കം പരിശേധിക്കാൻ സർക്കാർ തന്നെ നിയമിച്ചിട്ടുള്ള CBFC യെ സർക്കാർ തന്നെ വിശ്വാസത്തിൽ എടുക്കുന്നില്ല എന്ന് പറഞ്ഞാൽ എന്താണതിനർത്ഥം എന്ന് ഉണ്ണികൃഷ്ണൻ ചോദിക്കുന്നു. ""അവർ ഒരു ക്ലീൻ സർട്ടിഫിക്കേഷൻ തരുന്നു, അതിന് ശേഷം പബ്ലിക്കിൽ നിന്നും ആരെങ്കിലും ഒരാൾ ഇതിന്റെ ഉള്ളടക്കത്തിൽ വിയോജിപ്പ് പുറപ്പെടുവിക്കുകയാണെങ്കിൽ അത് ഉടനെ സർക്കാർ ഇടപെട്ട് പരിശോധിക്കുന്നു എന്ന് പറയുന്നത് എന്ത് തരത്തിലുള്ള നിയമനിർമ്മാണമാണ്?. ഒരു സിനിമ എടുത്ത് കഴിഞ്ഞാൽ അത് സെൻസർ ചെയ്യണമെന്നത് ഈ രാജ്യത്തെ നിയമമാണ്. അത് നമ്മൾ എല്ലാവരും പാലിക്കുന്നുണ്ട്. ഞാൻ ചെയ്‌തൊരു സിനിമയിൽ എനിക്കൊരു സർട്ടിഫിക്കേഷൻ കിട്ടിയതിന് ശേഷവും ഞാൻ സേഫ് അല്ല എന്ന് വരികയാണ്. സിനിമ വ്യവസായത്തിലെ മൊത്തം പ്രവർത്തനത്തെയാണ് ഇത് ബാധിക്കുന്നത്.''

ഈ നിയമനിർമ്മാണത്തിൽ രാഷ്ട്രീയമായ പ്രശ്‌നങ്ങൾക്ക് പുറമേ അതിന് വേണ്ടി വരുന്ന പ്രായോഗികമായ അസൗകര്യങ്ങളും വളരെ വലുതാണ്. ""സിനിമ തീയറ്ററിൽ നിന്ന് പിൻവലിക്കപ്പെടുന്നു. പിന്നീടത് റീ സർട്ടിഫിക്കേഷനോടു കൂടിയെ വരൂ എന്നത് സിനിമ വ്യവസായത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കും. വലിയ തൊഴിൽ പ്രശ്‌നമാണ് സംഭവിക്കാൻ പോകുന്നത്. കൊറോണയ്ക്ക് ശേഷം സിനിമ വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനെ മറികടക്കാനുള്ള ക്ഷേമ പാക്കേജുകളാണ് സർക്കാറുകളിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നത്. പക്ഷെ നമുക്ക് കിട്ടുന്നത് ഇത്തരം കരിനിയമങ്ങളാണ്.''

""സിനിമയുടെ സെൻസർഷിപ്പിൽ കേന്ദ്രസർക്കാർ ഇടപെടരുതെന്ന് സുപ്രിം കോടതിയും ഹൈക്കോടതിയും നേരത്തെ നടത്തിയൊരു വിധിന്യായത്തിൽ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ അതിനെകൂടി മറികടക്കാനാണ് പുതിയ നിയമനിർമ്മാണം നടത്തുന്നത്. ഇപ്പോൾ കരടാണ് വന്നിരിക്കുന്നത്. നമ്മുടെ വിയോജിപ്പു കൂടി പരിഗണിച്ച് അതിനകത്ത് ഭേദഗതികൾ ഉണ്ടാവുകയാണെങ്കിൽ നല്ലകാര്യമാണ്, ഇല്ലെങ്കിൽ അപ്പോൾ ആലോചിക്കാം.'' കരടു നിയമത്തെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് ഉത്തരമായി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

രാജ്യതാത്പര്യം, രാജ്യസുരക്ഷ, സൗഹൃദ രാഷ്ട്രങ്ങളുമായുള്ള ബന്ധം, പൊതുസമാധാനം എന്നിവയ്ക്ക് എതിരായിട്ടുള്ള സിനിമകൾക്ക് അംഗീകാരം നൽകരുതെന്നാണ് കരടുനിയമത്തിൻറ 5ബി(1) വകുപ്പിൽ പറയുന്നത്. അപകീർത്തികരമോ ധാർമികതയ്ക്ക് നിരക്കാത്തതോ കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ടതോ ആയ സിനിമകൾക്കും അംഗീകാരം നൽകരുതെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. സിനിമകളുടെ വ്യാജപകർപ്പ് നിർമിച്ചാൽ ഉയർന്ന പിഴയും മൂന്നു മാസം മുതൽ മൂന്നുവർഷംവരെ തടവുശിക്ഷയും നൽകാനും കരടു ബില്ലിൽ വ്യവസ്ഥയുണ്ട്.

യു.എ-വിഭാഗത്തിൽ പെടുന്ന സിനിമകളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി വിഭജിക്കുമെന്നും പുതിയ നിയമഭേദഗതിയിൽ പറയുന്നു. രക്ഷിതാക്കളുടെ അനുവാദത്തോടെ കുട്ടികൾക്ക് കാണാവുന്ന "യു.എ' സർട്ടിഫിക്കറ്റുള്ള സിനിമകളെ ഏഴുവയസ്സിനു മുകളിലുള്ളവർക്ക് കാണാവുന്നത്, 13 വയസ്സിന് മുകളിലുള്ളവർക്ക് കാണാവുന്നത്, 16-ന് മുകളിലുള്ളവർക്ക് കാണാവുന്നത് എന്നിങ്ങനെയാണ് മൂന്നായി തിരിക്കുക.

ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ഡിജിറ്റൽ മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താനായി ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് 2021 എന്ന പേരിൽ കേന്ദ്രസർക്കാർ ഈ അടുത്താണ് ചട്ടങ്ങൾ കൊണ്ട് വന്നത്. അപ്പോൾ തന്നെ ഉള്ളടക്കം സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വ്യാഖ്യാനമാകും ഇനി ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ ഗതി നിർണയിക്കുക എന്ന വിമർശനം ഉയർന്നിരുന്നു. Netflix, Amazon prime , തുടങ്ങിയ OTT (Over The Top ) പ്ലാറ്റ്ഫോമുകളിൽ വരുന്ന കണ്ടന്റുകളിൽ തങ്ങൾക്ക് ഇഷ്ടമില്ലാത്തോ തങ്ങളുടെ രാഷ്ട്രീയത്തിന് യോജിക്കാത്തതോ ഉണ്ടാകരുതെന്ന നിർബന്ധ ബുദ്ധിയുടെ പുറത്താണ് ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കുന്നതെന്നായിരുന്നു അന്ന് ഉയർന്ന പ്രധാന വിമർശനം. അതിന് ശേഷം കൊണ്ട് വരുന്ന പുതിയ നിയമഭേദഗതി കൃത്യമായ അജണ്ടയുടെ ഭാഗമായിത്തന്നെയാണെന്നാണ് സിനിമ പ്രവർത്തകരും പറയുന്നത്.

സെൻസർഷിപ്പ് എന്ന് പറയുന്ന ആശയം തന്നെ കാലഹരണപ്പെട്ടു എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് പുതിയ കരടു നിയമത്തിൻറെ ഉള്ളടക്കത്തെ കുറിച്ച് പ്രതികരിച്ചുകൊണ്ട് സംവിധാകനും നിർമ്മാതാവുമായ ആഷിഖ് അബു തിങ്കിനോട് പറഞ്ഞു.

""പ്രായ പരിധിവെച്ചു കൊണ്ട് സർട്ടിഫിക്കേഷൻ ചെയ്യുക എന്നത് നമുക്ക് ഒരു പരിധിവരെ ഫോളോ ചെയ്യാൻ പറ്റുന്ന രീതിയാണ്. സെൻസർഷിപ്പിനെ പറ്റി വലിയ ചർച്ചകൾ ഇവിടെ നടന്നിട്ടുണ്ട്. പതുക്കെ പതുക്കെ സെൻസർഷിപ്പ് തന്നെ ഒഴിവാക്കണമെന്ന സാമൂഹ്യബോധത്തിലേക്ക് സമൂഹവും സിനിമാ വ്യവസായവും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പിറകിലേക്ക് നടക്കുന്ന ഒരു നിയമം കൂടി ഇവിടെ കൊണ്ടുവരുന്നത്. വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ ഇതിനുണ്ട്. ഒരു തവണ സെൻസർഷിപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ സിനിമയ്ക്ക് നേരെ ആർക്ക് വേണമെങ്കിലും വ്യക്തിപരമായും സംഘടിതമായും എന്തും ചെയ്യാനുള്ള സാഹചര്യമൊരുക്കുകയാണ്. ആരുടെയെങ്കിലും വികാരം വ്രണപ്പെടുക, സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന നിലയിലൊക്കെ ഭരണകൂടത്തിന് ഇടപെടാൻ പറ്റുന്ന ഒട്ടും പരിഷ്‌കൃതമല്ലാത്തൊരു നിയമനിർമാണമായിട്ടാണ് തോന്നുന്നത്. ഒരിക്കലും രാജ്യത്തിനെതിരായല്ല സിനിമകൾ. അത് വലിയൊരു സ്‌പെക്ട്രമാണ്. പലരീതിയിലാണ് സിനിമകൾ ഉണ്ടാവാറ്. സ്വാഭാവികമായും ജനങ്ങൾ തന്നെ സിനിമകളെ കൃത്യമായി തിരിച്ചറിഞ്ഞ് തള്ളിക്കളയും. ജനങ്ങളുടെ ബുദ്ധിയെയും കോമൺസെൻസിനെയും തീരെ ബഹുമാനിക്കാത്ത അവർക്ക് യാതൊരു തരത്തിലും സ്വാതന്ത്ര്യം നൽകാത്തൊരു ആശയമാണ് ഈ സെൻസർഷിപ്പ് എന്ന് പറയുന്നത്. പ്രൊപഗണ്ട സിനിമകളെയൊക്കെ കൃത്യമായി തിരിച്ചറിയാൻ കഴിവുള്ള, ബോധമുള്ള ജനതയാണിപ്പോഴുള്ളത്.''

ആഷിഖ് അബു

സംഘപരിവാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ ഏഴ് വർഷത്തിനിടയ്ക്ക് സിനിമകളോട് മാത്രമല്ല, സമസ്ത മേഖലകളിലും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള എല്ലാ ശ്രമങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് എന്നും അതിന്റെ ഭാഗമായിത്തന്നെയാണ് ഒ.ടി.ടി ഫ്‌ലാറ്റ്‌ഫോമുകളിലേക്കും ജനങ്ങൾ സംവദിക്കുന്ന, സാംസ്‌ക്കാരിക ഇടപെടൽ നടത്തുന്ന എല്ലാതരം മാധ്യമത്തെയും നിയന്ത്രിക്കാൻ ശ്രമിക്കുന്നതെന്നും ആഷിഖ് പറഞ്ഞു. ഇത് ലോകത്ത് നടപ്പിലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങളാണെന്ന് കേന്ദ്രസർക്കാർ മറന്നുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

""കലാകാന്മാരെയും കലയേയുമൊക്കെ എല്ലാ കാലത്തേക്കും നാവടക്കാം എന്നത് വലിയൊരു തെറ്റിദ്ധാരണയാണ്. കലാകാരന്മാർ ബുദ്ധിയുള്ളവരാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇതൊരു പ്രതിസന്ധിയാണ്. ഉറപ്പായിട്ടും ഇതിനെ മറികടക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെ ഭാഗത്ത് നിന്നുണ്ടാകും. ഇത്തരം നിബന്ധനകൾ ഇവർ വെക്കുകയാണെങ്കിൽ അതിനെ അതിജീവിച്ച് സിനിമകൾ പുറത്തിറക്കാനുള്ള വഴികൾ നമ്മൾ ആലോചിക്കും. ഒപ്പം നിയമപരമായും ഇതിനെ എങ്ങനെ നേരിടാമെന്ന് സംഘടിതമായി ആലോചിക്കും. കാരണം നമ്മുടെ സ്വാതന്ത്ര്യത്തെയാണ് ഹനിക്കുന്നത്. നമ്മളൊക്കെ ഈ രാജ്യത്തെ പൗരന്മാരാണല്ലോ. അത് കൊണ്ട് തന്നെ സർക്കാർ പൗരന്മാരുടെ അവകാശം സംരക്ഷിക്കേണ്ടതാണ്. സിനിമ എന്നത് വലയൊരു ഇൻഡസ്ട്രിയാണ്, ആ ഇൻഡസ്ട്രിയെ മാറ്റിനിർത്തുക സാധ്യമല്ല.

Comments