പൗരത്വഭേദഗതി നിയമം: വസ്തുതകളും വിമർശനങ്ങളും

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഒരാഴ്ച മാത്രമുള്ളപ്പോഴാണ്, പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.

National Desk

2019-ൽ പാർലമെന്റ് പാസാക്കി, രാഷ്ട്രപതി അംഗീകാരവും നൽകിയ പൗരത്വനിയമ ഭേദഗതിക്ക് നാലര വർഷങ്ങൾക്കുശേഷം, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഒരാഴ്ച മാത്രമുള്ളപ്പോൾ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. 1955-ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുന്ന നിയമമാണിത്.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് മതവിവേചനത്തിനിരയായി പുറത്താക്കപ്പെട്ട മുസ്ലിംകളല്ലാത്ത അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നിയമഭേദഗതിയാണിത്. ഈ മൂന്നു രാജ്യങ്ങളിൽ മുസ്ലിംകൾ മതപീഡനത്തിനിരയാകുന്നില്ല എന്നാണ്, മുസ്ലിംകളെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ പറയുന്ന കാരണം.

ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക.

നിയമപ്രകാരം, ചൊവ്വാഴ്ച മുതൽ ഓൺലൈനിലൂടെ പൗരത്വത്തിന് അപേക്ഷിക്കാം. 2014 ഡിസംബർ 31നോ മുമ്പോ ഇന്ത്യയിലെത്തിയവർക്ക് അപേക്ഷിക്കാം. പൂർണമായും ഓൺലൈനിലൂടെയാണ് അപേക്ഷ നൽകേണ്ടതും തുടർനടപടികളും. അപേക്ഷിക്കുമ്പോൾ ഒരു രേഖകളും നൽകേണ്ടതില്ല.

സി.എ.എയ്ക്കെതിരെയുള്ള പ്രതിഷേധത്തില്‍ നിന്ന്
സി.എ.എയ്ക്കെതിരെയുള്ള പ്രതിഷേധത്തില്‍ നിന്ന്

യാത്രാരേഖകളില്ലാതെ അപേക്ഷകർ ഏതു വർഷമാണ് ഇന്ത്യയിൽ എത്തിയത് എന്ന് രേഖപ്പെടുത്തണം. ഒരു വർഷമായി ഇന്ത്യയിൽ താമസിച്ചുവരുന്നവരായിരിക്കണം. 14 വർഷത്തിനിടയിൽ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും ഇന്ത്യയിൽ താമസിച്ചിരിക്കണം.

ഇന്ത്യയിലെ പൗരരായി രജിസ്റ്റർ ചെയ്യണമെങ്കിൽ ഫോം 2 എ അനുസരിച്ച് അപേക്ഷിക്കണം.
ഇന്ത്യൻ പൗരരെ വിവാഹം ചെയ്ത ആളാണെങ്കിൽ ഫോം 3 എ പ്രകാരവും ഇന്ത്യൻ പൗരരുടെ പ്രായപൂർത്തിയാകാത്ത കുട്ടിയാണെങ്കിൽ 4 എ പ്രകാരവും ഇന്ത്യൻ പൗരരായ രക്ഷിതാക്കളുടെ മക്കളാണെങ്കിൽ 5 എ പ്രകാരവും അപേക്ഷിക്കണം.

അപേക്ഷ പരിശോധിച്ച് പൗരത്വം നൽകാം എന്ന ശുപാർശ ചെയ്യുന്നത് കലക്ടർ / മജിസ്ട്രേറ്റ്.

സ്വഭാവിക പൗരത്വത്തിന് അപേക്ഷിക്കാൻ യഥാർഥ വസ്തുകൾ രേഖപ്പെടുത്തണം. ഇവർക്ക് ഭരണഘടനയുടെ എട്ടാം അനുച്ഛേദത്തിൽ പറയുന്ന ഭാഷകളിൽ ഏതിലെങ്കിലും അറിയണം.

നിയമം നടപ്പാക്കാൻ സംസ്ഥാനങ്ങളിൽ സെൻസസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ഉന്നതാധികാര സമിതിയുണ്ടാകും. പരിശോധനാസമിതി മുമ്പാകെ അപേക്ഷകർ നേരിട്ട് എത്തി രാജ്യത്തോടുള്ള കൂറ് വ്യക്തമാക്കുന്ന സത്യവാചകം ചൊല്ലണം. അങ്ങനെയല്ലാത്ത അപേക്ഷകൾ സമിതിക്ക് നിരസിക്കാം.

ഷഹീന്‍ ബാഗിലെ പ്രതിഷേധം
ഷഹീന്‍ ബാഗിലെ പ്രതിഷേധം

അസം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളിൽ സി.എ.എ ബാധകമല്ല. അരുണാചൽ പ്രദേശ്, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിൽ പ്രവേശിക്കാൻ പ്രത്യേക പെർമിറ്റ് ആവശ്യമുള്ള മേഖലകളിലും സി.എ.എ ബാധകമല്ല.

ഹാജരാക്കേണ്ട രേഖകൾ:

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ സർക്കാറുകൾ അനുവദിച്ച പാസ്പോർട്ടിന്റെ കോപ്പി.
മൂന്നു രാജ്യങ്ങളിലെ സർക്കാർ അധികൃതർ നൽകിയ ജനന സർട്ടിഫിക്കറ്റ്.
മൂന്നു രാജ്യങ്ങളിലെ സർക്കാർ അംഗീകരിച്ച സ്കൂൾ, വിദ്യാഭ്യാസ രേഖകൾ.
മൂന്നു രാജ്യങ്ങളിൽനിന്നുള്ള തിരിച്ചറിയൽ രേഖ.
മൂന്ന് രാജ്യങ്ങളിലെ ഭൂമി സംബന്ധമായതോ കുടികിടപ്പു സംബന്ധമായതോ ആയ രേഖ. ഇന്ത്യയിലെ ഫോറിനേഴ്സ് റീജ്യനൽ രജിസ്ട്രേഷൻ ഓഫീസർ അനുവദിച്ച റസിഡൻഷ്യൽ പെർമിറ്റ്.

കേന്ദ്രത്തിന്റെ വാദങ്ങൾ:

മൂന്ന് രാജ്യങ്ങളിലെ ആറ് മതന്യൂനപക്ഷങ്ങളുടെ പുനരധിവാസത്തിനുള്ള നിയമതടസമില്ലാതാക്കാനുള്ള നിയമം. ജാതിമതഭേദമേന്യ പൗരത്വം എടുത്തുകളയുന്ന നിയമമല്ല സി.എ.എ.
അഭയാർഥികൾക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്തൽ ലക്ഷ്യം.

വിമർശനങ്ങൾ:

മതപീഡനം നേരിടുന്നവർക്ക് പൗരത്വം നൽകുന്നുവെന്ന് കേന്ദ്രം പറയുമ്പോൾ, അതിനായി എന്തുകൊണ്ട് മൂന്ന് രാജ്യങ്ങളെ മാത്രം തെരഞ്ഞെടുത്തു? മ്യാൻമർ, ചൈന എന്നിവിടങ്ങളിൽ പീഡനം നേരിടുന്ന മുസ്ലിംകളെയും ശ്രീലങ്കയിൽ പീഡനം നേരിടുന്ന തമിഴ് അഭയാർഥികളെയും എന്തുകൊണ്ട് ഒഴിവാക്കുന്നു? പൗരത്വത്തിന് മതം ഒരു മാനദണ്ഡമായി വരുന്നത് എന്തുകൊണ്ട്?

ഇന്ത്യയിലെ രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ / Photo: UN Women
ഇന്ത്യയിലെ രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ / Photo: UN Women

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) എന്നിവ സി.എ.എയുമായി കൂട്ടിക്കുഴക്കാൻ സാധ്യതയുണ്ടെന്നും അത് രാജ്യത്താകെയുള്ള മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ഭീഷണിയാകുമെന്നും വിമർശനം. ഇതുസംബന്ധിച്ച സംശയങ്ങൾക്ക് കേന്ദ്രം തൃപ്തികരമായ വിശദീകരണം നൽകുന്നില്ല.

സി.എ.എയെ ചോദ്യം ചെയ്ത് 250 ഹർജികൾ സുപ്രീംകോടതിയിലുണ്ട്. ഈ സാഹചര്യത്തിൽ ഇവയിൽ തീർപ്പുണ്ടായശേഷം നിയമം നടപ്പാക്കുന്നതിനുപകരം തിടുക്കത്തിൽ, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് വിജ്ഞാപനം കൊണ്ടുവന്നത്, വർഗീയ ​ധ്രുവീകരണം ലക്ഷ്യമിട്ടാണ് എന്ന് ആരോപണം. 2019-ൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടും എന്തുകൊണ്ട് നാലര വർഷം കാത്തിരുന്നു എന്നാണ് ചോദ്യം.

ആസാമിൽ ദേശീയ പൗരത്വ രജിസ്റ്റർ പ്രകാരം രേഖകൾ ഹാജരാക്കാനാവശ്യപ്പെട്ടപ്പോൾ, അതിന് കഴിയാതെ 19 ലക്ഷം പേർ എൻ.ആർ.സിയിൽനിന്ന് പുറത്തായി. അതിൽ 15 ലക്ഷം പേർ ഹിന്ദുക്കളായിരുന്നു. സി.എ.എ നിലവിൽ വന്നതോടെ ഇവർക്ക് പൗരത്വം കിട്ടും, എന്നാൽ, ബാക്കിയുള്ള അഞ്ചു ലക്ഷത്തോളം പേർക്ക്, അവരിലേറെയും മുസ്‍ലിംകൾ, പൗരത്വം നിഷേധിക്കപ്പെടും.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒഴിവാക്കലുകൾ ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധ വ്യക്തമാക്കുന്നു.


Summary: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഒരാഴ്ച മാത്രമുള്ളപ്പോഴാണ്, പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.


Comments