സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമമന്ത്രിയായി അധികാരമേൽക്കുന്ന ഡോ. ബി.ആർ. അംബേദ്ക്കർ.

ഭരണഘടന വിമർശിക്കപ്പെടണം,
​എന്നാൽ നിഷേധിക്കപ്പെടരുത്​

ഭരണഘടന എന്ന സോഷ്യൽ ഡോക്യുമെൻറ്​ ഒരു ലിവിങ് ഡോക്യുമെൻറ്​ ആകുന്നത് അത് ചർച്ച ചെയ്യപ്പെടുമ്പോഴും വിമർശിക്കപ്പെടുമ്പോഴുമാണ്. പക്ഷെ, അതിന്റെ നിഷേധം കുറ്റകരമാണ്. ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ അതിനെ നിഷേധിക്കുന്നതാണ് ഇവിടുത്തെ പ്രശ്‌നം. അധികാരത്തിലിരുന്ന് ഭരണഘടനാനിഷേധം നടത്തുന്നത് സ്ഥാപിതതാൽപര്യം വച്ചുകൊണ്ടാണ്.

രു മന്ത്രിയുടെ രാജിയുടെയോ ഏതെങ്കിലും സർക്കാർ നടപടികളുടെയോ സന്ദർഭത്തിൽ ചർച്ച ചെയ്യേണ്ട ഒന്നല്ല, ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയം. കാരണം, അത്​ ഏതെങ്കിലുമൊരു പ്രത്യേക രാഷ്ട്രീയപാർട്ടി ഉണ്ടാക്കിയതല്ല. ദീർഘനാളത്തെ രാഷ്ട്രീയപ്രക്രിയകൾക്കും ചർച്ചകൾക്കും ശേഷം ഉരുത്തിരിഞ്ഞുവന്നതാണ്. അതേസമയം, നാം ജീവിക്കുന്ന കാലത്ത്​ഭരണഘടനയെ എങ്ങനെ കാണണം, അതിനോടുള്ള സമീപനം എന്തായിരിക്കണം എന്നതിനെക്കുറിച്ച് വിപുലമായ ചർച്ചകൾ ഉരുത്തിരിഞ്ഞുവരേണ്ടതുമുണ്ട്​.

ഭരണഘടന നൽകുന്ന സാധ്യതകൾ

ധാരാളം വൈജാത്യങ്ങളും വൈരുധ്യങ്ങളുമുള്ള ഒരു സാമൂഹികക്രമത്തെ മുന്നോട്ടുനയിക്കാനുള്ള കാര്യങ്ങൾ ഇന്ത്യൻ ഭരണഘടന വിശദമായി പറയുന്നുണ്ട്. ഭരണഘടന സുപ്രീം ആണ്. അതായത്​, ഭരണഘടനയിൽ പറയുന്ന പരമാധികാരം ജനങ്ങളുടെ പരമാധികാരമാണ്. സർക്കാർ അടക്കം മറ്റൊന്നിനും ഇത്തരമൊരു പരമാധികാരമില്ല. കോടതിവിധികളെ നമുക്ക് ചോദ്യം ചെയ്യാം. സുപ്രീംകോടതി വരെ പോയി എല്ലാ സാധ്യതകളും പരിശോധിച്ചശേഷമാണ് അന്തിമമായ തീരുമാനം വരുന്നത്​. ഇവിടെ ജനങ്ങൾക്ക് പലതരം സാധ്യതകളുണ്ട്. ഭരണഘടന വളരെ വിശദമായി പറയുന്നുണ്ട്, വ്യക്തി സർക്കാറിന് താഴെയല്ല, മീതെയാണ് എന്ന്. ​വ്യക്തിയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനാകില്ല. ഓരോ വ്യക്തിക്കുമുള്ള അമിതമായ സ്വാതന്ത്ര്യമാണ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുർവ്യയത്തെയും അതുമൂലമുള്ള അപകടത്തെയും നിയന്ത്രിക്കുന്നത്. വ്യക്തി സർക്കാറിന്റെ താഴെയാണെന്ന ധാരണ സർക്കാറിന് പാടില്ല.

പൗരത്വ ഭേദഗദി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ഷഹീൻ ബാഗിൽ സമരപ്പന്തലിലെത്തിയ സ്ത്രീകളും കുട്ടികളും

നമ്മുടേത് ഒരു ലിബറൽ ഭരണഘടനയാണ്. അതിൽ വിഭാവനം ചെയ്യുന്ന ഭരണകൂടമാകട്ടെ, ഒരു ലിബറൽ ഭരണകൂടവുമാണ്. ക്ഷേമരാഷ്ട്രം സൃഷ്ടിക്കാനാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഒരു വ്യക്തിയെ പരിമിതപ്പെടുത്താൻ സർക്കാറിന് കഴിയില്ല. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണ് എന്നത് ഭരണഘടന ഉറപ്പുവരുത്തുന്ന ഒരു കാര്യമാണ്. ആർട്ടിക്കിൾ 14ൽ, എല്ലാവരും നിയമത്തിനുമുന്നിൽ തുല്യരാണ് എന്ന്​ വ്യക്തമായി പറയുന്നു. ഈ തുല്യത നിഷേധിക്കാൻ പറ്റില്ല. അതായത്​, ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ ഏതെങ്കിലും പ്രദേശത്തിന്റെയോ അടിസ്ഥാനത്തിൽ ഒരു അസമത്വം കൊണ്ടുവരാൻ കഴിയില്ല. ഇത് യാഥാർഥ്യമാകമെണെങ്കിൽ അടിസ്ഥാനപരമായ ചില തത്വങ്ങൾ വേണം.

ഡോ. ബി.ആർ. അംബേദ്കർ ഒരു വൈരുധ്യത്തെക്കുറിച്ച് പറയുന്നുണ്ട്​. ഭരണഘടന രാഷ്ട്രീയരംഗത്ത് സമത്വം ഉറപ്പുവരുത്തുമ്പോൾ, സാമ്പത്തിക- സാമൂഹിക രംഗങ്ങളിൽ ഈ സമത്വമില്ല. ജനാധിപത്യത്തിന്റെ ഒരുതരം പൊരുത്തക്കേടാണിത്​. അതായത്​, രാഷ്ട്രീയജനാധിപത്യം നിലനിൽക്കുന്നത് സാമ്പത്തികവും സാമൂഹികവുമായ ജനാധിപത്യം ഇല്ലാതെയാണ്.
രാഷ്ട്രീയസ്വാതന്ത്ര്യം സ്വാർത്ഥകമാകണമെങ്കിൽ സാമൂഹിക സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും ആദ്യം ഉറപ്പുവരുത്തണം. ഇത് വൈരുധ്യങ്ങളുണ്ടാക്കും. ഇത് കഴിയുന്നതും വേഗം പരിഹരിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ, നമ്മൾ കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ ഈ ഭരണഘടനയെ വ്യവസ്ഥിതിയുടെ ഇരകൾ തൂത്തെറിയാൻ സാധ്യതയുണ്ട്, അതുകൊണ്ട് ഈ പൊരുത്തക്കേട്​ ഇല്ലാതാക്കണം എന്ന്​ അംബേദ്​കർ വ്യക്തമാക്കിയിട്ടുണ്ട്​.

വിമർശനവും നിഷേധവും രണ്ടായി തന്നെ കാണണം. ഭരണഘടനയെ നിഷേധിക്കുന്ന, അംഗീകരിക്കാത്ത വിഭാഗങ്ങളും വ്യക്തികളും ഇന്ത്യയിലുണ്ടല്ലോ. അവർ പോലും ശിക്ഷിക്കപ്പെടുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾക്കനുസരിച്ചാണ്.

സോഷ്യൽ ലൊക്കേഷൻ സോഷ്യൽ പൊസിഷനായി മാറുന്നു

ഭരണഘടനയുടെ ആവിർഭാവം വിപ്ലവകരമായ ഒന്നായിരുന്നു. രാഷ്ട്രീയ ജനാധിപത്യത്തിൽ പറയുന്നത് എന്താണ്? ഒരു പൗരൻ- ഒരു വോട്ട്- ഒരു മൂല്യം. ആളുകളുടെ പ്രാധാന്യത്തിനനുസരിച്ച് വോട്ടിന്റെ മൂല്യത്തിൽ വ്യത്യാസമില്ല. ചരിത്രപരമായി വളരെയധികം അസമത്വങ്ങളും അനീതികളും നിലനിന്നിരുന്ന ഒരു സമൂഹത്തിൽ, ഇന്ത്യക്കാർ സമത്വം ആദ്യം അനുഭവിക്കുന്നത് വോട്ടവകാശത്തിലൂടെയാണ്. ഇതും വിപ്ലവകരമായ തുടക്കമായിരുന്നു. അത്, ചോദ്യം ചെയ്യുന്നതിൽ ഇന്ത്യക്കാരെ വളരെയധികം സഹായിച്ചിട്ടുണ്ട്. സാമ്പത്തിക- സാമൂഹിക രംഗങ്ങളിൽ പൗരന്മാർ ചോദ്യം ചെയ്യാൻ തുടങ്ങിയത് ഈയൊരു സ്റ്റാർട്ടിംഗ് പോയന്റിൽ നിന്നാണ്.

ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യം എന്നു പറയുന്നത് അമേരിക്കയിലാണല്ലോ. അമേരിക്കൻ ഭരണഘടന നിലവിൽ വരുന്നത് 1787ലാണ്, ഫ്രഞ്ചു വിപ്ലവത്തിന് രണ്ടുവർഷം മുമ്പ്. അമേരിക്കയിൽ 1865ൽ അടിമ സമ്പ്രാദയം നിരോധിച്ചു. പക്ഷെ, കറുത്തവർഗക്കാർക്ക് വോട്ടവകാശം ലഭിച്ചത് 1965ൽ മാത്രമാണ്. സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത് അമേരിക്കൻ ഭരണഘടന നിലവിൽവിന്ന് എത്രയോ വർഷം കഴിഞ്ഞാണ്.

വൈറ്റ് ഹൗസിൽ പൗരാവകാശ നിയമത്തിൽ ഒപ്പുവെക്കുന്ന പ്രസിഡന്റ് ലിൻഡൻ ബി. ജോൺസൺ / Photo : Wikimedia Commons

പക്ഷെ, ഇന്ത്യയിൽ വിവിധ വിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും സ്ത്രീകൾക്കുമെല്ലാം 1952ൽ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ തന്നെ വോട്ടവകാശം ലഭിച്ചു. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ സാർവ ലൗകിക വോട്ടവകാശം യാഥാർഥ്യമാക്കപ്പെട്ടത് വലിയൊരു കാൽവെപ്പായിരുന്നു. ഭരണഘടന നിലവിൽവന്നതുകൊണ്ട് അന്ന് മനുഷ്യവകാശം ഇല്ലാതിരുന്ന പല സാമൂഹിക വിഭാഗങ്ങൾക്കും അത് കിട്ടി. അതുവരെ ഇന്ത്യയിൽ ഓരോരുത്തരും അറിയപ്പെട്ടിരുന്നത് മുസ്‌ലിം, ബ്രാഹ്മണൻ, അധഃസ്ഥിതൻ എന്ന നിലയ്‌ക്കെല്ലാമായിരുന്നു. ഭരണഘടന നിലവിൽ വന്നതോടെ, മനുഷ്യർക്ക് വ്യത്യസ്തമായ അസ്തിത്വം കിട്ടി. ഒരാൾ അധ്യാപകനും ഡോക്ടറും മാധ്യമപ്രവർത്തകനുമൊക്കെയായി അറിയപ്പെടാൻ തുടങ്ങി. ഇതിനുമുമ്പ് ഇത്തരമൊരു ഐഡന്റിറ്റി ഇല്ലായിരുന്നു. ഇത് വിപ്ലവാത്മകമായ നടപടിയായിരുന്നു, അതിനുമുമ്പ്, വ്യക്തികളുടെ സോഷ്യൽ ലൊക്കേഷനായിരുന്നു പ്രാധാന്യം ലഭിച്ചിരുന്നത്. ഒരു അധഃസ്ഥിതർ, ആദിവാസി, സവർണർ തുടങ്ങിയ ലൊക്കേഷനുകൾ. ഭരണഘടന നിലവിൽ വന്നതോടെ സോഷ്യൽ പൊസിഷന് അംഗീകാരം കിട്ടി. സോഷ്യൽ ലൊക്കേഷൻ ഒരു വ്യക്തിക്ക് വ്യവസ്ഥിതി ആരോപിക്കുന്നതാണ്​. സോഷ്യൽ പൊസിഷൻ എന്നത് ഒരു വ്യക്തി ആർജിക്കുന്നതാണ്. വ്യത്യസ്തമായ ഒരു സോഷ്യൽ പൊസിഷൻ ആർജിക്കാൻ ഭരണഘടന സഹായിച്ചു. ഇത് എത്രപേർക്ക് കഴിഞ്ഞുവെന്നത് മറ്റൊരു പ്രശ്‌നമാണ്, എന്നാൽ, ഓരോ വ്യക്തിക്കും ഇതിനുള്ള സാധ്യത ലഭ്യമായി.

ഭരണഘടനയുടെ കൈയെഴുത്തുപ്രതി തയാറാക്കിയവരിൽ ഒരാളായ കാലിഗ്രാഫർ പ്രേം ബിഹാറി നരൈൻ റയ്‌സ്ദാ

ഒരു മാറ്റം വേണമെങ്കിൽ, അതേക്കുറിച്ച് ലക്ഷ്യം വേണം, ആ ലക്ഷ്യം സാധൂകരിക്കാൻ പറ്റും എന്ന തോന്നലും വേണം. ഇതില്ലെങ്കിൽ സമൂഹത്തിൽ മാറ്റമുണ്ടാകില്ല. ഇത് ഭരണഘടന സാധ്യമാക്കി. അതുകൊണ്ടുതന്നെ ഭരണഘടന ഒരു മതനിരപേക്ഷ സമൂഹത്തിന്റെ ദർശനം ഓരോ ഇന്ത്യക്കാർക്കും നൽകി. സെക്യുലറായി എല്ലാവർക്കും പ്രവർത്തിക്കാൻ സാധ്യത നൽകി. വൈരുധ്യങ്ങളുണ്ടായിട്ടുണ്ട്​, അവ പ്രയോഗതലത്തിൽ വന്നതാണ്. അങ്ങനെ, പൗരന്മാരുടെ മുന്നിൽ ഭരണഘടന വലിയ സാധ്യതകൾ തുറന്നിട്ടുകൊടുക്കുകയാണ്. ഓരോ മനുഷ്യനും പുനർനിർവചിക്കാനും പുനർനിർണയിക്കാനമുള്ള അവസരം ഭരണഘടന പ്രദാനം ചെയ്തു.

സിവിൽ സമൂഹത്തിലായാലും സാമ്പത്തിക രംഗത്തായാലും ഇത്തരം പ്രതീക്ഷകൾ ഇന്ത്യക്കാർക്കുണ്ട്​, അത്​ അവർക്ക്​ മുന്നോട്ടുപോകാനുള്ള ഒരു വെളിച്ചം കൂടിയാണ്. ​ഇതുകൊണ്ടാണ്, മറ്റു രാജ്യങ്ങളിലുണ്ടായ ഭരണഘടനാ ദിശാബോധത്തിൽനിന്ന് വ്യത്യസ്തമായ ഒരു ദിശാബോധം ഇന്ത്യയിലുണ്ടാകുന്നത്. വൈവിധ്യങ്ങൾക്കും വൈരുധ്യങ്ങൾക്കും ഇടയിൽ, ഏതു പ്രശ്‌നം വന്നാലും ഭരണഘടനയിൽ അതിനൊരു പരിഹാരമുണ്ട്, അല്ലെങ്കിൽ ഭരണഘടനയിലൂടെ അതിനൊരു പരിഹാരം കണ്ടെത്താനാകും എന്നൊരു പ്രതീക്ഷ ജനങ്ങൾക്കുണ്ട് കിട്ടുന്നുണ്ടോ ഇല്ലയോ എന്നത് രണ്ടാമത് ചോദിക്കേണ്ട കാര്യമാണ്.

ആദിവാസി സംരക്ഷണത്തിന് ഭരണഘടന ഗവർണർമാർക്ക് നൽകുന്ന അധികാരം പല ഗവർണർമാരും പ്രയോഗിക്കാറില്ല. കാരണം, ആ സംസ്ഥാനങ്ങളിലെ സാമ്പത്തികശക്തികൾ ഇവർക്കെതിരായി നീങ്ങും.

ഭരണഘടനയും ആദിവാസി സംരക്ഷണവും

ഭരണഘടന ദുർബലവിഭാഗങ്ങൾക്ക് സംരക്ഷണം നൽകുന്നുണ്ട്​. ആദിവാസികളുടെ കാര്യം നോക്കാം. ഒരു സാമൂഹിക വിഭാഗമെന്ന നിലക്ക് ഭരണഘടന ഏറ്റവും സംരക്ഷണം കൊടുക്കുന്നത് ആദിവാസികൾക്കാണ്. ഭരണഘടനയിൽ രണ്ട് ഷെഡ്യൂളുകളുണ്ട്, പ്രത്യക്ഷമായും പരോക്ഷമായും ഗുണം ചെയ്യുന്ന ഇരുപതിലേറെ വകുപ്പുകളുണ്ട്. ഇതിന്റെയെല്ലാം അന്തസ്സത്ത, 46ാം വകുപ്പാണ്. ആദിവാസികളെ അടിമവേല, ബാലവേല, മനുഷ്യാവകാശം നിഷേധിക്കൽ തുടങ്ങി വിവിധതരം ചൂഷണങ്ങളിൽനിന്ന് രക്ഷപ്പെടുത്തി സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവരുടെ സാമ്പത്തിക വളർച്ചക്ക്​, സാമൂഹിക പുരോഗതിക്ക് നടപടി സ്വീകരിക്കണം. 46ാം വകുപ്പ് വ്യക്തമായി ഇതെല്ലാം പറയുന്നുണ്ട്. എന്നാൽ, ഈ വകുപ്പ് നിർദ്ദേശക തത്വങ്ങളിൽ പെടുന്നതാണ്. മൗലികാവകാശം പോലെയല്ല, ഇത് കോടതിയിലൂടെ എൻഫോഴ്‌സ് ചെയ്യാൻ പറ്റില്ല. അത് ഭരണഘടന സ്‌റ്റേറ്റിനുനൽകുന്ന നിർദ്ദേശങ്ങളാണ്. ചെയ്തില്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല.

ഇന്ത്യയിൽ ആദിവാസി ചരിത്രം തന്നെ ആദിവാസി സമരങ്ങളുടെ ചരിത്രമാണ്. അവരുടേത് വിഭവരാഷ്ട്രീയമായിരുന്നു, അതാണ് പിന്നീടുള്ള കാലങ്ങളിലും വിജയിച്ചത്

ഭരണഘടന പ്രസക്തമാകേണ്ടത് പ്രയോഗങ്ങളിലൂടെയാണ്, സർക്കാറിന്റെ നയരൂപീകരണം തുടങ്ങിയ കാര്യങ്ങളുടെ ദൈനംദിന നടത്തിപ്പിലൂടെയാണ്.
നയരൂപീകരണം നടത്തുന്നത് ഉയർന്ന തലത്തിലാണ്. അത് നടപ്പാക്കപ്പെടേണ്ടത് ഗ്രാസ് റൂട്ട് ലെവിലാണ്. പലപ്പോഴും ഈ നയങ്ങൾ നടപ്പാക്കപ്പെടുന്നില്ല.
ആദിവാസികളെ സംബന്ധിച്ച്, ഭരണഘടനയിലെ ആർട്ടിക്കിൾ 244 വിഭാവനം ചെയ്യുന്നത്, ആദിവാസി സ്വയംഭരണമാണ് (Self Rule). അത് അവർക്ക് കൊടുത്തിട്ടില്ല. കോൺസ്​റ്റിറ്റ്യുവൻറ്​ അസംബ്ലിയിൽ ഇതുസംബന്ധിച്ച്​ വലിയ ചർച്ചകൾ നടന്നിട്ടുണ്ട്, ഡോ. ജയ്​പാൽ സിങ് ഇതിനായി ഏറെ വാദിച്ചിട്ടുണ്ട്​.

വിഭവാധികാരത്തിനുവേണ്ടിയും വിദേശാധിപത്യത്തിനെതിരെയും ആദ്യം സമരം തുടങ്ങുന്നത് ആദിവാസികളാണ്. ആദ്യത്തെ ആദിവാസി സമരം 1773ലായിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപീകൃതമാകുന്നത് 1885ലാണ് എന്നോർക്കണം. അതിനും എത്രയോ മുമ്പ് ഇത്തരം ആധിപത്യത്തിനെതിരെ ആദിവാസികൾ സമരം ചെയ്തു. ഇന്ത്യയിൽ ആദിവാസി ചരിത്രം തന്നെ ആദിവാസി സമരങ്ങളുടെ ചരിത്രമാണ്. അവരുടേത് വിഭവരാഷ്ട്രീയമായിരുന്നു, അതാണ് പിന്നീടുള്ള കാലങ്ങളിലും വിജയിച്ചത്. സമീപകാലത്ത്; പഞ്ചാബ്, ഹരിയാന, കിഴക്കൻ യു.പി, പ്രദേശങ്ങൾ കേന്ദ്രീകരിച്ച്​ നടന്ന കർഷക സമരങ്ങൾ നോക്കൂ, അവ പ്രത്യേക രാഷ്ട്രീയപാർട്ടികൾ നയിച്ചതായിരുന്നില്ല, കർഷകർ നയിച്ചതായിരുന്നു. അതൊരു പാർട്ടി ഇതര രാഷ്ട്രീയസമരമായിരുന്നു. ആദിവാസികൾക്കിടയിൽ തുടക്കം മുതലേ ഇത്തരം സമരങ്ങളാണുണ്ടായിരുന്നത്​. സത്യത്തിൽ അവരായിരുന്നു ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനികൾ. ഉദാഹരണത്തിന്​, 1812ൽ വയനാട്ടിൽ നടന്ന കുറിച്യ വിപ്ലവം. ചരിത്രകാരന്മാർ കുറിച്യ ലഹള എന്ന്​ തെറ്റായി രേഖപ്പെടുത്തിയ, ഈ വിപ്ലവത്തിൽനിന്ന്​ കേരളം ഒരു രാഷ്ട്രീയം വികസിപ്പിച്ചെടുത്തില്ല.

മുത്തങ്ങ സമരക്കാലത്ത്, നിയമസഭയിൽ സ്പീക്കർ ചോദിച്ചത്​, റിപ്പബ്ലിക്കിനകത്ത് ഒരു റിപ്പബ്ലിക്കോ എന്നാണ്​. റിപ്പബ്ലിക്ക് ആദിവാസികളുടെ കാര്യത്തിൽ അനുവദനീയമാണ്.

ആർട്ടിക്കിൾ 244 അനുസരിച്ച് ആദിവാസികളുടെ വിഭവാധികാരം അംഗീകരിച്ചിട്ടുണ്ടെങ്കിലും സർക്കാറുകൾ ഇത് പ്രായോഗികമാക്കുന്നില്ല. അഞ്ചാം ഷെഡ്യൂൾ പ്രദേശത്ത്, ഏതെങ്കിലും സംസ്ഥാന അസംബ്ലി നിയമനിർമാണം നടത്തുമ്പോൾ, ആ നിയമം ആദിവാസികൾക്ക് പ്രതികൂലമാകുമെങ്കിൽ, ആദിവാസി പ്രദേശങ്ങളെ ആ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം ഭരണഘടന ഗവർണർമാർക്ക് നൽകുന്നുണ്ട്. എന്നാൽ, മിക്ക ഗവർണർമാരും ഈ അധികാരം ഉപയോഗിക്കാറില്ല. ഈ അധികാരം ശക്തമായി ഉപയോഗിച്ച ഗവർണറാണ് ദ്രൗപതി മുർമു. 2017ൽ, അവർ ജാർക്കണ്ഡ് ഗവർണറായിരുന്ന സമയത്ത്, 1908ലെ ടെനൻസി ആക്റ്റിലും (The Chhota Nagpur Tenancy Act) 1949ലെ സന്താൾ ഫർഗാന ടെനൻസി ആക്റ്റിലും (The Santhal Pargana Tenancy Act) സംസ്​ഥാനത്തെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഭേദഗതി ബില്ലുകൾ, ആദിവാസികളുടെ താൽപര്യത്തിന്​ വിരുദ്ധമാണെന്നുകണ്ട്​ അവർ തിരിച്ചയച്ചിട്ടുണ്ട്​. ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്താതെ, ആദിവാസി ഭൂമി വികസനകാര്യങ്ങൾക്ക് ഉപയോഗിക്കാം എന്ന ബി.ജെ.പി സർക്കാറിന്റെ ഭേദഗതിയെയാണ് അവർ എതിർത്തത്. ഇത്, സംസ്ഥാനത്തെ 23 ശതമാനം വരുന്ന ആദിവാസി ജനതയുടെ താൽപര്യത്തിന് വിരുദ്ധമാണെന്നു കണ്ടാണ് ദ്രൗപതി മുർമു ഭേദഗതിയിൽ ഒപ്പിടാൻ വിസമ്മതിച്ചത്. ആദിവാസികളല്ലാത്തവർ, ആദിവാസി ഭൂമി വാങ്ങുന്നത് തടയുന്ന നിയമങ്ങളാണിവ.

ദ്രൗപതി മുർമു / Photo: Wikimedia Commons

ആദിവാസി സംരക്ഷണത്തിന് ഭരണഘടന ഗവർണർമാർക്ക് നൽകുന്ന അധികാരം പല ഗവർണർമാരും പ്രയോഗിക്കാറില്ല. കാരണം, ആ സംസ്ഥാനങ്ങളിലെ സാമ്പത്തികശക്തികൾ ഇവർക്കെതിരായി നീങ്ങും. അതുകൊണ്ട്, ‘സുരക്ഷിതമായി’ ചെയ്യാനാണ്​ അവർ ശ്രമിക്കുക. അതായത്​, നിയമവും പരിരക്ഷകളും ഭരണഘടനയിലുണ്ടെങ്കിലും അവ നടപ്പാക്കപ്പെടുന്നില്ല.
മറ്റൊന്ന്​, ആദിവാസികൾ അവരുടെ പ്രശ്‌നങ്ങളെ ഭരണഘടനയുടെ ചട്ടക്കൂട്ടിൽനിന്നാണ് സമീപിക്കുന്നത്. ഭരണഘടന നൽകുന്ന സംരക്ഷണമാണ് അവർ ആവശ്യപ്പെടുന്നത്. അല്ലാതെ, ഭരണഘടന അനുശാസിക്കാത്ത രീതിയിൽ, ഒരാവശ്യവും അവർ ഉന്നയിക്കുന്നില്ല.

എപ്പോഴൊക്കെ, സാമൂഹിക പ്രസക്തിയുളള ചോദ്യങ്ങളുയർത്തുന്നു, അതിനെയൊക്കെ ക്രമസമാധാനപ്രശ്​നയിട്ടാണ് സർക്കാർ സമീപിക്കുന്നത്​. ഒരു ജനത വിഭവാവകാശത്തിന് സമരം ചെയ്യുമ്പോൾ അതിനെ സർക്കാർ വിരുദ്ധ സമരമായി വ്യാഖ്യാനിക്കും, മനപൂർവം അവരെ നിശ്ശബ്ദരാക്കും.

മുത്തങ്ങ സമരക്കാലത്ത്, നിയമസഭയിൽ സ്പീക്കർ ചോദിച്ചത്​, റിപ്പബ്ലിക്കിനകത്ത് ഒരു റിപ്പബ്ലിക്കോ എന്നാണ്​. ഇതുമായി ബന്ധപ്പെട്ട്​ ഒരു ചാനൽ ചർച്ചയിൽ ഞാൻ ചില കാര്യങ്ങൾ വിശദീകരിച്ചു: റിപ്പബ്ലിക്ക് ആദിവാസികളുടെ കാര്യത്തിൽ അനുവദനീയമാണ്. ആദിമ ജനവിഭാഗങ്ങളുള്ള രാജ്യങ്ങളിലെല്ലാം ആദിവാസികൾക്ക് പ്രത്യേക സംരക്ഷണമുണ്ട്. ഇന്ത്യൻ ഭരണഘടനയും നൽകുന്നുണ്ട്​. തിരുവിതാംകൂർ സംസ്ഥാനം 1903ൽ ഹിൽമെൻറ്​ സെറ്റിൽമെൻറ്​ പ്രകാരം ആദിവാസികൾക്ക് പ്രത്യേക അധികാരം നൽകിയിരുന്നു. ആദിവാസി മേഖലകളെ സംരക്ഷിക്കാൻ തിരുവിതാംകൂർ സർക്കാർ പ്രത്യേക നടപടികളെടുത്തിരുന്നു. ആദിവാസി ഭൂമിയും വനാവകാശവും സംരക്ഷിക്കപ്പെടുന്നത്​ ഉറപ്പുവരുത്താൻ സായുധ പൊലീസിനെ തിരുവിതാംകൂർ സർക്കാർ നിയമിച്ചിരുന്നു. അന്ന്, ആദിവാസികളുമായി കച്ചവടബന്ധത്തിലേർപ്പെടുന്നതിനുപോലും ഡി.എഫ്.ഒയുടെ രേഖാമൂലമുള്ള അനുവാദം ആവശ്യമായിരുന്നു. അതുകൊണ്ട്​, ആദിവാസികൾക്ക് സംരക്ഷണം പുതിയ കാര്യമല്ല. അകാരണമായ ഒരാവശ്യമല്ല അവരുയർത്തുന്നത്.

മുത്തങ്ങ സമരത്തിന് നേരെ നടന്ന പൊലീസ് അതിക്രമം

മൗലികമായ പ്രശ്‌നം, എപ്പോഴൊക്കെ, സാമൂഹിക പ്രസക്തിയുളള ചോദ്യങ്ങളുയർത്തുന്നു, അതിനെയൊക്കെ രാഷ്​ട്രീയമായി കാണാതെ, ക്രമസമാധാനപ്രശ്​നയിട്ടാണ് സർക്കാർ സമീപിക്കുന്നത്​. ഒരു ജനത വിഭവാവകാശത്തിന് സമരം ചെയ്യുമ്പോൾ അതിനെ സർക്കാർ വിരുദ്ധ സമരമായി വ്യാഖ്യാനിക്കും, മനപൂർവം അവരെ നിശ്ശബ്ദരാക്കും.

പലപ്പോഴും ഭരണകൂടം ആദിവാസികൾക്ക് എതിരാണ്. അത് വിഭവങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവുമായും ബന്ധപ്പെട്ടതാണ്. എല്ലാ സംസ്ഥാനങ്ങളിലും സർക്കാറും രാഷ്ട്രീയപാർട്ടികളും ചർച്ചും കുടിയേറ്റക്കാരുടെ പിന്തുണക്കാരാണ്. ആദിവാസികൾ നിസ്സഹായരായി മാറുകയാണ് ചെയ്യുന്നത്. ആദിവാസി ചരിത്രം എന്നു പറയുന്നത് ഒരു ജനത അവകാശികൾ എന്ന നിലയിൽനിന്ന് അപേക്ഷകർ എന്ന് നിലയിലേക്ക് പരിണമിച്ചതിന്റെ ചരിത്രമാണ്. ഇപ്പോഴും അവർ അവകാശികളാണ്. വനങ്ങളിൽനിന്ന് ഉപജീവനമാർഗമുണ്ടാക്കുകയും അതോടൊപ്പം വനസംരക്ഷണം നടത്തുകയും ചെയ്യുന്നവരായിരുന്നു അവർ. വനം സംരക്ഷിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. ഇതുരണ്ടും അവർ വേർപെടുത്തി കണ്ടിട്ടില്ല. വനവിഭവങ്ങളുടെ ഉപയോഗം മറ്റുള്ളവർ കാണുന്നത് വനവിഭവങ്ങളുടെ ചൂഷണമായിട്ടാണ്. ആദിവാസികൾ കണ്ടത്, ജീവിക്കാനുള്ള ഉപയോഗമായാണ്. ചൂഷണവും ഉപയോഗവും തമ്മിലുള്ള വൈരുധ്യം നിലനിൽക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ,
ഭരണഘടന പ്രദാനം ചെയ്യുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്.

ആദിവാസി ചരിത്രം എന്നു പറയുന്നത് ഒരു ജനത അവകാശികൾ എന്ന നിലയിൽനിന്ന് അപേക്ഷകർ എന്ന് നിലയിലേക്ക് പരിണമിച്ചതിന്റെ ചരിത്രമാണ്

പ്രയോഗരംഗത്ത് സംഭവിക്കുന്ന മറ്റു ചില കാര്യങ്ങൾ പരിശോധിക്കാം. എല്ലാ രംഗങ്ങളിലും വാണിജ്യവൽക്കരണം നടക്കുന്നു. വിദ്യാഭ്യാസരംഗത്ത് നോക്കൂ, വിജ്ഞാനം ഇന്ന് ചരക്കാണ്. വിജ്ഞാനം ചരക്കുവൽക്കരിക്കപ്പെടുന്നതുകൊണ്ടാണ് വിദ്യാഭ്യാസം വാണിജ്യവൽക്കരിക്കപ്പെടുന്നത്. ഇന്ന് ഇഷ്ടമുള്ള വിജ്ഞാനം വാങ്ങാൻ കഴിയും, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റിലൂടെയും മറ്റും. അതുപോലെ, നിയമവും ഒരു കമ്മോഡിറ്റിയായി തീർന്നിരിക്കുന്നു. ഏറ്റവും നല്ല അഭിഭാഷകരെ വക്കുന്നയാൾക്ക് കേസ് ജയിക്കാൻ കഴിയുന്നു. നല്ല അഭിഭാഷകർക്ക് നല്ല ഫീസ് കൊടുക്കണം. അതുകൊണ്ടുതന്നെ സമ്പന്നമാർക്കാണ് ഇത്തരം അഭിഭാഷകരെ എൻഗേജ് ചെയ്യാൻ കഴിയുന്നത്. അത് സാമ്പത്തിക രംഗമാണ് ​തീരുമാനിക്കുന്നത്​.

പൗരരും സ്​റ്റേറ്റും ഉത്തരവാദിങ്ങളും

ഇവിടെ എന്താണ്​ സംഭവിക്കുന്നത്​? സ്‌റ്റേറ്റ് പലപ്പോഴും അതിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. പൗരന് വളരെയധികം അവകാശങ്ങൾ ഭരണഘടന നൽകുന്നുണ്ട്. അമിതമായ അവകാശങ്ങൾ എന്നു പറയാം. ശരിക്കും ഒരു പൗരന്റെ ഉത്തരവാദിത്തം എന്നു പറയുന്നതുതന്നെ ഈ അവകാശങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തലാണ്. എന്നാൽ, സ്‌റ്റേറ്റിന് അങ്ങനെയല്ല, സ്‌റ്റേറ്റ് സംരക്ഷണം നൽകണം. സ്‌റ്റേറ്റിന് അവകാശങ്ങൾക്കപ്പുറമുള്ളത് ഈ ഉത്തരവാദിത്തമാണ്. പൗരന്മാർക്ക് ഉത്തരവാദിത്തങ്ങൾക്കപ്പുറമുള്ളത് അവകാശങ്ങളാണ്. അവകാശങ്ങൾ അർഥപൂർണമായി സംരക്ഷിക്കുന്നതാണ് സ്റ്റേറ്റിന്റെ ഉത്തരവാദിത്തം. ഈ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെങ്കിൽ ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ ഭരണകൂടത്തെ മാറ്റാം. എന്നാൽ, തെരഞ്ഞെടുപ്പുകൾ എന്നാൽ ജാതി- മത- പ്രാദേശിക പരിഗണനകൾ വരുന്നതാണ്. തന്ത്രങ്ങളാണ്, രാഷ്ട്രീയമല്ല അവിടെ ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന്​, തുടർഭരണം ലഭിച്ച സർക്കാറിനെ നോക്കൂ. അത്തരം സർക്കാറുകൾ പലപ്പോഴും ഒരുതരം വാശിയോടെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. കാരണം, അവർക്ക് മാൻഡേറ്റ് കിട്ടിയിട്ടുണ്ട് എന്ന ന്യായത്തിൽ. ഇത് നമ്മുടെ പരിമിതിയായി വേണം കാണാൻ.

സമൂഹത്തിൽ, വ്യക്തികൾക്ക് ആവശ്യം പവർ അല്ല, സ്വാതന്ത്ര്യമാണ്. വ്യക്തി നിരന്തരമായി മാനസികമായ ഒരു സമരത്തിൽ ഏർപ്പെടേണ്ടതുണ്ട്. / Photo : unsplash.com

അധികാരത്തിന്റെ അപ്രമാദിത്തമാണ് ഇവിടെ സംഭവിക്കുന്നത്. സ്‌റ്റേറ്റ് എന്നാൽ പവറാണ്. അധികാരം എപ്പോഴും, അധികാരമുള്ളവർ അധികാരം ഇല്ലാത്തവർക്കെതിരെ ഉപയോഗിക്കുന്ന ആയുധമാണ്. ശക്തൻ അശക്തന് എതിരെയും സമ്പന്നർ ദരിദ്രർക്ക് എതിരെയും ഉപയോഗിക്കുന്ന ആയുധമാണ്. അത് അങ്ങനെയല്ലാതിരിക്കാൻ സാധ്യമല്ല. സമൂഹത്തിൽ, വ്യക്തികൾക്ക് ആവശ്യം പവർ അല്ല, സ്വാതന്ത്ര്യമാണ്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് ഒരു വ്യക്തിക്ക് തന്റെ ക്രിയാത്മക കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള അവസരമാണ്. ആരുടെയും തടസമില്ലാതെ പ്രതിബന്ധങ്ങളില്ലാതെ, തന്റെ കഴിവ് ക്രിയാത്മകമായി വിനിയോഗിക്കാനുളള അവസരമാണ് സ്വാതന്ത്ര്യം. അതുകൊണ്ടുതന്നെ വ്യക്തി നിരന്തരം സമരത്തിലാണ്, സ്വാതന്ത്ര്യം സംരക്ഷിക്കാൻ വേണ്ടി. ഇത്തരത്തിൽ, ക്രിയാത്കമായി സ്വാതന്ത്ര്യം ഉപയോഗിക്കേണ്ടിവരുമ്പോൾ നാനാതുറകളിൽനിന്ന് പ്രതിബന്ധങ്ങളുണ്ടാകും. വിശ്വാസപരമായി, മതപരമായി, രാഷ്ട്രീയപരമായി, വിജ്ഞാനപരമായി​ട്ടൊക്കെ. ഇതിനെയെല്ലാം ചെറുത്തുനിൽക്കേണ്ടത് ആവശ്യമാണ്, അതായത് വ്യക്തി നിരന്തരമായി മാനസികമായ ഒരു സമരത്തിൽ ഏർപ്പെടേണ്ടതുണ്ട്.

ഭരണാധികാരികളല്ല നമുക്ക് സ്വാതന്ത്ര്യം തരുന്നത്. ഭരണാധികാരികൾക്കുതന്നെ ഭരിക്കാനുള്ള അധികാരം ജനങ്ങൾ നൽകുന്നതാണ്. അതാണ് പരമാധികാരം. We the people of India, എന്നു പറയുന്നത്​ അനിർവചനീയമായ ഒരു പ്രതിഭാസമാണ്. അവരാണ് പരമാധികാരികൾ. എന്നാൽ, ഇവിടെ, ഭരണാധികാരികൾ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന ശക്തികളായി മാറുന്നു. അതുകൊണ്ട് വ്യക്തികളും സമൂഹങ്ങളും ഭരണകൂടത്തിന്റെയടുത്ത് നിസ്സഹായരായി മാറുന്നു.

അംബാനിക്കോ അദാനിക്കോ ടാറ്റക്കോ ഒരു പഞ്ചായത്ത് മെമ്പറുടെ അധികാരമില്ല, എന്നാൽ, അവർക്ക് ശക്തിയുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് നീതി ലഭിക്കുന്നു. അധികാരത്തിനുമീതെ പറക്കുന്ന പരുന്താണ് ശക്തി, സമ്പത്താണ് ശക്തി. ഈ പരുന്താണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്.

പൊതുവേ നീതിയുടെ കാര്യം പറഞ്ഞാൽ, സമൂഹത്തിലെ സാധാരണക്കാരാണ് നീതിനിഷേധത്തെക്കുറിച്ച് പരാതിപ്പെടുന്നത്. സമ്പന്നർ പരാതിപ്പെടുന്നില്ല. സമ്പത്തിന്റെ കൂടെ വരുന്നതാണ് നീതി, അതുകൊണ്ടാണത്. അതുകൊണ്ടുതന്നെ സമ്പത്ത് നിഷേധിക്കപ്പെടുന്ന സാമൂഹിക വിഭാഗങ്ങൾക്കും വ്യക്തികൾക്കും നീതിയും നിഷേധിക്കപ്പെടുന്നു. നീതിയെ അധികാരവുമായി ബന്ധപ്പെടുത്തിവേണം കാണാൻ. കാരണം, ഇവിടെ അധികാരം വലിയൊരു ഘടകമാണ്. അധികാരത്തിന് ഒരു പ്രത്യേകതയുണ്ട്, അധികാരം നീതിക്കൊപ്പമല്ല, ശക്തിക്കൊപ്പമാണ്. നീതി ശക്തിക്കൊപ്പമാണ്. അധികാരത്തിൽനിന്ന് വേർപെടുത്തി നീതിയെ കാണാൻ പറ്റില്ല, പ്രത്യേകിച്ച് സാമ്പത്തിക ശക്തി. ശരിയായ ശക്തിയാണ് അത്. ചെറിയൊരു പദവി ലഭിക്കുന്നതല്ല അധികാരം. ഒരു പഞ്ചായത്ത് മെമ്പറുടെയോ വില്ലേജ് ഓഫീസറുടെയോ പരിമിതമായ അധികാരമാണ്​. അംബാനിക്കോ അദാനിക്കോ ടാറ്റക്കോ ഒരു പഞ്ചായത്ത് മെമ്പറുടെ അധികാരമില്ല, എന്നാൽ, അവർക്ക് ശക്തിയുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് നീതി ലഭിക്കുന്നു. അധികാരത്തിനുമീതെ പറക്കുന്ന പരുന്താണ് ശക്തി, സമ്പത്താണ് ശക്തി. ഈ പരുന്താണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്.

അധികാരികളെ ഭയപ്പെടാതെ സ്വതന്ത്രമായി വിമർശക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന രണ്ട് മേഖലകളാണ് നീതിന്യായവ്യവസ്ഥയും മാധ്യമരംഗവും. സത്യത്തിൽ, ഇവിടുത്തെ ദുർബല വിഭാഗങ്ങളുടെ ആശാകേന്ദ്രം മീഡിയയും നീതിന്യായ വ്യവസ്ഥയുമാണ്. നീതിന്യായ വ്യവസ്ഥ മുഖം നോക്കാതെ, അധികാരികളെ ഭയപ്പെടാതെ കാര്യങ്ങളെ നിഷ്പക്ഷമായി സമീപിക്കുന്നു. അത് ഫൈനൽ ആണ്. അതിൽ അപ്പീലിനുള്ള സൗകര്യവും അവകാശവുമുണ്ടെങ്കിലും നിയമവ്യവസ്ഥയെ എല്ലാവരും അംഗീകരിക്കുന്നു.

എക്‌സിക്യൂട്ടീവിന്റെ പൊസിഷനിൽ വന്ന മാറ്റങ്ങളുണ്ട്. ദുർബലമായ ഒരു എക്‌സിക്യൂട്ടീവ് പാക്കിസ്ഥാനിലുണ്ടായി, ഇന്ത്യയിലുമുണ്ടായി. പാക്കിസ്ഥാനിൽ ദുർബലമായ എക്‌സിക്യൂട്ടീവിന്റെ രംഗത്തേക്കുവരുന്നത് സൈന്യമാണ്. ഇന്ത്യയിൽ നീതിന്യായ വ്യവസ്ഥയാണ്. അതുകൊണ്ട് ഇന്ത്യയിൽ ഒരു സൈന്യാധിപന് അധികാരത്തിൽ വരാൻ പറ്റില്ല. അത് നീതിന്യായവ്യവസ്ഥയുടെ പ്രത്യേകതയാണ്. അതുകൊണ്ട് ഇന്ത്യയിൽ സർക്കാറല്ല ജനങ്ങളുടെ പ്രതീക്ഷ, മീഡിയയും നീതിന്യായവ്യവസ്ഥയുമാണ്. അതുകൊണ്ടുതന്നെയാണ് നമ്മൾ ജുഡീഷ്യറിയുടെ തീരുമാനങ്ങളെ ആദരിക്കുന്നതും അംഗീകരിക്കുന്നതും.

ഇന്ത്യൻ നീതിന്യായവ്യവസ്ഥയ്ക്ക് എന്തെല്ലാം ദൗർബല്യങ്ങളുണ്ടെങ്കിലും സമൂഹത്തിലെ ദുർബലർക്ക് അവിടെ പോകാനുള്ള സാധ്യതയുണ്ട്, അതിനാണ് പ്രാധാന്യം. അവർ പോയാൽ നീതി കിട്ടുമെന്ന പ്രതീക്ഷ അവർക്കുണ്ട്.

ഇന്ത്യയിൽ എല്ലാവരും ഇത്തരമൊരു നിയമവ്യവസ്ഥക്ക് വിധേയരാകുന്നുണ്ട്. ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ മൗലികമായ സവിശേഷതകളുണ്ട്​, അതിന് എന്തെല്ലാം ദൗർബല്യങ്ങളുണ്ടെങ്കിലും. ഇന്ത്യയിൽ, പ്രത്യേകിച്ച്​, സമൂഹത്തിലെ ദുർബലർക്ക്​ അനുഭവിക്കാൻ കഴിയുന്ന സ്വാതന്ത്ര്യബോധം, അവകാശങ്ങൾ, ആശക്ക് വക നൽകുന്നതാണ്. ഭരണഘടന ഏതെല്ലാം തരത്തിലുള്ള പ്രതീക്ഷളാണ് പൗരന്മാർക്ക് കൊടുക്കുന്നത്? പാവപ്പെട്ടവർക്ക് സുപ്രീംകോടയിൽ പോകാൻ കഴിയുന്നുണ്ടോ ഇല്ലയോ എന്നതിന്റെ പ്രസക്തി രണ്ടാമതേ വരുന്നുള്ളൂ. അവർക്ക് പോകാനുള്ള സാധ്യതയുണ്ട്, അതിനാണ് പ്രാധാന്യം. അവർ പോയാൽ നീതി കിട്ടുമെന്ന പ്രതീക്ഷ അവർക്കുണ്ട്.

ഭരണഘടനക്ക്​ പവിത്രതയില്ല

ഓർക്കേണ്ട കാര്യം, ഭരണഘടന പവിത്രമായ ഡോക്യുമെന്റല്ല എന്നതാണ്​. അതൊരു സോഷ്യൽ ഡോക്യുമെന്റാണ്. സാമൂഹിക പ്രക്രിയകളിലെ മാറ്റങ്ങൾക്കനുസരിച്ച് മാറാൻ ഭരണഘടന നമ്മളെ സഹായിക്കുന്നു. സത്യത്തിൽ ഭരണഘടന നിലനിന്നത് ഭേദഗതികളിലൂടെയാണ്. ഭരണഘടന ഭേദഗതി ചെയ്യാനുള്ള അവസരം ഭരണഘടന തന്നെയാണ് നൽകുന്നത്. അതിന് ഇവിടെ ഒരു സമരമോ വിപ്ലവമോ ആവശ്യമില്ല. അതാണ് ഭരണഘടനയുടെ പ്രധാന സവിശേഷത. സാമൂഹിക പ്രക്രിയകൾക്ക് അത് വിഘാതം സൃഷ്ടിക്കരുത്. അതുകൊണ്ടുതന്നെ മതഗ്രന്ഥം പോലെ പവിത്രമായ ഒന്നല്ല അത്​. മനുഷ്യന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളെ നിർവചിക്കുന്നതിനും സാധൂകരിക്കുന്നതിനുമായി ഉപകരിക്കുന്ന ഒരു ഡോക്യുമെൻറ്​. അത് വിമർശിക്കപ്പെടാം. ചില രാഷ്ട്രീയപാർട്ടികൾ ഭരണഘടനയെ വിമർശിച്ചിരുന്നു. അവർക്കതിന് അവകാശമുണ്ടായിരുന്നു. അക്കാദമീഷ്യൻസ് ഭരണഘടനയെ വിമർശിക്കുന്നുണ്ട്. വിശകലനം ചെയ്യുന്നുണ്ട്. അവർക്ക് അതിൽ യാതൊരു നിയമതടസവുമില്ല. രാഷ്ട്രീയക്കാർക്ക് വിമർശിക്കാം. കോൺസ്​റ്റിറ്റ്യൂഷൻ മൗലികവാദം ഉയർത്താൻ പറ്റില്ല.

ഭരണഘടന നിരന്തരം വിമർശിക്കപ്പെട്ടിട്ടുണ്ട്​. അതിന്റെ ചില ഭാഗങ്ങൾ പരിമിതമാണെന്ന് കോടതികൾ തന്നെ പറഞ്ഞിട്ടുണ്ട്.

ഇവിടെ പ്രസക്തമായ ചോദ്യം; ഭരണഘടന നിലനിർത്താം, അതിന്റെ മൂല്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാം എന്ന് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് ഭരണഘടനയെ ഇങ്ങനെ ആക്രമിക്കാൻ കഴിയുമോ എന്നതാണ്​. അതൊരു വിമർശനമായിരുന്നില്ല എന്നുകൂടി ഓർക്കണം. വിമർശനം സാധ്യമാണ്, അനുവദനീയമാണ്, നിയമപരവുമാണ്. എന്നാൽ, ഇവിടെ അതല്ല പ്രശ്​നം. മന്ത്രി ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യസ്ഥനാണ്. അദ്ദേഹത്തിന്റെ പാർട്ടിയിൽ വിമർശനം നടക്കുകയാണെങ്കിൽ അത് ചോദ്യം ചെയ്യപ്പെടേണ്ടതില്ല. കാരണം, പാർട്ടി ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുള്ള പ്രസ്ഥാനമല്ല. പക്ഷെ, ഒരു മന്ത്രിക്ക് അതിന്​ ബാധ്യതയുണ്ട്. അധികാരത്തിൽ വന്നതും അധികാരത്തിൽ തുടരുന്നതുമെല്ലാ ഈ ഭരണഘടനയുടെ പേരിലാണല്ലോ. അത്തരമൊരു പദവിയിലിരിക്കുന്ന വ്യക്തിക്ക് ഭരണഘടനയെ വിമർശിക്കാൻ തോന്നിയാൽ, ആ പദവിയിൽനിന്ന്​ രാജിവച്ച് പുറത്തുപോകാം.

ഭരണഘടന നിരന്തരം വിമർശിക്കപ്പെട്ടിട്ടുണ്ട്​. അതിന്റെ ചില ഭാഗങ്ങൾ പരിമിതമാണെന്ന് കോടതികൾ തന്നെ പറഞ്ഞിട്ടുണ്ട്. 1980കളിൽ ചില വിധികളിൽ പുരോഗമനപരമായ ആശയങ്ങൾ വച്ചുപുലർത്തുന്ന ചില സുപ്രീംകോടതി ജഡ്ജിമാർ അന്നുപറഞ്ഞു; ആർട്ടിക്കിൾ 21 ജീവിക്കാനുള്ള അവകാശം നൽകുന്നു. അത്​ ഏറ്റവും മൗലികമായ അവകാശമാണ്​. അത് സാർഥകമാകണമെങ്കിൽ പൗരന്​ ഉപജീവനമാർഗം ലഭ്യമായിരിക്കണം. ഉപജീവനമാർഗമില്ലാതെ ജീവിക്കാൻ അവകാശം നൽകുന്നതിൽ അർഥമില്ല എന്ന് സുപ്രീംകോടതിയാണ് പറഞ്ഞത്.

ഭരണഘടന ചർച്ച ചെയ്യുകയും വിശകലനം ചെയ്യുകയും വിമർശിക്കപ്പെടുകയും വേണം. ഭരണഘടന എന്ന സോഷ്യൽ ഡോക്യുമെൻറ്​ ഒരു ലിവിങ് ഡോക്യുമെൻറ്​ ആകുന്നത് അത് ചർച്ച ചെയ്യപ്പെടുമ്പോഴും വിമർശിക്കപ്പെടുമ്പോഴുമാണ്. പക്ഷെ, അതിന്റെ നിഷേധം കുറ്റകരമാണ്. ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ അതിനെ നിഷേധിക്കുന്നതാണ് ഇവിടുത്തെ പ്രശ്‌നം. അധികാരത്തിലിരുന്ന് ഭരണഘടനാനിഷേധം നടത്തുന്നത് സ്ഥാപിതതാൽപര്യം വച്ചുകൊണ്ടാണ്. വിമർശനവും നിഷേധവും രണ്ടായി തന്നെ കാണണം. ഭരണഘടനയെ നിഷേധിക്കുന്ന, അംഗീകരിക്കാത്ത വിഭാഗങ്ങളും വ്യക്തികളും ഇന്ത്യയിലുണ്ടല്ലോ. അവർ പോലും ശിക്ഷിക്കപ്പെടുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾക്കനുസരിച്ചാണ്. കാരണം ഇവിടെ ജീവിക്കുമ്പോൾ ഇവിടുത്തെ നിയമത്തിനനുസരിച്ചേ പറ്റൂ, നമ്മൾ അതിൽ വിശ്വസിക്കുന്നുണ്ടോ എന്നത് പ്രശ്‌നമല്ല. എന്നാൽ, നിഷേധം, ഭരണഘടന സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ അധികാരികൾ നടത്തുന്നതാണ് പ്രശ്‌നം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments