നമ്മുടെ ശരീരവും ഇനി ഭരണകൂട നിരീക്ഷണത്തിലായിരിക്കും

സൂക്ഷ്മമായ നിയന്ത്രണം പൗരന്മാർക്കുമുകളിൽ അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള, ദൂരവ്യാപക പ്രത്യാഘാതം പൗരജീവിതത്തിലുണ്ടാക്കുന്ന ഒരു ബിൽ ലോക്‌സഭയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചു; ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022. ബില്ലിലെ വകുപ്പുകളനുസരിച്ച് ഭരണകൂടം അറസ്റ്റ് ചെയ്യുന്ന ആരുടേയും ഡി.എൻ.എ പരിശോധന വരെ നടത്താനും അതിന്റെ രേഖകൾ സൂക്ഷിക്കാനും സർക്കാരിനുകഴിയും. പൗരന്മാരെ ഭരണകൂടം അതിന്റെ നിരീക്ഷണത്തിലേക്ക് ചേർത്തുവെക്കുകയും സ്വകാര്യതയ്ക്കുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്യുന്നതാണ്​ ഈ ബിൽ.

നാധിപത്യവും വ്യക്തിയുടെ സ്വകാര്യതയും ഭരണകൂടം ഇവ രണ്ടിനും മേൽ നടത്തുന്ന നിരന്തരമായ കടന്നുകയറ്റവും എല്ലാതരം രാഷ്ട്രീയാധികാരരൂപങ്ങളിലും കാണാം. അതിൽ ചരിത്രത്തിന്റെ ഒരു കാലഘട്ടവും ഒഴിഞ്ഞുനിൽക്കുന്നില്ല, ഒരു രാഷ്ട്രീയവും വേണ്ടെന്നുവെക്കുന്നുമില്ല. അതാതുകാലത്ത് ലഭ്യമായ സാങ്കേതികവിദ്യകളും വഴികളുമെല്ലാം ഇതിനായി ഭരണകൂടങ്ങൾ ഉപയോഗിക്കുകയും ചെയ്യും. നേരിട്ടുള്ള അടിച്ചമർത്തലാണെങ്കിൽ അങ്ങനെ, അതല്ല പരോക്ഷ നിയന്ത്രണങ്ങളാണെങ്കിൽ അങ്ങനെ. രണ്ടായാലും ശരി, ഭരണകൂടവും അതിന്റെ അധികാരത്തിനു കീഴിലുള്ള മനുഷ്യരുമായുള്ള ബന്ധം എല്ലായ്‌പ്പോഴും ഇത്തരം നിയന്ത്രണങ്ങളുടേതാണ്. സാങ്കേതികവിദ്യയുടെ ഏതുതരം നേട്ടത്തെയും ഭരണകൂടം ഇത്തരം നിയന്ത്രണങ്ങൾക്കുവേണ്ടിയാണ് ഉപയോഗിക്കുക.

ഇത്തരത്തിൽ സൂക്ഷ്മമായ നിയന്ത്രണം പൗരന്മാർക്കുമുകളിൽ അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള, ദൂരവ്യാപക പ്രത്യാഘാതം പൗരജീവിതത്തിലുണ്ടാക്കുന്ന ഒരു ബിൽ 2022 മാർച്ച് 28-ന്​ ലോക്‌സഭയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചു; Criminal Procedure (Identification) Bill, 2022 അഥവാ ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022. The Identification of Prisoners Act- 1920 അഥവാ തടവുകാരുടെ തിരിച്ചറിയൽ നിയമം- 1920 റദ്ദാക്കിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. കൊളോണിയൽ കാലത്തെ ഒരു നിയമം ഇല്ലാതാക്കി എന്നതല്ല അതിന്റെ പ്രസക്തി മറിച്ച് കൊളോണിയൽ നിയമത്തെക്കാളും എത്രയോ സൂക്ഷ്മമായ വിധത്തിൽ പൗരന്മാരെ ഭരണകൂടം അതിന്റെ നിരീക്ഷണത്തിലേക്ക് ചേർത്തുവെക്കുകയും പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധരീതിയിൽ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നതാണ്.

ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022

ഏതെങ്കിലും തരത്തിലുള്ള നിയമമനുസരിച്ച് അറസ്റ്റ് ചെയ്യുകയോ കരുതൽ തടങ്കലിലാക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന പൗരന്മാരുടെ പല തരത്തിലുള്ള ശരീര അളവുകൾ (measurements) എടുക്കാൻ നിയമം പൊലീസിന് അനുമതി നൽകുന്നു. ഇതിൽ വില്ലടയാളം, കൈപ്പത്തി, കാൽപ്പാദം എന്നിവ, നേത്രപടലം, ചിത്രങ്ങൾ എന്നിയവയടക്കം മറ്റ് ശരീര മാതൃകകൾ ശേഖരിക്കാൻ അനുവാദം നൽകുന്നുണ്ട്. ഒപ്പം, ഇതിനു വിധേയരാകുന്ന വ്യക്തിയുടെ സ്വഭാവ പ്രകൃതം (behavioural patterns) മനസിലാക്കുന്നതിന് ആ വ്യക്തിയുടെ കൈയക്ഷരം, ഒപ്പ്, എന്നിവയും ക്രിമിനൽ നടപടിക്രമം 1973-ലെ 53, 53-A അനുസരിച്ചുള്ള പരിശോധനകൾക്കും അനുമതി നൽകുന്നു. നിർദിഷ്ട ബില്ലിലെ വകുപ്പ് 2 (b) ഇക്കാര്യം വ്യക്തമാക്കുന്നു: ""measurements includes finger-impressions, palm-print impressions, foot-print impressions, photographs, iris and retina scan, physical, biological samples and their analysis, behavioural attributes including signatures, handwriting or any other examination referred to in section 53 or section 53A of the Code of Criminal Procedure, 1973;''
ഇത്തരം ശരീര മാതൃകകൾ നൽകാൻ വിസമ്മതിക്കുന്നവർക്കെതിരെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമ 186-ാം വകുപ്പനുസരിച്ച് കുറ്റം ചുമത്താനും ബില്ലിൽ വകുപ്പുണ്ട്.

ഹെഡ് കോൺസ്റ്റബിൾ പദവിയിൽ കുറയാത്ത ഏതൊരു പൊലീസ് ഉദ്യോഗസ്ഥർക്കും ഇതൊക്കെ ചെയ്യാൻ അധികാരം നൽകുന്നതാണ് ബില്ലിലെ വ്യവസ്ഥ. ബ്രിട്ടീഷുകാരുടെ 1920-ലെ നിയമത്തിൽ ഇതിന്​ സബ് ഇൻസ്പെക്ടർ പദവിയിലുള്ള ഒരാൾ വേണമായിരുന്നു. ഒരു വ്യക്തിയുടെ ജൈവസ്വകാര്യതകളെ മുഴുവനും ഭരണകൂടം കടന്നുകയറി പിടിച്ചെടുക്കുകയും വ്യക്തികളേയും അതുവഴി സമൂഹത്തേയും ഭരണകൂടത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാക്കുകയും ചെയ്യുക എന്നതാണ് സംഭവിക്കാൻ പോകുന്നത്. ബില്ലിൽ പറയുന്നത്, ഇത്തരത്തിൽ ശേഖരിച്ച ജൈവ മാതൃകകൾ സൂക്ഷിച്ചുവെക്കാനുള്ള അധികാരം 75 വർഷത്തേക്ക് സർക്കാരിനുണ്ട് എന്നാണ്.

Photo : biometricupdate.com

ഇത്തരത്തിൽ ആരുടെയൊക്കെ ശരീര/ജൈവ മാതൃകകൾ എടുക്കാം എന്നതിന് ബില്ലിലെ വകുപ്പ് 3- ഇങ്ങനെ വിശദീകരണം നൽകുന്നു: "Any person, who has been,-
(a) convicted of an offence punishable under any law for the time being in force; or
(b) ordered to give security for his good behaviour or maintaining peace under
section 117 of the Code of Criminal Procedure, 1973 for a proceeding under section 107
or section 108 or section 109 or section 110 of the said Code; or
(c) arrested in connection with an offence punishable under any law for the time
being in force or detained under any preventive detention law,
shall, if so required, allow his measurement to be taken by a police officer or a prison officer
in such manner, as may be prescribed by the Central Government or the State Government: Provided that any person arrested for an offence committed under any law for the time being in force (except for an offence committed against a woman or a child or for any offence punishable with imprisonment for a period not less than seven years) may not be obliged to allow the taking of his biological samples under the provisions of this section.'

ബില്ലിലെ വകുപ്പുകളനുസരിച്ച് ഭരണകൂടം അറസ്റ്റ് ചെയ്യുന്ന ആരുടേയും ഡി.എൻ.എ പരിശോധന വരെ നടത്താനും അതിന്റെ രേഖകൾ സൂക്ഷിക്കാനും സർക്കാരിനുകഴിയും. ഇന്ത്യയെപ്പോലെ വളരെ ദുർബലമായ മനുഷ്യാവകാശ സംരക്ഷണ സംവിധാനമുള്ള ഒരു രാജ്യത്ത് ഇന്നത്തെ രീതിയിൽ നോക്കിയാൽപ്പോലും ഇത്തരത്തിലൊരു നിയമം എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടും എന്നത് വ്യക്തമാണ്. പ്രകടമായിത്തന്നെ ഭരണഘടനയുടെ ആർട്ടിക്കിൾ 20-ന്റെ ലംഘനം കൂടിയാണിത്. ഒരു വ്യക്തിയെയും അയാൾക്കെതിരെ തെളിവ് നൽകാൻ നിർബന്ധിക്കാനാകില്ല- Article 20 (3) -Prohibition against self-incrimination- എന്ന ഭരണഘടന നൽകുന്ന പൗരാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നവരെയൊക്കെ കുറ്റവാളികളായി കാണുകയും അവരുടെയൊക്കെ ശരീര, ജീവിത സ്വകാര്യതകൾ നഗ്‌നമായി ലംഘിക്കുകയുമാണ് ഈ ബിൽ നിയമമാകുന്നതോടെ നടപ്പാവുക.

Photo : Pixabay.com

Aadhaar (Targeted Delivery of Financial and Other Subsidies, Benefits and Services) നിയമത്തിലെ 29-ാം വകുപ്പ് ബയോ മെട്രിക്​ ഡാറ്റ കുറ്റാന്വേഷണത്തിനായി കൈമാറുന്നത് വിലക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒന്നുകിൽ നിർദിഷ്ട ബില്ലിൽ കുറ്റാന്വേഷണത്തിനു വേണ്ടി ശേഖരിക്കുന്ന ബയോ മെട്രിക്​ വിവരങ്ങൾ ഉപയോഗിക്കുന്നതും വിവിധ ഏജൻസികൾ തമ്മിൽ ഇത്തരം വിവരങ്ങൾ കൈമാറുന്നതും സംബന്ധിച്ച വകുപ്പുകൾ വീണ്ടും കൂട്ടിക്കിച്ചേർക്കാനോ മുൻ നിയമങ്ങൾ ഇതിനുകൂടി ഉതകുന്നതരത്തിൽ ഭേദഗതി ചെയ്യാനോ ഉള്ള സാധ്യതയുണ്ട്.

ഇന്ത്യയുടെ പൗരാവകാശ ചരിത്രത്തിൽ പൗരന്മാരെ ഭരണകൂടത്തിന്റെ പാവകളാക്കി മാറ്റുന്നതിനും നിരന്തരം നിരീക്ഷണത്തിൽ വെക്കുന്നതിനുമുള്ള നിയമമായിരിക്കും കുറ്റാന്വേഷണത്തിന്റെയും കുറ്റകൃത്യങ്ങളെ തടയാനെന്ന പേരിലും നടപ്പാക്കുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത്തരം വിവരങ്ങളിൽ ഡി.എൻ.എ സംബന്ധിച്ച വിവരങ്ങൾ വ്യക്തിയുടെ മാത്രമല്ല അയാളുടെ കുടുംബത്തിന്റെയും കുടുംബശാഖകളുടെയും വരെ വിവരങ്ങൾ നൽകാൻ പ്രാപ്തമാണ്. തീവ്ര വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഭരണകൂട നിയന്ത്രണം കയ്യാളുന്ന ഒരു രാജ്യത്ത് ഇത്തരം വിവരങ്ങൾ വലിയ തോതിലുള്ള വംശീയ അടയാളപ്പെടുത്തലുകൾക്കും ഉപയോഗിക്കപ്പെടും. മതന്യൂനപക്ഷങ്ങൾ അടക്കമുള്ളവരെ കുറ്റകൃത്യ സ്വഭാവമുള്ളവരാക്കി ചിത്രീകരിച്ചു വേട്ടയാടാനും ഇതുപയോഗിക്കപ്പെടും.

രാഷ്ട്രീയസമരങ്ങളിൽ ഏർപ്പെട്ടവരെപ്പോലും പൊലീസ് സ്റ്റേഷനിൽ കയറ്റിയാൽപ്പിന്നെ അവരുടെ ജൈവാസ്തിത്വത്തിന്റെ സകല ജാതകവും പകർത്തിയെടുത്തേ പുറത്തുവിടൂ എന്നാണ് ഈ ബിൽ ഉറപ്പാക്കുന്നത്. സ്വകാര്യത സംബന്ധിച്ച് സുപ്രീം കോടതിയുടെ പുട്ടസ്വാമി വിധി അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയത് വ്യക്തികൾക്ക് സ്വകാര്യത ഭരണഘടനാ നൽകുന്ന മൗലികാവകാശമാണ് എന്നാണ്. പുട്ടസ്വാമി വിധിയിൽ ജസ്റ്റിസ് നരിമാന്റെ വിധിപ്രസ്താവത്തിൽ സ്വകാര്യത സംബന്ധിച്ച് പറയുന്നിടത്ത് ഇക്കാര്യം കൂടുതൽ വ്യക്തമാക്കുന്നു. നരിമാൻ സ്വകാര്യത എന്ന മൗലികാവകാശത്തിൽ അതിനെ മൂന്നു വിഭാഗങ്ങളായി വീണ്ടും തിരിക്കുന്നു :

1) ഒരു വ്യക്തിയുടെ ഭൗതിക ശരീരത്തിലേക്കുള്ള (Physical body) ഭരണകൂടത്തിന്റെ കടന്നുകയറ്റം.
2) അനധികൃതമായി വ്യക്തിഗത വിവരങ്ങൾ പിടിച്ചെടുക്കുന്നതുൾക്കൊള്ളുന്ന വിവര സ്വകാര്യത.
3) തെരഞ്ഞെടുപ്പിനുള്ള സ്വകാര്യത അഥവാ മൗലികമായ വ്യക്തിഗത തെരഞ്ഞെടുപ്പുകൾക്കുള്ള വ്യക്തികൾക്കുള്ള സ്വാധികാരം.

ജസ്റ്റിസ് ആർ. എഫ് . നരിമാൻ

ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഈ ബിൽ ഇതിനെയെല്ലാം പ്രകടമായിത്തന്നെ ലംഘിക്കുന്നുണ്ട്. യാതൊരു ന്യായീകരണവും കൂടാതെ നൂറുകണക്കിന് രാഷ്ട്രീയ പ്രവർത്തകരേയും സാമൂഹ്യപ്രവർത്തകരേയും തടവിലാക്കുന്ന ഇന്ത്യയിൽ ഇത്തരത്തിലൊരു നിയമമുപയോഗിച്ച്​ ഭരണകൂടമുണ്ടാക്കുന്ന വിവരശേഖരം (data base) എന്തുതരത്തിലുള്ളതായിരിക്കും എന്നത് കടുത്ത ആശങ്കയുണർത്തേണ്ട സംഗതിയാണ്. അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾപ്പോലും വെറും വഴിപാടാക്കി മാറ്റുകയും കസ്റ്റഡിയിലെ പീഡനങ്ങളും മൂന്നാം മുറയുമൊക്കെ സ്വാഭാവികമായ സംഭവങ്ങളായി കോടതികൾപ്പോലും കാണുകയും ചെയ്യുന്ന ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവരശേഖരണത്തിൽ തങ്ങൾക്കുള്ള അവകാശങ്ങളെക്കുറിച്ച് എത്രപേർക്ക് നിയമപരമായ ധാരണയുണ്ടാകുമെന്നത് ഊഹിക്കാവുന്നതേയുള്ളു. ഇങ്ങനെയൊക്കെ ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വികസിതരാജ്യങ്ങളിൽ വരെ നിലനിൽക്കുന്നു എന്നിരിക്കേ നമ്മുടെ നാട്ടിലെ സംവിധാനത്തിന്റെ നിരവധിയായ ആനപ്പഴുതുകളിലൂടെ ഇത് ചോർന്നുപോകാനുള്ള സാധ്യത ഏതാണ്ട് നിശ്ചയമാണ്.

ലോകത്തെല്ലായിടത്തും ഇത്തരം ഡി.എൻ.എ അടക്കമുള്ള ബ​യോ സാമ്പിൾ വിവരശേഖരണ പരിപാടി ഭരണകൂടങ്ങൾ പുത്തൻ സാങ്കേതികവിദ്യയുടെ പേരിൽ കുറ്റാന്വേഷണത്തെ സഹായിക്കാനെന്ന മട്ടിൽ നടത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആത്യന്തികമായി പൗരന്മാരെ ഭരണകൂടത്തിന്റെ പരിപൂർണ നിരീക്ഷണത്തിലാക്കുന്നതിനും അതുവഴി സമൂഹത്തെ സൂക്ഷ്മാർത്ഥത്തിൽത്തന്നെ നിയന്ത്രിക്കാനുമാണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. പൊലീസ് എന്തെങ്കിലുമൊരു കുറ്റാരോപണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്ന ഒരാളുടെ ജനിതക രോഗങ്ങൾ വരെ ഭരണകൂടം മനസിലാക്കും. അതായത് നിങ്ങളുടെ രാഷ്ട്രീയ എതിരാളിയുടെ ആയുസ്സിന്റെ ബലം വരെ അറിയാൻ കഴിയും. ഒരാളുടെ സാന്നിധ്യം എവിടെയൊക്കെ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിയും. അതായത് ഒരു വ്യക്തിയുടെ നിത്യജീവിതം പൂർണമായും ഭരണകൂട നോട്ടത്തിലാകും. ഭക്ഷണം മുതൽ ഭോഗം വരെ നിങ്ങളവശേഷിപ്പിക്കുന്ന അടയാളങ്ങളിൽ നിങ്ങൾക്കൊപ്പം ഭരണകൂടം സഞ്ചരിക്കുകയാണ്.

യൂറോപ്യൻ മനുഷ്യാവകാശ കോടതി (ECHR) Maper case-ൽ (2008) ഡി.എൻ.എ സാമ്പിളുകൾ, വിരലടയാളങ്ങൾ എന്നിവ പ്രതികളെ കുറ്റവിമുക്തരാക്കിയതിനു ശേഷവും ശേഖരിച്ചുവെക്കുന്നതിനെ തടഞ്ഞുകൊണ്ട് വിധി പറഞ്ഞിരുന്നു. പിന്നീട് പല കേസുകളിലും ശിക്ഷിക്കപ്പെട്ടോ ഇല്ലയോ എന്നതിനെ പരിഗണിക്കാതെത്തന്നെ ഇത്തരം വിവരങ്ങൾ മായ്ച്ചുകളയാൻ കോടതി യൂറോപ്യൻ സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. Maper കേസിൽ രണ്ടു പേരായിരുന്നു ഹർജിക്കാർ. ഒരാൾ 11 വയസിൽ മോഷണത്തിന് പ്രതിചേർക്കപ്പെട്ട "S' എന്ന കക്ഷിയും രണ്ടാമത്തേത് ഗാർഹിക പീഡനക്കേസിൽ പ്രതിയായ Maper-ഉം. ഇരുവരെയും അതാത് കോടതികൾ വെറുതെവിട്ടു. എന്നാൽ അവരുടെ ഡി.എൻ.എ, വിരലടയാളം എന്നീ വ്യവരങ്ങൾ മായ്ച്ചുകളയാനുള്ള ആവശ്യം പൊലീസ് നിരസിച്ചു. തുടർന്ന് House of Lords-ലും അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതിനെത്തുടർന്നാണ് ECHR -ൽ ഹർജി പോവുകയും കോടതി ഇവരുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് വിധിപറയുകയും ചെയ്തത്. ഇത്തരത്തിൽ വിവരങ്ങൾ ശേഖരിച്ചുവെക്കുന്നത് യൂറോപ്യൻ മനുഷ്യാവകാശ ചട്ടം Article 8-ൽ പറയുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.

യൂറോപ്യൻ മനുഷ്യാവകാശ ചട്ടം Article 8-ൽ സ്വകാര്യതയ്ക്കുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്

Maper വിധിയെത്തുടർന്ന് വിധിക്കനുസൃതമായ രീതിയിൽ Protection of Freedoms Act 2012 നിലവിൽ വന്നു(ഇംഗ്ലണ്ട് & വെയിൽസ്). കുട്ടികളും നിരപരാധികളും അടങ്ങുന്ന 1.7 ദശലക്ഷം ആളുകളുടെ ഇത്തരം വിവരങ്ങൾ Data base -ൽ നിന്നും നീക്കം ചെയ്തു. ഇതിനുപുറമെ 7,75,3000 DNA samples നശിപ്പിച്ചുകളയുകയും ചെയ്തു.

Marper (2008)25 ,W. (2009), Martens (2013), Aycaguer (2017), Gaughran (2020), Chipovski (2020), Petrovic (2020) എന്നീ കേസുകളിലെല്ലാം Cellular /DNA samples ശേഖരിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി വിധിച്ചു.

യു.എസിൽ ഇത്തരത്തിലുള്ള ഡി.എൻ.എ സാമ്പിൾ ശേഖരണവും ഡാറ്റ ബേസ്​ഉണ്ടാക്കലും മറ്റൊരു രീതിയിൽ നടക്കുന്നുണ്ട്. കാണേണ്ട വസ്തുത ഇത്തരത്തിൽ ഡാറ്റ ശേഖരിക്കപ്പെട്ടവരിൽ 40%-ത്തിലേറെപ്പേരും ആഫ്രിക്കൻ-അമേരിക്കൻ വംശജരാണ് എന്നാണ്. എങ്ങനെയാണ് ethnic profiling നടക്കുന്നത് എന്നുകൂടി ഇതിന്റെ ഭാഗമായി പരിശോധിക്കേണ്ടതാണ്. ഇന്ത്യയിലേക്ക് ഇതൊരു സൂചനയുമാണ്. പോലീസ് അറസ്റ്റ് ചെയ്ത ഒരാളുടെ ഡി.എൻ.എ സാമ്പിൾ ശേഖരിക്കുന്നത് നാലാം ഭേദഗതിക്ക് എതിരല്ലെന്ന് യു.എസ്. സുപ്രീം കോടതി വിധിച്ചു. ദീർഘമായ വാദങ്ങൾക്കുശേഷം അഞ്ചു പേർ അനുകൂലമായും നാലു പേർ വിയോജിച്ചുമാണ് വിധി പറഞ്ഞത്. വിയോജന വിധിയിൽ Justice. Scalia ഇങ്ങനെ പറഞ്ഞു: "Today's judgment will, to be sure, have the beneficial effect of solving more crimes; then again, so would the taking of DNA samples from anyone who flies on an airplane (surely the Transportation Security Administration needs to know the "identity' of the flying public), applies for a driver's license, or attends a public school. Perhaps the construction of such a genetic panopticon is wise. But I doubt that the proud men who wrote the charter of our liberties would have been so eager to open their mouths for royal inspection.'

ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പൗരാവകാശങ്ങളുടെയും വിശാലമായ കാഴ്ചപ്പാടിൽ കൂടി വേണം നാം കേന്ദ്ര സർക്കാരിന്റെ Criminal Procedure (Identification) Bill 2022-നെ പരിശോധിക്കാൻ. കേവലം കുറ്റാന്വേഷണത്തിന്റെ ഇടപാടാണ് ഇതെന്നും ഭരണകൂടം ഏതാണ്ട് സമ്പൂർണമായി ജനങ്ങളെ നിയന്ത്രിക്കാനുള്ള, അവരുടെ സ്വകാര്യതയെ മാത്രമല്ല കൂട്ടായ സാമൂഹ്യ-രാഷ്ട്രീയാവകാശങ്ങളെയും ഹനിക്കാനുള്ള പദ്ധതിയാണിതെന്നും തിരിച്ചറിയേണ്ടതുണ്ട്.

Comments