കോടതി വിധികളിൽ ‘child pornography’ എന്ന വാക്കിന് വിലക്ക്,
പകരം ‘child sexual exploitative and abuse material - CSEAM'

child pornography എന്ന വാക്ക് ഉപയോഗിക്കുന്നത് വിലക്കി, ‘child sexual exploitative and abuse material' - 'CSEAM' എന്നുപയോഗിക്കാൻ കോടതികൾക്ക് സുപ്രീംകോടതി നിർദേശം. ഇതിനായി പോക്‌സോ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന് സുപ്രീംകോടതി നിർദേശം.

News Desk

കോടതിവിധികളിൽ ഇനി child pornography എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി. പകരം, ‘കുട്ടികളെ ലൈംഗികമായി ദുരുപയോഗവും ചൂഷണവും ചെയ്യുന്ന ഉള്ളടക്കം' (‘child sexual exploitative and abuse material' - 'CSEAM') എന്നായിരിക്കും ഉപയോഗിക്കുക. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ചാണ് child pornography എന്ന വാക്ക് ഉപയോഗിക്കുന്നത് വിലക്കി മറ്റു കോടതികൾക്ക് നിർദേശം നൽകിയത്. ഇതിനായി പോക്‌സോ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പാർലമെന്റ് നടപടിയെടുക്കണമെന്നും ബെഞ്ച് നിർദേശിച്ചു.

child pornography, ഈ പ്രവൃത്തിയെ കുറ്റകൃത്യമെന്ന നിലയിൽ പ്രതിനിധീകരിക്കുന്ന വാക്കല്ലെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. മുതിർന്നവർക്കിടയിൽ പരസ്പര സമ്മതത്തോടെ നടക്കുന്ന പ്രവൃത്തിയെ Pornography എന്ന് വിശേഷിപ്പിക്കാറുള്ളതിനാൽ, അതേ വാക്ക് കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തെ പരാമർശിക്കാൻഉപയോഗിക്കുന്നത് അനുചിതമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കുട്ടികളെ ലൈംഗികമായി ചൂഷണം ​ചെയ്യുന്ന ഉള്ളടക്കം കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പോക്‌സോ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കുറ്റകരമാക്കിയ വിധിയിലാണ് കീഴ്ക്കോടതികൾക്കുള്ള നിർദേശം.

കൈമാറണമെന്ന ഉദ്ദേശ്യമില്ലാതെ കുട്ടികളെ ലൈംഗികമായി ചൂഷണം ​ചെയ്യുന്ന ഉള്ളടക്കം കാണുന്നതോ ഡൗൺലോഡ് ചെയ്യുന്നതോ പോക്‌സോ, ഐ.ടി നിയമപ്രകാരം കുറ്റമാകില്ല എന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കൈമാറിയാൽ മാത്രമേ കുറ്റകരമാകൂ എന്നായിരുന്നു ഹൈകോടതി വിധിയിൽ പറഞ്ഞിരുന്നത്. എന്നാൽ, കൈമാറിയില്ലെങ്കിലും ഇത്തരം ഉള്ളടക്കങ്ങൾ സൂക്ഷിച്ചുവക്കുന്നതും റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും അവ കൈമാറാനുള്ള ഉദ്ദേശ്യത്തിനാണെന്ന് കാണാവുന്നതാണെന്ന് സുപ്രീംകോടതി ബെഞ്ച് വിധിച്ചു.

അയച്ചുകിട്ടിയ ഇത്തരം ഉള്ളടക്കത്തിന്റെ ലിങ്ക് അബദ്ധത്തിൽ തുറന്നുനോക്കുന്നത് കുറ്റകരമല്ല. എന്നാൽ, തുടർന്നും അത് കണ്ടുകൊണ്ടിരിക്കുന്നത് പോക്‌സോ നിയമത്തിലെ 'കൈവശം വക്കൽ' കുറ്റത്തിന്റെ പരിധിയിൽ വരും.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത യുവാവിനെതിരായ ക്രിമിനൽ നടപടി ഹൈക്കോടതി റദ്ദാക്കിയത് സുപ്രീംകോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽമദ്രാസ് ഹൈക്കോടതിക്ക് ഗുരുതര തെറ്റ് പറ്റിയതായി സുപ്രീംകോടതി വിമർശിച്ചു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം ഇന്റർനെറ്റിൽ ഡൗൺലോഡ് ചെയ്യാതെ കാണുന്നത്, പോക്‌സോ നിയമത്തിലെ സെക്ഷൻ 15 പ്രകാരമുള്ള കുറ്റകൃത്യമാണെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം ഉള്ളടക്കം ഡൗൺലോഡ് ചെയ്യാതെ പതിവായി കാണുന്ന ഒരാൾ, ഈ ദൃശ്യങ്ങൾ കൈവശം വക്കുന്നുണ്ടെന്ന് പറയാം.

ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും സുപ്രീംകോടതി വിധിയിൽ ഗൗരവകരമായ പരാമർശങ്ങളുണ്ട്.
ഇന്ത്യയിൽ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് നിരവധി തെറ്റിധാരണകൾ നിലനിൽക്കുന്നതായി വിധി ചൂണ്ടിക്കാട്ടി. ലൈംഗികതയെക്കുറിച്ച് ചർച്ച ചെയ്യുന്നത് അനുചിതവും അധാർമികവുമാണെന്ന യാഥാസ്ഥിതിക കാഴ്ചപ്പാടാണ് രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരുമടക്കമുള്ളവർ വച്ചുപുലർത്തുന്നത്. ഇതുമൂലം, ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സംസാരങ്ങൾ ഇല്ലാതാകുകയും ഇത് കൗമാരപ്രായക്കാർക്കിടയിൽ ഈ വിഷയത്തെക്കുറിച്ച് വലിയ അജ്ഞതയുണ്ടാക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ പരമ്പരാഗത മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത പാശ്ചാത്യ സങ്കലപ്പമാണ് ലൈംഗിക വിദ്യാഭ്യസം എന്ന ധാരണ മൂലം ചില സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം തന്നെ നിരോധിച്ചിരിക്കുന്നു. അങ്ങനെയാണ്, കൗമാരക്കാരിലേക്ക് അനാരോഗ്യകരമായ ലൈംഗിക ഉള്ളടക്കങ്ങൾ എത്തുന്നത്.

അപകടകരമായ ലൈംഗിക സ്വഭാവങ്ങളിൽനിന്ന് യുവാക്കളെ തടയാൻ പ്രായത്തിനനുയോജ്യമായ വിധത്തിലുള്ള ലൈംഗിക വിദ്യാഭ്യസം നൽകേണ്ടതിന്റെ ആവശ്യകതയും വിധിയിൽ ഊന്നിപ്പറഞ്ഞു. ലൈംഗികത, പരസ്പര ആദരവോടെയുള്ള ബന്ധങ്ങൾ, ഉഭയസമ്മതം, ലിംഗസമത്വം, വൈവിധ്യങ്ങളെ ബഹുമാനിക്കൽ തുടങ്ങിയവയെക്കുറിച്ച് പ്രായത്തിനനുയോജ്യമായ വസ്തുതകൾ ലഭ്യമാക്കേണ്ടതുണ്ട്. മറ്റൊരാൾക്കുനേരെയുള്ള ചൂഷണ മനോഭാവം ഇല്ലാതാക്കാനും അവരോട് അനുതാപമുണ്ടാക്കാനും ഇത്തരം ബോധ്യങ്ങൾ യുവാക്കളെ നയിക്കും.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ഇത്തരം ഉള്ളടക്കങ്ങളെക്കുറിച്ചും പൊതുബോധവൽക്കരണം വേണം. ഇത് ഇത്തരം സംഭവങ്ങൾക്കെതിരായ സാമൂഹിക ജാഗ്രത ശക്തമാക്കുകയും അവ അധികൃതർക്ക് റിപ്പോർട്ടു ചെയ്യാനും പ്രേരിപ്പിക്കും.

വിദ്യാഭ്യാസ പ്രവർത്തകരുടെയും ആരോഗ്യപ്രവർത്തകരുടെയും നിയമരംഗത്ത് പ്രവർത്തിക്കുന്നവരുടെയും ശിശുക്ഷേമ സമിതി പ്രവർത്തകരുടെയും സഹായത്തോടെ, അപകടകരമായ ലൈംഗിക സ്വഭാവം പ്രകടിപ്പിക്കുന്നവരെ ചെറുപ്പത്തിലേ കണ്ടെത്തി അവർക്കായുള്ള പ്രത്യേക ചികിത്സാ- ബോധവൽക്കരണ പരിപാടികൾ നടപ്പാക്കണം. ഇക്കാര്യത്തിൽ സ്‌കൂളുകൾക്ക് പ്രധാന പങ്കുണ്ട്. ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ചും ഉഭയസമ്മതത്തെക്കുറിച്ചുമെല്ലാം വിദ്യാർഥികളെ പഠിപ്പിക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യണം. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിനുള്ള സമഗ്ര പദ്ധതി തയാറാക്കുന്നതിന് ഒരു വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കണമെന്നും വിധിയിൽ നിർദേശിക്കുന്നു.


Comments