പരിഷ്‌കാരത്തിന്റെ ട്രാക്കിൽ സ്തംഭിച്ചുനിൽക്കുന്ന ഡ്രൈവിങ്‌

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെച്ചൊല്ലി ഡ്രൈവിങ് സ്‌കൂൾ ഉടമകളും സർക്കാറും തമ്മിൽ തുടരുന്ന ഭിന്നതകൾ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകൾ നിർത്തിവെക്കുന്നതിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് ചില ഇളവുകളോടെ പുതിയ സർക്കുലർ പുറത്തിറക്കിയെങ്കിലും അതൊന്നും തന്നെ നിലവിൽ തങ്ങൾ നേരിടുന്ന പ്രതിസന്ധികളെ മറികടക്കാൻ പര്യാപ്തമല്ലെന്നും ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സംഘടനകൾ അഭിപ്രായപ്പെടുന്നു. സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സംയുക്ത സമര സമിതിയാണ് സംസ്ഥാന വ്യാപകമായി ഡ്രൈവിങ് ടെസ്റ്റുകൾ നിർത്തിവെച്ച് പ്രതിഷേധം നടത്തുന്നത്. ഗതാഗതവകുപ്പ് മുന്നോട്ടുവെച്ച പരിഷ്‌കാരങ്ങൾ അപ്രായോഗീകമാണെന്നും നിലവിൽ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നുമാണ് യൂണിയനുകൾ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം.

Comments