കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തമിഴ്നാട്ടിലെ സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ (TASMAC) ഓഫീസുകളിൽ നടത്തിവന്ന റെയ്ഡുകൾ അവസാനിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. എല്ലാ അതിരുകളും ലംഘിക്കുന്ന ഇ.ഡി ഫെഡറൽ തത്ത്വങ്ങളെ മാനിച്ച് പ്രവർത്തിക്കണമെന്നും കോടതി വിമർശിച്ചു. ടാസ്മാക് മദ്യ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്താൻ നേരത്തെ മദ്രാസ് ഹൈക്കോടതി ഇ.ഡിയ്ക്ക് അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കേന്ദ്ര ഏജൻസി സംസ്ഥാന സർക്കാരിന് കീഴിലുള്ള ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. ഈ റെയ്ഡുകൾക്കെതിരെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയും ടാസ്മാക്കും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്ഥാന കോർപ്പറേഷൻ സ്ഥാപനത്തിനെതിരായ ഇ.ഡിയുടെ നടപടി എല്ലാ അതിരുകളും ലംഘിക്കുന്നുവെന്നും ഇത് ഫെഡറൽ തത്ത്വങ്ങളുടെ ലഘനമാണെന്നും ഗവായ് ചൂണ്ടിക്കാട്ടി.
ജീവനക്കാരുടെ ഫോണുകൾ ക്ലോൺ ചെയ്ത് ഇ.ഡി അന്യായമായി വിവരങ്ങൾ ശേഖരിച്ചുവെന്ന് ടാസ്മാക്കിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിൻെറ അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനോടകം 41 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും തമിഴ്നാട് സർക്കാരിന് വേണ്ടി ഹാജരായ കപിൽ സിബൽ വ്യക്തമാക്കി. ഈ വർഷമാണ് കേസിൽ ഇ.ഡിയുടെ ഇടപെടൽ ഉണ്ടായത്. ടാസ്മാക് ഹെഡ് ക്വാർട്ടേഴ്സിലും ഓഫീസുകളിലും അവർ റെയ്ഡ് നടത്തുകയും ഫോണുകളും കമ്പ്യൂട്ടറുകളും മറ്റം പരിശോധിക്കുകയും ചെയ്തിരുന്നു.

അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് ഇ.ഡിയ്ക്ക് വേണ്ടി ഹാജരായത്. 1000 കോടിയിലധികം രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും രാഷ്ട്രീയക്കാർക്ക് പോലും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. “ഒരു സംസ്ഥാന സഹകരണ സ്ഥാപനത്തിനെതിരെ എങ്ങനെയാണ് ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കാൻ സാധിക്കുക. നിങ്ങൾക്ക് വ്യക്തികൾക്കെതിരെ കേസെടുക്കാം. അതുപോലെയാണോ കോർപ്പറേഷൻ?” ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചു. സംസ്ഥാന പോലീസ് കേസുകളെടുത്ത് അന്വേഷണം തുടങ്ങിയ ഘട്ടത്തിൽ ഇ.ഡിയുടെ അന്വേഷണം അനിവാര്യമായ എന്ത് സാഹചര്യമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. വിശദമായ മറുപടി നൽകാൻ സമയം വേണമെന്ന് രാജു കോടതിയിൽ പറഞ്ഞു. രണ്ടാഴ്ചയാണ് കോടതി സമയം നൽകിയിരിക്കുന്നത്.
രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുന്നത് കേന്ദ്രസർക്കാർ പതിവാക്കിയതായി നേരത്തെ തന്നെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷത്തെ ദേശീയ നേതാക്കൾക്കെതിരെയും ബി.ജെ.പിയിതര സംസ്ഥാനങ്ങളിലെ മന്ത്രിമാർക്കെതിരെയും രാഷ്ട്രീയ നേതാക്കൾക്കെതിരെയുമെല്ലാം കേന്ദ്ര ഏജൻസികൾ നിരവധി കേസുകളിൽ അന്വേഷണം നടത്തുന്നുണ്ട്. ഇ.ഡിയെ ഉപയോഗിച്ച് എതിർ രാഷ്ട്രീയക്കാരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടയിലാണ് ഇപ്പോൾ സുപ്രീം കോടതി തന്നെ ഒരു കേസിൽ ഇ.ഡിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻെറ നേതൃത്വത്തിൽ നടത്തുന്ന ചെറുത്തുനിൽപ്പുകൾ കൂടിയാണ് ഈ കേസിലും വിജയം കണ്ടിരിക്കുന്നത്.
