അസാധുവായ ഇലക്ടറൽ ബോണ്ടും ചില നിയമക്കുരുക്കുകളും

‘‘അസാധുവാക്കപ്പെട്ട ഇലക്ടറൽ ബോണ്ടിൻ്റെ പേരിൽ ഏതെങ്കിലും വ്യവസായിയെ ക്രൂശിക്കാൻ കഴിയും എന്നു തോന്നുന്നില്ല. തിരികെ ലഭിക്കാൻ സാധ്യതയുള്ള ചില പ്രത്യുപകാരത്തിനായിട്ടായിരുന്നു ബോണ്ടുകളിൽ നിക്ഷേപം നടത്തിയത് എന്ന് ആക്ഷേപിക്കാം, പക്ഷെ തെളിയിക്കാൻ പ്രയാസമായിരിക്കും’’- സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറൽ​ ബോണ്ടുമായി ബന്ധപ്പെട്ട ചില നിയമപ്രശ്നങ്ങൾ പരിശോധിക്കുകയാണ്, ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ പ്രേംലാൽ കൃഷ്ണൻ.

2024 ഫെബ്രുവരി 15- ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് & അനതർ എന്ന റിട്ട് പെറ്റീഷനിലും കൂടെ കൂട്ടിച്ചേർക്കപ്പെട്ട മറ്റ് മൂന്ന് റിട്ട് പെറ്റീഷനനുകളിലും അഞ്ചംഗ സുപ്രീം കോടതി ബഞ്ച് വിധി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ റെപ്രസൻ്റേഷൻ ഓഫ് പീപ്പിൾ ആക്ട് 1951, കമ്പനീസ് ആക്ട് 2013 എന്നിവ ഫിനാൻസ് ബില്ല് 2017 വകുപ്പ് 11 പ്രകാരം ഭേദഗതി ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു.

വിധിയുടെ അടിസ്ഥാനത്തിൽ ഇലക്ടറൽ ബോണ്ട് കൊടുക്കുന്നത് നിർത്തിവെക്കാനും, 2019 ഏപ്രിൽ 12 മുതൽ ഈ വിധി വരുന്നതുവരെ വിറ്റ ഇലക്ടറൽ ബോണ്ടിൻ്റെ മുഴുവൻ വിവരങ്ങളും കോടതിയിൽ സമർപ്പിക്കാനും നിർദ്ദേശിച്ചു. അതേസമയം ഈ വിവരങ്ങൾ മുഴുവനും ഇലക്ഷൻ കമീഷന് സമർപ്പിക്കാനും ഇലക്ഷൻ കമീഷൻ ആ വിവരങ്ങൾ പരസ്യപ്പെടുത്താനും 15 ദിവസത്തികം ഇറക്കിയ പണമാക്കി മാറ്റാത്ത ബോണ്ടുകൾ തിരികെ കൊടുക്കാനും നിർദ്ദേശിച്ചു.

രാഷ്ട്രീയപാർട്ടികൾ പണം സമാഹരിക്കുന്നത് പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ്. പൊതുജനങ്ങളിൽനിന്ന് ചെറിയ തുകകൾ സ്വീകരിക്കുന്നു. പൊതുവെ റസീറ്റ് കൊടുത്താണ് അത്തരം സംഭാവനകൾ സമാഹരിക്കാറെങ്കിലും, കൃത്യമായ കണക്കോ ഓഡിറ്റോ ഇത്തരം രീതിയിൽ സമാഹരിക്കുന്ന പണത്തിനുണ്ടാവാറില്ല.

ഇലക്ടറല്‍ ബോണ്ട് മാതൃക

അതേ സമയം അത്തരം സംഭാവനകൾ ക്യാഷ് ആയാണ് സമാഹരിക്കുക പതിവ്. കോവിഡ് മഹാമാരിയിലൂടെ ഉയർത്തപ്പെട്ട ഡിജിറ്റൽ സാമ്പത്തികരീതിയും പുതു തലമുറക്ക് ക്യാഷിനോടുള്ള ആഭിമുഖ്യക്കുറവും പൊതുസാമ്പത്തിക മേഖലയിൽ ക്യാഷ് ഉപയോഗിച്ചുള്ള ക്രയവിക്രയങ്ങളെ ഗണ്യമായി കുറച്ചിട്ടുണ്ട്.

കള്ളപ്പണത്തിൻ്റെ പ്രാഥമിക സ്രോതസ്സ് തകർക്കുന്നതിലൂടെ മാത്രമേ സമൂഹത്തിൽ നിന്ന് കള്ളപ്പണ ഇടപാടുകൾ പൂർണമായും ഇല്ലാതാവുകയുള്ളൂ. കള്ളപ്പണം വാങ്ങാൻ പൊതുജനം നിർബന്ധിതരാകുന്നത് വസ്തു വിൽപ്പന സമയത്താണ്. വാങ്ങിയ സമയത്തെ വിലയും വിൽക്കുന്ന സമയത്തെ വിലയും തമ്മിലുള്ള അന്തരത്തിൻ്റെ 20 ശതമാനത്തിലേറെ കാപ്പിറ്റൽ ഗെയിൻ ടാക്സ് ആയി അടക്കണം എന്ന കാരണത്താലാണ് ആളുകൾ ക്യാഷ് വാങ്ങിക്കുന്നത്.

കമ്പനികളാണെങ്കിൽ വസ്തു വാങ്ങിയ കൊല്ലം മുതൽ ഡി പ്രീസിയേഷൻ പ്രകാരം വസ്തുവിൻ്റെ വില കുറച്ച് കുറച്ച് വിൽക്കേണ്ടി വരുന്ന ഘട്ടത്തിൽ സ്വന്തം കണക്കിൽ പൂജ്യം വില വരെ വരുകയും വില്പനക്ക് കിട്ടിയ മുഴുവൻ തുകക്കും പലപ്പോഴും ടാക്സ് അടക്കേണ്ടി വരുകയും ചെയ്യാറുണ്ട്. ടാക്സ് എങ്ങനെ ഒഴിവാക്കാം എന്നതാണ് പൊതുവെ മിടുക്കായി കണക്കാക്കപ്പെടുന്നത്. സർക്കാർ തന്നെ ടാക്സ് ഒഴിവാക്കാവുന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്. അതേസമയം കമ്പനികളുടെ ലാഭവിഹിതത്തിനുമുൻപ് 30 ശതമാനത്തിലേറേയും ഇപ്പോൾ 20 ശതമാനത്തിലേറേയും ടാക്സ് അടക്കേണ്ടതുണ്ട്.

ഇത്തരം കരങ്ങൾ മുഴുവനും അടക്കാതെ മറ്റ് മാർഗ്ഗങ്ങളിലൂടെ സമ്പാദിക്കാനുള്ള അവസരം നോക്കിയാണ് എല്ലാവരും ഇരിക്കുന്നത്. യഥാർത്ഥത്തിൽ കരം ഒഴിവാക്കി കള്ളപ്പണമുണ്ടാക്കുന്നവരാണ് നാടിനെ നിയന്ത്രിക്കുന്നത് എന്നുപറയാം. അവരാണ് യഥാർത്ഥ ‘കിംഗ് മേക്കർമാർ’. മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, പോലീസ്, ഇൻകം ടാക്സ് ഉദ്യോഗസ്ഥർ, സി.എ, അഭിഭാഷകർ തുടങ്ങിയർക്കൊക്കെ അനർഹസമ്പാദ്യം വാഗ്ദാനം ചെയ്യുന്നവർ ഈ ഗണത്തിൽ പെട്ടവരാണ്. ചൈനീസ് പഴഞ്ചൊല്ല് പറയുന്നതുപോലെ ഇന്നത്തെ കള്ളൻ നാളത്തെ ദാന ദാതാവ്.

യഥാർത്ഥത്തിൽ കരം ഒഴിവാക്കി കള്ളപ്പണമുണ്ടാക്കുന്നവരാണ് നാടിനെ നിയന്ത്രിക്കുന്നത് എന്നുപറയാം. അവരാണ് യഥാർത്ഥ ‘കിംഗ് മേക്കർമാർ’.

കള്ളത്തരത്തിൽ പണമുണ്ടാക്കുന്നവർ അമ്പത് രൂപ ചോദിക്കുമ്പോൾ അഞ്ഞൂറ് കൊടുക്കും. അവരപ്പോൾ നല്ലവരുമാകും. അദ്ധ്വാനിച്ച് പണമുണ്ടാക്കുന്നവർ അമ്പതിന് അഞ്ച് രൂപയായിരിക്കും കൊടുക്കുന്നത്. തെറ്റ് ചെയ്തു എന്ന് പൂർണ ബോധ്യമുള്ളവർ എന്ത് വില കൊടുത്തും തൻ്റെ മുഖം രക്ഷിക്കാൻ നോക്കും. അവരെ ലക്ഷ്യം വെച്ചാണ് മറ്റുള്ളവർ കാത്തിരിക്കുന്നതും. ടാക്സ് കടമയേക്കാൾ ബാധ്യതയായി നിൽക്കുന്ന കാലത്തോളം ഈ കിംഗ് മേക്കർമാർ തന്നെയായിരിക്കും യഥാർത്ഥ ഭരണകർത്താക്കൾ.

സ്വർണ ഇറക്കുമതിക്കുമുൻപ് രണ്ട് ശതമാനമാണ് ചുങ്കം ഇടാക്കിയിരുന്നത്. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് അത് എട്ട് ശതമാനമാക്കി കൂട്ടി. അതോടെ സ്വർണക്കടത്തും പെരുകി. ഇറക്കുമതി ചുങ്കത്തിൻ്റെ തട്ടിപ്പു തന്നെയാണ് സ്വർണക്കടത്തിൻ്റെ ആകർഷണം. പിന്നീടുവന്ന എൻ.ഡി.എ സർക്കാറിന് ഇത് പൂർണ ബോധ്യമുണ്ടെങ്കിലും ചുങ്കം കുറച്ചിട്ടില്ല. കള്ളപ്പണം പെരുകുന്നതാണ് പലരുടേയും വരുമാന സ്രോത്രസ്സ്.

വല്ലപ്പോഴും ചില ഹതഭാഗ്യരെ പിടികൂടി ഒച്ചപ്പാട് സൃഷ്ടിക്കും. പിടിക്കപ്പെട്ടവർ കള്ളൻ എന്ന നിലപാടിലാണ് ഇവിടുത്തെ കാര്യങ്ങൾ. ഒരു അഭിഭാഷകൻ എന്ന നിലക്ക് എൻ്റെ പോലും വരുമാനം നിയമലംഘനം നടത്തിയവരിൽ നിന്നാണ്. നിയമലംഘനം കൂടുതലാകുമ്പോൾ നിയമം കൈകാര്യം ചെയ്ത് ജീവിക്കുന്നവർ പണക്കാരാകും. സമൂഹത്തിൻ്റെ ആരോഗ്യം നശിക്കുമ്പോൾ ഡോക്ടർമാരും മരുന്നു കമ്പനിക്കാരും പണമുണ്ടാക്കും.

സ്വർണ ഇറക്കുമതിക്കുമുൻപ് രണ്ട് ശതമാനമാണ് ചുങ്കം ഇടാക്കിയിരുന്നത്. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് അത് എട്ട് ശതമാനമാക്കി കൂട്ടി. അതോടെ സ്വർണക്കടത്തും പെരുകി.

വൻ തുക ടാക്സ് അടക്കേണ്ട ബാധ്യത ചെറിയ ചില നീക്കുപോക്ക് തുകകളിൽ അവസാനിച്ചാൽ ഇരുപക്ഷത്തിനും ലാഭമുണ്ടാക്കാം എന്ന വളരെ ലളിതമായ ചിന്തയും ടാക്സ് എന്ന ഭീമമായ സംഖ്യയുമാണ് കള്ളപ്പണത്തിലേക്ക് നയിക്കുന്നത്. കള്ളപ്പണം കൈക്കൂലിയായി മാറി പിന്നീടത് പല വഴിയിലൂടേയും സഞ്ചരിച്ചു കൊണ്ടേയിരിക്കും. കള്ളപ്പണം സാധാരണയായി ക്യാഷ് ആയാണ് സംഭരിക്കുന്നത്. അതുകൊണ്ടുതന്നെ അതിന് കണക്കും കാണില്ല. കള്ളപ്പണത്തിൻ്റെ പ്രാഥമിക സ്രോതസ്സ് കണ്ടെത്താനോ ഒഴിവാക്കാനോ യാതൊരു പരിശ്രമവും സർക്കാർ കാണിക്കുന്നില്ല; മറിച്ച് ടാക്സ് അടക്കാത്തവരെ പോലീസിൻ്റെ പേരിൽ ഭീഷണിപ്പെടുത്തുക അല്ലെങ്കിൽ കേസെടുക്കുക തുടങ്ങിയ കലാപരിപാടികളാണ് ചെയ്തുവരുന്നത്. നിയമം അനുവദിക്കുന്ന തരത്തിൽ ടാക്സ് കുറക്കുന്നത് മിടുക്കും അനുവദനീയമല്ലാത്ത മാർഗ്ഗത്തിൽ ടാക്സ് വെട്ടിക്കുന്നത് കുറ്റകരവും എന്ന് നിസ്സാരമായി പറയാം.

ഡിജിറ്റൽ കറൻസിയിലേക്ക് സമ്പദ് വ്യവസ്ഥ മാറുന്നതോടെ ക്യാഷ് മുഖാന്തിരം ഒളിച്ചു കടത്തിയിരുന്ന കള്ളപ്പണം എങ്ങനെ ബാങ്ക് മുഖാന്തിരം ചെയ്യാം എന്നായി ആലോചന. രാഷ്ട്രീയക്കാരെ സംബന്ധിച്ച് സ്രോത്രസ് എല്ലായ്പോഴും കള്ളപ്പണക്കാരായതുകൊണ്ടും ഡിജിറ്റൽ വ്യവസ്ഥയിൽ കള്ളപ്പണമൊളിപ്പിക്കാൻ പ്രയാസപ്പെടുന്ന അവസരമായതുകൊണ്ടും പാർട്ടി പ്രവർത്തനത്തിനുള്ള പണം അവരിൽ നിന്ന് സമാഹരിക്കുക, അതും ബാങ്ക് വഴി എന്നത് വലിയ പ്രതിസന്ധിയായി. അതിനുള്ള പരിഹാരമെന്നോണം സൃഷ്ടിച്ച ഉപാധിയാണ് ഇലക്ടറൽ ബോണ്ട്.

ബോണ്ട് എന്ന ആശയം ഒരുപക്ഷെ വരുന്നത് ഇലക്ടറൽ സ്കീം 2013- ൽ നിന്നുമാകണം. 2013 ജനുവരി 31 ന് പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ 9/2013 പ്രകാരമാണ് ഈ പദ്ധതി നിലവിൽ വന്നത്. അതു പ്രകാരം ലാഭത്തിനുവേണ്ടിയല്ലാതെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് രൂപീകരിക്കപ്പെട്ട കമ്പനികൾക്ക് രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി സംഭാവനകൾ സ്വീകരിക്കാൻ സാധിക്കുന്ന ഇലക്ടറൽ ട്രസ്റ്റി ആകാൻ അനുമതി കൊടുത്തു.

ഡിജിറ്റൽ കറൻസിയിലേക്ക് സമ്പദ് വ്യവസ്ഥ മാറുന്നതോടെ ക്യാഷ് മുഖാന്തിരം ഒളിച്ചു കടത്തിയിരുന്ന കള്ളപ്പണം എങ്ങനെ ബാങ്ക് മുഖാന്തിരം ചെയ്യാം എന്നായി ആലോചന.

അത്തരം ട്രസ്റ്റിക്ക് ഇന്ത്യൻ പൗരരായ ആരിൽ നിന്നും പണം സ്വീകരിക്കാം, അങ്ങനെ സ്വീകരിക്കപ്പെടുന്ന പണം ട്രസ്റ്റിയുടെ നടത്തിപ്പിന് ആവശ്യമായ അഞ്ച് ശതമാനം കഴിച്ച് ബാക്കി 95 ശതമാനം അർഹരായ രാഷ്ട്രീയ കക്ഷികൾക്ക് തിരിച്ച് സംഭാവന ചെയ്യാം. പക്ഷെ കമ്പനികൾക്ക് സംഭാവന കൊടുക്കുന്നതിന് ബാലൻസ് ഷീറ്റിൽ പറഞ്ഞിരിക്കുന്ന ടാക്സ് കഴിഞ്ഞുള്ള മൂന്ന് കൊല്ലത്തെ ലാഭത്തിൻ്റെ ശരാശരിയുടെ 7.5 ശതമാനം മാത്രമേ സംഭാവനയായി നൽകാൻ അനുമതി ഉണ്ടായിരുന്നുള്ളൂ.

അതുകൊണ്ട് അകമഴിഞ്ഞ സംഭാവനകൾ ഇത് പ്രോത്സാപ്പിച്ചിരുന്നില്ല. മാത്രമല്ല, സംഭാവന സ്വീകരിക്കുന്നതും അതിന് പ്രത്യുപകാരം ചെയ്തു എന്നതും കണ്ടെത്തിയാൽ ഉപകാരം ഉപദ്രവവുമാകും എന്ന് എല്ലാവർക്കുമറിയാം. ക്യാഷ് പോലെ എളുപ്പത്തിൽ മറച്ചുവെക്കാവുന്ന മാതൃകയാണ് എല്ലാവരും കാംക്ഷിച്ചിരുന്നത്. അങ്ങനെ കൂലംകഷമായ ചിന്തകൾക്കൊടുവിൽ ഉദയം കൊണ്ടതാണ് ഇലക്ടറൽ ബോണ്ട്.

ബോണ്ടുകൾ ബാങ്കുകൾ മുഖേന വിൽക്കാനും അതുവഴി പണം സമാഹരിക്കാനും തീരുമാനിക്കപ്പെട്ടെങ്കിലും നിയമക്കുരുക്ക് ധാരാളമായിരുന്നു. പല നിയമങ്ങളും ഭേദഗതിക്ക് വിധേയമാക്കേണ്ടതായി ഉണ്ടെന്ന് കണ്ടെത്തി. അതേസമയം ഭരണമുന്നണിക്ക് ആ ദിനങ്ങളിൽ രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നതുകൊണ്ട് നിയമഭേദഗതികൾ രാജ്യസഭയിൽ പാസാകുമോ എന്ന ആശങ്കയുമുണ്ടായി. അത്തരം ആശങ്കകളകറ്റാൻ ബോണ്ടിന് വേണ്ടിയുള്ള നിയമ ഭേദഗതികൾ മണി ബിൽ ആയി അവതരിപ്പിക്കപ്പെട്ടു. ഭരണഘടനയുടെ 110-ാം ആർട്ടിക്കിൾ അനുസരിച്ച് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള ഭേദഗതികൾ മണി ബിൽ ആയി അവതരിപ്പിക്കാം. മണി ബിൽ ലോക്സഭയിൽ മാത്രം പാസാക്കിയെടുത്താൽ മതി, രാജ്യസഭയിൽ പാസാക്കേണ്ടതില്ല.

2017 ഫിനാൻസ് ബില്ലിൽ ആർ.ബി.ഐ നിയമത്തിലും, കമ്പനി നിയമത്തിലും, റപ്രസെൻ്റേഷൻ ഓഫ് പീപ്പിൾ നിയമത്തിലും ഭേദഗതികൾ കൊണ്ടു വന്നു. ആർ.ബി.ഐ നിയമപ്രകാരം, ആർ.ബി.ഐക്കോ ആർ.ബി.ഐ ആക്ട് അനുസരിച്ച് കേന്ദ്ര ഗവൺമെൻ്റ് ചുമതലപ്പെടുത്തിയവർക്കോ മാത്രമേ പണം കൈമാറാവുന്ന കടപത്രങ്ങളോ, ബോണ്ടോ മറ്റ് പത്രങ്ങളോ ഇറക്കാൻ അനുമതിയുള്ളൂ. ആർ.ബി.ഐ ആക്ടിൻ്റെ പുതിയ ഭേദഗതി വകുപ്പ് 31(3) പ്രകാരം കേന്ദ്ര സർക്കാറിന് ഇലക്ടറൽ ബോണ്ട് ഇറക്കാൻ ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിനെ ചുമതലപ്പെടുത്താം.

1951-ലെ റപ്രസൻ്റേഷൻ ഓഫ് പീപ്പിൾ ആക്റ്റിലെ 29(c) വകുപ്പ് അനുസരിച്ച് രാഷ്ട്രീയ കക്ഷികൾ തങ്ങൾക്ക് കിട്ടുന്ന സംഭാവനകളിൽ, 20,000-നുമുകളിലുള്ളത് വെളിപ്പെടുത്തണം. പുതിയ ഭേദഗതിയിൽ ഇലക്ടറൽ ബോണ്ടിൽ നിന്ന് കിട്ടിയ സംഭാവനകളെ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കി. ഇലക്ടറൽ ബോണ്ടിൽ അല്ലാതെ കിട്ടുന്ന പണത്തിൻ്റെ കണക്ക് മാത്രം ഇലക്ഷൻ കമ്മീഷനെ അറിയിച്ചാൽ മതി എന്നാക്കി.

കമ്പനി നിയമം 182 (1)- ൽ പറഞ്ഞിരുന്ന മൂന്ന് കൊല്ലത്തെ ലാഭത്തിൻെറ ശരാശരിയുടെ 7.5% എന്ന തടസ്സം എടുത്തുകളഞ്ഞു. ഇൻകം ടാക്സിൽ വകുപ്പ് 13 A ഭേദഗതിയും കൊണ്ടുവന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയകക്ഷികൾ ഇലക്ടറൽ ബോണ്ടിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾക്ക് കണക്കും വെക്കേണ്ടതില്ല എന്നായി. ഇതോടെ ബോണ്ട് ഇറക്കാൻ നിയമപരമായി സർക്കാർ തയ്യാറായി.

2018 ജനുവരി രണ്ടിന് ഇ.ബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇലക്ടറൽ ബോണ്ട് പദ്ധതി പ്രഖ്യാപിച്ചു. ആയിരം മുതൽ ഒരു കോടി വരെ യുള്ള 5 തിരിച്ചടവില്ലാത്ത ബോണ്ടുകളാണ് വിഭാവനം ചെയ്തത്. ഇലക്ടറൽ ബോണ്ട് പദ്ധതി അസാധുവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയപ്പോൾ പെറ്റീഷൻ സ്വീകരിച്ച് നോട്ടീസ് കൊടുത്തെങ്കിലും പദ്ധതിക്ക് ഇടക്കാല സ്റ്റേ കൊടുത്തില്ല. അവസാനവാദം കേൾക്കുന്നതിന് പ്രധാനമായും രണ്ട് പ്രധാന ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്.

ഒന്ന്, കമ്പനികൾക്ക് അനിയന്ത്രിതമായി സംഭാവനകൾ രാഷ്ട്രീയ പാർട്ടികൾക്ക് കൊടുക്കാൻ കഴിഞ്ഞാൽ അത് സ്വതന്ത്രവും ന്യായവുമായ തെരെഞ്ഞെടുപ്പുകളെ ബാധിക്കുകയും അങ്ങനെ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ൻ്റെ ' ലംഘനവുമാകില്ലേ?
രണ്ട്, ഇലക്ടറൽ ബോണ്ടിൽ സമാഹരിച്ച തുകയുടെ വിവരങ്ങൾ പുറത്തുപറയാതിരിക്കുന്നത്, പൗരരുടെ അറിയാനുള്ള മൗലികാവശങ്ങളെ ഹനിക്കുന്നതാകില്ലേ?

വാദം കേട്ട ശേഷം, രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്ന കാര്യത്തിൽ കമ്പനികളേയും വ്യക്തികളേയും ഒരേപോലെ കണക്കാക്കാൻ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല, കമ്പനിനിയമത്തിൻ്റെ ഭേദഗതി പ്രകാരം ലാഭമുണ്ടാക്കുന്ന കമ്പനിയും നഷ്ടമുണ്ടാക്കുന്ന കമ്പനിയും തമ്മിൽ വ്യത്യാസമില്ലാതായി. പ്രധാനമായും അക്കാരണത്താൽ ഇലക്ടറൽ ബോണ്ടിനുവേണ്ടി ചെയ്ത എല്ലാ നിയമഭേദഗതികളും സുപ്രീം കോടതി അസാധുവാക്കി.

അതേസമയം, നിലനില്ക്കുന്ന കമ്പനി നിയമപ്രകാരം രാഷ്ട്രീയ സംഭാവനകൾക്ക് ഡയറക്ടർ ബോർഡ് അനുമതി മാത്രം മതി. എന്നാൽ ലാഭം ബാധിക്കുന്നത് ഓഹരി ഉടമകളെയാണ്. ഓഹരി ഉടമകളുടെ അനുവാദമില്ലാതെ അവർക്കർഹമായ വിഹിതത്തിൻ്റെ ഒരംശം രാഷ്ട്രീയ സംഭാന ചെയ്യാം. ബോണ്ടിനു മുൻപും ശേഷവും ഈ സ്ഥിതിവിശേഷത്തിന് മാറ്റമില്ല.

2019 ഏപ്രിൽ 12 ന് പെറ്റീഷൻ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് സ്റ്റേ കൊടുത്തില്ലെങ്കിലും ബോണ്ട് സംബന്ധമായ വിവരങ്ങൾ സീൽ ചെയ്ത കവറിൽ ഇലക്ഷൻ കമീഷന് സമർപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

അസാധുവാക്കപ്പെട്ട നിയമത്തിൻ്റെ അസാധുത്വം എന്നുമുതലാണ് തുടങ്ങുന്നത്? മറാത്ത റിസർവേഷൻ അസാധുവാക്കിയപ്പോൾ അന്നുവരെ റിസർവേഷൻ ഉൾപ്പെടുത്തി നടത്തിയ നിയമനങ്ങൾക്കും സ്കൂൾ കോളേജ് പ്രവേശനങ്ങൾക്കും സംരക്ഷണം നൽകിയിരുന്നു. പക്ഷെ ഇവിടെ അസാധുവാക്കിയ ശേഷം യുക്തിപരമായ ഒരവസാനം ഇതിന് നൽകണമെന്ന് സുപ്രീം കോടതി തന്നെ തീരുമാനിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

അതിലൊന്ന്, ബാങ്കുകൾ ഇലക്ടറൽ ബോണ്ട് വിൽക്കുന്നത് നിർത്തി വെക്കണം എന്നതാണ്. സ്വാഭാവികമായും നിർത്തിവെച്ച ദിവസത്തിനുമുൻപ് വിറ്റ ബോണ്ടുകൾക്ക് സാധുതയുണ്ട് എന്ന വ്യംഗാർത്ഥം ഇതിനുണ്ട്.
പാർലമെൻ്റിൽ പാസാക്കി പ്രസിഡണ്ട് ഒപ്പു വെച്ച നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു പൗരൻ / പൗര പ്രവർത്തിച്ചാൽ അതിൻ്റെ ഭാവി ഭവിഷ്യത്തുകളുടെ ഉത്തരവാദിത്വം അവർ ഏറ്റെടുക്കേണ്ടതുണ്ടോ?. ഇല്ലെന്നുതന്നെയാണ് പൂർവ വിധിന്യായങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കുന്നത്.

ഭരണഘടനാപരമായി വോട്ടെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ഭരണഘടനയുടെ അടിസ്ഥാനഘടന മാറ്റുന്ന തരത്തിലുള്ള ഭേദഗതികൾ വരുത്താനാവില്ല എന്നുതന്നെയാണ് കാലാകാലങ്ങളിലുള്ള വിധിന്യായങ്ങൾ പറയുന്നത്. ഭരണഘടനക്കനുസരിച്ച് ഭരിക്കാനാണ് ഭരണകേന്ദ്രങ്ങളിലേക്ക് പ്രതിനിധികളെ തെരെഞ്ഞെടുത്തയക്കുന്നത്. അതുകൊണ്ടുതന്നെ നിലനിൽക്കുന്ന വ്യവസ്ഥകൾക്കോ ഭരണഘടന അനുശ്വാസിക്കുന്ന നിയമങ്ങൾക്കോ ഉപരിയായോ വിപരീതമായോ നിയമനിർമാണം നടത്തണമെങ്കിൽ ആ വിവരം തെരെഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമാകേണ്ടതില്ലേ?. തെരെഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഭാഗമാക്കാത്ത നിയമ ഭേദഗതികളെ അംഗീകരിക്കണമെങ്കിൽ സഭയിലെ ഭൂരിപക്ഷം എന്ന അക്കങ്ങളുടെ കണക്ക് മാത്രം മതിയോ? ഇതുവരെ കൊണ്ടുവന്ന ഏതെങ്കിലും ഭേദഗതിയോ പുതിയ നിയമങ്ങളോ പ്രകടന പത്രികയുടെ ഭാഗമായിരുന്നുവോ എന്ന് സുപ്രീം കോടതി ചോദിക്കുന്നത് കേട്ടിട്ടില്ല.

1975- ൽ അലഹാബാദ് ഹൈക്കോടതിയിൽ ഇലക്ഷൻ പെറ്റീഷൻ തോറ്റതിൻ്റെ പ്രത്യാഘാതമെന്നോണം ഇന്ദിരാഗാന്ധി കൊണ്ടുവന്ന അടിയന്തരാവസ്ഥാ കാലത്ത് 39-ാം ഭരണഘടനാ ഭേദഗതി തിടുക്കത്തിൽ കൊണ്ടുവന്നു. അതിലെ ഭേദഗതികൾ പ്രകാരം പ്രധാനമന്ത്രിയായ ഒരാൾക്കെതിരെയുള്ള തെരെഞ്ഞെടുപ്പ് തർക്കങ്ങൾ കോടതിയിൽ പരിഹരിക്കാൻ പാടില്ല. മറിച്ച് അത്തരം തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേകം രൂപീകരിച്ച സഭ വേണം. കൂടാതെ ഇലക്ഷൻ നിയമങ്ങൾ പ്രധാനമന്ത്രിക്ക് ബാധകമല്ല. എന്തൊക്കെ എതിർവിധികളുണ്ടായാലും പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കാൻ കഴിയില്ല തുടങ്ങി ഭരണഘടനയെ തകർക്കും വിധമുള്ള ഭേദഗതികളാണ് പാസാക്കിയത്.

ഇന്ദിരാഗാന്ധിയുടെ ‘കഴിവ്’ പരമാവധി ഉപയോഗിച്ചിട്ടും അത്തരം ഭരണഘടനാഭേദഗതി കോടതി തള്ളിക്കളഞ്ഞു. നിയമപരമായ അവലോകനവും, സ്വതന്ത്രവും നീതിപൂർവ്വമായ തെരഞ്ഞെടുപ്പും ഭരണഘടനയുടെ അസ്ഥിത്വമാണ്, അത് ഒരിക്കലും ഭേദഗതിക്ക് വിധേയമാക്കാൻ കഴിയില്ല എന്നാണ് സുപ്രീംകോടതി പറഞ്ഞത്.
അതേസമയം അടിയന്തരാവസ്ഥ നിലനിന്നിരുന്ന 1975 ആഗസ്റ്റിൽ ബോംബെ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ കരുതൽ തടങ്കലിലുള്ള ആളുകൾക്കും വോട്ടവകാശം വേണം എന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ കൊടുത്ത പെറ്റീഷൻ ഹൈക്കാടതിയിൽ അംഗീകരിക്കപ്പെട്ടെങ്കിലും സുപ്രീം കോടതി സ്റ്റേ ചെയ്തു.

ആ വാർത്ത പ്രസിദ്ധീകരിച്ച ഒരു പത്രവുമായി അന്നത്തെ സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ സമീപിച്ച് ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ, ഹൈക്കോടതി വിധിന്യായത്തിൻ്റെ പകർപ്പ് പോലും നോക്കാതെ, വെറും പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് ബോംബെ ഹൈക്കോടതി വിധി അന്ന് സ്റ്റേ ചെയ്തത്. പിന്നീട് കോടതിയെ നോക്കുകുത്തിയായി നടത്തിയ ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തു. അത്തരം ചില ഇടക്കാല സ്റ്റേ ഓർഡറുകൾ ‘ഓപ്പറേഷൻ വിജയിച്ചു, പക്ഷെ രോഗി മരിച്ചു’ എന്ന നിലയിലായിപ്പോകാറുണ്ട്.

ഇന്ദിര ഗാന്ധി

ഇല്ക്ടറൽ ബോണ്ട് വിഷയത്തിൽ കക്ഷി ചേർന്ന വ്യവസായികളും സർക്കാറും വാദിക്കുന്നത് ചില കാര്യങ്ങളിൽ നിഗൂഢത ആവശ്യമായി വരും എന്നാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനസേവനത്തിനുവേണ്ടി ജനം തെരഞ്ഞെടുത്ത്, അവരിൽനിന്ന് വേതനവും കൈപ്പറ്റുന്നവർ പൊതുജനങ്ങളെ ബാധിക്കുന്ന ഇടപാടുകളിൽ സ്വകാര്യത എങ്ങനെ ആവശ്യപ്പെട്ടും? ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരൻ കമ്പനിയിലെ ഓഹരി ഉടമകളെ അറിയിക്കാതെ പലതും ചെയ്യണം എന്നാവശ്യപ്പെട്ടാൽ അടുത്ത ദിവസം തന്നെ വീട്ടിലിരിക്കാൻ പറയും. പക്ഷെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക് അത്തരം യാതൊരു ബാധ്യതകളും ഇല്ല. അഞ്ചു കൊല്ലത്തെ അധികാരം, കാലാകാലത്തെ പെൻഷൻ.

അസാധുവാക്കപ്പെട്ട ബോണ്ടിൻ്റെ പേരിൽ ഏതെങ്കിലും വ്യവസായിയെ ക്രൂശിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. തിരികെ ലഭിക്കാൻ സാധ്യതയുള്ള ചില പ്രത്യുപകാരത്തിനായിട്ടായിരുന്നു ബോണ്ടുകളിൽ നിക്ഷേപം നടത്തിയത് എന്ന് ആക്ഷേപിക്കാം, പക്ഷെ തെളിയിക്കാൻ പ്രയാസമായിരിക്കും. തെറ്റായ നിയമം പാസാക്കുന്നത് ഒരു കുറ്റമല്ലെന്നിരിക്കെ, പാസായ നിയമം അസാധുവാക്കപ്പെടുന്നതിനുമുൻപ് ആ നിയമത്തിന് വിധേയമായി ചെയ്ത ക്രയവിക്രയങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ല. ബോണ്ടിന് വഴിയൊരുക്കുകയും, ബോണ്ടിൽ നിക്ഷേപിക്കാൻ പ്രേരണ നൽകുകയും ചെയ്തവർ ക്രൂശിക്കപ്പെടാൻ നിയമവ്യവസ്ഥ നിലവിലില്ലാത്ത സ്ഥിതിക്ക്, വ്യവസായികളെ മാത്രം ശിക്ഷിക്കാനോ അതിൻ്റെ പേരിൽ മറ്റ് ചില പരീക്ഷണങ്ങൾ നേരിടുന്നതിനോ വിട്ടുകൊടുക്കുന്നത് നിയമപരമായി നിലനിൽക്കില്ല.

സാധാരണക്കാരെ സംബന്ധിച്ച്, പുറത്തുവരുന്ന കണക്കുകൾ നോക്കി നെടുവീർപ്പിടുക മത്രമേ നിർവാഹമുള്ളൂ.


പ്രേംലാൽ കൃഷ്ണൻ

ബോംബെ 29 വർഷമായി പ്രാക്ടീസ് ചെയ്യുന്നു. നാടക ക്കാരനായിരുന്നു. നിരവധി ഏകാങ്കങ്ങൾ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിൽ ഒരു നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments