ബി.ജെ.പിയിലൂടെയുള്ള കോർപറേറ്റ് വാഴ്ചക്ക് സുപ്രീംകോടതിയുടെ താക്കീത്

ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകളുടെ 95%-വും കൈപ്പറ്റിയ രാഷ്ട്രീയകക്ഷി ബി ജെ പിയാണ്. അതായത് ബി ജെ പി വഴി രാജ്യത്തെ ഭരിക്കുന്നത് കോർപ്പറേറ്റുകളാണ്. ബി ജെ പിക്ക് മുടക്കുന്നതിനേക്കാൾ കുറച്ചു പണം കൊണ്ട് പ്രാദേശിക സർക്കാരുകളെയും കോർപ്പറേറ്റുകൾ വിലയ്ക്ക് വാങ്ങുന്നുണ്ട് എന്നത് മറ്റൊരു വശം.

ലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച്, അത് റദ്ദാക്കിയ സുപ്രീംകോടതി വിധി രാജ്യത്തെ ദുർബ്ബലമായ ജനാധിപത്യ പ്രക്രിയയെ സമ്പൂർണമായി കോർപ്പറേറ്റ് പിടിയിലൊതുക്കാനുള്ള നീക്കത്തിന് താൽക്കാലികമായെങ്കിലും തിരിച്ചടിയാണ്. 2017-ൽ ബി ജെ പി സർക്കാരാണ് പദ്ധതി പ്രഖ്യാപിച്ചത്. രാഷ്ട്രീയ കക്ഷികൾക്കുള്ള കോർപ്പറേറ്റ് സംഭാവനകൾ രഹസ്യമായി നൽകാനുള്ള വഴിയാണ് അതിലൂടെ തുറന്നത്. ഇത് സുതാര്യമായ ജനാധിപത്യ പ്രക്രിയക്കും പൗരരുടെ അറിയാനുള്ള മൗലികാവകാശത്തിനും എതിരായിരുന്നു.

പദ്ധതിക്കെതിരെ ഉന്നയിക്കപ്പെട്ട ഹർജികളിൽ നിന്ന് രൂപപ്പെടുത്തിയ രണ്ട് പ്രധാന പ്രശ്നങ്ങൾ, ഇലക്ടറൽ ബോണ്ടിനുവേണ്ടി കൊണ്ടുവന്ന ഭേദഗതികൾ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a)-യുടെ ലംഘനമാണോ എന്നും പരിധികളില്ലാത്ത കോർപ്പറേറ്റ് പണമൊഴുക്ക് സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ തത്വത്തെ ലംഘിക്കുമോ എന്നുമായിരുന്നു. രണ്ടു പ്രശ്നത്തിലും കോടതി സർക്കാരിനെതിരെ വിധി പറഞ്ഞിരിക്കുന്നു.

ഇലക്ടറല്‍ ബോണ്ട് മാതൃക

ഇലക്ടറൽ ബോണ്ട് പദ്ധതിക്കായി കമ്പനി നിയമം, ആദായ നികുതി നിയമം എന്നിവയിലെല്ലാം കൊണ്ടുവന്ന ഭേദഗതികളും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകളുടെ 95%-വും കൈപ്പറ്റിയ രാഷ്ട്രീയകക്ഷി ബി ജെ പിയാണ്. അതായത് ബി ജെ പി വഴി രാജ്യത്തെ ഭരിക്കുന്നത് കോർപ്പറേറ്റുകളാണ്. ബി ജെ പിക്ക് മുടക്കുന്നതിനേക്കാൾ കുറച്ചു പണം കൊണ്ട് പ്രാദേശിക സർക്കാരുകളെയും കോർപ്പറേറ്റുകൾ വിലയ്ക്ക് വാങ്ങുന്നുണ്ട് എന്നത് മറ്റൊരു വശം.

ഫിനാൻസ് ആക്റ്റ് 2016, 2017 എന്നിവയിലൂടെയാണ് ഇതിനുവേണ്ടി പല നിയമങ്ങളിലുമായുള്ള ഭേദഗതികൾ സർക്കാർ കൊണ്ടുവന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ് -1934-ലെ വകുപ്പ്-31 ഭേദഗതിയിലൂടെയാണ് ഇലക്ടറൽ ബോണ്ട് നിയമസാധുതയോടെ കൊണ്ടുവരുന്നത്. 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷൻ 29 C, ഭേദഗതി ചെയ്തു. ഇതോടെ, ഈ നിയമത്തിലെ 29 C (3) അനുസരിച്ച് രാഷ്ട്രീയകക്ഷികൾ ആദായനികുതി ഇളവിനായി സംഭാവനകളുടെ വിശദവിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് നല്കണമെന്ന വ്യവസ്ഥയിൽ നിന്ന് ഇലക്ടറൽ ബോണ്ടുകളെ ഒഴിവാക്കി. ഇത് റദ്ദാക്കിയ കോടതി, സംഭാവനകളുടെ വിശദവിവരങ്ങൾ മാർച്ച് 13-നകം തെരഞ്ഞെടുപ്പ് കമീഷൻ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കള്ളപ്പണം നിയന്ത്രിക്കാനെന്ന പേരിൽ കൊണ്ടുവന്ന ഈ ഭേദഗതികളെല്ലാം കള്ളപ്പണം വെളുപ്പിക്കാനായിരുന്നു എന്നതാണ് വൈരുധ്യം. ഇൻകംടാക്സ് ആക്റ്റ് 1961-ലെ വകുപ്പ് 13 A അനുസരിച്ച് ആദായ നികുതി ഇളവിന് സംഭാവനകൾ നൽകുന്നവരുടെ പേരുവിവരം അടക്കം രാഷ്ട്രീയകക്ഷികൾ സൂക്ഷിക്കണമായിരുന്നു. ബോണ്ടു വഴിയുള്ള സംഭാവനകളെ ഇതിൽ നിന്നുകൂടി ഒഴിവാക്കിക്കൊടുത്തു. സംഭാവനകൾ നൽകുന്നതിന് കമ്പനികൾക്കുള്ള നിയമപരിധിയും എടുത്തുകളഞ്ഞു. 2013-ലെ കമ്പനീസ് ആക്റ്റിലെ 182-ാം വകുപ്പിലാണ് ഇതിനു വേണ്ട ഭേദഗതി വരുത്തിയത്. സംഭാവന നൽകുന്നതിന് തൊട്ടുമുമ്പുള്ള മൂന്നു വർഷത്തെ ലാഭത്തിന്റെ 7.5% മായിരുന്നു സംഭാവനയുടെ പരിധി. ഇതെടുത്തുകളഞ്ഞു, സംഭാവനക്കു പരിധിയില്ലാതാക്കി. മാത്രമല്ല വിവിധ രാഷ്ട്രീയകക്ഷികൾക്ക് നൽകിയ സംഭാവനകളുടെ ബ്രേക്ക് അപ്പ് വെളിപ്പെടുത്തേണ്ട ബാധ്യതയിൽ നിന്ന് കമ്പനികളെ ഒഴിവാക്കിക്കൊടുത്തു.

ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രവും കോർപ്പറേറ്റ് മൂലധനവും ചേർന്നുള്ള മാരക മിശ്രിതമാണ് ഇന്ന് ഇന്ത്യയെ ഭരിക്കുന്നത്.

മൂന്നു വർഷത്തെ ലാഭത്തിന്റെ ഏഴര ശതമാനമെന്ന പരിധി എടുത്തുകളഞ്ഞതോടെ തങ്ങൾക്ക് വേണ്ടപ്പെട്ട രാഷ്ട്രീയ കക്ഷികളെ ഏതാണ്ട് പൂർണമായും സാമ്പത്തികമായി കൊണ്ടുനടക്കാനും അങ്ങനെ കോർപ്പറേറ്റ് രാഷ്ട്രീയകക്ഷികൾക്ക് മറ്റൊരു രൂപത്തിൽ ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കാനും സുഗമമായ വഴിയൊരുങ്ങി. മൂന്നു വർഷത്തെ ലാഭത്തിന്റെ 7.5% എന്ന നിയന്ത്രണം നീക്കിയതോടെ നഷ്ടത്തിലോടുന്നതെന്നു കാണിച്ചാലും കടലാസ് കമ്പനികൾ വഴി പണം നൽകാനാകും എന്നതായിരുന്നു ഭേദഗതിയിലെ ഏറ്റവും ഭീകരമായ തട്ടിപ്പ്. പ്രമുഖ കമ്പനികൾ ഉണ്ടാക്കുന്ന കടലാസ് കമ്പനികൾ, തുടർച്ചയായ നഷ്ടത്തിലാണെന്ന് കാണിച്ചാലും അതുവഴി രാഷ്ട്രീയ കക്ഷികൾക്ക് പണം നൽകാനാകും. യഥാർത്ഥ ദാതാവായ കോർപ്പറേറ്റ് കമ്പനിക്ക് അത് തങ്ങളുടെ കമ്പനി കണക്കിലോ മറ്റ് വിവരങ്ങളിലോ കാണിക്കേണ്ടതുമില്ല. പൊതുജനങ്ങൾക്ക് ഇതു സംബന്ധിച്ച ഒരു വിവരവും ലഭിക്കുകയുമില്ല. എന്നാൽ Bearer Bond വിഭാഗത്തിൽ പെടുന്ന ഇവ ആരാണ് നൽകുന്നതെന്ന് കിട്ടുന്ന കക്ഷിക്ക്‌ അറിയുകയും ചെയ്യും. കോഴയുടെ നിയമസാധുതയുള്ള പദ്ധതിയായി മാറി ഈ ബോണ്ടുകൾ.

2016-ലെ ഫിനാൻസ് ആക്റ്റ് വഴി ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്റ്റിലെ സെക്ഷൻ 2-ൽ കൊണ്ടുവന്ന ഭേദഗതിയോടെ ഇന്ത്യയിൽ സബ്സിഡിയറീസുള്ള വിദേശ കമ്പനികളെ FCRA -യിൽ നിന്ന് ഒഴിവാക്കി. 2014 മാർച്ചിൽ വിദേശ സംഭാവന ചട്ടം ലംഘിച്ചതിന് ബി ജെ പിക്കും കോൺഗ്രസിനുമെതിരെ നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതിനെ മറികടക്കാനാണ് ഈ ഭേദഗതി മുൻകാല പ്രാബല്യത്തോടെ കൊണ്ടുവന്നത്.

സ്വകാര്യതയ്ക്കുള്ള പൗരരുടെ ഭരണഘടനാപരമായ മൗലികാവകാശം എന്നാൽ രാഷ്ട്രീയ സ്വകാര്യതയ്ക്കും രാഷ്ട്രീയ ചായ്‌വിനുമുള്ള പൗരാവകാശം കൂടിയാണെന്ന സുപ്രധാന നിരീക്ഷണവും കോടതി വിധിയിലുണ്ട്. കോർപ്പറേറ്റുകളുടെ സംഭാവന സ്വകാര്യതയുടെ മൂടുപടമിട്ട് മറയ്ക്കാനാവില്ല എന്നതിനൊപ്പമാണ് ഈ നിരീക്ഷണമെന്നത് ഗുണപരമാണ്.

ഡൽഹി സംസ്ഥാന പദവി വിധിയെ പിറ്റേന്നുരാത്രി ഓർഡിനൻസ് കൊണ്ടുവന്ന് അട്ടിമറിച്ച പോലെ മോദി സർക്കാർ ഇതിനെയും കൈകാര്യം ചെയ്തേക്കാം.

കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാണ് ഇന്ത്യയുടെ ഭരണസംവിധാനം എന്നതിൽ വലിയ ദുരൂഹതയൊന്നുമില്ല. ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രവും കോർപ്പറേറ്റ് മൂലധനവും ചേർന്നുള്ള മാരക മിശ്രിതമാണ് ഇന്ന് ഇന്ത്യയെ ഭരിക്കുന്നത്. ഒരു ഉദാര ജനാധിപത്യ ഭരണഘടനാ സംവിധാനത്തിന്റെ പരിമിതമായ അളവുകളെങ്കിലും ഈ രാജ്യത്തിനായി നിലനിർത്താനുള്ള രാഷ്ട്രീയ സമരങ്ങളാണ് നടക്കുന്നത്. അതിൽ മിക്കപ്പോഴും ഭരണകൂടത്തിന് അനുകൂലമായ തരത്തിലുള്ള സുരക്ഷിത വിധികളാണ് പരമോന്നത കോടതിയടക്കം പുറപ്പെടുവിക്കാറുള്ളതും. എന്നാൽ, ഉദാര ജനാധിപത്യ പ്രക്രിയയുടെ ചട്ടക്കൂടുകൾ പൂർണമായും നഷ്ടപ്പെടുക എന്നതിൽ ബൂർഷ്വാസിയുടെ ഉള്ളിൽത്തന്നെയുള്ള സംഘർഷങ്ങളും വൈരുധ്യങ്ങളുമുണ്ട്. അതിൽ ഉദാര ജനാധിപത്യപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള ചെറിയ പ്രതിരോധങ്ങൾ കൂടിയാണ് ഇത്തരം കോടതി വിധികളിൽ കാണുന്നത്. ഇതൊക്കെയായാലും, ഡൽഹി സംസ്ഥാന പദവി വിധിയെ പിറ്റേന്നുരാത്രി ഓർഡിനൻസ് കൊണ്ടുവന്ന് അട്ടിമറിച്ച പോലെ മോദി സർക്കാർ ഇതിനെയും കൈകാര്യം ചെയ്തേക്കാം. എങ്കിലും സമരങ്ങളുടെ തുടർച്ചയിലാണ് ജനാധിപത്യത്തിന്റെ പ്രതീക്ഷ.

Comments