രണ്ട്​ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെ തുടർന്ന് കൊച്ചി പോർട്ടിൽ പൊലീസ് കസ്റ്റഡയിൽ സൂക്ഷിച്ച ഇറ്റാലിയൻ ഓയിൽ ടാങ്കർ എൻറിക്ക ലെക്സി (2012) / Photo: Wikimedia Commons

കടൽക്കൊല കേസ്​ അവസാനിച്ചു;
​ആശയക്കുഴപ്പം ബാക്കിയാണ്​

സമുദ്രാതിർത്തി ലംഘനം, 'അതീവ സുരക്ഷാ' മേഖകളിലൂടെയുള്ള മത്സ്യത്തൊഴിലാളികളുടെ സഞ്ചാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് കൃത്യമായ ചട്ടക്കൂടുകളില്ലെന്ന വസ്തുതയാണ് കടൽക്കൊല കേസ്​ അടിവരയിട്ടുറപ്പിക്കുന്നത്.

ധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ അബുദാബി ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി ബെക്‌സ് കൃഷ്ണൻ ജയിൽമോചിതനായി കേരളത്തിൽ തിരിച്ചെത്തി രണ്ടു ദിവസങ്ങൾക്കകമാണ്, 2012ൽ കേരള തീരത്തിനടുത്ത് വെച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ മറീനുകളായ സാർജൻറുമാരായ മാസ്സിമിലിയാനോ ലെത്തോറിനും സാൽവത്തോർ ജിറോണിക്കും എതിരായ ക്രിമിനൽ വിചാരണ, കേന്ദ്ര സർക്കാർ അപേക്ഷ പരിഗണിച്ച് ​ഉപേക്ഷിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.
2012ൽ നടന്ന ഒരു അപകടത്തിൽ സുഡാനി ബാലൻ കൊല്ലപ്പെട്ടതിനെ തുടർന്ന് യു.എ.ഇ. കോടതി വധശിക്ഷയ്ക്കു വിധിച്ച ബെക്‌സ് കൃഷ്ണന്റെ കേസും, ഒമ്പത് വർഷത്തെ പഴക്കമുള്ള എൻറിക്ക ലെക്‌സി കേസും സമാനമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നിട്ടുണ്ട്. ഒരു എൻ.ആർ.ഐ. ഇടപെട്ട് രാജ്യത്തെ ഇസ്‌ലാമിക നിയമപ്രകാരം 136,150 ഡോളർ (ഒരു കോടി രൂപ) ബ്ലഡ് മണിയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നൽകിയതാണ് ബെക്​സിന്​ രക്ഷയായത്.

യു.എ.ഇ. കോടതി വധശിക്ഷയ്ക്കു വിധിച്ച്​, ഒരു കോടി രൂപ ബ്ലഡ്​മണിയായി നൽകിയതിനെതുടർന്ന്​ വിട്ടയക്കപ്പെട്ട മലയാളി യുവാവ്​ ബെക്‌സ് കൃഷ്ണന്റെ കേസും, ഒമ്പത് വർഷത്തെ പഴക്കമുള്ള എൻറിക്ക ലെക്‌സി കേസും സമാനമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നിട്ടുണ്ട്.

സമാനമായി, ദുരന്തത്തിലെ ഇരകൾക്ക് ഇറ്റലി നഷ്ടപരിഹാരമായി 10 കോടി രൂപ നൽകുമോ എന്ന ചോദ്യം സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്നു. കുറ്റവാളികളുടെ വിചാരണ തങ്ങളുടെ രാജ്യത്ത് വെച്ചായിരിക്കണമെന്ന ഇറ്റലിയുടെ വാദം 2020ൽ പെർമെനൻറ്​ കോർട്ട് ഓഫ് ആർബിട്രേഷൻ (PCA) അംഗീകരിച്ചതിനു പിന്നാലെയായിരുന്നു സുപ്രീം കോടതിയിൽ ഇത് ഉന്നയിക്കപ്പെട്ടത്.

നഷ്ടപരിഹാരം നൽകി കൊല്ലപ്പെട്ടവരുടെ കുടുംബത്തെ നിശബ്ദമാക്കാനാണോ ഇറ്റലി ശ്രമിക്കുന്നതെന്ന് 2012 ൽ സുപ്രീം കോടതി ആശങ്ക പ്രകടപ്പിച്ചിരുന്നു എന്നതാണ് ഇതിലെ വിരോധാഭാസം. എന്നാൽ ആരോപണവിധേയരായ മറീനുകളെ വിചാരണയിൽ നിന്ന് രക്ഷിക്കാനുള്ള ബ്ലഡ് മണി അല്ല, മറിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ജീവിതം പുനർനിർമിക്കാൻ നൽകുന്ന അന്തരാഷ്ട്രതലത്തിലുള്ള മനുഷത്വപരമായ സഹായമാണിതെന്നായിരുന്നു ഇറ്റാലിയൻ സർക്കാറിന്റെ പ്രതികരണം. ഇറ്റലി ഒപ്പു വെച്ച കരാറുകളിൽ, കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളോ മത്സ്യബന്ധന ബോട്ടിന്റെ ഉടമയോ കേസുമായി ബന്ധപ്പെട്ട കോടതി നടപടികളിൽ പങ്കെടുക്കരുതെന്ന നിബന്ധനയും കോടതി ചോദ്യം ചെയ്തിരുന്നു.

2012ൽ നടന്ന കടൽക്കൊല കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർ; മാസ്സിമിലിയാനോ ലെത്തോറും സാൽവത്തോർ ജിറോണിയും

2012 ഫെബ്രുവരി 15നാണ് ലക്ഷദ്വീപ് കടലിൽ നിന്ന് മടങ്ങുകയായിരുന്ന ‘സെൻറ്​ ആന്റണി’ എന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന ജെലസ്റ്റിനും അജീഷ്​ പിങ്കിനും നേരെ ഇറ്റാലിയൻ നാവികർ പ്രകോപനമില്ലാതെ വെടിയുതിർത്തത്. സിങ്കപ്പൂരിൽ നിന്ന് ഈജിപ്തിലേക്ക് പുറപ്പെട്ട ഇറ്റാലിയൻ ഓയിൽ ടാങ്കർ എം.വി. എൻറിക്ക ലക്‌സിയിൽ 34 ക്രൂ അംഗങ്ങളാണുണ്ടായിരുന്നത്, ഇതിൽ ആരു പേർ ഇറ്റാലിയൻ നാവികരായിരുന്നു. ക്രിമിനിൽ കേസ് പിന്തുടരില്ലെന്ന ഉറപ്പിൽ, സംഭവം നടന്ന് രണ്ടു മാസങ്ങൾക്കു ശേഷം കൊല്ലപ്പെട്ട ജെലസ്റ്റിന്റെ ഭാര്യ ഡോറമ്മയ്ക്കും പിങ്കിന്റെ രണ്ടു സഹോദരിമാർക്കും ഒരു കോടി രൂപ നഷ്ടപരിഹാരത്തുക നൽകാൻ ഇറ്റാലിയൻ സർക്കാർ ധാരണയിലെത്തിയിരുന്നു. മത്സ്യബന്ധന ബോട്ട് സെൻറ്​ മേരിയുടെ ഉടമയും, സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയുമായ ഫ്രെഡിയുമായും ഇറ്റാലിയൻ സർക്കാർ ധാരണയിലെത്തിയിരുന്നു. 17 ലക്ഷം രൂപയാണ് ഫ്രെഡിക്ക് നൽകിയത്. കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ, ധാരണാപത്രത്തിൽ പ്രതിപാദിച്ച ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമായ ചില നിബന്ധനകൾ കണ്ട് ജസ്റ്റിസ് ലോധയും ജസ്റ്റിസ് ഗോഖലയും ആശ്ചര്യം പ്രകടിപ്പിച്ചു: ""കേസിൽ തെളിവ് നൽകരുതെന്ന തരത്തിൽ ഒരു ധാരണ ഉണ്ടാവാൻ പാടില്ലാത്തതാണ്. ഞങ്ങളുടെ നിയമം അതിനനുവദിക്കുന്നില്ല, വിചാരണ അർഹിക്കുന്ന കുറ്റമാണത്.'' അവർ പറഞ്ഞു. എന്നിരുന്നാലും ഇറ്റലി കോടതി വിചാരണയെ എതിർത്തില്ല. കേസ് പുരോഗമിച്ചു. ഒടുവിലത് പി.സി.എയുടെ മുന്നിലെത്തി.

2020 ൽ പുറത്തുവന്ന പി.സി.എയുടെ വിധിക്കു പിന്നാലെ ഇറ്റലിയിലേയും, ഇന്ത്യയിലേയും, കേരളത്തിലേയും സർക്കാരുകൾ നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയിലെത്തിയതോടെയാണ് എൻറിക ലെക്സി കേസ് നടപടികൾക്ക്​ ഇന്ത്യയിൽ അവസാനമായത്​. കഴിഞ്ഞ പതിറ്റാണ്ടിലെ ഇന്ത്യ- ഇറ്റലി ബന്ധത്തിൽ ചില തിരിച്ചടികളുണ്ടാവാൻ പോലും പ്രസ്തുത കേസ് കാരണമായി. ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ വധിച്ച ഇറ്റാലിയൻ നാവികരുടെ "വിചാരണ', "അധികാര പരിധി' എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ കേരളത്തിൽ നിന്ന് സുപ്രീം കോടതി വരെയും, പിന്നീട് ഹേഗിലെ പി.സി.എയിലേയും വരെ തർക്കവിഷയമായി.

ഇറ്റാലിയൻ നാവികർ ആക്രമിച്ച സെന്റ് ആന്റണീസ് ബോട്ട്

നാവികരുടെ വിചാരണ തങ്ങളുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന ഇറ്റലിയുടെ വാദം ശരിവെച്ച പി.സി.എ. തീരുമാനം ഒടുവിൽ ഇന്ത്യക്ക് തിരിച്ചടിയായിത്തീർന്നെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, United Nations Convention on the Law of the Sea (UNCLOS) യുടെ നിബന്ധനകൾ മാനിച്ച് വിഷയത്തിൽ ഇടപെട്ട ഇന്ത്യൻ അധികൃതരെ പി.സി.എ. പ്രശംസിച്ചത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി: ""UNCLOS Article 87(1)(a), 90 പ്രകാരമുള്ള ഇന്ത്യയുടെ ജലഗതാഗത സ്വാതന്ത്ര്യത്തെ ഇറ്റാലിയൻ നാവികരുടെ ചെയ്തികൾ ഹനിച്ചെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.''

ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ നടപടി സു​പ്രീംകോടതി ഒഴിവാക്കി. വിചാരണ നടപടി ഇറ്റലിയിൽ തുടരുമെന്നും കേന്ദ്ര, കേരള സർക്കാറുകൾ ഇതുമായി സഹകരിക്കുമെന്നാണ്​ പ്രതീക്ഷയെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു

സംഭവത്തിൽ ഒരേസമയം ഇന്ത്യക്കും ഇറ്റലിക്കും അധികാരപരിധിയുണ്ടെന്നും, നാവികരെ ക്രിമിനൽ വിചാരണക്ക് വിധേയമാക്കാൻ പ്രബലമായ നിയമത്തിന്റെ അടിത്തറയുണ്ടെന്നും പി.സി.എ. പറയുന്നു. നാവികരെ തടവിൽ വെച്ചതിന് ഇന്ത്യ നഷ്ടപരിഹാരം നൽകണമെന്ന ഇറ്റലിയുടെ അവകാശവാദം പി.സി.എ. നിരാകരിച്ചതും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ജീവഹാനി, പരിക്ക്, ഭൗതികനാശനഷ്ടങ്ങൾ, ‘സെൻറ്​ ആന്റണി’യുടെ ക്യാപ്റ്റനും ജീവനക്കാരും അനുഭവിച്ച ധാർമിക യാതനകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്നും ആർബിട്രൽ ട്രൈബ്യൂണൽ തീരുമാനിച്ചു. ഇന്ത്യക്ക് നൽകാനുള്ള നഷ്ടപരിഹാരത്തുകയെ കുറിച്ച് ധാരണയിലെത്താൻ കേസിലെ എല്ലാ കക്ഷികളും പരസ്പരം കൂടിയാലോചിക്കണമെന്നും ട്രൈബ്യൂണൽ പറഞ്ഞു. (India, Ministry of External Affairs 2020). പി.സി.എ. വിധിയെ തുടർന്ന്, നാവികർക്കെതിരെയുള്ള എല്ലാ ക്രിമിനിൽ നടപടികളും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 2020 ജൂലായ് മൂന്നിന് ഇന്ത്യൻ സർക്കാർ സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ നൽകിയിരുന്നു.

പി.സി.എ. വിധിയും തുടർന്ന് സുപ്രീം കോടതിക്ക് മുന്നിലുള്ള കേസുകളും പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനവും "ഞെട്ടിക്കുന്നതും' "ദൗർഭാഗ്യകരവും' ആണെന്നായിരുന്നു കേരള മുഖ്യമന്ത്രിയുടെ പ്രതികരണം. വിധിയിൽ ഇന്ത്യയുടെ വിയോജിപ്പ് അറിയിച്ച്​ പുനഃപരിശോധന ഹരജി നൽകുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, ഇരകൾക്ക് നൽകേണ്ട നഷ്ടപരിഹാരം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിക്കേണ്ടതുണ്ടെന്നും പറഞ്ഞു. തുടർന്ന്, കേരളവും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളുടെ ഭാഗമായി (The Economic Times, 3 July 2020).

നാവികരെ വിചാരണ ചെയ്യാനുള്ള അധികാരം ഇറ്റലിക്കാണെന്ന് 2020 ജൂലായ് 20ന് പി.സി.എ. വിധിച്ചത് കേസിൽ നിർണായകമായി / Photo: Wikimedia Commons

2015 സെപ്തംബറിൽ കേസ് പി.സി.എയുടെ പരിഗണനയിലായിരിക്കെ ഇന്ത്യൻ കോടതികളിൽ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന എല്ലാ നടപടിക്രമങ്ങളും നിർത്തിവെക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി, കേന്ദ്ര സർക്കാറിന്റെ നിലപാടുമായി പൂർണമായി യോജിച്ചിരുന്നില്ല. പി.സി.എ. വിധിയെ അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തിന്റെ വിഷയത്തിൽ ഒരുതരത്തിലും വെള്ളം ചേർക്കരുതെന്ന നിലപാടായിരുന്നു കോടതിയുടേത്. ഒത്തുതീർപ്പിന് മുമ്പ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കമുള്ള എല്ലാ കക്ഷികളേയും കേൾക്കണമെന്നും കോടതി പറഞ്ഞു.

ഇറ്റാലിയൻ സർക്കാർ നഷ്ടപരിഹാരത്തുക നൽകിയത് പരിഗണിച്ച്, കേസിലെ എല്ലാ കക്ഷികളുടേയും സമ്മതം ഉറപ്പുവരുത്തുന്ന സത്യവാങ്മൂലം കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചതോടെ ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ നടപടി ഒഴിവാക്കി. വിചാരണ നടപടി ഇറ്റലിയിൽ തുടരുമെന്നും കേന്ദ്ര, കേരള സർക്കാറുകൾ ഇതുമായി സഹകരിക്കുമെന്നാണ്​ പ്രതീക്ഷയെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. ധാരണപ്രകാരം നാലു കോടി രൂപ വീതം കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നൽകും. ‘സെൻറ്​ ആന്റണി’യുടെ ഉടമയ്ക്ക് നഷ്ടപരിഹാരമായി രണ്ടു കോടി രൂപ നൽകും. ഈ നടപടിക്രമങ്ങൾക്കിടയിൽ, അപകടം സംഭവിച്ച സമയത്ത് ബോട്ടിലുണ്ടായിരുന്ന 14 വയസ്സുകാരനടക്കമുള്ള മറ്റ് 11 പേർക്കും നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന പി.സി.എയുടെ ഉത്തരവ് മറികടന്നാണ് കേന്ദ്ര സംസ്ഥാനസർക്കാരുകൾ വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ബോട്ടിലുണ്ടായിരുന്നവർ പരാതി നൽകിയിട്ടുണ്ട്.

2012 ഏപ്രിലിൽ ചില ഇടനിലക്കാരുടെ സഹായത്തോടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പ്രതിനിധികളുമായി ഇറ്റാലിയൻ സർക്കാർ ധാരണയിലെത്തിയെന്ന റിപ്പോർട്ടുണ്ടായിരുന്നു

ആഗോളശ്രദ്ധയാകർഷിച്ച കേസ്​

ഇന്ത്യൻ കോസ്റ്റ് ഗാർഡ് പറയുന്നതനുസരിച്ച് 2012 ഫെബ്രുവരി 15ന് ‘സെൻറ്​ ആന്റണി’ ഇന്ത്യൻ തീരത്തു നിന്ന് 20.5 നോട്ടിക്കൽ മൈൽ (38 കി.മി) അകലത്തായിരുന്നപ്പോഴാണ് വെടിവെപ്പ് നടന്നത്. ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് എകണോമിക് സോണിലെ കണ്ടിഗ്യുസ് സോണിന്റെ പരിധിയിലാണിത്. സംഭവത്തെ തുടർന്ന് ഓയിൽ ടാങ്കർ തടഞ്ഞ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കൊച്ചി പോർട്ടിലേക്ക് നീങ്ങാൻ അവർക്ക് നിർദേശം നൽകി. ഗാർഡ് ഡ്യൂട്ടിയിലിരിക്കെ മത്സ്യത്തൊഴിലാളികളെ വെടിവെച്ച്​ കൊലപ്പെടുത്തിയതിന് ഇറ്റാലിയൻ നാവികരായ ലെത്തോറിനെയും ജിറോണിയേയും ഐ.പി.സി. സെക്ഷൻ 302 ചുമത്തി ഫെബ്രുവരി 19ന് അറസ്റ്റു ചെയ്തു.

2012 ഏപ്രിലിൽ ചില ഇടനിലക്കാരുടെ സഹായത്തോടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പ്രതിനിധികളുമായി ഇറ്റാലിയൻ സർക്കാർ ധാരണയിലെത്തിയെന്ന റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന്, ഇറ്റാലിയൻ നാവികർക്കെതിരായ കേസുകളെല്ലാം പിൻവലിക്കുമെന്ന് ഈ പ്രതിനിധികൾ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ഇറ്റാലിയൻ സർക്കാർ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു ധാരണ. കേരള ഹൈക്കോടതിക്ക് ഇത് അറിയാമായിരുന്നു. എന്നാൽ ഇത് പിന്നീട് സുപ്രീം കോടതിയുടെ വിമർശനത്തിന് വിധേയമായി. ക്രിമിനൽ കേസ് പിന്നീട് സുപ്രീം കോടതിയിൽ നിന്ന് പി.സി.എയിലേക്ക് പോയി.

ഇതിനിടെ 2013ൽ, രണ്ട് നാവികർക്കുമെതിരെ എൻ.ഐ.എ. കൊലക്കുറ്റം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ. തയ്യാറാക്കി. തൊട്ടടുത്ത വർഷം Suppression of Unlawful Acts Against the Safety of Maritime Navigation (SUA) ഉടമ്പടിക്കു കീഴിൽ കേസ് ചാർജ് ചെയ്തു. എന്നാൽ ഇതിനെതിരെ ഇറ്റലി ശക്തമായി പ്രതികരിച്ചു. SUA ഉടമ്പടിക്കു കീഴിലെ വിചാരണ സംഭവത്തെ തീവ്രവാദ പ്രവർത്തവുമായി സമീകരിക്കുന്നതിന് തുല്യമാണെന്ന്​ഇറ്റലി മുന്നറിയിപ്പ് നൽകി. വിഷയത്തെ തുടർന്ന് ഇന്ത്യ- ഇറ്റലി ബന്ധം ദുർബലമാവുന്ന സാഹചര്യത്തിൽ SUA ചാർജുകൾ ഉപേക്ഷിക്കാൻ ഇന്ത്യ തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ സുപ്രീം കോടതിയിൽ പുരോഗമിക്കുന്ന സാഹചര്യത്തിലും യൂറോപ്യൻ യൂണിയന്റേയും നാറ്റോയുടേയും മറ്റ് രാജ്യങ്ങളുടേയും പിന്തുണ നേടാൻ ഇറ്റലി ശ്രമിച്ചിരുന്നു. കേസ് അന്താരാഷ്ട്ര മധ്യസ്ഥതയ്ക്ക് വിടാൻ അഭ്യർത്ഥിച്ച യൂറോപ്യൻ യൂണിയനെ ഇന്ത്യ വിമർശിച്ചിരുന്നു.

മത്സ്യബന്ധന ബോട്ടിനു നടന്ന വെടിവെപ്പ് ‘സെൻറ്​ ആന്റണി’യുടെ ഗതാഗത സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭൗതിക ഇടപെടലായി കണക്കാക്കാമെന്നും, ഇത് യു.എൻ കൺവെൻഷൻ വ്യവസ്​ഥയുടെ ലംഘനമാണെന്നും ട്രൈബ്യൂണൽ വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയുടെ എതിർപ്പ് വകവെക്കാതെ യു.എൻ കൺവെൻഷനിലെ ആർട്ടിക്കിൾ 287, ആർട്ടിക്കിൾ 1 (annex VII) പ്രകാരം 2015 ജൂൺ 26ന് ഇറ്റലി കേസ് പി.സി.എയ്ക്ക് മുന്നിലെത്തിച്ചു. എൻറിക ലെക്‌സിയുടെ ഗതി തിരിച്ച് ഇന്ത്യൻ കടൽ പ്രദേശം വഴി കൊച്ചിയിലെത്താൻ നിർദേശിച്ചതിലൂടെ യു.എൻ കൺവെൻഷനിലെ ആർട്ടിക്കിൾ 87(1)(a) അനുസരിച്ച് ഇന്ത്യ ഇറ്റലിയുടെ ഗതാഗത സ്വാതന്ത്ര്യവും ആർട്ടിക്കിൾ 92 പ്രകാരം എൻറിക ലെക്‌സിയുടെ മേൽ ഇറ്റലിക്ക് മാത്രമായുള്ള അധികാരപരിധിയും ലംഘിച്ചെന്ന് ഇറ്റലി പി.സി.എയിൽ വാദിച്ചു. ഇറ്റാലിയൻ നാവികർക്കെതിരെ ഇന്ത്യ ക്രിമിനൽ നടപടിക്രമങ്ങൾ ആരംഭിച്ചതിലൂടെ, ഇറ്റാലിയൻ നാവികർക്കെതിരെ ശിക്ഷാനടപടികളും അച്ചടക്കനടപടികളും പ്രയോഗിക്കാനുള്ള ഇറ്റലിയുടെ സവിശേഷാധികാരം ഇന്ത്യ ലംഘിച്ചെന്നും, ഇത് യു.എൻ കൺവെൻഷനിലെ ആർട്ടിക്കിൾ 97(1) ന് നിരക്കാത്തതാണെന്നും ഇറ്റലി വാദിച്ചു. മറുഭാഗത്ത് ഇന്ത്യ, ‘സെൻറ്​ ആന്റണി’ക്കു നേരെ വെടിയുതിർക്കുകയും, ബോട്ടിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കൊല്ലുകയും വഴി ഇറ്റലി ആർട്ടിക്കിൾ 56 ലംഘിച്ച് ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചെന്നും, ആർട്ടിക്കിൾ 87, 90 പ്രകാരം ഇന്ത്യയുടെ ഗതാഗത അധികാരത്തേയും, സ്വാതന്ത്ര്യത്തേയും ലംഘിച്ചെന്നും പി.സി.എയിൽ വാദിച്ചു.

'നാവികർ കൊലയാളികൾ'. ഇറ്റലിയിലെ ടൂറിൻ നഗരത്തിലെ ചുവരെഴുത്ത് / Photo: Wikimedia Commons

ഇന്ത്യയും ഇറ്റലിയും മുന്നോട്ടു വെച്ച വാദങ്ങളും വസ്തുതകളും ട്രൈബ്യൂണൽ വിശദമായി പരിശോധിച്ചു. തർക്ക വിഷയം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതാണെന്ന് നിരീക്ഷിച്ച ആർബിട്രൽ ട്രൈബ്യൂണൽ, 2020 മെയ് 21ന്, ഇന്ത്യയുടെ പ്രതിവാദങ്ങൾ ശരിവെക്കുകയും, മേൽ പ്രസ്താവിച്ച യു.എൻ കൺവെൻഷനിലെ നിബന്ധനകൾ ഇറ്റലി ലംഘിച്ചെന്നും നിരീക്ഷിച്ചു. 2020 ജൂലൈ രണ്ടിനാണ് പി.സി.എ. വിധി പ്രസ്താവിച്ചത്.
എന്നാൽ, സംഭവസമയത്തെ ചെയ്തികൾക്ക് ഇറ്റാലിയൻ നാവികർക്ക് പരിരക്ഷ ഉണ്ടെന്നും, ഇന്ത്യയുടെ ക്രിമിനൽ അധികാരപരിധി നാവികർക്കു മേൽ പ്രയോഗിക്കുന്നതിൽ നിന്ന്​ രാജ്യം പിൻമാറണമെന്നും ട്രൈബ്യൂണൽ വിധിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട ക്രിമിനൽ അന്വേഷണം തുടരാനുള്ള ഇറ്റലിയുടെ പ്രതിജ്ഞാബദ്ധത മുൻനിർത്തി, നാവികർക്കെതിരെ ഇന്ത്യ നടത്തുന്ന നടപടിക്രമങ്ങൾ നിർത്തിവെക്കാൻ ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.

ഇറ്റലിയിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന കെ.പി. ഫാബിയൻ പറഞ്ഞത്, നിരായുധരും നിരപരാധികളുമായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചത് ഒരിക്കലും "നാവിഗേഷനുമായി ബന്ധപ്പെട്ട ഒരു സംഭവമല്ല', മറിച്ച് ഒരു "ക്രൈം' ആണെന്നാണ്

മത്സ്യബന്ധന ബോട്ടിനു നടന്ന വെടിവെപ്പ് ‘സെൻറ്​ ആന്റണിയുടെ ഗതാഗത സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭൗതിക ഇടപെടലായി കണക്കാക്കാമെന്നും, ഇത് ആർട്ടിക്കിൾ 87, പാരഗ്രാഫ് 1, സബ്പാരഗ്രാഫ് (a), ആർട്ടിക്കിൾ 90 തുടങ്ങിയവയുടെ ലംഘനമാണെന്നും' ട്രൈബ്യൂണൽ വിധിയിൽ പറയുന്നു. ഇതു മൂലം സെൻറ്​ ആന്റണിയിലെ യാത്രികർ ജീവഹാനി, ശാരീരിക ഉപദ്രവം, ഭൗതിക നഷ്ടം (ബോട്ടിന് സംഭവിച്ച കേടുപാടുൾപ്പടെ), ധാർമിക ഉപദ്രവം തുടങ്ങിയവ നേരിട്ടതായും തങ്ങളുടെ മുന്നിലുള്ള പരിമിതമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതായി ആർബിട്രൽ ട്രൈബ്യൂണൽ പറഞ്ഞു: ""ഇത്തരം നാശനഷ്ടങ്ങളുടെ സ്വഭാവം പരിഗണിക്കുമ്പോൾ, അവ നഷ്ടപരിഹാരത്തിലൂടെ ശരിപ്പെടുത്താൻ കഴിയില്ലെങ്കിൽ പോലും ഇന്ത്യ അതിന് അർഹമാണ്.''

ഇറ്റലിക്കെതിരായ ന്യായങ്ങൾ

ചില ഘട്ടങ്ങളിലെങ്കിലും പ്രസ്തുത കേസ് ഇന്ത്യ മോശമായി കൈകാര്യം ചെയ്‌തെന്ന വിമർശനങ്ങളും ഉയർന്നിരുന്നു. ഇറ്റലിയിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന കെ.പി. ഫാബിയൻ പറഞ്ഞത്, നിരായുധരും നിരപരാധികളുമായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചത് ഒരിക്കലും "നാവിഗേഷനുമായി ബന്ധപ്പെട്ട ഒരു സംഭവമല്ല' മറിച്ച് ഒരു "ക്രൈം' ആണെന്നാണ്: ""സംഭവത്തിൽ UNCLOS അപ്രസക്തമാണെന്നതിനാലും, കുറ്റകൃത്യം നടന്നത് ഇന്ത്യയുടെ കോണ്ടിഗ്യുസ് സോണിലായതിനാലും, കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിച്ചു എന്ന കാരണത്താലും, കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരന്മാരാണെന്നുമിരിക്കെ വിഷയം ഇന്ത്യയുടെ അധികാരപരിധിയിൽ വരുന്നതാണ്'' (Fabian 2016).
വിഷയത്തിൽ രണ്ടു തരത്തിൽ കാര്യമായ ആശയക്കുഴപ്പങ്ങൾ സുപ്രീം കോടതി സൃഷ്ടിച്ചെന്നും അദ്ദേഹം നിരീക്ഷിക്കുന്നു: ""കേരളം യു.എൻ കൺവെൻഷനിൽ ഒപ്പു വെച്ചില്ലെന്ന് ഇറ്റലി കോടതിൽ തെറ്റായി വാദിച്ചു, അങ്ങനെ വാദിക്കാനുള്ള അധികാരം ഇറ്റലിക്ക് ഇല്ലായിരുന്നു. എന്നാൽ സുപ്രീം കോടതി പ്രസ്തുത വാദം ശരിവെച്ച് കേരള ഹൈക്കോടതിയിലെ നടപടിക്രമങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. വസ്തുതാപരമായി നോക്കുകയാണെങ്കിൽ ഇന്ത്യ യു.എൻ കൺവെൻഷനിൽ ഒപ്പു വെച്ചിട്ടുണ്ട്. ഇന്ത്യൻ യൂണിയനെ പ്രതിനിധീകരിച്ചായിരുന്നു വിഷയത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ.''

കെ.പി. ഫാബിയൻ

കേസ് ഇന്ത്യയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന ഇറ്റലിയുടെ ഹരജി സുപ്രീം കോടതി പരിഗണിക്കാൻ തയ്യാറായത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് ഇറ്റലിക്കെതിരെ ശക്തമായ കേസുണ്ടെന്ന് വിദഗ്ധർ വാദിച്ചിരുന്നു. തങ്ങളുടേതായ കാരണങ്ങൾ കൊണ്ട് ഇറ്റലി കേസ് പി.സി.എയുടെ മുന്നിലെത്തിച്ച് "അന്താരാഷ്ട്രവത്കരിച്ചതോടെ' കേസിലുള്ള മേൽക്കൈ ഇന്ത്യക്ക് നഷ്ടമായി. കേസിനെ പൂർണമായും ഇല്ലായ്മ ചെയ്യാൻ ഇറ്റലിക്ക് സാധിക്കില്ലെന്ന് ഇന്ത്യക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.

തിരിച്ചടിയിൽ നിന്ന് ഒത്തുതീർപ്പിലേക്ക്

ഇന്ത്യ, ഇറ്റലി, കേരളം എന്നിങ്ങനെ കേസിലെ സുപ്രധാന കക്ഷികൾ തമ്മിൽ നടത്തിയ കൂടിയാലോചനകളുടെ പുരോഗതി സുപ്രീം കോടതി നിരീക്ഷിച്ചു വരികയായിരുന്നു. നഷ്ടപരിഹാര തുകയായ പത്തു കോടി ഇന്ത്യൻ രൂപ റിപബ്ലിക് ഓഫ് ഇറ്റലി കൈമാറി എന്ന വിവരം രേഖപ്പെടുത്തിയതിനു പിന്നാലെയാണ്​ കേന്ദ്ര സർക്കാർ സമർപ്പിച്ച അപേക്ഷയിൽ സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്​. നഷ്ടപരിഹാരത്തുക ഇറ്റലി കേന്ദ്ര സർക്കാറിന് നൽകിയെന്നും, സുപ്രീം കോടതിയുടെ നേരത്തെയുള്ള നിർദേശ പ്രകാരം തുക സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയതായും സോളിസ്റ്റർ ജനറൽ കോടതിയെ അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കൂടാതെ, പരിക്കു പറ്റിയവർക്കും നഷ്ടപരിഹാരം നൽകണമെന്ന് കേരള സർക്കാർ സൂചിപ്പിച്ചതിനാൽ നഷ്ടപരിഹാരത്തുകയുടെ ഭാഗം വെപ്പ് നടന്നിട്ടില്ലെന്നും എസ്.ജി. കോടതിയിൽ പറഞ്ഞു. അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി കണക്കിലെടുത്ത്, രണ്ട് ഇറ്റാലിയൻ നാവികർക്കുമെതിരെ നിലനിൽക്കുന്ന ക്രിമിനൽ വിചാരണ ഉപേക്ഷിക്കാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിക്കണമെന്ന് ഇറ്റലിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ട്രൈബ്യൂണലിന്റെ വിധി പ്രകാരം ക്രിമിനൽ വിചാരണയ്ക്കുള്ള അധികാരപരിധി ഇറ്റലിയിൽ നിക്ഷിപ്തമാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതേതുടർന്നാണ്​ ​കേസിലെ ഇന്ത്യയിലെ വിചാരണ നടപടികൾ അവസാനിപ്പിച്ച്​ ജസ്​റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ. ഷാ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ​ഉത്തരവിട്ടത്​. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക്​ നാലു കോടി രൂപ വീതവും ബോട്ടുടമക്ക്​ രണ്ടു കോടി രൂപയും നഷ്​ടപരിഹാരം ലഭിക്കുന്ന വിധത്തിലാണ്​ ഇറ്റലി പത്തു കോടി രൂപ കെട്ടിവെച്ചത്​. ഈ തുക കേരള ഹൈകോടതി രജിസ്​ട്രിക്ക്​ കൈമാറും.

കേസ് അന്താരാഷ്ട്ര മധ്യസ്ഥതയ്ക്ക് വിധേയമായി ഇരു ഭാഗത്തെ കക്ഷികളും അവരുടെ വാദങ്ങൾ പി.സി.എയ്ക്ക് മുന്നിൽ അവതരിപ്പിച്ചെങ്കിലും, ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളുടെ പങ്കിനെ കുറിച്ചും, ഉത്തരവാദിത്തങ്ങളെ കുറിച്ചും അധികാരപരിധിയെക്കുറിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നു

ദുരന്തത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരത്തുക വലിയ ആശ്വാസമായിരിക്കുമെന്ന് ആൾ കേരള ഫെഡേഷൻ ഓഫ് ബോട്ട് ഓണേസ് പ്രസിഡന്റും, കേരള ഫിഷറീസ് അഡ്‌വൈസറി ബോർഡ് അംഗവുമായിരുന്ന മാർഷൽ ഫ്രാങ്ക് പറയുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആദ്യ ഘട്ടത്തിൽ തന്നെ നഷ്ടപരിഹാരത്തുകയായി ഒരു കോടി രൂപ ലഭിക്കുന്നതിന് പള്ളി ഉൾപ്പടെ വിവിധ ഏജൻസികളുടെ ഇടപെടൽ സഹായിച്ചെന്നും ഫ്രാങ്ക് പറഞ്ഞു. എന്നാലും, തീരപ്രദേശങ്ങളിലെ മത്സ്യസമ്പത്തിന്റെ ദൗർബല്യം മൂലം മത്സ്യത്തൊഴിലാളികൾ തുടർച്ചയായി പുറംകടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നത് കൂടുതൽ അരക്ഷിത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ബോട്ടപകടങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവും, കപ്പലുകളുമായി കൂട്ടിയിടിക്കുന്ന സംഭവങ്ങളും ഇതിന്റെ ഓർമപ്പെടുത്തലാണ്.

സമുദ്രാതിർത്തി ലംഘനം; പ്രശ്​നങ്ങൾ ബാക്കി

കേസ് അന്താരാഷ്ട്ര മധ്യസ്ഥതയ്ക്ക് വിധേയമായി ഇരു ഭാഗത്തെ കക്ഷികളും അവരുടെ വാദങ്ങൾ പി.സി.എയ്ക്ക് മുന്നിൽ അവതരിപ്പിച്ചെങ്കിലും, ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളുടെ പങ്കിനെ കുറിച്ചും, ഉത്തരവാദിത്തങ്ങളെ കുറിച്ചും അധികാരപരിധിയെക്കുറിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നു. പുറംകടലിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ കേരളം, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിൽ നിലവിലുണ്ട്. ഈ ചോദ്യത്തെ കുറിച്ചുള്ള തന്റെ ആശങ്ക വർഷങ്ങൾക്കു മുമ്പ് വിദേശ കാര്യമന്ത്രാലയവുമായി ചേർന്ന് മഹാത്മാ ഗാന്ധി സർവകലാശാല സംഘടിപ്പിച്ച തീരദേശ സുരക്ഷ വർക്‌ഷോപിൽ മാർഷൽ ഫ്രാങ്ക് പങ്കു വെച്ചിരുന്നു. മാധ്യമ വാർത്തകളിൽ ഇടംപിടിക്കുന്ന ആയുധം, സ്പിരിറ്റ്, കള്ളനോട്ട് കടത്തുകാർക്ക് പുറമെ, മത്സ്യത്തൊഴിലാളികളല്ലാത്ത നിരവധി പേർ ഭീമൻ ട്രോളറുകളുമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ട് ലാഭം കൊയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത്തരം മത്സ്യബന്ധന ബോട്ടുകളുടെ ത്വരഗതിയിലുള്ള വളർച്ചയ്ക്കു പിന്നിൽ മറ്റ് ഗൂഢതാൽപര്യങ്ങൾ ഉണ്ടെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇത് മത്സ്യത്തൊഴിലാളികളെ കൂടുതലായി അരികുവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്ക, പാകിസ്ഥാൻ തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മുൻകാലങ്ങളിൽ ഇന്ത്യ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ മിക്കവാറും അവസരങ്ങളിൽ സമുദ്രാതിർത്തി ലംഘനത്തെ കുറിച്ചുയരുന്ന ചോദ്യങ്ങളും, "അതീവ സുരക്ഷാ' മേഖകളിലൂടെയുള്ള മത്സ്യത്തൊഴിലാളികളുടെ സഞ്ചാരവും അറസ്റ്റിലേക്കോ തടങ്കലിലേക്കോ ആണ് നയിക്കാറ്. മനുഷ്യത്വപരമായ മാനങ്ങളുള്ള ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് ഇനിയും കൃത്യമായ ചട്ടക്കൂടുകളില്ലെന്ന വസ്തുതയാണ് ഇത് അടിവരയിട്ടുറപ്പിക്കുന്നത്.
എൻറിക ലെക്‌സി കേസ് ഒത്തുതീർപ്പിലെത്തിയെങ്കിലും, കേന്ദ്ര സർക്കാരും തീരദേശ സംസ്ഥാനങ്ങളും സമുദ്രസംബന്ധിയായ ഭരണക്രമത്തെ കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളാനുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലൂടെയും അറബിക്കടലിലൂടെയുമുള്ള ജലഗതാഗതത്തോത് വർധിക്കുന്ന സാഹചര്യത്തിൽ ഇതിന് സവിശേഷ പ്രസക്തിയുമുണ്ട്. ▮

References


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments