LLB റാങ്ക് പട്ടികയിലെ
പിഴവ്; ആരാണ് പ്രതി?

ജൂൺ 28- ന് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നടത്തിയ ത്രിവത്സര എൽ എൽ ബി പ്രവേശന പരീക്ഷയുടെ ആദ്യം പ്രസിദ്ധീകരിച്ച പ്രൊവിഷണൽ റാങ്ക് പട്ടിക റദ്ദാക്കി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ നിരവധി വിദ്യാർത്ഥികളുടെ റാങ്കിലും യോഗ്യതാനിലയിലും മാറ്റമുണ്ടായി. രണ്ട് റാങ്ക് പട്ടികകളും പരിശോധിച്ച് സംഭവിച്ച പിഴവുകൾ വെളിപ്പെടുത്തുകയാണ്, ഇക്കാര്യം സർക്കാറിന്റെയും കമീഷണറേറ്റിന്റെയും മുന്നിൽ പരാതിയായി ഉന്നയിച്ച വൈഷ്ണവി വി.

ന്നതവിദ്യാഭ്യാസമേഖലയില പ്രവേശന പരീക്ഷകൾ ഒരു തെരഞ്ഞെടുപ്പ് സംവിധാനം മാത്രമല്ല, വിദ്യാഭ്യാസ അവസരങ്ങൾ വിതരണം ചെയ്യുന്ന പൊതുസംവിധാനമാണ്. അതിന്റെ വിശ്വാസ്യതയും സുതാര്യതയും വിദ്യാഭ്യാസഗുണനിലവാരത്തെ നേരിട്ട് പ്രതിഫലിപ്പിക്കും.

കേരളത്തിൽ ഈ ഉത്തരവാദിത്തം നിർവഹിക്കുന്നത് പ്രവേശന പരീക്ഷാകമ്മീഷണറേറ്റാണ്. കീം, നിയമപ്രവേശന പരീക്ഷകൾ, മെഡിക്കൽ, ഡെന്റൽ, നഴ്സിങ്, ഫാർമസി, ആയുർവേദം, ഹോമിയോ തുടങ്ങി പ്രധാന പ്രൊഫഷണൽ പ്രവേശന പരീക്ഷകളും കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികളും ഏകോപിപ്പിക്കുന്ന ഈ സ്ഥാപനം 1983 ലാണ് രൂപീകൃതമായത്.

ഉന്നതവിദ്യാഭ്യാസ രംഗത്തെ വിവിധ വിഷയങ്ങളിൽ കുറച്ച് വർഷങ്ങളായി സർവകലാശാലകളുമായും സർക്കാരുമായും ഉന്നതവിദ്യാഭ്യാസവകുപ്പുമായും പ്രവേശന പരീക്ഷാകമ്മീഷണറേറ്റുമായും തുടർച്ചയായ ആശയവിനിമയവും ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. അവയിൽ കീം, നിയമപ്രവേശന പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റുമായി കൂടുതൽ ബന്ധിപ്പിക്കുന്നത്.

കേരള സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന സമയം മുതലാണ് ഉന്നത വിദ്യാഭ്യാസത്തിലെ പരീക്ഷാമാധ്യമമായി മലയാളവും അനുവദിക്കണമെന്നതും, നിയമപഠനവുമായി ബന്ധപ്പെട്ട പരീക്ഷകളും നിയമപ്രവേശന പരീക്ഷകളും മലയാളത്തിലും നടത്തണമെന്നതും 'തുടർച്ചയായി' ഉന്നയിക്കാൻ തുടങ്ങിയത്. വിവരാവകാശരേഖകൾ ഉൾപ്പെടെയുള്ള സാധ്യതകളിലൂടെ വിവിധ റിപ്പോർട്ടുകളിലെ വസ്തുതാപരമായ വൈരുദ്ധ്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണിക്കാനും പരിഹരിക്കുന്നതിനായി ഇടപെടാനും സാധിച്ചു. അതിന്റെ ഭാഗമായി 2025 നവംബറിൽ ഭാഷാവിഷയങ്ങൾ ഒഴികെയുള്ള എല്ലാ ബിരുദ- ബിരുദാനന്തര ബിരുദ പരീക്ഷകളും മലയാളത്തിലും എഴുതാൻ അനുവദിച്ചും, 2026 മാർച്ചിൽ കേരളത്തിലെ നിയമപഠനരംഗത്തെ പരീക്ഷകൾ മലയാളത്തിലും എഴുതാൻ അനുവദിച്ചും, സർവകലാശാല റെഗുലേഷനുകളിൽ ഭേദഗതി നിർദ്ദേശിച്ചും സർക്കാർ തീരുമാനമുണ്ടായി. കേരള ചരിത്രത്തിൽ ആദ്യമായാണ് നിയമ പരീക്ഷകൾ മലയാളത്തിലും അനുവദിച്ചു കൊണ്ടുള്ള സർക്കാർ തീരുമാനം.

ഉത്തരവ് കിട്ടിയ ദിവസം തന്നെ മലയാള ഐക്യവേദിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്ന നിലയിൽ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിനെ സമീപിച്ചു. ഈ സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ, 2025 നവംബർ 1ന് ഹൈക്കോടതി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ മലയാളം- ഇംഗ്ലീഷ് നിയമപദകോശം, ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗിക പരിഭാഷാ-നിർമിതബുദ്ധി സംവിധാനങ്ങളുടെ ലിങ്ക് ഉൾപ്പെടെ, മലയാളം - ഇംഗ്ലീഷ് ചോദ്യപേപ്പർ തയ്യാറാക്കുന്നതിനുള്ള സാധ്യതകൾ, അർത്ഥവ്യത്യാസം വരാൻ സാധ്യതയുള്ള നിയമപദങ്ങൾ സാങ്കേതികമായി കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രായോഗിക നിർദേശങ്ങളും ഇതിനൊപ്പം നൽകിയിരുന്നു. പിന്നീട് ഇത്തരം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾക്ക് നീതി നിഷേധിക്കപ്പെടാതിരിക്കാനായിരുന്നു അത്തരമൊരു ഇടപെടൽ. (എന്നിട്ടും സാങ്കേതിക പ്രശ്നങ്ങൾ തന്നെയാണ് ഇപ്പോഴും വിഷയം. ശ്രമിച്ചുപോലും നോക്കാതെ 'സാങ്കേതിക പ്രശ്നം' ഉന്നയിക്കാൻ എന്തൊരു എളുപ്പമാണ്.)

LLB പ്രവേശനപരീക്ഷയുടെ സ്കോർ കാൽക്കുലേഷൻ രീതി വിശദീകരിക്കുന്ന വിജ്ഞാപനം.
LLB പ്രവേശനപരീക്ഷയുടെ സ്കോർ കാൽക്കുലേഷൻ രീതി വിശദീകരിക്കുന്ന വിജ്ഞാപനം.

പ്രോസ്പെക്ടസ് തയ്യാറാക്കുന്നതേയുള്ളൂ എന്നും, ഈ വിഷയത്തിൽ കമ്മീഷണറേറ്റ് സർക്കാറിന് കത്ത് നൽകിയതായും ബന്ധപ്പെടുന്ന ഘട്ടങ്ങളിലെല്ലാം പറഞ്ഞിരുന്നെങ്കിലും, അതിനെ സംബന്ധിച്ച വിശദീകരണങ്ങളിൽ വൈരുദ്ധ്യം പ്രകടമായി. ഉന്നതവിദ്യാഭ്യാസവകുപ്പുമായി പലതവണ ആശയവിനിമയം നടത്തി. നേരിട്ട് അന്വേഷിച്ചപ്പോഴും ബന്ധപ്പെട്ട രേഖ ലഭ്യമായിരുന്നില്ല. വീണ്ടും വീണ്ടും വിശദമാക്കിയതിനെ തുടർന്നാണ്, ശ്രദ്ധിക്കപ്പെടാതെ പോയ രേഖ തപ്പിയെടുക്കപ്പെടുന്നത്.

ഇരു സംവിധാനങ്ങൾക്കും ഇടയിലെ ആശയവിനിമയവും ഏകോപനവും ഫലപ്രദമാകുന്നതിനായി പരമാവധി ശ്രമിച്ചെങ്കിലും, നിയമപ്രവേശനപരീക്ഷ ഇത്തവണ മലയാളത്തിലും നടത്തുന്നതുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടിയുണ്ടായില്ല. ഇതിലൂടെ സർക്കാർ ഉത്തരവിന്റെ ലക്ഷ്യവും വിദ്യാർത്ഥികളുടെ ഭാഷാപരമായ തിരഞ്ഞെടുപ്പ് അവകാശവും പ്രായോഗികമായി നടപ്പാകാതെ പോയി. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ തന്നെ നീതി ഉറപ്പാക്കപ്പെടേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസവകുപ്പ് ഈ വിഷയത്തിൽ കമ്മീഷണറേറ്റിന്റെ അഭിപ്രായവും തുടർനടപടികളും ചോദിച്ചിരുന്നുവെങ്കിലും, ഇതുവരെ വ്യക്തമായ നടപടിയോ തീരുമാനമോ ഉണ്ടായിട്ടില്ല. ഇതിനിടെയാണ് ജൂൺ 28 ന് ത്രിവത്സര എൽ എൽ ബി പ്രവേശന പരീക്ഷ നടന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും സൂക്ഷ്മമായി മനസ്സിലാക്കാനും പരീക്ഷാനടത്തിപ്പ്, മൂല്യനിർണയം, റാങ്ക് നിർണയം തുടങ്ങിയ നടപടിക്രമങ്ങൾ കൃത്യമായി പരിശോധിക്കാനും ശ്രമിച്ചിരുന്നു. ഇതിനുമുമ്പ് നിയമപ്രവേശനപരീക്ഷ എഴുതിയിട്ടുള്ളതിനാൽ, പരീക്ഷാനടത്തിപ്പിനെ സംബന്ധിച്ചും ധാരണയുണ്ടായിരുന്നു.

റാങ്ക് പട്ടികയിൽ എന്താണ് സംഭവിച്ചത്, ഏത് ഘട്ടത്തിലാണ് പിഴവുണ്ടായത്, എന്തുകൊണ്ടാണ് ആദ്യം പ്രസിദ്ധീകരിച്ച പട്ടിക തിരുത്തേണ്ട സാഹചര്യം ഉണ്ടായത് തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിച്ചില്ല.

നിയമപ്രവേശനപരീക്ഷ എഴുതുന്ന എല്ലാവരും മലയാളം പരീക്ഷാമാധ്യമമായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ ആകണമെന്നില്ല. എന്നാൽ ഒരു വിദ്യാർത്ഥിക്കും അവരുടെ ജനാധിപത്യ തിരഞ്ഞെടുപ്പവകാശം ഹനിക്കപ്പെടരുതെന്ന നിർബന്ധമുണ്ടായിരുന്നു. ഇടപെടലിന്റെ പ്രധാന ലക്ഷ്യം, വിദ്യാർത്ഥികൾക്ക് നീതിയും തുല്യ അവസരവും ഉറപ്പാക്കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ ഒരു വിദ്യാർത്ഥിക്കും പ്രവേശന നടപടികളിലോ റാങ്ക് നിർണയത്തിലോ അനീതിയോ ആശങ്കയോ ഉണ്ടാകുന്ന സാഹചര്യം അംഗീകരിക്കാനാവില്ല എന്നതാണ് നിലപാട്.

പ്രവേശന പരീക്ഷാകമ്മീഷണറേറ്റ് പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചശേഷം, വിദ്യാർത്ഥികൾക്ക് പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിന് സമയം നൽകി. പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ലക്ഷ്യം തന്നെ സ്കോർ, റാങ്ക് നിർണയം, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവ പരിശോധിച്ച് പിഴവുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ അവസരം നൽകുക എന്നതാണ്.

എന്നാൽ, ഈ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ആദ്യം പ്രസിദ്ധീകരിച്ച പ്രൊവിഷണൽ റാങ്ക് പട്ടിക റദ്ദാക്കി പുതുക്കിയ റാങ്ക് പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് പ്രസിദ്ധീകരിച്ചത്. ഈ മാറ്റത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വിശദീകരണം ലഭിച്ചില്ല. റാങ്ക് പട്ടികയിൽ എന്താണ് സംഭവിച്ചത്, ഏത് ഘട്ടത്തിലാണ് പിഴവുണ്ടായത്, എന്തുകൊണ്ടാണ് ആദ്യം പ്രസിദ്ധീകരിച്ച പട്ടിക തിരുത്തേണ്ട സാഹചര്യം ഉണ്ടായത് തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാത്തത് വിദ്യാർത്ഥികളിൽ ആശങ്ക വർധിപ്പിച്ചു.

ഈ വർഷത്തെ കേരള നിയമപ്രവേശന പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നത് 2819 വിദ്യാർത്ഥികളാണ്. പിന്നീട് പട്ടിക മാറ്റിയതോടെ നിരവധി വിദ്യാർത്ഥികളുടെ റാങ്കുകളിൽ വ്യത്യാസമുണ്ടായി. യോഗ്യതാനിലയിൽ പോലും മാറ്റമുണ്ടായി.

2026-ലെ മൂന്നു വർഷ LLB പരീക്ഷയുടെ പ്രൊവിഷനൽ റാങ്ക് ലിസ്റ്റ്.
2026-ലെ മൂന്നു വർഷ LLB പരീക്ഷയുടെ പ്രൊവിഷനൽ റാങ്ക് ലിസ്റ്റ്.

റാങ്ക് പട്ടിക തിരുത്തുന്നത് അസാധാരണമല്ല.. പിഴവുകൾ സംഭവിക്കാം. എന്നാൽ മാറ്റത്തിന്റെ കാരണം, സംഭവിച്ച പിഴവ്, തിരുത്തലിന്റെ സ്വഭാവം, വിദ്യാർത്ഥികളെ ബാധിക്കുന്ന സാഹചര്യം എന്നിവ സംബന്ധിച്ച് സുതാര്യമായ വിശദീകരണം നൽകണം. പ്രത്യേകിച്ച് പ്രവേശന പരീക്ഷ പോലുള്ള നിർണായക ഘട്ടങ്ങളിൽ ഫലപ്രഖ്യാപനത്തിലെ വിശ്വാസ്യത നിലനിർത്തുന്നതിന് ഇത്തരം വിശദീകരണങ്ങൾ അനിവാര്യമാണ്. എന്നാൽ ഇവിടെ വിദ്യാർത്ഥികൾക്കുണ്ടായത് ആശയക്കുഴപ്പമാണ്.

കൂടുതൽ ചോദ്യങ്ങൾ അഭിമുഖീകരിച്ച, തെറ്റായ ഉത്തരങ്ങൾ കൂടുതലായ വിദ്യാർത്ഥികൾ പുതുക്കിയ റാങ്ക് പട്ടികയിൽ താഴേക്ക് പോയി. അതേസമയം, കുറച്ച് ചോദ്യങ്ങൾ / ഉറപ്പുള്ള ചോദ്യങ്ങൾ മാത്രം അറ്റൻഡ് ചെയ്ത് അവയിൽ കൂടുതൽ കൃത്യതയോടെ ശരിയായ ഉത്തരങ്ങൾ നൽകിയ വിദ്യാർത്ഥികൾ റാങ്കിൽ വലിയ മുന്നേറ്റം നടത്തി.

ആദ്യം പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയും തുടർന്ന് പ്രസിദ്ധീകരിച്ച പുതുക്കിയ റാങ്ക് പട്ടികയും വിശദമായി പരിശോധിക്കുകയും, ഇരു പട്ടികകളിലുമുണ്ടായ വ്യത്യാസങ്ങൾ, റാങ്കുകളിലുണ്ടായ ഉയർച്ച- താഴ്ചകൾ, യോഗ്യതാ നിലയിലെ മാറ്റങ്ങൾ, റാങ്കിൽ മാറ്റമില്ലാതെ തുടർന്ന സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ സമഗ്രമായി വിശകലനം ചെയ്ത ശേഷമാണ് ഈ വിഷയത്തിൽ ഇടപെടുന്നത്. ഈ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നിർണയ പ്രക്രിയയിൽ ഗുരുതര പ്രശ്നമുണ്ടായിട്ടുണ്ടെന്ന് ഉറപ്പിച്ചത്.

റാങ്ക് പട്ടികകളുടെ താരതമ്യപരിശോധനയിൽ, പുതുക്കിയ റാങ്ക് പട്ടികയിൽ 2819 വിദ്യാർത്ഥികളുടെയും സ്കോർ ആദ്യം പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയേക്കാൾ കുറഞ്ഞു എന്ന് കണ്ടു. അതായത്, സ്കോർ കണക്കാക്കലിലുണ്ടായ തിരുത്തൽ 100% വിദ്യാർത്ഥികളെയും ബാധിച്ചിട്ടുണ്ട്. സ്കോർ കുറഞ്ഞെങ്കിലും റാങ്കുകളിൽ ഒരേ തരത്തിലുള്ള മാറ്റമല്ല ഉണ്ടായത്. പുതുക്കിയ റാങ്ക് പട്ടിക പ്രകാരം 1,466 വിദ്യാർത്ഥികളുടെ (52%) റാങ്ക് മെച്ചപ്പെട്ടു, 1,325 വിദ്യാർത്ഥികളുടെ (47.01%) റാങ്ക് താഴ്ന്നു, 28 വിദ്യാർത്ഥികളുടെ (0.99%) റാങ്കിൽ മാറ്റമുണ്ടായില്ല. സ്കോർ കണക്കാക്കലിലെ ഒരു തിരുത്തൽ എത്ര വ്യാപകമായി റാങ്ക് നിർണയത്തെ സ്വാധീനിച്ചുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

(ഇത്രയും വിദ്യാർത്ഥികളുടെ ഡാറ്റയുടെ പ്രാഥമിക വിശകലനം ഉറപ്പാക്കുന്നതിനും പരിശോധനയ്ക്കും ഗൂഗിൾ എഐ സ്റ്റുഡിയോ, grok ഉൾപ്പെടെയുള്ള നിർമിതബുദ്ധി സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എല്ലാ വിവരങ്ങളും ചേർക്കുന്നില്ല. കൃത്യത ഉറപ്പാക്കുന്നതിനായി വിശദമായ ഔദ്യോഗിക പരിശോധനകൾ എൻട്രൻസ് കമ്മീഷണറേറ്റ് നടത്തേണ്ടതാണ്.)

2026-ലെ മൂന്നു വർഷ LLB പരീക്ഷയുടെ റിവൈസ്ഡ് റാങ്ക് ലിസ്റ്റ്.
2026-ലെ മൂന്നു വർഷ LLB പരീക്ഷയുടെ റിവൈസ്ഡ് റാങ്ക് ലിസ്റ്റ്.

റാങ്ക് പട്ടികയിലെ ക്രമനമ്പർ അടിസ്ഥാനത്തിൽ ആദ്യ 20 വിദ്യാർത്ഥികളുടെ സ്കോർ- റാങ്ക് വ്യത്യാസങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച മാറ്റങ്ങൾ:

ക്രമനമ്പർ 1:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 168.3908 - റാങ്ക് 1171.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 151.9664 - റാങ്ക് 876

ക്രമനമ്പർ 2:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 279.7311 - റാങ്ക് 36.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 254.0462 - റാങ്ക് 54

ക്രമനമ്പർ 3:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 226.8908 - റാങ്ക് 330.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 211.3487 - റാങ്ക് 249

ക്രമനമ്പർ 4:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 217.7395 - റാങ്ക് 423.

    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 179.7479 - റാങ്ക് 534.

ക്രമനമ്പർ 5:

  • ആദ്യ റാങ്ക് പട്ടിക : സ്കോർ 151.3866 – Withheld.
    പുതുക്കിയ റാങ്ക് പട്ടിക : സ്കോർ 81.8487. സ്കോർ വ്യത്യാസം: 69.5379, റാങ്ക് വ്യത്യാസം ലഭ്യമല്ല.

ക്രമനമ്പർ 6:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 109.9412 - റാങ്ക് 2424.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 49.9874 - റാങ്ക് 2532.

ക്രമനമ്പർ 7:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 117.7185 - റാങ്ക് 2269.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 103.3529 – റാങ്ക് 1671.

ക്രമനമ്പർ 8 :

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 268.6135 - റാങ്ക് 60.
    പുതുക്കിയ റാങ്ക് പട്ടിക: 250.3529 - റാങ്ക് 61.

ക്രമനമ്പർ 9:

  • ആദ്യ റാങ്ക് പട്ടിക : സ്കോർ 207.5042- റാങ്ക് 539.
    പുതുക്കിയ റാങ്ക് പട്ടിക: 181.9748 - റാങ്ക് 512.

ക്രമനമ്പർ 10:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 261.0630, റാങ്ക് 89.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 250.3529, റാങ്ക് 82.

ക്രമനമ്പർ 11:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 178.3613, റാങ്ക് 971.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 173.2437, റാങ്ക് 597.

ക്രമനമ്പർ 12:

  • ആദ്യ റാങ്ക് പട്ടിക : സ്കോർ 210.2773, റാങ്ക് 502.
    പുതുക്കിയ റാങ്ക് പട്ടിക : സ്കോർ 197.9118, റാങ്ക് 357.

ക്രമനമ്പർ 13:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 109.9412, റാങ്ക് 2423.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 197.9118, റാങ്ക് 357.

ക്രമനമ്പർ 14:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 168.9706, റാങ്ക് 1154.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 135.4286, റാങ്ക് 1125.

ക്രമനമ്പർ 15:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 248.8109, റാങ്ക് 151.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 239.5630, റാങ്ക് 99.

ക്രമനമ്പർ 16:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 101.1555, റാങ്ക് 2540.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 34.6219, Not Qualified.

ക്രമനമ്പർ 17:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 200.1933, റാങ്ക് 632.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 173.7689, റാങ്ക് 591.

ക്രമനമ്പർ 18:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 221.0042, റാങ്ക് 381.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 210.7563, റാങ്ക് 260.

ക്രമനമ്പർ 19:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 196.0326, റാങ്ക് 691.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 180.5630, റാങ്ക് 524.

ക്രമനമ്പർ 20:

  • ആദ്യ റാങ്ക് പട്ടിക: സ്കോർ 185.2437, റാങ്ക് 845.
    പുതുക്കിയ റാങ്ക് പട്ടിക: സ്കോർ 152.7605, റാങ്ക് 867.

ആദ്യ അഞ്ച് റാങ്കുകളിലെ
സ്കോർ വ്യത്യാസം:

1. ആദ്യ റാങ്ക് പട്ടിക: 330
പുതുക്കിയ റാങ്ക് പട്ടിക: 320
സ്കോർ വ്യത്യാസം: 10 കുറഞ്ഞു
റാങ്ക് വ്യത്യാസം: മാറ്റമില്ല.

2. ആദ്യ റാങ്ക് പട്ടിക: 326.6471
പുതുക്കിയ റാങ്ക് പട്ടിക: 316.5294
സ്കോർ വ്യത്യാസം: 10.1177 കുറഞ്ഞു
റാങ്ക് വ്യത്യാസം: മാറ്റമില്ല.

3. ആദ്യ റാങ്ക് പട്ടിക: 326.4706
പുതുക്കിയ റാങ്ക് പട്ടിക: 316.2941
സ്കോർ വ്യത്യാസം: 10.1765 കുറഞ്ഞു
റാങ്ക് വ്യത്യാസം: മാറ്റമില്ല.

4. ആദ്യ റാങ്ക് പട്ടിക: 314.0420
പുതുക്കിയ റാങ്ക് പട്ടിക: 300.7227
സ്കോർ വ്യത്യാസം: 13.3193 കുറഞ്ഞു
റാങ്ക് വ്യത്യാസം: മാറ്റമില്ല.

5. ആദ്യ റാങ്ക് പട്ടിക: 310.8277
പുതുക്കിയ റാങ്ക് പട്ടിക: 295.5084
സ്കോർ വ്യത്യാസം: 15.3193 കുറഞ്ഞു
റാങ്ക് വ്യത്യാസം: മാറ്റമില്ല.

ഇത് പരിശോധിക്കുമ്പോൾ ആദ്യ അഞ്ച് റാങ്കുകളിലും പുതുക്കിയ റാങ്ക് പട്ടികയിൽ സ്കോർ കുറഞ്ഞിട്ടുണ്ട്, റാങ്കിൽ മാറ്റം സംഭവിച്ചിട്ടില്ല. പ്രവേശനപരീക്ഷയുടെ യോഗ്യതാ മാനദണ്ഡമനുസരിച്ച്, ആകെ 360 മാർക്കിൽ പൊതുവിഭാഗത്തിലെ വിദ്യാർത്ഥികൾ കുറഞ്ഞത് 36 മാർക്ക് (10%) നേടണം. എസ്.സി./എസ്.ടി. വിദ്യാർത്ഥികൾക്ക് യോഗ്യതാമാർക്ക് 18 (5%) ആണ്.

LLB പ്രവേശനത്തിന്റെ പ്രോസ്പെക്റ്റസ്.
LLB പ്രവേശനത്തിന്റെ പ്രോസ്പെക്റ്റസ്.

കൂടുതൽ ചോദ്യങ്ങൾ അഭിമുഖീകരിച്ച, തെറ്റായ ഉത്തരങ്ങൾ കൂടുതലായ വിദ്യാർത്ഥികൾ (Guess-workers) പുതുക്കിയ റാങ്ക് പട്ടികയിൽ താഴേക്ക് പോയി. അതേസമയം, കുറച്ച് ചോദ്യങ്ങൾ / ഉറപ്പുള്ള ചോദ്യങ്ങൾ മാത്രം അറ്റൻഡ് ചെയ്ത് അവയിൽ കൂടുതൽ കൃത്യതയോടെ ശരിയായ ഉത്തരങ്ങൾ നൽകിയ വിദ്യാർത്ഥികൾ റാങ്കിൽ വലിയ മുന്നേറ്റം നടത്തി.

റാങ്ക് പട്ടികയുടെ മധ്യഭാഗത്തുള്ള വിദ്യാർത്ഥികൾക്ക് സ്കോറിലെ ചെറിയ വ്യത്യാസം പോലും നൂറുകണക്കിന് റാങ്കുകളുടെ മാറ്റത്തിന് കാരണമാകാം. കാരണം, ആ ഭാഗത്ത് നിരവധി വിദ്യാർത്ഥികൾ വളരെ ചെറിയ മാർക്ക് വ്യത്യാസത്തിലാണ്. അതിനാൽ നെഗറ്റീവ് മാർക്ക് ഉൾപ്പെടുത്തി സ്കോർ വീണ്ടും കണക്കാക്കിയപ്പോൾ ചിലർക്ക് വലിയ റാങ്ക് മുന്നേറ്റമുണ്ടായപ്പോൾ, മറ്റുചിലർ നൂറുകണക്കിന് റാങ്കുകൾ പിന്നിലായി. അതുപോലെ, നെഗറ്റീവ് മാർക്ക് പരിഗണിച്ചതോടെ ചില വിദ്യാർത്ഥികൾ Qualified എന്ന നിലയിൽ നിന്ന് Not Qualified വിഭാഗത്തിലേക്ക് മാറുകയും, മറ്റുചിലർ യോഗ്യതാ പരിധിക്ക് (borderline) വളരെ അടുത്തെത്തുകയും ചെയ്തു.

ഔദ്യോഗിക വിശദീകരണം ലഭ്യമാകാത്ത സാഹചര്യത്തിൽ, റാങ്ക് പട്ടികയിൽ ഇത്രയും വലിയ മാറ്റം സംഭവിച്ചതിനെക്കുറിച്ച് വിവിധ 'സാധ്യത’കളാണ് വിദ്യാർത്ഥികൾക്ക് മുന്നിലുണ്ടായിരുന്നത്. സ്കോർ കണക്കാക്കൽ രീതിയിലെ വ്യത്യാസം, നെഗറ്റീവ് മാർക്ക് കണക്കാക്കുന്നതിലുണ്ടായ വീഴ്ച, ഡാറ്റാ പ്രോസസിംഗ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ സംവിധാനങ്ങളിലെ പിഴവ്, റാങ്ക് നിർണയ മാനദണ്ഡങ്ങളുടെ പ്രയോഗത്തിലെ വ്യത്യാസം, പരിശോധനാഘട്ടങ്ങളിലെ വീഴ്ച, ആഭ്യന്തര പരിശോധനകളുടെ അഭാവം തുടങ്ങിയ സംശയങ്ങളാണ് വിദ്യാർഥികൾക്ക് സ്വാഭാവികമായും ഉണ്ടാവുക.

റാങ്ക് പട്ടികകളിലെ വലിയ വ്യത്യാസങ്ങൾ വിദ്യാർത്ഥികളും വിദ്യാർത്ഥിസംഘടനകളും നിയമരംഗത്തുള്ളവരും ചൂണ്ടിക്കാട്ടിയിരുന്നു. വീഴ്ച വ്യക്തമായി വിശദീകരിക്കുന്നതിലും തുറന്ന് സമ്മതിക്കുന്നതിലും പ്രവേശന പരീക്ഷാകമ്മീഷണറേറ്റ് പരാജയപ്പെട്ടു.

യഥാർത്ഥത്തിൽ വീഴ്ച വ്യക്തമായി വിശദീകരിക്കുന്നതിലും തുറന്ന് സമ്മതിക്കുന്നതിലും പ്രവേശന പരീക്ഷാകമ്മീഷണറേറ്റ് പരാജയപ്പെട്ടു. റാങ്ക് പട്ടികകളിലെ വലിയ വ്യത്യാസങ്ങൾ വിദ്യാർത്ഥികളും വിദ്യാർത്ഥിസംഘടനകളും നിയമരംഗത്തുള്ളവരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കൃത്യമായ വിശദീകരണമുണ്ടായില്ല.

റാങ്ക് പട്ടികയിലെ മാറ്റങ്ങൾ സംബന്ധിച്ച് ഡാറ്റാ വിശകലനം നടത്തിയപ്പോൾ മൈനസ് മാർക്ക് കണക്കാക്കുന്നതിലെ വീഴ്ചയാകാമെന്ന സാധ്യത ശ്രദ്ധയിൽപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റുമായി ആശയവിനിമയം നടത്തിയപ്പോൾ ലഭിച്ച മറുപടിയും മൈനസ് മാർക്ക് ഉൾപ്പെടുത്താതിരുന്നതാണ് റാങ്ക് പട്ടിക റദ്ദാക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നതായിരുന്നു. എന്നാൽ ഇത് വളരെ സാമാന്യവൽക്കരിച്ച മറുപടി മാത്രമായിരുന്നു.

രണ്ട് റാങ്ക് പട്ടികകളും പ്രസിദ്ധീകരിച്ചശേഷമാണ് സ്കോർ മെത്തഡോളജി പുറത്തുവിട്ടത്. മൂല്യനിർണയരീതി, സ്കോർ കണക്കാക്കുന്ന മാനദണ്ഡങ്ങൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കേണ്ടതായിരുന്നു. റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ച ശേഷമാണ് ഈ വിവരങ്ങൾ പുറത്തുവന്നത് എന്നതും സുതാര്യത സംബന്ധിച്ച് വിമർശനങ്ങൾക്ക് കാരണമായി.

ത്രിവത്സര - പഞ്ചവത്സര നിയമ പ്രവേശന പരീക്ഷകളുടെ സ്കോർ കണക്കാക്കുന്നത് നാല് വിഭാഗങ്ങളായി തിരിച്ചാണ്. 120 ഒബ്ജക്ടീവ് ചോദ്യങ്ങളുള്ള പരീക്ഷയിലെ ഓരോ വിഭാഗത്തിന്റെയും സ്കോർ പ്രത്യേകം കണക്കാക്കും, തുടർന്ന് നാല് വിഭാഗങ്ങളുടെയും തിരുത്തിയ സ്കോറുകൾ കൂട്ടിച്ചേർത്താണ് അന്തിമ സ്കോർ നിശ്ചയിക്കുന്നത്.

2026-ലെ LLB പ്രവേശനപരീക്ഷയുടെ മൂല്യനിർണയരീതി.
2026-ലെ LLB പ്രവേശനപരീക്ഷയുടെ മൂല്യനിർണയരീതി.

ഓരോ വിഭാഗത്തിലും:

  • ശരിയുത്തരത്തിന് +3 മാർക്ക്.

  • തെറ്റായ ഉത്തരത്തിന് -1 മാർക്ക്.

  • ഉത്തരം രേഖപ്പെടുത്താത്ത ചോദ്യത്തിന് 0 മാർക്ക്

എന്ന രീതിയിലാണ് മാർക്ക് നൽകുന്നത്.

ഉദാഹരണത്തിന്, ഒരു വിഭാഗത്തിൽ 36 ചോദ്യങ്ങളുണ്ടെങ്കിൽ, ഒരു വിദ്യാർത്ഥി 20 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകുകയും 10 ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരം നൽകുകയും ചെയ്താൽ:

  • ശരിയുത്തരങ്ങളുടെ മാർക്ക്: 20 × 3 = 60.

  • തെറ്റായ ഉത്തരങ്ങളുടെ നെഗറ്റീവ് മാർക്ക്: 10 × (-1) = -10

  • അസംസ്കൃത സ്കോർ (Raw Section Score): 60 - 10 = 50.

ഒരു വിഭാഗത്തിലെ ഏതെങ്കിലും ചോദ്യം അന്തിമ ഉത്തരസൂചിക പ്രകാരം റദ്ദാക്കിയാൽ, ആ റദ്ദാക്കിയ ചോദ്യത്തിന്റെ പ്രഭാവം പരിഹരിക്കുന്നതിനായി 'കറക്ഷൻ ഫാക്ടർ' ഉപയോഗിക്കുന്നു. ഇതിനുള്ള സൂത്രവാക്യം:

Corrected Section Score = (Raw Section Score x Total Questions in the Section) + (Total Questions in the Section - Cancelled Questions)

മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ 36 ചോദ്യങ്ങളുള്ള വിഭാഗത്തിൽ ഒരു ചോദ്യം റദ്ദാക്കിയാൽ:

(50 × 36) ÷ (36 - 1) = 51.42857 എന്ന രീതിയിൽ തിരുത്തിയ സ്കോർ ലഭിക്കും.

ഇതേ രീതി നാല് വിഭാഗങ്ങൾക്കും പ്രത്യേകം പ്രയോഗിക്കുകയും, ഓരോ വിഭാഗത്തിലും ലഭിക്കുന്ന Corrected Section സ്കോറുകൾ കൂട്ടിച്ചേർത്ത് വിദ്യാർത്ഥിയുടെ അന്തിമ പരീക്ഷാ സ്കോർ നിശ്ചയിക്കുകയും ചെയ്യുന്നു.

എന്നാൽ സ്കോർ കണക്കാക്കുന്ന ഈ രീതി രണ്ട് പ്രൊവിഷണൽ റാങ്ക് പട്ടികകളും പ്രസിദ്ധീകരിച്ചശേഷമാണ് പുറത്തുവന്നത് എന്നതാണ് പ്രധാന വിമർശനങ്ങളിലൊന്ന്. ഈ രീതിശാസ്ത്രമനുസരിച്ചല്ല ആദ്യ പ്രൊവിഷണൽ റാങ്ക് പട്ടിക തയ്യാറാക്കിയതെന്നാണ് പ്രധാനമായും ഉയരുന്ന പ്രശ്നം. പിന്നീട് പുറത്തുവിട്ട രീതിശാസ്ത്രത്തിൽ വ്യക്തമാക്കിയ മാനദണ്ഡങ്ങൾ പ്രകാരം മൈനസ് മാർക്ക് ഉൾപ്പെടെയുള്ള കണക്കുകൂട്ടലുകൾ കൃത്യമായി പ്രയോഗിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ ആദ്യ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ഘട്ടത്തിൽ ഈ രീതിശാസ്ത്രം പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ, അത് റാങ്ക് നിർണയ പ്രക്രിയയിലെ അടിസ്ഥാനപരമായ വീഴ്ചയാണ്. ഈ അംഗീകൃത രീതിശാസ്ത്രം പ്രയോഗിച്ച് പരിശോധിച്ച ശേഷമാണോ ആദ്യ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്, അതോ അതിൽ വീഴ്ച സംഭവിച്ച ശേഷമാണോ പുതുക്കിയ റാങ്ക് പട്ടിക തയ്യാറാക്കിയത് എന്നതാണ് ഏറ്റവും പ്രധാന ചോദ്യം. ഇത് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ മൂല്യനിർണയവും പരിശോധനാസംവിധാനവുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയമാണ്.

2026 ജൂലൈ 13 നാണ് ത്രിവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി പരിശോധിച്ച് മൂന്ന് ചോദ്യങ്ങൾ റദ്ദാക്കുകയും ഒരു ചോദ്യത്തിന്റെ ഉത്തരസൂചിക തിരുത്തുകയും ചെയ്തിരുന്നു. ഈ മാറ്റങ്ങൾ അന്തിമ സ്കോർ കണക്കാക്കലിലും തുടർന്ന് റാങ്ക് നിർണയത്തിലും സ്വാധീനം ചെലുത്തിയ ഘടകങ്ങളിലൊന്നാണ്. ജൂലൈ 14-ന് പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും, ജൂലൈ 15 വൈകുന്നേരം 5 മണിവരെ പരാതികൾ സമർപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. എന്നാൽ, സമയപരിധി അവസാനിക്കുന്ന അതേ ദിവസം പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തുടർന്ന് ജൂലൈ 17നാണ് സ്കോർ കണക്കാക്കുന്ന രീതി (Score Methodology) പുറത്തുവിട്ടത്.

റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ വീഴ്ച കണ്ടെത്താൻ കഴിയാതെ പോയത് കമ്മീഷണറേറ്റിന് സംഭവിച്ച ഗുരുതരമായ പരിശോധനാ വീഴ്ചയാണ്.

കേരള നിയമപ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിലാണ് നടത്തുന്നത്. മൂല്യനിർണയം, റാങ്ക് നിർണയം, ഫലപ്രഖ്യാപനം എന്നിവയ്ക്കുമുമ്പ് കൃത്യമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (SOP), പരിശോധനാ പട്ടിക (checklist), സാങ്കേതിക പരിശോധന, സ്ഥാപനപരമായ പരിശോധന, വിവിധ തലങ്ങളിലുള്ള അംഗീകാര നടപടികൾ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അവ കൃത്യമായി പാലിക്കപ്പെട്ടിരുന്നെങ്കിൽ മൈനസ് മാർക്ക് കണക്കാക്കാത്തതുപോലുള്ള അടിസ്ഥാനപരമായ വീഴ്ച അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനുമുമ്പുതന്നെ കണ്ടെത്താമായിരുന്നു. നിർബന്ധമായ പരിശോധനാ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ല, അല്ലെങ്കിൽ നടപടിക്രമങ്ങൾ പാലിച്ചതായി രേഖപ്പെടുത്തിയിട്ടും പരിശോധനകൾ ഫലപ്രദമായിരുന്നില്ല എന്നുവേണം കരുതാൻ.

ഈ രണ്ടിൽ ഏതാണ് സംഭവിച്ചതെന്ന് സർക്കാർ കൃത്യമായി അന്വേഷിക്കണം. അന്തിമ റാങ്ക് പട്ടിക ഉദ്യോഗസ്ഥർ യഥാർത്ഥത്തിൽ പരിശോധിച്ചിരുന്നോ, അതോ പരിശോധനയില്ലാതെ അംഗീകരിച്ചോ എന്നതും അന്വേഷണത്തിന്റെ ഭാഗമാകണം. റാങ്ക് പട്ടികയിലെ പിഴവ് സോഫ്റ്റ്‌വെയർ പിഴവിന്റെ സ്വാഭാവിക ഫലമല്ല. സാങ്കേതിക സംവിധാനങ്ങൾ നൽകുന്ന വിവരങ്ങൾ പരിശോധിക്കേണ്ടതും ശരിവയ്ക്കേണ്ടതും അന്തിമമായി അംഗീകരിക്കേണ്ടതും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്ത നിർവഹണത്തിലുണ്ടായ വീഴ്ചയാണ് ഈ സംഭവത്തിലേക്ക് നയിച്ചത്. അതുകൊണ്ടുതന്നെ ഇത് കേവലം സാങ്കേതിക പിഴവല്ല, ഉദ്യോഗസ്ഥനിർമ്മിതപിഴവും, ഉത്തരവാദിത്ത നിർവഹണത്തിലെ വീഴ്ചയുമാണ്. ആഭ്യന്തര പരിശോധന സംവിധാനങ്ങളുടെ അലംഭാവമാണ് ഇതിന് കാരണം. സ്ഥാപനത്തിന്റെ ആഭ്യന്തര പരിശോധനാ സംവിധാനത്തിന്റെ പരാജയമായാണ് ഇതിനെ വിലയിരുത്തേണ്ടത്.

റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ വീഴ്ച കണ്ടെത്താൻ കഴിയാതെ പോയത് കമ്മീഷണറേറ്റിന് സംഭവിച്ച ഗുരുതരമായ പരിശോധനാ വീഴ്ചയാണ്. റാങ്ക് പട്ടിക പിൻവലിച്ചപ്പോഴും വിദ്യാർത്ഥികൾക്ക് വ്യക്തവും വിശ്വസനീയവുമായ വിശദീകരണം നൽകാനും സുതാര്യത ഉറപ്പാക്കാനും എൻട്രൻസ് കമ്മീഷണറേറ്റിന് സാധിച്ചില്ല. KEAM ഉൾപ്പെടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഭാഗമാകുന്ന പ്രവേശനപരീക്ഷകളും ഇതേ സ്ഥാപനമാണ് നടത്തുന്നത്. (ഈ വർഷം KEAM എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ച 1,08,418 വിദ്യാർത്ഥികളിൽ 20 പരീക്ഷാബോർഡുകളിൽ നിന്നായി 96747 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. മറ്റു സംസ്ഥാനങ്ങളിൽനിന്നും ഇന്ത്യക്കു പുറത്തുനിന്നും 1734 വിദ്യാർത്ഥികൾ പരീക്ഷയുടെ ഭാഗമായി. 79788 പേർ യോഗ്യത നേടി. 65438 വിദ്യാർത്ഥികൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്).

ഈ പരീക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ, വളരെ ലളിതമായ മൂല്യനിർണയഘടനയാണ് നിയമപ്രവേശന പരീക്ഷയ്ക്കുള്ളത്. താരതമ്യേന ചെറിയ റാങ്ക് പട്ടികയിൽ പോലും അടിസ്ഥാനപരമായ പിഴവ് കണ്ടെത്താൻ കഴിയാതെ പോയത് അതീവ ഗൗരവമുള്ള കാര്യമാണ്. ആശങ്ക സൃഷ്ടിക്കാനും ഇത് കാരണമായി.

ആദ്യ റാങ്ക് പട്ടികയിൽ യോഗ്യത നേടിയതായി അറിയിക്കപ്പെട്ട ചില വിദ്യാർത്ഥികൾ പിന്നീട് "Not Qualified" വിഭാഗത്തിലേക്ക് മാറി. വിദ്യാർത്ഥികളുടെ റാങ്കിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ഇത് വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ മാനസികാഘാതവും അനിശ്ചിതത്വവും സൃഷ്ടിച്ചു.

KEAM സമീകരണവുമായി ബന്ധപ്പെട്ട വിഷയം ഐക്യമലയാള പ്രസ്ഥാനവും മലയാള ഐക്യവേദിയും ഉന്നയിക്കുന്ന ഘട്ടത്തിൽ, പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും ഫലപ്രഖ്യാപനത്തിലും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ആഗോള നിലവാരത്തിലുള്ള രീതിശാസ്ത്രങ്ങളും ഉപയോഗിക്കുന്നുവെന്നും, കുറ്റമറ്റ പരിശോധനാ സംവിധാനങ്ങളാണ് നിലവിലുള്ളതെന്നും എൻട്രൻസ് കമ്മീഷണറേറ്റ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. KEAM മാത്രമല്ല, എൻട്രൻസ് കമ്മീഷണറേറ്റ് നടത്തുന്ന എല്ലാ പരീക്ഷകൾക്കും അതീവ വിശ്വാസ്യതയുള്ള ശാസ്ത്രീയ സംവിധാനമാണുള്ളതെന്ന വാദമാണ് നിരന്തരം ഉയർത്തിക്കാട്ടിയിരുന്നത്. നിയമപ്രവേശന പരീക്ഷയിൽ സംഭവിച്ച ഈ വീഴ്ച ആ ആത്മവിശ്വാസവാദങ്ങൾക്കു തന്നെ വിള്ളലേൽപ്പിക്കുന്നതാണ്.

മാസങ്ങളുടെയും വർഷങ്ങളുടെയും തയ്യാറെടുപ്പിനുശേഷം പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ ഔദ്യോഗിക റാങ്ക് പട്ടിക വിശ്വസിച്ചാണ് തുടർപഠനം ആസൂത്രണം ചെയ്യുന്നത്. ആദ്യ റാങ്ക് പട്ടികയിൽ യോഗ്യത നേടിയതായി അറിയിക്കപ്പെട്ട ചില വിദ്യാർത്ഥികൾ പിന്നീട് "Not Qualified" വിഭാഗത്തിലേക്ക് മാറി. വിദ്യാർത്ഥികളുടെ റാങ്കിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ഒരു ഔദ്യോഗിക ഫലത്തെ വിശ്വസിച്ച് രൂപപ്പെട്ട പ്രതീക്ഷകൾ മണിക്കൂറുകൾക്കകം തകരുന്നത് വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ മാനസികാഘാതവും അനിശ്ചിതത്വവും സൃഷ്ടിച്ചു. പൊതുസ്ഥാപനങ്ങളോടുള്ള വിശ്വാസത്തെയും ഇത് പ്രതികൂലമായി ബാധിച്ചു. സമയബന്ധിതമായി ഈ പിഴവ് കണ്ടെത്തിയിരുന്നില്ല എങ്കിൽ മെറിറ്റ് അടിസ്ഥാനത്തിൽ ലഭിക്കേണ്ട അവസരങ്ങൾ നഷ്ടപ്പെടുകയും, അർഹമായ സീറ്റുകൾ തട്ടിമാറ്റപ്പെടുകയും ചെയ്യുമായിരുന്നു. അതിനാൽ ഇത് കേവലം സാങ്കേതിക പിഴവായി ചുരുക്കിക്കാണാൻ കഴിയില്ല.

LLB പ്രവേശനപരീക്ഷയുടെ ഉത്തരസൂചിക.
LLB പ്രവേശനപരീക്ഷയുടെ ഉത്തരസൂചിക.

പ്രവേശനപരീക്ഷകളിൽ ചോദ്യങ്ങൾ റദ്ദാക്കപ്പെടുന്നതും ഉത്തരസൂചിക സംബന്ധിച്ച തർക്കങ്ങൾ ആവർത്തിച്ചുയരുന്നതും സ്ഥിരം കാഴ്ചയായി മാറുകയാണ്. പരീക്ഷയ്ക്ക് മുമ്പ് ചോദ്യങ്ങളുടെ ഗുണനിലവാരപരിശോധനയും വിദഗ്ധ പരിശോധനയും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇത് ചൂണ്ടിക്കാണിക്കുന്നു.

നിയമപ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് എൻട്രൻസ് കമ്മീഷണറേറ്റിന് സംഭവിച്ച ഗുരുതര പിഴവിനെ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് മറുപടി നൽകണം. വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ഉണ്ടായ മാനസിക പ്രയാസങ്ങൾക്കും പൊതുസമൂഹത്തിനുണ്ടായ ആശയക്കുഴപ്പത്തിനും വിശ്വാസപ്രതിസന്ധിക്കും വ്യക്തമായ വിശദീകരണവും ഔദ്യോഗിക ക്ഷമാപണവും വേണം.

ഈ വിഷയത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തണം. എൻട്രൻസ് കമ്മീഷണറേറ്റിന്റെ ആഭ്യന്തര പരിശോധനാ സംവിധാനങ്ങൾ, സ്ഥാപനപരമായ പരിശോധനാ നടപടികൾ, അംഗീകാര സംവിധാനം, ഉത്തരവാദിത്ത നിർണയ സംവിധാനം എന്നിവ സമഗ്രമായി വിലയിരുത്തണം. വീഴ്ച സംഭവിച്ച ഘട്ടം, ഉത്തരവാദികളായ ഉദ്യോഗസ്ഥർ, അന്തിമ അംഗീകാരം നൽകിയ നടപടിക്രമം എന്നിവ വ്യക്തമായി കണ്ടെത്തി ഭരണപരവും അച്ചടക്കപരവുമായ നടപടി സ്വീകരിക്കണം. വീഴ്ച ആവർത്തിക്കാതിരിക്കാനുള്ള ആഭ്യന്തര പരിശോധനാ സംവിധാനങ്ങളും സ്ഥാപനപരമായ പരിശോധനാ സംവിധാനങ്ങളും ശക്തിപ്പെടുത്തണം. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SOP) കാര്യക്ഷമമാക്കണം.

ഈ പരീക്ഷയുടെ മാത്രമല്ല, എൻട്രൻസ് കമ്മീഷണറേറ്റ് നടത്തുന്ന എല്ലാ പ്രവേശന പരീക്ഷകളുടെയും വിജ്ഞാപനം മുതൽ റാങ്ക് പട്ടിക പ്രസിദ്ധീകരണവും അലോട്ട്മെന്റ് നടപടികളും വരെ എല്ലാ ഘട്ടങ്ങളും സുതാര്യമായിരിക്കണം. കീം ഉൾപ്പെടെയുള്ള റാങ്ക് പട്ടികകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറില്ല. ചിലത് പ്രസിദ്ധീകരിക്കുകയും ചിലത് പ്രസിദ്ധീകരിക്കാതിരിക്കുകയും ചെയ്യുന്ന നയമാണ്. എല്ലാ റാങ്ക് പട്ടികകളും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിധത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. പിൻവലിക്കുന്നതോ തിരുത്തുന്നതോ ആയ റാങ്ക് പട്ടികകളും സുതാര്യതയുടെ ഭാഗമായി വെബ്സൈറ്റിൽ രേഖയായി നിലനിർത്തണം.

പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ശക്തമായ പരാതിപരിഹാര സംവിധാനം ഏർപ്പെടുത്തണം

പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ശക്തമായ പരാതിപരിഹാര സംവിധാനം ഏർപ്പെടുത്തണം (നിലവിൽ വിദ്യാർത്ഥികൾക്ക് പരാതി സമർപ്പിക്കാനുള്ള ഏക മെയിൽ ഐഡി - [email protected], ഹെൽപ് ലൈൻ നമ്പറുകൾ എന്നിവ മാത്രമാണ്. ഹെൽപ് ലൈൻ നമ്പറുകളിൽ പലതും പലപ്പോഴും പ്രവർത്തന സജ്ജവുമല്ല.)

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലെ സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ, ഡാറ്റാ പ്രോസസിംഗ്, സ്കോർ കണക്കാക്കൽ രീതി എന്നിവ സ്വതന്ത്ര സാങ്കേതിക വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഓരോ പ്രവേശന പരീക്ഷയ്ക്കും ശേഷം പരീക്ഷാനടത്തിപ്പ്, സാങ്കേതിക പ്രശ്നങ്ങൾ, പരാതികൾ, തിരുത്തൽ നടപടികൾ എന്നിവ വിലയിരുത്തുന്ന പരീക്ഷാനന്തര അവലോകന റിപ്പോർട്ട് തയ്യാറാക്കുന്ന സംവിധാനം ഏർപ്പെടുത്തണം, അത് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരിശോധിക്കാനുള്ള സംവിധാനം വേണം.

ചോദ്യനിർമാണവും വിദഗ്ധ പരിശോധനയും ഗുണനിലവാര ഉറപ്പാക്കൽ സംവിധാനങ്ങളും ശക്തിപ്പെടുത്തണം.

ചോദ്യനിർമാണം, ഉത്തരസൂചിക, മൂല്യനിർണയം, റാങ്ക് നിർണയം എന്നിവയുടെ ഓരോ ഘട്ടവും സ്വതന്ത്രമായി പരിശോധിക്കുന്ന ശക്തമായ ആഭ്യന്തര വിജിലൻസ് സംവിധാനവും ബഹുതല പരിശോധനാ സംവിധാനവും പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിൽ ഏർപ്പെടുത്തണം.

രാജ്യത്തും സംസ്ഥാനത്തും വിദ്യാഭ്യാസ സംവിധാനങ്ങളുടെയും പ്രവേശന പരീക്ഷാ സ്ഥാപനങ്ങളുടെയും സുതാര്യതയും വിശ്വാസ്യതയും സംബന്ധിച്ച് ആശങ്കകൾ ഉയരുന്ന ഘട്ടത്തിലാണ് ഈ വീഴ്ച ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഉന്നതവിദ്യാഭ്യാസവകുപ്പും പ്രവേശന പരീക്ഷാ കമ്മീഷണറേറ്റും മൗനം വെടിയണം. ഈ വിഷയത്തിന് അർഹിക്കുന്നത്ര പൊതുചർച്ചയും മാധ്യമശ്രദ്ധയും ലഭിച്ചില്ലെന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു.

രാജ്യതലസ്ഥാനത്ത് വിദ്യാഭ്യാസനീതിക്കുവേണ്ടി ഒരു കൂട്ടം യുവാക്കൾ നിരാഹാരം തുടരുന്ന സാഹചര്യം നമ്മുടെ പൊതുസംവിധാനങ്ങളുടെ നിസംഗതയെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
രാജ്യതലസ്ഥാനത്ത് വിദ്യാഭ്യാസനീതിക്കുവേണ്ടി ഒരു കൂട്ടം യുവാക്കൾ നിരാഹാരം തുടരുന്ന സാഹചര്യം നമ്മുടെ പൊതുസംവിധാനങ്ങളുടെ നിസംഗതയെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

രാജ്യതലസ്ഥാനത്ത് വിദ്യാഭ്യാസനീതിക്കുവേണ്ടി ഒരു കൂട്ടം യുവാക്കൾ നിരാഹാരം തുടരുന്ന സാഹചര്യം നമ്മുടെ പൊതുസംവിധാനങ്ങളുടെ നിസംഗതയെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നു. നീതിക്കുവേണ്ടിയുള്ള ശബ്ദങ്ങളോട് മുഖംതിരിക്കുകയും സംവാദങ്ങൾക്ക് ഇടമില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ ക്ഷയിപ്പിക്കും. അതുകൊണ്ടുതന്നെ വിദ്യാഭ്യാസരംഗത്ത് ഉയരുന്ന ഓരോ ആശങ്കയെയും പരാതിയായി മാത്രം കാണാതെ, പൊതുസംവിധാനങ്ങളുടെ വിശ്വാസ്യതയും സുതാര്യതയും ശക്തിപ്പെടുത്താനുള്ള അവസരമായി കാണണം. വിശ്വാസം വീണ്ടെടുക്കാനുള്ള ആദ്യപടി, സ്ഥാപിത താൽപര്യങ്ങൾക്കപ്പുറം തുറന്ന സംവാദങ്ങൾക്കും ഉത്തരവാദിത്തപരമായ വിശദീകരണങ്ങൾക്കും വാതിൽ തുറക്കുക എന്നതാണ്.

നിയമപ്രവേശനപരീക്ഷയുടെ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർത്ഥികളും വിദ്യാർത്ഥിസംഘടനകളും ആശങ്കയും പരാതികളും ഉയർത്തിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, പ്രവേശന പരീക്ഷാ കമ്മീഷണർ എന്നിവർക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തുക തന്നെ വേണം.

Comments