അശാസ്ത്രീയ യാത്രനിരക്ക് വർധനക്കെതിരെ പ്രതിഷേധിച്ച ലക്ഷദ്വീപ് എം.പിക്കെതിരെ കേസ്

അടിയന്തര ചികിത്സയ്ക്കായുള്ള ഹെലികോപ്റ്റർ യാത്രയ്ക്കുൾപ്പടെയാണ് ലക്ഷദ്വീപ് ഭരണകൂടം നിരക്ക് വർധിപ്പിച്ചത്. നേരത്തെ അടിയന്തര ചികിത്സയ്ക്കായുള്ള ഹെലികോപ്റ്റർ സേവനം സബ്സിഡി നിരക്കിൽ ലഭ്യമായിരുന്നു.

Think

ക്ഷദ്വീപിൽ അശാസ്ത്രീയമായി വർധിപ്പിച്ച കപ്പൽ വ്യോമ യാത്രനിരക്കിനെതിരെ ഗാന്ധി സ്ക്വയറിൽ പ്രതിഷേധിച്ച ലക്ഷദ്വീപ് എം.പി ഫൈസലിനെതിരെ കേസ്. ഐ.പി.സിയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്. 268 (പൊതു ശല്യം), 269 (അറിയാതെ രോഗം പടർത്താൻ കാരണമായേക്കാവുന്ന പ്രവർത്തിയിലേർപ്പെടുക), 270 ( രോഗം പടർത്താനായി ബോധപൂർവം ശ്രമിക്കുക), 188(പബ്ലിക് സർവന്റിന്റെ ഉത്തരവ് അനുസരിക്കാതിരിക്കൽ), 51 (a) (ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്) എന്നിവയാണ് എം.പിക്കെതിരെ ചുമത്തിയ വകുപ്പുകൾ. എം.പിക്കൊപ്പം പ്രതിഷേധിച്ച സഹപ്രവർത്തകർക്കെതിരെയും ലക്ഷദ്വീപ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ലക്ഷദ്വീപിൽ ജനാധിപത്യപരമായി പ്രതിഷേധിക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് എം.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റ് പ്രഫുൽ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചാൽ അടിച്ചമർത്തുമെന്ന ഭരണകൂടത്തിന്റെ ഭീഷണിക്കുമുമ്പിൽ പതറില്ലെന്നും അത് വിജയിക്കാൻ പോകുന്നില്ലെന്നും എം.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു. പ്രതിഷേധിക്കാൻ പുറത്തിറങ്ങിയാൽ കേസെടുക്കുമെന്ന ഭീഷണി ബ്രിട്ടീഷ് കാലത്തെ ഓർമ്മപ്പെടുത്തുന്നതാണെന്നും അതിശക്തമായ പ്രതിഷേധവുമായി ദ്വീപ് ജനത മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദ്വീപിൽ വിവിധയിടങ്ങളിലായി പ്രതിഷേധ പരിപാടി നടന്നെന്നും എന്നാൽ പ്രതിഷേധ പരിപാടിക്ക് മുമ്പ് ഓരോ വീടുകളിലും കയറി പോലീസ് ആളുകളെ ഭീഷണിപ്പെടുത്തി പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്നും തടയാൻ ശ്രമിച്ചെന്നും എം.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു.

അടിയന്തര ചികിത്സയ്ക്കായുള്ള ഹെലികോപ്റ്റർ യാത്രയ്ക്കുൾപ്പടെയാണ് നിരക്ക് വർധിപ്പിച്ചത്. നേരത്തെ അടിയന്തര ചികിത്സയ്ക്കായുള്ള ഹെലികോപ്റ്റർ സേവനത്തിന് സബ്സിഡി ലഭ്യമായിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം വിവിധ ദ്വീപുകളിൽ താമസിക്കുന്നവർ കൊച്ചിയിലേക്ക് 5000- 9000 രൂപ വരെ ഹെലികോപ്റ്റർ സർവീസിനായി നൽകേണ്ടി വരും. ലക്ഷദ്വീപ് നിവാസികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പുതിയ നിരക്ക് ബാധകമാവുമ്പോൾ, ദ്വീപ് നിവാസികളല്ലാത്തവർ ഈ തുകയുടെ ഇരട്ടി ഹെലികോപ്റ്റർ സർവീസിന് നൽകണം. ഉദാഹരണത്തിന്, നിലവിൽ ബിത്ര ദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് പോകാൻ ലക്ഷദ്വീപ് നിവാസി 8,290 രൂപ നൽകണം. 2018-ൽ ഇത് 7,530 രൂപയായിരുന്നു. ദ്വീപ് നിവാസിയല്ലാത്ത ഒരാൾ 15,060 രൂപ ഹെലികോപ്റ്റർ സർവീസിനായി മുടക്കേണ്ടി വരും.

കപ്പൽ യാത്രാനിരക്കും ലക്ഷദ്വീപ് ഭരണകൂടം വർധിപ്പിച്ചു. കൊച്ചിയിൽ നിന്ന് കവരത്തിയിലേക്കുള്ള യാത്രാനിരക്ക് ബങ്ക് ക്ലാസ് ടിക്കറ്റിന് 220 രൂപയുണ്ടായിരുന്നത് 330 ആക്കി ഉയർത്തി. ഇതേ യാത്രക്ക് ഫസ്റ്റ് ക്ലാസ് കാബിന് 3510 രൂപയും സെക്കന്റ് ക്ലാസ്സ് ടിക്കറ്റിന് 1300 രൂപയും ദ്വീപ് നിവാസികൾ നൽകണം. വി.ഐ.പി കാബിന് 6110 രൂപയാണ് നിരക്ക്. കോഴിക്കോട് ബേപ്പൂരിൽ നിന്ന് കവരത്തിയിലേക്ക് 230 രൂപയാണ് പുതുക്കിയ ബങ്ക് ക്ലാസ് നിരക്ക്. സെക്കൻഡ് ക്ലാസ് 720, ഫസ്റ്റ് ക്ലാസ് 1910 എന്നിങ്ങനെയാണ് മറ്റു നിരക്കുകൾ. മംഗളൂർ- കവരത്തി ബങ്ക് ക്ലാസിന് 240 രൂപയും ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസുകൾ യഥാക്രമം 2240, 840 രൂപയും നൽകണം.


Summary: അടിയന്തര ചികിത്സയ്ക്കായുള്ള ഹെലികോപ്റ്റർ യാത്രയ്ക്കുൾപ്പടെയാണ് ലക്ഷദ്വീപ് ഭരണകൂടം നിരക്ക് വർധിപ്പിച്ചത്. നേരത്തെ അടിയന്തര ചികിത്സയ്ക്കായുള്ള ഹെലികോപ്റ്റർ സേവനം സബ്സിഡി നിരക്കിൽ ലഭ്യമായിരുന്നു.


Comments