ഏക സിവിൽ കോഡ്​ അല്ല,
ലിംഗ വിവേചനം അവസാനിപ്പിക്കുകയാണ്​ വേണ്ടത്​

കീകൃത സിവിൽ കോഡ് അല്ല, എല്ലാ മതങ്ങളിലെയും, ഇതര സെക്കുലർ നിയമങ്ങളിലെയും ലിംഗ വിവേചനങ്ങൾ അവസാനിപ്പിച്ച് നീതിയും തുല്യതയും ഉറപ്പുവരുത്തുകയാണ് ഈ കാലഘട്ടത്തിൻ്റെആവശ്യം എന്ന് ഫോറം ഫോർ മുസ്​ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് ലോ കമ്മീഷന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

Statement

കീകൃത സിവിൽ കോഡ് അല്ല, എല്ലാ മതങ്ങളിലെയും, ഇതര സെക്യുലർ നിയമങ്ങളിലെയും ലിംഗവിവേചനങ്ങൾ അവസാനിപ്പിച്ച് നീതിയും തുല്യതയും ഉറപ്പുവരുത്തുകയാണ് ഈ കാലഘട്ടത്തിൻ്റെആവശ്യം എന്ന് ഫോറം ഫോർ മുസ്​ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് ലോ കമ്മീഷന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

2018 ആഗസ്​റ്റിൽ, രണ്ടു വർഷം നീണ്ട അഭിപ്രായ സമാഹരണത്തിനും വിശകലനങ്ങൾക്കും ശേഷം 21-ാം നിയമ കമ്മീഷൻ വ്യക്തിനിയമങ്ങൾ (Personal laws) പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് 185 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ടിൽ ഒരു നടപടിയും സ്വീകരിക്കാതെ വീണ്ടും ഏകീകൃത സിവിൽ കോഡിന് വേണ്ടിയുള്ള നീക്കം 22-ാം ലോ കമീഷനെ മുൻനിർത്തി ആരംഭിച്ചിരിക്കുകയാണ്. വിവാഹം, സംരക്ഷണ അവകാശം, ജീവനാംശം, പിന്തുടർച്ചാകാശം എന്നിവ സംബന്ധിച്ച് എല്ലാ വ്യക്തിനിയമങ്ങളിലും പരിഷ്കാരങ്ങൾ വേണമെന്ന് 21-ാം ലോ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഈ ശുപാർശകളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫോറം ഫോർ മുസ്​ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് ആവശ്യപ്പെട്ടു. സ്ത്രീകളുടെയും ഇതര ലിംഗ വിഭാഗങ്ങളുടെയും സ്വത്വവും അന്തസ്സും ഉയർത്തിപ്പിടിച്ച് ഭരണഘടനാമൂല്യങ്ങളായ നീതി, തുല്യത എന്നിവയിലധിഷ്ഠിതമായി എല്ലാ മതങ്ങളിലെയും വ്യക്തിനിയമങ്ങളുടെ പരിഷ്കരണത്തെ പൂർണമായും പിന്തുണയ്ക്കുമ്പോൾ തന്നെ, ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിച്ച് രാജ്യത്ത് മതങ്ങൾ തമ്മിൽ കലഹങ്ങൾ ഉണ്ടാക്കി വർഗീയ ധ്രുവീകരണം നടത്താനുള്ള ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെൻറ് നീക്കത്തെ ഫോറം ഫോർ മുസ്​ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് അപലപിച്ചു. 

ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചർച്ചകൾ ഉയർന്നുവന്ന ഘട്ടത്തിൽ ഭോപ്പാലിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ ഇസ്​ലാം മതത്തിലെ വ്യക്തിനിയമങ്ങൾ സ്ത്രീവിരുദ്ധമാണ് എന്നും അത് പരിഹരിക്കാനാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നത് എന്നും മുസ്​ലിം സ്ത്രീകളുടെ അവകാശ സംരക്ഷണമാണ് തന്റെ ഗവൺമെൻറ് ലക്ഷ്യം വെക്കുന്നതെന്നും പറഞ്ഞിരുന്നു. എന്നാൽ ഏകീകൃത സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയിൽ ആദിവാസി വിഭാഗങ്ങൾക്ക് നൽകിയ പ്രത്യേക അവകാശങ്ങളുടെ ലംഘനമാകും എന്ന് വിമർശനം ഉയർന്നു വന്നപ്പോൾ ആദിവാസി വിഭാഗങ്ങളുടെ പ്രത്യേക അവകാശങ്ങൾ നിലനിർത്തുമെന്നും ക്രിസ്ത്യൻ മതവിശ്വാസികളായവരെ ഉൾപ്പെടെ ഏകീകൃത സിവിൽ കോഡിൽ നിന്ന്​ ഒഴിവാക്കും എന്നും ബി ജെ പി നേതാക്കൾ പ്രസ്താവിക്കുകയുണ്ടായി. സിഖ്​ മതവിഭാഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നപ്പോൾ അവരുടെയും ആശങ്കകൾ പരിഹരിക്കും എന്നുള്ള നിലയിലാണ് പ്രസ്താവനകൾ വന്നത്. ഇതിനർത്ഥം മുസ്​ലിംകളെ അപരവൽക്കരിച്ച് ഹിന്ദുത്വ അജണ്ടയെ ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്ര ഗവൺമെൻറ് ഇപ്പോൾ ഏകീകൃത സിവിൽ നിയമ വിവാദം സൃഷ്ടിക്കുന്നത് എന്നാണ്.

ഈ നീക്കത്തിൽ നിന്ന് കേന്ദ്ര ഗവൺമെൻറ് പിന്മാറണം. ഏകീകൃത സിവിൽ കോഡിന്റെ വർഗീയമായ അവതരണം ലിംഗനീതിയെ കുറിച്ച് ഉയർന്നുവരുന്ന അടിയന്തരമായ പ്രശ്നങ്ങളുടെ പരിഹാരത്തെ ദോഷകരമായി ബാധിക്കും. എല്ലാ സമുദായങ്ങളിലും മതവിഭാഗങ്ങളിലും പെട്ട സ്ത്രീകൾക്ക് സർവ്വത്രികമായി ബാധകമാവും വിധത്തിൽ ഗാർഹിക പീഡനം സംബന്ധിച്ച നിയമവും ഗർഭഛിദ്ര നിയമവും ബാലവിവാഹ നിരോധന നിയമവും  സ്പെഷ്യൽ മേരേജ് ആക്ടും കൊണ്ടുവന്നത് സ്ത്രീസമൂഹത്തിന്  ഏറെ സഹായകരമായിരുന്നു. വ്യക്തിനിയമങ്ങളിലായാലും മതേതര നിയമങ്ങളിലായാലും പക്ഷപാതപരമായ അംശങ്ങൾ നീക്കം ചെയ്ത് പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതാണ്. വിവാഹമോചനം, കുട്ടികളെ ദത്തെടുക്കൽ, കുട്ടികളുടെ സംരക്ഷണം, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശം എന്നീ വിഷയങ്ങളിൽ സ്ത്രീക്കും പുരുഷനും ഇതര ലിംഗ വിഭാഗങ്ങൾക്കും തുല്യ അധികാരങ്ങൾ ഉണ്ടാവുക എന്നതാണ് ലക്ഷ്യം വെക്കേണ്ടത്. സാർവത്രികമായി ബാധകമായ വിധത്തിൽ നിലവിലുള്ള എല്ലാ നിയമങ്ങളിലും സവിശേഷമായ പരിഷ്കാരങ്ങൾ നടപ്പിലാക്കണം. 

കേരളത്തിലെ മുസ്​ലിം സ്ത്രീകളുടെ സ്വത്തവകാശ പ്രശ്നങ്ങളിൽ പ്രധാനമായി ശ്രദ്ധ വെച്ചു കൊണ്ട്  പ്രവർത്തിക്കുന്ന ഒരു സംഘടന എന്ന നിലയിൽ 1937 ലെ ഇന്ത്യൻ മുസ്​ലിം വ്യക്തിനിയമം ക്രോഡീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്യണമെന്ന ആവശ്യം ഫോറം ഫോർ മുസ്​ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് നേരത്തെ ഉയർത്തിയിട്ടുണ്ട്. ഈ ദിശയിൽ നടപ്പിലാക്കേണ്ടുന്ന പരിഷ്കരണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ കഴിഞ്ഞ ജൂലൈ 10 ന് ലോ കമ്മീഷനു സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

1. വിവാഹ നിയമങ്ങൾ

 എ. വിവാഹത്തിനുള്ള മിനിമം വയസ്സ് ഇണകൾക്ക് തുല്യമാക്കണം.
ബി. എല്ലാ വിവാഹങ്ങളും ഇണകൾക്ക്    തുല്യാവകാശം ഉറപ്പുവരും വിധം രജിസ്റ്റർ ചെയ്യണം.
സി. സ്ത്രീധനത്തിൻ്റെ എല്ലാ രൂപങ്ങളും നിയമവിരുദ്ധമാക്കണം.
ഡി. വിവാഹ മോചനം  പരസ്പര സമ്മതത്തോടെയാണ് ഉചിതം. എങ്കിലും, ഏകപക്ഷീയമായി പുരുഷനോ സ്ത്രീയ്ക്കോ വിവാഹമോചനത്തിനവകാശമുണ്ടാകണം.അതിനുള്ള നടപടിക്രമങ്ങളിൽ ലിംഗവിവേചനം പാടില്ല.
ഇ. സ്ഥിരം വരുമാനമില്ലാത്ത സ്ത്രീയ്ക്ക് ജീവനാംശത്തിന് അവകാശമുണ്ട്. അത് ഒറ്റത്തവണയായോ, സ്ത്രീ പുനർവിവാഹം ചെയ്യുന്നതുവരെയുള്ള ജീവിതച്ചെലവായി പ്രതിമാസമായോ ന്യായമായ തുക (കോടതി വിധിക്കുന്നത് ) കൊടുക്കണം.
എഫ്. ജോലിയുള്ളവരാണ് രണ്ടു പേരുമെങ്കിൽ പിരിയുമ്പോൾ അതുവരെയുള്ള സമ്പാദ്യം മുഴുവൻ പൊതുവായി കണക്കാക്കി തുല്യമായി വീതിക്കണം.
ജി. മുസ്​ലിം ദമ്പതികൾ ബന്ധം വേർപിരിഞ്ഞ ശേഷം വീണ്ടും ഒന്നിയ്ക്കണമെങ്കിൽ  മറ്റൊരാളുമായി ഒറ്റ ദിവസത്തെ ആചാരവിവാഹം ചെയ്യണമെന്നത് നിയമവിരുദ്ധമാക്കണം.

2.  കുട്ടികളുടെ രക്ഷാകർതൃത്വം.

എ. ലിംഗവിവേചനം പാടില്ല. Custodian തന്നെയായിരിക്കണം guardian.
ഒരു പാരൻ്റ് മരിച്ചു പോയാൽ മറ്റേ പാരൻറ് ആയിരിക്കും ഗാർഡിയൻ.
ബി. വിവാഹമോചിതരാണെങ്കിൽ (മാതാവ് വരുമാനമുള്ളയാളാണെങ്കിൽ) കുട്ടികളുടെ സാമ്പത്തിക ഉത്തരവാദിത്തം രണ്ടുപേർക്കും തുല്യം. പക്ഷേ, guardian (Custodian) ആരാണോ അയാൾക്ക് കുട്ടിയുടെ വിദ്യാഭ്യാസ, വിവാഹ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മുൻഗണന. 
സി. Guardian ആരാവണമെന്നതിൽ കുട്ടിയുടെ താൽപ്പര്യവും സുരക്ഷിതത്വവും കൂടി കോടതിക്ക്പരിഗണിക്കാം.

3. ദത്തെടുക്കൽ 

എല്ലാ മതക്കാർക്കുമെന്ന പോലെ ഇസ്​ലാം മതവിശ്വാസികൾക്കും ദത്തെടുക്കാൻ അനുമതിയുണ്ടാവണം. ദത്തെടുത്ത കുഞ്ഞിന് സ്വന്തം കുട്ടിയുടേതു പോലെ ഓഹരിക്ക് അർഹത നല്കണം.

4.പിന്തുടർച്ചാവകാശങ്ങൾ

ലിംഗനീതിപരമായും മാനവികമായും നിലവിൽ പ്രാക്ടീസ് ചെയ്യപ്പെടുന്ന എല്ലാ നിയമങ്ങളെയും പരിഷ്കരിക്കണം. പ്രധാനപ്പെട്ട നാലെണ്ണം പ്രതിപാദിക്കുന്നു. അവ നിയമമാക്കിയാൽത്തന്നെ മറ്റുള്ളവ അപ്രസക്തമാകുന്നുമുണ്ട്.

എ. കുടുംബമുള്ള ഒരു വ്യക്തി അവശേഷിപ്പിച്ച (മരണശേഷം) സ്വത്ത് പങ്കാളി, മക്കൾ, മാതാപിതാക്കളുണ്ടെങ്കിൽ അവർ എന്നിവർക്ക് തുല്യമായി വീതിക്കുക. ഇത് മരിച്ച ആൾ മാതാപിതാക്കളുടെ ഒറ്റ മകൻ / മകൾ ആണെങ്കിൽ മാത്രം ബാധകമായതാണ്. സഹോദരർ ഉണ്ടെങ്കിൽ അനുസൃതമായി ഫ്രാക്ഷൻ കുറയ്ക്കാം. ബാക്കി വരുന്നത് മറ്റു അവകാശികൾക്ക് തുല്യമായി ഭാഗിച്ചെടുക്കുകയും ചെയ്യാം.
ബി. മരിച്ചുപോയ  മകൻ്റെയോ മകളുടെയോ കുട്ടികൾക്ക് (പേരക്കുട്ടികൾക്ക്) ആ മകൻ / മകൾ ജീവിച്ചിരുന്നെങ്കിൽ കിട്ടുമായിരുന്ന ഓഹരി പൂർണമായും കൊടുക്കുക.
സി. പെൺകുട്ടികൾ മാത്രമാണ് എന്നതിൻ്റെ പേരിൽ രക്ഷിതാവിൻ്റെ സ്വത്തിൽ നേരത്തേ പറഞ്ഞ അടുത്ത ബന്ധുക്കളല്ലാത്തവർക്ക് ഒരവകാശവുമില്ല. ആൺകുട്ടികളാണെങ്കിൽ കിട്ടുമായിരുന്നത്ര തന്നെ ആ പെൺകുട്ടികൾക്ക് ലഭിക്കണം. ഇത് ട്രാൻസ് വ്യക്തികൾക്കും ബാധകം.
ഡി. മുതിർന്ന അവിവാഹിതരായ മകൻ്റെയോ മകളുടെയോ സ്വത്ത് അവർ മരിച്ചു പോയാൽ, മാതാപിതാക്കൾക്ക് തുല്യമായി ലഭിക്കണം.

ഹിന്ദു - ക്രിസ്ത്യൻ തുടങ്ങി എല്ലാ മതങ്ങളുടെയും വൃക്തി നിയമങ്ങളെ ഇതുപോലെ ലിംഗനീതിപരമായി പരിഷ്കരിക്കുക.

ഭരണഘടനയിലെ ആർട്ടിക്കിൾ 13- ൽ പറയുന്ന laws in force in the territory of India എന്നതിൽ എല്ലാ വ്യക്തിനിയമങ്ങളും ഉൾപ്പെടുത്തുക.

ഏകീകൃത സിവിൽ നിയമത്തിനെതിരെ കേരളത്തിലെ എൽ ഡി എഫ്, യു ഡി എഫ് കക്ഷികൾ  നിലപാട് എടുത്തിട്ടുണ്ട്. ഇസ്​ലാമിക വിഭാഗങ്ങളെ പ്രത്യേകം ലക്ഷ്യമിട്ട് ബി ജെ പി ഗവൺമെൻറ് നടത്തുന്ന ഏകീകൃത സിവിൽ കോഡ് നിർമ്മാണ നീക്കം മത സാമുദായിക വിഭാഗങ്ങളിലെ മുഴുവൻ മനുഷ്യരെയും ഏകോപിപ്പിച്ച് അണിനിരത്തി തടയുന്നതിനുള്ള എല്ലാ പരിശ്രമങ്ങളെയും ഫോറം ഫോർ മുസ്​ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് പിന്തുണക്കുന്നു. ലോകത്തെമ്പാടും മർദ്ദിതർക്കെതിരെ പാർശ്വവൽകൃതരെ ചേർത്തു പിടിച്ച സംസ്കാരമുള്ള ഇടതുപക്ഷം അത്തരം ഉദ്യമങ്ങളിലേയ്ക്കിറങ്ങുമ്പോൾ കൂടുതൽ പാർശ്വത്തിലേയ്ക്കൊതു ക്കപ്പെടാവുന്ന സ്ത്രീകളെപ്പറ്റി പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ടു് എന്ന് അഭിപ്രായമുണ്ട്.  ഇസ്​ലാമിക ശരീയത്ത്​ നിയമങ്ങളിൽ വ്യത്യസ്ത രാജ്യങ്ങളിൽ വിവിധ കാലഘട്ടങ്ങളിലുണ്ടായ പരിഷ്കരണങ്ങൾ കണക്കിലെടുക്കാതെ  വ്യക്തിനിയമങ്ങൾ ദൈവികമെന്നുവാദിച്ച് സമാന പരിഷ്കാരങ്ങളെ എതിർക്കുന്ന മതനേതൃത്വങ്ങളെ മാത്രം പങ്കാളികളാക്കിക്കൊണ്ടുള്ള ഏകീകൃത സിവിൽ കോഡ് വിരുദ്ധ സമരങ്ങൾ അനുചിതമാണ്. പ്രത്യേകിച്ച് ഏകീകൃത സിവിൽ കോഡിന് ബദലായി വൃക്തിനിയമ പരിഷ്കരണാവശ്യത്തെ ഉയർത്തിപ്പിടിക്കാവുന്ന നിയമവിദഗ്ദ്ധോപദേശം കേന്ദ്രത്തിൻ്റെ മുന്നിലിരിക്കുമ്പോൾ.

സാമൂഹ്യ പരിഷ്കരണങ്ങൾ പലപ്പോഴും മത യാഥാസ്ഥികത്വത്തിന്റെ ശക്തമായ എതിർപ്പിനെ മറികടന്നു കൊണ്ട് തന്നെയാണ് നടപ്പിലാക്കിയിട്ടുള്ളത്. ഗുരുവായൂർ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, അയിത്തവിരുദ്ധ സമരം, സതി നിരോധനം, ശൈശവ വിവാഹനിരോധനം,  വസ്ത്രധാരണ സ്വാതന്ത്ര്യം, ആഭരണ സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം തുടങ്ങിയവയൊക്കെ ഈ രീതിയിൽ മത യാഥാസ്ഥികവാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് നിയമ നിർമ്മാണങ്ങളിലൂടെ നേടിയെടുത്തതാണ്. മത യാഥാസ്ഥിതികരുടെ ശക്തമായ എതിർപ്പ് നേരിട്ടു കൊണ്ടാണ് ഹിന്ദു കോഡ് ബില്ലും കൃസ്ത്യൻ പിന്തുടർച്ചാവകാശ നിയമവുമൊക്കെ രാജ്യത്ത് നടപ്പിലായത്.

സാമൂഹ്യ പരിഷ്കരണശ്രമങ്ങളുടെ നീണ്ട പാരമ്പര്യമുള്ള കേരളം ഒരു രാഷ്ട്രീയ സമൂഹമായി മാറിക്കഴിഞ്ഞപ്പോൾ പരിഷ്കരണ പരിശ്രമങ്ങൾ വേണ്ട രീതിയിൽ ഏറ്റെടുക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുന്നുണ്ടോ എന്ന് അവർ സ്വയം വിമർശനപരമായി പരിശോധിക്കണം.

ഇന്ത്യൻ മുസ്​ലിം വ്യക്തിനിയമത്തിൽ ലിംഗ നീതിപരമായ പരിഷ്കരണങ്ങൾ കൊണ്ടുവരുന്ന കരട് ബില്ല് നിയമവിദഗ്ധരുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ തയ്യാറാക്കി വ്യാപകമായി ചർച്ച ചെയ്യാൻ ഫോറം ഫോർ മുസ്ലിം വിമൻസ് ജൻ്റർ ജസ്റ്റിസ് തീരുമാനിച്ചിട്ടുണ്ട്. ഒപ്പം, പുതിയ ഇന്ത്യനവസ്ഥയിൽ ഏക സിവിൽ കോഡിനെപ്പറ്റിയും ബദൽ നിയമപരിഷ്കരണങ്ങളെപ്പറ്റിയും യുവാക്കൾക്കും സ്ത്രീ-പുരുഷന്മാർക്കും  അവബോധമുണ്ടാക്കും വിധം സമൂഹത്തിൻ്റെ അടിത്തട്ടിലേക്കിറങ്ങിയുള്ള പ്രവർത്തനങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കണമെന്ന ഉദ്ദേശ്യവും ഫോറത്തിനുണ്ട്. ജനാധിപത്യ രാഷ്ട്രീയ പാർട്ടികളുടെ സാംസ്കാരിക വിഭാഗങ്ങളും സമാനമായി ഇക്കാരുത്തിൽ ശ്രദ്ധ ചെലുത്തുന്നത് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സംരക്ഷണത്തിന് അനുപേക്ഷണീയമാണെന്നും ഫോറം ഫോർ മുസ്​ലിം വിമൻസ് ജെൻഡർ ജസ്റ്റിസിനുവേണ്ടി ഡോ. ഖദീജ മുംതാസ്, നെജു ഇസ്മയില്‍, എം. സുല്‍ഫത്ത്, നഫീസ കോലോത്ത് തയ്യില്‍, നബീസ സെയ്ദ്‌ എന്നിവർ പ്രസ്​താവനയിൽ പറഞ്ഞു.

Comments