ആർത്തവ വിവേചനത്തിനെതിരെ ഗുജറാത്ത്​ ഹൈക്കോടതിയുടെ ഇടപെടൽ

ആർത്തവത്തിന്റെ പേരിലുള്ള വിവേചനങ്ങൾ നിയമം മൂലം നിരോധിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി ഗുജറാത്ത് ഹൈക്കോടതി മുന്നോട്ടുവന്നിരിക്കുകയാണ്. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നതിനെതിരെ നിയമം നിർമിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിലാണ് കോടതി കേന്ദ്രസർക്കാറിന് മുമ്പിൽ ചില നിർദേശങ്ങൾ വെച്ചത്

National Desk

"ആർത്തവത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ നേരിടുന്ന സാമൂഹികമായ മാറ്റിനിർത്തലുകൾ ഒരുതരത്തിലുള്ള അസ്​പൃശ്യതയാണ്. ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണിത്. വ്യക്തികളെ അപമാനിക്കുന്ന ‘ശുദ്ധി- അശുദ്ധി' സങ്കല്പങ്ങൾക്ക് ഭരണഘടനാ വ്യവസ്ഥയിൽ യാതൊരു സ്ഥാനവുമില്ല.' ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വാക്കുകളാണിത്.

ഇന്ത്യയിൽ മതപരമായതും സാംസ്‌കാരികമായതുമായ എല്ലാ ആചാരങ്ങളും അടിച്ചേൽപ്പിക്കുന്ന എല്ലാതരത്തിലുള്ള ആർത്തവ വിലക്കുകളും ഭരണഘടനാവിരുദ്ധമാണെന്ന് അംഗീകരിച്ച ആദ്യനടപടിയായിരുന്നു (Indian Young Lawyers Association vs The State Of Kerala കേസിലെ ) 2018 സെപ്റ്റംബർ 28ലെ സുപ്രീം കോടതി വിധി. സുപ്രീംകോടതിവിധിയുടെ വെളിച്ചത്തിൽ തങ്ങളുടെ ആചാരങ്ങളിൽ പരിഷ്‌കരണങ്ങൾ വളർത്താൻ ഇന്ത്യയിലെ മതസ്ഥാപനങ്ങൾ തയ്യാറായോ? അതിനുവേണ്ടിയുള്ള എന്തെങ്കിലും നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായോ? ആർത്തവത്തിന്റെ പേരിലുള്ള വിവേചനമെന്ന അപമാനം ഇന്ത്യയിലെ സ്ത്രീകളിൽനിന്ന്​ ഇല്ലാതായോ? ഇല്ല.

കോടതി വിധിയ്ക്കുശേഷം കേരളത്തിൽ എന്തു സംഭവിച്ചുവെന്ന് നമ്മൾ കണ്ടതാണ്. ആചാരസംരക്ഷണമെന്ന അവകാശവാദത്തോടെ ഈ വിവേചനത്തെ അനുകൂലിച്ചു മുന്നോട്ടുവന്നതിൽ വലിയൊരു വിഭാഗം സ്ത്രീകൾ തന്നെയായിരുന്നു. കേരളത്തിൽ മാത്രമല്ല ദേശീയതലത്തിൽ തന്നെ ഈ വിധി വലിയ ഒച്ചപ്പാടുകൾക്ക് വഴിവെച്ചപ്പോൾ ഭരണകൂടംവരെ അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതാണ് കണ്ടത്.

സുപ്രീംകോടതി വിധി വന്ന് മൂന്നുവർഷത്തിനിപ്പുറം ആർത്തവത്തിന്റെ പേരിലുള്ള വിവേചനങ്ങൾ നിയമം മൂലം നിരോധിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിക്കൊണ്ട് ഗുജറാത്ത് ഹൈക്കോടതി കൂടി മുന്നോട്ടുവന്നിരിക്കുകയാണ്. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നതിനെതിരെ നിയമം നിർമിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് നിർജ്ഹാരി മുകുൾ സിൻഹ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഗുജറാത്ത് ഹൈക്കോടതി കേന്ദ്രസർക്കാറിന് മുമ്പിൽ ചില നിർദേശങ്ങൾ വെച്ചത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിലുള്ള ശ്രീ സഹ്ജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ 68 പെൺകുട്ടികൾ ആർത്തവാവസ്ഥയിലല്ല എന്ന് വസ്ത്രമഴിച്ച് തെളിയിക്കേണ്ടിവന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹരജി.

കോളജ് റസ്റ്റ്റൂമിൽ കൊണ്ടുപോയി വിദ്യാർഥികളോട് അടിവസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ചില പെൺകുട്ടികൾ ആർത്തവ സമയത്ത് മതാചാരങ്ങൾ പാലിക്കുന്നില്ലയെന്ന് ആരോപിച്ച് ഹോസ്റ്റൽ മേധാവി പ്രിൻസിപ്പലിന് പരാതി നൽകിയതിനെ തുടർന്നായിരുന്നു ഇത്.
സ്ത്രീകളുടെ മാനുഷികവും നിയമപരവും മൗലികവുമായ അവകാശങ്ങളുടെ ലംഘനമാണ് ആർത്തവത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്. ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് ഇലേഷ് ജെ.വോറ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കോടതി നിർദേശം ശബരിമല വിധി എടുത്തുപറഞ്ഞ്​:

ശബരിമല കേസിലെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിധിയിൽ ആർട്ടിക്കിൾ 17നെ, അസ്പൃശ്യതയെ വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ വിശദീകരിച്ചുകൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതി ആർത്തവ വിലക്കുകൾ നിരോധിക്കേണ്ടതിന്റെ ആവശ്യകത ഉറപ്പിക്കുന്നത്. ‘നമ്മുടെ സമൂഹത്തെ മുന്നോട്ടുനയിക്കുന്നത് ഭരണഘടനയാണ്. അവമതിക്കപ്പെടേണ്ട ഒന്നല്ല ഭരണഘടനാ മൂല്യങ്ങൾ.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

വ്യക്തികളെ അപമാനിക്കുന്ന ശുദ്ധി- അശുദ്ധി സങ്കല്പങ്ങൾക്ക് ഭരണഘടനാനുസൃതമായ ഒരു ഭരണകൂടത്തിൽ യാതൊരു സ്ഥാനവുമില്ല. ആർത്തവത്തെ അശുദ്ധിയായി, മോശം കാര്യമായി കണക്കാക്കുന്നതും അതിന്റെ പേരിൽ അയോഗ്യതകൾ അടിച്ചേൽപ്പിക്കുന്നതും ഭരണഘടന സ്ത്രീകൾക്ക് ഉറപ്പ് നൽകുന്നത് അന്തസ്സിന് എതിരാണ്’; ചന്ദ്രചൂഢിനെ ഉദ്ധരിച്ച് കോടതി ഉത്തരവിൽ പറയുന്നു.

കോടതി മുന്നോട്ടുവെച്ച നിർദേശങ്ങൾ:

പൊതു- സ്വകാര്യ ഇടങ്ങൾ, മത- വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആർത്തവത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ സാമൂഹ്യമായി മാറ്റിനിർത്തുന്നത് നിരോധിക്കുക.

ആർത്തവത്തിന്റെ പേരിലുള്ള സമൂഹ്യവിവേചനത്തിനെതിരെ സംസ്ഥാന സർക്കാർ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കണം. പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ സ്ഥാപിച്ചും, സ്‌കൂൾ കരിക്കുലത്തിൽ ഈ വിഷയം ഉൾപ്പെടുത്തിയും, റേഡിയോ- ടെലിവിഷൻ മാധ്യമങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ബോധവത്കരണം നടത്തണം. ആർത്തവ ആരോഗ്യത്തെയും ശുചിത്വത്തെയും സംബന്ധിച്ച് കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനായിരിക്കണം ഇതിൽ ആദ്യ പ്രാധാന്യം നൽകേണ്ടത്.

ലജ്ജ കാരണം അമ്മമാരും മറ്റ് സ്ത്രീകളും തങ്ങളുടെ കുട്ടികളോട് ഈ വിഷയം സംസാരിക്കാൻ മടിക്കുമെന്നതിനാൽ ആർത്തവത്തെക്കുറിച്ച് പരിമിത അറിവ്​ വെച്ചുപുലർത്തിയാണ് കുട്ടികൾ വളരുന്നത്. ആർത്തവവുമായി ബന്ധപ്പെട്ട് ജീവശാസ്ത്രപരമായ വസ്തുതകളും ശുചിത്വകാര്യങ്ങളും മുതിർന്നവർക്കുതന്നെ കൃത്യമായി അറിയില്ല, പകരം സാംസ്‌കാരിക വിലക്കുകളും നിയമങ്ങളുമൊക്കെയാണ് അവർ കുട്ടികൾക്ക് കൈമാറുന്നത്. അതിനാൽ കുട്ടികളിൽ ബോധവത്കരണം സൃഷ്ടിക്കാൻ സാമുദായാടിസ്ഥാനത്തിലുള്ള ആരോഗ്യവിദ്യാഭ്യാസ കാമ്പയിനുകൾ വഴി സാധിക്കും. ആർത്തവത്തെക്കുറിച്ച് സ്‌കൂൾ അധ്യാപകർക്കിടയിലും ബോധവത്കരണം നടത്തണം.

വിദ്യാഭ്യാസത്തിലൂടെയുള്ള സ്ത്രീശാക്തീകരണത്തിനും തീരുമാന രൂപീകരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും. വിദ്യാഭ്യാസത്തിന്റെ കുറവ് കാരണം തീരുമാനമെടുക്കുന്ന കാര്യത്തിൽ സ്ത്രീകളെയും പെൺകുട്ടികളെയും മാറ്റിനിർത്താറുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കുന്നതിലൂടെ ആ വിഭാഗത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യപുരോഗതി സാധ്യമാകും, വലിയൊരളവുവരെ സാംസ്‌കാരിക വിലക്കുകളെ അതിജീവിക്കാനും സാധിക്കും.

ആരോഗ്യ തൊഴിലാളികൾ, അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവർത്തകർ, അംഗനവാടി തൊഴിലാളികൾ എന്നിവർക്കിടയിൽ ആർത്തവത്തിന്റെ ജീവശാസ്ത്രപരമായ വിഷയങ്ങളിൽ ബോധവത്കരണം നടത്തണം. ഇവർക്ക് ഈ അറിവ് മറ്റുള്ളവരിലേക്ക് പകരാനും അതുവഴി ആർത്തവവുമായി ബന്ധപ്പെട്ട മിത്തുകളെ തകർക്കാനായി സാമൂഹ്യമായ പിന്തുണ ഉണ്ടാക്കിയെടുക്കാനും സാധിക്കും. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ അഡോളസെന്റ് ഫ്രണ്ട്​ലി ഹെൽത്ത് സർവീസ് ക്ലിനിക്കുകളിൽ പരിശീലനം ലഭിച്ച വ്യക്തികളുണ്ടായിരിക്കണം.

ഇത്തരം ബോധവത്കരണം നടത്താൻ സംസ്ഥാന സർക്കാർ എൻ.ജി.ഒകളെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളെയും പങ്കാളികളാക്കി കാമ്പയിന സംഘടിപ്പിക്കണം.

ആർത്തവ ശുചിത്വം ലക്ഷ്യമിട്ടുള്ള നിലവിലെ എല്ലാ കാമ്പയിനുകളിലും പദ്ധതികളിലും ആർത്തവത്തിന്റെ പേരിലുള്ള സാമൂഹ്യ അയിത്തമെന്ന പ്രശ്നം കൂടി സംസ്ഥാന സർക്കാർ ഉൾപ്പെടുത്തണം.

ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ ഫണ്ട്​ സംസ്ഥാന സർക്കാർ അനുവദിക്കണം.

പൊതു- സ്വകാര്യ മേഖലകളിൽ പഠിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന സ്ത്രീകളുടെ ഹോസ്റ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആർത്തവത്തിന്റെ പേരിലുളള മാറ്റിനിർത്തലുകളെ സംസ്ഥാന സർക്കാർ നിരോധിക്കണം.

ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അപ്രതീക്ഷിത സന്ദർശനം അടക്കമുള്ള അനുയോജ്യ നടപടികൾ സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവണം. പിഴവുവരുത്തുന്ന സ്ഥാപനങ്ങളിൽ നിന്ന്​പിഴയീടാക്കണം.

കോടതി നിരീക്ഷണങ്ങൾ:

ആർത്തവത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ആർത്തവമുള്ള സ്ത്രീ അശുദ്ധയാണെന്നുള്ള പരമ്പരാഗത വിശ്വാസവും ഈ വിഷയത്തെ സാധാരണ നിലയിൽ ചർച്ച ചെയ്യാനുളള നമ്മുടെ താൽപര്യക്കുറവുമാണ് ആർത്തവവുമായി ബന്ധപ്പെട്ട അപമാനിക്കലുകൾക്ക് പിന്നിലെന്നാണ് കോടതി നിരീക്ഷണം.

ആർത്തവമുണ്ട് എന്ന കാരണംകൊണ്ട് മാത്രം നിരവധി സ്ത്രീകൾ നിത്യജീവിതത്തിൽ നിയന്ത്രണം നേരിടുകയാണെന്നും കോടതി പരാമർശിക്കുന്നു: ‘പൂജാമുറിയിൽ പ്രവേശിക്കരുത് എന്നതാണ് നഗരങ്ങളിലെ പെൺകുട്ടികളെ സംബന്ധിച്ച് പ്രധാന നിയന്ത്രണമെങ്കിൽ അടുക്കളയിലാണ് ഗ്രാമീണ സ്ത്രീകൾ വിലക്ക് നേരിടുന്നത്. ആർത്തവമുള്ള സ്ത്രീകളെ പ്രാർത്ഥനയിൽ നിന്നും വിശുദ്ധ ഗ്രന്ഥങ്ങൾ സ്പർശിക്കുന്നതിൽ നിന്നും വിലക്കുകയാണ്’.

ആർത്തവ വിലക്കുകൾ പല സമൂഹങ്ങളിലും സ്ത്രീകളുടെയും പെൺകുട്ടികളെയും മാനസികാവസ്ഥയേയും ജീവിതരീതിയേയും ഏറ്റവും പ്രധാനമായി ആരോഗ്യത്തെ തന്നെയും ബാധിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തുന്നു: ‘സാമ്പത്തികമായി വികസിച്ച രാജ്യങ്ങളിൽ പോലും വലിയൊരുവിഭാഗം പെൺകുട്ടികൾ ആർത്തവം തുടങ്ങിയാൽ സ്‌കൂൾ പഠനം അവസാനിപ്പിക്കുന്നു. ഇന്ത്യയിലെ 23%ലേറെ പെൺകുട്ടികൾ ഉൾപ്പെടെയാണിത്.’

ഇന്ത്യയിലെ 77% സ്ത്രീകളും പഴയ തുണികളാണ് ആർത്തവ സമയത്ത് ഉപയോഗിക്കുന്നത്. അതും വീണ്ടും വീണ്ടും ഉപയോഗിക്കുന്നു. ഇന്ത്യയിലെ 88% സ്ത്രീകൾ ചില ഘട്ടങ്ങളിൽ ചാരവും പത്രങ്ങളും ഉണങ്ങിയ ഇലകളും മറ്റും ഉപയോഗിക്കാറുണ്ടെന്നും ആർത്തവവുമായി ബന്ധപ്പെട്ട ശുചിത്വ പ്രശ്നങ്ങൾ സൂചിപ്പിച്ചുകൊണ്ട് കോടതി പറയുന്നു.

തീരുമാനമെടുക്കേണ്ടത് സർക്കാർ

ഈ വിഷയത്തിൽ ഇനിയെന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സർക്കാറാണ്. മുന്നോട്ടുവെച്ച നിർദേശങ്ങളിൽ സർക്കാറിന്റെ പ്രതികരണം തേടിയിരിക്കുകയാണ് കോടതി. ‘മേൽപ്പറഞ്ഞ വിഷയങ്ങൾ ഈ പ്രശ്നത്തിൽ പ്രാഥമികമായി പരിഗണിക്കേണ്ട കാര്യം മാത്രമാണെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു. വളരെ സെൻസിറ്റീവായ പ്രശ്നമാണ് നമ്മുടെ മുമ്പിലുള്ളതെന്ന ബോധ്യം ഞങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ എല്ലാ എതിർകക്ഷികളുടെയും ഭാഗഭാക്കായ മറ്റുള്ളവരുടെയും അഭിപ്രായങ്ങൾ അറിയേണ്ടതുണ്ട്' എന്നു പറഞ്ഞാണ് കോടതി ഉത്തരവ് അവസാനിപ്പിക്കുന്നത്.



Summary: ആർത്തവത്തിന്റെ പേരിലുള്ള വിവേചനങ്ങൾ നിയമം മൂലം നിരോധിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി ഗുജറാത്ത് ഹൈക്കോടതി മുന്നോട്ടുവന്നിരിക്കുകയാണ്. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നതിനെതിരെ നിയമം നിർമിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിലാണ് കോടതി കേന്ദ്രസർക്കാറിന് മുമ്പിൽ ചില നിർദേശങ്ങൾ വെച്ചത്


Comments