മരം മുറിക്കാനുള്ള ആ വിവാദ ഉത്തരവിനുപിന്നിൽ ആരുടെ കോടാലി?

പട്ടയഭൂമിയിലെ സർക്കാറിൽ നിക്ഷിപ്തമായ വൃക്ഷങ്ങളുൾപ്പടെ മുറിക്കാൻ അനുമതി നൽകി റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് വ്യാപകമായ മരംമുറിയിൽ കലാശിച്ചത്. വനം വകുപ്പ് മന്ത്രി ഇടപെട്ട് തിരിച്ചെടുക്കുന്നതിന് മുമ്പ്, മരം മുറിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. പി. ധനേഷ്‌കുമാറിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയിരുന്നു. റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ നിയമസാധുതയും, ഉന്നത, ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഗൂഢാലോചന/ ശ്രദ്ധക്കുറവ് എന്നിവയെക്കുറിച്ചും അഡ്വക്കറ്റ് ഹരീഷ് വാസുദേവൻ എഴുതുന്നു.

2020 മാർച്ചിൽ റവന്യു വകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിന്റെയും പിന്നീട് നവംബറിൽ പുറപ്പെടുവിച്ച ഉത്തരവിന്റേയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ പട്ടയ ഭൂമികളിൽ നിന്ന് വ്യാപകമായ തോതിൽ മരം മുറി ആരംഭിച്ചത്. ഉത്തരവു പ്രകാരം, പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതിയുണ്ട്. 2021 ഫെബ്രുവരിയിൽ റവന്യു വകുപ്പ് ഈ ഉത്തരവ് പിൻവലിച്ചു. പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച സർക്കുലറും ഉത്തരവും ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനാലും, ഉത്തരവ് വ്യാപകമായി ദുരുപയോഗം ചെയ്ത് മരങ്ങൾ മുറിക്കുന്നെന്ന പരാതികളുടേയും അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദ് ചെയ്യുന്നതെന്നാണ് റവന്യു വകുപ്പ് പറഞ്ഞത്.

1964-ലെ ഭൂമി പതിവു ചട്ടപ്രകാരം, സർക്കാറിന്റെ പക്കലുള്ള റവന്യൂ ഭൂമിയാണ് ജനങ്ങൾക്ക് പതിച്ചു നൽകുന്നത്. വനഭൂമിയും മറ്റും പതിച്ചു നൽകുന്നതിന് മറ്റു ചട്ടങ്ങളുണ്ട്. 1964 ലെ ചട്ടമനുസരിച്ച് പതിച്ചു നൽകുന്ന ഭൂമിയിലെ മരങ്ങളെ, സർക്കാറിൽ നിക്ഷിപ്തമായവ, ഷെഡ്യൂൾഡ് മരങ്ങൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ചന്ദനം, തേക്ക്, ഈട്ടി, കമ്പകം, ചടച്ചി, ചന്ദനവേമ്പ്, ഇരൂൾ, വെള്ളകിൽ, തേന്മാവ്, എബൺ തുടങ്ങിയ വൃക്ഷങ്ങളാണ് സർക്കാറിൽ നിക്ഷിപ്തമായവ. ഷെഡ്യൂൾഡ് മരങ്ങൾ വിലകുറഞ്ഞവയും പരക്കെ ലഭ്യമായിട്ടുള്ളതും പെട്ടെന്നു വളരുന്നവയുമാണ് (പ്ലാവ്, തെങ്ങ്, എന്നിങ്ങനെ). പട്ടയഭൂമിയിലുള്ള നിയന്ത്രണം ബാധകമല്ലാത്ത ഷെഡ്യൂൾഡ് മരങ്ങൾ നിലവിൽ മുറിക്കാം. എന്നാൽ ചില സ്ഥലങ്ങളിൽ ഇതിന് അനുമതിയില്ല. 1986ലെ വൃക്ഷ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട വില്ലേജുകളിൽ മണ്ണൊലിപ്പു തടയുന്നതിനും മറ്റുമാണ് പ്രസ്തുത വിലക്ക്. ഇത്തരം സ്ഥലങ്ങളിൽ ഏതു മരം മുറിക്കാനും അനുമതി വേണം.

2020 മാർച്ചിൽ റവന്യു വകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലർ

ഒരു ഹെക്ടറിൽ കൂടുതൽ പട്ടയഭൂമി കൈവശമുള്ളവർക്ക്, തങ്ങളുടെ ഭൂമിയിലുള്ള 28 ഇനം മരങ്ങൾ (സർക്കാറിൽ നിക്ഷിപ്തമായ വൃക്ഷങ്ങൾ ഇതിൽ പെടില്ല) അനുമതി കൂടാതെ മുറിക്കാൻ പാടില്ല എന്ന സാഹചര്യമായിരുന്നു. മരങ്ങൾ വളർത്തണമെങ്കിൽ അവ വെട്ടാനുള്ള അനുമതിയും വേണമെന്ന് ഇടുക്കിയിൽ നിന്നുള്ള കർഷകരാവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ഫയൽ ഒറിജിനേറ്റ് ചെയ്തു. അതേതുടർന്ന് 2017ൽ 64-ലെ ഭൂപതിവു നിയമത്തിൽ ഭേദഗതി കൊണ്ടു വന്നു. ഇതോടെ, പതിച്ചു കിട്ടിയ സ്ഥലത്ത് കർഷകർ വെച്ചു പിടിപ്പിച്ചതോ, വളർന്നുവന്നതോ ആയ മരങ്ങൾ മുറിക്കാനുള്ള അനുമതി ലഭിച്ചു. ഇടുക്കി ജില്ലയിലെ വനപ്രദേശമായി കണക്കാക്കിയിരുന്ന, പിന്നീട് വനഭൂമിയിൽ പട്ടയം കൊടുത്ത പ്രദേശങ്ങളിലെ ആളുകൾക്ക് ഈ ഇളവ് ബാധകമല്ലായിരുന്നു. അവരെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് 2018 ൽ ചട്ടം ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവിറക്കി. മരങ്ങൾ മുറിക്കാൻ കേരളത്തിൽ പൊതുവിലുള്ള ഇളവ് ഇവർക്കും ലഭിച്ചു. 2017, 2018, 2019 വർഷങ്ങളിലാണ് ഈ ചട്ടഭേദഗതികളെല്ലാം വരുന്നത്.

എന്നാൽ 2020 ഒക്ടോബർ 24ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ നിലവിൽ തടസങ്ങളില്ല, ചട്ടം ഭേദഗതി ചെയ്തതോടൊപ്പം ഉണ്ടായിരുന്ന വിലക്കുകൾ മാറി എന്നാണ്. മന്ത്രിസഭാതല തീരുമാനങ്ങൾക്ക് വിരുദ്ധമായിരുന്നു പ്രസ്തുത സർക്കുലർ. ഇത് പ്രസിദ്ധീകരിക്കാനുണ്ടായ സാഹചര്യമോ കാരണമോ വ്യക്തമാക്കിയിട്ടില്ല. സർക്കാറിൽ നിക്ഷിപ്തമായ ഈട്ടി, തേക്ക് തുടങ്ങിയ വൃക്ഷങ്ങൾ മുറിക്കാനുള്ള അനുവാദം കർഷകർ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിമാരുടെ ചർച്ചയിലും 28 ഇനം മരങ്ങൾ മുറിക്കാനുള്ള അനുമതിയെ കുറിച്ച് മാത്രമാണ് പരാമർശമുള്ളത്.

2018 ഫെബ്രുവരി രണ്ടിന് റവന്യു വകുപ്പ് വനം വകുപ്പിന് നൽകിയ കത്തിലാണ് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിനെ പറ്റി ആദ്യം പരാമർശിക്കുന്നത്. എന്നാൽ വനം വകുപ്പ് അന്നത് പ്രോത്സാഹിപ്പിച്ചില്ല. എന്നിരുന്നാലും റവന്യു വകുപ്പ് പിന്നീട് ഇതു സംബന്ധിച്ച് സർക്കുലർ പ്രസിദ്ധീകരിക്കുകയായിരുന്നു. മന്ത്രിതല തീരുമാനങ്ങൾക്ക് വിരുദ്ധമാണിതെന്ന് കാണിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇതിനെതിരെ വനം വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകി. എന്നാൽ ആ സർക്കുലർ പിൻവലിച്ചില്ല. അതിനു പിന്നാലെയാണ് വനംകുപ്പുമായോ, നിയമവകുപ്പുമായോ ചേർന്നാലോചിക്കാതെ വിവാദമായ ഉത്തരവ് പുറത്തിറക്കിയത്.

റവന്യു വകുപ്പിന്റെ ഉത്തരവിനെ സംബന്ധിച്ച് പ്രിൻസിപൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അഡീഷനൽ ചീഫ് സെക്രട്ടിറക്ക് നൽകിയ കത്ത്

2017 ലെ ഭേദഗതി അനുസരിച്ച്, 1986 ലെ കേരള പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ടിൽ വൃക്ഷം എന്ന് നിർവചിച്ചിട്ടുള്ള 10 മരങ്ങൾ ഒഴികെയുള്ളവ വനം വകുപ്പിന്റെ അനുവാദം കൂടാതെയും, ആക്ടിൽ ഉൾപ്പെട്ട 10 മരങ്ങൾ വനം വകുപ്പിന്റെ അനുവാദത്തോടെയും മുറിക്കാവുന്നതാണ്.

ഈ ഭേദഗതി വൺ ഏർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. 2020 ജൂൺ മാസത്തിൽ കോടതി ഇത് സ്റ്റേ ചെയ്തു. മരം മുറിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കേസിൽ കക്ഷി ചേർന്നവരോട് കോടതി പറഞ്ഞത്, നിലനിൽക്കുന്ന നിയമപ്രകാരം അനുമതി കിട്ടുമെങ്കിൽ മുറിക്കാം എന്നാണ്. പട്ടയ വ്യവസ്ഥയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും അവർക്ക് ബാധകമാണെന്ന് കോടതി ഓർമിപ്പിച്ചു. എന്നാൽ ഇതൊക്കെ മറച്ചു വെച്ചാണ് റവന്യു വകുപ്പ് ഉത്തരവിറക്കിയത്.

റവന്യു വകുപ്പിന്റെ ഉത്തരവിൽ ചന്ദനമൊഴികെയുള്ള മരങ്ങൾ എന്ന വാചകം ഉപയോഗിച്ചതു തന്നെ തെറ്റാണ്. സർക്കാരിൽ നിക്ഷിപ്തമായ 10 വൃക്ഷങ്ങൾ വെട്ടാനുള്ള അനുമതി നൽകാൻ റവന്യു വകുപ്പിന് അധികാരമില്ല. ഈ വൃക്ഷങ്ങൾ മുറിക്കാമെന്ന ഉത്തരവ് വന്നത് കർഷകർ ആവശ്യപ്പെട്ടിട്ടല്ല. ഇതാരുടെ താൽപര്യമായിരുന്നുവെന്നും, ഇത്തരം ഒരു ഉത്തരവ് ഇറങ്ങിയ സാഹചര്യവും അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്.

മരങ്ങൾ നട്ടു പിടിപ്പിച്ചവയാണോ, സർക്കാരിൽ നിക്ഷിപ്തമായവയാണോ എന്ന് കൃത്യമായ പരിശോധന നടത്താതെ, കോടിക്കണക്കിന് രൂപ വില വരുന്ന മരങ്ങൾ വെട്ടാനുള്ള അനുമതിയാണ് ഉത്തരവായും സർക്കുലറായും റവന്യു വകുപ്പ് പ്രസിദ്ധീകരിച്ചത്. നിലവിൽ കേസന്വേഷണം നടക്കുന്നത് പതിച്ചു നൽകിയ പട്ടയ ഭൂമിയിൽ നിന്ന് വെട്ടിയ മരങ്ങളിൽ സർക്കാറിൽ നിക്ഷിപ്തമായ വൃക്ഷങ്ങളുണ്ടോ എന്നാണ്. മരം മുറിച്ചത് വനം വകുപ്പിന് കീഴിലുള്ള ഭൂമിയിൽ നിന്നല്ലാത്തതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കില്ലെന്നാണ് മന്ത്രി ശശീന്ദ്രൻ പറഞ്ഞത്. എന്നാൽ പട്ടയഭൂമിയിലെ വൃക്ഷങ്ങൾ മുറിക്കാനും വനം വകുപ്പിന്റെ അനുമതി വേണം.

ഉന്നത, ഉദ്യോഗസ്ഥ തലങ്ങളിൽ പ്രസ്തുത വിഷയത്തിൽ ആരൊക്കെ എന്തൊക്കെ തീരുമാനങ്ങൾ എടുത്തു എന്നത് സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.

Comments