സർഫാസിയിൽ നിലപാടില്ലാതാകുന്ന ഭരണ - പ്രതിപക്ഷം

കടത്തിൽ ജനിച്ച്, കടത്തിൽ ജീവിച്ച്, കടത്തിൽ മരിക്കുന്നവർക്കു മാത്രമാണ്, സർഫാസി നിയമത്തിന്റെ പേരിൽ കിടപ്പാടം നഷ്ടമാകുന്നത്. ഭരണ, പ്രതിപക്ഷ, നോക്കുകുത്തി വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളും സത്യത്തിൽ ഈ നിയമത്തിനൊപ്പമാണ്. സർഫാസി നിയമത്തിന്റെ പേരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്​.

മൂവാറ്റുപുഴ പായിപ്രയിൽ രക്ഷിതാക്കൾ ചികിത്സയ്ക്കായി പോയ സമയത്ത്​പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ നിന്നിറക്കിവിട്ട് മൂവാറ്റുപുഴ അർബൻ ബാങ്ക് സർഫാസി നിയമം ഉപയോഗിച്ച് വീട് ജപ്തി ചെയ്ത സംഭവമുണ്ടായത് ഈയടുത്താണ്. അതോടെ സർഫാസി ആക്ടിനെതിരെ അത് പാസാക്കിയ കാലം മുതലുള്ള എതിർപ്പ് ഒരിക്കൽ കൂടി ശക്തമായിരിക്കുകയാണ്.

പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് എന്താണ് സർഫാസി നിയമമെന്നത്. സർഫാസി ആക്ട് (SARFAESI) അഥവാ സെക്യൂരിറ്റിസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്‌സ് ആൻറ്​ എൻഫോഴ്‌സ്‌മെൻറ്​ ഓഫ് സെക്യൂരിറ്റി ഇൻട്രസ്റ്റ് ആക്ട് ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ സുപ്രധാനമായ ഒരു നിയമമാണ്. 2002ലാണ് ഇന്ത്യൻ പാർലമെൻറ്​ ഈ നിയമം പാസാക്കിയത്. ഇതനുസരിച്ച് ഇന്ത്യയിലെ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവർ കൊടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഈടായി നൽകിയ ഗാർഹികമോ വ്യാപാര സംബന്ധിയായതോ ആയ വസ്തുക്കൾ ലേലം ചെയ്ത് പണം തിരികെ നേടാവുന്നതാണ്. ഇതിനായി കോടതി നടപടികളുടെ ആവശ്യം വരുന്നില്ല. സർഫാസി നിയമമാണ് ബാങ്കുകൾക്ക് ഈ അധികാരം നൽകുന്നത്. വായ്പയിൽ നിശ്ചിത ദിവസത്തെ മുടക്ക് വരുത്തുകയും(90+ ദിവസം) ആ വായ്പ ബാങ്കിനെ സംബന്ധിച്ച് Non Performing Asste (കിട്ടാക്കടം) ആയി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നിയമത്തിന്റെ പ്രസക്തി. എന്നാൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള വായ്പകൾ, മുഴുവൻ തുകയുടെ 20 ശതമാനം മാത്രം തിരിച്ചടയ്ക്കുവാൻ ബാക്കിയുള്ള സാഹചര്യങ്ങൾ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല.

ഒരു ലക്ഷം രൂപയ്ക്ക് മുകളിലോ എടുത്ത ലോണിന്റെ ഇരുപത് ശതമാനത്തിന് മുകളിലോ കടം വന്നവരുടെ ആസ്തികൾ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിച്ച് പിടിച്ചെടുക്കാൻ കോടതിയെക്കൂടാതെയുള്ള അനുമതി ബാങ്കുകൾക്ക് നൽകുകയാണ് ചെയ്യുന്നത്. അതോടെ കടക്കാരൻ കിടപ്പാടമില്ലാത്തവനാകും

കിട്ടാക്കടങ്ങൾ കമ്പനികൾക്ക്​

സർഫാസി നിയമം പാസായതോടെ ഇന്ത്യയിൽ നിരവധി അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികൾ സ്ഥാപിതമായി. ഈ ആക്ട് പ്രകാരമുള്ള ലേലനടപടികൾ ഏറ്റെടുത്ത് പൂർത്തിയാക്കുന്ന ബിസിനസ് കമ്പനികളാണ് ഇവ. റിസർവ്വ് ബാങ്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നതെങ്കിലും സാധാരണഗതിയിൽ ബാങ്കുകൾ അവരുടെ കിട്ടാക്കടങ്ങൾ ഇത്തരം കമ്പനികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. തിരിച്ചുകിട്ടാത്ത കടങ്ങൾക്ക് മേലുള്ള ആസ്തികളിൽ ബാങ്കുകൾക്ക് ഏതു നടപടിയും സ്വീകരിക്കാം. അതിന് കോടതിയുടെ അനുമതി ആവശ്യമില്ലെന്ന് മാത്രമല്ല, ആസ്തിയിൽ ആൾത്താമസമുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കുന്നു.

സർഫാസി നിയമപ്രകാരം ക്രൂരമായ ജപ്തി നടപടികൾ വ്യാപകമായപ്പോൾ ഒന്നാം പിണറായി സർക്കാർ ഇതിൽ നിന്ന്​ സാധാരണക്കാർക്ക് ഇളവുനൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ പല പദ്ധതികളിലൂടെ ജനങ്ങൾക്ക് വീടുണ്ടാക്കാൻ ശ്രമിക്കുമ്പോൾ ബാങ്കുകൾ ഈ നിയമം ഉപയോഗിച്ച് അവരുടെ വീടുകൾ ജപ്തി ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. മാത്രമല്ല, സർഫാസിയുടെ 31-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2017 ഓഗസ്റ്റ് 21ന് നിയമസഭ പ്രമേയവും പാസാക്കി.

കൃഷിഭൂമിയാണ് ഈട് നൽകുന്നതെങ്കിൽ സർഫാസി നിയമപ്രകാരം അത് ജപ്തി ചെയ്യാനാകില്ലെന്നും കൂടാതെ അഞ്ച് സെൻറ്​ വരെയുള്ള ഭൂമിയും വീടും ജപ്തിയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് നിയമസഭ പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടത്. കൂടാതെ സഹകരണ ബാങ്കുകളെ സർഫാസി നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് 2019 ജൂൺ പത്തിന് മുഖ്യമന്ത്രി സഭയിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ റിസർവ് ബാങ്കിന് കീഴിൽ വരുന്ന കേരള ബാങ്കിനും അർബൻ സഹകരണ ബാങ്കുകൾക്കും ഈ നിയമം ബാധകമാണ്. അതിനാലാണ് അച്ഛൻ ഐ.സി.യുവിൽ കിടക്കുമ്പോൾ മക്കളെ ഇറക്കിവിടാൻ മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന് സാധിച്ചത്. സി.പി.എമ്മാണ് ഈ ബാങ്ക് ഭരിക്കുന്നതും.

മൂവാറ്റുപുഴ അർബൻ സർവീസ് സഹകരണ ബാങ്ക് ജപ്തി ചെയ്ത വീട്

മൂവാറ്റുപുഴയിലെ മുൻകൂട്ടിയെഴുതിയ തിരക്കഥ

വീട്ടുടമസ്ഥനായ അജേഷ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വെച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. കുട്ടികളെ പുറത്തുനിർത്തിയുള്ള നടപടിക്കെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തുകയും വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തുകയറ്റുകയും ചെയ്തു. ബാങ്ക് ലോൺ താൻ തീർത്തുകൊടുക്കാമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. സംഭവം വിവാദമായതോടെ ജപ്തി തീരുമാനമെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സഹകരണ മന്ത്രി വി.എൻ വാസവൻ നിർദേശം നൽകി. കുടുംബത്തിന്റെ സാഹചര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം. അതിനിടെ ബാങ്കിലെ ഇടതുപക്ഷ സംഘടനാ ജീവനക്കാർ പിരിവെടുത്ത് ലോൺ അടച്ചു തീർത്തു. എന്നാൽ ഇത് ജപ്തിക്കിരയായ വീട്ടുമ അജേഷും ഭാര്യ മഞ്ജുവും അംഗീകരിച്ചില്ല.

പായിപ്രയിലും മൂവാറ്റുപുഴ അർബൻ ബാങ്കിലും അരങ്ങേറിയ നാടകീയ സംഭവങ്ങൾ ഇവിടെ നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ തെളിവാണെന്നാണ് പായിപ്ര പഞ്ചായത്തിലെ ഇടതുപക്ഷ നേതാക്കൾ ആരോപിക്കുന്നത്.

മാത്യു കുഴൽനാടൻ എം.എൽ.എയുടെ ശമ്പളം ഉൾപ്പെടെയുള്ള 1,35,686 രൂപയുടെ ചെക്ക് അവർ ബാങ്കിലെത്തി നൽകി. നിലവിൽ കടം തീർത്ത അവസ്ഥയിലാണെന്നും അതുകൊണ്ട് ചെക്ക് സ്വീകരിക്കാനാകില്ലെന്നും ബാങ്ക് അറിയിച്ചപ്പോൾ കടം തീർത്ത വിവരം അറിയിച്ചിട്ടില്ലെന്നും കടം തീർക്കാനാണ് വന്നതെന്നും അജേഷും കുടുംബവും നിലപാടെടുത്തു. അതോടെ ജീവനക്കാർക്ക് ചെക്ക് സ്വീകരിക്കാതെ വയ്യെന്നായി. അതേസമയം അജേഷിന്റെ ലോൺ അക്കൗണ്ടിലേക്ക് വരവ് വയ്ക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി. എന്നാൽ സി.ഐ.ടി.യുവിന് പണം നൽകില്ലെന്ന നിലപാട് കുടുംബവും എടുത്തു. ഇത്തരത്തിൽ നാടകീയ സംഭവങ്ങളാണ് ഈ ദിവസങ്ങളിൽ പായിപ്രയിലും മൂവാറ്റുപുഴ അർബൻ ബാങ്കിലും അരങ്ങേറിയത്. ഈ നാടകീയ സംഭവങ്ങൾ തന്നെ ഇവിടെ നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ തെളിവാണെന്നാണ് പായിപ്ര പഞ്ചായത്തിലെ ഇടതുപക്ഷ നേതാക്കൾ ആരോപിക്കുന്നത്.

ജപ്തി ചെയ്യപ്പെട്ട വീടിന്റെ പൂട്ട് തല്ലിപ്പൊളിച്ച ശേഷം കുടുംബത്തോടൊപ്പം മാത്യു കുഴൽനാടൻ എം.എൽ.എ

മുൻകൂട്ടിയെഴുതിയ തിരക്കഥ പോലെയാണ് അവിടെ നടന്ന സംഭവങ്ങളെന്ന് പായിപ്ര വാർഡ് മെമ്പറായ സക്കീർ ഹുസൈൻ ആരോപിക്കുന്നു. ‘യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോൺഗ്രസിന്റെ ആളുകളും കൂടി ചേർന്ന് എം.എൽ.എയെക്കൊണ്ട് ഇങ്ങനൊരു തീരുമാനമെടുപ്പിച്ച് അവരത് നടപ്പാക്കി. അങ്ങനെയൊരു നാടകമാണ് അവിടെ അരങ്ങേറിയത്. കുട്ടികളെ പുറത്താക്കി വീട് പൂട്ടിയത് മോശമായി പോയി. അവർ ആശുപത്രിയിൽ നിന്ന് വന്നിട്ട് അത് നടപ്പാക്കിയാൽ മതിയായിരുന്നു. എന്നാൽ ആ സമയത്ത് കുട്ടികൾ അമ്മയുടെ വീട്ടിലായിരുന്നു. അല്ലാതെ വീട്ടിൽ നിന്ന് ഇറക്കി വിടുകയൊന്നുമുണ്ടായിട്ടില്ല. ആ വീട്ടുകാർക്കും കോൺഗ്രസ് പാർട്ടിയോടാണ് താൽപര്യം. സി.ഐ.ടി.യു കടം വീട്ടാമെന്ന് പറഞ്ഞപ്പോൾ അവരത് വേണ്ടെന്നാണ് പറഞ്ഞത്. എം.എൽ.എ സഹായിച്ചാൽ മതിയെന്ന നിലപാടാണ് അവരെടുത്തത്. അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിന് രണ്ട് ബാങ്കുകളുണ്ട്. മണ്ഡലം പ്രസിഡന്റിന് ഒരു ബാങ്കുണ്ട്. അവിടെ തന്നെ കോൺഗ്രസിന്റെ മറ്റൊരു നേതാവിനും ഒരു ബാങ്കുണ്ട്. ആൾ ജാമ്യത്തിൽ പോലും അവിടെ നിന്നും വായ്പ കൊടുത്തിട്ടുണ്ട്. ഈയൊരു സംഭവം കൊണ്ട് നാട്ടുകാർ നിയമം പഠിച്ചു. സഹകരണ ബാങ്കിൽ നിന്ന് ജപ്തി ചെയ്യുമെന്ന് പറഞ്ഞപ്പോൾ കാശടയ്ക്കാൻ തയ്യാറല്ലെന്നാണ് ചിലർ പറഞ്ഞത്. കാരണം, ജപ്തി ചെയ്യാനാകില്ലെന്ന് ഈ സംഭവത്തോടെ നാട്ടുകാർ പഠിച്ചു.'

നിയമത്തിനുള്ളിലെ അജണ്ടകൾ

സംസ്ഥാന സർക്കാരിന്റെ ഈ നിലപാട് മാറ്റം സ്വന്തം ഉൽപ്പന്നമായ കേരള ബാങ്കിനെ സഹായിക്കാനാണെന്നാണ് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ആരോപിക്കുന്നത്. പ്രസ്ഥാനത്തിന്റെ മുഖ്യ നേതാക്കളിലൊരാളായ പി.കെ. വിജയൻ ചൂണ്ടിക്കാണിക്കുന്നത്, തങ്ങൾ പത്തൊമ്പത് വർഷമായി ഈ നിയമത്തിനെതിരെ പോരാടുകയാണെന്നാണ്. ഇവരുടെ സമരമാണ് ഒന്നാം പിണറായി സർക്കാരിനെക്കൊണ്ട് തീരുമാനമെടുപ്പിച്ചതെന്നും ഇദ്ദേഹം പറയുന്നു. ‘രണ്ടാം പിണറായി സർക്കാർ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കേന്ദ്ര നിയമമായ സർഫാസിക്കെതിരെ സംസ്ഥാന ഓർഡിനൻസ് പാസാക്കുമെന്നൊക്കെ പറഞ്ഞിരുന്നു. അഞ്ച് സെൻറ്​ വരെ ഭൂമിയും അഞ്ച് ലക്ഷം രൂപ വരെ വായ്പയുള്ളവരുടെയുമിടയിൽ സർഫാസി നിയമം നടപ്പാക്കില്ല എന്ന പ്രമേയമൊക്കെ ഇവർ പാസാക്കിയതാണ്. അതെല്ലാം ഞങ്ങളുടെ നിരന്തര സമരങ്ങളുടെ ഫലമായിരുന്നു. സർഫാസി നിയമത്തിന്റെ പിൻബലത്തിൽ ദലിതർ ഉൾപ്പെടെയുള്ള ദരിദ്ര വിഭാഗങ്ങളുടെ ഭൂമി തട്ടിയെടുത്ത വിഷയമൊക്കെയാണ് ഞങ്ങൾ ഉന്നയിച്ചത്. അതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനമായി വികസിക്കുന്നത്. ഈ നിയമം ഗുരുതരമായി ബാധിക്കുന്നത് സാധാരണക്കാരെയാണ്. കിട്ടാക്കടം തിരിച്ചുപിടിക്കാനായി 2002ൽ വാജ്പേയി സർക്കാരിന്റെ കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. അന്ന് ഇവിടെയുണ്ടായിരുന്ന കിട്ടാക്കടം 12,000 ലക്ഷം കോടി രൂപയാണ്. അതിൽ 11,000 ലക്ഷം കോടിയും തിരിച്ചടക്കാനുള്ളത് ഇവിടുത്തെ കോർപ്പറേറ്റുകളാണ്. ഈ കിട്ടാക്കടം തിരിച്ചുപിടിച്ച് നാടിന്റെ പുരോഗതിക്കായി ഉപയോഗിക്കുമെന്ന വ്യാജേനയാണ് സർഫാസി നിയമം കൊണ്ടുവന്നത്. പക്ഷേ ഈ നിയമത്തിന്റെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന മറ്റ് അജണ്ടകളുണ്ടായിരുന്നു. അതിവിടുത്തെ രാഷ്ട്രീയ നേതൃത്വം ചർച്ച ചെയ്തിട്ടില്ല.

പി.കെ. വിജയൻ / Photo: FB, Vijayan PK

വിദേശ മൂലധന ശക്തികൾക്ക് ഇവിടെ കടന്നുവരുമ്പോൾ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് അതിനൊരു സെക്യൂരിറ്റി എന്ന നിലയിലാണ് ഈ നിയമം ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ജി-7 രാജ്യങ്ങളിലെടുത്ത നിലപാടിന്റെ ഭാഗമായാണ് ഈ നിയമം മൂന്നാം ലോക രാജ്യങ്ങളിലും പാസാക്കിയത്. മുമ്പ് ഇതെല്ലാം നീതിന്യായ വ്യവസ്ഥയുടെ കീഴിലുണ്ടായിരുന്ന ഒരു സംവിധാനമായിരുന്നു. നീതിന്യായ വ്യവസ്ഥയിൽ നിന്നും വേർപെടുത്തി ഈ നിയമത്തെ ധനകാര്യ വകുപ്പിന്റെ കീഴിലേക്ക് കൊണ്ടുവന്നു. നീതിന്യായ വ്യവസ്ഥയ്ക്ക് കീഴിൽ കടാശ്വാസ കോടതിയും കട പരിഹാര കോടതിയുമൊക്കെയുണ്ടായിരുന്നു. ഈ നിയമം വന്നതോടെ സാധാരണക്കാരന് ഇവിടുത്തെ നീതിന്യായ സംവിധാനത്തെ ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തി.

കടക്കാരെ നെ​ട്ടോട്ടമോടിക്കുന്ന നിയമം

ഈ നിയമമനുസരിച്ച് ഇനി സാധാരണക്കാരൻ പോകേണ്ടത് ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിലാണ്(ഡി.ആർ.ടി). കേരളത്തിൽ എറണാകുളം ജില്ലയിൽ മാത്രമാണ് ഡി.ആർ.ടി കോടതിയുള്ളത്. തിരുവനന്തപുരത്തുള്ളവരും കാസർഗോഡുള്ളവരും ലക്ഷദ്വീപിലുള്ളവരും ആ കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. സെക്ഷൻ 36 അനുസരിച്ച് സിവിൽ ജൂറിസ്ഡിക്ഷൻ ഒഴിവാക്കിയതിനാൽ കടക്കാരൻ ചീറ്റ് ചെയ്തിട്ടില്ലെന്ന് ഹൈക്കോടതിയിൽ തെളിയിച്ചാൽ മാത്രമേ ജപ്തി നേരിടുന്നവർക്ക് ഡി.ആർ.ടിയിൽ എന്തെങ്കിലും സാധ്യതയുള്ളൂ. അത്തരത്തിൽ സിവിൽ ജൂറിസ്ഡിക്ഷനിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ട് ധനകാര്യ സ്ഥാപനത്തിന് കീഴിൽ ഇത് കൊണ്ടുവരികയും ആ ധനകാര്യ സ്ഥാപനത്തിന് കീഴിലിരിക്കുന്ന പ്രസീഡിംഗ് ഓഫീസർമാർ തീരുമാനമെടുക്കുകയും ചെയ്യുകയും ചെയ്യുമ്പോൾ സാധാരണക്കാരന് കൃത്യമായ നീതിനിർവ്വഹണം കിട്ടാതെ വരുന്നു. കാരണം, പ്രസീഡിംഗ് ഓഫീസർമാരായി ബാങ്കിംഗ് പ്രതിനിധികളെയാണ് നിർത്തിയിരിക്കുന്നത്. അവരുടെ താൽപര്യം ബാങ്കിന്റെ കിട്ടാക്കടം തിരിച്ചുപിടിക്കാനായിരിക്കും. ഡി.ആർ.ടി കോടതിയുടെ മുന്നിൽ നടക്കുന്നത് ശരിക്കും വസ്തുക്കച്ചവടമാണ്. സാധാരണക്കാരന്റെ വസ്തു ചുളുവിലയ്ക്ക് എടുക്കാൻ പന്ത്രണ്ടോളം അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ മുടക്കാൻ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി തുടങ്ങാമെന്നാണ് ഈ നിയമം പറയുന്നത്. നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുന്നവരുടെ ലോണുകൾ ലേലം ചെയ്ത് വിൽക്കുന്നത് ഈ കമ്പനികളാണ്. ഒരാൾ പത്ത് കോടി രൂപ വിലമതിക്കുന്ന വസ്തു ഈട് വച്ച് പത്ത് ലക്ഷം രൂപ ലോണെടുത്തിട്ട് ആ ലോൺ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചാൽ അയാൾക്ക് ആ പത്ത് കോടിയുടെ വസ്തു ഉപയോഗിക്കാനുള്ള ത്രാണിയില്ല, ത്രാണിയുള്ള ആളുകൾ ഇവിടെയുണ്ട്, അവരെ ഏൽപ്പിക്കുന്നുവെന്നതാണ് അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികളുടെ യഥാർത്ഥ മൂലധനം. അംബാനിയുടെയും പെഗാസസിന്റെയും അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികൾ ഇവിടെയുണ്ട്.

കിട്ടാക്കടം തിരിച്ചുപിടിച്ച് സമൂഹത്തിന്റെ വികസനത്തിനും നന്മയ്ക്കും വേണ്ടി ഉപയോഗിക്കുമെന്ന് പറഞ്ഞ ആളുകൾ കടം തിരിച്ചുകൊടുക്കാനുള്ള കോർപ്പറേറ്റുകളുടെ ഒരു മൊട്ടുസൂചി പോലും തിരിച്ചുപിടിച്ചിട്ടില്ല.

ഇനി കൊച്ചിയിലെ ട്രിബ്യൂണലിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ ചെന്നൈയിലുള്ള ഹയർ അതോറിറ്റിയെയാണ് സമീപിക്കേണ്ടത്. കിട്ടാക്കടമായി ഇരിക്കുന്ന തുകയുടെ പകുതി പണം ഹയർ അതോറിറ്റിയിൽ കെട്ടിവച്ചാലേ അവിടേക്ക് പോകാനാകൂ. എന്നാലേ അവർ പരാതി പോലും പരിഗണിക്കൂ. ലോൺ തിരിച്ചടയ്ക്കാനാകാതെ നിൽക്കുന്ന മനുഷ്യരാണ് ചെന്നൈയിലേക്ക് പോകേണ്ടതെന്നും ഓർക്കണം. നീതി സംവിധാനത്തിൽ നിന്നും അടർത്തിമാറ്റി ധനകാര്യ സ്ഥാപനത്തിലേക്ക് ബന്ധിപ്പിക്കുന്ന ഈ അവസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കിട്ടാക്കടം തിരിച്ചുപിടിച്ച് സമൂഹത്തിന്റെ വികസനത്തിനും നന്മയ്ക്കും വേണ്ടി ഉപയോഗിക്കുമെന്ന് പറഞ്ഞ ആളുകൾ കടം തിരിച്ചുകൊടുക്കാനുള്ള കോർപ്പറേറ്റുകളുടെ ഒരു മൊട്ടുസൂചി പോലും തിരിച്ചുപിടിച്ചിട്ടില്ല. നീരവ് മോദിയും അംബാനിയും അടക്കമുള്ളവർ, അദാനി തന്നെ ഒന്നര ലക്ഷം കോടി രൂപ തിരിച്ചുകൊടുക്കാനുണ്ട്. 12,000 കോടി രൂപയാണ് എസ്.ബി.ഐ കഴിഞ്ഞ മാസം എഴുതിത്തള്ളിയത്. ഈ എഴുതിത്തള്ളുന്ന പണം സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്നും പിരിച്ചുകൊണ്ടാണ് പകരം കണ്ടെത്തുന്നത്. കോർപ്പറേറ്റുകൾക്ക് വേണ്ടി കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ് ഡി.ആർ.ടി. ഇവിടുത്തെ സഹകരണ ബാങ്കുകൾ സർഫാസിക്ക് പകരം ആർബിട്രേഷൻ നിയമം ഉപയോഗിച്ച് ജപ്തി നടപടികളുമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കുകയാണ്. അതാത് ഗ്രാമ പഞ്ചായത്തുകൾക്ക് അഞ്ച് ശതമാനം മുതൽ ഏഴര ശതമാനം വരെ കമ്മീഷൻ കിട്ടാവുന്ന തരത്തിലേക്കാണ് സഹകരണ ബാങ്കുകൾ നീങ്ങുന്നത്. ഇത്തരത്തിൽ വളരെ ഭീകരമായ അവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്. ഇതിനെതിരെയുള്ള ചെറുത്തുനിൽപ്പാണ് വേണ്ടത്. ആ ചെറുത്തുനിൽപ്പില്ലെങ്കിൽ രാജ്യം തന്നെ കടത്തിലായ ലോകത്തിന് എങ്ങനെ മുന്നോട്ട് പോകാനാകും?' അദ്ദേഹം ചോദിക്കുന്നു.

നീരവ് മോദി, മുകേഷ് അംബാനി

ബാങ്ക്​ നിയമമല്ല, ആഗോളീകരണ കാലത്തെ നിയമം

സർഫാസി ഒരു ബാങ്ക് നിയമമല്ലെന്നാണ് സർഫാസി വിരുദ്ധ പ്രസ്ഥാന നേതാവ് അഡ്വ. എം.ജെ മാനുവൽ പറയുന്നത്. ‘ഇത് ആഗോളീകരണവുമായി ബന്ധപ്പെട്ട് വായിക്കപ്പെടേണ്ട നിയമമാണ്. തൊണ്ണൂറുകളിൽ നരസിംഹൻ കമ്മിറ്റിയെക്കൊണ്ട് ഇതുപോലുള്ള നിയമങ്ങൾക്ക് വേണ്ടി അന്വേഷണം നടത്തിയിട്ടുണ്ട്. മൻമോഹൻ സിംഗ് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് ഏതാണ്ട് പന്ത്രണ്ടോളം നിയമങ്ങൾ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമങ്ങളൊന്നും രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടിയല്ല. പകരം മൂലധനത്തിന്റെ ചലന താൽപര്യങ്ങൾക്ക് വേണ്ടിയായിരുന്നു. ബാങ്കുകളുടെ ബാധ്യതകൾ തിരിച്ച് പിടിക്കാനുള്ള നിയമങ്ങളെല്ലാം അതിനുള്ളിലുമുണ്ടായിരുന്നു. അതിന് സിവിൽ കോടതികളിൽ കാലതാമസമുണ്ടാകുന്നുവെന്നും അതൊഴിവാക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ആർ.ബി.ഡി.ബി.എഫ്.ഐ എന്ന ആക്ട് ആയിരുന്നു അത്. കടത്തിൽ വീണ സാധാരണപ്പെട്ട മനുഷ്യർക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ സമീപിക്കാനുള്ള അവകാശമാണ് അതിലൂടെ നിഷേധിക്കപ്പെട്ടത്. പകരം ട്രിബ്യൂണലുകൾ കൊണ്ടുവന്നു.

ട്രിബ്യൂണലൈസേഷന്റെ ലക്ഷ്യം തന്നെ പെട്ടെന്ന് തീരുമാനങ്ങൾ എത്തിക്കുക എന്നതാണ്. അവിടെ പലപ്പോഴും ഇൻസ്റ്റിറ്റിയൂഷണലൈസായുള്ള കില്ലിംഗ് ആണ് നടക്കാറ്. ഡെപ്റ്റ് റിക്കവറി ട്രിബ്യൂണൽ എന്ന് പറയുന്ന കടം പിരിച്ചെടുക്കുന്ന കച്ചേരികളാണ് അതിലൂടെ സ്ഥാപിക്കപ്പെട്ടത്. കടത്തിൽ വീണവരുടെ ആകെയുള്ള ആശ്രയം ആ കച്ചേരികളാണ്. ആശ്രയമെന്നല്ല പറയേണ്ടത് അവസ്ഥയെന്നാണ്. തലവെട്ടിയെടുക്കുമെന്ന് ഉറപ്പുള്ള കശാപ്പുശാലകളിലേക്ക് മൃഗങ്ങൾ ചെന്നുകയറുന്നതുപോലെയാണ് അത്. അക്കാലത്ത് പത്ത് പതിനേഴ് ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. ബാങ്കിനുവേണ്ടി തന്നെയാണ് അത്തരം ട്രിബ്യൂണലുകൾ ഇന്ന് വരെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. കാരണം, ട്രിബ്യൂണലിന്റെ ചെലവുകൾ അതായത് അവിടെ വരുന്നവർക്ക് താമസ സൗകര്യം പോലും ഏർപ്പെടുത്തുന്നത് ബാങ്കുകളാണ്. കേരളത്തിൽ ഇത് ആദ്യം ഉപയോഗിച്ചത് കനറാ ബാങ്കാണ്.

പി.ജെ. മാനുവൽ / Photo: Shafeeq Thamarassery

രണ്ട് ലക്ഷം രൂപ വായ്പയെടുക്കാൻ ജാമ്യം നിന്നതിന്റെ പേരിലാണ് എറണാകുളം മാനത്തുപാടത്തെ പ്രീത ഷാജി ജപ്തി ഭീഷണി നേരിട്ടത്. രണ്ട് ലക്ഷം രൂപ പലിശ കൂടി രണ്ടര കോടിയായെന്ന് പറഞ്ഞാണ് അവരുടെ വസ്തു 37 ലക്ഷം രൂപയ്ക്ക് ലേലം ചെയ്ത് വിറ്റത്. റിക്കവറി ഓഫീസർമാരും ബാങ്കിന്റെ റിക്കവറി മാനേജർമാരും ഒത്തുകളിച്ചാൽ റിയൽ എസ്റ്റേറ്റ് ടീമുകളെ ഇടപെടുത്താൻ കഴിയും. ഈ വസ്തു വിറ്റാൽ ബാക്കിയുള്ള കാശ് ഇവർക്ക് കിട്ടുന്നുമില്ല. യഥാർത്ഥത്തിൽ വായ്പ വാങ്ങാത്ത ആളുകളാണെന്നും ഓർക്കണം. നമ്മുടെ ചിന്താശേഷിക്കും അപ്പുറമാണ് അത്. നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒരു വട്ടിപ്പലിശക്കാരൻ പതിനായിരം രൂപ കടം തന്നിട്ട് നാളെ വന്നിട്ട് ഒരു ലക്ഷം രൂപയായെന്ന് പറഞ്ഞാൽ പിന്നെയാ പലിശക്കാരന് ആ പ്രദേശത്തേക്ക് കടക്കാൻ പോലും പറ്റില്ല. അതേസമയം ബാങ്കുകൾ അമിത പലിശ ഈടാക്കിയാൽ യാതൊരു വിധ എതിർപ്പുകളുമുണ്ടാകില്ല, അതിന് തടസ്സമായി നിൽക്കുന്ന നിയമങ്ങളും ഇവിടെയില്ല. സഹകരണ ബാങ്കുകളിൽ മുതലിനേക്കാൾ കൂടുതൽ പലിശ വാങ്ങാനാകില്ലെന്ന അവസ്ഥയായിരുന്നു നേരത്തെ. എന്നാൽ മൻമോഹൻ സിംഗ് ഇന്ററസ്റ്റ് ആക്ട് കൊണ്ടുവന്നതോടെ പലിശ ഓരോ മണിക്കൂറിലും കൂട്ടാവുന്ന അവസ്ഥയിലെത്തി. അതുകൊണ്ട് തന്നെ ജീവിതം നഷ്ടമായ ഒരുപാട് മനുഷ്യർ ഇവിടെയുണ്ട്. അതൊന്നും പോരാതെയാണ് ഇവർ സർഫാസി ആക്ടും കൊണ്ടുവന്നിരിക്കുന്നത്. ആ ആക്ട് പരിശോധിച്ചാൽ ഈ ചൂഷണം ബലപ്പെടുത്തുകയാണെന്ന് മാത്രമല്ല, റിയൽ എസ്റ്റേറ്റ് കച്ചവടം കൂടി ഇതിനിടയിൽ കാണാം. കടത്തിൽ വീണ ആളുകളുടെ ആസ്തികളെ പുനരുജ്ജീവിപ്പിച്ചെടുക്കാൻ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികളാണ് ഇതിലൂടെ പ്രാവർത്തികമാകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കടക്കാരിൽ ഒരാളായ അംബാനി ഗ്രൂപ്പ് പോലും ഇത്തരം കമ്പനി നടത്തുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ വിദ്യാഭ്യാസ ലോണുകൾ അനിൽ അംബാനി വാങ്ങി ലോണിൽ വീഴ്ച വരുത്തിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ കയ്യിലുള്ള ആസ്തികൾ പിടിച്ചെടുത്തിട്ടുണ്ട്.

പ്രീത ഷാജിയും സഹപ്രവർത്തകരും ജപ്തിവിരുദ്ധ സമരത്തിനിടെ പൊലീസ് കസ്റ്റഡിയിൽ / Photo: Shafeeq Thamarassery

അന്ന് സർക്കാർ തലത്തിൽ നിന്ന് പോലും എതിർപ്പുണ്ടായെങ്കിലും നിയമപരമായി നടത്തുന്ന കാര്യങ്ങളിൽ സർക്കാർ എതിർക്കരുതെന്ന് അനിൽ അംബാനി അന്ന് കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. എസ്.ബി.ടി എസ്.ബി.ഐയിൽ ലയിച്ചപ്പോഴാണ് 650 കോടി രൂപയുടെ വിദ്യാഭ്യാസ കടം ഏതാണ്ട് 64 കോടി രൂപയ്ക്ക് വിറ്റത്. ഒരേക്കർ വസ്തുവിൽ പത്ത് ലക്ഷം രൂപ കടം വാങ്ങിയ ആളുകൾ കാണും. അതെല്ലാം പിടിച്ചെടുക്കുകയാണ് അവർ ചെയ്തത്. അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികളെ ഒളിച്ചുകടത്തുകയാണ് ഈ നിയമത്തിലൂടെ ഇവർ ചെയ്യുന്നത്. രണ്ടാമത്, ഒരു ലക്ഷം രൂപയ്ക്ക് മുകളിലോ എടുത്ത ലോണിന്റെ ഇരുപത് ശതമാനത്തിന് മുകളിലോ കടം വരികയോ ചെയ്ത ആളുകളുടെ ആസ്തികൾ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിച്ച് പിടിച്ചെടുക്കാൻ കോടതിയെക്കൂടാതെയുള്ള അനുമതി ബാങ്കുകൾക്ക് നൽകുകയാണ് ചെയ്യുന്നത്. കോടതിക്ക് മുന്നിൽ ഒരു അഫിഡവിറ്റ് കൊടുത്താൽ അറുപത് ദിവസത്തിനകം അവർക്ക് ഈ ആസ്തികൾ പിടിച്ചെടുക്കാനാകും. കടക്കാരൻ കിടപ്പാടമില്ലാത്തവൻ കൂടിയായി തീരും', അഡ്വ. മാനുവൽ വിശദീകരിക്കുന്നു.

പായിപ്ര പഞ്ചായത്ത് പ്രസിഡൻറ്​ മാത്യൂസ് വർക്കി എം.എൽ.എ ഇടപെട്ട് പൂട്ട് തല്ലിപ്പൊളിച്ചതിനെ ന്യായീകരിക്കുന്നുണ്ടെങ്കിലും സർഫാസി നിയമത്തിനെതിരെ സംസാരിക്കാൻ തയ്യാറല്ല. ‘ബാങ്കുകൾ പിന്നെങ്ങനെ പിടിച്ചു നിൽക്കും. അവർ കൊടുത്ത കടങ്ങൾ തിരിച്ചെടുക്കേണ്ടതല്ലേ' എന്നാണ് അദ്ദേഹം ഈ ലേഖകനോട് ചോദിച്ചത്.

ഭരണ, പ്രതിപക്ഷ, നോക്കുകുത്തി വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളും സത്യത്തിൽ ഈ നിയമത്തിനൊപ്പമാണ്. താൽക്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുകയും പൂട്ട് തല്ലിപ്പൊളിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും സാധാരണക്കാരായ മനുഷ്യർ മാത്രമാണ് ഇതിനെതിരെ ശക്തമായി മുന്നിലുള്ളത്. കാരണം, കടത്തിൽ ജനിച്ച്, കടത്തിൽ ജീവിച്ച്, കടത്തിൽ മരിക്കുന്ന അവർക്ക് മാത്രമാണ് എല്ലായ്​പ്പോഴും കിടപ്പാടം നഷ്ടമാകുന്നത്. വീടില്ലാത്തവർക്ക് വീട് കെട്ടിക്കൊടുക്കുമെന്ന വാഗ്ദാന പ്രഹസനങ്ങൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ആവർത്തിക്കുമ്പോൾ ഉള്ള കിടപ്പാടം നഷ്ടപ്പെടുന്ന ഇവർ സർഫാസിയെ ഒരു ദുർഭൂതത്തെ പോലെ ഭയപ്പെടുകയാണ്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments